2013, സെപ്റ്റംബർ 24, ചൊവ്വാഴ്ച

കലാപത്തിന്റെ വേരുകളിലേക്ക്

സമാധാന പ്രിയരായ യു.കെ. ജനതയുടെ ആത്മാവിലേറ്റ മുറിവായിരുന്നു ലണ്ടന്‍ മഹാനഗരത്തിലും, ഇംഗ്ലണ്ടിലെ മറ്റു പല ഭാഗങ്ങളിലും അരങ്ങേറിയ കലാപം. ഈ കലാപങ്ങള്‍ക്ക് തിരികൊളുത്തിയതാവട്ടെ മയക്ക് മരുന്നു വ്യാപാരിയായ മാര്‍ക് ഡഗ്ഗന്‍ എന്ന 29 കാരനെ അറസ്റ്റ് ചെയ്യുവാനുള്ള ശ്രമത്തിനിടെ പോലീസിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടതോടെയാണ്. ഈ കൊലപാതകത്തില്‍ പ്രതിഷേധിക്കാന്‍ സമാധാനപരമായി നടത്തിയ പ്രകടനങ്ങള്‍ പെട്ടെന്ന് അക്രമത്തിലേക്ക് വഴുതിമാറുകയാണുണ്ടായത്. ഈ സംഭവം അവിടെതന്നെ കെട്ട് അടങ്ങുന്നതിന് പകരം ഇതുമായി യാതൊരു ബന്ധവുമില്ലാത്ത മറ്റു സ്ഥലങ്ങളിലേക്ക് കലാപം വ്യാപിക്കുകയാണ് ഉണ്ടായത്. ഒന്ന്, രണ്ട് ദിവസത്തിനകം ലണ്ടന്‍ നഗരം കലാപഭൂമിയായി. ലണ്ടനില്‍ നിന്ന് അനേകം കാതം അകലെയുള്ള ബര്‍മിങ് ഹാം, ലിവര്‍പൂള്‍, ബ്രിസ്റ്റോള്‍ എന്നിവിടങ്ങളിലും കലാപം തകര്‍ത്താടി.

കലാപങ്ങള്‍ക്ക് ഹേതുവായ ആദ്യസംഭവവുമായി യാതൊരു ബന്ധവുമില്ലാത്ത സ്ഥലങ്ങളിലെ ചെറുപ്പക്കാരും, കൗമാരപ്രായക്കാരുമാണ് അക്രമങ്ങളിലും കൊള്ളിവയ്പിലും സജീവമായി പങ്കെടുത്തത് എന്നുള്ളതാണ് ഈ കലാപത്തെ മറ്റു കലാപങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്.
സോഷ്യല്‍ നെറ്റുവര്‍ക്കുകളുടെ ദുരുപയോഗം കലാപങ്ങള്‍ക്ക് ഉശിര് പകരുകയും അതിനൊരു ഹൈടെക് മാനം നല്‍കുകയും ചെയ്തു. സുശക്തമായ ഒരു നിയമ വ്യവസ്ഥയെ പാടെ വെല്ലുവിളിച്ചുകൊണ്ട് ആക്രമണോത്സുകതയാല്‍ തകര്‍ത്താടാന്‍ വെമ്പുന്ന ചെറുപ്പക്കാരുടെയും, കൗമാരക്കാരുടെയും ഹിംസാത്മക പ്രവണതയാണ് ഈ കലാപത്തിലൂടെ വെളിപ്പെട്ടത്. ഈ അവസരത്തില്‍ അവധിക്കാലം വെട്ടിചുരുക്കി തിരിച്ചെത്തിയ പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ പറഞ്ഞത് തികച്ചും പ്രസക്തമായകാര്യമാണ്. ഒരു പുതിയ അശാന്തിയില്‍ നിന്നുണരുന്ന ഭീമമായ വെല്ലുവിളിയാണ് നാം അഭിമുഖീകരിക്കുന്നത് എന്ന്.

