2014, ഏപ്രിൽ 27, ഞായറാഴ്‌ച



ആരോപണങ്ങള്‍.







 നമ്മുടെ ആത്മീയ സാംസ്‌കാരിക രാഷ്ട്രീയ മണ്ഡലങ്ങള്‍ പലപ്പോഴും കലുഷിതമാണ്.
കലുഷിതമായ ഭാവാതികളോടെയാണ് അത്തരം 'സംഭവങ്ങള്‍' ജനഹൃദയങ്ങളുമായി സംവദിക്കുന്നത്. ഇത്തരം വിവാദങ്ങളില്‍ ചേരിതിരിഞ്ഞ് നമ്മുടെ ഉള്ളിലുള്ള വിഴുപ്പലക്കാന്‍ പറ്റിയ അവസരമായി നാം കാണുകയും ചെയ്യുന്നു. അങ്ങനെ വസ്തുനിഷ്ഠമായി വസ്തുതകളെ കാണുന്നതിനും വിലയിരുത്തുന്നതിനും  പ്രവര്‍ത്തിക്കുന്നതിനുമുള്ള പ്രാപ്തി നമുക്ക് നഷടപ്പെട്ടുകൊണ്ടിരിക്കുകയാണ്.
പ്രകോപിതരായ ഒരുപറ്റം ജനതയുടെ പ്രതികരണങ്ങള്‍ പ്രശ്‌നങ്ങളെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നു. സമചിത്തത കൈവരിച്ച് പ്രവര്‍ത്തിക്കാനുള്ള നമ്മുടെ പ്രവണത നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണോ? കുഞ്ഞുമക്കളുടെ അനുസരണക്കേടുകള്‍ മാതാപിതാക്കളെ പ്രകോപിതരാക്കുന്നു. ഈ പ്രകോപനത്തില്‍ നിന്നുള്ള പ്രതികരണങ്ങള്‍ മറ്റൊരു അനുസരണക്കേടാണെന്ന് ശ്രീബുദ്ധന്‍ പറയുന്നുണ്ട്.
സമചിത്തതയില്‍ നിന്നുള്ള പ്രവര്‍ത്തനങ്ങളെ നമ്മെ സ്വാതന്ത്ര്യത്തിലേക്ക് നയിക്കുകയുള്ളു. 
നന്മയേയും തിന്മയേയും നാം ഒരുപോലെ ഉള്‍ക്കൊള്ളണം. നന്മഭരണപക്ഷമായും തിന്മ പ്രതിപക്ഷവുമായുള്ള ഒരു നിയമസഭപോലെയോ പാര്‍ലമെന്റ്മന്ദിരം പോലെയോ നമ്മുടെ ഹൃദയം മാറുകയാണെങ്കില്‍ വിവാദങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും വിരാമമില്ല.
നാം ഈ പ്രപഞ്ചത്തിന്റെ, പ്രകൃതിയുടെ ഭാഗമാണെങ്കില്‍ നന്മയും തിന്മയും നമ്മിലുണ്ട്. തിന്മയുമായി സംഘര്‍ഷത്തിലേര്‍പ്പെടുന്നതല്ല, അവയെ സ്വാംശീകരിക്കുന്നതിനുളള ലയവിന്യാസം നാം ആര്‍ജ്ജിക്കണം. പ്രകാശത്തില്‍ സപ്തവര്‍ണ്ണങ്ങളുമുണ്ട്. വൈവിദ്ധ്യമാര്‍ന്ന വര്‍ണ്ണങ്ങള്‍ ഉള്‍ക്കൊള്ളുമ്പോള്‍ അവവെളിച്ചമാകുന്നു. പ്രകാശമാകുന്നു. പ്രകാശത്തിന്റെ രാജകുമാരനെപ്പറ്റിയുള്ള എന്റെ ചിന്തകള്‍ ഞാന്‍ ബ്ലോഗില്‍ പങ്കുവയ്ക്കുന്നു.
വെളിച്ചത്തിന്റെ രാജകുമാരന്‍.




വൈവിദ്ധ്യമാര്‍ന്ന വര്‍ണ്ണങ്ങളില്‍, രൂപങ്ങില്ലാത്ത നിഴലുകളില്‍, അന്ധകാരത്തില്‍ വാണരുളിയ ജനമദ്ധ്യത്തിലേക്ക് ഇറങ്ങിച്ചെന്ന് അവന്‍ സ്വയം പരിചയപ്പെടുത്തി.
'ഞാന്‍ ലോകത്തിന്റെ പ്രകാശമാണ്'
താന്‍ ആരാണെന്ന് സ്വയം വെളിപ്പെടുത്തിയ യേശുദേവന്റെ മഹനീയ വാക്കുകളാണിത്.
