2015, ജൂൺ 13, ശനിയാഴ്‌ച


                                    യുദ്ധവും  സമാധാനവും.

Image result for war and peace


ഭൂമിയില്‍ സമാധാന പൂര്‍ണ്ണമായ ജീവിതം അസാദ്ധ്യം എന്ന് തോന്നിപ്പിക്കത്തക്കവിധത്തിലാണ് സമീപകാല ലോകസംഭവങ്ങള്‍ അരങ്ങേറുന്നത്.
കണ്ണ് നനയിക്കുന്ന, കരളലിയിപ്പിക്കുന്ന, നെഞ്ച് പിളര്‍ക്കുന്ന, മനുഷ്യത്വരഹിതമായ കാഴ്ചകള്‍ക്കും, വാര്‍ത്തകള്‍ക്കും ലോകസംഭവങ്ങള്‍ക്കും ഭൂവാസികള്‍ മൂകരായി സാക്ഷികളാകുന്ന ഇരുണ്ടകാലഘട്ടത്തിലൂടെയാണ് നാം കടന്ന്‌പൊയ്‌ക്കൊണ്ടിരിക്കുന്നത്.
താലിബാന്‍, അല്‍ഖ്വയ്ദ, ബോക്ക് ഹൊറാം, ഐ.എസ്.ഐ.എസ്. തുടങ്ങി നാമങ്ങള്‍ പലതാണെങ്കിലും പ്രവര്‍ത്തനങ്ങളില്‍ സമാനതയുണ്ട്. അവയെല്ലാം ദൈവനാമത്തില്‍ മനുഷ്യത്വരഹിതമായ കൊടുംക്രൂരതകളും കൊലപാതകങ്ങളും ചെയ്ത് ഹരിതാഭമായ ഈ ഭൂമിയെ രക്തപങ്കിലമാക്കുന്നു, രക്തപ്പുഴകള്‍ തീര്‍ത്ത് അതില്‍ അവര്‍ ആഹ്ലാദാരവങ്ങളോടെ നീന്തിത്തുടിക്കുന്നു. നിസ്സംഗതയുടെ, ഉദാസീനതയുടെ, നിശബ്ദതയുടെ പുറംതോടുകളില്‍ അഭയം തേടിയിരിക്കുന്ന സമാധാന കാംക്ഷികള്‍ ഉയര്‍ത്ത് എഴുന്നേല്‍ക്കേണ്ടിയിരിക്കുന്നു. ഭൂമിയില്‍ സമാധാനം പുനസ്ഥാപിക്കുന്നതിന് നമുക്ക് ഓരോരുത്തര്‍ക്കും കഴിയുന്നത് പ്രവര്‍ത്തിക്കാന്‍ നാം പ്രതിബദ്ധരാകേണ്ട സമയം സമാഗതമായിരിക്കുന്നു.
ഇരുളിനപ്പുറം നിത്യമായ പ്രഭയുടെ സന്ദേശവാഹകരാണ് നൈമിഷികമായി പ്രകാശിക്കുന്ന മിന്നാമിനുങ്ങ്. അന്ധകാരത്തിനപ്പുറം ദീപ്തമായ ഒരു ലോകമുണ്ടെന്ന് അവ നമ്മോട് മൗനമായി മന്ത്രിക്കുന്നു. ആ സന്ദേശം ഹൃദയത്തില്‍ ഏറ്റുവാങ്ങി നമുക്ക് പ്രവര്‍ത്തന നിരതരാകാം.
വിശുദ്ധ ലിഖിതങ്ങളിലെഴുതപ്പെട്ടതുപോലെ 'ആക്രമംകൊണ്ട് നീതി നടത്തുന്നവന്‍ കന്യകയുടെ ശുദ്ധി അപഹരിക്കാന്‍ ആഗ്രഹിക്കുന്ന ഷണ്ഡനെപ്പോലെെയണ്.' തോക്കിന്‍ കുഴലിലൂടെയോ, ബോംബുകളിലൂടെയോ രക്തരൂക്ഷിത വിപ്ലവത്തിലൂടെയോ അല്ല അഭികാമ്യമായ സമാധാനത്തിന് നാം നിമിത്തമാകേണ്ടത്.
