2013, സെപ്റ്റംബർ 24, ചൊവ്വാഴ്ച

സന്തോഷ് പണ്ഡിറ്റിനെ വരവേല്‍ക്കുമ്പോള്‍.....

മനുഷ്യര്‍ കൂട്ടമായി സഹകരണത്തോടും സ്‌നേഹത്തോടും ജീവിച്ചിരുന്ന ആദ്യകാലങ്ങളില്‍ ദേവാലയങ്ങളും അമ്പലങ്ങളും ആരാധനാലയങ്ങളും ഉണ്ടായിരുന്നില്ല.

അന്ന് ദൈവം മനുഷ്യനോടൊപ്പം ആയിരുന്നു.
മനുഷ്യര്‍ ദൈവത്തോടൊപ്പവും ആയിരുന്നു.
എങ്ങും സമാധാനവും സന്തോഷവും കളിയാടിയിരുന്നു.
ആരാധിക്കപ്പെടാനും ആരാധിക്കാനും ആദരിക്കാനും ആര്‍ക്കും അന്ന് ആഗ്രഹമുണ്ടായിരുന്നില്ല.

എന്നാല്‍ മനുഷ്യന്റെ വളര്‍ച്ചയുടെ ഏതോ വഴിതിരിവുകളില്‍ വച്ച് അവനില്‍ അഹങ്കാരം ചിറകു വിരിക്കുകയും, ദൈവസാന്നിദ്ധ്യം തിരിച്ചറിയാന്‍ പറ്റാതാവുകയും ചെയ്തു. സ്വാഭാവികമായും പരസ്പരം മത്സരങ്ങളും കലഹങ്ങളും അക്രമങ്ങളും പെരുകി. തിന്മയോടൊപ്പം ഭയവും മനുഷ്യനില്‍ വര്‍ദ്ധിച്ചു. ഭയചികിതരായ മര്‍ത്യര്‍ അപ്പോള്‍ അവന്റെ സ്രഷ്ടാവിനെ തേടി.

തിന്മയുടെ ഭാരത്താല്‍ അവരുടെ ഹൃദയം കനമുള്ളതായി തീര്‍ന്നതിനാല്‍, സൃഷ്ടാവിന്റെ സാന്നിദ്ധ്യം അവര്‍ക്ക് തിരിച്ചറിയാന്‍ കഴിഞ്ഞില്ല. സ്രഷ്ടാവിനെ തേടിയുള്ള അന്വേഷണങ്ങള്‍ വിഫലമായപ്പോള്‍ അവര്‍ ഏറെ ഭയചകിതരായി. ഭയത്തില്‍ നിന്നുള്ള മോചനത്തിനായി അവര്‍ മണ്ണില്‍ നിന്ന് വാര്‍ത്തെടുത്ത രൂപത്തെ ദൈവം എന്ന് പേരിട്ടു. അങ്ങനെ ജീവനുള്ള ദൈവത്തിന്റെ സാന്നിദ്ധ്യം അനുഭവിക്കാനാവാതെ വന്നപ്പോള്‍ മണ്‍ ദൈവങ്ങള്‍ ഭൂതലം കൈയ്യടക്കി. ഗ്രീക്കുകാരുടെയിടയില്‍ ഒരു വിശ്വാസമുണ്ട്. ആരാധകരില്ലെങ്കില്‍ ദൈവവും മരിച്ചുപോകുമെന്ന്. ആരാധനാപാത്രമായില്ലെങ്കില്‍ മരിച്ചുപോകുമെന്നു ഭയപ്പെടുന്ന മനുഷ്യരെപ്പറ്റി ചിന്തിച്ചുപോകുകയാണ്.

ഷക്കീല തരംഗത്തിനുശേഷം മലയാള സിനിമ സന്തോഷ് പണ്ഡിറ്റ് തരംഗത്തിന് സാക്ഷ്യം വഹിക്കുന്നത് പ്രേക്ഷകഹൃദയത്തില്‍ വേരുന്നുന്ന ഇച്ഛാഭംഗത്തിന്റെ ആഴമാണ് കാണിക്കുന്നത്.
മലയാള സിനിമ എന്നും നെഞ്ചിലേറ്റിയത് സാധാരണക്കാരാണ്. സാധാരണക്കാരായിരുന്നു മലയാള സിനിമയെ വളര്‍ത്തിയത്. വിരലില്‍ എണ്ണാവുന്ന ഏതാനും ബുദ്ധിജീവി സിനിമകളും സംവിധായകരെയും മാറ്റി നിറുത്തിയാല്‍ മലയാള സിനിമ സാധാരണക്കാരോടൊപ്പം ആയിരുന്നു നിലനിന്നിരുന്നത്.