ലണ്ടന്‍ സിറ്റി യൂണിവേഴ്‌സിറ്റി സാമൂഹ്യ ശാസ്ത്ര വിഭാഗത്തിലെ ഡോ. ക്രിസ്ഗ്രിര്‍ പറഞ്ഞത്, ആദ്യസംഭവുമായി യാതൊരു ബന്ധവുമില്ലാത്ത ആളുകളിലേക്കും, നഗരങ്ങളിലേക്കും കലാപം പരക്കുന്നുവെങ്കില്‍ അത് കൂടുതല്‍ വ്യാപകമായ സാമൂഹിക പ്രശ്‌നത്തിന്റെ രോഗലക്ഷണമാണെന്ന്.
അക്രമത്തിലും കൊള്ളയിലും കൊള്ളിവയ്പിലും പങ്കെടുത്ത ബഹുഭൂരിപക്ഷവും കൗമാരപ്രായക്കാരും ചെറുപ്പക്കാരും ആണെന്നുള്ളത് ഞെട്ടിപ്പിക്കുന്ന വസ്തുതയായി സാമൂഹ്യ ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാണിക്കുന്നു.

വിദ്യാര്‍ത്ഥികളില്‍ ഇന്ന് കാണപ്പെടുന്ന അച്ചടക്കരാഹിത്യം കലാപത്തിന് വഴിയൊരുക്കിയിട്ടുണ്ടാവാം എന്ന നിഗമനത്തിലാണ് എഡ്യുക്കേഷന്‍ സെക്രട്ടറി മിഖായേല്‍ ഗോവ് വിദ്യാര്‍ത്ഥികളില്‍ അച്ചടക്കത്തിന് പ്രാമുഖ്യം നല്‍കേണ്ടതിനെപ്പറ്റി ഊന്നിപറഞ്ഞത്. വിദ്യാര്‍ത്ഥികളില്‍ കാണപ്പെടുന്ന 'കുത്തഴിഞ്ഞ' പെരുമാറ്റങ്ങളോട് മൃദുല സമീപനമാണ് അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാവുന്നത്. ഇതിനൊരു മാറ്റം വേണമെന്നും, തെറ്റുകളെയും വീഴ്ചകളെയും അല്പം 'കഠി'നമായിതന്നെ കൈകാര്യം ചെയ്യണമെന്നും, മക്കളുടെ വീഴ്ചകളെ തിരുത്തി നേര്‍വഴിക്ക് നയിക്കാന്‍ ശ്രമിക്കാത്ത മാതാപിതാക്കള്‍ക്കെതിരെയും നടപടി എടുക്കണം എന്നും ശക്തമായ താക്കീതായിരുന്നു എഡ്യുക്കേഷന്‍ സെക്രട്ടറിയുടെ ഭാഗത്തുനിന്നും ഉണ്ടായത്.
ഇവിടെ പ്രക്ത്മായ ആ ചോദ്യം വീണ്ടും വീണ്ടും ചോദിക്കപ്പെടുകയാണ്, അച്ചടക്കത്തിലൂടെ കലാപം നിയന്ത്രിക്കാനാവുമോ?

മനുഷ്യമനസ്സുകളില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന അപ ഭ്രംശങ്ങളുടെ അകത്തളങ്ങളിലേക്ക് കടന്നുചെല്ലാനുള്ള 'ചങ്കുറപ്പ് ഇല്ലായ്മയാണ് അച്ചടക്കത്തിന്റെ അപ്പോസ്‌തോലരായി പലരും അവതരിക്കപ്പെടുന്നത്.'
ചെന്നൈ കരസേന ക്വാര്‍ട്ടേഴ്‌സില്‍ 13 വയസ്സുകാരനായ കുട്ടിയെ വെടിവെച്ചുയെന്ന കുറ്റത്തിന്,  റിട്ട. ലെഫ്: കേണല്‍ രാമരാജിനെ (58) സി.ബി.സി.ഐ.ഡി.യുടെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത് ഈയിടെയാണ്.
കുട്ടികള്‍ പലപ്പോഴും കരസേന ക്വാര്‍ട്ടേഴ്‌സില്‍ കയറി പഴങ്ങളും മറ്റും പറിച്ചെടുക്കാറുണ്ട്. പല തവണ താക്കീത് ചെയ്തിട്ടും ഇത് തുടര്‍ന്നതിലുള്ള അസഹിഷ്ണുതയായിരുന്നു ലെഫ്. കേണലിനെക്കൊണ്ട് ഈ കടുംകൈ ചെയ്യിപ്പിച്ചത്.

