2013, സെപ്റ്റംബർ 24, ചൊവ്വാഴ്ച

മയില്‍പ്പീലി കനവുകള്‍ 9

രാജിയുടെ വീട്ടുമുറ്റത്ത്, സന്ധ്യയോടെ ആണ് ഞങ്ങള്‍ എത്തിച്ചേര്‍ന്നത്. അന്തപ്പന്‍ കോളിങ്ങ്‌ബെല്ലില്‍ വിരല്‍ അമര്‍ത്തുമ്പോള്‍ ഞാന്‍ ശ്രദ്ധിച്ചത്, വീട്ട് മുറ്റത്ത് രാജി കരുതലോടെ വളര്‍ത്തുന്ന പൂന്തോട്ടത്തിലായിരുന്നു. വളരെ കരുതലോടെയും, മനോഹരവുമായാണ് രാജി ആ തോട്ടത്തെ സംരക്ഷിച്ചിരുന്നതെങ്കിലും, ഇല പൊഴിയും കാലത്തിന്റെ തണുത്ത കരങ്ങള്‍, ആ പൂങ്കാവനത്തെ ആകെ സ്പര്‍ശിക്കുന്നതായി തോന്നി. ഇലകള്‍ എല്ലാം വാടി പഴുത്ത്, പൂക്കള്‍ എല്ലാം കൊഴിഞ്ഞു വീഴാനായി ഒരു ശോക ഗാനത്തിന്  കാത്തിരിക്കുന്ന പോലെ തോന്നി.

വാതില്‍ തുറന്ന എത്തിയ രാജി അന്തപ്പനെ കണ്ടതും അവനെ ഹഗ് ചെയ്ത് മൂര്‍ദ്ധാവില്‍ ചുംബിച്ചു.
ആ ഹഗ്ഗ് ചെയ്യല്‍ എന്നല്‍ കുളിര് ഉണര്‍ത്തി. എന്നെയും അങ്ങനെ ഹഗ്ഗ് ചെയ്തതെങ്കില്‍ എന്ന മോഹത്തോടെ ഞാന്‍ നില കൊണ്ടങ്കിലും, എന്നെ അത്ര ഗൗനിക്കാതെ അന്തപ്പന്റെ കൈയ്യും പിടിച്ച് രാജി അകത്തേയ്ക്കു ആനയിച്ചു. ഞാന്‍ അവരുടെ നിഴലായി പിന്‍തുടര്‍ന്നു.
അന്തപ്പനെ സ്വാന്തനിപ്പിക്കാനെന്നവണ്ണം രാജിയുടെ നനഞ്ഞ കൈവിരലുകള്‍ അവന്റെ മുടിയിഴകളെ താലോലിക്കുന്നുണ്ടായിരുന്നു.
പെട്ടെന്ന് രാജി എന്റെ നേരെ തിരിഞ്ഞ് ശബ്ദം ഉയര്‍ത്തി ചോദിച്ചു. ''തന്റെ കൂട്ടുകാരെല്ലാം ചേര്‍ന്ന് അന്തപ്പനെ സംഘടനയില്‍ നിന്ന് പുറത്താക്കി എന്ന് കേട്ടല്ലോ?

അപ്പോള്‍ എന്റെ ഊഹം ശരിയായിരുന്നു.!
രാജി വസ്തുതകള്‍ എല്ലാം അറിയുന്നുണ്ടായിരുന്നു.!
അല്പം ഗൗരവത്തില്‍ ശബ്ദം ഉയര്‍ത്തി ഞാന്‍ പറഞ്ഞു തുടങ്ങി.
''ഞങ്ങളുടെ സംഘടന അല്പം അന്തസ്സും അഭിമാനവും ഉള്ള സംഘടനയാണ്. അതില്‍ പെണ്ണ് പിടിയന്മാര്‍ക്ക് സ്ഥാനമില്ല.''
''അതെടോ ഞാന്‍ ഒരു പെണ്ണ് പിടിയനാണ്.''
അതും പറഞ്ഞ് അന്തപ്പന്‍ പൊട്ടിച്ചിരിച്ചു. അവന്റെ പൊട്ടിച്ചിരി എന്നില്‍ അല്പം അങ്കലാപ്പ് ഉണര്‍ത്തി എങ്കിലും, ഞാന്‍ ആശ്വസിക്കാന്‍ ശ്രമിച്ചു.
രാജിയുടെ സാന്നിദ്ധ്യത്തില്‍ അവന്‍ അല്പം തരളിത ചിത്തനാവുകയാണ്. അതു കൊണ്ടാണ് ഇങ്ങിനെ പൊട്ടിച്ചിരിക്കാന്‍ കഴിയുന്നത്.
ആദ്യകാലങ്ങളില്‍ അന്തപ്പന്റെ പൊട്ടിച്ചിരി ഞങ്ങള്‍ക്ക് എല്ലാം സുപരിചിതമായിരുന്നു. പിന്നെ പിന്നെ അത് നേര്‍ത്ത് നിശബ്ദമായൊരു തേങ്ങലാവുന്നത് ഞങ്ങള്‍ അറിഞ്ഞു.

