2013, ജൂലൈ 18, വ്യാഴാഴ്‌ച

മുറ്റത്തെ മുല്ലക്ക് മണമില്ല


മുറ്റത്തെ മുല്ലക്ക് മണമില്ല എന്നു പറയുന്നത് എത്ര ശരിയാണ്!!
ഏറെ ആശയോടും പ്രതീക്ഷയോടും കൂടിയാണ് ജഗദീഷ് 'show'  കാണാന്‍ പോയത്. ഏറെ കൊട്ടി ഘോഷിക്കപ്പെട്ട ആ 'show' സഹിച്ചിരിക്കുമ്പോള്‍ യു.കെ. മലയാളികളുടെ ഇടയിലുള്ള പ്രത്യേകിച്ച് 'portsmouth ലെ കലാകാരന്മാരെയും കലാകാരികളെയും സാഷ്ടാംഗം വണങ്ങാന്‍ തീവ്രമായി ആഗ്രഹിച്ചുപോയി.
നമ്മുടെ വിനയാന്വിതരായ ആ കലാകാരന്മാരെ എത്ര അഭിനന്ദിച്ചാലും പുകഴ്ത്തിയാലും മതിയാകില്ലെന്ന് തോന്നി.
പ്രവാസജീവിതത്തിന്റെ ദുഃഖങ്ങളിലും, സമ്മര്‍ദ്ദങ്ങളിലും, തിക്കിലും തിരക്കിലും പെട്ടുഴലുന്ന സാധാരണക്കാരായ നമുക്ക് കിട്ടുന്ന, അല്പമാത്രമായ വിശ്രമവേളകള്‍ ധന്യമാക്കാന്‍, നാട്ടില്‍നിന്ന് വരുന്ന ഈ കലാകാരന്മാരെ കൈയടികളോടെ, സ്‌നേഹാദരണങ്ങളോടെ നാം എതിരേല്‍ക്കുമ്പോള്‍, അവര്‍  നമുക്ക് തിരിച്ച് നല്കുന്നത് എന്താണ്?
ഒരു 'show'യുടെ ഗുണദോഷങ്ങളെപ്പറ്റിയുള്ള വിചിന്തനമല്ല ഇത്. മറിച്ച് അന്ധമായ താരാരാധനയില്‍, നമ്മുടെ ഇടയിലുള്ള മുത്തുകളെ കണ്ടെത്താന്‍ നമുക്ക് കഴിയുന്നില്ലല്ലോ എന്ന ഖേദമാണ് ഈ കുറിപ്പിനടിസ്ഥാനം.
അസോസിയേഷനുകള്‍ സംഘടിപ്പിക്കുന്ന വേദികളായാലും, മതസംഘടനകള്‍ സംഘടിപ്പിക്കുന്ന വേദികളായാലും, നമ്മുടെ കുഞ്ഞുമക്കള്‍ക്ക്, യുവതിയുവാക്കള്‍ക്ക്, വേദികളില്‍ മനോഹരമായ പ്രകടനങ്ങള്‍ കാഴ്ചവയ്ക്കുവാന്‍ സാധിക്കുന്നത്, അര്‍പ്പണബോധത്തോടെയുള്ള നിരന്തരമായ പരിശ്രമങ്ങള്‍ കൊണ്ട് മാത്രമല്ല, മറിച്ച് സദസ്സിനെ ആഹ്ലാദിപ്പിക്കണം എന്ന തീവ്രമായ ആഗ്രഹവും അവരില്‍ ഉള്ളതുകൊണ്ടാണ് അവര്‍ പ്രഭചൊരിയുന്ന നക്ഷത്രങ്ങളെ പോലെ വേദിയില്‍ തിളങ്ങുന്നത്. പകരം നാം അവര്‍ക്ക് നല്കുന്നത് എന്താണ്? ഒരു കൈയ്യടി! അല്ലെങ്കില്‍ ഒരു തുണ്ട് പേപ്പറില്‍ ഒരു അഭിനന്ദനം!!
യഥാര്‍ത്ഥത്തില്‍ ഈ കൊച്ചു- വലിയ കലാകാരന്മാരയല്ലെ നമ്മുടെ മുക്തകണ്ഠപ്രശംസയ്ക്കും, അംഗീകാരത്തിനും അര്‍ഹരായവര്‍?
പ്രവാസജീവിതത്തിന്റെ ദുഃഖങ്ങളും സങ്കടങ്ങളും മനഃപ്രയാസങ്ങളും ഉള്ളിലൊതുക്കി, ഉയര്‍ന്നുവരുന്ന നെടുവീര്‍പ്പുകള്‍ അടുക്കിപ്പിടിച്ച്, തേങ്ങലോടെ തെന്നി നീങ്ങുന്ന നമ്മുടെ ഇടയിലേക്ക്, സാന്ത്വനത്തിന്റെ പ്രത്യാശയുടെ സംഗീതമുതിര്‍ത്ത്, നടനവൈഭവത്തിന്റെ മാസ്മരികതയിലേക്ക് നമ്മെ നയിക്കുന്ന, പൊട്ടിച്ചിരിയുടെ ഉല്ലാസവേളകളിലേക്ക് നമ്മെ കൈപിടിച്ച് ആനയിക്കുന്ന ഇവിടെ തന്നെയുള്ള കലാകാരന്മാരും കലാകാരികളും അല്ലേ, 'തേനും വയമ്പു'മായി നമ്മുടെ പ്രവാസജീവിതത്തെ ധന്യമാക്കുന്നത്!!
എത്ര അഭിനന്ദിച്ചാലാണ്, എന്തൊക്കെ അവര്‍ക്ക് നല്കിയാലാണ്, നമുക്ക് അവരോടുള്ള കടപ്പാട് തീരുക!!
ഏതു തരം കലയുടെയും ആത്യന്തികലക്ഷ്യം രസസംക്രമണമാണ്. അനുവാചകനെ രസിപ്പിക്കുക എന്നുള്ളതാണ് കലയുടെ ധര്‍മ്മം. ആക്ഷേപഹാസ്യത്തില്‍ കുതിര്‍ന്ന്, നവ്യമായ ഒരു ജീവിത അവബോധം കൂടി. അനുവാചകനില്‍ ഉണര്‍ത്താന്‍ കഴിഞ്ഞാല്‍ ആ കല മഹത്തരമായി. ഇതിന് കലാകാരനില്‍ അത്യന്തികമായി വേണ്ടത്, പ്രതിഭയും, നിരന്തരപരിശ്രമവും മാത്രമല്ല, അനുവാചകനുമായി സംവേദിക്കാനുള്ള ഒരു ഹൃദയമാണ് വേണ്ടത്. ഹൃദയത്തില്‍ നമ്മെ ഉള്‍ക്കൊള്ളുവാനുള്ള ഒരല്പം ഇടം വേണം. ആവശ്യം വേണ്ട ഗ്രഹപാഠം പോലും ചെയ്യാതെ, താര പ്രതാപത്തിന്റെ പ്രഭാവത്തില്‍ യു.കെ.യില്‍ അവതരിച്ച ജഗദീഷിനെ പോലെയുള്ള ഈ താരങ്ങള്‍ സദസ്സിനെ 'ശ്ശ്' ആക്കി കണക്കാക്കിയത് കൊണ്ടല്ലേ ജഗദീഷ് 'show' ഒരു പീഡന 'show' ആയി മാറിയത്? അല്ലെങ്കില്‍ ഭൂമിയിലെ ഈ താരങ്ങള്‍ തങ്ങളുടെ ദര്‍ശന സായുജ്യത്തില്‍ യു.കെ. മലയാളികള്‍ തൃപ്തിപ്പെട്ടു കൊള്ളുമെന്നുള്ള അഹങ്കാരത്തില്‍ കുതിര്‍ന്ന മിഥ്യാസങ്കല്പമോ?
നിറഞ്ഞ് കവിഞ്ഞ സദസ്സിനെ നോക്കി ആഹ്ലാദാരവങ്ങളോടെ ജഗദീഷ് പ്രഘോഷിച്ചു. എന്നെ സ്‌നേഹിക്കുന്ന ബഹുമാനിക്കുന്ന ലോകമലയാളികളുടെ ഒരു പരിച്ഛേദമാണ് ഞാന്‍ ഇവിടെ കാണുന്നത്. നിങ്ങള്‍ എന്നോട് ഇതുവരെ കാണിച്ച സ്‌നേഹാദരങ്ങള്‍ക്ക് നന്ദിപറയാന്‍ ഞാന്‍ ഇത്തരം അവസരങ്ങള്‍ ഉപയോഗിക്കുന്നു. (സാറിന്റെ വിശാലമനസ്ഥിതിക്ക് നന്ദി. മറ്റുളളവരുടെ ചിലവില്‍ നന്ദിപറയാന്‍ എന്ത് രസമാണ് സാറെ!!)
