2013, ഡിസംബർ 25, ബുധനാഴ്‌ച






ക്രിസ്തുമസ്, ശത്രുവിനെ സ്‌നേഹിക്കാന്‍ പഠിപ്പിച്ച പുണ്യാത്മാവിന്റെ ജന്മദിനം. 

സംഘര്‍ഷഭരിതമായ ലോക ജീവിതത്തിന്റെ നടുവില്‍ നിന്നുകൊണ്ട് എന്തെന്നില്ലാത്ത ദാഹത്തോടെ സ്‌നേഹത്തിന്റെ ഉറവകളെപ്പറ്റി ചിന്തിച്ചുപോവുകയാണ്.
തോക്കുംപിടിച്ച് വെടിയുണ്ടകളെയും, ബോംബറുകളുടെയും നടുവില്‍ നില്‍ക്കാന്‍ വിധിക്കപ്പെട്ട സാധാരണ പട്ടാളക്കാരന്‍ ഒന്നുമാത്രമാണ് ചിന്തിക്കുക, തോക്കുകള്‍ നിശബ്ദമാകുന്ന, വെടിയുണ്ടകള്‍ ചീറിപ്പായാത്ത ദിനത്തെപ്പറ്റി, സമാധാന ദിനത്തെപ്പറ്റി മാത്രമാണ് ചിന്തിക്കുക.
എന്നാല്‍ അള്‍ത്താരയുടെ മുന്നില്‍ കൂപ്പുകരങ്ങളുമായി നില്‍ക്കുന്ന ഒരുവന്‍ ചിന്തിക്കുന്നത് എന്താണ്?
 രണഭൂമിയിലെ ശബ്ദഘോഷങ്ങളാല്‍ മുഖരിതമാണല്ലോ നമ്മുടെ അനുദിന ജീവിതം! ഞാനും നീയും എന്ന ഭേദബുദ്ധിയാണ് എല്ലാവിധ സംഘര്‍ഷങ്ങള്‍ക്കും യുദ്ധത്തിനും നിദാനമായിരിക്കുന്നത്. ഈ ഭേദബുദ്ധിയുടെ ഉറവിടം അജ്ഞാനമാണ്. അന്ധകാരമാണ്. എന്നാല്‍ ജ്ഞാന ദീപ്തിയില്‍, വെളിച്ചത്തിന്റെ സാന്നിദ്ധ്യത്തില്‍ നാം തിരിച്ചറിയുന്നൂ, നാം രണ്ടല്ല ഒന്നാണെന്ന്.
നമ്മെ വധിക്കാന്‍ അയുദ്ധത്തിന് മൂര്‍ച്ച കൂട്ടുന്നവനും, ഒറ്റിക്കൊടുക്കാന്‍ വെമ്പുന്നവനും, സ്വന്തം ശരീരത്തിന്റെ ആത്മാവിന്റെ ഭാഗം ആണെന്നറിയുമ്പോള്‍ നാം ആയുധം ഉപേക്ഷിക്കുകയും പ്രതിരോധ നിരകള്‍ തിരസ്‌കരിക്കുകയും ചെയ്യുന്നു.
യുദ്ധഭൂമിയുടെ നടുവില്‍വച്ച് ആയുധം ഉപേക്ഷിക്കുന്നവനും, പ്രതിരോധ നിരകള്‍ സൃഷ്ടിക്കാത്തവനും, ഇരയാകും, ബലിയാടാകും.
ക്രിസ്തുമസ്, സ്‌നേഹത്തിന്റെ അള്‍ത്താരയില്‍ ബലിയര്‍പ്പണത്തിനുള്ള ക്ഷണമാണ്. ഗോഗുല്‍താ മലയിലേക്കുള്ള യാത്രയുടെ ആഹ്വാനമാണ്.

എല്ലവര്‍ക്കും ക്രിസ്മസ്‌ ആശംസകള്‍.




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