2013, സെപ്റ്റംബർ 10, ചൊവ്വാഴ്ച

അസോസിയേഷന്‍

യു.കെ. മലയാളികളുടെ സാമൂഹിക ജീവിതത്തിന്റെയും, സാമൂഹിക പ്രതിബദ്ധതയുടെയും പ്രതീകമായി രൂപാകൃതമായ യുഗ്മയ്‌ക്കെതിരെ ആരോപണങ്ങളുടെ ശരങ്ങള്‍ നാം ഉതിര്‍ക്കുമ്പോള്‍ നാം വിസ്മരിക്കുന്ന ഒരു യാഥാര്‍ത്ഥ്യമുണ്ട്. യുഗ്മയുടെ അപചയങ്ങള്‍ പാളിച്ചകള്‍ ഒറ്റപ്പെട്ട സംഭവമ്ല . അവ എല്ലാം നമ്മുടെ വൈയക്തിക ജീവിതത്തില്‍ സംഭവിക്കുന്ന താളപ്പിഴകളുടെ മാറ്റൊലി മാത്രമാണ്. അടിസ്ഥാനപരമായി സാമൂഹിക ജീവിയായ മനുഷ്യന് അവനില്‍ കുടികൊള്ളുന്ന ജീവോര്‍ജ്ജത്തെ സാമൂഹിക നന്മയ്ക്കായി ഉപയോഗിക്കാനുള്ള വാസന അനാദികാലം മുതലുള്ളതാണ്. മാനവിക ചരിത്രം തന്നെ സാമൂഹികമായ കൂട്ടായ്മയുടെ, വൈരുദ്ധ്യങ്ങളുടെയും പൊരുത്തക്കേടുകളുടെയും വിഘടനങ്ങളുടെയും, യുദ്ധങ്ങളുടെയും ചരിത്രമല്ലേ?
സ്വന്തംവീടിന്റെ അതിരുകളാണ് പ്രപഞ്ചത്തിന്റെ അതിര്‍ത്തി എന്ന് വിശ്വസിച്ച് കണ്ണടച്ച് ഇരുട്ടാക്കി ഇരുട്ടുകൊണ്ട് ഓട്ടയടച്ച് സ്വന്തം അണുകുടുംബത്തിന് ചുറ്റും ലക്ഷ്മണരേഖവരച്ച് അതില്‍ ഒതുങ്ങിക്കൂടാന്‍ സാമൂഹിക അവബോധമുള്ള ഒരുവനും കഴിയില്ല.
യഥാര്‍ത്ഥത്തില്‍ നമ്മില്‍കുടികൊള്ളുന്ന ജീവോര്‍ജ്ജത്തെ മറ്റുള്ളവരുടെകൂടി നന്മയ്ക്കുപയോഗിക്കുമ്പോഴാണ് ജീവിതത്തിന്റെ നന്മയും കുളിര്‍മ്മയും സന്തോഷവും, സ്‌നേഹവും, ആനന്ദവും അനുഭവപ്പെടുന്നത്. അപ്പോള്‍ മാത്രമാണ് ജീവിതത്തിന്റെ അന്തഃസത്ത ഹൃദയത്തില്‍ അനുഭവപ്പെടുന്നത്.
സ്വാര്‍ത്ഥികതയുടെ ബലിദാനം കുടുംബങ്ങളില്‍ നിന്ന് തന്നെ ആരംഭിക്കുന്നു.
എന്റെ എന്ന സ്വയം കേന്ദ്രീകൃതമായ ചിന്തകള്‍ ആദ്യം  ഉരുകിത്തിടങ്ങുന്നത് കുടുംബങ്ങളില്‍ വച്ചാണ്. വ്യക്തിയിലധിഷ്ഠിതമായ താല്പര്യങ്ങളുടെ ബലിദാനം അനുസരിച്ച് കുടുംബ സൗഖ്യമുണ്ടാകുന്നു. സമാധാനം ഉണ്ടാകുന്നു. സാമുൂഹിക തലത്തിലാവുമ്പോള്‍ അവിടെ ഞാന്‍ ഇല്ല നാം ഉള്ളു.
ഇവിടെ നാം ജാഗ്രതയോടെ, അവബോധത്തോടെ യാഥാര്‍ത്ഥ്യബോധത്തോടെ, വസ്തുനിഷ്ഠമായി കാര്യങ്ങള്‍ പരിശോധിക്കേണ്ടിയിരിക്കുന്നു. വിദ്വേഷത്തില്‍ കുതിര്‍ന്ന ആരോപണങ്ങള്‍ സംഭവങ്ങളെ സങ്കീര്‍ണ്ണമാക്കുന്നു. ക്ഷമയോടെയുള്ള വിലയിരുത്തലുകള്‍ യാഥാര്‍ത്ഥ്യങ്ങളെ വെളിപ്പെടുത്തുന്നു. മത്സരങ്ങളിലെ വിജയപരാജയങ്ങളോടുള്ള നമ്മുടെ സമീപനങ്ങള്‍  തികച്ചും അപരിഷ്‌കൃതത്വത്തിന്റെ താളലയങ്ങള്‍ ഉള്‍ക്കൊള്ളുന്നു.