യു.കെ. മലയാളികളുടെ ഇടയിലുള്ള കലാകാരന്മാരും കലാകാരികളും അവതരിപ്പിച്ച ഏറെ വീഡിയോ ക്ലിപ്പുകള്‍ സോഷ്യല്‍ നൈറ്റ്‌വര്‍ക്കുകളില്‍ ലഭ്യമാണ്. അവയില്‍ ഏതെങ്കിലും ഒന്ന് കാണാനുള്ള സന്മനസ്സ് ജഗദീഷ് സാറ് കാണിച്ചിരുന്നെങ്കില്‍, ഈ show എന്ന പീഡനം ഞങ്ങളെ അടിച്ചേല്‍പ്പിക്കില്ലായിരുന്നു.
മറ്റൊരു കാര്യം കൂടി ഇവിടെ നാം ചേര്‍ത്ത് വായിക്കേണ്ടതുണ്ട്. തെരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയത്തിലേക്ക് ഇറങ്ങാനുള്ള ജഗദീഷ് സാറിന്റെ ശംഖനാദമാണത്.
നമ്മുടെ രാഷ്ട്രീയ, കലാസംസ്‌കാരികരംഗങ്ങളിലുള്ള അപച്ച്യുതിക്ക്, മൂല്യച്ച്യുതിക്ക് കാര്യകാരണങ്ങള്‍ തേടി നാം അധികം അലയേണ്ടതില്ല. ജഗദീഷ് സാറിലൂടെ ഒന്നു കണ്ണോടിച്ചാല്‍ മതി നമുക്ക് അത് വ്യക്തമാകും.
തെരഞ്ഞെടുപ്പ് വരുമ്പോള്‍ രാഷ്ട്രീയരംഗത്തേക്ക് ചാടിയിറങ്ങി, മത്സരിച്ച് ജയിച്ച്, എം.എല്‍.എ. ആയി മന്ത്രി ആകുന്ന സ്ഥിരം പൊടി കൈകള്‍ക്കപ്പുറം, സജീവരാഷ്ട്രീയപ്രവര്‍ത്തകനാകുന്നതിന് മുമ്പ്, തന്റെ സാന്നിദ്ധ്യം കൊണ്ട് ജനങ്ങളെ ഉഴുതുമറിച്ച് തന്നെ സ്വീകരിക്കാന്‍ പാകത്തില്‍ ജനമനസ്സുകളെ പാകപ്പെടുത്തി എടുക്കുക എന്ന നവ്യരീതിയാണ് ജഗദീഷ് ഉപയോഗിച്ചത്. മാധ്യമങ്ങളുടെ മാത്രമല്ല, രാഷ്ട്രീയചാണക്യന്മാരുടെയും പ്രശംസ പിടിച്ചുപറ്റിയ രാഷ്ട്രീയ അടവ് നയമായിരുന്നു ജഗദീഷിന്റേത്.
ഇത് മാത്രമല്ല, ജഗദീഷ് തുറന്നുപറഞ്ഞു. എന്റെ സിനിമാമോഹങ്ങള്‍ അസ്തമിച്ചിട്ടില്ല, ആ മോഹങ്ങള്‍ക്ക് ഒരു പര്യവസാനം ഉണ്ടാകുമ്പോള്‍, രാഷ്ട്രീയത്തിലും ഭാഗ്യന്വേഷണത്തിനായി ഇറങ്ങിതിരിക്കുമെന്ന്!!
നമ്മുടെ മഹത്തായ രാഷ്ട്രീയപാരമ്പര്യത്തെ നിഷേധിക്കുകയാണ് ശ്രീ ജഗദീഷ് ഈ പ്രസ്താവനയിലൂടെ ചെയ്തത്.
പൊതുപ്രവര്‍ത്തനം, രാഷ്ട്രീയവര്‍ത്തനം പരിപാവനമായ ഒരു സേവന മേഖലയാണ്. സ്വന്തം ഭാവി ശോഭനമാക്കാനുള്ള ഒരു തട്ടകം അല്ല രാഷ്ട്രീയപ്രവര്‍ത്തനം.
ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ കരാളഹസ്തങ്ങളില്‍ നിന്ന് ഭാരതത്തെ മോചിപ്പിക്കാന്‍ എല്ലാം ത്യജിച്ച് സമരാംഗണത്തിലേക്ക് ചാടി ഇറങ്ങിയ ലക്ഷോപലക്ഷം ജനത സ്വന്തം ഭാവി ശോഭനമാക്കാനല്ല അങ്ങനെ ചെയ്തത് മറിച്ച്, വെളളത്തില്‍ മുങ്ങി ചാവുന്ന ഒരുവനെ രക്ഷിക്കാന്‍ ഒരുമ്പെടുന്ന നിസ്വാര്‍ത്ഥനായ ഒരുവന്റെ സിരകളെ പ്രകമ്പനം കൊള്ളിക്കുന്ന മഹനീയ പ്രചോദനമായിരുന്നു അവരെ അതിന് പ്രേരിപ്പിച്ചത്.
സ്വാതന്ത്ര്യം കിട്ടി 63-ാം വര്‍ഷം പിന്നിടുമ്പോഴും ഭാരതത്തിലെ ലക്ഷോപലക്ഷം വരുന്ന ജനത ഒരു നേരത്തെ വിശപ്പ് അടക്കാന്‍ വേണ്ടി, നക്ഷത്രഹോട്ടലുകളില്‍നിന്ന് വിക്ഷേപിക്കപ്പെടുന്ന എച്ചിലുകള്‍ക്ക് വേണ്ടി. തെരുവ് നായ്ക്കളെടൊപ്പം മത്സരിക്കുന്ന ദയനീയാവസ്ഥയ്ക്ക് കാരണം, ഭാവിശോഭനമാക്കാന്‍ ശ്രമിക്കുന്നവരുടെ രാഷ്ട്രീയപ്രവര്‍ത്തനമാണ്, പൊതുപ്രവര്‍ത്തനമാണ്!!
സാധാരണക്കാരായ നമുക്ക് അടിയന്തിരമായി വേണ്ടത് തിരിച്ചറിവുകളാണ്, കള്ളനാണയങ്ങളെ തിരിച്ചറിയാനുള്ള സാമാന്യഅറിവ്!...

ജസീന്ത : ചാണക്യന്‍


പരേതയായ ജസീന്ത സന്താനയോടും കുടുംബത്തോടും ഉള്ള എല്ലാ സ്‌നേഹാദരങ്ങളും ഹൃദയത്തില്‍ സൂഷിച്ചുകൊണ്ടാണ് ഈ കുറിപ്പ് എഴുതുന്നത്.
ആത്മഹത്യ, അത് എന്തിന്റെ പേരിലായാലും നീതികരിക്കാനാവില്ലാ. ആദര്‍ശവത്കരിക്കാനാവില്ലാ. അത് ജന്മം നല്‍കിയ നിയതിയോട് കാണിക്കുന്ന കൊടും ക്രൂരതകളില്‍ ഒന്നാണ്! എങ്കിലും ജസിന്തയെ ആ കൊടും കൃത്യത്തിലേക്ക് നയിച്ച സംഭവ വികാസങ്ങളില്‍ നമുക്ക് എല്ലാം ദു:ഖമുണ്ട്. ഉത്കണ്ഠയുണ്ട്. ഒഴിവാക്കമായിരുന്ന ആ കൊടും കൃത്യത്തിന്റെ ഉത്തരവാദിത്വത്തില്‍ പരോക്ഷമായെങ്കിലും നാമെല്ലാം ഭാഗഭാക്കുകളാണ്.
മറ്റുള്ളവരെ വിനോദിപ്പിക്കാന്‍ നേര്‍ച്ച ക്കോഴികളെപ്പോലെ ഉഴിഞ്ഞുവച്ച രണ്ട് റേഡിയോ ജോക്കിമാരില്‍ ഉത്തരവാദിത്വം നാം അടിച്ചേല്‍പ്പിച്ച് നാം കൈകഴുകി ആ ഉത്തരവാദിത്വത്തില്‍ നിന്ന് രക്ഷപ്പെടുന്നതില്‍ ധാര്‍മ്മികമായ അപച്യുതിയുണ്ട്.