സാധാരണക്കാരന്റെ മോഹങ്ങളും സ്വപ്നങ്ങളും ഇച്ഛാഭംഗങ്ങളും വേദനകളും, ധര്‍മ്മസങ്കടങ്ങളും, ഭരണകൂടത്തിന്റേയും, നിയമപാലകരുടേയും ധാര്‍ഷ്ട്യത്തോടെയുള്ള പെരുമാറ്റങ്ങളും, അവയ്ക്ക് എതിരെ നായകന്മാര്‍ നടത്തുന്ന പ്രതിരോധങ്ങളും, എല്ലാം ദൃശ്യവല്‍ക്കരിക്കപ്പെട്ടപ്പോള്‍, അവര്‍ മുഖാമുഖം കണ്ടത്, പറന്ന് ഉയരാന്‍ വെമ്പുന്ന തങ്ങളുടെ ആത്മാവിനെയായിരുന്നു. അത്തരം സിനിമകളിലെ നായകന്മാര്‍ അവരുടെ റോള്‍ മോഡല്‍ ആയി. സൂപ്പര്‍ സ്റ്റാറുകളെ നെഞ്ചിലേറ്റി സാധാരണ പ്രേക്ഷകര്‍ നടക്കുമ്പോള്‍, അവര്‍ അബോധപൂര്‍വ്വം ചെയ്തിരുന്നത്, സഫലീകരിക്കപ്പെടാത്ത സ്വന്തം മോഹങ്ങളെ, സഫലീകരിച്ചുവരുമായുള്ള താദാത്മ്യത്തിലൂടെ ലഭ്യമാവുന്ന സായൂജ്യമായിരുന്നു.

എന്നാല്‍ സാധാരണ പ്രേക്ഷകന്റെ അബോധ ലയങ്ങളുടെ ഇരുളിമയില്‍ തിരിച്ചറിവിന്റെ കിരണങ്ങള്‍ പതിച്ചു തുടങ്ങി. അവര്‍ തിരിച്ചറിയുകയാണ്; ചുമന്ന് കൊണ്ടിരുന്നത് മണ്‍ വിഗ്രഹങ്ങളെയാണെന്ന്. സിനിമാ ലോകത്ത് അനുദിനം സംഭവിച്ചുകൊണ്ടിരിക്കുന്ന അപച്യുതികളും, മൂല്യശോഷണങ്ങളും, ആധിപത്യം നേടാനുള്ള അഹങ്കാരാധിഷ്ഠിതമായ പ്രസ്താവനകളും, ഏത് കള്ളവും യാതൊരു ഉളുപ്പുമില്ലാതെ പറയാനുള്ള ചങ്കുറ്റവും, ലാഭക്കൊതിയും, ബിസിനസ്സ് താല്പര്യങ്ങളും അഴിമതിയും എല്ലാം സാധാരണക്കാരന്റെ പൂജ്യവിഗ്രഹങ്ങളെ തല്ലിയുടയ്ക്കാന്‍ പ്രേരണ നല്കി. പലരും ദൈവത്തോടൊപ്പം പൂജിച്ചിരുന്ന നമ്മുടെ പ്രിയഗായകന്‍, ഒരു സ്വാര്‍ത്ഥമോഹത്തിന്റെ സഫലീകരണത്തിനായി എഴുന്നേറ്റ് നിന്ന് കൈയ്യടിച്ചത് നമുക്ക് എങ്ങിനെ മറക്കാനാകും?

