2018, ജനുവരി 8, തിങ്കളാഴ്‌ച






വെളിച്ചം തരേണമേ ..........








ക്രിസ്തുനാഥന്റെ ഹൃദയത്തുടിപ്പുകള്‍ പൂര്‍ണ്ണമായി ഉള്‍ക്കൊള്ളുകയും സ്വാംശീകരിക്കുകയും ചെയ്ത ക്രിസ്തു ശിഷ്യനായിരുന്നു   യോഹന്നാന്‍ ശ്ലീഹ. രക്തസാക്ഷിത്വം വരിക്കാതെ പ്രായാധിക്യത്താലുള്ള സ്വാഭാവിക മരണത്തിന് കീഴടങ്ങിയ ഒരേയൊരു ക്രിസ്തു ശിഷ്യനായിരുന്നു  യോഹന്നാന്‍ ശ്ലീഹ.
അദ്ദേഹം വലിയ ഒരു പ്രഭാഷകനായിരുന്നില്ല. എങ്കിലും യോഹന്നാന്‍ ശ്ലീഹാ ചെല്ലുന്നിടത്തെല്ലാം വലിയൊരു ജനാവലി അദ്ദേഹത്തെ ശ്രവിക്കുവാന്‍ വരുമായിരുന്നത്രെ. തന്റെ ചുറ്റും കൂടിയിരുന്ന ജനാവലിയെ നോക്കി യോഹന്നാന്‍ ശ്ലീഹ  ഒരേ ഒരു വാക്യം മാത്രംമെ   പറയുമായിരുന്നുള്ളൂ .
'സ്‌നേഹം എന്ന ശബ്ദം യോഹന്നാന്‍ ശ്ലീഹായുടെ അധരങ്ങളില്‍ നിന്ന് ഉച്ചരിക്ക്പ്പെടുമ്പോള്‍ ചുറ്റും നിതാന്ത നിശബ്ദതയും ശാന്തിയും സമാധാനവും സംജാതമാകുമായിരുന്നത്രെ !!!
യേശുനാഥന്റെ നാമത്തില്‍ വരുന്നവരെല്ലാം യോഹന്നാന്‍ ശ്ലീഹായെപോലെ  ആയിരിക്കണം  എന്നു നാം ശഠിക്കുന്നില്ല.
എങ്കിലും പുല്‍ക്കൂട്ടില്‍ ജാതനായി, തിരസ്‌ക്കാരത്തിന്റെ മുഴുവന്‍ യാതനകളും സഹിച്ച് ഗാഗുല്‍ത്താമലകയറി ജീവത്യാഗം ചെയ്തവന്റെ നാമത്തില്‍ അഭിഷക്തന്റ്വ വേഷം  ധരിച്ച് വരുന്നവര്‍ സാമാന്യമര്യാദ എങ്കിലും പാലിക്കണം എന്നു നാം പ്രത്യാശിക്കുന്നതില്‍ തെറ്റ് ഉണ്ടോ?
വൈദിക വൃത്തിക്കായി മലയാളനാടിന്റെ മനോഹാരിതയില്‍ നിന്ന് ഈ കൊടും തണുപ്പിലേക്ക് ആഗതരായി വഴിതെറ്റിപ്പോകുന്ന മലയാളത്തനിമയുള്ള കുഞ്ഞാടുകളെ വീണ്ടെടുക്കാന്‍ ശ്രമിക്കുന്ന വൈദികരുടെ നിസ്വാര്‍ത്ഥ സേവനത്തെ നാം അഭിനന്ദിക്കുന്നു.
പക്ഷേ തങ്ങളുടെ അധീനതയിലുള്ള ഇടവകയും ഇടവകാംഗങ്ങളും തനിക്ക് പൈതൃകമായി കിട്ടിയ സ്വത്താണെന്ന് കരുതി ഭരിക്കാന്‍ ശ്രമിക്കരുത് എന്ന് ഒരു അപേക്ഷയുണ്ട്.
മറ്റൊരപേക്ഷയുള്ളത് തിരസ്‌ക്കാരത്തിന്റെ യാതനകള്‍ സഹിച്ച് നിശബ്ദനായികിടക്കുന്ന ക്രൂശിത രൂപത്തിനരികെനിന്ന്, പരിശുദ്ധ ബലിപീഠത്തില്‍ നിന്ന് വിദ്വേഷം വാളാക്കി വെളിച്ചപ്പാടിനെപ്പോലെ ഇളകി മറയുന്നതിൽ ഔചിത്യകേടുണ്ട് . 