അച്ചടക്കത്തിന്റെയും വിശ്വാസത്തിന്റെയും ഉന്നത ശൃംഗങ്ങളില്‍ വാണരുളുന്ന പലരും 'zero tolerance' ഉള്ളവരാണെന്ന് നമുക്കറിയാം.
ഏറ്റവും അധികം അടുക്കും ചിട്ടയും, അച്ചടക്കവും പരിശീലിപ്പിക്കപ്പെടുന്നവരാണ്, പരിശീലിക്കുന്നവരാണ് സൈനികര്‍, അവരെയാണ് ഏറ്റവും ഹിംസാത്മകമായ അക്രമാസക്തമായ യുദ്ധരംഗത്തേക്ക് വിടുന്നത്. അപ്പോള്‍ അച്ചടക്കം ആക്രമണോത്സുകതയ്ക്ക് ആക്കം കൂട്ടുന്നു എന്നല്ലേ ഇത് സൂചിപ്പിക്കുന്നത്.
അച്ചടക്ക രാഹിത്യം അരാജകത്വത്തിലേക്ക് നയിക്കും. ഈയിടെ ദൈവത്തിന്റെ സ്വന്തം നാടായ നമ്മുടെ കേരളത്തില്‍ ബഹുമാന്യനായ ഒരു പ്രൊഫസറെ ശിഷ്യഗണങ്ങള്‍ നന്നായി കൈകാര്യം ചെയ്തു. സുന്ദരികളായ വിദ്യാര്‍ത്ഥിനികളുടെ കുളിസീന്‍ ഒളിച്ചുനിന്ന് മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തുന്നത് കയ്യോടെ കണ്ടുപിടിച്ചാണ് ശിഷ്യഗണങ്ങള്‍ അദ്ദേഹത്തെ കൈകാര്യം ചെയ്തത്. അതുപോലെ തന്നെ ചെറുപ്പക്കാരിയായ അദ്ധ്യാപികയും, കൗമാര പ്രായക്കാരനായ വിദ്യാര്‍ത്ഥിയും തമ്മിലുള്ള അവിഹിത ബന്ധം, വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ കലാശിച്ച സംഭവം നടന്നത് നാം മറന്നിട്ടില്ല. ഗുരുശിഷ്യബന്ധത്തിന് ദൈവീകമായ പവിത്രത നല്‍കുന്ന നമ്മുടെ നാട്ടിലാണ് ഇത്തരം സംഭവങ്ങള്‍ അരങ്ങേറുന്നത്.