അന്തപ്പന്റെ ബെഡ്ഡ് റും സുസിക്കുട്ടി പ്രാര്‍ത്ഥാനലയമാക്കിയതും, സകല പുണ്യവാളന്മാരെയും അവിടെ പ്രതിഷ്ഠിച്ച് സദാ എരിയുന്ന മെഴുകുതിരി വെളിച്ചവും കീര്‍ത്തനങ്ങളും പ്രാര്‍ത്ഥനകളും കൊണ്ട് അവിടം ആകെ നിറഞ്ഞപ്പോള്‍ നിവര്‍ത്തിയില്ലാതെ തന്റെ മാറാപ്പും എടുത്ത് അടുത്ത റൂമില്‍ അന്തപ്പന്‍ ഏകനായി അഭയം തേടി എന്നുള്ളതും ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും അറിവുള്ളതാണ്.
അന്നുമുതലാണ് അന്തപ്പന്റെ പൊട്ടിച്ചിരി മാഞ്ഞുപോയത് എന്നും ശ്രുതിയുണ്ട്.
ആ ശ്രുതിയുടെ ചുവട് പിടിച്ചാണ് പിന്നീട് അന്തപ്പനെ പറ്റി പല കഥകളും ഉപകഥകളും പ്രചരിപ്പിച്ചത്.
അതില്‍ ഒന്ന് അന്തപ്പനെയും രാജിയെയും ചേര്‍ത്തുള്ള ചൂടന്‍ കഥകളായിരുന്നു.
അന്തപ്പനും രാജിയും വഴിവിട്ട് സഞ്ചരിക്കുന്നുവെന്നുള്ളതായിരുന്നു അതില്‍ പ്രധാനം.
അവര്‍ ഒരുമിച്ച് റെസ്റ്റോറന്റുകളില്‍ ഇരുന്ന് ആഹാരം കഴിക്കുന്നത് കണ്ടെന്ന് ചിലര്‍.

കായലോരത്തും, കടലോരത്തും അവര്‍ കൈകള്‍ കോര്‍ത്ത് പിടിച്ച് ഇണപ്രാവുകളെ പോലെ തോളുരുമ്മി നടക്കുന്നത് കണ്ടെന്ന് മറ്റുചിലര്‍, സൗത്ത് സീയിലെ റോസ് ഗാര്‍ഡനില്‍ സൗരഭ്യം പരത്തുന്ന വൈവിധ്യമാര്‍ന്ന റോസപുഷ്പങ്ങളുടെ ഇടയിലൂടെ എല്ലാമറന്ന് അവര്‍ ഒരുമിച്ച് ഒഴുകി പോകുന്നതായി ദൃക്‌സാക്ഷികള്‍ ആണയിട്ട് പറയുന്നു. കടല്‍ക്കരയിലെ മരം കൊണ്ട് പണിതീര്‍ത്ത ചാരുബഞ്ചിരുന്ന രാജിയുടെ മടിയില്‍ തലചായ്ച്ച് എല്ലാംമറന്ന് ഉറക്കെ പ്രണയ കവിതാലാപനം നടത്തുന്ന അന്തപ്പനെ യും രാജിയെയും കണ്ടതായി മറ്റുചിലരും സാക്ഷ്യപ്പെടുത്തുന്നു.
കഥകള്‍ സൂസിക്കുട്ടിയുടെ കാതിലും എത്തി. രാജിയുടെയും അന്തപ്പന്റെയും നഗ്ന ശരീരങ്ങള്‍ കെട്ടു പിണഞ്ഞു കിടക്കുന്നതിലെ മഹാപാപം ഓര്‍ത്ത് സൂസിക്കുട്ടി നടുങ്ങി. ഒരു കൊടുങ്കാറ്റായിട്ടാണ് അന്ന് സൂസിക്കുട്ടി രാജിയുടെ വിട്ടിലെത്തിയത്. വാതില്‍ തുറന്ന് എത്തിയ രാജിയെ തള്ളി മാറ്റി കൊണ്ട് ഒരു തീവ്ര കുറ്റന്വേഷകയുടെ ഭാവാതികളുടെ, സൂഷ്മതയോടെ സൂസിക്കുട്ടി മുറികളെല്ലാം പരിശോധിച്ചു.