സഹനത്തിന്റെ നെല്ലിപടിയില്‍ നിന്നുകൊണ്ട് യു.കെ. മലയാളി സമൂഹം അറിയാതെ പ്രതികരിച്ചുപോവുകയാണ്. നിങ്ങളുടെ സാന്നിദ്ധ്യംകൊണ്ട് എന്ത് സന്തോഷം, സ്‌നേഹം, ആനന്ദമാണ് നിങ്ങള്‍ ഇടവകാംഗങ്ങളില്‍ നിറക്കുന്നത്?
യൂ .കെ മലയാളീ വൈദ്യകർക്ക്  ബലം തരുന്നത് നിഷ്‌കളങ്കരായ ഒരുപറ്റം ജനതയാണ്. അവരോട് അഭിഷക്തവേഷം ധരിച്ച് നിങ്ങള്‍ അര്‍ദ്ധരാത്രി സൂര്യന്‍ ഉദിക്കും എന്ന് പറഞ്ഞാല്‍ ആ പാവങ്ങള്‍ അതു വിശ്വസിക്കും.
ഇവിടെ ഇന്ന് നന്മയെയും സ്‌നേഹത്തെയും അഹങ്കാരാധിഷ്ഠിതമായ നിങ്ങളുടെ പ്രവര്‍ത്തിയാൽ  കുരിശിലേറ്റപ്പെടുകയാണ് , അല്ലെങ്കില്‍ ഒരു ഇടവകാംഗം തെറ്റ് ചെയ്‌തെന്നു തെളിഞ്ഞാല്‍ സൗമ്യതയോടെ അവരെ വിളിച്ച് ഒന്നു ചിരിച്ചുകൊണ്ട് 'എന്താ മത്തായി ഇങ്ങനെയൊക്കെ സംഭവിച്ചത്?" എന്ന് സൗമ്യതയോടെ ചോദിക്കാതെ ഭീഷണിയുടെ ശബ്ദത്തില്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി ഏത് ദൈവരാജ്യമാണ് നിങ്ങള്‍ ഇവിടെ നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്.?
ക്രിസ്തുനാഥന്‍ തന്റെ അനുയായികള്‍ക്ക് എത്ര കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി എന്ന് ഒന്ന്  പറഞ്ഞുതരാമോ?
സ്‌നേഹം വിതയ്ക്കുന്നതിനുപകരം വിദ്വേഷവും അന്ധകാരവും വിതക്കാന്‍ ശ്രമിക്കരുത്.
ചില ആചാരാനുഷ്ഠാനങ്ങളുടെ അനുധാവനമല്ലാ , ചില നിയമങ്ങളുടെ പൂര്‍ത്തീകരണവുമല്ല ക്രൈസ്തവ ജീവിതത്തിന്റെ അടിത്തറ എന്ന് നമ്മിൽ പലരും  ഓര്‍ത്താല്‍ നല്ലത്.  നിങ്ങളില്‍ ഒരുവന് ഭീഷണിയുടെ സ്വരത്തില്‍  നോട്ടീസ് നല്‍കുന്നത് ദൈവരാജ്യം സ്ഥാപിക്കാനല്ല, അഹങ്കാരത്തിന്റ് രാജ്യം   സ്ഥാപിക്യാന്വാണുന്നു  ഓര്‍ത്താല്‍ നന്ന്.
വേദനയോടെയാണ് ഞാന്‍ ഇത് കുറിക്കുന്നത്. ഹൃദയ നൈര്‍മ്മല്യമുള്ള എന്റെ പ്രിയ സുഹൃത്തുക്കള്‍ ഇത്തരം അപക്വതീരുമാനങ്ങളോട് മൗനം ഭാവിച്ചു എന്നറിഞ്ഞപ്പോള്‍ എന്റെ വേദന അളവറ്റതാകുന്നു.
 ഇതൊക്കെ പറയാന്‍ എനിക്ക് എന്തവകാശം?
ജനിച്ച് ഏഴാംദിവസം കൈക്കുഞ്ഞായിരുന്ന എന്നെ മാറോട് ചേര്‍ത്ത് ദൈവാലയത്തിലേക്ക് നടന്ന എന്റെ പ്രിയപ്പെട്ട മാതാപിതാക്കളുടെ രൂപം കരിങ്കല്ലില്‍ കൊത്തിവച്ചതുപോലെ എന്റെ നെഞ്ചിലുണ്ട്. അവരോട് നീതികാണിക്കാന്‍ ശ്രമിക്കുന്നു. സര്‍വോപരി സ്‌നേഹത്തിന് വേണ്ടി തിരസ്‌കാരത്തിന്റെ യാതനകള്‍ സഹിച്ച് ഗോഗുല്‍ത്താമലകയറിയ എന്റെ പ്രിയ ഗുരുനാഥനോട് നീതികാണിക്കാന്‍ ശ്രമിക്കുന്നു.