2014, സെപ്റ്റംബർ 10, ബുധനാഴ്‌ച

  

                                                       

വാമനന്‍ പറയാതെ പോയത്...........


       


കേരളം സമ്പന്നതയിലേക്കും സമൃദ്ധിയിലേക്കും മുന്നേറുന്നതോടൊപ്പം ഒരു വിലാപം അവിരാമം മുഴങ്ങിക്കൊണ്ടിരുന്നു.
കേരളം മദ്യത്തില്‍ മുങ്ങുകയാണെന്ന്! മദ്യത്തിന്റെ അതിപ്രസരത്തില്‍ മുങ്ങി കേരള ജനത ശ്വാസംമുട്ടി മരിക്കുകയാണെന്ന്!
ഈ അവസരത്തിലാണ് ആദര്‍ശധീരനായ സുധീരന്റെ രംഗപ്രവേശം.
നിലവാരം ഇല്ലാത്ത ബാറുകള്‍ അടയ്ക്കപ്പെട്ടു. നന്മയെ സ്‌നേഹിക്കുന്ന നിഷ്‌കളങ്കരായ സാധാരണ ജനങ്ങള്‍ കൈയ്യടിച്ചു.
സുധീരന്‍ ആദര്‍ശധീരനായി വാഴ്ത്തപ്പെട്ടു.
പാര്‍ട്ടിയെ സാമ്പത്തികമായി അകമഴിഞ്ഞ് സഹായിക്കുന്ന മദ്യലോബികള്‍ ഉണര്‍ന്നു. അവര്‍ ഭരണത്തില്‍ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ പയറ്റി. 
മുഖ്യമന്ത്രി അടക്കമുള്ള ചില പാര്‍ട്ടിനേതാക്കള്‍ക്ക് കാല് ഒന്ന് ഇടറിയോ? സുധീരന്‍ ഈ ഇടര്‍ച്ചയെ ശക്തമായി വിമര്‍ശിച്ചു. നിലവാരമില്ലാത്ത പൂട്ടിയ ബാറുകള്‍ തുറക്കില്ലെന്ന് ശാഠ്യത്തില്‍ ഉറച്ചുനിന്നു.
സുധീരന്റെ Rating  കുത്തനെ ആകാശംമുട്ടെ ഉയര്‍ന്നു. സുധീര പ്രശസ്തി ദേവലോകത്തോളം പരന്നു.
സുധീര തമ്പുരാന്‍ അങ്ങനെ റേറ്റിംഗ് ഒറ്റയടിക്ക് തട്ടിയെടുത്തപ്പോള്‍, ഉമ്മന്‍ചാണ്ടി സാറിന്റെ വാമനഭാഗം ഉണര്‍ന്ന് പ്രവര്‍ത്തനക്ഷമമായി. പെട്ടെന്ന് മുഖ്യമന്ത്രി വാമനാവതാരരൂപം പ്രാപിച്ചു. എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് മുഖ്യമന്ത്രി ഘട്ടംഘട്ടമായി സമ്പൂര്‍ണ്ണ മദ്യനിരോധനം പ്രഖ്യാപിച്ചു. (വേല വേലായുധനോട് വേണ്ട സുധീ...). റേറ്റിംഗ് വീണ്ടും തകിടം മറിഞ്ഞു. ജനം ഇപ്പോള്‍ മുഖ്യമന്ത്രിക്ക് കയ്യടിച്ച് ആര്‍പ്പുവിളിച്ചു.
സുധീരന്‍ അമ്പരന്നെങ്കിലും സമനില വീണ്ടെടുത്ത് ഒരു പ്ലാസ്റ്റിക് ചിരി ചുണ്ടില്‍ വരുത്തി യാന്ത്രികമായി കയ്യടിക്കാന്‍ ശ്രമിച്ചു. പക്ഷേ ലോകം ഇതിനകം ആദര്‍ശധീരന്റെ കപടത തിരിച്ചറിഞ്ഞു. പാതാളത്തിലേക്ക് പോകുന്നതിന് മുമ്പ് സുധീരന്‍ വിലപിച്ചു. ''പ്രഖ്യാപനങ്ങള്‍ നടത്തുന്നതിന് മുമ്പ് ആരും ഒന്നും തന്നോട് ആലോചിച്ചില്ലെന്ന്.'' നേതൃത്വത്തെ വിമര്‍ശിച്ചതിന് സോണിയാജി സുധീരനെ കുറ്റപ്പെടുത്തി.
അവകാശവാദങ്ങളില്ലാതെ നന്മകള്‍ പ്രവര്‍ത്തിക്കുക അങ്ങേയറ്റം ദുഷ്‌കരമാണെന്ന് തോന്നുന്നു. ഭഗവത് ഗീതയുടെ അത്മസത്ത നിഷ്‌കാമ കര്‍മ്മത്തിന്റെ മഹനീയതയുടെ പ്രഘോഷണമാണ്.  ജനക്ഷേമത്തിനായി ഇറങ്ങിതിരിക്കുന്നവര്‍ നിഷ്‌കാമ കര്‍മ്മത്തിന്റെ, ഫലേച്ഛയില്ലാത്ത പ്രവര്‍ത്തനങ്ങളുടെ അനന്ത സാധ്യതകള്‍ ഉള്‍ക്കൊള്ളണം.
