2013, സെപ്റ്റംബർ 24, ചൊവ്വാഴ്ച

ഇതിഹാസങ്ങളിലൂടെ
ഗീതോപദേശം
ഇത് കുരുക്ഷേത്രഭൂമി. മഹാഭാരതയുദ്ധം തുടങ്ങാന്‍ സമയമായി. സര്‍വ്വവിധ സേനാ വ്യൂഹങ്ങളോടും കൂടി പാണ്ഡവ പക്ഷവും കൗരവപക്ഷവും മുഖാമുഖം നില്‍ക്കുന്നു. സാര്‍വത്ര ഗാംഭീരമായ നിശബ്ദത..
കൗരവപക്ഷത്ത് യോദ്ധാക്കളില്‍ യോദ്ധാവായ ഭീഷ്മര്‍, ആയുധാഭ്യാസനത്തിന്റെ ആചാര്യനായ ദ്രോണര്‍, കൃപര്‍, ജയദ്രഥന്‍, ദ്രോണപുത്രന്‍ അശ്വത്ഥാമാവ്, വില്ലാളിവീരനായ കര്‍ണ്ണന്‍, ദുര്യോദനനോടൊപ്പം മറ്റു കൗരവപ്പടയും.
മറുവശത്ത് വില്ലാളി വീരനായ അര്‍ജ്ജുനന്‍, അര്‍ജ്ജുനന്റെ തേരാളിയായി സാക്ഷാല്‍ ഭഗവാന്‍ കൃഷ്ണന്‍, ഭീമന്‍, സത്യകി, ഉദിച്ചുയരുന്ന സൂര്യ തേജസോടുകൂടി അര്‍ജ്ജുന പുത്രന്‍ അഭിമന്യു, ധര്‍മ്മ പുത്രരോടൊപ്പം മറ്റു പാണ്ഡവ പടയും.
വിദുരര്‍ യുദ്ധനിയമങ്ങള്‍ ഒരിക്കല്‍ കൂടി ഇരുപക്ഷത്തെയും ബോധിപ്പിക്കാനുള്ള ശ്രമത്തിലാണ്. കുരുക്ഷേത്രഭൂമിയില്‍ തളംകെട്ടിനിന്ന ഗാംഭീര നിശബ്ദതയെ ഭംഗപ്പെടുത്തിക്കൊണ്ട് മുഴങ്ങിയ ആനയുടെ ചിന്നംവിളികള്‍ തുടങ്ങാന്‍ പോകുന്ന യുദ്ധത്തിന്റെ ഭയാനകത വര്‍ദ്ധിപ്പിച്ചു.
ഇരുപക്ഷവും യുദ്ധം തുടങ്ങാനുള്ള പടഹധ്വനിക്കായ് കാതോര്‍ക്കവെ വില്ലാളിവീരനായ അര്‍ജ്ജുനനെയും തേരാളിയായ കൃഷ്ണനെയും വഹിച്ചുകൊണ്ടുള്ള രഥം യുദ്ധ ഭൂമിയുടെ മദ്ധ്യത്തിലെത്തി.
അര്‍ജ്ജുനന്‍ തന്റെ എതിര്‍ഭാഗത്ത് അണിനിരന്നിരിക്കുന്ന കൗരവപടയെ ഗാംഭീരതയോടെ വീക്ഷിച്ചു. ആര്‍ത്തിരമ്പുന്ന സമുദ്രം കണക്കെ കൗരവപ്പട ഇളകി മറിയുന്നു, കുതിരപ്പടയുടെ സീല്‍ക്കാരങ്ങള്‍, ആനകളുടെ ചിന്നംവിളികള്‍, തേരാളികളുടെയും പടയാളികളുെടയും പോര്‍വിളികള്‍. കൗരവപ്പട ഭൂമിയെതന്നെ ഇളക്കി മറിക്കാനുള്ള തയ്യാറെടുപ്പില്‍ പ്രക്ഷുബ്ധമായിരിക്കുന്നു. കൗരവപടയുടെ മുന്‍നിരയില്‍ തന്നെ സ്ഥാനം ഉറപ്പിച്ചിരിക്കുന്ന യോദ്ധാക്കളില്‍ അര്‍ജ്ജുനന്റെ നയനങ്ങള്‍ പതിഞ്ഞു. പിതാമഹനായ ഭീഷ്മര്‍, ആചാര്യന്‍ ദ്രോണര്‍, ആചാര്യപുത്രന്‍ അശ്വത്ഥാമാവ്, ദുര്യോദനന്‍ അടക്കമുള്ള മറ്റു ധൃതരാഷ്ട്ര പുത്രന്മാര്‍, മറ്റു ബന്ധുമിത്രാദികള്‍.
അര്‍ജ്ജുനന്‍ അമ്പരന്നു...
ഭീഷ്മപിതാമഹനെയും, ആചാര്യനെയും മറ്റു ബന്ധുമിത്രാദികളേയും വധിച്ച് അവരൊഴുക്കുന്ന ചോരപ്പുഴയിലൂടെ നീന്തിത്തുടിച്ച് വേണം വിജയം വരിക്കാന്‍. ഇവരെ കൊന്നിട്ട്  തനിക്ക് എന്തിന് വിജയം! ഉറ്റ ബന്ധുമിത്രാദികള്‍ ഇല്ലാത്ത ലോകത്ത് തനിക്കെന്തിന് രാജാധികാരം.