പൂജാവിഗ്രഹങ്ങളുടെ തിരോധാനത്തോടെ സംജാതമായ ശൂന്യതയെ നിറക്കാന്‍ അവതരിച്ച 'പുണ്യപുരുഷനായി' സന്തോഷ് പണ്ഡിറ്റിന് സ്ഥാനലബ്തി കിട്ടി.
സന്തോഷ് പണ്ഡിറ്റിന്റെ സൃഷ്ടികളുടെ ഗുണദോഷങ്ങളെയോ, ലാഭനഷ്ടങ്ങളെയോപ്പറ്റിയുള്ള ഒരു ചിന്ത അല്ല ഇത്. ഗുണ്ടാപ്പണിയും അക്രമങ്ങളും കുലത്തൊഴിലാക്കിയവര്‍ ഭരണാധിപന്‍മാരായി നമ്മെ ഭരിക്കുന്ന നമ്മുടെ ജനാധിപത്യ രാജ്യത്ത് കേവലം ഒരു വ്യക്തിയുടെ സൃഷ്ടികളെ അധിക്ഷേപിക്കുന്നത് അത്ര അഭികാമ്യമല്ല.
പക്ഷേ സാധാരണ മനുഷ്യരില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന, ആരാധന മനോഭാവത്തിന്റെ അവസ്ഥാന്തരങ്ങളെപ്പറ്റിയാണ് നാം ചിന്തിച്ചുപോകുന്നത്.
സാധാരണക്കാരന്റെ മുതുകില്‍ ചവിട്ടി നിന്ന്, അഹങ്കാരത്തിന്റെ ആനപ്പുറത്ത് കയറി പ്രതാപത്തോടെ സവാരി ചെയ്യുന്ന സൂപ്പര്‍ സ്റ്റാറുകളും, സിനിമയിലെ വമ്പന്‍ സ്രാവുകളും ശരിക്കും നമ്മുടെ ആരാധനയ്ക്കും, ആദരവിനും, അര്‍ഹരാണോ? സിനിമാ നടന്‍മാരെ പോലെ തന്നെ പൊതുജനത്തിന്റെ ശ്രദ്ധയും, ആദരവും, ആരാധനയും വളമാക്കി വളര്‍ന്നവരാണ് രാഷ്ട്രീയക്കാരും. ഇവര്‍ സാധാരണ ജനതയ്ക്ക് തിരിച്ചു നല്കുന്നത് എന്താണ്?

സാധാരണക്കാരായ നമുക്ക് ഒരു പൂവ് കിട്ടിയാല്‍, ഒരു പൂക്കൊട്ട തിരിച്ച് നല്കിയാലെ തൃപ്തിയാവൂ. എന്നാല്‍ ഈ ആദരണീയ വമ്പന്‍മാര്‍ക്ക് നാം ഒരു പൂക്കൊട്ട കെടുത്താല്‍, അവര്‍ പൃഷ്ടവും കാണിച്ച് കൊഞ്ഞനവുംകുത്തി കടന്നുപോവും. സമീപകാലസംഭവവികാസങ്ങള്‍ സൂചിപ്പിക്കുന്നത് ഇതാണ്.
ഇവിടെ ഒരു വൈരുദ്ധ്യം ഉള്ളത്, ആരാധിക്കുന്നവനിലും, ആദരിക്കുന്നവനിലും ആരാധിക്കപ്പെടുവാനും, ആദരിക്കപ്പെടുവാനുമുള്ള പ്രവണത ഉണ്ട് എന്നുള്ളതാണ്.