സ്വന്തം പ്രഭാവം പ്രകടിപ്പിക്കാനുള്ള കുറുക്കുവഴികളായി ജനസേവനത്തെ കാണരുത്. നന്മകള്‍ ചെയ്തു ലോകത്തെ നന്നാക്കി എടുക്കാന്‍ ഇറങ്ങിതിരിച്ചവരുടെ വാദകോലാഹലങ്ങള്‍ കൊണ്ടാണ് ഭൂമി ഇത്ര രക്തപങ്കിലമായി മാറിയത്. നന്മകള്‍ സ്വാഭാവികമായി നമ്മുടെ ഹൃദയത്തില്‍ വിരിയുകയും തദാനുസരണം നാം പ്രവര്‍ത്തിക്കുകയും ചെയ്യുമ്പോള്‍ തന്നെ, ആ പ്രവര്‍ത്തിയില്‍ തന്നെ നിര്‍വൃതിദായകമായ ആനന്ദം കുടികൊള്ളുന്നു. അത് മറ്റുള്ളവരെ പ്രചോദിപ്പിക്കുകയും ഒരുമയോടെ കൈകോര്‍ത്ത് മുന്നേറുവാന്‍ സഹായിക്കുകയും ചെയ്യുന്നു. അവിടെ സ്വാഭാവിക നന്മയുടെ ഊര്‍ജ്ജ പ്രവാഹമുണ്ടാകുന്നു. പ്രതിരോധനിരകള്‍ സൃഷ്ടിക്കാത്ത ഊര്‍ജ്ജപ്രവാഹം ഈ കാലഘട്ടത്തില്‍ അജ്ഞാതമായ പ്രവര്‍ത്തനശൈലിയാണിതെന്ന് തോന്നുന്നു. നിസ്വാര്‍ത്ഥമായ പരോപകാരപ്രദമായ ലോകസേവനത്തിന്റെ അടിസ്ഥാന ശിലയാണിത്. ഇതറിയാതെ ലോകസേവനത്തിനായി ഇറങ്ങിതിരിച്ചാല്‍ പ്രതിരോധ നിരകള്‍ സൃഷ്ടിക്കും. വിവാദവും വിദ്വേഷവും അപ്പോള്‍ കൂടെപ്പിറപ്പാകും.
അഹങ്കാരത്തിലധിഷ്ഠിതമായ പ്രവര്‍ത്തന ശൈലികള്‍ അവ ജനനന്മയ്ക്കാണെങ്കില്‍ പോലും പ്രതിരോധനിരകള്‍ സൃഷ്ടിക്കും. താന്‍പോരിമ പ്രഘോഷിക്കുന്നവര്‍ സഹജീവികളെ നിസ്സാരവത്ക്കരിക്കുക എന്ന പാതകമാണ് ചെയ്യുന്നത്. അത് സമത്വത്തിന്റെ സമവാക്യങ്ങളെയും സമവായത്തിന്റെ അനന്ത സാദ്ധ്യതകളെയും ഹിംസിക്കുന്നു.
മഹാബലി തമ്പുരാന്‍ നന്മയുടെ പ്രതീകമായിരുന്നു. ജനക്ഷേമത്തിനായി പ്രവര്‍ത്തിച്ച ഉത്തമ ഭരണാധികാരി. പക്ഷേ നിര്‍ഭാഗ്യത്തിന് തന്റെ നന്മകളെപ്പറ്റി ഏറെ അഭിമാനിക്കുകയും അഹങ്കരിക്കുകയും ചെയ്ത ഭരണാധികാരിയായിരുന്നു മഹാബലി തമ്പുരാന്‍. ഇടയ്ക്കിടെ കൊട്ടാരത്തിന് മുകളില്‍ കയറി നിന്ന് ഉച്ചഭാഷണിയിലൂടെ പ്രഘോഷിക്കുമായിരുന്നു, തന്നെപ്പോലെ നന്മചെയ്യുന്ന മറ്റൊരു ഭരണാധികാരി ഈ ത്രിലോകങ്ങളിലില്ല. സര്‍വ്വഭൂത ദയാലുവും സര്‍വ്വ സമ്മതനുമാണ് നാം....
ഇത് പ്രപഞ്ച നടത്തിപ്പിന്റെ ഊടും പാവും അടിസ്ഥാനവും ആകേണ്ട നിഷ്‌കാമകര്‍മ്മധാരയ്ക്ക് എതിരായിരുന്നു.
നന്മയുടെ മൂര്‍ത്തിയായ പ്രപഞ്ച ശില്പിക്ക് അപ്പോള്‍ വാമനവേഷം ധരിക്കേണ്ടതായിവന്നു.
യഥാര്‍ത്ഥത്തില്‍ ഉമ്മന്‍ചാണ്ടിയും സുധീരനും ഒരു നാണയത്തിന്റെ രണ്ടുവശങ്ങള്‍ മാത്രം. അവര്‍ നമ്മുടെ സമകാലിക സാമൂഹിക ജീവിതത്തിന്റെ പരിഛേദനങ്ങളാണ്. കാലില്‍ തടഞ്ഞ പന്ത് എങ്ങിനെയെങ്കിലും ഗോളാക്കി ജനപ്രിയ നായകനുള്ള കൈയ്യടി നേടുക  എന്നത് മാത്രമാണ് ലക്ഷ്യം. മത്സരപ്പാച്ചിലിനിടയില്‍ ജീവിതം എന്ന ലീലയുടെ ആനന്ദം നുകരാന്‍ കഴിയാത്ത ജനതയുടെ പ്രതിനിധികള്‍ മാത്രമാണ് അവര്‍. ജനസേവനങ്ങള്‍ 'ഞാന്‍' എന്ന ഭാവത്തെ അരക്കിട്ട് ഉറപ്പിക്കുന്നതിന് പകരം ഞാന്‍ എന്ന ഭാവത്തെ നിഷ്‌കാസിതമാക്കുന്ന ബലിദാനമാകട്ടെ.
'ഞാന്‍ 'എന്നത് ഒരു മിഥ്യാ സങ്കല്പമാണ് എന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാന്‍ കഴിയാത്തിടത്തോളം, ഫലേച്ഛയില്ലാത്ത കര്‍മ്മം എന്നത് ഒരു സങ്കല്പവും, പ്രായോഗിക തലത്തില്‍ അങ്ങേയറ്റം ദുഷ്‌കരവും, അധരങ്ങള്‍ കൊണ്ട് ഉരുവിടാന്‍ കഴിയുന്നതും മാത്രമായിരിക്കും.

