2013, സെപ്റ്റംബർ 30, തിങ്കളാഴ്‌ച

                       

ആരും അന്യരല്ല.




 യുകെയി ലെത്തിയിട്ട് ആഴ്ചകളും മാസങ്ങളും കടന്നുപോയിരുന്നെങ്കിലും
 പരിചിത സുഹൃത്തുക്കള്‍ ആരും ഉണ്ടായിരുന്നില്ല. ഹലോ...ഹായ്...എന്തൊക്കെയുണ്ട് വിശേഷങ്ങള്‍.... സുഖം തന്നെയല്ലേ?.. എവിടെ പോകുന്നു... വൈകിട്ട് എന്താ പരിപാടി? എന്നൊക്കെ ആരോടെങ്കിലും ഒക്കെ ചോദിക്കാന്‍ ഹൃദയം വെമ്പിയിരുന്നെങ്കിലും അങ്ങനെ ചോദിക്കാന്‍ പറ്റിയവര്‍ അധികം ഉണ്ടായിരുന്നില്ല.
സൗദിയിലെ തടവറ ജീവിതത്തില്‍ നിന്ന് രക്ഷനേടി യു.കെ.യിലെത്തുമ്പോള്‍ ഇവിടെ തരക്കേടില്ലാത്തത ഒരു സാമൂഹിക ജീവിതം നയിക്കാന്‍ സാധിക്കുമെന്ന് മോഹിച്ചിരുന്നു. അധികം താമസിയാതെ തന്നെ അതോരു സ്വപ്‌നം മാത്രം ആയിരിക്കാമെന്ന് തോന്നല്‍ ശക്തിപ്പെടാന്‍ തുടങ്ങി.
ആയിടയ്ക്കാണ് സെന്റ് തോമസ് പ്രയര്‍ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ ബാക്ക്‌ലാന്റ് കമ്മ്യൂണിറ്റി ഹാളില്‍വച്ച് ഓണാഘോഷങ്ങള്‍ സംഘടിപ്പിക്കുന്നു എന്നറിഞ്ഞത്. കുടുംബസമേതം സമയത്ത് തന്നെ എത്തിച്ചേര്‍ന്നു. സൗഹൃദ ഭാവത്തില്‍ ചിരിക്കുന്ന മുഖങ്ങളാണ് എതിരേറ്റതെങ്കിലും നിമിഷാര്‍ദ്ധങ്ങള്‍ക്കകം മുഖത്ത് വിരിഞ്ഞ പുഞ്ചരി മാഞ്ഞു പോകുന്നതും കണ്ടു.  അതില്‍ പരിഭവപ്പെടാന്‍ എന്തിരിക്കുന്നു? അവര്‍ക്ക് ഞാന്‍ തികച്ചും അപരിചിതന്‍. . ചുറ്റും അപരിചിത മുഖങ്ങള്‍ മാത്രം. ഒന്ന്, രണ്ട് പരിചിതമുഖങ്ങള്‍ കണ്ടപ്പോള്‍ എന്നില്‍ ഉല്ലാസം ഉണര്‍ന്നെങ്കിലും, ഹലോ എന്നു പറയാന്‍ പോലും സാവകാശം ഇല്ലാത്ത തിരക്കോട് തിരക്കിലായിരുന്നു അവര്‍. കാര്യപരിപാടികള്‍ ഒന്നും ആരംഭിച്ചിട്ടില്ല. ഹാളിലേയ്ക്ക് ആളുകള്‍ എത്തി കൊണ്ടിരിക്കയാണ്. ഒഴിഞ്ഞുകിടന്ന കസേരയില്‍ ഒന്നില്‍ ഞാന്‍ സ്ഥാനം പിടിച്ചു.
