2023, ഏപ്രിൽ 7, വെള്ളിയാഴ്‌ച

 




Who  are you? അയാം നോബഡി. നാം ആരും അല്ല എന്ന് നമ്മെ ഓർമിപ്പിക്കുന്നവരെ നാം ദൈവത്തെ പോലെ കാണണം. അവർ നമ്മെ പ്രപഞ്ച പൗരത്വം തിരിച്ചുപിടിക്കാൻ സഹായിക്കുന്നു. സ്വയം ശൂന്യവൽക്കരണത്തിന്റെ പാതയിലൂടെ മുന്നേറാൻ നമ്മെ പ്രാപ്തരാക്കുന്നു. പ്രപഞ്ച പൗരത്വം നഷ്ടപ്പെട്ടവന്റെ വ്യാകുലതകളാണ് നമ്മുടെ ജീവിതത്തിന്റെ മുഖമുദ്ര. സാമൂഹികമായും വ്യക്തിപരമായും നാം അണിഞ്ഞിരിക്കുന്ന വർണ്ണ സബള്ളിമ യോടെയുള്ള കുപ്പായങ്ങൾ അഴിച്ചു വയ്ക്കാതെ നമുക്ക് പ്രകൃതിയുടെ മടിത്തട്ടായ കാലിത്തൊഴുത്തിൽ പിറക്കാൻ കഴിയില്ല. കാലിത്തൊഴുത്തിൽ പിറക്കാൻ കഴിയുന്നവർക്ക് മാത്രമേ ജീവിതത്തിന്റെ അനിവാര്യമായ കുരിശുമെടുത്ത്  സ്വ മനസ്സാലെ ഗാഗുൽത്താ മലയിലേക്ക് കയറാൻ പറ്റൂ. അപ്പോൾ മാത്രമേ ജീവിതത്തിന്റെ അനിവാര്യതകൾക്ക് മുമ്പിൽ തെല്ലും പതറാതെ  ഇരുകരങ്ങളും വിരിച്ച്" നിന്റെ ഹിതം നിറവേറട്ടെ " എന്ന അനശ്വര സംഗീതത്തിന്റെ സങ്കീർത്തനങ്ങൾ ഹൃദയത്തിൽ തട്ടി ആലപിക്കാൻ കഴിയും. പ്രപഞ്ച പൗരനായ സ്നാനം ചെയ്യപ്പെടുന്ന സ്വർഗ്ഗീയ നിമിഷങ്ങൾ ആണത്. " കുശവന്റെ കരങ്ങളിലെ മണ്ണ് പോലെ പിതാവേ നിന്റെ ഹിതം പോലെ എന്ന രൂപപ്പെടുത്തേണമേ " സമർപ്പണത്തിന്റെ പൂർണ്ണതയിലേക്കുള്ള പ്രയാണമായി ജീവിതം മാറുന്ന ധന്യ നിമിഷങ്ങൾ. പ്രതിരോധങ്ങൾ ഇല്ലാത്ത ഒരു നൂതന ചക്രവാളം അപ്പോൾ നമ്മുടെ മുന്നിൽ തുറക്കപ്പെടും.
ലളിതമായ വാക്കുകളിലൂടെ, കഥകളിലൂടെ, സർവ്വോപരി സ്വന്തം ജീവിതത്തിലൂടെ, ആത്മ ത്യാഗത്തിലൂടെ, ജീവിതത്തിന്റെ ആത്മസത്ത അവൻ നമുക്ക് കാണിച്ചു തന്നു. ആ ലളിത മനോഹര ജീവിതത്തെ ഇത്രമേൽ സങ്കീർണ്ണം ആക്കി നമ്മുടെ മുന്നിൽ അവതരിപ്പിക്കുന്നത് ആരാണ്?
വാണിജ്യ താൽപര്യങ്ങൾ? അധികാര മോഹങ്ങൾ?
എന്നും അടിമത്തത്തിന്റെ ഭാരം വഹിക്കുന്ന ജനതയെ അജഗണങ്ങൾ  എന്ന നാമത്തിൽ അറിയപ്പെടും. നമ്മുടെ ശ്രേഷ്ഠ പിതാക്കന്മാർ പരിശുദ്ധമായ അൾത്താരയിൽ നിന്ന് ഉത്തരവുകളും, വിളംബരങ്ങളും നടത്തുമ്പോൾ അത് ദൈവഹിതം ആണോ അതോ സ്വന്തം തൊപ്പിക്ക് വർണ്ണശബളമായ തൂവലുകൾ ചാർത്താനുള്ള ശ്രമമാ എന്ന് തിരിച്ചറിയാനുള്ള വിവേകം അജഗണങ്ങൾ അർജിക്കേണ്ടിയിരിക്കുന്നു.
സ്വന്തം കുപ്പായം വർണ്ണശബളമാക്കാൻ ഉള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ വിളംബരങ്ങൾ എങ്കിൽ അവയെ വിനയപൂർവ്വം തിരസ്കരിക്കാനുള്ള ആർജ്ജവത്വം അജഗണങ്ങൾക്കുണ്ടാകണം.
എങ്കിലും പിതാവേ ശീലങ്ങൾ എല്ലാത്തരത്തിലും ഉള്ള ഉൾകാഴ്ചകൾക്കുമേൽ പാരമ്പര്യത്തിന്റെ
മേലങ്കി ധരിച്ച്, ജൈത്രയാത്ര നടത്തുകയാണ്. ശീലങ്ങൾക്ക് അടിമപ്പെട്ട് സ്വന്തം ശവകുടീരത്തിലേക്കുള്ള വിലാപയാത്രയിൽ മൗനമായി പങ്കെടുക്കുന്നവരെ പോലെ  ഈ ജൈത്രയാത്രയിൽ  അണിചേരുകയാണ്.
പാരമ്പര്യത്തിന്റെ ശിലകൾ ചുമന്ന്, ശിലായുഗത്തിലേക്ക് പാലയം ചെയ്യുന്ന മർത്യൻ  ഭൂമിയുടെ  എക്കാലത്തെയും  ദുഃഖപുത്രനാണ്.
വ്യവസ്ഥാപിത ചിന്താധാരകളെയും ആചാരനുഷ്ഠാനങ്ങളെയും സ്ഥലകാലങ്ങൾക്ക്  അനുയോജ്യമായി പുനർവിചിന്തനത്തിന് വിധേയമാക്കേണ്ടതല്ലേ?നിത്യ നൂതനമായ ചൈതന്യത്തെ ഉൾക്കൊള്ളാനുള്ള ഹൃദയലാളത്യത്തിന്റെ അഭാവമല്ലേ എല്ലാത്തരത്തിലുള്ള സഭാ തർക്കങ്ങളുടെയും നിദാനം?
എങ്കിലും പിതാവേ എന്തിനീ പാനപാത്രം നീ അജഗണങ്ങൾക്ക് നൽകി?