2013, സെപ്റ്റംബർ 30, തിങ്കളാഴ്‌ച

                       

ആരും അന്യരല്ല.




 യുകെയി ലെത്തിയിട്ട് ആഴ്ചകളും മാസങ്ങളും കടന്നുപോയിരുന്നെങ്കിലും
 പരിചിത സുഹൃത്തുക്കള്‍ ആരും ഉണ്ടായിരുന്നില്ല. ഹലോ...ഹായ്...എന്തൊക്കെയുണ്ട് വിശേഷങ്ങള്‍.... സുഖം തന്നെയല്ലേ?.. എവിടെ പോകുന്നു... വൈകിട്ട് എന്താ പരിപാടി? എന്നൊക്കെ ആരോടെങ്കിലും ഒക്കെ ചോദിക്കാന്‍ ഹൃദയം വെമ്പിയിരുന്നെങ്കിലും അങ്ങനെ ചോദിക്കാന്‍ പറ്റിയവര്‍ അധികം ഉണ്ടായിരുന്നില്ല.
സൗദിയിലെ തടവറ ജീവിതത്തില്‍ നിന്ന് രക്ഷനേടി യു.കെ.യിലെത്തുമ്പോള്‍ ഇവിടെ തരക്കേടില്ലാത്തത ഒരു സാമൂഹിക ജീവിതം നയിക്കാന്‍ സാധിക്കുമെന്ന് മോഹിച്ചിരുന്നു. അധികം താമസിയാതെ തന്നെ അതോരു സ്വപ്‌നം മാത്രം ആയിരിക്കാമെന്ന് തോന്നല്‍ ശക്തിപ്പെടാന്‍ തുടങ്ങി.
ആയിടയ്ക്കാണ് സെന്റ് തോമസ് പ്രയര്‍ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ ബാക്ക്‌ലാന്റ് കമ്മ്യൂണിറ്റി ഹാളില്‍വച്ച് ഓണാഘോഷങ്ങള്‍ സംഘടിപ്പിക്കുന്നു എന്നറിഞ്ഞത്. കുടുംബസമേതം സമയത്ത് തന്നെ എത്തിച്ചേര്‍ന്നു. സൗഹൃദ ഭാവത്തില്‍ ചിരിക്കുന്ന മുഖങ്ങളാണ് എതിരേറ്റതെങ്കിലും നിമിഷാര്‍ദ്ധങ്ങള്‍ക്കകം മുഖത്ത് വിരിഞ്ഞ പുഞ്ചരി മാഞ്ഞു പോകുന്നതും കണ്ടു.  അതില്‍ പരിഭവപ്പെടാന്‍ എന്തിരിക്കുന്നു? അവര്‍ക്ക് ഞാന്‍ തികച്ചും അപരിചിതന്‍. . ചുറ്റും അപരിചിത മുഖങ്ങള്‍ മാത്രം. ഒന്ന്, രണ്ട് പരിചിതമുഖങ്ങള്‍ കണ്ടപ്പോള്‍ എന്നില്‍ ഉല്ലാസം ഉണര്‍ന്നെങ്കിലും, ഹലോ എന്നു പറയാന്‍ പോലും സാവകാശം ഇല്ലാത്ത തിരക്കോട് തിരക്കിലായിരുന്നു അവര്‍. കാര്യപരിപാടികള്‍ ഒന്നും ആരംഭിച്ചിട്ടില്ല. ഹാളിലേയ്ക്ക് ആളുകള്‍ എത്തി കൊണ്ടിരിക്കയാണ്. ഒഴിഞ്ഞുകിടന്ന കസേരയില്‍ ഒന്നില്‍ ഞാന്‍ സ്ഥാനം പിടിച്ചു.
അധികം താമസിയാതെ വേലിയേറ്റം വന്ന് പുഴനിറയുന്നതുപോലെ ഹാള്‍ ജനങ്ങളാല്‍ നിറയാന്‍ തുടങ്ങി. എല്ലാവരും പരസ്പരം ഹസ്തദാനം ചെയ്യുകയും, പൊട്ടിച്ചിരിക്കുകയും ഉല്ലാസത്തോടെ സംഭാഷണത്തില്‍ ഏര്‍പ്പെടുകയും ചെയ്യുന്നു. ചുറ്റും ആഹ്ലാദകരമായ അന്തരീക്ഷം. ഞാന്‍ മാത്രം സംസാരിക്കാന്‍ ആരും ഇല്ലാതെ ഏകനായി ആള്‍കൂട്ടത്തില്‍ തനിയേ... ഒരു തരം അധമബോധത്തില്‍ നിന്ന് രക്ഷ നേടാന്‍നെന്നവണ്ണം അടുത്തുള്ള മാന്യവ്യക്തിയുമായി സംഭാഷണത്തില്‍ ഏര്‍പ്പെടാന്‍ ആഗ്രഹിച്ചു. നാട് എവിടെ ...വിട്..ജോലി..(എന്റെ ചോദ്യങ്ങളില്‍ പിടിച്ച് നില്ക്കാന്‍ വെമ്പുന്നവന്റെ തന്ത്രപ്പാട് ഉണ്ടായിരുന്നോ?) ആ മാന്യവ്യക്തി ഇടം കണ്ണുകൊണ്ട് എന്നെ വീക്ഷിക്കുകയും, താല്പര്യമില്ലാതെ ഒന്ന്, രണ്ട് വാക്കുകളില്‍ ഉത്തരം നല്കി. അദ്ദേഹത്തില്‍ വാക്കുകളിലെ തണുപ്പില്‍ നിന്നും ബോഡി ലാങ്ങേവേജില്‍ നിന്നും എനിക്കു മനസ്സിലായി ആ മാന്യവ്യക്തിക്ക് എന്നോട് സംസാരിച്ചിരിക്കാന്‍ താല്പര്യമില്ലെന്ന്.
ഒരുതരം അധമബോധം വീണ്ടും എന്നില്‍ ഉണര്‍ന്നു. എന്റെ പരിമിതകളിലേക്ക് ചിറക് ഒതുക്കി ഞാന്‍ നിശബ്ദനായി. സമര്‍ത്ഥരും ആദരണീയരും ആയവരുടെ ഇടയിലേക്ക് ഇടിച്ചു കയറി ശ്രദ്ധയാകര്‍ഷിച്ച് സ്ഥാനം പിടിക്കാനുള്ള പ്രതാപമോ വാക് സാമര്‍ത്ഥ്യമോ എനിക്കില്ലായിരുന്നു. മാന്യന്മാരുടെ കണ്ണില്‍പ്പെടാന്‍ മാത്രമുള്ള അന്തസ്സും മാന്യതയും എനിക്ക് ഇല്ലായിരുന്നു. അതുകൊണ്ട് തന്നെ മുഖ്യധാര ആദരണീയരുടെ കെട്ടുകാഴ്ചകളില്‍ നിന്ന് ബോധപൂര്‍വ്വം ആദരണീയഭാരം പാലിക്കുന്നതാണ് ഉചിതം എന്ന് തോന്നി.
ആ വീര്‍പ്പുമുട്ടലില്‍ മദര്‍ തെരേസയുടെ മഹത് വാക്യം ഓര്‍ത്തുപോയി. ഈ തലമുറയുടെ മുഖ്യപ്രശ്‌നം പട്ടിണിയോ, മഹാ വ്യാധിയോ അല്ല. തന്നെ ആര്‍ക്കും വേണ്ട എന്ന ചിന്തയിലും ജീവിതത്തിലും അകപ്പെട്ടു പോകുന്നതാണ്!!
ഒരുവേള ഇവിടേയ്ക്ക് വരേണ്ടിയിരുന്നില്ല എന്ന് പോലും തോന്നിപോയ നിമിഷങ്ങള്‍!!
വീട്ടില്‍ ഇന്റര്‍ നെറ്റിന്റെയും ടി.വി.യുടെയും, പ്രിയ പുസ്തകങ്ങളുടേയും നടുവില്‍ ചക്രവര്‍ത്തിയായിരുന്ന ഞാന്‍ ഇതാ ഈ ജനമദ്ധ്യത്തില്‍ ആരും അല്ലാത്തവനായി, ഒന്നും ഇല്ലാത്തവനായി ശൂന്യനായി വാഴുകയാണ്.
അസഹത്യയോടെ ഞാന്‍ ചുറ്റും നോക്കി എന്നിലെ എന്നെ ഉയര്‍ത്താന്‍ ആരെങ്കിലും ഉണ്ടോ?
ഞാന്‍ ആരേയും കണ്ടില്ല.
ആ സമയം തികച്ചും അനാര്‍ഭാടമായി മുഖത്ത് വാടാത്ത പുഞ്ചിരിയുമായി ബഹുമാനപ്പെട്ട എല്‍ദോസ് അച്ഛന്‍ സദസ്സിന്റെ മുന്നില്‍ ആഗതനായി. സദസ്സില്‍ ആഹ്ലാദാരവങ്ങള്‍. അച്ഛന്റെ സാന്നിദ്ധ്യത്തില്‍ ഒരു നവോന്മേഷം ചിറക് വിരിക്കും പോലെ.
എത്ര അനായാസ്സമായാണ് അച്ഛന്‍ എല്ലാവരുമായി ഇടപെടുന്നത്. വലുപ്പ ചെറുപ്പ വ്യത്യാസമില്ലാതെ എല്ലാവരുമായി ഇടപെഴകി, എല്ലാവരേയും പ്രോത്സാഹിപ്പിച്ച് കാര്യപരിപാടികള്‍ക്ക് നേതൃത്വം നല്കി, അച്ഛന്‍ നന്നായി തിളങ്ങുകയായിരുന്നു. അച്ഛന്റെ സമയോചിതം അവസരോചിതമായ സമാശകള്‍ സദസ്സില്‍ പൊട്ടിച്ചിരി ഉയര്‍ത്തി. സ്‌നേഹനിര്‍ഭരമായ ഒരു കുടുംബത്തിലെന്നതു പോലെ എല്ലാവരും അവിടെ ആഹ്ലാദം പങ്കുവെയ്ക്കുമ്പോഴും എന്നിലെ ഞാന്‍ മരിക്കാത്ത കാരണം എനിക്കതില്‍ പൂര്‍ണ്ണമായി മുഴുകാന്‍ കഴിഞ്ഞില്ല.
വിഭവസമൃദ്ധമായ ഓണസദ്യയും കഴിഞ്ഞ് തിരിച്ച് പോകാന്‍ ഞാന്‍ തുടങ്ങുകയാണ്. അരോടും യാത്രാപറയാനില്ല. എങ്കിലും പോകുന്നതിന് മുമ്പ് എല്‍ദോസ് അച്ഛനെ കാണണമെന്നും യാത്രാപറയണമെന്നും ഒരു തോന്നല്‍. ഏത് കുഞ്ഞുങ്ങള്‍ക്ക് പോലും അച്ഛനരികിലെത്തി അച്ഛനുമായി സൗഹാര്‍ദം സ്ഥാപിക്കാമെന്നുള്ള അച്ഛന്റെ സന്മനസ്സാണ് എന്നെ ആ സാഹസത്തിന് പ്രോത്സാഹിപ്പിച്ചത്.
എല്ലാം വീക്ഷിച്ചും, എല്ലാം നിയന്ത്രിച്ചും വേണ്ട നിര്‍ദ്ദേശങ്ങള്‍ കൊടുത്തും, എന്നാല്‍ ഒട്ടും തിരിക്കില്ലാതെ, ശാന്തനായി, സൗമ്യനായി, വാടാത്ത പുഞ്ചിരിയുമായി അച്ഛന്‍ ജനമദ്ധ്യത്തില്‍ തന്നെ ഉണ്ട്.
അച്ഛന്‍ വാത്സല്യത്തോടെ ക്ഷേമാന്വേഷണങ്ങള്‍ നടത്തി, ഊണ് കഴിച്ചോ എന്ന് ചോദിച്ചു. സംതൃപ്തിയോടെ ഉവ്വ് എന്നര്‍ത്ഥത്തില്‍ ഞാന്‍ തലയാട്ടി. ഉടനം അച്ഛന്‍ സ്‌നേഹപൂര്‍വ്വം നിര്‍ദ്ദേശിച്ചു, എന്നാല്‍ ഉടനെ ചെന്ന് ഭക്ഷണം വിളമ്പുന്ന കമ്മിറ്റിയംഗങ്ങളെ സഹായിക്ക്. ഞാനൊന്ന് ഞെട്ടി. ഇന്നേവരെ പൊതുസദസ്സില്‍ വെള്ളം പോലും പകര്‍ന്ന് നല്കാത്ത ഞാന്‍.. എങ്ങനെ ഭക്ഷണം വിളബും? അച്ഛന്റെ നിര്‍ദ്ദേശമല്ലയോ? സന്തോഷത്തോടെ ശിരസാ വഹിച്ച് കമ്മിറ്റി അംഗങ്ങളോടൊപ്പം സഹായിക്കാന്‍ ഒരുങ്ങി.
എന്നേപ്പോലും അമ്പരിപ്പിച്ചുകൊണ്ട് നിമിഷാര്‍ദ്ധങ്ങള്‍ക്കകം ഞാന്‍ തിരക്കുള്ള വിളമ്പുകാരനായി മാറി. അങ്കിളെ കുറച്ച് ചോറ്, ചേട്ടാ അല്പം സാമ്പാര്‍, കുറച്ച് വെള്ളം.. അതുവരെ അപരിചിതരായി എനിക്ക് തോന്നിയവരുടെ അങ്കിളായി, ചേട്ടനായി ഞാന്‍ മാറി, തുടിക്കുന്ന ഹൃദയത്തോടെ അവര്‍ക്ക് ഞാന്‍ ഭക്ഷണം പകര്‍ന്നെടുക്കുമ്പോള്‍, എനിക്കവര്‍ സ്വന്തം പെങ്ങന്മാരായി, അനുജന്മാരായി, മക്കളായി, സ്വന്തം കൂടപിറപ്പുകളായി മാറി. എന്നിലെ ഞാന്‍ ഉരികിപോകുന്ന അപൂര്‍വ്വ നിമിഷങ്ങളായിരുന്നു അത്. അതെ ഞാന്‍ അസ്തമിച്ച് ആ വലിയ കുടുംബത്തിലെ അംഗം ആകുന്ന സ്‌നാനം ആയിരുന്നു അപ്പോള്‍ എന്റെ ഹൃദയത്തില്‍ സംഭവിച്ചത്.
അപരിചിതത്വം നമ്മുടെ ബുദ്ധിയിലാണ്. തുടിക്കുന്ന ഹൃദയത്തോടെ പ്രാര്‍ത്ഥനാ നിര്‍ഭരമായി, ദാഹിക്കുന്നവന് ദാഹജലം പകര്‍ന്ന് കൊടുക്കുമ്പോള്‍, അപരിചിതത്വത്തിന്റെ അതിര്‍വരമ്പുകള്‍ അസ്തമിക്കുകയും, നാമെല്ലാം ഒന്നാണെന്ന സഹജാവബോധം ഉയിര്‍കൊള്ളുകയും ചെയ്യും. പിന്നെ ഈ ആകാശവും ഭൂമിക്കും സമസ്ത ജീവജാലങ്ങളും അടങ്ങിയ ഈ പ്രപഞ്ചം നമുക്ക് സ്വന്തം. ആരും അന്യരല്ല. ചെറിയവനോ വലിയവനോ ഇല്ല. എല്ലാവരും തുല്യര്‍. എല്ലാവരും ദൈവമക്കള്‍ ആ ഒരുമ ദൈവസ്‌നേഹം തന്നെയല്ലേ?
ബുദ്ധിയുടെ വിലയിരുത്തലുകള്‍ അസ്തമിക്കുന്നിടത്ത് അഹം-- ബോധം ഉരുകി ഒലിച്ച് മനസ്സ് ശൂന്യമാകുന്നു. അപ്പോള്‍ മാത്രമെ സാധാരണക്കാരായ നമ്മുടെ ഹൃദയത്തില്‍ നൈമിഷികമെങ്കിലും നിത്യത-യുടെ സ്പര്‍ശം ഉണ്ടാവുന്നത്. അത് എന്നും ഹൃദയത്തില്‍ പ്രഭചൊരിയുന്ന ഒരു അനുഭവമാണ്. ഈ അനുഭവരാഹിത്യമാണ് ഞാനെന്ന് ഭാവത്തിന് വളര്‍ന്ന് പന്തലിക്കാന്‍ അവസരമൊരുക്കുന്നത്. മനുഷ്യബന്ധങ്ങളിലൂടെ, സാമൂഹിക ബന്ധങ്ങളിലൂടെ മാത്രമെ നമുക്ക് സ്വയം തിരിച്ചറുവുകള്‍ ഉണ്ടാവു. സ്വയം തിരിതിരിച്ചുറിവിന്ടു പ്രകാശധാരയിലേക്ക് നാം ആനയിക്കപ്പെടാതിരുന്നാല്‍ അജ്ഞതയുടെ അന്ധകാരത്തിലായിരിക്കും നാം.
 നാം സ്‌നേഹിക്കുന്നവര്‍ക്ക് വേണ്ടി എന്ത് ത്യാഗവും സഹിക്കാന്‍ നാം തയ്യാറാണ്. നമ്മുടെ കുഞ്ഞുമക്കള്‍ എഴുന്നേറ്റ് നില്ക്കാന്‍ പഠിക്കുന്നത് നമ്മുടെ നെഞ്ചില്‍ ചവിട്ടിയല്ലേ? ഓടാന്‍ പഠിയ്ക്കുമ്പോള്‍, അവരുടെ മോഹം ഓട്ടത്തില്‍ അപ്പനെ തോല്‍പ്പിക്കുക എന്നുള്ളതല്ലേ? അവരുടെ സന്തോഷത്തിനായി ബോധപൂര്‍വ്വം തോറ്റുകൊടുക്കോമ്പോള്‍, നാം അനുഭവിക്കുന്ന മറ്റുള്ളവരുടെ സന്തോഷത്തിനായി തോറ്റുകൊടുക്കുന്നതിലെ അനുഭൂതി!! കാലം കഴിയവേ, ജീവിത സമ്മര്‍ദ്ദങ്ങളുടെ നിര്‍ചൂഴികളില്‍പ്പെട്ട്, നമ്മുടെ മക്കള്‍, ഒരുവേള നമ്മെ വൃദ്ധമന്ദിരങ്ങളുടെ നിരാശ്രത്വത്തിലേയ്ക്ക്, അന്ധകാരത്തിലേയ്ക്കും നമ്മെ വലിച്ചെറിയുമ്പോഴും നാം പ്രാര്‍ത്ഥിക്കും, നമ്മുടെ ഹൃദയം തുടിക്കും, നമ്മുടെ കുഞ്ഞും മക്കളുടെ സര്‍വ്വാശ്വരങ്ങള്‍ ഉള്ള ജീവിതത്തിലായി. അതെ സ്‌നേഹിക്കുന്നവര്‍ക്ക് വേണ്ടി ഏതറ്റം വരെയും പോകുവാന്‍ നാം തയ്യാറാണ്!!
2012

