2013, സെപ്റ്റംബർ 24, ചൊവ്വാഴ്ച

ഓണാഘോഷങ്ങളും യു.കെ. മലയാളികളും

ഓണം ഓര്‍മ്മകളുടെ പുനരാവിഷ്‌ക്കാരമാണ്. ഒരു നല്ലകാലത്തിന്റെ
ഓര്‍മ്മകള്‍! കള്ളവും ചതിയുമില്ലാത്ത കാലം. എള്ളോളം പൊളിവചനം ഇല്ലാത്തകാലം. എല്ലാവരും സ്‌നേഹത്തിലും സൗഹൃദത്തിലും കഴിഞ്ഞ ഒരു നല്ല കാലത്തെപ്പറ്റിയുള്ള ഓര്‍മ്മയാണ് ഓണം. വര്‍ത്തമാന കാലത്തിന്റെ പ്രസക്തിയെ വിസ്മരിച്ച് മധുരിക്കും ഓര്‍മ്മകളെ താലോലിക്കുന്നത് അപകടകരമായ പ്രവണതയാണ്. എന്നാല്‍ ഓര്‍മ്മകള്‍ വര്‍ത്തമാനകാല ജീവിത യാഥാര്‍ത്ഥ്യങ്ങളിലേക്ക് വെളിച്ചം വീശുകയും, വര്‍ത്തമാനകാല ജീവിതത്തിന്റെ വൈരുദ്ധ്യങ്ങളെപ്പറ്റി അവബോധം നല്‍കുകയും ചെയ്യുമ്പോള്‍ അവയ്ക്ക് കാലിക പ്രസക്തി ഉണ്ടാവുന്നു. അതുകൊണ്ടാണ് ഓണം എന്നും നമുക്ക് നവ്യമായ അനുഭവമായി മാറുന്നത്.
ഓണപ്പൂക്കളും, ഓണ നിലാവും, ഓണതുമ്പികളും, യാചനാഭാവത്തില്‍ വന്ന് നിമിഷങ്ങള്‍ക്കകം ആകാശംമുട്ടെ വളര്‍ന്ന് മഹാബലി തമ്പുരാനെ പാതാളത്തിലേക്ക് ആനയിച്ച വാമനനും നമ്മെ ഇപ്പോഴും പലതും ഓര്‍മ്മിപ്പിക്കുന്നില്ലേ?

യു.കെ.യുടെ പല ഭാഗങ്ങളിലായി സെപ്തംബര്‍ ആദ്യവാരത്തോടെ തുടങ്ങിയ ഓണാഘോഷങ്ങള്‍ ഇപ്പോഴും വിവിധ സ്ഥലങ്ങളിലായി അരങ്ങേറിക്കൊണ്ടിരിക്കുകയാണ്.
പ്രവാസ ദുഖങ്ങള്‍ക്ക് ഒരു ഇടവേളയായി മാലോകരെല്ലാം ഒന്നാണെന്നും, ഏകോദര സഹോദരങ്ങളാണെന്നുമുള്ള മഹത്തായ സന്ദേശവുമായി എത്തുന്ന ഓണാഘോഷങ്ങളില്‍ ഇവിടുത്തെ മലയാളികള്‍ തിമിര്‍ത്താടുമ്പോള്‍, സാഹോദര്യത്തിന്റെ സൗരഭ്യമാണ് പുനര്‍ജ്ജനി തേടുന്നത്.
നാട്ടില്‍ നിന്ന് കുടിയിറക്കപ്പെടുന്ന നന്മകളെ രണ്ട് കൈയും നീട്ടി സ്വീകരിച്ച് മാറോട് അടക്കിപ്പിടിച്ച് നിറുത്താനുള്ള പ്രവാസി മലയാളികളുടെ നന്മയുടെ മകുടോദാഹരണമാണ് ഈ ഓണാഘോഷങ്ങളിലൂടെ പ്രകടമാകുന്നത്.
നാട്ടില്‍ ഉണ്ടായിരുന്ന ഹൃദയവര്‍ജ്ജകമായ ഓണാഘോഷങ്ങള്‍ ഒരു പഴങ്കഥയാവുകയാവുന്നു. അതുകൊണ്ടുതന്നെ ഓണാഘോഷങ്ങള്‍ക്ക് ഔപചാരികതയുടെ നിറംമാത്രമേയുള്ളൂ; ജീവഗന്ധിയായ തുടിപ്പും താളവും നഷ്ടപ്പെട്ടു. ഉപഭോഗസംസ്‌കാരത്തിന്റെ പ്രതീകമായ പ്ലാസ്റ്റിക് പൂക്കളാലും, പ്ലാസ്റ്റിക് തൃക്കാക്കരയപ്പനാലും ഓണാഘോഷങ്ങള്‍ നാട്ടില്‍ നടത്തപ്പെടുമ്പോള്‍, ഹൃദയത്തില്‍ നന്മയുടെ തൂവെള്ള തുമ്പപ്പൂക്കള്‍ വിരിയാതെ, ഉപഭോഗ സംസ്‌കാരത്താല്‍ പീഡിതരാവുന്ന കേരള ജനതയെയാണ് നാം കാണുന്നത്.