അധികം താമസിയാതെ വേലിയേറ്റം വന്ന് പുഴനിറയുന്നതുപോലെ ഹാള്‍ ജനങ്ങളാല്‍ നിറയാന്‍ തുടങ്ങി. എല്ലാവരും പരസ്പരം ഹസ്തദാനം ചെയ്യുകയും, പൊട്ടിച്ചിരിക്കുകയും ഉല്ലാസത്തോടെ സംഭാഷണത്തില്‍ ഏര്‍പ്പെടുകയും ചെയ്യുന്നു. ചുറ്റും ആഹ്ലാദകരമായ അന്തരീക്ഷം. ഞാന്‍ മാത്രം സംസാരിക്കാന്‍ ആരും ഇല്ലാതെ ഏകനായി ആള്‍കൂട്ടത്തില്‍ തനിയേ... ഒരു തരം അധമബോധത്തില്‍ നിന്ന് രക്ഷ നേടാന്‍നെന്നവണ്ണം അടുത്തുള്ള മാന്യവ്യക്തിയുമായി സംഭാഷണത്തില്‍ ഏര്‍പ്പെടാന്‍ ആഗ്രഹിച്ചു. നാട് എവിടെ ...വിട്..ജോലി..(എന്റെ ചോദ്യങ്ങളില്‍ പിടിച്ച് നില്ക്കാന്‍ വെമ്പുന്നവന്റെ തന്ത്രപ്പാട് ഉണ്ടായിരുന്നോ?) ആ മാന്യവ്യക്തി ഇടം കണ്ണുകൊണ്ട് എന്നെ വീക്ഷിക്കുകയും, താല്പര്യമില്ലാതെ ഒന്ന്, രണ്ട് വാക്കുകളില്‍ ഉത്തരം നല്കി. അദ്ദേഹത്തില്‍ വാക്കുകളിലെ തണുപ്പില്‍ നിന്നും ബോഡി ലാങ്ങേവേജില്‍ നിന്നും എനിക്കു മനസ്സിലായി ആ മാന്യവ്യക്തിക്ക് എന്നോട് സംസാരിച്ചിരിക്കാന്‍ താല്പര്യമില്ലെന്ന്.
ഒരുതരം അധമബോധം വീണ്ടും എന്നില്‍ ഉണര്‍ന്നു. എന്റെ പരിമിതകളിലേക്ക് ചിറക് ഒതുക്കി ഞാന്‍ നിശബ്ദനായി. സമര്‍ത്ഥരും ആദരണീയരും ആയവരുടെ ഇടയിലേക്ക് ഇടിച്ചു കയറി ശ്രദ്ധയാകര്‍ഷിച്ച് സ്ഥാനം പിടിക്കാനുള്ള പ്രതാപമോ വാക് സാമര്‍ത്ഥ്യമോ എനിക്കില്ലായിരുന്നു. മാന്യന്മാരുടെ കണ്ണില്‍പ്പെടാന്‍ മാത്രമുള്ള അന്തസ്സും മാന്യതയും എനിക്ക് ഇല്ലായിരുന്നു. അതുകൊണ്ട് തന്നെ മുഖ്യധാര ആദരണീയരുടെ കെട്ടുകാഴ്ചകളില്‍ നിന്ന് ബോധപൂര്‍വ്വം ആദരണീയഭാരം പാലിക്കുന്നതാണ് ഉചിതം എന്ന് തോന്നി.
ആ വീര്‍പ്പുമുട്ടലില്‍ മദര്‍ തെരേസയുടെ മഹത് വാക്യം ഓര്‍ത്തുപോയി. ഈ തലമുറയുടെ മുഖ്യപ്രശ്‌നം പട്ടിണിയോ, മഹാ വ്യാധിയോ അല്ല. തന്നെ ആര്‍ക്കും വേണ്ട എന്ന ചിന്തയിലും ജീവിതത്തിലും അകപ്പെട്ടു പോകുന്നതാണ്!!
ഒരുവേള ഇവിടേയ്ക്ക് വരേണ്ടിയിരുന്നില്ല എന്ന് പോലും തോന്നിപോയ നിമിഷങ്ങള്‍!!