2013, സെപ്റ്റംബർ 28, ശനിയാഴ്‌ച


ഗീതോപദേശം






ഇത് കുരുക്ഷേത്രഭൂമി. മഹാഭാരതയുദ്ധം തുടങ്ങാന്‍ സമയമായി. സര്‍വ്വവിധ സേനാ വ്യൂഹങ്ങളോടും കൂടി പാണ്ഡവ പക്ഷവും കൗരവപക്ഷവും മുഖാമുഖം നില്‍ക്കുന്നു. സാര്‍വത്ര ഗാംഭീരമായ നിശബ്ദത..
കൗരവപക്ഷത്ത് യോദ്ധാക്കളില്‍ യോദ്ധാവായ ഭീഷ്മര്‍, ആയുധാഭ്യാസനത്തിന്റെ ആചാര്യനായ ദ്രോണര്‍, കൃപര്‍, ജയദ്രഥന്‍, ദ്രോണപുത്രന്‍ അശ്വത്ഥാമാവ്, വില്ലാളിവീരനായ കര്‍ണ്ണന്‍, ദുര്യോദനനോടൊപ്പം മറ്റു കൗരവപ്പടയും.
മറുവശത്ത് വില്ലാളി വീരനായ അര്‍ജ്ജുനന്‍, അര്‍ജ്ജുനന്റെ തേരാളിയായി സാക്ഷാല്‍ ഭഗവാന്‍ കൃഷ്ണന്‍, ഭീമന്‍, സത്യകി, ഉദിച്ചുയരുന്ന സൂര്യ തേജസോടുകൂടി അര്‍ജ്ജുന പുത്രന്‍ അഭിമന്യു, ധര്‍മ്മ പുത്രരോടൊപ്പം മറ്റു പാണ്ഡവ പടയും.
വിദുരര്‍ യുദ്ധനിയമങ്ങള്‍ ഒരിക്കല്‍ കൂടി ഇരുപക്ഷത്തെയും ബോധിപ്പിക്കാനുള്ള ശ്രമത്തിലാണ്. കുരുക്ഷേത്രഭൂമിയില്‍ തളംകെട്ടിനിന്ന ഗാംഭീര നിശബ്ദതയെ ഭംഗപ്പെടുത്തിക്കൊണ്ട് മുഴങ്ങിയ ആനയുടെ ചിന്നംവിളികള്‍ തുടങ്ങാന്‍ പോകുന്ന യുദ്ധത്തിന്റെ ഭയാനകത വര്‍ദ്ധിപ്പിച്ചു.
ഇരുപക്ഷവും യുദ്ധം തുടങ്ങാനുള്ള പടഹധ്വനിക്കായ് കാതോര്‍ക്കവെ വില്ലാളിവീരനായ അര്‍ജ്ജുനനെയും തേരാളിയായ കൃഷ്ണനെയും വഹിച്ചുകൊണ്ടുള്ള രഥം യുദ്ധ ഭൂമിയുടെ മദ്ധ്യത്തിലെത്തി.
അര്‍ജ്ജുനന്‍ തന്റെ എതിര്‍ഭാഗത്ത് അണിനിരന്നിരിക്കുന്ന കൗരവപടയെ ഗാംഭീരതയോടെ വീക്ഷിച്ചു. ആര്‍ത്തിരമ്പുന്ന സമുദ്രം കണക്കെ കൗരവപ്പട ഇളകി മറിയുന്നു, കുതിരപ്പടയുടെ സീല്‍ക്കാരങ്ങള്‍, ആനകളുടെ ചിന്നംവിളികള്‍, തേരാളികളുടെയും പടയാളികളുെടയും പോര്‍വിളികള്‍. കൗരവപ്പട ഭൂമിയെതന്നെ ഇളക്കി മറിക്കാനുള്ള തയ്യാറെടുപ്പില്‍ പ്രക്ഷുബ്ധമായിരിക്കുന്നു. കൗരവപടയുടെ മുന്‍നിരയില്‍ തന്നെ സ്ഥാനം ഉറപ്പിച്ചിരിക്കുന്ന യോദ്ധാക്കളില്‍ അര്‍ജ്ജുനന്റെ നയനങ്ങള്‍ പതിഞ്ഞു. പിതാമഹനായ ഭീഷ്മര്‍, ആചാര്യന്‍ ദ്രോണര്‍, ആചാര്യപുത്രന്‍ അശ്വത്ഥാമാവ്, ദുര്യോദനന്‍ അടക്കമുള്ള മറ്റു ധൃതരാഷ്ട്ര പുത്രന്മാര്‍, മറ്റു ബന്ധുമിത്രാദികള്‍.
അര്‍ജ്ജുനന്‍ അമ്പരന്നു...
ഭീഷ്മപിതാമഹനെയും, ആചാര്യനെയും മറ്റു ബന്ധുമിത്രാദികളേയും വധിച്ച് അവരൊഴുക്കുന്ന ചോരപ്പുഴയിലൂടെ നീന്തിത്തുടിച്ച് വേണം വിജയം വരിക്കാന്‍. ഇവരെ കൊന്നിട്ട്  തനിക്ക് എന്തിന് വിജയം! ഉറ്റ ബന്ധുമിത്രാദികള്‍ ഇല്ലാത്ത ലോകത്ത് തനിക്കെന്തിന് രാജാധികാരം.
അര്‍ജ്ജുനന്‍ വിറച്ചു.
കരങ്ങളില്‍ നിന്ന് ഗാണ്ഡീവം നിലംപതിച്ചു..
തൊണ്ട വരണ്ടു, നാവുണങ്ങി, ശരീരം തളര്‍ന്നിരുന്നുപോയി.
അര്‍ജ്ജുനന്‍ തന്റെ തേരാളിയും, സുഹൃത്തും, ഭഗവാനുമായ കൃഷ്ണനോട് കേണു. എന്റെ ബന്ധുമിത്രാദികളെയും ആചാര്യനേയും പിതാമഹനേയും വധിച്ചിട്ടുള്ള വിജയം എനിക്ക് വേണ്ട, അവരില്ലാത്ത രാജ്യം എനിക്കെന്തിന്. ഇല്ല ഞാന്‍ യുദ്ധം ചെയ്യില്ല.
ഈസന്ദര്‍ഭത്തിലാണ് അര്‍ജ്ജുനന്റെ സംശയവും മൗഢ്യവും ദൂരീകരിച്ച് കര്‍മ്മോത്സുകനാക്കി വീണ്ടും യുദ്ധസന്നദ്ധനാക്കാന്‍ ശ്രീകൃഷ്ണന്‍ ഗീതോപദേശം നല്‍കുന്നത്. 18 പര്‍വ്വങ്ങളിലായി 700 ശ്ലോകങ്ങളില്‍ വേദങ്ങളുടെ ആത്മസത്തയായ ഗീതോപദേശം സംഗ്രിക്കപ്പെട്ടിരിക്കുന്നു. പ്രപഞ്ചത്തോളം തന്നെ വ്യാപ്തമായ ആ മഹത് വചനങ്ങളെ ഈ ഹ്രസ്വലേഖനത്തില്‍ പ്രതിപാതിക്കുക അസാധ്യം. ഭഗവത് ഗീതയുടെ മഹത്വത്തിലേക്ക് ഒന്ന് എത്തിനോക്കാനുള്ള ഒരെളിയ ശ്രമം മാത്രമാണിത്.
ശ്രീകൃഷ്ണന്‍ ഗീതോപദേശം നല്‍കുന്നത് ശാന്തിമന്ത്രങ്ങള്‍ ഉരുക്കഴിക്കപ്പെടുന്ന പര്‍ണ്ണശാലകളിലൊ, ഗംഗാനദിയുടെ ശാന്തിതീരങ്ങളില്‍ വെച്ചൊ ആയിരുന്നില്ല, മറിച്ച് യുദ്ധഭൂമിയില്‍ വച്ചാണ്. യുദ്ധഭൂമി, സംഘര്‍ഷഭരിതമായ നമ്മുടെ ഹൃദയങ്ങളെ പ്രതിനിധീകരിക്കുന്നു.
നന്മയും തിന്മയും തമ്മിലുള്ള വടംവലികള്‍, എന്റേതെന്നും നിന്റേതെന്നുമുള്ള ഭേദബുദ്ധി. എന്റെ ധാരണകള്‍ വിശ്വാസങ്ങള്‍, വീക്ഷണം, സമ്പത്ത് തുടങ്ങി എന്റേതെന്നുള്ളത് സംരക്ഷിക്കാനും നിന്റേതെന്നുള്ളതിനെ അവഗണിക്കാനുമുള്ള പ്രവണത, മത്സരബുദ്ധി സ്പര്‍ദ്ധ അഹങ്കാരം തുടങ്ങി എല്ലാം ഹൃദയത്തെ സംഘര്‍ഷഭരിതമാക്കുന്നു.
ഈ ഭേദുദ്ധിയാണ് പവിത്രമായ ഈ ഭൂമിയെ രക്തപങ്കിലമാക്കുന്നത്.
ജീവിതത്തില്‍ നിന്ന് ഒളിച്ചോടിയല്ല മറിച്ച് ജീവിതത്തിലെ എല്ലാവിധ വൈരുദ്ധ്യങ്ങളേയും അഭിമുഖീകരിച്ചുകൊണ്ടാവണം ആത്മജ്ഞാനത്തിലേക്കും പൂര്‍ണ്ണതയിലേക്കും എത്തേണ്ടത് എന്ന് ശ്രീകൃഷ്ണന്‍ ഗീതയിലൂടെ വെളിപ്പെടുത്തുന്നു. ഇത് ജ്ഞാനങ്ങളില്‍ വെച്ച് ഏറ്റവും ശ്രേഷ്ഠമാണെന്ന് ശ്രീകൃഷ്ണന്‍ ആവര്‍ത്തിച്ച് പറയുന്നുണ്ട്.
ഗാന്ധിജി തന്റെ ജീവിതത്തില്‍ മാര്‍ഗ്ഗദീപമാക്കിയിരുന്നത് ഭഗവത് ഗീതയാണ്. ജാതിമതവ്യത്യാസമില്ലാതെ ആര്‍ക്കും ഗീതാപാരായണം ചെയ്ത് മനനം ചെയ്ത്, ഗീതാസന്ദേശങ്ങള്‍ അനുധാവനം ചെയ്ത് ആത്മജ്ഞാനത്തിന്റെ പാതയിലൂടെ മുന്നേറാവുന്നതാണ്.

2013, സെപ്റ്റംബർ 27, വെള്ളിയാഴ്‌ച

യു.കെ. മലയാളികളുടെ സ്വപ്‌നമായ UKMA   യിലെ  അപസ്വരങ്ങളാണ് ഈ കുറിപ്പിന് അടിസ്ഥാനം.
ഏതൊരു ജനാധിപത്യ പ്രസ്ഥാനത്തിന്റെയും അടിസ്ഥാന പ്രശ്‌നങ്ങളില്‍ ഒന്ന് ഭരണ സരഥ്യം വഹിക്കുന്നവര്‍ ഉത്തരം കാണാതെ വിഷമിക്കുന്ന പ്രശ്‌നങ്ങള്‍ക്കുള്ള ഉത്തരം പുറത്തു നില്‍ക്കുന്ന സാധാരണക്കാര്‍ക്കറിയാം എന്നുള്ളതാണ്. അതുകൊണ്ട് തന്നെ തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് ഉണ്ടാകേണ്ട പ്രഥമവും പ്രധാനവുമായ ഗുണങ്ങളില്‍ ഒന്ന് നല്ല ആശയങ്ങളെ സ്വാംശീകരിക്കുവാനുള്ള സംവേദനക്ഷമമായ ഒരു മനസ്സും, തുറന്ന ഹൃദയത്തിന്റെയും ആത്മാവിന്റെയും ഉടമകളായിരിക്കുകയെന്നുള്ളതാണ്.
ജീവിതത്തിന്റെ വൈവിധ്യമാര്‍ന്ന അനുഭവങ്ങളിലൂടെ കടന്നുവന്ന് പക്വതയാര്‍ജ്ജിച്ച, അനുഭവസമ്പത്തുള്ള, വിദ്യാഭ്യാസമുള്ള, ഭരണ നൈപുണ്യമുളള ഏറെ മലയാളികള്‍ (വനിതാ വിഭാഗത്തിലും പുരുഷവിഭാഗത്തിലും) നമുക്കുണ്ട്. ഉദാഹരണത്തിന് റിട്ട. അദ്ധ്യാപകര്‍, ശിശുക്ഷേമ ഭവനിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍, വിദ്യാഭ്യാസ വിചക്ഷണര്‍ തുടങ്ങിയവര്‍.. മത്സരമല്ല, സ്‌നേഹമാണ് ജീവിതത്തിന്‍ അടിസ്ഥാനം എന്ന് വിശ്വസിക്കുന്ന ഇവര്‍ ഒരു മത്സരരംഗത്തും ഉണ്ടാവില്ല. സ്വന്തം ശബ്ദം മുഴങ്ങികേള്‍ക്കാന്‍ ഇഷ്ടപ്പെടാത്ത ഇവര്‍ എങ്ങും ഇടിച്ചുകയറി കൂകി വിളിക്കില്ല. അതുകൊണ്ട് തന്നെ ഇവരെ തിരിച്ചറിയാനും അല്പം ബുദ്ധിമുട്ടാണ്. സത്യത്തോടും സ്‌നേഹത്തോടും ചേര്‍ന്ന് നില്‍ക്കുന്ന നമ്മുടെ സംസ്‌കാരത്തിലും, മൂല്യങ്ങളിലും അടിയുറച്ചു നില്‍ക്കുന്ന ഇവരെ കണ്ടെത്താനും അനൗപചാരികമായി സംഘടിപ്പിച്ച്, അവരുടെ വിലപ്പെട്ട അഭിപ്രായങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ചെവിക്കൊള്ളാനും യുഗ്മ ഭാരവാഹികള്‍ തയ്യാറാവണം.
 നമ്മുടെ അസോസിയേഷനുകളില്‍ നിലനില്‍ക്കുന്ന സ്‌നേഹരാഹിത്യത്തിന്റെ പ്രകടനമാവാം ഇത്തരം അപാകതകള്‍.. എന്ത്‌കൊണ്ട് ഇത്തരം സ്ഥിതി വിശേഷം സംജാതമാകുന്നു? നിയമങ്ങള്‍ നിയമങ്ങളുടെ രക്ഷയ്ക്ക് വേണ്ടിയല്ല പ്രത്യുത മനുഷ്യ നന്മയ്ക്കുവേണ്ടിയാണെന്നുള്ള സര്‍വ്വസാധാരണ സത്യംനാം വിസ്മരിക്കുന്നത് കൊണ്ടോ? അതേ വെള്ളത്തില്‍ മുങ്ങിചാവുന്നവന് രക്ഷിക്കുന്നതിന് മുന്‍പ് protocal നോക്കുന്ന നമ്മുടെ കപടതയോ? ഇതൊന്നുമല്ലെങ്കില്‍, സ്‌നേഹത്തിന്റെ, സൗഹൃദത്തിന്റെ ഒരിറ്റു ജലകണിക പോലും ഇല്ലാതെ നമ്മുടെ ഹൃദയങ്ങള്‍ വന്‍ മരുഭൂമികള്‍ ആയി മാറുന്നുതെ കൊണ്ടുവും. ജന്തുസഹജമായ ജൈവിക ചോദനയാണ് മത്സരം. ഈ ചോദനയുടെ ഉദാത്തികരണം (Sublimation) ആണ് സ്‌നേഹം. മത്സരം ഉള്ളിടത്ത് സ്‌നേഹമില്ല. ജീവിതത്തിന്റെ അടിസ്ഥാനം മത്സരമല്ല, സ്‌നേഹമാണെന്ന് നാം എന്നാണ് ഓര്‍ക്കുന്നത്?
സ്‌നേഹത്തിന്റെ നീരുറവകള്‍ Tesco യില്‍ നിന്നോ Asda യില്‍ നിന്നോ ലഭ്യമല്ല മതപരമായ ആചാരാനുഷ്ഠാനങ്ങളില്‍ മാത്രം കുരുങ്ങിക്കിടക്കുന്ന ആരാധനാലയങ്ങള്‍ക്കും അത് നമുക്ക് പകര്‍ന്ന് തരുവാന്‍ ആവില്ല. പരസ്പരമുള്ള സ്വാര്‍ത്ഥതയുടെയും, മത്സരത്തിന്റെയും അഹങ്കാരത്തിന്റെയും വിദ്വേഷത്തിന്റേതുമായ വന്‍ പാറകള്‍ മാറ്റി നമുക്ക് ഒരോരുത്തരുടെയും ഹൃദയത്തില്‍ കുടുങ്ങിക്കിടക്കുന്ന സൗഹൃദത്തിന്റെ സഹകരണത്തിന്റെ ഉറവുകളെ  പുനര്‍ജനിപ്പിക്കാം.
നമുടെ ഓരോരുത്തരുടെയും ഹൃദയങ്ങളില്‍ പുനര്‍ജനികാന്‍ വെമ്പല്‍ കൊള്ളുന്നു സൗഹൃദത്തിന്റെ സഹകരണത്തിന്റെ ഉറവുകളെ ഉണര്‍ത്തി ഒരു പ്രവാഹമാക്കാന്‍  നമുക്ക് കഴിയുമാറാകട്ടെ.
2009



മാനിഷാദാ... മാനിഷാദാ...