മണ്ണിന്റെ ഫലഭൂയിഷ്ടതയും അടിയാന്മാരുടെ അദ്ധ്വാനശേഷിയും തന്ത്രപരമായി ചൂഷണം ചെയ്യാന്‍ കഴിഞ്ഞപ്പോള്‍ ജന്മിത്വമുണ്ടായി. വ്യവസായവിപ്ലവത്തോടെ ജന്മിത്വം തളരുകയും അവിടെ പുതിയ മുതലാളി തൊഴിലാളി ബന്ധം ഉടലെടുക്കുകയും ചെയ്തു. മുതലാളിത്വവും ഭരണകൂടവും തമ്മിലുള്ള അവിഹിതബന്ധത്തിലും ചൂഷണത്തിലും പൊറുതിമുട്ടിയ സാധാരണ ജനം കലാപകാരികളായി, വിപ്ലവങ്ങള്‍ അരങ്ങേറി. അതിന്റെ മറ്റൊലികള്‍ നമ്മുടെ കേരളത്തിലും സംജാതമായി. വിപ്ലവാനന്തരം സോവിയറ്റ് യൂണിയനില്‍ സംഭവിച്ചത് എന്താണ്? ചൂഷണത്തിനെതിരെ, മര്‍ദ്ദനങ്ങള്‍ക്ക് എതിരെ സാധാരണക്കാരോടൊപ്പം സമരം ചെയ്ത നേതാക്കന്മാര്‍, ഭരണം കൈയ്യാളിയപ്പോള്‍, അവരുടെ ആദരിക്കപ്പെടാനും, ആരാധിക്കപ്പെടാനുമുള്ള അഭിവാഞ്ച മറനീക്കി പുറത്തുവന്നു. അന്നത്തെ സോവിയറ്റ് റഷ്യയില്‍ പാര്‍ട്ടിയിലെ നേതാക്കന്മാര്‍ക്ക് മാത്രം സഞ്ചരിക്കാനുള്ള രാജവീഥികള്‍ സജ്ജമാക്കപ്പെട്ടിരുന്നു! ഇതിന്റെ ഒക്കെ മാറ്റൊലിയാണ് 'സഖാവേ' എന്ന ഉള്ളില്‍ തട്ടിയ സംബോധനക്ക് പകരം 'സര്‍' എന്ന വൈദേശിക പ്രീണനപദം നേതാക്കന്മാരെ സംബോധന ചെയ്യാന്‍ ഇന്ന് നമ്മുടെ നാട്ടിലെ വിപ്ലവപാര്‍ട്ടി പ്രവര്‍ത്തകര്‍ ഉപയോഗിക്കുന്നത്. അടിയാന്‍-ജന്മിബന്ധത്തിന്റെ പരിഷ്‌കരിച്ച പതിപ്പാണ് ഇന്നത്തെ നമ്മുടെ ജനനായകന്മാരും സാധാരണ ജനങ്ങളും തമ്മിലുള്ളത്.
ആരാധിക്കാനും, ആദരിക്കപ്പെടാനുമുള്ള അഭിവാഞ്ചകള്‍ ഒരു ചാക്രിക സംക്രമണമായി, ചരിത്രത്തിന്റെ തനി ആവര്‍ത്തനങ്ങളില്‍ അന്തര്‍ലീനമായിരിക്കുന്നു.

ഈ വിഷമവൃത്തത്തില്‍ നിന്ന് പുറത്ത് കടക്കണമെങ്കില്‍, ആരാധിക്കാനുള്ള നമ്മുടെ അഭിവാഞ്ചകളെ തിരിച്ചറിയണം.
അസ്തിത്വ ചിന്തകനായ jean paul sartre  നമ്മെ ഓര്‍മ്മിപ്പിക്കുന്നത്, എത്ര വില പിടിച്ച വസ്ത്രം ധരിച്ചാലും വസ്ത്രത്തിനിടയില്‍ നാം നഗ്നരാണെന്ന സത്യം വിസ്മരിക്കരുതുതെന്ന്!!

കുഞ്ഞുണ്ണിമാഷിന്റെ ഒരു കവിത ധ്വനിപ്പിക്കുന്നത്, പ്രധാനമന്ത്രിയും, ശിപായിയും ഉറങ്ങുമ്പോള്‍, ഒരു പോലെ.....
നമ്മുടെ ജീവിതത്തിലെ ശ്രുതിഭംഗങ്ങളുടെ അപസ്വരങ്ങള്‍ നമ്മെ അസ്വസ്ഥരാക്കുമ്പോള്‍ പ്രകൃതിയുടെ സ്വച്ഛന്ദമായ താളലയങ്ങളിലേക്ക് ഉറ്റുനോക്കിപോവുന്നു.

ഭൂമുഖത്ത് 700 കോടിയോളം മനുഷ്യര്‍ ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. എന്നാല്‍ ഇതിലേറെ ഇലകളോടു കൂടിയ വന്‍മരങ്ങളെയും നാം കാണാറുണ്ട്. വൃക്ഷശിഖരങ്ങളുടെ താളബന്ധവും സുനിശ്ചിതവുമായ വിന്യാസത്തിലൂടെ ഒരോ ഇലകള്‍ക്കും വേണ്ടത്ര സൂര്യപ്രകാശവും, കാറ്റും വെള്ളവും മറ്റു പോഷക വസ്തുക്കളും ലഭ്യമാകത്തക്കവിധത്തിലാണ് പ്രകൃതി അവയെ സജ്ജമാക്കിയിരിക്കുന്നത്!