നമ്മിലെല്ലാം ഒരു പ്രാകൃത കാട്ടാളന്‍ ഒളിഞ്ഞിരിപ്പുണ്ടോ? അവസരം വരുമ്പോള്‍, മതപരമായ സദാചാര നിയമങ്ങളെയും സാമൂഹിക, രാഷ്ട്രീയ നിയമസംഹിതകളെയും എല്ലാം കാറ്റില്‍ പറത്തി, നിരോധനങ്ങളുടെ എല്ലാവിധത്തിലുമുള്ള ചങ്ങലകെട്ടുകളെയും പൊട്ടിച്ചെറിഞ്ഞ് കുതറി ചാടാന്‍ വെമ്പുന്ന ഒരു പ്രാകൃത കാട്ടാളന്‍. നമ്മിലെല്ലാം ഉറങ്ങിക്കിടക്കുന്ന ഈ കാട്ടാള മനുഷ്യന്‍ ഉയര്‍ത്ത് എഴുന്നേല്‍ക്കാന്‍ അവസരം പാര്‍ത്തിരിക്കുകയാണോ?
കാട്ടാള മനുഷ്യനെ മെരുക്കി  എടുക്കാന്‍  മോശയുടെ  ദൈവ നിവേശിതങ്ങളായ 10 കല്‍പനകള്‍ മുതല്‍, എത്ര എത്ര കല്പനകള്‍, സദാചാര സംഹിതകള്‍, ധര്‍മ്മോപദേശങ്ങള്‍, നിയമാവലികള്‍, വിശ്വാസപ്രമാണങ്ങള്‍, വിശ്വാസ പ്രഖ്യാപനങ്ങള്‍, ആചാരങ്ങള്‍, അനുഷ്ടാനങ്ങള്‍, പ്രാര്‍ത്ഥനകള്‍, ധ്യാനങ്ങള്‍,  ചര്‍ച്ചകള്‍ ഇങ്ങനെ എന്തെല്ലാം?  ഇവയിലൊന്നും അടിയറവ് പറയാതെ നമ്മെ എല്ലാം കൊഞ്ഞനം കാണിച്ചുകൊണ്ട്  ഈ കാട്ടാളമനുഷ്യന്‍ തലങ്ങുംവിലങ്ങും ഉയര്‍ത്ത് ഏഴുന്നേല്‍ക്കുന്നു! സ്വര്‍ഗ്ഗരാജ്യത്തെ പറ്റിയുള്ള പ്രതീക്ഷകളോ, സമത്വസുന്ദര ലോകത്തെ പറ്റിയുള്ള വ്യാമോഹങ്ങളോ, നരകാഗ്നിയേപറ്റിയുള്ള ഭീതിയോഒന്നും ഈ കാട്ടാള മനുഷ്യനെ മെരുക്കി എടുക്കാന്‍ പ്രാപ്തമല്ല. വിശ്വാസപ്രഖ്യാപനങ്ങളുടെ സിംഹാസനങ്ങളില്‍ വാണരുളിയവരാണ് ഭൂമിയേ എറെ രക്തപങ്കിലമാക്കിയത് എന്നത് ഒരു ചരിത്ര സത്യം തന്നെയാണ്. ഇന്നും അത് തുടരുകയാണ്. നിലവിലുള്ള സംവിധാനങ്ങള്‍ക്ക് ഒന്നും അവനെ മെരുക്കി എടുക്കാനോ ഉന്മൂലനം ചെയ്യാനോ സാധ്യമല്ലാതിരിക്കെ, സൗഹാര്‍ദപരമായ സമീപനത്തിലൂടെ അവനെ അടുത്തറിയാന്‍ ശ്രമിക്കാം. പരിണാമസിദ്ധാന്തത്തിന്റെ സാധുതയെ പറ്റി നാം എന്ത് നിലപാട് എടുത്താലും ഒരു കാര്യം വ്യക്തമാണ്, നമ്മിലെല്ലാവരിലും മാടാപ്രാവിന്റെ നിഷ്‌കളങ്കതയും വ്യാഘ്രത്തിന്റെ ക്രൗര്യവും ഹിംസാത്മകതയും ഒളിഞ്ഞിരിപ്പുണ്ട്.

 ഗുഹാവാസിയായിരുന്ന നമ്മുടെ പിതാമഹന്‍മാരുടെ സന്തത സഹചാരിയായിരുന്നു ഇന്ന് നാം അടിച്ചമര്‍ത്താന്‍ വെമ്പുന്ന ഈ കാട്ടാളഭാവങ്ങള്‍. അന്ന് വന്യമൃഗങ്ങളില്‍ നിന്നും പ്രകൃതിക്ഷോഭങ്ങളില്‍ നിന്നും പ്രതികൂല കാലാവസ്ഥയില്‍ നിന്നും എല്ലാം രക്ഷിച്ചത് ഈ കാട്ടാള ശക്തിയായിരുന്നു. എന്നാല്‍ കാലം മാറി, കഥ മാറി, രംഗം മാറി. എന്നിട്ടും വേഷം മാറാതെ പഴയ ഭാവാദികളോടെ അവന്‍ വീണ്ടും രംഗത്ത് വരുന്നതാണ് നമ്മെ അലോസരപ്പെടുത്തുന്നത്. നമ്മില്‍ കുടികൊള്ളുന്ന ജീവോര്‍ജ്ജത്തിന്റെ മറ്റൊരു ഭാവാന്തരമാണ് ഈകാട്ടാള മനുഷ്യന്‍. ഇവനെ അച്ചടക്കത്തിന്റെ പേരില്‍ വിശ്വാസപ്രമാണങ്ങളുടെ പേരില്‍ തളച്ചിടുകയല്ല വേണ്ടത്, മറിച്ച്  ഉള്‍ക്കാഴ്ചയില്‍ നിന്ന് ഉത്ഭൂതമാകുന്ന തിരിച്ചറിവോടെ മനസ്സിലാക്കുകയാണ് വേണ്ടത്. മെഴുകുതിരിയുടെ ദീപനാളത്തില്‍ ആകര്‍ഷിതനായ ഒരു കുഞ്ഞ് ഒരുപക്ഷേ അത് കൈനീട്ടി പിടിക്കാന്‍ ശ്രമിച്ചേക്കാം. അത് ഒരുവേളമാത്രം, പിന്നെ തീനാളം കണ്ടാലോ കൈപൊക്കില്ല. സ്വാഭാവികമായിതന്നെ തിരിച്ചറിവില്‍ നിന്നാണ് ഈ നിയന്ത്രണം വരുന്നത്. ഇവിടെ നിര്‍ബന്ധിതമായ ഒരു അച്ചടക്ക പരിശീലനം ഇല്ല. പ്രമേഹരോഗത്തിന്റെ മൂര്‍ദ്ധന്യതയില്‍ ഞരമ്പുകളിലെ സംവേദന ക്ഷമത നഷ്ടമാകുന്നു. കൈകാലുകളിലെ വിരലുകള്‍പോലും അറ്റ് പോകുന്നത്. ഒരുപക്ഷേ രോഗി അറിഞ്ഞെന്ന് വരില്ല.