രണ്ട് വ്യക്തികള്‍ തമ്മിലുള്ള 'സല്ലാപം' ഒരു അസോസിയേഷന്റെ ആഘോഷങ്ങള്‍ അലങ്കോലപ്പെടുത്തിയ വാര്‍ത്ത വായിച്ചപ്പോള്‍ ഖേദവും ദുഖവും തോന്നി. ഭാരവാഹികളുടേയും സാമൂഹ്യ പ്രതിബദ്ധതയുള്ള അംഗങ്ങളുടെയും അഹോരാത്രമുള്ള കഠിന ശ്രമങ്ങള്‍ നിമിഷാര്‍ധങ്ങള്‍ക്കകം വെണ്ണീറായി! ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. യുകെ മലയാളി സമൂഹം അഭിമുഖീകരിക്കുന്ന വന്‍ പ്രതിസന്ധികളില്‍ ഒന്നാണിത്.

ജാതിമത ഭേദമന്യേ നമുക്ക് എല്ലാവര്‍ക്കും ഒരുമിച്ച് കൂടാനുള്ള ഒരിടം ആണ് അസോസിയേഷന്‍.. ജീവിത പ്രാരാബ്ധതകളില്‍ പെട്ട് ഞെരിഞ്ഞ് അമരുന്ന നമ്മുടെ സാമൂഹിക പ്രതിബദ്ധത പുനര്‍ജ്ജനിക്കുന്നത് അസോസിയേഷന്‍ പ്രവര്‍ത്തനങ്ങളിലൂടെയാണ്. കണ്ണിലെ കൃഷ്ണമണി പോലെ, നവജാത ശിശുവിനെ മാറോട് അടക്കിച്ചേര്‍ത്ത് സംരക്ഷിക്കുന്നതു പോലെ അസോസിയേഷന്റെ പരിശുദ്ധതയും പരിപാവനതയും കാത്തുരക്ഷിക്കാന്‍ നാം പ്രതിബദ്ധരാകേണ്ടതാണ്.

ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നിന്നും വന്ന മലയാള മക്കളുടെ നന്മ, അവര്‍ ശീലിച്ച സംസ്‌കൃതിയെ, മൂല്യങ്ങളെ മുറുകെപ്പിടിച്ച് മുന്നേറാനുള്ള വെമ്പലാണ്. പാശ്ചാത്യ സംസ്‌കാരത്തിന്റെ നന്മകളെ തിരിച്ചറിയുമ്പോഴും തിന്മകളെ അവഗണിച്ച് മുന്നേറുവാനുള്ള പ്രാപ്തി നമുക്ക് ലഭിക്കുന്നത്,
മുലപ്പാലിനോടൊപ്പം നാം നുകര്‍ന്ന മൂല്യങ്ങളാണ്, സംസ്‌കൃതിയാണ്.

ആ സംസ്‌കൃതിയുടെ പുനരാവിഷ്‌കാരമാണ് അസോസിയേഷനുകളിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്. അതുകൊണ്ട് മാത്രമാണ് നമ്മില്‍ ബഹുഭൂരിപക്ഷവും പബ്ബുകളെപ്പറ്റിയും നിശാക്ലബ്ബുകളെപ്പറ്റിയും അജ്ഞരായിരിക്കുന്നത്. നമ്മുടെ അസോസിയേഷനുകള്‍ തകര്‍ന്നാല്‍, തളര്‍ന്നാല്‍ നാം കടന്നു ചെല്ലാന്‍ വിധിക്കപ്പെട്ടിരിക്കുന്നത്, പാശ്ചാത്യ സംസ്‌കാരത്തിന്റെ വൃത്തിഹീനതയിലേക്കായിരിക്കും. ആ യാത്ര സ്വന്തം ശവകുടീരത്തിലേക്കുള്ള വിലാപയാത്രയില്‍ മൗനമായി പങ്കുകൊള്ളുന്നതിന് തുല്യമാണ്.

മത്സരാധിഷ്ഠിതമായ, അമിത ജീവിതവ്യഗ്രതകളാല്‍ നയിക്കപ്പെടുന്ന താളംതെറ്റിയ ജീവിതക്രമത്തിന്റെ ഉപോത്പന്നമാണോ ഇത്തരം സംഭവങ്ങള്‍ക്ക് നിദാനം ആയിരിക്കുന്നത്? അതോ വികസിത രാജ്യത്തിന്റെ അമിത ചിട്ടവട്ടങ്ങളോടുള്ള കലാപമോ? ക്ഷിപ്രകോപത്താല്‍ അഗ്നി ഗോളങ്ങളായി അസോസിയേഷന്റെ പൊതുപരിപാടികളില്‍ പതിച്ച് എല്ലാം വെണ്ണീറാകുന്ന ഇത്തരം ധൂമകേതുക്കളെ നിര്‍വീര്യമാക്കേണ്ട സാധ്യതകളെപ്പറ്റി നാം ഉറക്കെ ചിന്തിക്കേണ്ടിയിരിക്കുന്നു.

ഹൃദയത്തിന്റെ ലോലതന്ത്രികളുടെ സംവേദന ക്ഷമത നഷ്ടപ്പെട്ടാല്‍ ഒരു ധൂമകേതുവായി നാം എരിഞ്ഞടങ്ങുമോ? കാലം നമ്മോട് ചോദിക്കുന്ന ചോദ്യം ഇതാണ്. നമ്മുടെ ഹൃദയത്തിന്റെ ലോലമായ തന്ത്രികളുടെ സംവേദനക്ഷമത വീണ്ടെടുക്കാന്‍ നമുക്ക് കഴിയുമോ? സാധിക്കുമെങ്കില്‍ നമ്മുടെ അണുകുടുംബങ്ങളില്‍ സമാധാനം ഉണ്ടാകും, അസോസിയേഷനുകളില്‍ ശാന്തിയും സമാധാനവും ഉണ്ടാകും.

2013, സെപ്റ്റംബർ 26, വ്യാഴാഴ്‌ച

വിമര്‍ശകര്‍, സ്തുതിപാഠകര്‍.

നമ്മൊടൊപ്പം ഉള്ള സ്തുതിപാഠക സുഹൃത്തുക്കളെയാണോ വിമര്‍ശക സുഹൃത്തുക്കളെയാണോ നാം അധികം സ്‌നേഹിക്കേണ്ടത്?
സംശയമില്ല. വിമര്‍ശിക്കുന്ന നമ്മുടെ സുഹൃത്തുക്കളെയാണ്. നമ്മുടെ ശരീരം അണുബാധയാല്‍ ആക്രമിക്കപ്പെടുന്ന നിമിഷം ശരീരത്തിന്റെ പ്രതിരോധശക്തി പ്രബലമാകുന്നു. വിമര്‍ശനങ്ങള്‍ നമ്മുടെ പരിമിതികളിലേക്ക് വെളിച്ചം വീശുന്നു അവ നമ്മെ ജീവിത യഥാര്‍ത്ഥങ്ങളിലേക്ക് അടുപ്പിക്കുന്നു. വിമര്‍ശനങ്ങള്‍ നാം ആര്‍ജ്ജിക്കേണ്ട കഴിവുകളെ ഓര്‍മ്മിപ്പിക്കുന്നതോടൊപ്പം നമ്മുടെ സുഷുപ്താവസ്ഥയിലുള്ള കഴിവുകള്‍ പുനര്‍ജനി തേടുന്നു.
ചൈന ഇന്ത്യയെ അപ്രതീക്ഷിതമായി ആക്രമിച്ചപ്പോള്‍, ഇന്ത്യന്‍ ജനത സ്വതന്ത്രാനന്തര ഉറക്കത്തില്‍ നിന്ന്, ആലസ്യത്തില്‍ നിന്ന് പെട്ടെന്ന് ഞെട്ടി ഉണര്‍ന്നു. അപ്പോഴാണ് നാം തിരിച്ചറിയുന്നത് നമ്മുടെ സൈന്യത്തിന്റെ ശുഷ്‌കത!!
നമ്മുടെ സൈന്യത്തിന്റെ ആയുധബലത്തെ കുറിച്ച് അന്നത്തെ പ്രതിരോധമന്ത്രിയായിരുന്നു മലയാളിയായ വി. കെ. കൃഷ്ണമേനോന് പോലും അത്രവലിയ നിശ്ചയം ഉണ്ടായിരുന്നില്ല.
സുശക്തരായ ചൈനീസ് ആര്‍മിക്ക് മുന്നില്‍ പിടിച്ച നില്ക്കാനാവാതെ ഇന്ത്യന്‍ സൈന്യം ഏതാനും മൈലുകള്‍ തന്നെ അതിര്‍ത്തിയില്‍ നിന്ന് പിറകോട്ടു മാറി (തോറ്റ് ഓടി എന്ന് പറയുന്നത് നമുക്ക് മോശമല്ലേ?) ഇന്ത്യന്‍ സൈന്യത്തിന്റെ ദയനീയ പ്രകടനത്തില്‍ ക്ഷുഭിതരായ പാര്‍ലിമെന്റ് അംഗങ്ങള്‍, പാര്‍ലിമെന്റല്‍ ബഹളം വച്ചു.അന്ന് പ്രതിരോധമന്ത്രി യിരുന്നു വി. കെ. കൃഷ്ണമേനോന്‍ അക്ഷോഭ്യനായി സമചിത്തതയോടെ പ്രസ്താവിച്ചത് ഇങ്ങനെ. ഇന്ത്യന്‍ സൈന്യം തോറ്റ് ഓടി എന്ന് പറയുന്നത് തികച്ചും അടിസ്ഥാനരഹിതമായ ആരോപണം. ഇന്ത്യന്‍ സൈന്യം തന്ത്രപരമായി ഏതാനും മൈലുകള്‍ പിന്മാറുക മാത്രമാണ് ചെയ്തത്!!
ഏതായാലും ചൈനയുടെ അപ്രതീക്ഷിതമായ 'തലോടലി'ല്‍ നിന്ന് ഇന്ത്യ പാഠം പഠിച്ചു. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇന്ത്യന്‍ സൈന്യം സുസജ്ജമായി, ആധുനികവത്കരിക്കപ്പെട്ടു. അതിര്‍ത്തിയിലെ ഏത് വെല്ലുവിളികളെയും നേരിടാന്‍ തയ്യാറായി. പിന്നീട് പാക്കിസ്ഥാനുമായുള്ള യുദ്ധത്തില്‍ ഇന്ത്യ വിജയം വരിച്ചു. പ്രതിസന്ധികള്‍, പ്രതിബദ്ധങ്ങള്‍, വിമര്‍ശനങ്ങള്‍ നമ്മുടെ കഴിവുകളെ വര്‍ധിപ്പിക്കുന്നു.
കാറല്‍മാര്‍ക്‌സിന്റെ പ്രശസ്തമായ വൈരുദ്ധ്യാത്മക സിദ്ധാന്തം തന്നെ വൈരുദ്ധ്യങ്ങളുമായി ഏറ്റുമുട്ടുമ്പോഴാണ് ഉല്പന്നം ഉണ്ടാവുന്നത് എന്നാണ്. നാട്ടിലെ ഇരുളടഞ്ഞ നാടുവഴികളിലൂടെ നാം നടക്കുമ്പോള്‍, വിഷപാമ്പുകളെ ഭയന്ന്, ടോര്‍ച്ചും കൈയില്‍ പിടിച്ച് സുഷ്മതയോടെയാണ് നടക്കാറ്. അങ്ങനെ സൂഷ്മത പാലിച്ച് നടക്കുന്നത് കൊണ്ട് വിഷപാമ്പുകളില്‍ നിന്ന് മാത്രമല്ല, പൊട്ടക്കിണറില്‍ വീഴാതെയും, മറ്റു ആപത്തുകളില്‍ പതിക്കാതെയും നാം രക്ഷപ്പെടുന്നു.
ജീവിതത്തിന്റെ വഴിത്താരയില്‍ നമ്മെ വിമര്‍ശിക്കാന്‍ മാത്രം ചിലര്‍ പതുങ്ങിയിരിപ്പുണ്ട് എന്ന അറിവ്
സുഷ്മതയോടെ മുന്നോട്ട് പോകാന്‍ നമ്മെ പ്രാപ്തരാകുന്നു. എന്നാല്‍ സ്തുതിപാഠക സുഹൃത്തുക്കളുടെ സ്തുതിവചനങ്ങള്‍ നമ്മില്‍ അഹങ്കാരത്തെ വര്‍ധിപ്പിക്കുന്നു. അത് നമ്മുടെ പരിമിതികളെ വിസ്മരിപ്പിച്ച് അമിതാഹങ്കാരത്തിലേക്കും പിന്നീട് അധപതനത്തിലേക്കും നമ്മെ ആനയിക്കും. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഇര മോഹല്‍ലാല്‍ ആണെന്ന് തോന്നുന്നു. 'അമ്മയും' നടന്‍ തിലകന്‍ ചേട്ടനും തമ്മിലുള്ള പ്രശ്‌നത്തില്‍ നമ്മുടെ സാഹിത്യ സാംസ്‌കാരിക നായകന്‍ സുകുമാര്‍ അഴിക്കോട് അഭിപ്രായം പറയുന്നു, ഇടപെടാന്‍ ആഗ്രഹിക്കുന്നു. അതില്‍ എന്തോ അനിഷ്ടം തോന്നിയ നമ്മുടെ ലാലേട്ടന്‍ അഴീക്കോട് സാറിനെ 'അയാള്‍' എന്ന വിശേഷിപ്പിച്ചൂ. പിന്നത്തെ പൂരം പറയണോ? സുകുമാര്‍ അഴീക്കോട് സാറ് 'തത്വമസി' എഴുതിയ അവിവാഹിതനായ പരമസ്വാത്വികാനാണെങ്കിലും അഹങ്കാരത്തിന്റെ സിംഹാസനത്തില്‍ വാണരുളുന്ന സാഹിത്യ സാംസ്‌കാരിക നായകനാണെന്ന് നിഷ്പക്ഷമതികളായ സാധാരണക്കാര്‍ക്ക് ഇടയില്‍ ഒരു ധാരണയുണ്ട്.
ലാലേട്ടന്റെ 'അയാള്‍' എന്ന സംബോധന സഹിക്കാന്‍ വയ്യാതെ നമ്മുടെ ധീക്ഷണശാലി നന്നായി പ്രതികരിച്ചു. വാര്‍ത്തകള്‍, ആരോപണങ്ങള്‍, പ്രസ്താവനകള്‍, വെല്ലുവിളികള്‍... സംസ്‌കാരികരംഗം ചൂടായി രാഷ്ട്രീയതലത്തിലെത്തി.
പാവം ലാലേട്ടന്റെ കൈ എത്തും വരെ എത്തിയതാണ് രാജ്യസഭാംഗത്വം. അത് തെറിച്ചു.
ആ നിരാശയില്‍ കുതിര്‍ന്ന് ലാല്‍ ഏട്ടന്‍ ഉറക്കെ ഒന്ന് ആത്മഗതം ചെയ്തു എത്ര എന്റെ ചില സ്തുതിപാഠക സുഹൃത്തുക്കളുടെ പ്രകോപനത്തിന് വഴങ്ങി ഞാന്‍ അറിയാതെ പറഞ്ഞ് പോയതാണ് 'അയാള്‍' എന്ന്.
നോക്കണേ സ്തുതിപാഠക വൃദ്ധങ്ങള്‍ വരുത്തിവക്കുന്ന ഒരോരോ വിനകളെ. അതുകൊണ്ട് നമുക്ക് സ്‌നേഹിക്കാം വിമര്‍ശകരെ, വിമര്‍ശനങ്ങളെ
പക്ഷേ വിമര്‍ശകരോട് ഒരു വാക്ക്.
ഉള്ളിലെ സ്‌നേഹത്തില്‍ നിന്നും സൗഹൃദത്തില്‍ നിന്നും വിമര്‍ശനങ്ങള്‍ ഉതിര്‍ക്കുക.
അപ്പോള്‍ പ്രയോക്താവില്‍ ആശാവഹമായ മാറ്റങ്ങള്‍ ഉണ്ടാവും.
ഉള്ളിലെ വിഷത്തില്‍ നിന്നാണ് വിമര്‍ശിക്കുന്നതെങ്കില്‍ പ്രയോക്താവ് തല്‍ സമയം മരണമടയും.
അവസാനം 'വിഷം' പ്രയോഗിക്കാന്‍ ഒരു പ്രയോക്താവ് ഇല്ലാതെ വരുമ്പോള്‍, സ്വയം ആ 'വിഷം' വിഴുങ്ങേണ്ടി വന്നു. അപ്പോള്‍ തല്‍സമയം മൃതനാകുന്നത് വിമര്‍ശകന്‍ തന്നെയായിരിക്കും.

2013, സെപ്റ്റംബർ 24, ചൊവ്വാഴ്ച

അശ്വത്ഥാമാവ്

ദ്രോണാചാര്യരുടെയും കൃപിയുടെയും (കൃപചാര്യരുടെ സഹോദരി) പുത്രനായ അശ്വത്ഥാമാവിന് മരണമില്ല. കലിയുഗാന്ത്യം വരെ മരണമില്ല. തന്റെ ഒടുങ്ങാത്ത പ്രതികാരദാഹം കാരണം ശ്രീകൃഷ്ണനാല്‍ ശാപഗ്രസ്തനായി, പകയും വെറുപ്പും നെഞ്ചിലേറ്റി, ഒരിക്കലും ഉണങ്ങാത്ത ശിരസിലെ വ്രണത്തില്‍ നിന്ന് രക്തവും ചലവുവാര്‍ന്ന് ഒഴുകി, തീവ്രവേദനയോടെ, എങ്ങും ഗതികിട്ടാതെ അഭയത്തിനായി കേണുനടക്കുന്ന മരണമില്ലാത്ത ആത്മാവാണ് അശ്വത്ഥാമാവ്!