പ്രകാശം ഇരുളിനെ ഇല്ലായ്മചെയ്യുന്നു. നേര്‍രേഖയില്‍ സഞ്ചരിക്കുന്നു. മാര്‍ഗ്ഗം തടസ്സപ്പെടുത്തിയാല്‍ നിഴലുകള്‍ പരത്തുന്നു. പ്രകാശത്തെ 'ചെപ്പി'നകത്ത് ആക്കാനോ ഓര്‍മ്മകളില്‍ തളയ്ക്കാനോ ആവില്ല. ഓര്‍മ്മകളിലുള്ള പ്രകാശം 'മൃദ'മാണ്. പ്രകാശം തത്സമയാനുഭവമാണ്. പ്രകാശത്തിന് ഇന്നലെകള്‍ ഇല്ല. 'നാളെ'കള്‍ ഇല്ല. തത്സമയമായ അനുഭവമായ അത് നിത്യനൂതനമാണ്.
വിലയിരുത്തലുകള്‍ക്ക് അതീതമായ പ്രകാശത്തെ ബുദ്ധിശക്തികൊണ്ട് വിലയിരുത്താനോ എത്തിപ്പിടിക്കാനോ കഴിയില്ല. അനുഭവത്തില്‍ അതിന്റെ ജനനവും പൂര്‍ണ്ണതയും സംജാതമാകുന്നു.
പ്രകാശം മനുഷ്യനിര്‍മ്മിതമല്ല. വൈദ്യുതവിളക്കിന്റെ പ്രകാശധാരപോലും നിര്‍ദ്ധാരണം ചെയ്യാന്‍കഴിയാത്ത ഊര്‍ജ്ജത്തിന്റെ ഉപോത്പന്നമാണ്.പ്രകാശത്തില്‍ വ്യത്യസ്തമായ ഫ്രീക്വന്‍സിയോടുകൂടി വര്‍ണ്ണങ്ങള്‍ അടങ്ങിയിരിക്കുന്നു.
ഒരു വസ്തുവില്‍ പ്രകാശം പതിക്കുമ്പോള്‍ മറ്റെല്ലാ വര്‍ണ്ണങ്ങളും ഗുണങ്ങളും വസ്തു'വിഴുങ്ങി'വസ്തുവിന്റെ നിറം അനുസരിച്ചുള്ള വര്‍ണ്ണം മാത്രം പ്രതിഫലിപ്പിക്കുന്നു. (ആലങ്കാരിക ഭാഷയുടെ സഹായമില്ലാതെ പറയുകയാണെങ്കില്‍ ഈ പ്രോസസിനെ തനി നിറം വെളിപ്പെടുത്തല്‍ എന്നു പറയും)
സങ്കല്‍പങ്ങള്‍കൊണ്ടുംചിന്തകള്‍കൊണ്ടും വെളിച്ചത്തെ പ്രാപിക്കാനാവില്ല.

വെളിച്ചത്തിന്റെ രാജകുമാരന്‍ എഴുന്നള്ളുന്നു എന്ന സന്ദേശത്തെ തുടര്‍ന്ന്, സാര്‍വ്വാലങ്കാരവിഭൂഷിതയായി അവള്‍ രാജകുമാരന് വേണ്ടി കാത്തിരിക്കുകയായിരുന്നു. ദീപാലങ്കാരങ്ങളാല്‍ വസതി അലങ്കരിക്കപ്പെട്ടു. വിഭസമൃദ്ധമായ ഭക്ഷണ പാനീയങ്ങള്‍ തീന്‍മേശയില്‍ സജ്ജമാക്കപ്പെട്ടു. അവള്‍കാത്തിരുന്ന രാജകുമാരന്റെ പാദവിന്യാസത്തിനായി...
പക്ഷെ അവളുടെ സഹായം തേടി രോഗിയെത്തി വസ്ത്രമില്ലാത്തവര്‍ എത്തി, പരദേശി എത്തി, എല്ലാവരെയും അവള്‍ ആട്ടിപ്പായിച്ചു. ജീവിതത്തിന്റെ വര്‍ണ്ണങ്ങളുടെ മായാവിലാസങ്ങളാല്‍ വെളിച്ചത്തെ അവള്‍ക്ക് തിരിച്ചറിയാന്‍ ആയില്ല.
 മിന്നാമിനുങ്ങിന്റെ വെളിച്ചം നൈമിഷികം സൂര്യതേജസ് പകലന്തിയോളം നക്ഷത്രപ്രഭയും ചന്ദ്രതേജസും പാതിരാവില്‍ മാത്രം.
ജനനവും മരണവുമില്ലാത്ത വെളിച്ചം ആത്മാവിന്റെ അള്‍ത്താരയില്‍ വിളങ്ങുന്നു. അതിന്റെ പ്രഭ പ്രപഞ്ചം നിറയെ. ആകാശംപോലെ അനന്തവും അളവില്ലാത്തതുമായ ആ സ്‌നേഹസാഗരത്തില്‍ നീന്തിത്തുടിക്കാന്‍ മര്‍ത്യന്‍ ക്ഷണിക്കപ്പെട്ടിരിക്കുന്നു.