അഹങ്കാരവും, മത്സരബുദ്ധിയും വിജായാഹ്ലാദങ്ങളോടുള്ള പ്രതിപത്തിയും,  നൈമിഷിക സുഖലോലുപതകളോടുള്ള അമിതാവേശവും എല്ലാം ഹൃദയത്തില്‍ നൈസര്‍ഗികമായി ഉണ്ടാവുന്ന സംവേദനക്ഷമത നഷ്ടപ്പെടുത്തുന്നു. സംവേദന ക്ഷമതയുള്ള ഒരു ഹൃദയത്തിന് മാത്രമേ അപരന് ഹിതമല്ലാത്ത, സഹജീവികള്‍ക്ക് ദുഃഖമുണ്ടാകുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്ന് മാറി നില്ക്കാന്‍ കഴിയൂ.
സഹജീവികളുടെ അവസ്ഥാന്താരങ്ങളെ പറ്റി ചിന്തിക്കാതെ സ്വന്തം സുഖാഭിലാഷങ്ങളുടെ സാക്ഷാത്കരണത്തിനായി പ്രവര്‍ത്തിക്കുന്നവര്‍, സ്വന്തം ആത്മവര്‍ജ്ജത്തെ കട്ടാള ഭാവങ്ങള്‍ക്ക് നല്കി, കട്ടാളമനുഷ്യനെ പുനര്‍ ജനിപ്പിക്കുകയാണ് ചെയ്യുന്നത്.

മനുഷ്യ മനസ്സുകളില്‍ കുടികൊള്ളുന്ന വസനകളെ പറ്റി യാഥാര്‍ത്ഥ്യബോധത്തോടെ വിലയിരുത്തുമ്പോള്‍ നമുക്ക് ഒരു കാര്യം വ്യക്തമാവും. പ്രകൃതിയിലുള്ള  എല്ലാ വാസനകളും, ഭാവങ്ങളും നമ്മിലുണ്ട്. ചിലവ സുഷുപ്താവസ്ഥയിലാവാം. മറ്റു ചിലത് സജ്ജിവവുമാവാം. ഈ ഭാവങ്ങളെ വാസനകളെ നാം നിഷേധിക്കുകയോ. നിരാകരിക്കുകയോ അടിച്ചമര്‍ത്തുകയോ ചെയ്യുമ്പോള്‍ നമ്മില്‍ തന്നെയുള്ള ആത്മാംശത്തെത്തന്നെയാണ് അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നത്, നിരാകരിക്കുവാന്‍ ശ്രമിക്കുന്നത്! ഇത് മനുഷ്യ മനസ്സുകളില്‍ വൈരുദ്ധ്യങ്ങളുടെ ചുഴലിക്കാറ്റ് ഉണ്ടാകുവാന്‍ പ്രേരണമാകുന്നു.
ജൈവസഹജമായ പ്രേരണകളാല്‍, വാസനകളാല്‍ നയിക്കപ്പെടുമ്പോള്‍ അ രാജകത്വത്തിന്റെ അഗാധ ഗര്‍ത്തക്കള്‍ നമ്മുടെ മുന്നില്‍ തുറക്കപ്പെടും. പരിണാമത്തിന്റെ വിവിധശ്രേണികളിലൂടെ കടന്നു വന്നപ്പോളുണ്ടായ 'ശേഷിപ്പുകളാവാം' ഈ വാസനകള്‍!