താന്‍ അനുഭവിക്കുന്ന തീവ്രവേദനയില്‍ നിന്ന് മോചനത്തിനായി മരണത്തെ വരിക്കാന്‍ അശ്വത്ഥാമാവ് ആഗ്രഹിക്കുന്നു. എന്നാല്‍ ശാപഗ്രസ്ഥനായ അശ്വത്ഥാമാവില്‍ നിന്ന് മരണം അകലുന്നു. പ്രതികാരദാഹം നെഞ്ചിലേറ്റി നടക്കുന്നവരില്‍ അശ്വത്ഥാമാവിന്റെ ആത്മാവ് ഉണ്ട്. അത് അവസാനിമില്ലാത്ത, മരണമില്ലാത്ത തീവ്രവേദന മാത്രമാണ്!! അഭയത്തിനായി അലയുന്നു ദുരാത്മാവ്.
സമാധാനപൂര്‍ണ്ണമായ ജീവിതത്തിന് മത്സരാധിഷ്ഠിതമായ ജീവിതഭ്രമം അങ്ങേയറ്റം ആപത്കരമാണ്. പക്ഷേ നിര്‍ഭാഗ്യത്തിന് പുരാതനകാലം മുതലെ സാമൂഹ്യക്രമങ്ങള്‍ സജ്ജമാക്കപ്പെട്ടിരിക്കുന്നത് മത്സരാധിഷ്ഠിതമായ ജീവിത ക്രമങ്ങളിലാണ്.

ഓരോ മത്സരവും വിജയികളെയും പരാജിതരെയും സൃഷ്ടിക്കുന്നു. പരാജിതര്‍ പരാജയത്തെ ആരോഗ്യകരമായി സ്വീകരിച്ച് അംഗീകരിച്ച് വിജയിക്ക് ആംശസകള്‍ നേര്‍ന്ന് മുന്നോട്ട് പോകുന്നത് ആപൂര്‍വ്വം.
വിജയികളുടെ വിജയം പൂര്‍ണ്ണമായും നീതി യുക്തമായിരിക്കണമെന്നില്ല. പക്ഷേ ഭഗവല്‍കടാക്ഷം ആയിരിക്കും അവരെ  വിജയത്തിലെത്തിക്കുന്നത്.
മഹാഭാരതയുദ്ധത്തില്‍ ദ്രോണാചാര്യര്‍ പാണ്ഡവസേനയ്ക്ക് എതിരെ ആഞ്ഞടിച്ചപ്പോള്‍, പാണ്ഡവസേനക്ക് പിടിച്ച് നില്ക്കാന്‍ ആയില്ല. ദ്രോണരെ നിരായുധനാക്കിയാല്‍ മാത്രമേ വധിക്കാന്‍ കഴിയൂ. ശ്രീകൃഷ്ണ നിര്‍ദ്ദേശപ്രകാരം കള്ളം പറഞ്ഞ് ദ്രോണരെ നിരായുധനാക്കുകയും, ആ സമയം ദ്രൗപത പുത്രന്‍ ധൃഷ്ടധ്യുമ്‌നന്‍ ദ്രോണരെ വധിക്കുകയും ചെയ്തു.
ഗദായുദ്ധത്തില്‍ അജയന്മാരായ ഭീമനും ദുര്യോദനനും ഏറ്റുമുട്ടിയപ്പോഴും ഭീമന്‍ യുദ്ധ നിയമങ്ങള്‍ കാറ്റില്‍ പറത്തി. ഗദ്ദായുദ്ധത്തില്‍ ശക്തനായ ദുര്യോധനനെ പരാജയപ്പെടുത്താന്‍ കഴിയാതെ ക്ഷീണിതനായ ഭീമനോട് വ്യംഗ്യ ഭാഷയില്‍ ഭംഗ്യന്തരേണ ദുര്യോധനന്റെ തുടയില്‍ ഗദ കൊണ്ട് അടിച്ച് വീഴ്ത്തുക എന്ന് ശ്രീകൃഷ്ണന്‍ ധരിപ്പിച്ചു. ഭീമന്‍ അപ്രകാരം പ്രവര്‍ത്തിച്ച് ധീരനും വീരനുമായ ദുര്യോദനന്റെ, തുടയെല്ലുകള്‍ ഗദകൊണ്ട് അടിച്ച് തകര്‍ത്ത് ദുര്യോധനനെ രണഭൂമിയില്‍ വീഴ്ത്തി! ഗദാ യുദ്ധനിയമങ്ങളുടെ നഗ്നമായ ലംഘനവും പൈശാചികമായ പ്രവര്‍ത്തിയായിരുന്നു അത്.

മഹാഭാരതയുദ്ധത്തിന്റെ അവസാന ദിനമായ 18-ാം ദിവസം രണഭൂമിയില്‍ വീണ് മരണാസന്നനായി കിടന്ന ദുര്യോധന സന്നിധിയില്‍ അശ്വത്ഥാമാവ് എത്തി പ്രതിജ്ഞ എടുത്തു. പാണ്ഡവരെ യുദ്ധവിജയം ആഘോഷിക്കാന്‍ അനുവദിക്കില്ലെന്ന് മാത്രമല്ല അവര്‍ അഞ്ച് പേരുടേയും തല അറുത്ത് ദുര്യോധനന്‍ മുന്നില്‍ എത്തിക്കാമെന്നുമുള്ളതായിരുന്നു ആ പ്രതിജ്ഞ. പാണ്ഡവരോടു നേരിട്ട് ഏറ്റുമുട്ടാനുള്ള യോദ്ധാക്കള്‍ കൗരവപക്ഷത്തില്ലായിരുന്നു. കൗരവപക്ഷത്തെ അവശേഷിച്ച യോദ്ധാക്കളായ കൃപാചാര്യരെയും കൃതുവര്‍മയെയും കൂട്ടുപിടിച്ച് ഇരുളിന്റെ മറവില്‍ ചതിയിലൂടെ പാണ്ഡവരെ ഇല്ലായ്മ ചെയ്യാന്‍ അശ്വത്ഥാമാവ് ഒരുമ്പെട്ടു. ഈ പ്രതികാരത്തിന്റെ അപക്വതയും മനുഷ്യത്വ രാഹിത്യവും ഭീരുത്വവും മനസ്സിലാക്കിയ ക്രിപാചാര്യര്‍, അശ്വത്ധാമാവിനോട് പറഞ്ഞു ഇത്തരം ഹീനകൃത്യം അനുഷ്ഠിക്കുന്നതിന് മുമ്പ് ഗുരു ജനങ്ങളുടെ ഹിതം എന്ത് എന്ന് ആരായുന്നത് ഉചിതമായിരിക്കും എന്ന് ഓര്‍മ്മിപ്പിച്ചു.
അതിന് അശ്വത്ഥാമാവ് പറയുന്ന മറുപടി പ്രസക്തമാണ്. ഓരോ മനുഷ്യനും വലുപ്പചെറുപ്പ വ്യത്യാസമില്ലാതെ, അവനവനില്‍ കുടികൊള്ളുന്ന  മേധാശക്തി അത്യുത്തമം എന്നും മഹനീയമെന്നും കരുതി പ്രവര്‍ത്തിക്കുന്നു. അത്‌കൊണ്ട് ഇവിടെ ഉപദേശത്തിന് പ്രസക്തിയില്ല.
യുദ്ധാവസാനം ക്ഷീണിതരായി ഗാഡനിദ്രയിലായിരുന്ന പാണ്ഡവ സങ്കേതത്തിലേയ്ക്ക് ഊരിപ്പിടിച്ച വാളുമായി അശ്വത്ഥാമാവ് നുഴഞ്ഞുകയറി. പുറത്ത് പ്രവേശനകവാടത്തില്‍ കൃപാചാര്യരെയും കൃതുവര്‍മയെയും നിര്‍ത്തി.

ഉറങ്ങികിടന്ന പാണ്ഡവയോദ്ധാക്കളെ അശ്വത്ഥാമാവ് അതിക്രൂരമായി വധിച്ചു. അശ്വത്ഥാമാവിന്റെ പരാക്രമങ്ങളില്‍ നിന്നും പ്രാണരക്ഷാര്‍ത്ഥം ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച യോദ്ധാക്കളെ പ്രവേശന കവാടത്തില്‍ നിലയുറപ്പിച്ചിരുന്ന കൃപാചാര്യരും കൃതുവര്‍മയും ചേര്‍ന്ന് വധിച്ചു.
പാണ്ഡവര്‍ക്ക് ദ്രൗപതിയില്‍ ജനിച്ച അഞ്ച് പുത്രന്മാര്‍ ഉറങ്ങികിടന്ന മുറിയിലെത്തിയപ്പോള്‍ പഞ്ചപാണ്ഡവര്‍ എന്ന് കരുതി അശ്വത്ഥാമാവ് അവരുടെ തല അറുത്തെടുത്ത് ദുര്യോധനന് കാഴ്ചവച്ചു നിഷ്ഠൂരമായ പ്രതികാരത്തിന്റെ താണ്ഡവ നൃത്തമായിരുന്നു അവിടെ അരങ്ങേറിയത്.!!
എന്നാല്‍ ആ അഭിശക്തരാവില്‍ ശ്രീകൃഷ്ണനും പഞ്ചപാണ്ഡവന്മാരും മറ്റൊരു ദിക്കിലായിരുന്നു. തിരിച്ചെത്തിയ അവരെ എതിരേറ്റത് പാണ്ഡവ സങ്കേതത്തിലെ ആര്‍ത്തനാദങ്ങളും വിലാപങ്ങളും ദീനരോദനങ്ങളുമായിരുന്നു.
ശ്രീകൃഷ്ണനും പഞ്ചപാണ്ഡവരും അശ്വത്ഥാമാവിനെ തേടി ഇറങ്ങി.
ഇതിനകം തനിക്ക് പറ്റിയ അബദ്ധം തിരിച്ചറിഞ്ഞ അശ്വത്ഥാമാവ് പ്രായശ്ചിത്തം ചെയ്യുവാനായി വേദവ്യാസമഹര്‍ഷിയുടെ ആശ്രമത്തില്‍ അഭയം തേടി.
അശ്വത്ഥാമാവിനെ അന്വേഷിച്ചിറങ്ങിയ ശ്രീകൃഷ്ണനും പാണ്ഡവരും വ്യാസ ആശ്രമത്തിലെത്തി.

തന്റെ അന്ത്യം സുനിശ്ചിതമായി എന്നു മനസ്സിലാക്കിയ അശ്‌നത്മാവ്, മന്ത്രോച്ചാരണത്താല്‍ പുല്‍ച്ചെടിയെ ബ്രാഹ്മാസ്ത്രമാക്കി മാറ്റി പാണ്ഡവപക്ഷത്തിനുനേരെ തൊടുത്തു. ശ്രീകൃഷ്ണന്റെ നിര്‍ദ്ദേശപ്രകാരം അര്‍ജ്ജുനനും ബ്രഹ്മാസ്ത്രം പ്രയോഗിച്ചു. ബ്രഹ്മാസ്ത്രങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയാല്‍ സര്‍വ്വനാശം എന്നു മനസിലാക്കിയ വ്യാസമഹര്‍ഷി അത് തടഞ്ഞ് ബ്രഹ്മാസ്ത്രങ്ങള്‍ പിന്‍വലിക്കാന്‍ നിര്‍ദ്ദേശിച്ചു. അര്‍ജുനന്‍ അപ്രകാരം ചെയ്തു. എന്നാല്‍ അശ്വത്ഥാമാവിന് ആ വിദ്യ അറിയില്ലായിരുന്നു. പിന്‍വലിക്കാന്‍ കഴിയുന്നവര്‍ക്ക് ആവശ്യാനുസരണം ബ്രഹ്മാസ്ത്രങ്ങള്‍ ഉപയോഗിക്കാന്‍ പറ്റുമായിരുന്നുള്ളൂ. എന്നാല്‍ ദ്യോണാചാര്യന്‍ ബ്രഹ്മാസ്ത്രവിദ്യ പകര്‍ന്നു കൊടുക്കുമ്പോള്‍ തന്നെ യാതൊരു സാഹചര്യത്തിലും ആ ദിവ്യാസ്ത്രങ്ങള്‍ ഉപഗയോഗിക്കരുത് എന്ന് നിഷ്‌കര്‍ഷിച്ചിരുന്നു. എന്നാല്‍ ആശ്വത്ധാമാവിന് അത്രയും പാകത കാണാത്തതിനാലായിരിക്കാം ഒരേ ഒരു അവസരത്തില്‍ ഉപയോഗിക്കാമെന്നുള്ള നിഷ്‌കര്‍ഷയോടുകൂടി ദ്രോണാചാര്യന്‍ ആ വിദ്യ പകര്‍ന്ന് കൊടുത്തത്.

ബ്രഹ്മാസ്ത്രം പിന്‍വലിക്കാനുള്ള അറിവ് അശ്വത്ഥാമാവിന് ഇല്ലായിരുന്നെങ്കിലും ദിശമാറ്റി നിരുപദ്രവമായി തരിശ് ഭൂമിയില്‍ പതിപ്പിക്കാനുള്ള അറിവ് അശ്വത്ഥാമാവിന് ഉണ്ടായിരുന്നു. പക്ഷേ അങ്ങനെ ചെയ്യുന്നതിനു പകരം പ്രതികാരദാഹിയായി മാറിയിരുന്ന അശ്വത്ഥാമാവ് ചെയ്തത് പാണ്ഡവപക്ഷത്തെ അവശേഷിക്കുന്ന ഏക അവകാശിയാകാവുന്ന അഭിമന്യുവിന്റെ ഭാര്യയായ ഉത്തരയുടെ ഗര്‍ഭത്തെ ലക്ഷ്യമാക്കി ബ്രഹ്മാസ്ത്രത്തെ തിരിച്ച് വിടുകയാണ് ചെയ്തത്. എന്നാല്‍ ആ നിഷ്ഠൂരകൃത്യം ശ്രീകൃഷ്ണന്‍ ചക്രായുധം കൊണ്ട് തടഞ്ഞു.
കോപാകുലനായ ശ്രീകൃഷ്ണന്‍, അശ്വത്ഥാമാവിനെ സകല അപത്തുകളില്‍നിന്നും സംരക്ഷിച്ചുപോന്ന ജന്മനാമുതല്‍ നെറ്റിയില്‍ ഉണ്ടായിരുന്ന മണിയാഭരണം, ആയുധം കൊണ്ട് ഛേദിച്ചുമാറ്റി അശ്വത്ഥാമാനിനെ ശപിച്ചു. മണിയാഭരണം ഛേദിച്ചുണ്ടായ മുറിവ് ഒരിക്കലും ഉണങ്ങാതെ, വ്രണമായി, കുഷ്ഠമായി, തീവ്രവേദനയോടെ രക്തവും ചലവും ഉതിര്‍ത്ത് അശ്വത്ഥാമാവിന് എങ്ങും അഭയം കിട്ടാതെ, മരണമില്ലാതെ കലിയുഗാന്ത്യം വരെ അലയും എന്നുള്ളതായിരുന്നു ആ ശാപം.
മരണം പ്രാപിക്കാനാവാതെ തീവ്രവേദനയോടെ അശ്വത്ഥാമാവ് നമ്മുടെ ഇടയിലൂടെ അഭയത്തിനായി അലയുകയാണ്.

ചില ദുര്‍ബല നിമിഷങ്ങളില്‍ ഗതികിട്ടാതെ അലയുന്ന ആ പ്രതികാരദാഹിയായ ആത്മാവിന് നാം അഭയം കൊടുക്കാറുണ്ട് എന്നുള്ളത് ഒരു യഥാര്‍ത്ഥ്യമാണ്!!
എന്നാല്‍ നിത്യനന്മ നമ്മൊടൊപ്പം ഉള്ളത് കൊണ്ടാവാം പ്രതികാര ദാഹിയായ ഗതികിട്ടാത്ത ആ ആത്മാവിന്റെ പിടിയില്‍ നിന്ന് നമുക്ക് കുതറിമാറാന്‍ കഴിയുന്നത്. എങ്കിലും ജാഗ്രത: ഗതികിട്ടാതെ പ്രതികാര ദാഹിയായ ആ ദുരാത്മാവ് അലയുകയാണ് ഒരു നിമിഷ നേരത്തെ എങ്കിലും അഭയത്തിനായി!!!

മയില്‍പ്പീലി കനവുകള്‍ 9

രാജിയുടെ വീട്ടുമുറ്റത്ത്, സന്ധ്യയോടെ ആണ് ഞങ്ങള്‍ എത്തിച്ചേര്‍ന്നത്. അന്തപ്പന്‍ കോളിങ്ങ്‌ബെല്ലില്‍ വിരല്‍ അമര്‍ത്തുമ്പോള്‍ ഞാന്‍ ശ്രദ്ധിച്ചത്, വീട്ട് മുറ്റത്ത് രാജി കരുതലോടെ വളര്‍ത്തുന്ന പൂന്തോട്ടത്തിലായിരുന്നു. വളരെ കരുതലോടെയും, മനോഹരവുമായാണ് രാജി ആ തോട്ടത്തെ സംരക്ഷിച്ചിരുന്നതെങ്കിലും, ഇല പൊഴിയും കാലത്തിന്റെ തണുത്ത കരങ്ങള്‍, ആ പൂങ്കാവനത്തെ ആകെ സ്പര്‍ശിക്കുന്നതായി തോന്നി. ഇലകള്‍ എല്ലാം വാടി പഴുത്ത്, പൂക്കള്‍ എല്ലാം കൊഴിഞ്ഞു വീഴാനായി ഒരു ശോക ഗാനത്തിന്  കാത്തിരിക്കുന്ന പോലെ തോന്നി.

വാതില്‍ തുറന്ന എത്തിയ രാജി അന്തപ്പനെ കണ്ടതും അവനെ ഹഗ് ചെയ്ത് മൂര്‍ദ്ധാവില്‍ ചുംബിച്ചു.
ആ ഹഗ്ഗ് ചെയ്യല്‍ എന്നല്‍ കുളിര് ഉണര്‍ത്തി. എന്നെയും അങ്ങനെ ഹഗ്ഗ് ചെയ്തതെങ്കില്‍ എന്ന മോഹത്തോടെ ഞാന്‍ നില കൊണ്ടങ്കിലും, എന്നെ അത്ര ഗൗനിക്കാതെ അന്തപ്പന്റെ കൈയ്യും പിടിച്ച് രാജി അകത്തേയ്ക്കു ആനയിച്ചു. ഞാന്‍ അവരുടെ നിഴലായി പിന്‍തുടര്‍ന്നു.
അന്തപ്പനെ സ്വാന്തനിപ്പിക്കാനെന്നവണ്ണം രാജിയുടെ നനഞ്ഞ കൈവിരലുകള്‍ അവന്റെ മുടിയിഴകളെ താലോലിക്കുന്നുണ്ടായിരുന്നു.
പെട്ടെന്ന് രാജി എന്റെ നേരെ തിരിഞ്ഞ് ശബ്ദം ഉയര്‍ത്തി ചോദിച്ചു. ''തന്റെ കൂട്ടുകാരെല്ലാം ചേര്‍ന്ന് അന്തപ്പനെ സംഘടനയില്‍ നിന്ന് പുറത്താക്കി എന്ന് കേട്ടല്ലോ?