ലോകമെമ്പാടുമുള്ള മാധ്യമപടയുടെ മുഖമുദ്രയായി മാറിയിരിക്കുകയാണ് 'ആരാന്റെ അമ്മയ്ക്ക് ഭ്രാന്ത് പിടിച്ചാല്‍ കാണാന്‍ എന്ത് ചന്തം' എന്ന പഴമൊഴിയെ അന്വര്‍ത്ഥമാക്കുന്ന പ്രവര്‍ത്തനങ്ങള്‍. നമ്മുടെ ദൈനംദിന ജീവിതത്തിന്റെ വിരസതകളില്‍  നിന്ന് മോചനം നേടാന്‍  അത്തരം പാവക്കൂത്തുകള്‍ക്ക് മുന്നില്‍ ഇരുന്നു കൊടുക്കാറുമുണ്ട്. അത്തരം മ്ലേച്ഛതയാര്‍ന്ന അനുഭവങ്ങള്‍ മറ്റുള്ളവരോടും ആഹ്ലാദത്തോടെ പങ്കുവയ്ക്കാറുമുണ്ട്.
അന്തരീക്ഷം വിഷലിപ്തിമാക്കാന്‍ നമുക്ക് കഴിയാവുന്ന സഹായം നാം നിത്യവും ചെയ്യുന്നതുപോലെ മാധ്യമപടയുടെ നിരുത്തരവാദിത്വപരമായ വികടന പ്രകടനങ്ങളില്‍ നാം മൗനമായി ഭാഗഭാക്കുകളാകുന്നു എന്നതിനര്‍ത്ഥം നാം അവരുടെ അപക്വമായ ചെയ്തികളെ ശരിവയ്ക്കുകയാണ്.
ആ ജീര്‍ണ്ണതയുടെ പ്രതിഫലനം മാത്രം ആയിരുന്നു റോഡിയോ ജോക്കിമാരും ചെയ്തത്.! അന്വേഷണ വിധേയരായി അവര്‍ ഇപ്പോള്‍ സസ്‌പെന്‍ഷനിലാണ്. പൊട്ടിക്കരഞ്ഞുകൊണ്ട് അവരുടെ ഏറ്റുപറച്ചില്‍ നാം റോഡിയോവിലൂടെ കേട്ടതാണ്.
അവരുടെ ബോസ്മാരുടെ തല ഉരുട്ടണം എന്നുള്ള മുറവിളിയും ശക്തമാണ്.
ജസീന്താ സന്താന അഭിമുഖികരിച്ചതിലും വലിയ പ്രതിസന്ധിയിലൂടെയാണ് റോഡിയോ ജോക്കിമാരും സംഘവും കടന്നു പോകുന്നത്. അവരാരും ജസീന്ത സന്താന ചെയ്തതുപോലെയുള്ള കൊടുംകൃത്യത്തിലേക്ക് ആനയിക്കപ്പെടുന്നില്ലാ എന്നതില്‍ നമുക്ക് ആശ്വസിക്കാം.
ജസീന്ത സന്താന അഭിമുഖീകരിച്ച സങ്കീര്‍ണ്ണാവസ്ഥ ജോലിചെയ്യുന്ന എല്ലാവരും ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരുതരത്തില്‍ അഭിമുഖികരിക്കുന്നുണ്ട്.
ജോലി എന്നാല്‍ അത് എന്തും ആകട്ടെ വൈരുദ്ധ്യങ്ങളുമായുള്ള എറ്റുമുട്ടലാണ്. അവിടെ പൂവിരിച്ച പരവാതാനികളും പൂമെത്തകളും നാം പ്രതീഷിക്കുന്നില്ലാ. അവിടെ ഉയര്‍ച്ചയും താഴ്ച്ചകളും, മാനിക്കപ്പെടലും അപമാനിക്കപ്പെടലും സര്‍വ്വ സാധാരണം.
നാമെല്ലാം സാധാരണ മനുഷ്യരാണ് അമാനുഷരല്ലാ. മനുഷ്യന്റെ എല്ലാ ശക്തി ദുര്‍ബലതകളും നമുക്ക് ഉണ്ട്. വിജയങ്ങളില്‍ മാത്രം നമ്മെ അടയാളപ്പെടുത്താനും തിരിച്ചരിയാനും ശ്രമിക്കുമ്പോള്‍, വിജയപരാജയങ്ങളെ സമചിത്തതയോടെ കാണണം എന്ന സര്‍വ്വ സാധാരണ സമീപനത്തെ അവഗണിക്കുകയാണ് ചെയ്യുന്നത്. യഥാര്‍ത്ഥത്തില്‍ ഇവിടെ കുറ്റവാളിയായി മാറുന്നതു നമ്മെപ്പറ്റിയുള്ള നമുക്കുള്ള ധാരണകളാണ്. self image ആണ്. നാം നമ്മെ തന്നെ വലിയ ഒരു സിംഹാസനത്തില്‍ ഇരുത്തി വാഴ്ത്താന്‍ ആഗ്രഹിക്കുന്നവരാണ്....... പെട്ടെന്ന് ഒരു ദിനം സിംഹാസനത്തില്‍ നിന്ന് വീഴുന്ന അനുഭവത്തെ അംഗീകരിക്കുവാന്‍ നമുക്ക് ആവില്ല.
ദിനരാത്രങ്ങള്‍ പോലെ, ജീവിതത്തിന്റെ ഉയര്‍ച്ചയും താഴ്ചകളും ജയപരാജയങ്ങളും, സമചിത്തതയോടെ വീക്ഷിക്കന്നതില്‍ സംഭവിച്ച അപാകതയല്ലേ ജസീന്തയെ ദുരിതത്തിലേക്ക് നയിച്ചത്?
അസ്തിത്വ ചിന്തകനായ ജീന്‍ പോള്‍ സാര്‍ത്രര്‍ന്റെ ആ വാക്യം ആവര്‍ത്തിക്കട്ടെ. എത്രയോ വിലപിടിച്ച വസ്ത്രങ്ങളാണ് ധരിച്ചിരിക്കുന്നതെങ്കിലും വസ്ത്രങ്ങള്‍ക്കടിയില്‍ നാം നഗ്നരാണ് എന്ന സത്യം നാം വിസമരിക്കരുത്.'വല്ലപ്പോഴെങ്കിലും ബാത്ത് റൂമില്‍ കയറി വാതിലടച്ച് വസ്ത്രങ്ങള്‍ എല്ലാം മാറ്റി നമ്മെ തന്നെ സ്വയം നോക്കി കാണുന്നത് നല്ലതാണ്.
അപ്പോള്‍ അയ്യേ... എന്ന ശബ്ദം നമ്മില്‍ നിന്ന് ഉതിര്‍ന്നില്ലെങ്കില്‍ അനുമാനിക്കാം ജീവിതത്തിന്റെ എല്ലാ ഉയര്‍ച്ച താഴ്ചകളെയും യഥാര്‍ത്ഥമായി കാണാന്‍ നാം പ്രാപ്തരാണെന്ന്. self image കപടമാണ്. യാഥാര്‍ത്ഥ്യവുമായി ബന്ധമില്ലാത്തതുമാണ്. അതിന്റെ തടവറകളില്‍ നിന്ന് മുക്തരാവുക.
പ്രാകാശം പരത്തുന്ന പെണ്‍കുട്ടിയെപ്പോലെ പ്രസന്നവതിയായ ജസീന്തയുടെ ഫോട്ടയിലേക്ക് വീണ്ടും വീണ്ടും നോക്കി പോവുകയാണ്. അറിയാതെ ആഗ്രിഹിച്ചു പോവുകയാണ്, ജസീന്തയും നമ്മോടൊപ്പം ഉണ്ടായിരുന്നെങ്കില്‍ ഈ ലോകം കൂറെക്കൂടി സുന്ദരമായെനെ എന്ന്.
ഒരു പാരിജാതപുഷ്പം പോലെ ചുറ്റും സൗരഭ്യം പരത്തി സന്തോഷവതിയായി മുന്നേറെണ്ട ജസീന്ത സന്താനയുടെ അകാലത്തിലുള്ള മരണം നമ്മെ എല്ലാം ദു:ഖത്തിലാകുന്നു.
നാം പ്രതിജ്ഞാബദ്ധരാകേണ്ടിയിരിക്കുന്നു, ജസീന്ത സന്താനയുടെ ദുര്‍വിധി ഇനി ആവര്‍ത്തിക്കപ്പെടരുത്. അകാലത്തില്‍ മൃത്യുവിനെ വരിച്ച മാതാവിന്റെ ഓര്‍മ്മകളും പേറി കുഞ്ഞുമക്കള്‍ അലയരുത്.
ജസീന്ത സന്താനക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതോടൊപ്പം, ഇത്തരം ദുരന്തങ്ങല്‍ ആവര്‍ത്തിക്കപ്പെടാതിരിക്കട്ടെ എന്ന് ആശിക്കുന്നു, പ്രാര്‍ത്ഥിക്കുന്നു.