സാമ്പത്തിക രംഗത്തുണ്ടാവുന്ന അഭൂതപൂര്‍വ്വമായ മാറ്റങ്ങളും, രാഷ്ട്രീയത്തിന്റെയും മതവിഭാഗങ്ങളുടെയും അതിപ്രസരവും, റിയല്‍ എസ്റ്റേറ്റ് രംഗത്തുണ്ടായിരിക്കുന്ന മാറ്റങ്ങളും, കേരള ജനതയുടെ സമനില തെറ്റിച്ചിട്ടുണ്ട് എന്നു തോന്നുന്നു.
മരണ വീടുകളില്‍ പോലും റിയല്‍ എസ്റ്റേറ്റ് രംഗത്തുണ്ടാകുന്ന പുതിയ തരംഗങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് സാക്ഷിയാകേണ്ടി വരുന്ന ഒരു ശരാശരി പ്രവാസി, നൊമ്പരത്തോടെ ഓര്‍ത്ത്‌പോകുന്നത്, നന്മയുടെ അവസാന പൂക്കളും മലയാള മണ്ണിന് അപരിചിതമാവുകയാണോ? ഇവിടെയാണ് യു.കെ. മലയാളികളുടെ വിവേകം ഉദയംകൊള്ളുന്നത്.

പാശ്ചാത്യനാടുകളില്‍ നടമാടുന്ന ഉപഭോഗ സംസ്‌കാരത്തിന്റെയും, ഒടുങ്ങാത്ത സുഖതൃഷ്ണകളുടെയും അന്തഃസാര ശൂന്യതയും, പാപ്പരത്വവും മുഖാമുഖം കണ്ട്, ഞെട്ടലോടെ, നാടിന്റെ സമൃദ്ധമായ നന്മകളെ വാരിപുണരാനുള്ള വെമ്പലാണ് യു.കെ. മലയാളികളുടെ ഓണാഘോഷങ്ങളിലൂടെ കാണപ്പെടുന്നത്.
തുമ്പയും, ചെത്തിയും, മുല്ലയും, മുക്കുറ്റിയും, എല്ലാം നാട്ടില്‍ വളര്‍ത്താന്‍ മണ്ണുണ്ട്, വെള്ളമുണ്ട്, എന്നാല്‍ അത് നട്ടുവളര്‍ത്താന്‍ മലയാള ഹൃദയത്തില്‍ നന്മയുടെ ഇടമില്ല.
മത്സരത്തിന്റെയും, സ്പര്‍ദ്ധയുടെയും നടുവില്‍ വിജയ സോപാനങ്ങളുടെ പുതിയ മാനങ്ങള്‍ തേടുന്ന കേരള ജനതയ്ക്ക്, നന്മയുടെ പൂക്കള്‍ വളര്‍ത്താന്‍ എവിടെ സമയം?
കേരള ജനത അടിവച്ച്, അടിവച്ച്, മുന്നോട്ട് പോകുന്നത് പാശ്ചാത്യ രാജ്യങ്ങള്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്ന സാംസ്‌കാരിക കുരുക്കിലേക്കാണ്. ആപല്‍ക്കരമായ ആ അപച്യുതിയിലേക്ക് തലകുത്തി വീഴാതിരിക്കാനുള്ള യു.കെ. മലയാളികളുടെ ബോധപൂര്‍വ്വമായ ശ്രമമാണ് ഇവിടത്തെ ഓണാഘോഷങ്ങള്‍ക്ക് മികവും നിറവും തുടിപ്പും നല്‍കുന്നത്.
എങ്കിലും മറുനാടന്‍ ജീവിതത്തിന്റെ തത്രപ്പാടിലും ഒറ്റപ്പെടലിലും ഉഴലുന്ന നമ്മുടെ ഹൃദയവും ആത്മാവും ശുഷ്‌കമാവുകയാണ്. ദരിദ്രമാവുകയാണ്. കുടുംബബന്ധങ്ങള്‍, സാമൂഹ്യബന്ധങ്ങള്‍ ജീവിതത്തിന്റെ ഊഷരതയിലൂടെ കടന്നുപോയി തളരുകയും തകരുകയും ചെയ്യുകയാണ്. ഇവിടെയാണ് മാലോകരെല്ലാം ഒന്നാണെന്നും ഏകോദരസഹോദരങ്ങളാണെന്നുമുള്ള ഓണാഘോഷത്തിന്റെ പ്രസക്തി. സര്‍വ്വൈശ്വരങ്ങളാലും സമ്പന്നമായ സന്തുഷ്ടരായ ഒരു ജനതയുടെ ജീവിത ക്രമമാണ് ഓണാഘോഷങ്ങളിലൂടെ പുനരാവിഷ്‌ക്കരിക്കപ്പെടുന്നത്.