അപ്പോള്‍ എന്റെ ഊഹം ശരിയായിരുന്നു.!
രാജി വസ്തുതകള്‍ എല്ലാം അറിയുന്നുണ്ടായിരുന്നു.!
അല്പം ഗൗരവത്തില്‍ ശബ്ദം ഉയര്‍ത്തി ഞാന്‍ പറഞ്ഞു തുടങ്ങി.
''ഞങ്ങളുടെ സംഘടന അല്പം അന്തസ്സും അഭിമാനവും ഉള്ള സംഘടനയാണ്. അതില്‍ പെണ്ണ് പിടിയന്മാര്‍ക്ക് സ്ഥാനമില്ല.''
''അതെടോ ഞാന്‍ ഒരു പെണ്ണ് പിടിയനാണ്.''
അതും പറഞ്ഞ് അന്തപ്പന്‍ പൊട്ടിച്ചിരിച്ചു. അവന്റെ പൊട്ടിച്ചിരി എന്നില്‍ അല്പം അങ്കലാപ്പ് ഉണര്‍ത്തി എങ്കിലും, ഞാന്‍ ആശ്വസിക്കാന്‍ ശ്രമിച്ചു.
രാജിയുടെ സാന്നിദ്ധ്യത്തില്‍ അവന്‍ അല്പം തരളിത ചിത്തനാവുകയാണ്. അതു കൊണ്ടാണ് ഇങ്ങിനെ പൊട്ടിച്ചിരിക്കാന്‍ കഴിയുന്നത്.
ആദ്യകാലങ്ങളില്‍ അന്തപ്പന്റെ പൊട്ടിച്ചിരി ഞങ്ങള്‍ക്ക് എല്ലാം സുപരിചിതമായിരുന്നു. പിന്നെ പിന്നെ അത് നേര്‍ത്ത് നിശബ്ദമായൊരു തേങ്ങലാവുന്നത് ഞങ്ങള്‍ അറിഞ്ഞു.

അന്തപ്പന്റെ ബെഡ്ഡ് റും സുസിക്കുട്ടി പ്രാര്‍ത്ഥാനലയമാക്കിയതും, സകല പുണ്യവാളന്മാരെയും അവിടെ പ്രതിഷ്ഠിച്ച് സദാ എരിയുന്ന മെഴുകുതിരി വെളിച്ചവും കീര്‍ത്തനങ്ങളും പ്രാര്‍ത്ഥനകളും കൊണ്ട് അവിടം ആകെ നിറഞ്ഞപ്പോള്‍ നിവര്‍ത്തിയില്ലാതെ തന്റെ മാറാപ്പും എടുത്ത് അടുത്ത റൂമില്‍ അന്തപ്പന്‍ ഏകനായി അഭയം തേടി എന്നുള്ളതും ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും അറിവുള്ളതാണ്.
അന്നുമുതലാണ് അന്തപ്പന്റെ പൊട്ടിച്ചിരി മാഞ്ഞുപോയത് എന്നും ശ്രുതിയുണ്ട്.
ആ ശ്രുതിയുടെ ചുവട് പിടിച്ചാണ് പിന്നീട് അന്തപ്പനെ പറ്റി പല കഥകളും ഉപകഥകളും പ്രചരിപ്പിച്ചത്.
അതില്‍ ഒന്ന് അന്തപ്പനെയും രാജിയെയും ചേര്‍ത്തുള്ള ചൂടന്‍ കഥകളായിരുന്നു.
അന്തപ്പനും രാജിയും വഴിവിട്ട് സഞ്ചരിക്കുന്നുവെന്നുള്ളതായിരുന്നു അതില്‍ പ്രധാനം.
അവര്‍ ഒരുമിച്ച് റെസ്റ്റോറന്റുകളില്‍ ഇരുന്ന് ആഹാരം കഴിക്കുന്നത് കണ്ടെന്ന് ചിലര്‍.

കായലോരത്തും, കടലോരത്തും അവര്‍ കൈകള്‍ കോര്‍ത്ത് പിടിച്ച് ഇണപ്രാവുകളെ പോലെ തോളുരുമ്മി നടക്കുന്നത് കണ്ടെന്ന് മറ്റുചിലര്‍, സൗത്ത് സീയിലെ റോസ് ഗാര്‍ഡനില്‍ സൗരഭ്യം പരത്തുന്ന വൈവിധ്യമാര്‍ന്ന റോസപുഷ്പങ്ങളുടെ ഇടയിലൂടെ എല്ലാമറന്ന് അവര്‍ ഒരുമിച്ച് ഒഴുകി പോകുന്നതായി ദൃക്‌സാക്ഷികള്‍ ആണയിട്ട് പറയുന്നു. കടല്‍ക്കരയിലെ മരം കൊണ്ട് പണിതീര്‍ത്ത ചാരുബഞ്ചിരുന്ന രാജിയുടെ മടിയില്‍ തലചായ്ച്ച് എല്ലാംമറന്ന് ഉറക്കെ പ്രണയ കവിതാലാപനം നടത്തുന്ന അന്തപ്പനെ യും രാജിയെയും കണ്ടതായി മറ്റുചിലരും സാക്ഷ്യപ്പെടുത്തുന്നു.
കഥകള്‍ സൂസിക്കുട്ടിയുടെ കാതിലും എത്തി. രാജിയുടെയും അന്തപ്പന്റെയും നഗ്ന ശരീരങ്ങള്‍ കെട്ടു പിണഞ്ഞു കിടക്കുന്നതിലെ മഹാപാപം ഓര്‍ത്ത് സൂസിക്കുട്ടി നടുങ്ങി. ഒരു കൊടുങ്കാറ്റായിട്ടാണ് അന്ന് സൂസിക്കുട്ടി രാജിയുടെ വിട്ടിലെത്തിയത്. വാതില്‍ തുറന്ന് എത്തിയ രാജിയെ തള്ളി മാറ്റി കൊണ്ട് ഒരു തീവ്ര കുറ്റന്വേഷകയുടെ ഭാവാതികളുടെ, സൂഷ്മതയോടെ സൂസിക്കുട്ടി മുറികളെല്ലാം പരിശോധിച്ചു.

അടഞ്ഞു കിടന്ന അലമാരകള്‍ എല്ലാം തുറക്കപ്പെട്ടു! ആ മഹാപാപി അന്തപ്പന്‍ ഇതില്‍ എങ്ങാനും ഒളിഞ്ഞിരിപ്പുണ്ടോ?
സൂസിക്കുട്ടിയ്ക്ക് അന്തപ്പനെ അവിടെ ഒന്നും കണ്ടെത്താനായില്ല വ്യസനത്തോടും പരാജയ ബോധത്തോടും സൂസിക്കുട്ടി സിറ്റിങ്ങ് റൂമിലെ വിലപിടിപ്പുള്ള സോഫയില്‍ അമര്‍ന്നിരുന്നു.
സോഫയുടെ മറവിലെങ്ങാനും ആ മഹാപാപി അന്തപ്പന്‍...
ഇല്ല മറവിലും ചെരിവിലെന്നും ആ പാപിയെ കണ്ടെത്താനായില്ല.
രാജിയ്ക്ക് എല്ലാം മനസ്സിലായി. അവളും കേള്‍ക്കുന്നുണ്ടായിരുന്നവല്ലോ പല ശ്രുതികളും!!

സോഫയില്‍ അമര്‍ന്നിരുന്ന സൂസിക്കുട്ടിയുടെ കാല്പാദത്തിനരികില്‍ രാജി ഇരുന്നു. അവള്‍ക്ക് സങ്കടം സഹിക്കാന്‍ കഴിഞ്ഞില്ല. അവള്‍ സൂസിക്കുട്ടിയുടെ മടിയില്‍ തലചായ്ച്ച് പൊട്ടികരഞ്ഞു.
പൊട്ടികരച്ചിലിനിടയില്‍ ഉല്‍ക്കണ്ഠമായി അവള്‍ ദൈവത്തെ വിളിച്ച് പറഞ്ഞു. അന്തപ്പന്‍ എനിക്ക് മറ്റാരുമല്ല എന്റെ കൂടെപ്പിറപ്പാണ്. എന്റെ പൊന്നാങ്ങളയാണ് എനിക്ക് ഈ ലോകത്ത് ആകെയുള്ള ഒരേ ഒരു കൂടെപ്പിറപ്പ്. അവനെ എന്നില്‍നിന്ന് അകറ്റരുത്.
ദൈവം ആ ഉള്ളുരുകിയ പ്രാര്‍ത്ഥന കേട്ടു.
പാറയില്‍ നീര്‍ച്ചാല് വരുത്തിയ മോശയുടെ ദൈവം പ്രവര്‍ത്തിച്ചു.
കണ്ണടച്ചിരുന്ന സൂസിക്കുട്ടി ഒരു ദൃശ്യം (ദര്‍ശനം) കണ്ടു.! വ്യാകുലമാതാവ് തന്റെ മടിയില്‍ തല ചായ്ച്ച് പൊട്ടിക്കരഞ്ഞ് പറയുകയാണ്, തന്നെ കൈവെടിയുന്നത് എന്തിന് എന്ന്?
ഞെട്ടലോടെ കണ്ണു തുറന്ന സൂസിക്കുട്ടി കണ്ടത്. തന്റെ മടിയില്‍ തലചായ്ച്ച് പൊട്ടികരയുന്ന രാജിയെയാണ്! അത് രാജിയായിട്ടല്ല സൂസിക്കു ട്ടിക്ക് അനുഭവപ്പെട്ടത്, വ്യാകുലമാതാവായിട്ടാണ്!!!
രാജിയുടെ കാല്‍ക്കല്‍ വീണ് സൂസിക്കുട്ടി മാപ്പ് അപേക്ഷിച്ചു. അവളെ തെറ്റിദ്ധരിച്ചതിന് മാപ്പ് കൊടുക്കണമെന്ന് പറഞ്ഞപേക്ഷിച്ചു.
അങ്ങനെ രാജി, സൂസിക്കുട്ടിയ്ക്ക് വ്യാകുലമാതാവിനാല്‍ വാഴ്ത്തപ്പെട്ടവളയായി മാറി.

അന്തപ്പനും രാജിയുമായുള്ള ബന്ധം എത്രയും മഹനീയമായ ബന്ധമാണെന്നും, അത് കളങ്കപ്പെടുത്തി പറയുന്നവര്‍ നിത്യനരകത്തില്‍ പതിക്കുമെന്നും സൂസിക്കുട്ടി ആണയിട്ടു പറഞ്ഞു!!
ഏതായാലും അന്നുമുതല്‍ രാജിയും അന്തപ്പനുമായുള്ള ബന്ധം മഹനീയമായി അറിയപ്പെട്ടു. അവരെ പ്പറ്റിയുള്ള ശ്രുതികളെല്ലാം കാറ്റില്‍ പറന്നു പോയി.
രാജി എനിക്കും അന്തപ്പനും ചായ ഉണ്ടാക്കി കൊണ്ടുവന്നു.
രാജി ഉണ്ടാക്കിയ ചായ ഞാന്‍ കുടിക്കുമ്പേള്‍ ഒന്നും സംസാരിക്കാറില്ല. സത്യം പറഞ്ഞാല്‍ ഞാന്‍ ആ നിമിഷങ്ങളില്‍ ഒന്നും ചിന്തിക്കാറില്ല. ഞാനപ്പോള്‍ ധ്യാനത്മകമായി ചായയായി മാറുന്ന അനര്‍ഘ നിമിഷങ്ങളായിരുന്നു അത്ര രുചിയാണ് ആ ചായയ്ക്ക്. അത് കേവലം വെള്ളവും പാലും പഞ്ചസാരയും ടീ ബാഗും ചേര്‍ത്ത് ഉണ്ടാക്കിയ ചായയല്ല. സ്‌നേഹത്തിന്റെ നിത്യാംശങ്ങളാല്‍ നിര്‍മ്മിതമായ ചായയാണത്!!

ചായ കുടികഴിഞ്ഞപ്പോള്‍ ഞാന്‍ മൗനമായി മന്ത്രിച്ചു.
''കൈ പുണ്യമുള്ളവളെ നിനക്ക് സ്തുതി.''
ചിരകാലസുഹൃത്തുക്കളായ കളികൂട്ടുകാരെപ്പോലെ രാജ്ഞി അന്തപ്പനരികെ ചേര്‍ന്നിരുന്ന് അവന്റെ നനുത്ത രോമങ്ങളുള്ള കരങ്ങള്‍ കൈയ്യിലെടുത്ത് സ്‌നേഹപൂര്‍വ്വം തഴുകിക്കൊണ്ട് അവള്‍ ചോദിച്ചു.
''പറയൂ അന്തപ്പാ എന്താണ് സംഭവിച്ചത്
ഏതാണ് ആ പോളിഷ്‌കാരി പെണ്‍കുട്ടി?''
വിഷാദം കലര്‍ന്ന പുഞ്ചിരിയോടെ അന്തപ്പന്‍ പറഞ്ഞു
''അവള്‍... ജോര്‍ജീനാ... ജോര്‍ജീനാ റോബര്‍ട്ട്!!''
''ഏത് നമ്മുടെ ജോര്‍ജീനയോ?''
ആകാംക്ഷയോടെ ഞാന്‍ ചോദിച്ചു.
''അതെ അവള്‍ തന്നെ!!''
അപ്പോള്‍ പൊട്ടിച്ചിരിച്ചത് ഞാനാണ്. കാരണം ജോര്‍ജീനാ റോബര്‍ട്ടിനെ ഞങ്ങള്‍ക്ക്  എല്ലാം സുപരിചിതയായിരുന്നു. ഒരി കുടുംബാഗത്തെ എന്ന പോലെ ..!
തുടരും..

മാര്‍ഗരറ്റ് താച്ചര്‍

ബ്രിട്ടീഷ് പ്രധാനമന്ത്രി മര്‍ഗരറ്റ് താച്ചറുടെ പേരെന്താണ്? 80 കളുടെ തുടക്കത്തില്‍ കലാഭവന്റെ നേതൃത്ത്വത്തില്‍ അവതരിപ്പിച്ച മിമിക്‌സ് പരേഡില്‍ ഉയര്‍ന്ന ഈ ചോദ്യം കേട്ട് സദസ്സ് പൊട്ടിച്ചിരിച്ചു.
മലയാള മക്കള്‍ക്കും അക്കാലത്ത് മര്‍ഗരറ്റ് താച്ചര്‍ സുപരിചിതയായിരുന്നു.
എന്നാല്‍ ഇതേ ചോദ്യം തന്നെ ഇന്ന് ബ്രിട്ടീഷ് ജനതയുടെ ജീവിതത്തെ അല്പം കലുഷിതമാക്കുകയാണ്.
മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി മര്‍ഗരറ്റ് താച്ചരുടെ പേര് നല്ലതായിരുന്നോ അതോ മോശമായിരുന്നു?

ബഹുഭൂരിപക്ഷം നല്ല പേരായിരുന്നുവെന്നും ന്യൂനപക്ഷം മോശം പേരായിരുന്നുവെന്നും സമര്‍ത്ഥിക്കുന്നു, നല്ല പേരായിരുന്നു എന്ന് സമര്‍ത്തിക്കുന്നവര്‍ക്ക് കാരണങ്ങള്‍ ഏറെ, ബ്രിട്ടനിലെ ആദ്യത്തെ വനിതാ പ്രധാനമന്ത്രി, ഉരുക്ക് വനിത, ഫോക്ക്‌ലന്റിനെ അര്‍ജന്റീനയുടെ കരാള ഹസ്തങ്ങളില്‍ നിന്ന് മുക്തയാക്കിയ ധീരവനിത.
എല്ലാതരത്തിലുള്ള എതിര്‍പ്പുകളെയും അവഗണിച്ച് നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതു മേഖലാസ്ഥാപനങ്ങളെ അടച്ചുപൂട്ടുകയും, മറ്റു ചില സ്ഥാപനങ്ങളെ സ്വകാര്യവത്കരിച്ച്, തൊഴിലാളികള്‍ക്ക് അര്‍ഹമായ ഷെയര്‍ ലഭ്യമാക്കുകയും ചെയ്തു. സാമ്പത്തികരംഗത്ത് അത്ഭുതപൂര്‍വ്വമായ മാറ്റങ്ങള്‍ക്ക് തുടക്കമിട്ട ദീര്‍ഘദര്‍ശിയായ പ്രധാനമന്ത്രി മാത്രമല്ല 70-കളില്‍ ബ്രിട്ടന്റെ സാമ്പത്തികരംഗം തറുമാറാക്കിയ തുടര്‍ച്ചയായി ഉണ്ടായികൊണ്ടിരുന്ന തൊഴിലാളി സമരങ്ങള്‍ക്ക് അറുതിവരുത്തുവാന്‍ മാര്‍ഗരറ്റ് താച്ചറുടെ നിശ്ചയ ദാര്‍ഢ്യത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സാധിച്ചു.