ചാണക്യന്‍::::::-:: : :::ഒളിമ്പിക്‌സ്


ഒളിമ്പിക്‌സ് ഒരു പരാജിതന്റെ ക്ഷമിക്കണം ഒരു ദാര്‍ശിനികവീക്ഷണത്തില്‍!!11....

 സ്‌നേഹസൗഹാര്‍ദങ്ങളോടെയുള്ള ലോകരാഷ്ട്രങ്ങളുടെ പങ്കാളിത്തമാണ് ഒളിമ്പിക്‌സ് നല്കുന്ന മഹനീയ സന്ദേശം.
വിജയപരാജയങ്ങള്‍ കേവലം ആപേക്ഷികമാണ്! അവ ബോധമണ്ഡലത്തില്‍ അലയടിക്കുന്ന താല്ക്കാലികമമായ ഒരു മിഥ്യാഭ്രമമാണ്! ഒളിമ്പിക്‌സില്‍ ഇന്ത്യ പങ്കെടുത്തു എന്നുള്ളതാണ് പ്രധാന കാര്യം. (അഭിമാനിക്കാം എന്ന പദം ഉപയോഗിക്കരുത്. അതില്‍ ഒരു തരം സഹജീവികളോടു അവഗണനയില്‍ കുതിര്‍ന്ന ആക്രമനോത്സുകത ഇല്ലേ?)
ലണ്ടനില്‍ ഈ കഴിഞ്ഞ 30-ാമത് ഒളിമ്പിക്‌സില്‍ 204 ലോക രാഷ്ട്രങ്ങള്‍ പങ്കെടുത്തു. ലോകജനസംഖ്യയില്‍ രണ്ടാം സ്ഥാനക്കാരായ ഇന്ത്യ 6 മെഡലുകളോടെ 55-ാമത് സ്ഥാനത്തേയ്ക്ക് തഴയപ്പെട്ടതില്‍ നിരാശരാകാതെ അല്പം ദാര്‍ശിനിക അവബോധത്തോടെ ഈ കഴിഞ്ഞ ഒളിമ്പിക്‌സിനെ വില ഇരുത്തേണ്ടിയിരിക്കുന്നു. അല്ലെങ്കില്‍ തന്നെ നാം എന്തിന് നിരാശരാകാണം? ഇന്ത്യക്ക് 2 വെള്ളിയും നാല് വെങ്കലവും നേടി മൊത്തം ആറു മെഡലുകളാണ് ഇന്ത്യ നേടിയത്! ബയ്ജിങ് നേടിയ മെഡല്‍ നിലകളുമായ താരതമ്യം ചെയ്യുമ്പോള്‍ ഇരട്ടി മെഡലുകള്‍! എന്നു പറഞ്ഞാല്‍ 100% വളര്‍ച്ചാനിരക്ക്! ആ മഹത്തരമായ നോട്ടത്തില്‍ ഇന്ത്യക്ക് തെല്ലും അഹങ്കാരമില്ല. ഭാരതീയ സംസ്‌ക്കാരത്തിന് അനുചിതമായ രീതിയില്‍ ആ മഹത്തരമായ നേട്ടത്തില്‍  അഭിമാനിക്കാതെ ഇന്ത്യ ലോക രാഷ്ട്രങ്ങളുടെ മുമ്പില്‍ വിനയാന്വിതരായി കൂപ്പുകരങ്ങളോടെ നിലകൊള്ളുന്നു. ഭാരതീയ സംസ്‌ക്കാരത്തിന്റെ അന്തസത്തയില്‍ ജീവിതം ഒരു മത്സരമല്ല. അതൊരു 'ലീലയാണ്' വെറുംകളി.
38 സ്വര്‍ണ്ണമെഡലുകള്‍ നേടാന്‍ ചൈനക്കാര്‍ എന്തെല്ലാം സഹിച്ചുവെന്ന്, ചൈനയുടെ ഇരുമ്പ് മറകള്‍ ഭേദിച്ചുകൊണ്ടുള്ള വാര്‍ത്തകള്‍ ലോകം മുഴുവന്‍ പ്രചരിക്കയാണ്. സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളിലൂടെ പ്രചരിച്ച വാര്‍ത്തകളും ദൃശ്യങ്ങളും, കണ്ട് ലോകജനത ഞെട്ടിത്തരിച്ചില്ലേ? ഹിറ്റ്‌ലറുടെ കാലത്ത് കോണ്‍സ്റ്റര്‍റേഷന്‍ ക്യാമ്പുകളില്‍ നടന്ന ക്രൂരപീഡനമുറകളെ ഓര്‍മ്മിപ്പിക്കുന്ന രീതിയിലുള്ള പീഡനകളിലൂടെയായിരിക്കുന്നു ചൈനീസ് മത്സരാര്‍ത്ഥികളുടെ പരിശീലനമുറകള്‍!
ഈത്തരം പീഡനമുറകള്‍ സഹിച്ചുകൊണ്ട് ആര്‍ക്കുവേണ്ടി ഈ സ്വര്‍ണ്ണവേട്ട? ലോകരാഷ്ട്രങ്ങളുടെ മുന്നില്‍ 'ബീംബിസ്' കാണിക്കാനുണ്ടോ? ആത്മവിശ്വാസം ഇല്ലാത്തവന്റെ പുകമുറകള്‍ സൃഷ്ടിച്ചുകൊണ്ടുള്ള, മേധാവിത്വം നേടാനുള്ള വെറും കസര്‍ത്തുകളെല്ലേ ഇവയെല്ലാം.
അവരുടെ വിപ്ലവാചാര്യന്‍ മാവോയെ മാത്രം പഠിച്ചാല്‍ പോരാ, പൗരാണികാചാര്യന്‍ 'കണ്‍ഫ്യുഷസ്'നെയും അവര്‍ ഉറക്കെ ഉറക്കെ വായിക്കേണ്ടിയിരിക്കുന്നു. മേധാവിത്വം നേടാനുള്ള ഓട്ടപന്തയം അല്ല ജീവിതം! ജീവിതം ഒരു ലീലയാണ്. വെറും കളിയാണത്!! ഹൃദയഭാവത്വങ്ങളുടെ സ്വഭാവികത നഷ്ടപ്പെടുത്തി ജീവിതത്തെ ഒരു സമ
രഭൂമിയാക്കരുത്? 104 മെഡലുകള്‍ തേടി ഓവറോള്‍ ചാമ്പ്യന്‍മാരായ അമേരിക്കയുടെയും പിന്നാമ്പുറകള്‍ ആരും പറഞ്ഞില്ലെങ്കിലും ഇന്ത്യക്കാരായ നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. പരാജിതര്‍ എന്നും എവിടെയും ഊഹാപോഹങ്ങളില്‍ അദ്വിതരാണെന്നാണ് ചരിത്രം! മത്സരം തുടങ്ങുന്നതിന് മുമ്പ് ജമാക്കയുടെ മിന്നല്‍ ഓട്ടക്കാരന്‍ ഹുസൈന്‍ ബോള്‍ട്ടിന്റെ പ്രസ്താവന ഏറെ ശ്രദ്ധേയം.
''എനിക്ക് മുമ്പ് ഇതിഹാസങ്ങള്‍ രചിച്ചിട്ടുണ്ട്. ഇനിയും ഇതിഹാസങ്ങള്‍ എഴുതപ്പെടാം. എന്നാല്‍ ഈ വര്‍ത്തമാന കാലം എന്റേതാണ്. ഇവിടെ ഞാന്‍ ഇതിഹാസം രചിക്കും.''
തന്റെ പ്രസ്താവനയെ തികച്ചും അന്വര്‍ത്ഥമാക്കുന്ന ഇതിഹാസ വിജയം ആയിരുന്നു ബോള്‍ട്ട് നേടിയത്!! കൈകാലുകളിലെ മാംസപേശികള്‍ വിഭ്രമിപ്പിച്ചുകൊണ്ട് ഇതിഹാസ ലക്ഷ്യത്തിലേക്ക് കുതിക്കാന്‍ തയ്യാറെടുക്കുന്ന ബോള്‍ട്ടിനെ നമുക്ക് എങ്ങനെ വിസ്മരിക്കാനാകും? ഹുസൈന്‍ ബോള്‍ട്ട് നമ്മോട് പറയുന്നത് ഒന്നു മാത്രം.
'Keep in track. keep in track! എല്ലാ പ്രതിസാന്‍ധികളേയും അതിജീവിച്ച് ലക്ഷ്യത്തിലേക്ക് കുതിക്കുക.