അടഞ്ഞു കിടന്ന അലമാരകള്‍ എല്ലാം തുറക്കപ്പെട്ടു! ആ മഹാപാപി അന്തപ്പന്‍ ഇതില്‍ എങ്ങാനും ഒളിഞ്ഞിരിപ്പുണ്ടോ?
സൂസിക്കുട്ടിയ്ക്ക് അന്തപ്പനെ അവിടെ ഒന്നും കണ്ടെത്താനായില്ല വ്യസനത്തോടും പരാജയ ബോധത്തോടും സൂസിക്കുട്ടി സിറ്റിങ്ങ് റൂമിലെ വിലപിടിപ്പുള്ള സോഫയില്‍ അമര്‍ന്നിരുന്നു.
സോഫയുടെ മറവിലെങ്ങാനും ആ മഹാപാപി അന്തപ്പന്‍...
ഇല്ല മറവിലും ചെരിവിലെന്നും ആ പാപിയെ കണ്ടെത്താനായില്ല.
രാജിയ്ക്ക് എല്ലാം മനസ്സിലായി. അവളും കേള്‍ക്കുന്നുണ്ടായിരുന്നവല്ലോ പല ശ്രുതികളും!!

സോഫയില്‍ അമര്‍ന്നിരുന്ന സൂസിക്കുട്ടിയുടെ കാല്പാദത്തിനരികില്‍ രാജി ഇരുന്നു. അവള്‍ക്ക് സങ്കടം സഹിക്കാന്‍ കഴിഞ്ഞില്ല. അവള്‍ സൂസിക്കുട്ടിയുടെ മടിയില്‍ തലചായ്ച്ച് പൊട്ടികരഞ്ഞു.
പൊട്ടികരച്ചിലിനിടയില്‍ ഉല്‍ക്കണ്ഠമായി അവള്‍ ദൈവത്തെ വിളിച്ച് പറഞ്ഞു. അന്തപ്പന്‍ എനിക്ക് മറ്റാരുമല്ല എന്റെ കൂടെപ്പിറപ്പാണ്. എന്റെ പൊന്നാങ്ങളയാണ് എനിക്ക് ഈ ലോകത്ത് ആകെയുള്ള ഒരേ ഒരു കൂടെപ്പിറപ്പ്. അവനെ എന്നില്‍നിന്ന് അകറ്റരുത്.
ദൈവം ആ ഉള്ളുരുകിയ പ്രാര്‍ത്ഥന കേട്ടു.
പാറയില്‍ നീര്‍ച്ചാല് വരുത്തിയ മോശയുടെ ദൈവം പ്രവര്‍ത്തിച്ചു.
കണ്ണടച്ചിരുന്ന സൂസിക്കുട്ടി ഒരു ദൃശ്യം (ദര്‍ശനം) കണ്ടു.! വ്യാകുലമാതാവ് തന്റെ മടിയില്‍ തല ചായ്ച്ച് പൊട്ടിക്കരഞ്ഞ് പറയുകയാണ്, തന്നെ കൈവെടിയുന്നത് എന്തിന് എന്ന്?
ഞെട്ടലോടെ കണ്ണു തുറന്ന സൂസിക്കുട്ടി കണ്ടത്. തന്റെ മടിയില്‍ തലചായ്ച്ച് പൊട്ടികരയുന്ന രാജിയെയാണ്! അത് രാജിയായിട്ടല്ല സൂസിക്കു ട്ടിക്ക് അനുഭവപ്പെട്ടത്, വ്യാകുലമാതാവായിട്ടാണ്!!!
രാജിയുടെ കാല്‍ക്കല്‍ വീണ് സൂസിക്കുട്ടി മാപ്പ് അപേക്ഷിച്ചു. അവളെ തെറ്റിദ്ധരിച്ചതിന് മാപ്പ് കൊടുക്കണമെന്ന് പറഞ്ഞപേക്ഷിച്ചു.
അങ്ങനെ രാജി, സൂസിക്കുട്ടിയ്ക്ക് വ്യാകുലമാതാവിനാല്‍ വാഴ്ത്തപ്പെട്ടവളയായി മാറി.