തൊഴിലാളി യൂണിയനുകള്‍ ഏകപക്ഷീയമായി സമരപ്രഖ്യാപിക്കുന്നതിന് പകരം തൊഴിലാളികളില്‍ ഭൂരിപക്ഷം സമരത്തിന് അനുകൂലമാണെന്ന് തെളിയിക്കുന്ന 'ടൃേശസല യമഹഹല'േ' സമ്പ്രദായ നടപ്പാക്കുകയും, നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന യൂണിയനുകളുടെ സമ്പത്ത് കണ്ട് കെട്ടുകയും ചെയ്യുമെന്നുള്ള നിയമവ്യവസ്ഥ ഉണ്ടാക്കി, അനാവശ്യ തൊഴില്‍ സമരങ്ങളെ നിഷ്‌കരണം നേരിട്ട് സമ്പദ് വ്യവസ്ഥയെ പ്രഫുല്ലമാക്കി. കൗണ്‍സില്‍ ഫ്‌ളാറ്റുകളില്‍ വാടകയ്ക്ക് കഴിഞ്ഞിരുന്ന പാവപ്പെട്ടവര്‍ക്ക് ആ വീട് സ്വന്തമാക്കാനുള്ള നിയമവ്യവസ്ഥകള്‍ ഉണ്ടാക്കി.
അമേരിക്കന്‍ പ്രസിഡന്റ് റോണാഡ് റെയ്ഗനുമായി ചേര്‍ന്ന് ശീതസമരത്തിന് അറുതി വരുത്താന്‍ മാര്‍ഗരറ്റ് താച്ചറിന് സാധിച്ചു എന്നതും മാര്‍ഗരറ്റ് താച്ചറിനെ ലോക നേതാക്കളുടെ നിരയിലേക്ക് ഉയര്‍ത്തി എന്നുള്ളതും തര്‍ക്കമറ്റ ചരിത്രസത്യമാണ്.
അങ്ങനെ മര്‍ഗരറ്റ് താച്ചരുടെ മഹിമകള്‍ ഏറെ താച്ചരുടെ മഹിമകളെ പറ്റി പറയുമ്പോള്‍ പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന് ഒരായിരം നാവ്.'
'താച്ചറിസം' എന്ന ഡേവിഡ് കാമറൂണ്‍ പറയുമ്പോള്‍ സ്വതേ ദൃഢമായ ആ മുഖത്ത് പ്രകാശിക്കുന്ന കണ്ണുകള്‍ക്ക് നക്ഷത്രപ്രഭ!!'
അവര്‍ക്ക് മോശം പേരായിരുന്നു എന്ന് സമര്‍പ്പിക്കുന്നവര്‍ക്കും പറയാനുണ്ട് പലതും.

പൊതു മേഖല സ്ഥാപനങ്ങളെ അടച്ചുപൂട്ടി പാവപ്പെട്ട തൊഴിലാളികളെ വഴിയാധാരമാക്കിയവര്‍, പ്രത്യേകിച്ച് ഖനിവ്യവസായം, ഉരുക്ക് വ്യവസായം അടച്ച് പൂട്ടി പാവപ്പെട്ടവന്റെ കഞ്ഞിയില്‍ മണ്ണ് വാരിയിട്ട ഭൂതം.!!
കമ്യൂണിസത്തിന്റെ ഉജ്ജ്വലപ്രഭാവത്തെ ചവുട്ടി മെതിച്ച് ഇല്ലായ്മ ചെയ്തവള്‍, പൊതുജന ശ്രദ്ധയും, മാധ്യമ ശ്രദ്ധ ആവോളം കിട്ടുവാന്‍ കുത്സിത പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ചവള്‍... അങ്ങിനെ ആ പട്ടിക നീളുകയാണ്.
മരണാന്തരം മാര്‍ഗരറ്റ് താച്ചരുടെ ഭരണമികവിനെ പറ്റി പുകഴ്ത്തിയും ഇകഴ്ത്തിയുമുള്ള ചര്‍ച്ചകളും ഘോഷയാത്രകളും അരങ്ങ് തകര്‍ത്തു.!!
ലക്ഷങ്ങള്‍ മുടക്കി സ്റ്റേറ്റിന്റെ നേതൃത്വത്തില്‍ മരണാനന്തര ചടങ്ങു നടത്തുന്നതിന് എതിരെ എതിര്‍പ്പ് ഉണ്ടായി. എല്ലാ ആരോപണങ്ങള്‍ക്കും, പ്രത്യാരോപണങ്ങള്‍ക്കും നിശബ്ദയായി നിര്‍വികാരയായി, ഒന്നും പ്രതികരിക്കാതെ നിതാന്ത നിദ്രയെ പുല്‍കിയ മര്‍ഗരറ്റ് താച്ചറുടെ മരണാനന്തര ചടങ്ങുകള്‍ നടന്നത് സെന്റ് പോള്‍സ് കത്രീഡ്രലില്‍ വച്ചായിരുന്നു. മരണാനന്തര ചടങ്ങുകള്‍ക്ക് നേതൃത്വം നല്കിയ ലണ്ടന്‍ ബിഷപ് ഞശഴവ േഞല്‌ലൃലറ ഞശരവമൃറ ഇവമൃൃേല െപറഞ്ഞത് ഈ അവസരത്തില്‍ സ്മരണീയമാണ്.

എല്ലാ വിധത്തിലുള്ള രാഷ്ട്രീയ വിവാദങ്ങള്‍ക്കും കൊടുംങ്കാറ്റുകള്‍ക്കും വിരാമവിട്ടുകൊണ്ട്, ശാന്തതയുടെ ഈ മുഹൂര്‍ത്തത്തില്‍, എല്ലാവര്‍ക്കും ബാധകമായ സുനിശ്ചിതമായ മരണത്തിന് വഴങ്ങിയ മര്‍ഗരറ്റ് താച്ചര്‍ക്ക് അന്ത്യോപചാരം അര്‍പ്പിക്കാം. ഇത് വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും ഉള്ള സമയമല്ല. അവര്‍ ചെയ്ത നന്മകള്‍ ഓര്‍ത്ത് നിത്യശാന്തി അര്‍പ്പിക്കാം.
1979 മുതല്‍ 90 വരെ ബ്രിട്ടനെ ഭരിച്ച്, 87-ാം വയസ്സില്‍ മൃതിയടഞ്ഞ് മാര്‍ഗരറ്റ് താച്ചര്‍ക്ക് ആദരാഞ്ജലി.

വേഷവും അലങ്കാരങ്ങളും അഴിച്ച് വച്ച് അരങ്ങില്‍ നിന്ന് നിശബ്ദമായി വിടപറയും വേളയില്‍, അവരോട് പുറം തിരിഞ്ഞ് നിന്ന് പ്രതിഷേധം രേഖപ്പെടുത്തുന്നത് അപക്വമല്ലേ?
ജീവിതത്തെ അറിഞ്ഞവര്‍, ബഹുമാനിച്ചവര്‍ മരണത്തെയും അറിയുന്നു ബഹുമാനിക്കുന്നു ആദരിക്കുന്നു. ജീവിതവും മരണവും ഒരു നാണയത്തിന്റെ രണ്ടു വശങ്ങള്‍ മാത്രം.
മാര്‍ഗ്രറ്റ് താച്ചര്‍ക്ക് ആദരാഞ്ജലികള്‍.

വിഷു






കണിക്കൊന്നയല്ലേ
വിഷുക്കാലമല്ലോ
പൂക്കാതിരിക്കാന്‍
എനിക്കാവതില്ല
അയ്യപ്പപണിക്കരുടെ ഈ കവിതാശകലം, വിഷുക്കാലം ആകുമ്പോള്‍ നറുതേന്‍ ഉതിര്‍ത്തു കൊണ്ട് നമ്മുടെ നാവിന്‍ തുമ്പില്‍ തത്തിക്കളിക്കുന്നു. വഴിയരികില്‍, വേലിക്കരികില്‍, നിറ പുഞ്ചിരിയുമായി നില്ക്കുന്ന സ്വര്‍ണ്ണ വര്‍ണ്ണങ്ങളിലുള്ള കണിക്കൊന്ന പൂക്കളെ പറ്റി ചിന്തിക്കുമ്പോള്‍ തന്നെ നമ്മുടെ മനസ്സില്‍ ഒരായിരം ഗൃഹാതുരാസ്മരണകളുടെ വേലിയേറ്റം തന്നെ ഉണ്ടാകുന്നു. കടുത്ത വേനല്‍ ചൂടിലും, പതറാതെ, തളരാതെ, വാടാതെ, നിറപുഞ്ചിരിയുമായി നില്ക്കുന്ന കൊന്നപൂക്കള്‍, പ്രതിസന്ധികളില്‍ തളരാത്ത മലയാള നന്മയേയല്ലേ ഓര്‍മ്മിപ്പിക്കുന്നത്.
നമ്മുടെ പ്രവാസ ജീവിതത്തില്‍ വിഷുക്കണി പൂക്കള്‍ വെറും സ്മരണകളായി മാറുമ്പോള്‍ ഒരു ഞെട്ടലോടെ ഓര്‍ത്തുപോകുന്നു, നമ്മുടെ ഹൃദയാന്തര്‍ ഭാഗത്തുള്ള നന്മയുടെ പൂക്കളെല്ലാം വിടരാതെ കൊഴിയുകയാണോ?
കേരളത്തിന്റെ സംസ്ഥാന പുഷ്പം ആണ് കണിക്കൊന്ന. വിഷുകണിയില്‍ ഒഴിച്ചു കൂടാത്ത ഒന്നാണ് കണിക്കൊന്നപ്പൂക്കള്‍.
ഭംഗിയും വൃത്തിയും ഉള്ള ഓട്ടുരളിയില്‍ അരിയും നെല്ലും പാതി നിറച്ച്, പുത്തന്‍പുടവയും, കണ്ണാടിയും, ഫലങ്ങളും, കണിക്കൊന്നയും, തിരി തെളിച്ച നിലവിളക്കും ശ്രീകൃഷ്ണ വിഗ്രഹവും ചേര്‍ത്താണ് വിഷുക്കണി ഒരുക്കുന്നത്. കുടുംബ നാഥയാണ് വിഷുക്കണി ഒരുക്കുന്നത്. പ്രഭാതത്തില്‍ ആദ്യം കാണുന്ന കാഴ്ചയാണ് വിഷുക്കണി. വിഷുക്കണി കണ്ടതിനുശേഷം കുടുംബനാഥന്‍ കുടുംബാംഗങ്ങള്‍ക്ക് വിഷുകൈനീട്ടം കൊടുക്കുന്നു. ഐശ്വര്യത്തിലേയ്ക്കും സമൃദ്ധിയിലേക്കും ഉള്ള ആദ്യ കാല്‍വെയ്പ്പ്. സുശക്തവും, ഐശ്വര്യ പൂര്‍ണ്ണവും ഊഷ്മളവുമായ ആദ്യകാല്‍വെയ്പ്പാണ് എന്തിന്റെയും ശുഭപര്യാവസാനം എന്ന് ബോധ്യപ്പിക്കുന്നതാണ് വിഷുകണിയും വിഷുകൈനീട്ടവും.
മേടം ഒന്നിനാണ് വിഷു. വിഷു എന്നാല്‍ തുല്യം എന്നര്‍ത്ഥം. ഭൂമദ്ധ്യരേഖയ്ക്ക് മുകളില്‍ സൂര്യന്‍ എത്തുന്ന ദിനം, പകലും രാത്രിയും തുല്യമായ ദിനം.
വിഷുക്കണിയില്‍ ശ്രീകൃഷ്ണ രൂപത്തോടൊപ്പം ഒരു കണ്ണാടിയും ഉണ്ട്. സ്വയം കാണുന്നതിനുള്ള കണ്ണാടി. ബൈബിളില്‍ പറയുന്നു, ദൈവത്തിന്റെ പ്രതിഛായയിലാണ് മര്‍ത്യനെ സൃഷ്ടിച്ചിരിക്കുന്നതെന്ന്.
ആ കണ്ണാടിയില്‍ പ്രതിഫലിക്കുന്നത് ദൈവമാണ്. ബാഹ്യാകാരങ്ങളിലെ രൂപമല്ല അന്തരാളങ്ങളില്‍ കുടികൊള്ളുന്ന നിത്യ വെളിച്ചമാണ്.
സ്വയം കാണുന്നവര്‍, അറിയുന്നവര്‍ പ്രപഞ്ചത്തിലെ സര്‍വ്വ ചരാചരങ്ങളിലുള്ള അറിയുന്നു അനുഭവിക്കുന്നു.!!