വീട്ടില്‍ ഇന്റര്‍ നെറ്റിന്റെയും ടി.വി.യുടെയും, പ്രിയ പുസ്തകങ്ങളുടേയും നടുവില്‍ ചക്രവര്‍ത്തിയായിരുന്ന ഞാന്‍ ഇതാ ഈ ജനമദ്ധ്യത്തില്‍ ആരും അല്ലാത്തവനായി, ഒന്നും ഇല്ലാത്തവനായി ശൂന്യനായി വാഴുകയാണ്.
അസഹത്യയോടെ ഞാന്‍ ചുറ്റും നോക്കി എന്നിലെ എന്നെ ഉയര്‍ത്താന്‍ ആരെങ്കിലും ഉണ്ടോ?
ഞാന്‍ ആരേയും കണ്ടില്ല.
ആ സമയം തികച്ചും അനാര്‍ഭാടമായി മുഖത്ത് വാടാത്ത പുഞ്ചിരിയുമായി ബഹുമാനപ്പെട്ട എല്‍ദോസ് അച്ഛന്‍ സദസ്സിന്റെ മുന്നില്‍ ആഗതനായി. സദസ്സില്‍ ആഹ്ലാദാരവങ്ങള്‍. അച്ഛന്റെ സാന്നിദ്ധ്യത്തില്‍ ഒരു നവോന്മേഷം ചിറക് വിരിക്കും പോലെ.
എത്ര അനായാസ്സമായാണ് അച്ഛന്‍ എല്ലാവരുമായി ഇടപെടുന്നത്. വലുപ്പ ചെറുപ്പ വ്യത്യാസമില്ലാതെ എല്ലാവരുമായി ഇടപെഴകി, എല്ലാവരേയും പ്രോത്സാഹിപ്പിച്ച് കാര്യപരിപാടികള്‍ക്ക് നേതൃത്വം നല്കി, അച്ഛന്‍ നന്നായി തിളങ്ങുകയായിരുന്നു. അച്ഛന്റെ സമയോചിതം അവസരോചിതമായ സമാശകള്‍ സദസ്സില്‍ പൊട്ടിച്ചിരി ഉയര്‍ത്തി. സ്‌നേഹനിര്‍ഭരമായ ഒരു കുടുംബത്തിലെന്നതു പോലെ എല്ലാവരും അവിടെ ആഹ്ലാദം പങ്കുവെയ്ക്കുമ്പോഴും എന്നിലെ ഞാന്‍ മരിക്കാത്ത കാരണം എനിക്കതില്‍ പൂര്‍ണ്ണമായി മുഴുകാന്‍ കഴിഞ്ഞില്ല.
വിഭവസമൃദ്ധമായ ഓണസദ്യയും കഴിഞ്ഞ് തിരിച്ച് പോകാന്‍ ഞാന്‍ തുടങ്ങുകയാണ്. അരോടും യാത്രാപറയാനില്ല. എങ്കിലും പോകുന്നതിന് മുമ്പ് എല്‍ദോസ് അച്ഛനെ കാണണമെന്നും യാത്രാപറയണമെന്നും ഒരു തോന്നല്‍. ഏത് കുഞ്ഞുങ്ങള്‍ക്ക് പോലും അച്ഛനരികിലെത്തി അച്ഛനുമായി സൗഹാര്‍ദം സ്ഥാപിക്കാമെന്നുള്ള അച്ഛന്റെ സന്മനസ്സാണ് എന്നെ ആ സാഹസത്തിന് പ്രോത്സാഹിപ്പിച്ചത്.
എല്ലാം വീക്ഷിച്ചും, എല്ലാം നിയന്ത്രിച്ചും വേണ്ട നിര്‍ദ്ദേശങ്ങള്‍ കൊടുത്തും, എന്നാല്‍ ഒട്ടും തിരിക്കില്ലാതെ, ശാന്തനായി, സൗമ്യനായി, വാടാത്ത പുഞ്ചിരിയുമായി അച്ഛന്‍ ജനമദ്ധ്യത്തില്‍ തന്നെ ഉണ്ട്.