തന്നോടൊപ്പം ഭക്ഷിക്കയും പാനം ചെയ്യുക ചെയ്തവന്‍ തന്നെ ഒറ്റിയെടുക്ക എന്നറിഞ്ഞിട്ടും, തന്റെ അരുമശിഷന്‍ നിര്‍ണ്ണായക മുഹൂര്‍ത്തത്തില്‍ തള്ളിപ്പറയും എന്നറിഞ്ഞിട്ടും,  അര്‍പ്പിതമായ ലക്ഷ്യത്തില്‍ നിന്ന് വ്യതിചലിക്കാതെ മുന്നേറിയ യേശുനാഥനെ ഈ അവസരത്തില്‍ ഓര്‍ത്തുപോകുന്നു.
ഈ കഴിഞ്ഞ ഒളിമ്പിക്‌സില്‍ എത്ര എത്ര ചരിത്രമുഹൂര്‍ത്തങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചത്.
31 ലോക റെക്കോര്‍ഡുകളാണ് ഈ കഴിഞ്ഞ ഒളിമ്പിക്‌സില്‍ പിറന്നത്. വിജയികളുടെ ആഹ്ലാദാരവങ്ങള്‍, ആഘോഷ തിമര്‍പ്പുകള്‍, പ്രത്യാശയുടെ പുഞ്ചിരികള്‍ വിലാപത്തില്‍ അവസാനിക്കുന്നത്, പരാജിതന്റെ കണ്ണീര്‍, വിലാപങ്ങള്‍, വിതുമ്പലുകള്‍ അങ്ങനെ എത്ര എത്ര ഭാവതലങ്ങള്‍ ഒളിമ്പിക്‌സ് സ്റ്റേഡിയത്തില്‍ വിരിയുകയും കൊഴിയുകയും ചെയ്തു!! ബിബിസി ആവര്‍ത്തിച്ചാവര്‍ത്തിച്ച് എടുത്തു കാണിച്ച ആ ദൃശ്യം വിജയപരാജയങ്ങളെക്കാള്‍ പ്രധാന്യം സൗഹൃദമാണെന്ന് നമ്മെ ഓര്‍മ്മിപ്പിച്ചു.
3000 മീറ്റര്‍ സ്റ്റപ്പിള്‍ ചെയ്‌സില്‍ ജയിച്ച കെനിയായുടെ എസെകിയെന്‍ കൊബായിയെ ഫ്രാന്‍സിന്റെ രണ്ടാം സ്ഥാനം നേടിയ മഹിയെദിന്‍ തോളിലേറ്റി ആഹ്ലാദപ്രകടനം നടത്തുന്ന ദൃശ്യം!
മാനവ ഐക്യത്തിന്റെ സുവര്‍ണ്ണ സന്ദേശമാണ് അവിടെ തോളിലേറ്റപ്പെട്ടത്.
കൃത്രിമ അവയവുമായി പങ്കെടുത്ത ദക്ഷിണാഫ്രിക്കയുടെ ഓട്ടക്കാരന്‍ ഓസ്‌കര്‍ പിസ്റ്റേയസ് നമ്മെ ഓര്‍മ്മിപ്പിക്കുന്നത് വിധിയുടെ കരാളഹസ്തങ്ങളില്‍പ്പെട്ട് ഞെരിഞ്ഞമരാന്‍ അനുവദിക്കാത്ത മനുഷ്യന്റെ നിശ്ചയദാര്‍ഢ്യമാണ്.
വിധിയെ പഴിച്ച് തമസ്സിന്റെ താഴ്‌വാരങ്ങളില്‍ ആത്മനിന്ദയോടെ അഭയം തേടുന്നതിന് പകരം കര്‍മ്മനിരതയുടെ അനന്തവിഹായുസ്സിലേക്ക് പറന്നു ഉയരാന്‍ നമ്മെ പ്രചോദിപ്പിക്കുന്നു. ഉജ്ജ്വലപ്രകടനമായിരുന്നു ഓസ്‌കര്‍ പിസ്റ്റേയിന്റേത്.
ഈ ജീവിതത്തില്‍ നാം എന്ത് നേടുന്നു എന്നുള്ളത് അത്ര പ്രസക്തമല്ല, അവസാനയാത്രാമൊഴി, ഏകനായി, മൗനമായി ചൊല്ലുമ്പോള്‍ നേട്ടങ്ങള്‍ നമ്മോടൊപ്പം വരികില്ല. ജീവിതത്തോടുള്ള മനോഭാവമാണ് പ്രസക്തം.
ജീവിതം ഒരു കളിയാണ്. ലീലയാണ്. നമുക്ക് അത് ആസ്വദിക്കാം. ആരെയും വേദനിപ്പിക്കാതെ നമുക്കതില്‍ പങ്കാളിയാവാം. ഒളിമ്പിക്‌സില്‍ ഉയര്‍ത്തപ്പെടുന്ന ദീപശിഖ ഓര്‍മ്മിപ്പിക്കുന്നത്, സ്വര്‍ണ്ണമോ വെള്ളിയോ വിജയപരാജയങ്ങളോ നേട്ടങ്ങളോ കോട്ടങ്ങളോ അല്ല, മാനവിക ഐക്യത്തില്‍ നിന്ന് ഉണ്ടാവുന്ന നിത്യമാം സ്‌നേഹ സൗഹാര്‍ദങ്ങളുടെ പ്രകാശധാരയാണ്. അതു നമ്മുടെ രാഷ്ട്രനേതാക്കളുടെ, ലോകജനതയുടെ ഇരുളടഞ്ഞ ഹൃദയങ്ങളെ സ്‌നേഹദീപ്തമാക്കട്ടെ!!

ചാണക്യന്‍ : കല്ലായ് മാറാതെ പുഴയായ് നമുക്കൊഴുകാം


വികസിതരാജ്യമായ യു.കെയില്‍ സമ്പദ് സമ്യദ്ധിയുടെ നടുവില്‍ സുഖലോലുപന്‍മാരായി നാം വാണരുളുകയാണെന്നാണ് നാട്ടിലെ നമ്മുടെ ബന്ധുക്കളുടെയും സുഹ്യത്തുക്കളുടേയും വിലയിരുത്തല്‍.
നാട്ടിലെ യാതനകളുമായി ഇവിടുത്തെ ജീവിതം താരതമ്യം ചെയ്യുമ്പോള്‍ ഇവിടെ നാം 'സുഖി 'യന്‍മാരായി വാണരുളുക തന്നെയാണ്.
സംശയം ഉണ്ടെങ്കില്‍ ആലുവായില്‍ നിന്ന് എറണാകുളം വരെ കാറിലോ ബസിലോ യാത്ര ചെയ്യുക. യാതന എന്താണെന്നും,പീഡനുഭവം എന്താണൈന്നും അതിന്റെ തീവ്രതയില്‍ അനുഭവിച്ചറിയാം.നാട്ടില്‍ ഏതെങ്കിലും കാര്യനിര്‍വഹണത്തിനായി സര്‍ക്കാര്‍ ഓഫീസുകളുടെ നൂലാമാലകളിലൂടെ കടന്നുപോകാന്‍ വിധിക്കപ്പെട്ടവനാണെങ്കില്‍, സംശയിക്കേണ്ട അവന്‍ ഉടലോടെ സ്വര്‍ഗ്ഗത്തിലെത്തും.
വസ്തുതകള്‍ ഇങ്ങനെയൊക്കെത്തന്നെയാണെങ്കിലും, നാട്ടില്‍ ചെന്ന് സ്വഛമായ ഒരു ജീവിതം സ്വപനം കാണുന്നവരാണ് നാം. അതുകൊണ്ടാണ് പല്ലികള്‍ക്കും, ചിലന്തികള്‍ക്കും വാടക ഇല്ലാതെ താമസിക്കാന്‍ നാം ലക്ഷങ്ങള്‍ മുടക്കി മണിമാളികകള്‍ പണികഴിപ്പിച്ചിരിക്കുന്നത്( കൈവശാവകാശനിയമമനുസരിച്ച് ചിലന്തികള്‍ അടക്കമുള്ള ക്ഷുദ്ര ജീവികള്‍ കോടതി കയറാതിരുന്നാല്‍ ഭാഗ്യം!!)
നാട്ടില്‍ അവധിക്കുപോകുമ്പോള്‍ രാവിന്റെ നിശബ്ദതയില്‍ ചെവിയോര്‍ക്കാന്‍ ക്ഷുദ്രജീവികള്‍ തമ്മിലുള്ള നര്‍മ്മസല്ലാപം ശ്രവിക്കാം 'ഈ മണ്ടന്‍ മറുനാടന്‍ മലയാളികള്‍ ഇല്ലാതിരുന്നാല്‍ നമുക്ക് വംശനാശം സംബവിച്ചേനെ'!!