മയില്‍പ്പീലി കനവുകള്‍ 8

സൂസിക്കുട്ടിയുടെ ആജ്ഞയും വിജ്ഞാപനങ്ങളും കേട്ട്, അന്തപ്പനോടൊപ്പം അവന്റെ വസതിയില്‍ നിന്ന് പുറത്ത് കടന്നപ്പോള്‍ എന്റെ കൈകള്‍ തരിച്ചു. അമര്‍ഷത്തോടെ ഞാന്‍ ഓര്‍ത്തു. എന്റെ ഭാര്യയായിരുന്നെങ്കില്‍ ചവിട്ടിക്കൂട്ടി പാണ്ടിപാടത്തെ തോട്ടിലേക്ക് ഒരു ഏറ് കൊടുത്തേനെ!!
അന്തപ്പനോട് അന്ന് ആദ്യമായി എനിക്ക് നീരസം തോന്നി. സൂസിക്കുട്ടിയെ കരണക്കുറ്റിനോക്കി ഒന്നു പൊട്ടിക്കുന്നതിന് പകരം... മാപ്പ് സാക്ഷിയായി... ഒന്നും സംഭവിക്കാതുപോലെ നടക്കുകയാണ്. ഛേയ്... ആണുങ്ങള്‍ക്ക് ഒരു അപവാദമാണ് ഇപ്പോള്‍ അന്തപ്പന്‍. ആണുങ്ങളായാല്‍ അല്പം പൗരഷം വേണ്ടേ?
എന്റെ താളം തെറ്റിയ ചിന്തകള്‍ അന്തപ്പനിറിഞ്ഞോ? അവര്‍ നടത്തം നിറുത്തി എന്റെ മുഖത്ത് സൂക്ഷിച്ചുനോക്കി. അവന്റെ നയനങ്ങളുടെ തീഷ്ണതയില്‍ ''മനസ്സറിയും'' യന്ത്രം ഒളിപ്പിച്ച് വച്ചിരുന്നോ! എന്റെ മനസ്സ് അവന്‍ വായിച്ചെടുത്തതുപോലെ തോന്നി. പതറിയ കാല്‍വയയ്പുകളോടെ അവന്‍ വീണ്ടും നടത്തം ആരംഭിച്ചു. പെട്ടെന്ന് ഉച്ചത്തില്‍ അവന്‍ പറയാനാരംഭിച്ചു. അതേടോ... ഞാനൊരു നാണം കെട്ടവനാണ്..... ആണും പെണ്ണും കെട്ടവന്‍, നട്ടെല്ല് ഇല്ലാത്തവന്‍, ആണുങ്ങള്‍ക്ക് ഒരപവാതം തനിക്കറിയോടൊ എസ്തപ്പാ, ഞാനുണര്‍ന്ന് ഒരാണിനെപ്പോലെ നട്ടെല്ല് നിവര്‍ത്തി പ്രവര്‍ത്തിച്ചാല്‍ എന്റെ കുടുംബം ശിഥിലമാവും, എന്റെ മകള്‍ അനാഥയാവും, ഇല്ല, എനിക്കതിനാവില്ല. ഒരാണിനെപോലെ നെഞ്ച് വിരിച്ച് നടക്കാന്‍ ആഗ്രഹമുണ്ട്. പക്ഷെ അങ്ങനെ നടന്നാല്‍.... എന്റെ മോള്‍...... ..... ........ - ?ആണും പെണ്ണും കെട്ടവനെപോലെയുള്ള ഒരു ജീവിതമെ ഇനി എനിക്കുള്ളു. ആത്മനിന്ദയോടെ അവന്‍ എന്തെക്കെയോ പുലമ്പിക്കൊണ്ടിരുന്നു.
അവനെ എങ്ങിനെ സാന്ത്വനിപ്പിക്കും എന്നറിയാതെ ഞാന്‍ കുഴങ്ങി.
അവന്റെ ശബ്ദം ഇടയ്ക്ക് ഉച്ചത്തിലാവുകയും പെട്ടെന്ന് പിറുപിറുക്കലില്‍ അവസാനിക്കുകയും ചെയ്തു. ''ഞാന്‍ ഒരു നായ ആണ്. കുരയ്ക്കാന്‍ വിസ്മരിച്ച് വാലും ചുരുട്ടി കോലായില്‍ മോങ്ങി ഒതുങ്ങുന്ന നായ്...'' അതുംപറഞ്ഞ് അവന്‍ പെട്ടെന്ന് ഉച്ചത്തില്‍ പൊട്ടിച്ചിരിച്ചു. ഒറ്റ രാത്രിയിലെ കാരാഗ്രഹവാസം അവനെ ഭ്രാന്തനാക്കി എന്ന് എനിക്ക് തോന്നി.
നടന്ന്, നടന്ന് ഞങ്ങള്‍ അപ്പോള്‍ ആല്‍ബര്‍ട്ട് റോഡിലെത്തിയിരുന്നു. റോഡിലെ ഇരുവശത്തുമുള്ള നിരവധി 'പബ്ബു'കളില്‍ ഏതെങ്കിലും ഒന്നില്‍ അഭയംതേടി, എല്ലാ ദുഃഖങ്ങളും മുക്കി കൊല്ലാന്‍ ഞാനാഗ്രഹിച്ചു. ശരിക്കും എനിക്കപ്പോള്‍ ദാഹിക്കുന്നുണ്ടായിരുന്നു. ദാഹജലം കുടിക്കുന്നതിനുള്ള ദാഹം ആയിരുന്നില്ല അത്. മൂക്കറ്റം മദ്യപിക്കാനുള്ള പാരവശ്യം ആയിരുന്നു എനിക്കപ്പോള്‍ അനുഭവപ്പെട്ടത്. മന:സ്സമാധാനത്തോടെ കുടിക്കാന്‍ എന്തെല്ലാം കാരണങ്ങളാണ്' കാരാഗ്രഹം, അന്തപ്പന്റെ വിലാപം, സൂസിക്കുട്ടിയുടെ ഉത്തരവുകള്‍, വിജ്ഞാപനങ്ങള്‍, അങ്ങനെ അങ്ങനെ എന്തെല്ലാം... മന:സ്സമാധാനത്തോടെ കുടിക്കാന്‍ ഇത്രയേറെ കാരണങ്ങള്‍ ഉണ്ടായ ദിനങ്ങള്‍ അപൂര്‍വ്വമായിരുന്നു. ഴൃമ്‌ല റശഴഴലൃ െഎന്ന് ബോര്‍ഡ് വച്ച പബ്ബിനു മുന്നില്‍ ഞാന്‍ നിന്നു. അന്തപ്പനെയുംകൂട്ടി പബ്ബിലേക്ക് കയറാന്‍ ഞാന്‍ തയ്യാറായി.
പക്ഷേ അന്തപ്പന്‍ വിസമ്മതിച്ചു.  എന്നെ അമ്പരപ്പിച്ചത് അന്തപ്പന്റെ വിസമ്മതം മാത്രമല്ല, ഇനി ഒരിക്കലും മദ്യപിക്കില്ല എന്നുള്ള അന്തപ്പന്റെ പ്രഖ്യാപനമായിരുന്നു. അവന്റെ 'സമനിലയെപറ്റി' ഞാന്‍ ആശങ്കാകുലനായി, ഇത്തരം പ്രതികൂല സാഹചര്യങ്ങളില്‍ വയറുനിറയെ മദ്യപിക്കേണ്ടതിന്റെ ആവശ്യകതയെപറ്റി ഞാന്‍ കാര്യമാത്ര പ്രസക്തമായ ഹ്രസ്വ ഭാഷണം നടത്തി, എങ്കിലും  അവന്‍ അതൊന്നും ചെവിക്കൊണ്ടില്ല.
ഇനി ഒരിക്കലും മദ്യപിക്കില്ല എന്നുള്ള ഉഗ്ര ശപഥം അവന്‍ ആവത്തിച്ചുകൊണ്ടിരുന്നു.
എനിക്ക് അപ്പോള്‍ പൊട്ടിക്കരയണമെന്ന് തോന്നി. മദ്യപിക്കാതെ എന്ത് ജീവിതം ആണ് ഇവിടെ ഉള്ളത്? ഒറ്റക്കിരുന്നു കുടിക്കുന്ന ശീലം എനിക്കില്ല. യു.കെ. യില്‍ വന്ന ആദ്യനാളുകളില്‍ പരിചയപ്പെടുന്ന സുഹൃത്തുക്കളുമായി ഇരുന്ന് പാനോത്സവങ്ങള്‍ സംഘടിപ്പിക്കാറുണ്ട്. ചിലര്‍ കുടിച്ചുകഴിഞ്ഞാല്‍ ഭരണിപ്പാട്ട്  പാടും... മറ്റുചിലര്‍ അകാരണമായി അക്രമസക്തരാകും, ചിലര്‍ സുവിശേഷം പ്രസംഗിക്കും, മറ്റുചിലരാകട്ടെ പൊങ്ങച്ചംപറഞ്ഞ് സ്വയം പുകഴ്ത്തി പാടാന്‍ തുടങ്ങും. ഇതിലെല്ലാം മടുപ്പ് തോന്നി കുടിനിറുത്താന്‍ നിര്‍ബന്ധിതനായിരിക്കവെയാണ് അന്തപ്പനുമായി പരിചയപ്പെടുന്നത്. അന്തപ്പന്‍ മറ്റുള്ളവരെപോലെയായിരുന്നില്ല. അല്പമേ കുടിക്കൂ, അല്പം ഒന്നു മിനുങ്ങികഴിഞ്ഞാല്‍ പിന്നെ മിക്കവാറും കവിതാലാപനമാണ്, ചങ്ങമ്പുഴയുടെ രമണന്‍ ഹൃദിസ്ഥമാണ്, വൈലോപ്പിള്ളിയുടെയും, ജി. ശങ്കരകുറിപ്പിന്റെയും കവിതകള്‍ അവന്‍ പാടുമ്പോള്‍ പലപ്പോഴും എന്റെ കണ്ണുകള്‍ നിറയാറുണ്ട്. ചിലപ്പോള്‍ ശാന്തനായി കഴിഞ്ഞകാലകഥകള്‍ അവന്‍ അയവിറക്കുമ്പോള്‍, എന്റെ ഹൃദയം ആര്‍ദ്രമാകാറുണ്ട്. കൊഴിഞ്ഞുപോയ മോഹന കാലങ്ങളിലെ പ്രഭമങ്ങാത്ത അനുവങ്ങള്‍ അവന്റെ കഥനങ്ങളിലൂടെ ഉയര്‍ത്ത് എഴുന്നേല്‍ക്കുന്നതായി തോന്നാറുണ്ട്. അവനോടൊപ്പം ഇരുന്നേ ഞാന്‍ മദ്യപിക്കാറുള്ളു. ആ അന്തപ്പനാണിപ്പോള്‍ എന്റെ വെള്ളം കുടി മുട്ടിച്ചുകൊണ്ട്, ഇനി ഒരിക്കലും മദ്യപിക്കില്ല എന്ന് പ്രഖ്യാപിക്കുന്നത്!! എങ്ങിനെ ഞാന്‍ കരയാതിരിക്കും?
എന്റെ ദയനീയാവസ്ഥാ മനസ്സിലാക്കിയിട്ടാവും അന്തപ്പന്‍ എന്നെ സാന്ത്വനിപ്പിച്ചു.
''എടോ എസ്തപ്പാ താന്‍ പാമ്പ് വേലായുധനെപ്പറ്റി കേട്ടിട്ടുണ്ടോ? ദിനരാത്രങ്ങള്‍ വിഷപാമ്പുകളോടൊപ്പം ചിലവഴിച്ച പാമ്പുവേലായുധനെപ്പറ്റി....
എണ്ണമറ്റ ഉഗ്രവിഷമുള്ള പാമ്പുകളോടൊപ്പം ചില്ലുകൂട്ടില്‍ വേലായുധന്‍ ശ്രദ്ധയോടെ കഴിഞ്ഞു!! അശ്രദ്ധയോടെയുള്ള ഒരു ചലനം മതി, ഉഗ്രവിഷമുള്ള  പാമ്പുകള്‍ പത്തിവിടര്‍ത്തി വേലായുധനെ കൊത്തും!! അതീവ ജാഗ്രതയായിരുന്നു അപ്പോള്‍ വേലായുധന്റെ കൂടപിറപ്പ്... ജാഗ്രതനഷ്ടപ്പെട്ടാല്‍... മരണം സുനിശ്ചിതം!! എന്റെ ശിഷ്ടകാലം ഇനി അതുപോലെ ഉഗ്രവിഷമുള്ള ഒരു ജീവിയോടൊപ്പം ആണ്; മദ്യപിച്ച് ഞാനറിയാതെ ഒന്ന് ഗര്‍ജ്ജിച്ചുപോയാല്‍ എല്ലാം അവസാനിക്കും, ചീട്ട് കൊട്ടാരം പോലെ എല്ലാം തകര്‍ന്നടിയും.... എന്നെ അനുവദിക്കു എസ്തപ്പാ.... ശിഷ്ടകാലം മദ്യത്തില്‍ സ്വയം വിസ്മരിക്കാതിരിക്കാന്‍.......
ആ ഒറ്റ ദിവസത്തെ കാരാഗ്രഹവാസം അന്തപ്പനെ മാറ്റിമറിച്ചു. അവന്‍ പിന്ന മദ്യപിച്ചിട്ടില്ല. ക്ലീന്‍ ഷേവ് ആയിരുന്ന അന്തപ്പന്റെ മുഖത്ത് താടിരോമങ്ങള്‍ വളര്‍ന്നു. ശബ്ദത്തിലെ തീഷ്ണത നഷ്ടപ്പെട്ടു. വിപ്ലവാശയങ്ങളുടെ പ്രഖ്യാപനങ്ങളില്ല, സ്വപ്നങ്ങളില്ല, നെഞ്ച് വിരിച്ച് ചുറു ചുറുക്കോടെ നടന്നിരുന്ന അന്തപ്പന്‍ ഇപ്പോള്‍ റോഡരികിലൂടെ നടക്കുന്നതു കാണ്ടാല്‍... ഹാ കഷ്ടം.... ചിന്താഭാരത്തോടെ തലയും കുമ്പിട്ടുള്ള ആ നടപ്പ്, നെഞ്ചകം ഉള്ളിലോട്ട് വലിഞ്ഞ് ഒരു ചെറിയ കൂനും ഉണ്ടോ എന്ന് തോന്നിപ്പോകും.
അങ്ങനെ ഗര്‍ജ്ജിച്ചിരുന്ന സിംഹം മോങ്ങുന്ന ഒരു പൂച്ചക്കുട്ടിയായി മാറി.
അവന്‍ ഒതുങ്ങി. സൂസിക്കുട്ടി അവനെ ഒതുക്കി എന്നു പറയുന്നതല്ലേ ശരി.
അന്തപ്പന് മാനാസ്സാന്തരം സംഭവിച്ചുവെന്ന് ലോകം വിധി എഴുതി !
സൂസിക്കുട്ടിയുടെ പ്രാര്‍ത്ഥനയുടെ ഫലമാണിതെന്ന് സ്വയം പഖ്യാപിത സഹോദര പ്രഭുക്കന്‍മാര്‍ പാട്ടുപാടിയും കൈകൊട്ടിയും പറഞ്ഞു നടന്നു.
ഒരു പ്രശസ്തനായ ധ്യാന ഗുരു നയിച്ച കുടുംബ നവീകരണ ധ്യാനത്തിന്റെ പരിസമാപ്തിയില്‍, സൂസിക്കുട്ടി ഉച്ചത്തില്‍ അത് സാക്ഷ്യപ്പെടുത്തി...
എന്റെ ഭര്‍ത്താവ്... അന്തപ്പന്‍ മദ്യപാനിയായിരുന്നു... എന്നെ മര്‍ദ്ദിക്കുന്നതില്‍ ആനന്ദം കണ്ടിരുന്നു... നിയമപാലകരാല്‍ ചോദ്യം ചെയ്യപ്പെട്ട കാപാലികനായിരുന്നു... വിജാതിയരെ വായിച്ച് വിചിത്രമായ സങ്കല്പ വികല്പങ്ങളില്‍ ലയിച്ചിരുന്നു....
എന്നാല്‍ ഇന്ന് അദ്ദേഹം മദ്യപിക്കുന്നില്ല!
എന്നെ മര്‍ദ്ദിക്കുന്നില്ല'
വിജാതിയരേ വായിക്കുന്നില്ല'
അനുസരണയുള്ള ഒരു പൂച്ചകുട്ടിയെപ്പോലെ അദ്ദേഹം ഒതുങ്ങി കഴിയുന്നു.... എല്ലാത്തിനും നന്ദി.
എന്നാല്‍ അദ്ദേഹത്തെ നിഴല്‍പ്പോലെ പിന്‍തുടരുന്ന ദുഷ്ടനായ ഒരു സുഹൃത്ത് എന്ന് പറയുന്ന സാത്താനുണ്ട്. മാനസ്സാന്തരം സംഭവിക്കാത്ത അവന്‍ എന്റെ ഭര്‍ത്താവിനെ പഴയ വഴിയിലേക്ക് നയിക്കുമോ എന്ന് ഞാന്‍ ഭയപ്പെടുന്നു. തക്കതായ ഒരു ശിക്ഷ കൊടുത്ത് മാനസാന്തരം അവനില്‍ ഉണ്ടാകുമാറാകണമെന്ന് ഈ അവസരത്തില്‍ പ്രാര്‍ത്ഥിക്കുന്നു....
ആ സാത്താന്‍ ഞാന്‍ ആണോ എന്ന് പലരും എന്നോട് ചോദിച്ചു. സൂസിക്കുട്ടിയുടെ പ്രാര്‍ത്ഥനയാണ്, കരുതലോടെ ഇരിക്കുക എന്ന് മറ്റുചിലര്‍ എനിക്ക് മുന്നറിയിപ്പ് നല്കി.
ആയിടക്ക് ങീീേൃ ംമ്യയിലൂടെ കാറുമായി പറക്കുമ്പോള്‍ ദൈവ വിശ്വാസിയാണോ? അല്ലയോ? എന്നുള്ള ചോദ്യത്തിന് ഉത്തരം പറയാനറിയാത്ത ഞാന്‍, എന്റെ കര്‍ത്താവെ, എന്റെ ദൈവമേ എന്ന് ഉരുവിട്ടുകൊണ്ടിരുന്നു. പക്ഷേ മനുഷ്യര്‍ പലതും മറന്നുപോയാലും കാലം ചിലത് മറക്കില്ല. കാലം അതിന്റെ കനത്ത കരം കൊണ്ട് ഒന്നു പിടയ്ക്കും, അങ്ങനെ ഒന്ന് സൂസിക്കുട്ടിക്കും സംഭവിച്ചു.
മോള്‍ തര്‍ക്കുത്തരം പറഞ്ഞു എന്നതിനാലാണ് സൂസിക്കുട്ടി കൈയ്യോങ്ങി മോളുടെ മുഖത്ത് ഒന്നു തലോടിയത്. സൂസിക്കുട്ടിയുടെ കൈവിരല്‍പാടുകള്‍, മോളുടെ മുഖത്ത് ചുവന്ന് തുടുത്ത്  ആ തലോടല്‍ അടയാളപ്പെടുത്തി!!
സൂസിക്കുട്ടിയുടെ പുന്നാരമോളല്ലേ 999 എന്ന മഹാ മന്ത്രോച്ചാരണം മോളും ഹൃദിസ്ഥമാക്കിയിരുന്നു!!
സൂസിക്കുട്ടിയുടെ ചുറ്റും നിയമപാലകര്‍, ീെരശമഹ ലെൃ്ശരലകൊര്‍, അന്വേഷണം... ചോദ്യം ചെയ്യല്‍....
പോലീസ്റ്റേഷനില്‍വച്ച് മണിക്കൂറുകളോളം നീണ്ടു നിന്ന ചോദ്യം ചെയ്യലിനൊടുവില്‍ വ്യവസ്ഥകളോടും, ഉപാധികളോടുംകൂടിയായിരുന്നു സൂസിക്കുട്ടിയെ റിലീസ് ചെയ്തത്.
വിധിവൈപരിത്യം, പൊട്ടിക്കരഞ്ഞ് അന്തപ്പന്റെ തോളില്‍ തൂങ്ങി പോലീസ് സ്റ്റേഷനില്‍ നിന്ന് ഇറങ്ങിവന്ന സൂസിക്കുട്ടിയെ എന്റെ കാറിന്റെ പിറകിലെ വാതില്‍ തുറന്ന് പിടിച്ച് ഞാന്‍ സ്വീകരിച്ചു. അന്തപ്പന്‍ സൂസിക്കുട്ടിയെ ആവുന്നവിധത്തില്‍ സാന്ത്വനിപ്പിക്കാന്‍ ശ്രമിച്ചു.
ഉച്ചത്തിലുള്ള സൂസിക്കുട്ടിയുടെ വിലാപത്തിലും സൂസിക്കുട്ടി പറയുന്നുണ്ടായിരുന്നു, ''എന്നാലും എന്റെ മോള്‍  എന്നോട് ഇത് ചെയ്തല്ലോ?''
ഞാന്‍ ശബ്ദമില്ലാതെ പൊട്ടിച്ചിരിച്ച അപൂര്‍വ്വ നിമിഷങ്ങള്‍ പക്ഷേ എന്റെ മകനും 999 എന്ന മന്ത്രോച്ഛാരണം അറിയാം എന്ന് ഒരു ഞെട്ടലോടെ ഞാന്‍ ഓര്‍ത്തു. എന്റെ ചിരി ആധിയായി മാറി.
കളഭം തരാം ഭഗവാന്, എന്‍
മനസ്സും തരാം.... എന്റെ മൊബൈലില്‍ നിന്ന് സംഗീതം ഉണര്‍ന്നു.
ജോര്‍ജ്ജുകുട്ടിയാണ്.
''എടോ എസ്തപ്പാ താന്‍ ഇപ്പോള്‍ എവിടെയാണ്?
തന്റെ കൂട്ടുകാരന്‍ ആ പെണ്ണ്പിടിയന്‍ അന്തപ്പനെ കണ്ടോ?''
എനിക്ക് ശരിക്കും ദേഷ്യം വന്നു. തനിക്ക് വേറൊന്നും ചിന്തിക്കാനും പറയാനും ഇല്ലെങ്കില്‍ സൗത്ത്‌സീയില്‍ ചെന്ന് കടലില്‍ ചാടി ചാവടോ.''
അതും പറഞ്ഞ് ഞാന്‍ ഫോണ്‍ പെട്ടെന്ന് കട്ട് ചെയ്തു. റോഡിലെ ട്രാഫിക് കുരുക്ക് അയഞ്ഞു തുടങ്ങി. ഞാന്‍ ആശ്വാസത്തോടെ നെടുവീര്‍പ്പിട്ടു. അന്തപ്പന്‍ ശാന്തനായി ശ്രദ്ധയോടെ രാജിയുടെ വസതി ലക്ഷ്യമാക്കി കാറ് ഓടിച്ചു.
(തുടരും..)

കര്‍ണ്ണന്‍ 2

ഏറ്റവും അവഹേളിതനായ മുഹൂര്‍ത്തത്തില്‍ തന്നെ അംഗരാജ്യത്തിലെ രാജാവായി വാഴിച്ച ദുര്യോധനനോട്, കര്‍ണ്ണന് തീര്‍ത്താല്‍ തീരാത്ത കടപ്പാടും കൃതജ്ഞതയും ഉണ്ടായിരുന്നു.