അര്‍ജ്ജുനന്‍ വിറച്ചു.
കരങ്ങളില്‍ നിന്ന് ഗാണ്ഡീവം നിലംപതിച്ചു..
തൊണ്ട വരണ്ടു, നാവുണങ്ങി, ശരീരം തളര്‍ന്നിരുന്നുപോയി.
അര്‍ജ്ജുനന്‍ തന്റെ തേരാളിയും, സുഹൃത്തും, ഭഗവാനുമായ കൃഷ്ണനോട് കേണു. എന്റെ ബന്ധുമിത്രാദികളെയും ആചാര്യനേയും പിതാമഹനേയും വധിച്ചിട്ടുള്ള വിജയം എനിക്ക് വേണ്ട, അവരില്ലാത്ത രാജ്യം എനിക്കെന്തിന്. ഇല്ല ഞാന്‍ യുദ്ധം ചെയ്യില്ല.
ഈസന്ദര്‍ഭത്തിലാണ് അര്‍ജ്ജുനന്റെ സംശയവും മൗഢ്യവും ദൂരീകരിച്ച് കര്‍മ്മോത്സുകനാക്കി വീണ്ടും യുദ്ധസന്നദ്ധനാക്കാന്‍ ശ്രീകൃഷ്ണന്‍ ഗീതോപദേശം നല്‍കുന്നത്. 18 പര്‍വ്വങ്ങളിലായി 700 ശ്ലോകങ്ങളില്‍ വേദങ്ങളുടെ ആത്മസത്തയായ ഗീതോപദേശം സംഗ്രിക്കപ്പെട്ടിരിക്കുന്നു. പ്രപഞ്ചത്തോളം തന്നെ വ്യാപ്തമായ ആ മഹത് വചനങ്ങളെ ഈ ഹ്രസ്വലേഖനത്തില്‍ പ്രതിപാതിക്കുക അസാധ്യം. ഭഗവത് ഗീതയുടെ മഹത്വത്തിലേക്ക് ഒന്ന് എത്തിനോക്കാനുള്ള ഒരെളിയ ശ്രമം മാത്രമാണിത്.
ശ്രീകൃഷ്ണന്‍ ഗീതോപദേശം നല്‍കുന്നത് ശാന്തിമന്ത്രങ്ങള്‍ ഉരുക്കഴിക്കപ്പെടുന്ന പര്‍ണ്ണശാലകളിലൊ, ഗംഗാനദിയുടെ ശാന്തിതീരങ്ങളില്‍ വെച്ചൊ ആയിരുന്നില്ല, മറിച്ച് യുദ്ധഭൂമിയില്‍ വച്ചാണ്. യുദ്ധഭൂമി, സംഘര്‍ഷഭരിതമായ നമ്മുടെ ഹൃദയങ്ങളെ പ്രതിനിധീകരിക്കുന്നു.
നന്മയും തിന്മയും തമ്മിലുള്ള വടംവലികള്‍, എന്റേതെന്നും നിന്റേതെന്നുമുള്ള ഭേദബുദ്ധി. എന്റെ ധാരണകള്‍ വിശ്വാസങ്ങള്‍, വീക്ഷണം, സമ്പത്ത് തുടങ്ങി എന്റേതെന്നുള്ളത് സംരക്ഷിക്കാനും നിന്റേതെന്നുള്ളതിനെ അവഗണിക്കാനുമുള്ള പ്രവണത, മത്സരബുദ്ധി സ്പര്‍ദ്ധ അഹങ്കാരം തുടങ്ങി എല്ലാം ഹൃദയത്തെ സംഘര്‍ഷഭരിതമാക്കുന്നു.
ഈ ഭേദുദ്ധിയാണ് പവിത്രമായ ഈ ഭൂമിയെ രക്തപങ്കിലമാക്കുന്നത്.
ജീവിതത്തില്‍ നിന്ന് ഒളിച്ചോടിയല്ല മറിച്ച് ജീവിതത്തിലെ എല്ലാവിധ വൈരുദ്ധ്യങ്ങളേയും അഭിമുഖീകരിച്ചുകൊണ്ടാവണം ആത്മജ്ഞാനത്തിലേക്കും പൂര്‍ണ്ണതയിലേക്കും എത്തേണ്ടത് എന്ന് ശ്രീകൃഷ്ണന്‍ ഗീതയിലൂടെ വെളിപ്പെടുത്തുന്നു. ഇത് ജ്ഞാനങ്ങളില്‍ വെച്ച് ഏറ്റവും ശ്രേഷ്ഠമാണെന്ന് ശ്രീകൃഷ്ണന്‍ ആവര്‍ത്തിച്ച് പറയുന്നുണ്ട്.
ഗാന്ധിജി തന്റെ ജീവിതത്തില്‍ മാര്‍ഗ്ഗദീപമാക്കിയിരുന്നത് ഭഗവത് ഗീതയാണ്. ജാതിമതവ്യത്യാസമില്ലാതെ ആര്‍ക്കും ഗീതാപാരായണം ചെയ്ത് മനനം ചെയ്ത്, ഗീതാസന്ദേശങ്ങള്‍ അനുധാവനം ചെയ്ത് ആത്മജ്ഞാനത്തിന്റെ പാതയിലൂടെ മുന്നേറാവുന്നതാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