വിവേകമാണ് ജൈവസഹജമായ ഈ വാസനകളെ വേണ്ടരീതിയില്‍ ഉപയോഗിക്കാന്‍ നമ്മെ പ്രാപ്തരാകുന്നത്. ഈ വിവേകം ആര്‍ജിതമല്ല. സ്വയംഭൂവാണ്.ഹൃദയത്തില്‍ എഴുതപ്പെട്ടതാണ്. എന്നാല്‍ വിജ്ഞാനം ആര്‍ജ്ജിതമാണ്. നമ്മില്‍ ബഹുഭൂരിപക്ഷംപേരും ഇന്ത്യന്‍ ഭരണഘടന വായിച്ചിട്ടില്ല, പഠിച്ചിട്ടില്ല. എന്നാല്‍ ഭരണഘടനാ വിരുദ്ധമായി ഒരു തെറ്റുചെയ്താല്‍ ഭരണഘടനയെ പറ്റി വായിച്ചിട്ടില്ല പഠിച്ചിട്ടില്ല എന്ന് പറഞ്ഞ് ശിക്ഷയില്‍ നിന്ന് രക്ഷപ്പെടാന്‍ സാധ്യമല്ല. നമ്മുടെ ഭരണഘടനയുടെ preamble ല്‍ പറഞ്ഞിട്ടുണ്ട് ignorance of law not an excuse ഇത് ഇന്ത്യന്‍ ഭരണഘടനയില്‍ മാത്രം പറഞ്ഞിട്ടുള്ള കാര്യമല്ല. ലോകത്ത് എമ്പാടുമുള്ള രാജ്യങ്ങളിലെ ലിഖിതമോ, അലിഖിതമോ ആയ നിയമ സംഹിതകളില്‍ വ്യക്തമാക്കിയിട്ടുള്ളതാണ്. ഇത് വ്യക്തമാക്കുന്നത് ശരി തെറ്റുകളെ പറ്റി ഒരോ മനുഷ്യനും തികച്ചും അവബോധമുള്ളവാരാണ് എന്നാണ്. എന്നാല്‍ വളര്‍ച്ചയുടെ ഏതോ ഘട്ടങ്ങളില്‍ സൈര്‍ഗികമായ നന്മ തിന്മകളെ പറ്റിയുള്ള നമ്മുടെ അവബോധം നഷ്ടപ്പെടുകയും പകരം മത്സരാധിഷ്ടിതമായ സമൂഹത്തിന്റെ ഇടപെടലുകള്‍ നമ്മുടെ നൈസര്‍ഗികമായ  ഭാഗങ്ങളെ തളര്‍ത്തുകകയോ മായ്ക്കുകയോ ചെയ്യുന്നു. നമ്മുടെ ഹൃദയത്തിന്റെ ലോലമായ ഭാവങ്ങളുടെ പുനഃസ്ഥാപനത്തിലുടെ മാത്രമേ സഹജമായ വിവേകം പുനര്‍ജ്ജനിക്കപ്പെടുകയുള്ളു.

പ്രകൃതി അതിന്റെ ഒരായിരം കൈകളാല്‍ നമ്മെ മാടിവിളിക്കുന്നത് നമ്മുടെ ലോലമാം ഭാവങ്ങള്‍ ഉണര്‍ത്താന്‍ വേണ്ടിയാണ്.
മഴയുടെ, കാറ്റിന്റെ താളാത്മക സംഗീതത്തിലൂടെ, വൈവിധ്യമാര്‍ന്ന പൂക്കളുടെ വര്‍ണ്ണഭാംഗിയിലും, മൃദുലതയിലും സൌരഭ്യത്തിലൂടെയും, പുഴയുടെ കിലുകിലാരവത്തിലൂടെ, പറവകളുടെ സംഗീതാലപനത്തിലൂടെ, രാത്രിയില്‍ മാനത്ത് വിരിയുന്ന ഒരായിരം നക്ഷത്രങ്ങളിലൂടെയും പ്രകൃതി നമ്മെ മാടി വിളിക്കുകയാണ്, വിവേകത്തിന്റെ, ലോലമാം ഭാവങ്ങളുടെ പുനര്‍ജ്ജനിക്കായി. വിവേകത്തിനും, വിജ്ഞാനത്തിനും തുല്യ പ്രധാന്യം നല്കുന്ന വിദ്യാഭ്യാസവും ജീവിതവും കാട്ടാള ഭാവങ്ങളെ അടുത്തറിയാനും അതില്‍ നിന്ന് മുക്തരാവാനും നമ്മെ പ്രാപ്തരാക്കും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