നാട്ടില്‍ ചെന്ന് സ്വഛമായ ഒരു വിശ്രമ ജീവിതം നമ്മില്‍ പലരുടെയും ഒരുക്കം സഫലികരിക്കപ്പെടാന്‍ സാധ്യതയില്ലാതെ നിഷ്ഫല സ്വപ്‌നം മാത്രം ആകാം. ഏങ്കിലും നാം സ്വപ്‌നം കാണും
നാട്ടില്‍ ചെന്ന് അല്ലലില്ലാതെ
ജീവിക്കുന്ന ഒരു നല്ല കാലത്തെപറ്റി!!
ഈ സുഖ സമ്യദ്ധിയുടെ നടുവിലത്തെ, പ്രരാപ്തതകളും, പരാധിനതകളും മാത്രമുള്ള നാട്ടില്‍ ചെന്ന് സമാധാനപരമായി ജീവിക്കാമെന്ന് നാം സ്വപ്‌നം കാണുന്നതിന്റെ കാരണം എന്താണ്?
ഔപചാരികതയുടെ പ്രകടനപരിതികളില്ലാതെ, ഊഷ്മളമായ മനുഷ്യബന്ധങ്ങളാകാം നമ്മെ നാട്ടിലേക്ക് തിരിച്ചുപോകുവാന്‍ പ്രേരിപ്പിക്കുന്നത്.
മാറികൊണ്ടിരിക്കുന്നസാമൂഹിക സമ്പാത്തിക പരിസ്ഥിതി കാരണങ്ങളാല്‍ നാട്ടിലൊരു വീട് എന്നത് വലിയ ഒരു ശരിയായിരിക്കാം, പക്ഷേ നാളെ നാട്ടില്‍ സ്വഛമായി ഒരു ജീവിതം നയിക്കാം എന്ന കാഴ്ചപ്പാടിനെ താലോലിക്കുന്നതില്‍ വൈകാരികമായൊരു അസന്തുലിതാവസ്ഥയില്ലേ?
വര്‍ത്തമാന കാല മനുഷ്യബന്ധങ്ങളിലെ, സൗഹ്യദബന്ധങ്ങളിലെ ഊഷ്മളത നുകരാന്‍ നമുക്ക് കഴിയാത്തതുകൊണ്ടല്ലേ നാളെയുടെ സ്വപ്‌നങ്ങളില്‍ നാം ആമഗ്നരാവുന്നത്.
പ്രാര്‍ത്ഥിക്കാന്‍ പഠിച്ചപ്പോള്‍ സ്‌നേഹിക്കാന്‍ മറന്നുപോയി എന്നു പറയുന്നതുപോലെയുള്ള ഒരു അവസ്ഥാവിശേഷം നമ്മുടെ ബന്ധങ്ങളെ ഊഷരഭൂമിയാക്കുന്ന്ില്ലേ?
ജീവിതത്തെ സന്തോഷകരമാക്കുന്നത് ആഹ്ലാദകരമായ ഒരനുഭവമാക്കുന്നത്, ആഘോഷമാക്കുന്നതത് മനുഷ്യബന്ധങ്ങളിലെ ഊഷ്മളതയാണ്. അവയുടെ അഭാവം നമ്മെ ഒരു സ്വപ്‌നജീവിയാക്കും.
പ്രവാസജീവിത്തിന്റെ മനോപീഡകള്‍ക്കുള്ള ഏകമരുന്ന് ഊഷ്മളമായ സുഹൃദ് ബന്ധങ്ങള്‍ നിലനിര്‍ത്തുക എന്നതാണ്. പക്ഷേ നമ്മുടെ ബന്ധങ്ങളില്‍ ഊഷ്മളത നഷ്ടപ്പെട്ട് തികച്ചും ഔപചാരികതകളുട താളലയങ്ങളില്‍ ലീനമാവുകയല്ലേ? സ്വര്‍ഗ്ഗ സമാനമായ നമ്മുടെ യു.കെ. ജീവിതത്തെ യാതനപര്‍വ്വമാക്കിമാറ്റുന്നത് അവസാനമില്ലാത്ത നമ്മുടെ പരാതികളും പരിഭവങ്ങളുമല്ലേ?
ധനസമ്പാദന മാര്‍ഗ്ഗങ്ങളെപ്പറ്റിയും അതിന്റെ ഫലപ്രദമായ മാര്‍ഗ്ഗങ്ങളെപ്പറ്റിയും നമുക്കു നല്ല നിശ്ചയമുണ്ട്.  അതീവ ജാഗ്രതയോടെ നാം സമ്പാദിച്ച ധനം വിനിയോഗിക്കുകയും ചെയ്യുന്നു. പക്ഷെ നൈസര്‍ഗികമായി നമ്മിലുള്ള ജീവദായകമായ ഊര്‍ജ്ജത്തെ തികച്ചും സ്വാഭാവികമായ രീതിയില്‍ അനുഭവവേദ്യമാക്കാനും വളരാനും നിലനിര്‍ത്താനും നാം ജാഗ്രതകാണിക്കുനിനില്ല.
വര്‍ണ്ണമോ രൂപമോയില്ലാത്ത വൈദ്യുതോര്‍ജ്ജത്തെ പ്രകാശോര്‍ജ്ജമായും താപോര്‍ജ്ജമായും, മറ്റും നാം മാറ്റുന്നത് നാം ഉപയോഗിക്കുന്ന ഉപകരണങ്ങളിലധിഷ്ഠിതമാണ്.
പരാതികളാലും, പരിഭവങ്ങളാലുമുള്ള ഫിലമെന്റുകള്‍ നമ്മുടെ ഹൃദയ ധമനികളോട് വിളക്കിച്ചേര്‍ത്തത്‌കൊണ്ടല്ല നമ്മുടെ ജീവിതം വിഷലിപ്തമാകുന്നത് സംഘര്‍ഷഭരിതമാകുന്നത്.
നാം സൗകര്യപൂര്‍വ്വം വിസ്മരിക്കുന്നത് കണക്കിലെ കൃത്യതപോലെ, പ്രകൃതി നിയമങ്ങള്‍ക്കും അലംഘനീയമായ ഒരുതരം കൃത്യതയുണ്ട്. 100 ഡിഗ്രിയില്‍ ശുദ്ധജലം തിളക്കുക എന്ന നിയമം എന്നും എവിടെയും ഒരുപോലെയാണ്.
പരാധികളും പരിഭവങ്ങളുമുള്ള ഒരു ഹൃദയത്തില്‍ നിന്ന് സംഘര്‍ഷരഹിതമായ ഒരു പ്രവര്‍ത്തന ശൈലി ഉടലെടുക്കില്ല. ജീവിതത്തെ സന്തോഷകരമായ ഒരനുഭവമാക്കി മാറ്റണമെങ്കില്‍  ആദ്യമായി തന്നെ പരാധികളെയും പരിഭവങ്ങളെയും ഹൃദയത്തില്‍ നിന്ന് ഉന്മൂലനം ചെയ്യണം. രക്തരഹിതമായ ഒരുതരം സൈക്കോളജിക്കല്‍ റവല്യൂഷനിലൂടെ മാത്രമേ ഇത് സംഭവിക്കുകയുള്ളു.
ബന്ധങ്ങളില്‍ അപസ്വരമുയരുമ്പോള്‍ തന്നെ സമാധാന കാംക്ഷികള്‍ ഏകപക്ഷീയമായി വെടിനിറുത്തല്‍ പ്രഖ്യാപിച്ച് വിജനതകളുടെ ഏകാന്തതകളില്‍ അഭയംതേടണം. അത് ആത്മാവിന്റെ സ്വരൂപത്തെ വീണ്ടെടുക്കാനുള്ള ഒരു ശ്രമമാണ്. ഒരായികം വെടിഉണ്ടകളെ നെഞ്ചിലേറ്റാനുള്ള മനസ്ഥിതിയാണ് ഇതിനാവശ്യം. ഇതാണ് യഥാര്‍ത്ഥ ധീരത.
ഒടിഞ്ഞ കൈ ചേര്‍ന്ന് കിട്ടാന്‍ മരുന്നുകള്‍ക്ക് പകരം അസ്ഥികള്‍ക്ക് ആയാസം നല്ലരീതിയില്‍ നല്‍കാന്‍ നാം ശ്രമിക്കണം. അനായാസതയാണ് അസ്ഥികളുടെ പൂര്‍വ്വാവസ്ഥ നേടി എടുക്കാനുള്ള മരുന്ന്.