പ്രപഞ്ചശില്പികളുടെപ്രതിഛായയില്‍ സൃഷ്ടിക്കപ്പെട്ട മര്‍ത്യന്റെ ഹൃദയഭാഗത്ത് കൊളുത്തപ്പെട്ട നിത്യതയുടെ ദീപം, ജീവിതയാത്രയില്‍ പണയംവയ്ക്കപ്പെട്ടപ്പോള്‍, അത് വിണ്ടുടുക്ണ്ടുതിന്ടു ആവശ്യകതയെപറ്റി, യേശുദേവന്‍  ഓര്‍മ്മ്പെടുത്തി . എല്ലാവര്‍ണ്ണങ്ങളും നിറഭേദങ്ങളും വെളിച്ചത്തില്‍ സംയോജിതമായിരിക്കുന്നു. വൈവിദ്ധ്യമാര്‍ന്ന നിറഭേദങ്ങളോടുകൂടിയ മുത്തുകള്‍ ഒരുമാലയില്‍ കോര്‍ത്ത് ഇണക്കപ്പെട്ടിരിക്കുന്നതുപോലെ.
എല്ലാത്തിനെയും ഉള്‍ക്കൊള്ളുക. അപ്പോള്‍ ്‌സ്വയം പ്രകാശംതൂകും.
പ്രകാശത്തിലടങ്ങിയ വ്യത്യസ്തങ്ങളായ വര്‍ണ്ണങ്ങളെയാണ് മര്‍ത്യബന്ധങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നത്.
മുഷ്ടിചുരുട്ടിപിടിച്ചുകൊണ്ട് സ്‌നേഹത്തിന്റെയും സൗഹാര്‍ദ്ദത്തിന്റെയും ഹസ്തദാനത്തിനായി ആഹ്വാനം ചെയ്യുന്നവര്‍. ഗര്‍വ്വിഷ്ടതകളുടെ സിംഹാസനങ്ങളില്‍ ഉപവിഷ്ടരായി വിജ്ഞാപനങ്ങള്‍ ഇറക്കുന്നവര്‍... അസമത്വങ്ങള്‍ക്കും, അനീതികള്‍ക്കും എതിരെ സന്ധിയില്ലാ സമരം എന്ന് പ്രഖ്യാപിച്ചുകൊണ്ട് സ്വന്തം ഉള്ളിലെ വിദ്വേഷം ചുറ്റും വ്യാപിപ്പിക്കുന്നവര്‍... സുഖലോലുപതകളില്‍ ആറാടി സ്വയം വിസ്മരിക്കുന്നവര്‍. വ്യത്യസ്തങ്ങളായ വര്‍ണ്ണരാജികളുടെ മായാ പ്രപഞ്ചം. 
എല്ലാത്തിനെയും ഉള്‍ക്കൊള്ളുക.
ഒന്നിനെയും നിരാകരിക്കരുത്.
കറുപ്പിനെയും വെളുപ്പിനെയും, ചുവപ്പിനെയും ആഗിരണം ചെയ്യുന്നതുപോലെ നന്മയെയും തിന്മയെയും സ്വാംശീകരിക്കുക. അപ്പോള്‍ സ്വയംപ്രകാശം തൂകുന്നു.
പ്രകാശത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ എത്ര തെളിമയാര്‍ന്നവയാണ്?
സ്‌നേഹത്തില്‍ അധിഷ്ഠിതമായ പ്രവര്‍ത്തനങ്ങള്‍, ബന്ധങ്ങള്‍ എത്ര ആനന്ദകരമാണ്?
അവയില്‍ നിത്യാംശങ്ങള്‍ അടങ്ങിയിരിക്കുന്നു. സ്വയം പ്രകാശത്തില്‍ പൂരിതമാകാം.
ആനന്ദചിത്തരാകും അപ്പോള്‍ ചുറ്റും ആനന്ദവും പ്രഭയും പ്രസരിക്കും.
ലോകത്തിന്റെ പ്രകാശത്തെ ഒരു പ്രത്യേക സമുദായത്തിന്റെയോ മതത്തിന്റെയോ ജാതിയുടെയോ അതിര്‍വരമ്പുകളില്‍ തളയ്ക്കുക അസാദ്ധ്യം. അങ്ങനെപ്രകാശത്തെ ബന്ധിതമാക്കാമെന്ന ചിന്ത തന്നെ പ്രകാശത്തെക്കുറിച്ചുള്ള നമ്മുടെ വികലമായ കാഴ്ചപ്പാടാണ്. അന്ധകാരത്തെ നിര്‍മ്മാര്‍ജ്ജനം ചെയ്യുന്ന പ്രകാശം ഭൂതലം എങ്ങും ്‌വ്യാപിക്കട്ടെ. അതിര്‍വരമ്പുകള്‍ മായട്ടെ.