യഥാര്‍ത്ഥത്തില്‍ മത്സരങ്ങളില്‍ തന്നെ ഒരു വന്യതയില്ലേ? എങ്കിലും മത്സരങ്ങള്‍ ഒരു പരിധിവരെ സാമൂഹിക ജീവിതത്തിന്റെ അനിവാര്യതകള്‍ ആണെങ്കില്‍പോലും, വിജയത്തിനായുള്ള ആവേശം പരാജിതനോടുള്ള അവഗണനയും തികച്ചും അപലപനീയം തന്നെ. മത്സരങ്ങളോടുള്ള നമ്മുടെ ആരോഗ്യപരമായ സമീപനം നമുക്കും എന്നേ നഷ്ടപ്പെട്ടു കൊന്നു കൊലവിളിക്കുന്ന മൃഗീയതയുടെ മാറ്റൊലിയാണ് ഇന്ന് പല മത്സരവേദികളിലും മുഴങ്ങിക്കേള്‍ക്കുന്നത്.
ഒരുവനില്‍കുടികൊള്ളുന്ന അന്തസത്തയെ അളക്കുവാന്‍ ഒരു അളവ്‌കോലിന് കഴിയില്ലെന്നിരിക്കെ, നാം എന്തിന് താല്കാലിക പ്രതിഭാസമായ വിജയപരാജയങ്ങളില്‍ ഇത്രമാത്രം ശ്രദ്ധാലുക്കളാകുന്നു?
നമ്മില്‍കുടികൊള്ളുന്ന പരിശുദ്ധമായ ജീവോര്‍ജ്ജത്തിന്റെ ബഹിഷ്ഫുരണമാണ് ജീവിതമെങ്കില്‍, ആ പരിപാവനമായ ജീവിതത്തെ മത്സരങ്ങളിലും അതിന്റെ ഉല്പന്നമായ വിജയപരാജയങ്ങളിലും പന്താടി പണയംവച്ച് ബലികഴിക്കേണ്ടതല്ല ജീവിതം.
സ്വയം നഷ്ടപ്പെടുമ്പോള്‍ മാത്രമെ 'നാം' ആയിതീരു. 'നാം' ആയിത്തീര്‍ന്നാല്‍ 'എന്റെ' വിജയപരാജയങ്ങള്‍ക്ക് എന്ത് പ്രസക്തി?
ഒരു മഴതുള്ളി സമുദ്രത്തില്‍ പതിക്കുമ്പോള്‍ മഴ തുള്ളിക്ക് മരണം സംഭവിക്കുകയും അത് സമുദ്രത്തിന്റെ ഭാഗമായി പുനര്‍ജനി തേടുകയും ചെയ്യുന്നു. സമുദ്രമേ ഈ പ്രപഞ്ചത്തിന്റെ ഭാഗവും എന്നിലെ 'എന്നെ'  പരിത്യജിക്കാതെ നാം ആവുകയില്ല. നാം ആവാതെ ഈ പ്രപഞ്ചം മുഴുവന്‍ നിറഞ്ഞിരിക്കുന്ന ചൈതന്യത്തെ അനുഭവവേദ്യമാകാന്‍ സാധിക്കില്ല. നിസ്വാര്‍ത്ഥമായ പ്രവര്‍ത്തനങ്ങളുടെ വാതായനങ്ങളിലൂടെ നാം നടന്നു കയറുന്നത് സ്്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സഹകരണത്തിന്റെയും നിത്യമായ പാതയിലാണ്.
അവിടെ അപചയങ്ങള്‍ ഇല്ല. പല്ലുകടിയില്ല. കുറ്റപ്പെടുത്തലുകള്‍ ഇല്ല. അപവാദ പ്രചരണമില്ല. സമാധാനത്തിന്റെയും സ്‌നേഹത്തിന്റെയും സേവനത്തിന്റെയും പാതയാണിത്.
യുഗ്മയ്ക്ക് ആ പാതയിലൂടെ വളരാന്‍ കഴിയുമെന്ന പ്രത്യാശയോടെ
ആന്റണി ജോസ്‌

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