ധന്യമായ സൈക്കോളജിക്കല്‍ നിശബ്ദതയാണ്. വ്രണിതമായ നമ്മുടെ ഹൃദയങ്ങള്‍ക്ക് ബാം ആയ്ി മാറേണ്ടത്. പക്ഷേ ഹൃദയത്തില്‍ നിശബ്ദതയുടെ തീരം കണ്ടെത്താന്‍ പരാജയപ്പെടുന്നതുകൊണ്ടാണ് ഹൃദയത്തിലേറ്റ മുറിവുകളില്‍ നിന്ന് രക്തം വാര്‍ന്നുകൊണ്ടിരിക്കുന്നത്. അങ്ങനെയാണ് കണ്ണീര്‍പാടങ്ങളും, കണ്ണീര്‍ പുടങ്ങളും രക്തപങ്കിലമായ രണഭൂമികളും ഉയിര്‍കൊള്ളുന്നത്. സാന്ത്വനത്തിന്റെ ശീതളിമ നഷ്ടപ്പെട്ട നമ്മുടെ ഹൃദയം വന്‍ മരുഭൂമിയായിമാറുന്നത്. അതുകൊണ്ട് ഹൃദയത്തിലെ നിശബ്ദതകളുടെ താഴ് വാരങ്ങള്‍ നമുക്ക് കണ്ടെത്താം. മഴയേയും കാറ്റിനെയും തണുപ്പിനെയും നമുക്ക് തടഞ്ഞുനിര്‍ത്താനാവില്ല. പക്ഷേ ഒരു കോട്ട് ധരിക്കാന്‍ സുരക്ഷിതമായി നിമുക്ക് തെരുവിലൂടെ സഞ്ചരിക്കാം.
സമുദ്രതീരത്തെ തിരമാലകളുടെ അലര്‍ച്ച കണ്ട് അതാണ് സമുദ്രം എന്ന് ധരിക്കരുത്. ഉള്‍ക്കടല്‍ നിതാന്ത നിശബ്ദതയിലാണ്. ലോകമനസ്സുമായി സംവേദിക്കുന്ന നമ്മുടെ ഉപരിമണ്ഡലം മാത്രമാണ് പ്രക്ഷുബ്ദം. അതിന്റെ അഗാധത നിതാന്ത നിശബ്ദമാണ്. കൊഴിഞ്ഞുപോയ ഇന്നലകളിലെ പ്രക്ഷുപ്താവസ്ഥകളില്‍ തപം ചെയ്തു നമ്മുടെ ഹൃദയത്തെ കല്ലാക്കാതെ, മൃദുലവികാരങ്ങളാല്‍ ഒഴുകുന്ന ഒരു പുഴയായി നമുക്ക് ഒഴുകാം.
പ്രാഥമിക വിദ്യാഭ്യാസമാണ് ഉന്നത വിദ്യാഭ്യാസത്തിന്റെ അടിത്തറ. ഭൂലോക ജീവിതത്തിലെ  സ്‌നേഹസൗഹൃദങ്ങളുടെ ഊഷ്മളത നുകരാതെ നാം എങ്ങിനെ സ്വര്‍ഗ്ഗരാജ്യത്തിലെ മധുരം നുകരും? നമ്മുടെ വര്‍ത്തമാനകാല യു.കെ. ജീവിതം സൗഹൃദങ്ങളാല്‍ സമ്പന്നമാക്കാം ദീപ്തമാക്കാം. കല്ലായി മാറാതെ പുഴയായി നമുക്കൊഴുകാം.

Look at me


നാം മലയാളികള്‍ മറ്റുളളവരുടെ കഴിവുകള്‍ അംഗീകരിക്കുന്നതില്‍ വൈമുഖ്യമുള്ളവരാണോ?
യഥാര്‍ത്ഥത്തില്‍ ഈ കഴിവുകള്‍ എന്നു പറയുമ്പോള്‍, നാം വിവക്ഷിക്കുന്നത് എന്താണ്?
ലക്ഷങ്ങളുടെ, കോടികളുടെ സമ്പത്ത് നേടാന്‍ കഴിഞ്ഞവരെ നാം കഴിവുള്ളവരുടെ ഗണത്തില്‍പ്പെടുത്തുന്നു. ഏതാനും പുസ്തകങ്ങള്‍ രചിച്ചിട്ടുള്ള പ്രതിഭാസമ്പന്നരെയും, നന്നായി പാടാനും, അഭിനയിക്കാനും, പ്രസംഗിക്കാനും, ഏറെ ഭാഷകള്‍ അനായാസമായി കൈകാര്യം ചെയ്യുവാനുമുള്ള മികവ് ഉള്ളവരെയും, നല്ല സംഘടനാപാടവം ഉള്ളവരെയും, കാര്യഗ്രഹണശേഷി ഉള്ളവരെയും ഉന്നതവിദ്യാഭ്യാസമുള്ളവരെയും എല്ലാം നാം 'കഴിവ്' ഉള്ളവരായി കണക്കാക്കുന്നു.
സംശയമില്ല. ഇവ എല്ലാം കഴിവുകള്‍ തന്നെ. പക്ഷേ ഇതിന്റെ പേരില്‍ ബഹുമാനിക്കപ്പെടണം, ആദരിക്കപ്പെടണം എന്ന ഭാവത്തില്‍ നമ്മുടെ മുന്നില്‍ മിന്നിപൊങ്ങി നില്ക്കുന്ന ഒരുവനില്‍ എന്തോ അപാകതയില്ലേ?
സ്‌നേഹത്തിന്റെ മഹിമ ഒരിക്കലെങ്കിലും ഹൃദയത്തില്‍ അനുഭവിച്ചിട്ടുള്ളവര്‍ക്ക് അറിയാം, കൈയില്‍ ഭിക്ഷാപാത്രവുമായി നടന്നൂ നേടി എടുക്കേണ്ടതല്ല അതെന്ന്!!
ആത്മാവിന്റെ നിറവില്‍ നിന്ന് അവിരാമമായി, ഉപാധികളില്ലാതെ ഒഴുകുന്ന പരിശുദ്ധമായ ഊര്‍ജ്ജപ്രവാഹമാണത്. അതില്‍ തന്നെ അത് സാന്ദ്രമാണ്, ധന്യമാണ്, പവിത്രമാണ്, പൂര്‍ണ്ണമാണ്.
മഹാത്മഗാന്ധിജിയുടെ സമീപത്തിരിക്കാനും, സംഭാഷണത്തില്‍ ഏര്‍പ്പെടാനും ഭാഗ്യം സിദ്ധിച്ചവര്‍ ഒരുപോലെ സമ്മതിക്കുന്ന ഒരു കാര്യം ഉണ്ട്.
ഗാന്ധിജിയുമായി സംസാരിക്കുമ്പോള്‍, ഗാന്ധിജി എത്ര മഹാനെന്നല്ല സ്വയം വെളിപ്പെടുത്താന്‍ ശ്രമിച്ചിരുന്നത്, മറിച്ച് ശ്രോതാവിന്റെ മഹത്വം ആണ് ഗാന്ധിജി തൊട്ടു ഉണര്‍ത്തുന്നത്.  ആ ഉണര്‍വ്വിന്റെ ഊര്‍ജ്ജലതയില്‍ നാം അറിയാതെ കൃതജ്ഞതയോടെ കരങ്ങള്‍ കൂപ്പി പോവൂന്നൂ.
ഇവിടെ ആദരവ് ആവശ്യപ്പെട്ട് നേടുകയല്ല.
ഉണ്മയുടെ ഉണര്‍വില്‍ തികച്ചും സ്വഭാവികമായി സംഭവിക്കുകയാണ്. പൂമൊട്ട് വിടര്‍ന്ന് പൂവാകുന്നതുപോലെ, രാത്രി പകലിന് വഴിമാറി കൊടുക്കുന്നത് പോലെ തികച്ചും സ്വാഭാവികമായ പരിണാമം.
മഹാനായ ചക്രവര്‍ത്തി അലക്‌സാണ്ടര്‍, ലോകം പിടിച്ചടക്കുന്നതിനുള്ള തന്റെ സാഹസികയാത്ര തുടങ്ങുന്നതിന് മുമ്പ്, തന്റെ സതീര്‍ത്ഥ്യനും ചിന്തകനുമായ ഡയോജിനിയസ്സിനെ സന്ദര്‍ശിച്ചു. മനുഷ്യന്റെ കാപട്യത്തേയും മത്സരങ്ങളെയും, ക്രൂരതയേയും അങ്ങേയറ്റം വെറുത്ത്, നാണം മറയ്ക്കാനുള്ള വസ്ത്രം മാത്രം ധരിച്ച്, നൈല്‍നദി തീരത്ത് അങ്ങേയറ്റം ലളിതമായി ജീവിക്കുന്ന ഒരു യവനചിന്തകനായിരുന്നൂ ഡയോജിനിയസ്സ്.
