2013, സെപ്റ്റംബർ 23, തിങ്കളാഴ്‌ച

ഉയിര്‍പ്പ് തിരുനാള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നത്

ഉയിര്‍പ്പ് തിരുനാള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നത് തിന്മയുടെ മരണവും നന്മയുടെ പുനരുദ്ധാരണവും ആണ്.
സാധാരണക്കാരന് വളരെ വ്യക്തമായി മനസ്സിലാകുന്ന ലളിതമായ ഭാഷയിലാണ് ക്രിസ്തുനാഥന്‍ നിത്യതയെപ്പറ്റി പറഞ്ഞത്. വസ്തുതകള്‍ ഒന്നു കൂടി വ്യക്തമാക്കാന്‍ കഥകളും ഉപമകളും പറഞ്ഞു.

ഗര്‍വ്വിഷ്ടതകള്‍ ആ ദിവ്യാത്മാവിനെ ഉള്‍ക്കൊള്ളാന്‍ വിസമ്മതിച്ചു. ഗര്‍വ്വിഷ്ടതകളെ കയ്യൊഴിയാന്‍ ആ ദിവ്യാത്മാവ് ഒരു പ്രായോഗിക മാര്‍ഗ്ഗം കാണിച്ചു കൊടുത്തു. സ്വയം ബലിയര്‍പ്പണമായി. ഗര്‍വ്വിഷ്ടതകളുടെ ബലിയര്‍പ്പണങ്ങളിലൂടെ മാത്രമേ നിത്യതയുടെ പ്രകാശധാരയില്‍ എത്തിപ്പെടാന്‍ കഴിയൂ. 'ഗോതമ്പ് മണികള്‍ മണ്ണിലലിഞ്ഞ് ഇല്ലാതായാല്‍ മാത്രമേ ഫലം പുറപ്പെടുവിക്കൂ'.

അന്നേവരെ നിലനിന്നിരുന്ന രാഷ്ട്രീയ സാമ്പത്തീക, സാമൂഹിക ആത്മീയ രംഗങ്ങളില്‍ മാറ്റത്തിന്റെ കൊടുങ്കാറ്റ് ഉയര്‍ത്തിയ ബലിയര്‍പ്പണമായിരുന്നു അത്. ജീവിതത്തിന്റെ സമസ്ത രംഗങ്ങളിലും മാറ്റത്തിന്റെ ശംഖുനാദം മുഴങ്ങി. പക്ഷേ, അത്രവേഗം ബലിയര്‍പ്പണമായി മാറാന്‍ തയ്യാറാവാത്ത 'തരഞ്ഞെടുക്കപ്പെട്ട' നതയുടെ ഗര്‍വ്വിഷ്ടതകള്‍ അവനെ സക്രാരിയിലെ ബന്ധനത്തിലാക്കിയതിന് സഭാ ചരിത്രംസാക്ഷി.

അവന്‍ ഭൂമിയിലൂടെ കടന്നുപോയിട്ട് രണ്ടായിരം വര്‍ഷങ്ങളായെങ്കിലും ഇന്നും നാം അണുവിട വ്യതിചലിക്കാന്‍ തയ്യാറാകാതെ പരസ്പരം മത്സരിച്ചും ആരോപണങ്ങള്‍ ഉന്നയിച്ചും അവനെ വാഴ്ത്തുകയും പൂജിക്കുകയും ചെയ്യുകയാണ്.

പറക്കാന്‍ മടിക്കുന്ന കിളിക്കുഞ്ഞുങ്ങള്‍ക്ക് പറന്ന് കാണിച്ച് പറക്കാന്‍ പഠിപ്പിച്ച തള്ളപ്പക്ഷിയുടെ ചിത്രം മാത്രം വരച്ച് പഠിക്കുന്നതിലെ നിരര്‍ത്ഥകത നാം എന്ന് മനസ്സിലാക്കും? സ്‌നേഹത്തിന്റെ, സൗഹൃദത്തിന്റെ, സഹകരണത്തിന്റെ നിത്യമാം ആകാശത്ത് കൂടെ പറക്കാന്‍ നാം വിസമ്മതിക്കുന്നത് എന്തുകൊണ്ട്?

കുരിശില്‍ സാന്ദ്രമായ ധ്യാനം ഉണ്ട്. അതു വാക്കുകളാലോ ശ്രുതിമധുരമായ ഗാനാലാപനങ്ങളാലോ ഏറ്റുപറയലുകളാലോ ബന്ധിതമല്ല, അനുദിനം അനുനിമിഷം, വിരിയുന്ന ജീവിത സന്ദര്‍ഭങ്ങളെ മുഖാമുഖം അഭിമുഖീകരിക്കുന്നതിനുള്ള വഴിത്താരയാണ് അത്.

ക്രിസ്തുവിന് മുമ്പ് ജീവിച്ചിരുന്ന ശ്രീബുദ്ധന്‍ ജീവിതത്തിലെ വ്യത്യസ്ഥങ്ങളായ സന്ദര്‍ഭങ്ങളുമായി നാം ഏറ്റു മുട്ടുമ്പോള്‍ അ#ിമുഖീകരിക്കുമ്പോള്‍, നമ്മുടെ ശരീരത്തിലും മനസ്സിലും ഉണ്ടാകുന്ന സംവേദനക്ഷമതകളെ ശാസ്ത്രീയ രീതിയില്‍ വിശകലനം ചെയ്തിട്ടുണ്ട്.