2014, സെപ്റ്റംബർ 6, ശനിയാഴ്‌ച

എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍.






എല്ലാ ബുദ്ധിപരമായ വിലയിരുത്തലുകള്‍ക്കും അതീതമായി ഓണം നമ്മുടെ ഹൃദയത്തില്‍ സന്തോഷത്തിന്റെയും, ആഹ്ലാദത്തിന്റെയും, ആഘോഷത്തിന്റെയും ആരവങ്ങള്‍ ഉണര്‍ത്തുന്നു. 
സമത്വബോധത്തിന്റെയും നീതിയുടെയും, സാഹോദര്യത്തിന്റെയും അനാദികാലംമുതല്‍ മുഴങ്ങിക്കൊണ്ടിരുന്ന ശംഖനാദം വീണ്ടും കേള്‍ക്കാന്‍ ചെവിയോര്‍ക്കുന്നു നാം....

പ്രകൃതി നമുക്കായി ഒരുക്കിയിരിക്കുന്ന സ്വാദിഷ്ടമായ വിഭവങ്ങളെ ആവോളം ആസ്വദിക്കാന്‍ ഓണക്കാലം നമ്മെ ക്ഷണിക്കുന്നു.
പൂക്കളവും, ഓണത്തുമ്പികളും ഓണനിലാവും വീണ്ടും നമ്മുടെ ഹൃദയങ്ങളില്‍ തേന്മഴയായി പെയ്തിറങ്ങുന്നു. അതെ ഓണം ആഹ്ലാദാരവങ്ങളുടെ ഒരു പുണ്യകാലം!
 മഹാബലി തമ്പുരാനും, വാമനനും വീണ്ടും നമ്മുടെ ഹൃദയത്തില്‍ പുനര്‍ജനിക്കുമ്പോള്‍, ആ നിതാന്ത സത്യം വീണ്ടും നാം  ഓര്‍ക്കുന്നു....
അവകാശവാദങ്ങളില്ലാതെ നന്മകള്‍ ചെയ്യുക. ഫലേച്ഛയില്ലാതെ സ്വകര്‍മ്മങ്ങള്‍ അനുഷ്ഠിക്കുക. അവകാശവാദങ്ങളിലും  തന്പെരിമയിലും അധിഷ്ഠിതമായ പ്രവര്‍ത്തനങ്ങള്‍ നമ്മെ പാതാളത്തിന്റെ ഇരുളിമയിലേക്ക് ആനയിക്കും.

ഈ പ്രപഞ്ചത്തെ പ്രകാശപൂരിതമാക്കുന്നത് നിസ്വാര്‍ത്ഥമായ പ്രവര്‍ത്തനങ്ങളുടെ പ്രഭയാലാണ്. ഫലേച്ഛയില്ലാത്ത സ്വകര്‍മ്മാനുഷ്ഠാനങ്ങളാല്‍ ഈ പ്രപഞ്ചമാകെ പ്രകാശപൂരിതമാക്കട്ടെ. എല്ലാവര്‍ക്കും ഹൃദയംനിറഞ്ഞ ഓണാശംസകള്‍....