അന്തപ്പനും രാജിയുമായുള്ള ബന്ധം എത്രയും മഹനീയമായ ബന്ധമാണെന്നും, അത് കളങ്കപ്പെടുത്തി പറയുന്നവര്‍ നിത്യനരകത്തില്‍ പതിക്കുമെന്നും സൂസിക്കുട്ടി ആണയിട്ടു പറഞ്ഞു!!
ഏതായാലും അന്നുമുതല്‍ രാജിയും അന്തപ്പനുമായുള്ള ബന്ധം മഹനീയമായി അറിയപ്പെട്ടു. അവരെ പ്പറ്റിയുള്ള ശ്രുതികളെല്ലാം കാറ്റില്‍ പറന്നു പോയി.
രാജി എനിക്കും അന്തപ്പനും ചായ ഉണ്ടാക്കി കൊണ്ടുവന്നു.
രാജി ഉണ്ടാക്കിയ ചായ ഞാന്‍ കുടിക്കുമ്പേള്‍ ഒന്നും സംസാരിക്കാറില്ല. സത്യം പറഞ്ഞാല്‍ ഞാന്‍ ആ നിമിഷങ്ങളില്‍ ഒന്നും ചിന്തിക്കാറില്ല. ഞാനപ്പോള്‍ ധ്യാനത്മകമായി ചായയായി മാറുന്ന അനര്‍ഘ നിമിഷങ്ങളായിരുന്നു അത്ര രുചിയാണ് ആ ചായയ്ക്ക്. അത് കേവലം വെള്ളവും പാലും പഞ്ചസാരയും ടീ ബാഗും ചേര്‍ത്ത് ഉണ്ടാക്കിയ ചായയല്ല. സ്‌നേഹത്തിന്റെ നിത്യാംശങ്ങളാല്‍ നിര്‍മ്മിതമായ ചായയാണത്!!

ചായ കുടികഴിഞ്ഞപ്പോള്‍ ഞാന്‍ മൗനമായി മന്ത്രിച്ചു.
''കൈ പുണ്യമുള്ളവളെ നിനക്ക് സ്തുതി.''
ചിരകാലസുഹൃത്തുക്കളായ കളികൂട്ടുകാരെപ്പോലെ രാജ്ഞി അന്തപ്പനരികെ ചേര്‍ന്നിരുന്ന് അവന്റെ നനുത്ത രോമങ്ങളുള്ള കരങ്ങള്‍ കൈയ്യിലെടുത്ത് സ്‌നേഹപൂര്‍വ്വം തഴുകിക്കൊണ്ട് അവള്‍ ചോദിച്ചു.
''പറയൂ അന്തപ്പാ എന്താണ് സംഭവിച്ചത്
ഏതാണ് ആ പോളിഷ്‌കാരി പെണ്‍കുട്ടി?''
വിഷാദം കലര്‍ന്ന പുഞ്ചിരിയോടെ അന്തപ്പന്‍ പറഞ്ഞു
''അവള്‍... ജോര്‍ജീനാ... ജോര്‍ജീനാ റോബര്‍ട്ട്!!''
''ഏത് നമ്മുടെ ജോര്‍ജീനയോ?''
ആകാംക്ഷയോടെ ഞാന്‍ ചോദിച്ചു.
''അതെ അവള്‍ തന്നെ!!''
അപ്പോള്‍ പൊട്ടിച്ചിരിച്ചത് ഞാനാണ്. കാരണം ജോര്‍ജീനാ റോബര്‍ട്ടിനെ ഞങ്ങള്‍ക്ക്  എല്ലാം സുപരിചിതയായിരുന്നു. ഒരി കുടുംബാഗത്തെ എന്ന പോലെ ..!
തുടരും..

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