അനാരോഗ്യ ചിന്തകള്‍ മനസ്സില്‍ ഉടലെടുക്കുന്ന നിമിഷം തന്നെ നമ്മുടെ ശ്വാസോച്ഛ്വാസത്തിന്റെ സ്വാഭാവികമായ താളം തെറ്റുമെന്നും ഹൃദയമിടിപ്പിലും രക്തചംക്രമണ വ്യവസ്ഥയിലും മാറ്റങ്ങള്‍ സംഭവിക്കുന്ന ഇത് ശരീരത്തില്‍ വ്യത്യസ്ഥങ്ങളായ സംവേദനങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ഈ മാറ്റങ്ങളില്‍ ഈ സംവേദനങ്ങളില്‍ നാം പൂര്‍ണ്ണമായി അവബോധം ഉള്ളവരാകുമ്പോള്‍ തിന്മകളില്‍ നിന്ന് നമുക്ക് സ്വാഭാവിക വിടുതല്‍ ലഭിക്കുന്നു.

കര്‍തൃഭാവനയിലുള്ള (ഞാന്‍ എന്ന ഭാവത്തിലുള്ള) ഏത് കര്‍മ്മങ്ങളും അവ എത്ര ഉന്നതമായിക്കൊള്ളട്ടെ നമ്മെ ബന്ധനത്തിലാക്കും. കര്‍തൃഭാവം ഉപേക്ഷിച്ച് നമ്മുടെ പ്രവര്‍ത്തനങ്ങള്‍ മോചനദ്രവ്യം ആകുന്നു.

പക്ഷേ, നമ്മില്‍ കുടികൊള്ളുന്ന ഞാന്‍ എന്ന ഭാവത്തിന്റെ വൈവിധ്യമാര്‍ന്ന ഭാവതലങ്ങള്‍ കണ്ടെത്തുക ങ്ങേയറ്റം ദുഷ്‌കരമാണ്. സഹജീവികളുടെ പ്രവര്‍ത്തനങ്ങള്‍ തമ്മില്‍ ഉളവാക്കുന്ന പ്രതികരണങ്ങളിലൂടെ മാത്രമേ നമുക്ക് അവയെ തിരിച്ചറിയാനും അവയില്‍ നിന്ന് മുക്തരാകാനും കഴിയൂ. മനുഷ്യബന്ധങ്ങളുടെ അനിവാര്യതയും പവിത്രതയുമാണ് ഇത് കാണിക്കുന്നത്. അങ്ങനെയാണ് ബന്ധങ്ങള്‍ ആത്മാവിന്റെ കണ്ണാടിയാകുന്നത്.

ദേശത്തിന്റെ രക്ഷയുടെ മേലങ്കിയും അണിഞ്ഞ് നന്മ ചെയ്യുന്ന ഊര്‍ജ്ജസ്വലരായ വ്യക്തികള്‍ക്ക് എതിരെ ഭര്‍ത്സനങ്ങള്‍ ഉതിര്‍ക്കുന്നവര്‍ ഇല്ലാകഥകള്‍ പ്രചരിപ്പിക്കുന്നവര്‍ കാണാതെ പോകുന്നത് അറിയാതെ പോകുന്നത് സ്വന്തം ഹൃദയത്തിന്റെ അന്തരാളങ്ങളില്‍ അടിച്ചമര്‍ത്തപ്പെട്ട ഞാനെന്ന ഭാവത്തിന്റെ അഹങ്കാരത്തിന്റെ വികൃതരൂപങ്ങളെയാണ്.

തിരിച്ചറിയുക: നന്മയെ ഭയപ്പെട്ട് അടിച്ചമര്‍ത്തി ഒറ്റപ്പെടുത്താമെന്നുള്ളത് വ്യാമോഹമാണ്, കുബുദ്ധിയാണ്. നന്മകള്‍ ബന്ധനങ്ങളില്‍ നിന്ന് അടിച്ചമര്‍ത്തലുകളില്‍ നിന്ന് മുക്തമായി ഒരായിരം ശക്തിയോടെ നമ്മുടെ സമൂഹത്തില്‍ പ്രഭ ചൊരിയും.

സ്വാര്‍ത്ഥ മോഹങ്ങളുടെ പൂര്‍ത്തീകരണത്തിനല്ല, കുരിശ്ശ് മാര്‍ഗ്ഗമാകുന്നത്. സ്വാര്‍ത്ഥമോഹങ്ങളെ അടിച്ചമര്‍ത്താനും അല്ല കുരിശ് നമ്മെ പഠിപ്പിക്കുന്നത്. സ്വന്തം ഗര്‍വ്വിഷ്ടതകളെയും സ്വാര്‍ത്ഥ മോഹങ്ങളേയും മുഖാമുഖം ദര്‍ശിച്ച്, അഭിമുഖീകരിച്ച് അവയുടെ അനാരോഗ്യ പ്രവണതകളില്‍ നിന്ന് സ്വതന്ത്രരാകാനുള്ള നിത്യമായ ആഹ്വാനമാണ് കുരിശ് മരണവും ഉത്ഥാനവും നമ്മെ പഠിപ്പിക്കുന്നത്.

സത്യം നമ്മെ സ്വതന്ത്രരാക്കുന്നു!
സ്‌നേഹം നമ്മെ പുനര്‍ജ്ജീവിപ്പിക്കുന്നു
കാലത്തെ അതിജീവിക്കുന്ന മരണത്തെ
അതിജീവിക്കുന്ന നിത്യമാം സ്‌നേഹത്തെ നമുക്ക് പുല്‍കാം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