അലക്‌സാണ്ടറുടെ ലോകം പിടിച്ചടക്കാനുള്ള ഉദ്യമം ശ്രവിച്ച് ഡയോജിനിയസ്സ് പരിഹാസത്തോടെ പൊട്ടിച്ചിരിച്ചു. തന്റെ കൂട്ടുകാരനായ അലക്‌സാണ്ടറോട് ഡയോജിനിയസ് ഉപദേശിച്ചു.
സുഹൃത്തേ, താങ്കള്‍ എന്തിന് ഈ ലോകം കീഴടക്കാന്‍ പോകണം? ഈ നൈല്‍നദിയില്‍ ഏറെ മത്സ്യങ്ങളുണ്ടല്ലോ? നമുക്ക് വിശക്കുമ്പോള്‍ അവയെ പിടിച്ച് ചുട്ടുതിന്ന്, ഈ മണല്‍തിട്ടയില്‍ സൂര്യന്റെ ഇളംചൂട് നുകര്‍ന്ന്, നദികരയില്‍ നിന്ന് വീശുന്ന ഇളംകാറ്റും ആസ്വദിച്ച്, സന്തോഷത്തോടെ, സംതൃപ്തിയോടെ ജീവിതം ആസ്വദിക്കാം.
യുദ്ധംകൊണ്ട് നേടുന്ന വിജയങ്ങള്‍ക്ക് ഒന്നും ഈ സന്തോഷവും സംതൃപ്തിയും തരാനാവില്ല. അലക്‌സാണ്ടര്‍ ഒരു നിമിഷം സ്തംഭിതനായി, നിശ്ചലനായി.
സമചിത്തത വീണ്ടെടുത്ത് അലക്‌സാണ്ടര്‍ പറഞ്ഞു.
താങ്കള്‍ ഉദ്ദേശിച്ചത് എനിക്കു മനസ്സിലായി.
താങ്കള്‍ അനുഭവിക്കുന്ന ലാളിത്യത്തില്‍ നിന്നുള്ള സുഖം അനുഭവിക്കാന്‍ കഴിയാത്തവിധം, എന്റെ ശരീരത്തിലെ ഓരോ അണുവും യുദ്ധത്തിനായി തുടികൊട്ടുകയാണ്.....എല്ലാം കീഴടക്കി വിജയത്തിനായുളള ഉന്മാദം എന്റെ സിരകളില്‍ അഗ്നി വിതയ്ക്കുന്ന ഈ വേളയില്‍ വിടപറയുന്നൂ.....
ലോകം കീഴടക്കാനുള്ള ചക്രവര്‍ത്തിയുടെ പ്രയാണം അവസാനിച്ചത് ഗുരുതരമായ രോഗവും അതുമൂലമുള്ള 28-ാം വയസ്സിലെ അകാലമൃത്യുവുമായിരുന്നു.
തന്റെ ജന്മനാട്ടില്‍ തിരിച്ചെത്താനും, തന്റെ പ്രിയമാതാവിനെ ഒരു നോക്കു കാണാനുമുള്ള തീവ്രമായ അന്ത്യാഭിലാഷം പൂര്‍ത്തിയാകാതെ മരണം വരിയ്ക്കുമെന്ന് ഉറപ്പായപ്പോള്‍, ചക്രവര്‍ത്തി ആശയറ്റവനെപ്പോലെ പറഞ്ഞു.
'തന്റെ അന്ത്യവിലാപയാത്രയില്‍ തന്റെ കരങ്ങള്‍, ശവമഞ്ചത്തിന്റെ പുറത്ത് ഇടുക. ലോകം കാണട്ടെ, ലോകം മുഴുവന്‍ കീഴടക്കിയ ചക്രവര്‍ത്തി വെറും കൈയ്യോടെയാണ് അന്ത്യയാത്ര ചെയ്യുന്നുതെന്ന്!!
വിജയങ്ങള്‍ക്കായുളള, അംഗീകാരത്തിനായുള്ള നമ്മുടെ ഒടുങ്ങാത്ത തൃഷ്ണയല്ലേ, ജീവിതത്തിന്റെ സൗന്ദര്യത്തെയും, സന്തോഷത്തേയും മുഴുവന്‍ തകര്‍ത്തു കളയുന്നത്?
'കഴിവുകള്‍' അംഗീകരിക്കപ്പെടാനും, ആദരിക്കപ്പെടാനും, ശ്രദ്ധാകേന്ദ്രമാകുന്നതിനുമുള്ള പടവുകള്‍ ആകുമ്പോള്‍, പെരുമാറ്റം പ്രകടനപരതയുടെ താളം തേടുന്ന മനോവ്യതിയാനത്തിന്റെ തലത്തിലെത്തും.
സ്‌നേഹിക്കപ്പെടാനും, അംഗീകരിക്കപ്പെടാനുമുള്ള ആഗ്രഹം സാധാരണക്കാരായ നമ്മിലെല്ലാം അന്തര്‍ലീനമാണ്.
പക്ഷേ ഇവിടെ ഒരു വൈരുദ്ധ്യം നാം സൗകര്യപൂര്‍വ്വം വിസ്മരിക്കുന്നു. സ്‌നേഹിക്കപ്പെടാനുള്ള വ്യഗ്രത, സ്‌നേഹത്തിന്റെ അഭാവത്തില്‍ നിന്നാണ് ഉയിര്‍കൊള്ളുന്നത്. ഇരുട്ടിലായിരിക്കമ്പോഴല്ലേ നാം വെളിച്ചം  ആഗ്രഹിക്കുന്നത്.
സ്‌നേഹിക്കുന്ന ഹൃദയം കരകവിഞ്ഞ് ഒഴുകുന്ന നദിക്ക് തുല്യം. ആത്മാവിന്റെ നിറവില്‍ നിന്ന് ഉണരുന്ന ഉറവയാണത്. നൈസര്‍ഗ്ഗികമായ കഴിവുകളും അതുപോലെ തന്നെ. ആ ഊര്‍ജപ്രവാഹത്തില്‍ തന്നെ ആനന്ദമുണ്ട്. സന്തോഷമുണ്ട്. നമ്മുടെ ഗാനഗന്ധര്‍വന്‍ യേശുദാസിന്റെ ഗാനാലാപനം എത്ര ഹൃദ്യം. കര്‍ണ്ണാനന്ദകരമല്ലോ ആ ഗാനാലാപനം. ഗാനാലാപനത്തില്‍ തന്നെ യേശുദാസ് സന്തോഷവും സംതൃപ്തിയും അനുഭവിക്കുന്നു.
അതു കാണുകയും കേള്‍ക്കുകയും ചെയ്യുന്ന നമ്മിലും അതിന്റെ അനുരണങ്ങള്‍ പ്രതിഫലിക്കുന്നു.
പണവും പ്രശസ്തിയും അതിന്റെ ഒരു ഉപോത്പന്നം മാത്രമാണ്. പക്ഷേ പണവും പ്രശസ്തിയും മാത്രം ലക്ഷ്യമാക്കി പാടുമ്പോഴോ? അത് സാമൂഹികമായ സമതുലിനാവസ്ഥയെ തകിടം മറിക്കുന്നു.
മനുഷ്യനെ, മനുഷ്യനായി കാണാന്‍ സാധിക്കുമ്പോള്‍, ഒരോ മനുഷ്യനിലും കുടികൊള്ളുന്ന നിത്യതയുടെ സ്പന്ദനങ്ങള്‍ തിരിച്ചറിയാന്‍ കഴിയും. 'വിപ്ലവം' എന്നതിന്റെ മൂലാര്‍ത്ഥം മാറ്റം എന്നതാണെങ്കില്‍, ഈ മാറ്റം സംഭവിക്കേണ്ടത് നമ്മുടെ അന്തരംഗത്താണ്.
ധാരണകളില്‍ അധിഷ്ഠിതമായ നമ്മുടെ അളവ് കോലുകള്‍ നമുക്ക് ഉപേക്ഷിക്കാം. മനുഷ്യനെ, മനുഷ്യനായി നമുക്ക് കാണാം. ലേബലുകള്‍, സ്വയം അണിയാനാണെങ്കിലും മറ്റുള്ളവര്‍ക്ക് ചാര്‍ത്തി കൊടുക്കുവാനാണെങ്കിലും നമുക്ക് വേണ്ടെന്ന് വയ്ക്കാം. അപ്പോള്‍ പ്രകൃതിയുടെ ലളിതമായ താളലയങ്ങള്‍ നമുക്ക് കണ്ടെത്താനും അനുഭവിക്കാനും കഴിയും.