അച്ഛന്‍ വാത്സല്യത്തോടെ ക്ഷേമാന്വേഷണങ്ങള്‍ നടത്തി, ഊണ് കഴിച്ചോ എന്ന് ചോദിച്ചു. സംതൃപ്തിയോടെ ഉവ്വ് എന്നര്‍ത്ഥത്തില്‍ ഞാന്‍ തലയാട്ടി. ഉടനം അച്ഛന്‍ സ്‌നേഹപൂര്‍വ്വം നിര്‍ദ്ദേശിച്ചു, എന്നാല്‍ ഉടനെ ചെന്ന് ഭക്ഷണം വിളമ്പുന്ന കമ്മിറ്റിയംഗങ്ങളെ സഹായിക്ക്. ഞാനൊന്ന് ഞെട്ടി. ഇന്നേവരെ പൊതുസദസ്സില്‍ വെള്ളം പോലും പകര്‍ന്ന് നല്കാത്ത ഞാന്‍.. എങ്ങനെ ഭക്ഷണം വിളബും? അച്ഛന്റെ നിര്‍ദ്ദേശമല്ലയോ? സന്തോഷത്തോടെ ശിരസാ വഹിച്ച് കമ്മിറ്റി അംഗങ്ങളോടൊപ്പം സഹായിക്കാന്‍ ഒരുങ്ങി.
എന്നേപ്പോലും അമ്പരിപ്പിച്ചുകൊണ്ട് നിമിഷാര്‍ദ്ധങ്ങള്‍ക്കകം ഞാന്‍ തിരക്കുള്ള വിളമ്പുകാരനായി മാറി. അങ്കിളെ കുറച്ച് ചോറ്, ചേട്ടാ അല്പം സാമ്പാര്‍, കുറച്ച് വെള്ളം.. അതുവരെ അപരിചിതരായി എനിക്ക് തോന്നിയവരുടെ അങ്കിളായി, ചേട്ടനായി ഞാന്‍ മാറി, തുടിക്കുന്ന ഹൃദയത്തോടെ അവര്‍ക്ക് ഞാന്‍ ഭക്ഷണം പകര്‍ന്നെടുക്കുമ്പോള്‍, എനിക്കവര്‍ സ്വന്തം പെങ്ങന്മാരായി, അനുജന്മാരായി, മക്കളായി, സ്വന്തം കൂടപിറപ്പുകളായി മാറി. എന്നിലെ ഞാന്‍ ഉരികിപോകുന്ന അപൂര്‍വ്വ നിമിഷങ്ങളായിരുന്നു അത്. അതെ ഞാന്‍ അസ്തമിച്ച് ആ വലിയ കുടുംബത്തിലെ അംഗം ആകുന്ന സ്‌നാനം ആയിരുന്നു അപ്പോള്‍ എന്റെ ഹൃദയത്തില്‍ സംഭവിച്ചത്.
അപരിചിതത്വം നമ്മുടെ ബുദ്ധിയിലാണ്. തുടിക്കുന്ന ഹൃദയത്തോടെ പ്രാര്‍ത്ഥനാ നിര്‍ഭരമായി, ദാഹിക്കുന്നവന് ദാഹജലം പകര്‍ന്ന് കൊടുക്കുമ്പോള്‍, അപരിചിതത്വത്തിന്റെ അതിര്‍വരമ്പുകള്‍ അസ്തമിക്കുകയും, നാമെല്ലാം ഒന്നാണെന്ന സഹജാവബോധം ഉയിര്‍കൊള്ളുകയും ചെയ്യും. പിന്നെ ഈ ആകാശവും ഭൂമിക്കും സമസ്ത ജീവജാലങ്ങളും അടങ്ങിയ ഈ പ്രപഞ്ചം നമുക്ക് സ്വന്തം. ആരും അന്യരല്ല. ചെറിയവനോ വലിയവനോ ഇല്ല. എല്ലാവരും തുല്യര്‍. എല്ലാവരും ദൈവമക്കള്‍ ആ ഒരുമ ദൈവസ്‌നേഹം തന്നെയല്ലേ?
