2016, ജനുവരി 17, ഞായറാഴ്‌ച





ഇന്നലെ വൈകിട്ട് ഞങ്ങള്‍ നോര്‍ത്ത്ന്‍ഡ് കുടുംബാംങ്ങളുടെ പുതുവര്‍ഷ
ആഘോഷമായിരുന്നു. ആലങ്കാരിക ഭാഷയുടെ സാഹയാമില്ലാതെ പറയട്ടെ,
സ്‌നേഹസൗഹാര്‍ദ്ദ സഹകരണം നിറഞ്ഞ് ഒഴുകിയ ഒരു അസുലഭ സായാഹ്നമായിരുന്നു അത്.
ഒരുമയില്‍ നിന്ന് ഉദിക്കുന്ന സ്‌നേഹത്തിന്റെ ദീപ്തി നിറഞ്ഞു നിന്ന
സായാഹ്നം. ഒരുമയില്‍ നിന്ന് ഉദിക്കുന്ന സ്‌നേഹം ആനന്ദമാണെന്ന്
തിരിച്ചറിഞ്ഞ നിമിഷങ്ങള്‍ അത് ഞങ്ങളുടെ ഹൃദയങ്ങളെ തരളിതമാക്കി.
ആടാത്തവര്‍ ആടി... പാടാത്തവര്‍ പാടി....
സ്‌നേഹം നിറഞ്ഞ് കവിഞ്ഞ അസുലഭ സായാഹ്നം. ഇനി നമ്മുടെ അതിജീവന മന്ത്രം
സ്‌നേഹം മാത്രമാണ്. നമ്മുടെ ഇടയിലുള്ള എല്ലാത്തരം പ്രത്യയശാസ്ത്ര,
താത്വിക അഭിപ്രായഭിന്നതകള്‍ മാറ്റിവച്ച് ഒരുമയോടെ കൈകോര്‍ക്കേണ്ട സമയം
സമാഗതമായി.
ഭിന്നിപ്പിന്റെ തീപ്പൊരികള്‍ നമ്മുടെ ഇടയില്‍ ഉണ്ടാവാം. (കുടുംബ
ബന്ധങ്ങളിലും,സാമുഹിക ബന്ധങ്ങള്ളിലും) അവയെ ഊതി വീര്‍പ്പിച്ച് അഗ്നിപര്‍വ്വത സ്‌ഫോടനംപോലെ,
അണുബോംബു സ്‌ഫോടനം പോലെ മഹാവിസ്‌ഫോടനമാക്കി മാറ്റാം. അല്ലങ്കില്‍ ഒരു മന്ദഹാസത്തിലുടെ , സമയോജിതമായ ഒരു തലോടലിലൂടെ, സൗഹാര്‍ദ്ദത്തിലുള്ള
ഹസ്തദാനത്തിലൂടെ സ്‌നേഹത്തിന്റെ ഒരു മഹാ പ്രവാഹമാക്കി അതിനെ മാറ്റാനും നമുക്കു
കഴിയും.
സ്‌നേഹത്തിന്റെ സൗഹാര്‍ദ്ദത്തിന്റെ സഹകരണത്തിന്റെ അന്തരീക്ഷം
ലോകമെമ്പാടുമുള്ള കൊച്ചുകൊച്ചു കൂട്ടായ്മകളില്‍ നിറഞ്ഞു കവിയട്ടെ.
അങ്ങനെ ലോകത്തിന്റെ പല ഭാഗങ്ങളിലും ഉരുണ്ട് കൂടുന്ന വിദ്വേഷത്തിന്റെയും
കലാപത്തിന്റെയും കാര്‍മേഘങ്ങള്‍ക്ക് രൂപാന്തരം സംഭവിച്ച് അമൃതവര്‍ഷമായി
പെയ്തിറങ്ങട്ടെ. നമ്മുടെ കൊച്ചുകൊച്ചു കൂട്ടായ്മകളില്‍ ഈ പരിണാമം
സ്വാഭാവികമായി വന്നുചേരേണ്ടതാണ്.്
ഈ സ്വാഭാവിക സാമൂഹിക പരിണാമത്തിന് വിഘാതം സൃഷ്ടിക്കുന്നത്
ആനപ്പുറത്തിരുന്ന് വിജ്ഞാപനങ്ങള്‍ പുറപ്പെടുവിക്കുന്ന മതചാര്യന്മാരും
രാഷ്ട്രീയാചാര്യന്മാരും ആണ്. ഗര്‍വ്വിഷ്ടതകളില്‍ അധിഷ്ഠിതമായ അവരുടെ
ഇടപെടലുകളെ സമയോജിതമായി പ്രതിരോധിക്കാന്‍ നാം പ്രാപ്തരാണെങ്കില്‍
ലോകംമുഴുവന്‍ സ്‌നേഹ സാഗരമാകും. സ്‌നേഹം മാത്രമാണ് നമ്മുടെ അതിജീവന
മന്ത്രം.