നമ്മില്‍ തന്നെയുള്ള ആക്രമണോത്സുകമായ വാസനകളുടെ ഭാവതലങ്ങളെ തിരിച്ചറിയുകയും അവയുടെ നീരാളിപ്പിടുത്തങ്ങളില്‍ നിന്ന് മുക്തരാവുകയും ചെയ്യുക എന്നതാണ് ഭൂമിയില്‍ സമാധാനം പുനസ്ഥാപിക്കാനുള്ള പ്രഥമവും പ്രധാനവുമായ കര്‍ത്തവ്യം.
കുരുക്ഷേത്ര യുദ്ധഭൂമിപോലെ സംഘര്‍ഷഭരിതമാണ് നമ്മുടെ ഓരോരുത്തരുടെയും ഹൃദയങ്ങള്‍. സഹജീവികളെ അവഗണിച്ച് അമിതമായ ഉല്‍ക്കര്‍ഷേഛയോടെ മുന്നേറുമ്പോള്‍ നാം ചുറ്റും തീര്‍ക്കുന്നത് യുദ്ധഭൂമികളാണ്. കുറച്ച് സുഹൃത്തുക്കള്‍ ഒരുമിക്കുമ്പോഴുള്ള സൗഹൃദസംഭാഷണങ്ങള്‍ ശ്രദ്ധിക്കുക. സ്വന്തം വിശ്വാസ പ്രമാണങ്ങള്‍ ഉല്‍ഘോഷിക്കാനും അത് അപരനില്‍ അടിച്ചേല്‍പ്പിക്കാനും, അപരന്‍ അത് അവഗണിച്ചാല്‍ അവനെ തിരസ്‌ക്കരിച്ച് സ്വന്തം അപ്രമാദിത്വം സ്ഥാപിച്ചെടുക്കാനുമുള്ള വാസന നമ്മിലില്ലേ? മതത്തിന്റെയും, രാഷ്ട്രത്തിന്റെയും പേരില്‍ വാദപ്രതിവാദങ്ങളില്‍ മുഴച്ച് നില്‍ക്കുന്നത് ആശയ സംവാദത്തിനപ്പുറം സ്വന്തം ഔന്നത്യം സ്ഥാപിച്ചെടുക്കാനുള്ള അക്രമണോത്സുകമായ തത്രപാടല്ലേ നമ്മില്‍ മുഴച്ചു നില്‍ക്കുന്നത്? ഇതിലെല്ലാം ലോകമഹായുദ്ധത്തിനുള്ള വിത്തുകള്‍ വിതയ്ക്കപ്പെട്ടിരിക്കുന്നു. സഹജീവികളേക്കാള്‍ മഹിമയും മഹത്വവും പ്രകടിപ്പിക്കാന്‍ വെമ്പുന്ന ഒരോ മര്‍ത്യചേതനയിലും ലോകമഹായുദ്ധത്തിനുള്ള സാദ്ധ്യതകള്‍ ബീജാവാപം ചെയ്യപ്പെടുന്നു.


സംഘര്‍ഷ ഭരിതമായ നമ്മുടെ ഹൃദയങ്ങളുടെ പ്രതിഫലനമാണ് അക്രമണ ഭരിതമായ ലോകസംഭവങ്ങള്‍. ഓരോ വ്യക്തിയിലും സമാധാനവും സന്തുഷ്ടിയും നേടിയെടുക്കുന്നതിലൂടെ മാത്രമേ ലോകസമാധാനം പുനഃസ്ഥാപിക്കാന്‍ കഴിയുകയുള്ളു. വൈരുദ്ധ്യസമസ്യകളുമായി പടപൊരുതുന്നതിലല്ല; അവയെ സ്വാംശീകരിച്ച് നന്മയുടെ പ്രഭവകേന്ദ്രമായി മാറുന്നതിലൂടെ മാത്രമേ  ഓരോമനുഷ്യരുടെയും സമാധാനവും ലോകസമാധാനവും സാധ്യമാകൂ.