ബുദ്ധിയുടെ വിലയിരുത്തലുകള്‍ അസ്തമിക്കുന്നിടത്ത് അഹം-- ബോധം ഉരുകി ഒലിച്ച് മനസ്സ് ശൂന്യമാകുന്നു. അപ്പോള്‍ മാത്രമെ സാധാരണക്കാരായ നമ്മുടെ ഹൃദയത്തില്‍ നൈമിഷികമെങ്കിലും നിത്യത-യുടെ സ്പര്‍ശം ഉണ്ടാവുന്നത്. അത് എന്നും ഹൃദയത്തില്‍ പ്രഭചൊരിയുന്ന ഒരു അനുഭവമാണ്. ഈ അനുഭവരാഹിത്യമാണ് ഞാനെന്ന് ഭാവത്തിന് വളര്‍ന്ന് പന്തലിക്കാന്‍ അവസരമൊരുക്കുന്നത്. മനുഷ്യബന്ധങ്ങളിലൂടെ, സാമൂഹിക ബന്ധങ്ങളിലൂടെ മാത്രമെ നമുക്ക് സ്വയം തിരിച്ചറുവുകള്‍ ഉണ്ടാവു. സ്വയം തിരിതിരിച്ചുറിവിന്ടു പ്രകാശധാരയിലേക്ക് നാം ആനയിക്കപ്പെടാതിരുന്നാല്‍ അജ്ഞതയുടെ അന്ധകാരത്തിലായിരിക്കും നാം.
 നാം സ്‌നേഹിക്കുന്നവര്‍ക്ക് വേണ്ടി എന്ത് ത്യാഗവും സഹിക്കാന്‍ നാം തയ്യാറാണ്. നമ്മുടെ കുഞ്ഞുമക്കള്‍ എഴുന്നേറ്റ് നില്ക്കാന്‍ പഠിക്കുന്നത് നമ്മുടെ നെഞ്ചില്‍ ചവിട്ടിയല്ലേ? ഓടാന്‍ പഠിയ്ക്കുമ്പോള്‍, അവരുടെ മോഹം ഓട്ടത്തില്‍ അപ്പനെ തോല്‍പ്പിക്കുക എന്നുള്ളതല്ലേ? അവരുടെ സന്തോഷത്തിനായി ബോധപൂര്‍വ്വം തോറ്റുകൊടുക്കോമ്പോള്‍, നാം അനുഭവിക്കുന്ന മറ്റുള്ളവരുടെ സന്തോഷത്തിനായി തോറ്റുകൊടുക്കുന്നതിലെ അനുഭൂതി!! കാലം കഴിയവേ, ജീവിത സമ്മര്‍ദ്ദങ്ങളുടെ നിര്‍ചൂഴികളില്‍പ്പെട്ട്, നമ്മുടെ മക്കള്‍, ഒരുവേള നമ്മെ വൃദ്ധമന്ദിരങ്ങളുടെ നിരാശ്രത്വത്തിലേയ്ക്ക്, അന്ധകാരത്തിലേയ്ക്കും നമ്മെ വലിച്ചെറിയുമ്പോഴും നാം പ്രാര്‍ത്ഥിക്കും, നമ്മുടെ ഹൃദയം തുടിക്കും, നമ്മുടെ കുഞ്ഞും മക്കളുടെ സര്‍വ്വാശ്വരങ്ങള്‍ ഉള്ള ജീവിതത്തിലായി. അതെ സ്‌നേഹിക്കുന്നവര്‍ക്ക് വേണ്ടി ഏതറ്റം വരെയും പോകുവാന്‍ നാം തയ്യാറാണ്!!
2012

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