പ്രകൃതിയുമായുള്ള നമ്മുടെ താദാത്മ്യത്തിന്റെ പ്രസക്തിയും ഓണം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ദൈനംദിന ജീവിതത്തിന്റെ പ്രാരാബ്ദതയും, ടി.വി.യും, കംപ്യൂട്ടറും നല്‍കുന്ന ക്ഷണികാഹ്ലാദങ്ങളുടെ പ്രലോഭനങ്ങളും, പ്രകൃതിയുമായി ലയനത്തിലാവാന്‍ നമ്മെ അനുവദിക്കുന്നില്ല. നാം അവസാനമായി കണ്ട സൂര്യോദയവും, സൂര്യസ്തമനവും  എന്നാണ്? പാദരക്ഷകള്‍ ഇല്ലാതെ നമ്മുടെ പാദങ്ങള്‍ പച്ചപുല്ലിന്റെ നനുപ്പ് അറിഞ്ഞിട്ട് കാലം എത്രയായി? നമ്മുടെ തലയ്ക്കു മുകളിലുള്ള ആകാശത്തിന്റെ നീലിമയില്‍ കണ്ണുറപ്പിച്ച് ലയിക്കു സാവകാശം നമുക്കില്ലാതാവുകയാണ്!
നമുക്ക് ജന്മം നല്‍കിയ മാതാപിതാക്കളെ നാം നന്ദിയോടെ ഓര്‍ക്കുന്നു.  പഞ്ചഭൂതങ്ങളാല്‍ നിര്‍മ്മിതമായ ഈ ശരീരത്തെ താങ്ങിനിര്‍ത്തുന്ന പ്രകൃതിയുമായി ലയനത്തിലാവാന്‍ നമുക്ക് കഴിയുന്നില്ല എങ്കില്‍, നാംഅന്യവല്‍ക്കരണത്തിന്റെ യാതനകളില്‍ അകപ്പെടാം.

ആഗോളവല്‍ക്കരണത്തെ തുടര്‍ന്ന് ലോകം മുഴുവന്‍ ഒറ്റ കമ്പോളവും, ആധുനിക വാര്‍ത്താവിനിമയ സാങ്കേതിക വിദ്യയുടെയും ഫലമായി ലോകം ഒരു ഒറ്റ ഗ്രാമമായി മാറിക്കൊണ്ടിരിക്കുന്ന ഈ ആധുനിക കാലഘട്ടത്തിലും, ഭരണാധിപന്മാരുടെ അഴിമതിയും ആക്രമണങ്ങളും ജനങ്ങള്‍ക്കിടയിലെ കലാപങ്ങളും യു.കെ. പോലുള്ള വികസിതരാജ്യങ്ങളില്‍ പോലും അരങ്ങേറുമ്പോള്‍, നമ്മുടെ മലയാള നാട്ടില്‍ അഴിമതി രഹിതമായ ഒരു ഭരണ വ്യവസ്ഥ കെട്ടിപ്പെടുക്കാനും മാനവരെ എല്ലാം ഏകോദര സഹോദരങ്ങളെപ്പോലെ കാണാനും വഞ്ചനയും ചതിയുമില്ലാത്ത സാമൂഹ്യവ്യവസ്ഥ പടുത്തുയര്‍ത്താനും ജനങ്ങള്‍ക്ക് സര്‍വ്വശൈ്വര്യങ്ങളും പ്രധാനം ചെയ്യുവാനും സാധിച്ച മഹാനായ ചക്രവര്‍ത്തിയായി ആ മഹാബലി തമ്പുരാന്‍. ''യഥാപ്രജാ തഥാ രാജാ'' എന്നാണല്ലോ പ്രമാണം. ജനഹൃദയങ്ങളില്‍ ഉണ്ടായിരുന്ന നന്മയുടെ പ്രതിഫലനമാവാം മഹാബലി തമ്പുരാനിലൂടെ കാണുമാറായത്. വര്‍ത്തമാനകാല യാഥാര്‍ത്ഥ്യങ്ങള്‍ ഒരുപക്ഷേ ഭീഭത്സങ്ങളാവാം.

പക്ഷേ, മലയാള മനസ്സിന്റെ ബോധ-അബോധ മണ്ഡലങ്ങളില്‍ ഒളി മങ്ങാതെ പ്രഭചൊരിയുന്ന സര്‍വ്വൈശ്വര്യങ്ങളാലും സമത്വസുന്ദരമായി ജീവിച്ച ഒരു കാലഘട്ടത്തെ പറ്റിയുള്ള നിത്യഹരിതമാം ഓര്‍മ്മയുണ്ട്. സാഹോദര്യത്തിലും, സൗഹാര്‍ദ്ദത്തിലും  അധിഷ്ഠിതമായ പ്രവര്‍ത്തനങ്ങളിലൂടെ, നമുക്ക് നഷ്ടമായ ആ ഗതകാല ഐശ്വര്യങ്ങളെ തിരിച്ച് പിടിക്കാനുള്ള പ്രചോദനമാകട്ടെ നമ്മുടെ ഓണാഘോഷങ്ങള്‍.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