ഉയര്‍ന്ന ശിഖരങ്ങളിലെ ഇലകളെന്നോ താഴ്ന്ന ശിഖരങ്ങളിലെ ഇലകളെന്നോ വേര്‍തിരിവില്ല. ഉച്ചനീചതയും ഇല്ല. കേവലമായ സജ്ജീകരണത്തിന്റെ താളബന്ധത്തില്‍ അമര്‍ന്നാണ് ആ ശ്രുതിലയം സംഭവിക്കുന്നത്.
മനുഷ്യമനസ്സുകളില്‍ നിന്ന് ഉച്ചനീചത്വങ്ങളുടെ കറപുരണ്ട ചിന്തകള്‍ കഴുകി കളയുമ്പോള്‍, തെളിമയാര്‍ന്ന ഒരു ജലപ്രവാഹം പോലെ ജീവിതം അനുഭവവേദ്യമാകും. ആരാധനയെ, ആദരവിനെ അടിസ്ഥാനമാക്കിയല്ല, നന്മകള്‍ ഉല്‍ഗമിക്കുന്നത്. പറവകള്‍ക്ക് പറക്കാതിരിക്കാനോ, കുയിലിന് പാടാതിരിക്കാനോ, നക്ഷത്രങ്ങള്‍ക്ക് തിളങ്ങാതിരിക്കാനും കഴിയാത്തതുപോലെ, യേശുദാസിന് പാടാതിരിക്കാനും കഴിയില്ല.
നന്മകള്‍ സ്വയം പ്രകാശിതവും, അനര്‍ഗളപ്രവാഹവുമാണ്!

നമ്മുടെ ചിന്തകളില്‍, പ്രവര്‍ത്തനങ്ങളില്‍, ഉച്ചനീചത്വങ്ങളുടെ കറപുരളാതിരിക്കട്ടെ! ആ ദിനം വിദൂരത്തല്ല, മോഹല്‍ലാലിനെ പോലെ നടനവൈഭവം ഉള്ളവരും, കേവലം തെങ്ങുകയറ്റ തൊഴിലാളിയുമായ കുട്ടനും, തോളോട് തോള് ചേര്‍ന്ന്, മുണ്ട് മടക്കി കുത്തി, ദിനേശ് ബീഡിയും വലിച്ച് പാടവരമ്പിലൂടെ സൗഹൃദം പങ്ക് വച്ച് നടന്നു പോകുന്ന കാലം.
പ്രകടനപരതയുടെ ജാടകളില്ലാതെ, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും, കുലിപണിക്കാരന്‍ അന്തപ്പനും കോവാലന്റെ ചായക്കടയിലിരുന്ന്, ഒരു കാലി ചായ കുടിച്ച് ഉണ്ടന്‍പൊരിയും തിന്ന് ജീവിതപ്രാരാബ്ധങ്ങള്‍ പങ്കു വെക്കുന്ന ആ കാലം വിദൂരത്തല്ല. ഇന്ന് മനുഷ്യന്റെ പേടിസ്വപ്നങ്ങള്‍, സുനാമിയല്ല, അണുബോംബോ മഹാവ്യാധികളോ അല്ല. സാധാരണക്കാരായി ജീവിച്ച് മരിക്കേണ്ടി വരുമോ എന്ന ചിന്തയാണ്.

വിഷപ്പാമ്പിനെ തിന്നായാലും അല്പം അസാധാരണത്വം നേടി സായൂജ്യം അടയുക എന്ന പ്രേതബാധ നമ്മെ പിടി കൂടിയിരിക്കുന്നു. സമീപകാലസംഭവങ്ങള്‍ സൂചിപ്പിക്കുന്നത് അതാണ്.
സാധാരണ ജീവിതത്തെ പുല്‍കുമ്പോള്‍ മാത്രമാണ് സമാധാനവും സന്തോഷവും ജീവിതത്തില്‍ കളിയാടുന്നത്. സാധാരണത്വത്തില്‍ പ്രകൃതിയുടെ സ്‌നേഹാനുസ്രണമായ തലോടലുണ്ട്. പ്രപഞ്ചശില്പിയുടെ സജീവസാന്നിദ്യം അപ്പോള്‍ നമുക്ക് അനുഭവവേദ്യമാകും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