തന്റെ ' രക്ഷകനായ ദുര്യോധനന് വേണ്ടി എന്തും ചെയ്യുവാന്‍ കര്‍ണ്ണന്‍ സന്നദ്ധനായിരുന്നു. എല്ലാ പ്രതിസന്ധികളേയും അതിജീവിച്ച് മുന്നേറാനുള്ള കര്‍ണ്ണന്റെ ഉല്‍ക്കര്‍ഷേച്ചകള്‍ക്ക് ചിറകുകള്‍ മുളച്ചത്, ദുര്യോധനന്റെ പ്രിയ സ്‌നേഹിതനായി അംഗീകരിക്കപ്പെട്ടപ്പോഴാണ്. ദുര്യോധനന് വേണ്ടി കര്‍ണ്ണന്‍ മഹായുദ്ധങ്ങള്‍ നയിച്ചു. ധീരമായി പോരാടി. എല്ലാ യുദ്ധങ്ങളിലുംപോരാടി വിജയംവരിച്ച് ദുര്യോധനരാജാവിന്റെ കീര്‍ത്തി ഭാരതമെങ്ങും പരത്തി. ദുര്യോധനനും കര്‍ണ്ണന്റെ ആയുധമികവുകളിലും, യുദ്ധനൈപുണ്യത്തിലും അങ്ങേയറ്റം സന്തുഷ്ഠനായിരുന്നു. ചോദ്യം ചെയ്യപ്പെടാത്ത കര്‍ണ്ണന്റെ യുദ്ധവിജയങ്ങള്‍ ലഹരിപിടിപ്പിച്ചത് കര്‍ണ്ണനെയായിരുന്നില്ല, ദുര്യോധനനെയായിരുന്നു. ആരാലും കര്‍ണ്ണന്‍ തോല്‍പ്പിക്കപ്പെടില്ലെന്ന് ദുര്യോധനന്‍ ഉറച്ച് വിശ്വസിച്ചു.  പാണ്ഡവരോട് യാതൊരുവിധ വിട്ടുവീഴ്ചയ്ക്കും തയ്യാറാകാതെയുള്ള കടുത്ത നിലപാട് എടുക്കാന്‍ ദുര്യോധനനെ പ്രാപ്തനാക്കിയത്, ഏത് യുദ്ധത്തിലും വിജയം കൈവരിക്കാനുള്ള കര്‍ണ്ണന്റെ കഴിവുകളായിരുന്നു യുദ്ധനൈപുണ്യമായിരുന്നു. കുന്തിയുടെ സീമന്ത പുത്രനെ, തങ്ങളുടെ മൂത്ത ജ്യേഷ്ടനെ പഞ്ചപാണ്ഡവര്‍ക്ക് തിരിച്ചറിയാനായില്ല. പാണ്ഡവരോട് യാതൊരുവിധ വിട്ടുവീഴ്ചക്കും തയ്യാറാകാതെ അഹങ്കാരത്തിന്റെ സിംഹാസനത്തില്‍ വാണരുളിയ ദുര്യോധനനുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍, ധീരനും ദാനശീലനുമായ കര്‍ണ്ണന്‍ നിയുക്തനായത് വിധി വൈപര്യത്യം! അതിലേറെ ദുരന്തമായത്, സ്വന്തം സഹോദരങ്ങള്‍ക്ക് എതിരായി നിലകൊള്ളുകയും, യുദ്ധം ചെയ്യേണ്ടിവന്നതുമാണ് കര്‍ണ്ണന്റെ ഏറ്റവും വലിയ ദുര്യോഗം.
ജീവിതവിജയം നേടാനുള്ള കര്‍ണ്ണന്റെ അപ്രരോധിതമായ ഉള്‍പ്രേരണയായിരുന്നു, അഹങ്കാരത്തില്‍ അധിഷ്ടിതമായ ജീവിതം നയിച്ചിരുന്ന ദുര്യോധനനുമായി സൗഹാര്‍ദ്ദം പുലര്‍ത്താന്‍ കര്‍ണ്ണനെ ഇടയാക്കിയത്.
അന്നും ഇന്നും ഉള്ള അധീശ ശക്തികളുടെ കാപട്യമാണ്, അധികാരത്തിന്റെ അപ്പക്കഷണങ്ങള്‍ വച്ച് നീട്ടി പ്രതിഭാധനരെ അടിമയാക്കുക എന്നത്!! ജാതിയുടേയും മതത്തിന്റേയും ഗോത്രത്തിന്റേയും പേരില്‍ പ്രതിഭാധനര്‍ക്ക് വളര്‍ന്നുവരുവാനുള്ള അവസരം നിഷേധിക്കപ്പെടുമ്പോള്‍, ദുഷ്ഠശക്തികളുമായി സന്ധിയിലാവാന്‍ പ്രതിഭാധനര്‍ നിര്‍ബന്ധിതരാവുകയല്ലേ?
മനുഷ്യഹൃദയങ്ങളിലുള്ള ഉച്ഛനീചത്വങ്ങളാണ്, യുദ്ധം എന്ന മഹാവിപത്തിലേക്ക് മര്‍ത്യരെ നയിക്കുന്നത്!
ദുര്യോധനന്റെ പല നിലപാടുകളിലും കര്‍ണ്ണന് വിയോജിപ്പുണ്ടായിരുന്നെങ്കിലും, ഒരു സൂതപുത്രനായി മുദ്രയടിക്കപ്പെട്ട തന്നെ രാജാവായി വാഴിച്ചു. ദുര്യോധനന് എതിരായ നിലപാടെടുക്കാന്‍ കര്‍ണ്ണന്‍ അശക്തനായിരുന്നു.

ആയുധകലയിലുള്ള കര്‍ണ്ണന്റെ അജയ്യത പാണ്ഡവരെയും ഭയചികിതരാക്കി.
യുദ്ധത്തില്‍ കര്‍ണ്ണന്‍ അര്‍ജ്ജുനനെ വധിക്കുമെന്ന് കുന്തീദേവി ഭയപ്പെട്ടു. അത് ഒഴിവാക്കാന്‍ കുന്തീദേവി ആത്മാര്‍ത്ഥമായി ആഗ്രഹിച്ചു. പ്രാര്‍ത്ഥിച്ചു.
ദുര്യോധനനുമായി യുദ്ധം ഒഴിവാക്കാന്‍ ശ്രീകൃഷ്ണന്റെ മദ്ധ്യസ്ഥതയിലുള്ള സന്ധി സംഭാഷണങ്ങളെല്ലാം പരാജയപ്പെട്ടു. പാണ്ഡവര്‍ക്ക് സൂചി കുത്താന്‍ പോലും ഇടം നല്കില്ല എന്ന നിലപാടില്‍ തന്നെ ദുര്യോധനന്‍ ഉറച്ചു നിന്നു.
യുദ്ധം അനിവാര്യമാണെന്ന് ശ്രീകൃഷ്ണന്‍ തിരിച്ചറിഞ്ഞു. വില്ലാളിവീരനായ കര്‍ണ്ണനെ തോല്‍പിക്കാന്‍ ഒരു ശക്തിക്കും കഴിയില്ലെന്നുള്ള ദുര്യോധനന്റെ വിശ്വാസമാണ് ഒത്തുതീര്‍പ്പുകള്‍ക്ക് ഒന്നും സന്നദ്ധനാവാതെ ദുര്‍വാശിയുമായി നിലകൊള്ളാന്‍ ദുര്യോധനനെ പ്രേരിപ്പിക്കുന്നതെന്നും ശ്രീകൃഷ്ണന് മനസ്സിലായി.

അതുകൊണ്ടുതന്നെയാണ് ശ്രീകൃഷ്ണന്‍ ആ സാഹസത്തിന് ഒരുമ്പെട്ടത്.
ആരും അറിയാതെ കര്‍ണ്ണനെ തന്റെ തേരില്‍ വഹിച്ചുകൊണ്ട് ശ്രീകൃഷ്ണന്‍ വിദൂരതയിലുള്ള  വിജനമായ സ്ഥലത്ത് എത്തിച്ചേര്‍ന്നു. ആ വിജനതയുടെ സ്വകാര്യതയില്‍വച്ച് ശ്രീകൃഷ്ണന്‍ കര്‍ണ്ണനോട് ആ രഹസ്യം വെളിപ്പെടുത്തി.
'കര്‍ണ്ണന്‍ കുന്തിയുടെ സീമന്തപുത്രനാണെന്ന്!'
കര്‍ണ്ണന്‍ ശത്രു നിരയില്‍ കാണുന്ന പാണ്ഡവരുടെ മൂത്ത ജ്യേഷ്ഠനാണെന്നുള്ള സത്യം ശ്രീകൃഷ്ണന്‍ തുറന്നു പറഞ്ഞു.
അതുകൊണ്ടുതന്നെ ദുര്യോധനനുമായുള്ള എല്ലാ സൗഹാര്‍ദ്ദങ്ങളും അവസാനിപ്പിച്ച് പാണ്ഡവരോടൊപ്പം ചേരണമെന്നും, കര്‍ണ്ണന്‍ പാണ്ഡവരുടെ മൂത്ത ജേഷ്ഠനായതുകൊണ്ട് ഹസ്തിനപുരത്തിലെ മഹാരാജാവായി കര്‍ണ്ണനെ തന്നെ അവരോധിക്കാമെന്നുള്ള മോഹന വാഗ്ദാനം കൃഷ്ണന്‍ കര്‍ണ്ണന് നല്കി.
കര്‍ണ്ണന്‍ ഈ മോഹന വാഗ്ദാനങ്ങളൊന്നും സ്വീകരിച്ചില്ല. തന്നെ മാത്രം വിശ്വസിച്ച് യുദ്ധത്തിന് വേണ്ട സര്‍വ്വസന്നാഹങ്ങളും ഒരുക്കി തയ്യാറായിരിക്കുന്ന ദുര്യോധനനെ ഈ സന്നിഗ്ദ്ധ മുഹൂര്‍ത്തത്തില്‍ വഞ്ചിക്കാനാവില്ലെന്ന് കര്‍ണ്ണന്‍ ശ്രീകൃഷ്ണനോട് തുറന്നു പറഞ്ഞു.
താന്‍ കുന്തിയുടെ സീമന്ത പുത്രനാണെന്നുള്ള അറിവ് കര്‍ണ്ണന് പാണ്ഡവരോടുള്ള ശത്രുതാപരമായുള്ള വിദ്വേഷത്തിന്റെ കാഠിന്യത്തിന് അയവ്‌വരുത്തി.

ആപല്‍ക്കരമായ മഹായുദ്ധം തുടങ്ങാന്‍ ഇരു പക്ഷവും സര്‍വ്വ സന്നാഹങ്ങളുമായി തയ്യാറായി. ഇരുപക്ഷവും യുദ്ധം തുടങ്ങുന്നതിനുള്ള കാഹളധ്വനിക്കായി കാതോര്‍ക്കവേ, കുന്തീദേവി ശത്രുപാളയത്തിലേക്ക് കടന്ന്, കര്‍ണ്ണന്റെ കൂടാരത്തിലെത്തി.
കര്‍ണ്ണന്‍ ഉപചാരാനുഷ്ടനങ്ങളോടെ കുന്തീദേവിയെ സ്വീകരിച്ചു. കുന്തീദേവി അങ്ങേയറ്റം ഖിന്നയായി, കുറ്റബോധത്തോടെ, കണ്ണുനീരില്‍ കുതിര്‍ന്ന വിലാപത്തോടെ ആ കുറ്റം ഏറ്റുപറഞ്ഞു. ആ സത്യം വെളിപ്പെടുത്തി. കര്‍ണ്ണന്‍ തന്റെ ആദ്യപുത്രനാണെന്ന്!
കര്‍ണ്ണന്‍ അതുകേട്ട് ഞെട്ടിയില്ല. പതറിയില്ല. ശ്രീകൃഷ്ണന്‍ എല്ലാം കര്‍ണ്ണനോട് പറഞ്ഞിരുന്നുവല്ലോ, കുന്തീദേവി പ്രാര്‍ത്ഥനയോടെ, കൂപ്പുകരങ്ങളോടെ കര്‍ണ്ണനോട് യാചിച്ചു. കര്‍ണ്ണന്‍ പാണ്ഡവരോടൊപ്പം ചേര്‍ന്ന് യുദ്ധം ചെയ്യണമെന്ന്.

കര്‍ണ്ണന്‍ സവിനയം ആ അഭ്യര്‍ത്ഥന നിരസിച്ചു. രാജകുടുംബാംഗങ്ങളുടെയും, ബഹുജനങ്ങളുടെയും മദ്ധ്യത്തില്‍ വച്ച് താന്‍ അപമാനിക്കപ്പെട്ട മുഹൂര്‍ത്തം കര്‍ണ്ണന്‍ ഓര്‍ത്തു പോയി. തന്റെ ജാതി ഏത്, മതം ഏത്, ഏത് ഗോത്രത്തില്‍പ്പെട്ടതാണ് എന്നൊക്കെയുള്ള കൃപാചാര്യരുടെ ചോദ്യങ്ങള്‍ക്ക് മുമ്പില്‍ ഉത്തരംനല്കാനാവാതെ നിസ്സഹായനായി തലകുമ്പിട്ട് താന്‍ നിലകൊണ്ടപ്പോള്‍... സ്ത്രീയേ... അന്ന് നിങ്ങള്‍ ഈ രഹസ്യം വെളിപ്പെടുത്തിയിരുന്നെങ്കില്‍ ഈ മഹായുദ്ധം ഉണ്ടാകുമായിരുന്നില്ല.
ഇപ്പോള്‍ സമയം ഏറെ അതിക്രമിച്ചു. ഇനി പിന്‍തിരിയാനാവില്ല. ശ്രീകൃഷ്ണനോട് പറഞ്ഞ അതേ ഉത്തരം തന്നെ കര്‍ണ്ണന്‍ കുന്തീദേവിയോടും ആവര്‍ത്തിച്ചു. തന്നെ വിശ്വസിച്ച് സര്‍വ്വസന്നാഹങ്ങളുമായി തയ്യാറായിരിക്കുന്ന ദുര്യോധനനെ വഞ്ചിക്കാനാവില്ല!! എങ്കിലും കുന്തീദേവിയുടെ കണ്ണീരില്‍ കുതിര്‍ന്ന യാചനകളില്‍ ആര്‍ദ്ര ചിത്തനായ കര്‍ണ്ണന്‍ ആ അമ്മയ്ക്ക് വാക്ക് കൊടുത്തു. 'യുദ്ധത്തില്‍ താന്‍ അര്‍ജ്ജുനനെഒഴികെ മറ്റ് നാല് പേരെയും വധിക്കില്ലെന്ന്.' അര്‍ജ്ജുനന്‍ തന്റെ കരങ്ങളാല്‍ വധിക്കപ്പെടുകയാണെങ്കില്‍ അമ്മക്ക് അഞ്ച് മക്കള്‍, താന്‍ അര്‍ജ്ജുനന്റെ കരങ്ങളാല്‍ വധിക്കപ്പെടുകയാണെങ്കിലും അമ്മയ്ക്ക് അഞ്ച് മക്കള്‍!!
കര്‍ണ്ണന്‍ ആ വാഗ്ദാനം നിറവേറ്റി.
യുദ്ധത്തില്‍ അര്‍ജ്ജുനന്‍ ഒഴികെ, നകുലനേയും, സഹദേവനേയും, ഭീമനേയും. ധര്‍മ്മ പുത്രരേയും അനായാസം വധിക്കാന്‍ കര്‍ണ്ണന് അവസരം കിട്ടിയിട്ടും, അവരെ വധിക്കാതെ, ജീവന്‍ അപായപ്പെടുത്താതെ, അവരെ ശകാരിച്ചും, ഭത്സിച്ചും, അപമാനിച്ചും, അവരുടെ അഹങ്കാരത്തിന് ഇടിവ് വരുത്തി കര്‍ണ്ണന്‍ മുന്നേറുക മാത്രമാണ് ചെയ്തത്.
കര്‍ണ്ണന്റെ ഭര്‍ത്സനങ്ങള്‍ പാണ്ഡവരെ വല്ലാതെ അപമാനിതരാക്കി. കര്‍ണ്ണനോടുള്ള പ്രതികാരാഗ്നി അവരില്‍ ജ്വലിച്ചു. കര്‍ണ്ണനെ ഇല്ലായ്മ ചെയ്യുവാന്‍ അവര്‍ പ്രതിബദ്ധരായി. അതിന് കഴിവും ശക്തിയും ഉള്ളവന്‍ അര്‍ജ്ജുനന്‍ മാത്രമായിരുന്നു. അങ്ങനെ ആ ഭീകരദിനം സമാഗതമായി. അര്‍ജ്ജുനനും കര്‍ണ്ണനും മുഖാമുഖം യുദ്ധംചെയ്ത മഹാഭാരതയുദ്ധത്തിന്റെ 17-ാം ദിനം.

ശ്രീകൃഷ്ണന്‍ നയിച്ച തേരില്‍ നിന്ന് അര്‍ജ്ജുനന്‍ കര്‍ണ്ണനെതിരെ ശക്തമായി പോരാടി. കര്‍ണ്ണനും അതിശക്തമായിതന്നെ അര്‍ജ്ജുനനോട് ഏറ്റുമുട്ടി. ശ്രീകൃഷ്ണന്റെ അതിസമര്‍ദ്ധങ്ങളായ നീക്കങ്ങളായിരുന്നു, കര്‍ണ്ണന്റെ ആപത്കരമായ അസ്ത്രപ്രയോഗങ്ങളില്‍നിന്ന്, അര്‍ജ്ജുനന്റെ ജീവന്‍ രക്ഷിച്ചത്.
അത്യുഗ്രമായ രീതിയില്‍ കണ്ണന്‍ ആഞ്ഞടിക്കുകയായിരുന്നു. പക്ഷെ യുദ്ധഭൂമിയില്‍ ആ നിര്‍ണ്ണായക ഘട്ടത്തില്‍ പരശുരാമന്റെ ശാപം കര്‍ണ്ണനില്‍ പതിച്ചു. രണഭൂവിലെ ആപത് ഘട്ടത്തില്‍ കര്‍ണ്ണന്റെ തേരിലെ രഥചക്രങ്ങള്‍ മുന്നോട്ട് ചലിക്കാനാവാത്തവിധം പൂഴിയില്‍ അമര്‍ന്നു. കര്‍ണ്ണന്‍ രഥത്തില്‍ നിന്നിറങ്ങി രഥചക്രങ്ങള്‍ പൂഴിയില്‍ നിന്ന് ഉയര്‍ത്താന്‍ കിണഞ്ഞ് പരിശ്രമിച്ചു. നിരായുധനായ തന്നെ ആ സന്ദര്‍ഭത്തില്‍ ആക്രമിക്കുന്നത് യുദ്ധനിയമങ്ങള്‍ക്ക് നിരക്കാത്തതാണെന്ന് കര്‍ണ്ണന്‍ അര്‍ജ്ജുനനെ ഓര്‍മ്മിപ്പിച്ചെങ്കിലും, ശ്രീകൃഷ്ണന്റെ നിര്‍ദ്ദേശാനുസരണം അര്‍ജ്ജുനന്‍ അസ്ത്രപ്രയോഗത്താല്‍ നിരായുധനായ കര്‍ണ്ണന്റെ ശിരസ്‌ച്ഛേദം വരുത്തി.
എക്കാലത്തേയും ധീരനായ ആ പോരാളി ശിരസ്സറ്റു ഭൂമിയില്‍ അമര്‍ന്നു!
പാണ്ഡവപക്ഷത്ത് ആഹ്ലാദപ്പെരുമഴ!
ആഹ്ലാദാരവങ്ങളുടെ പെരുമ്പറ മുഴങ്ങി.

എല്ലാ യുദ്ധനിയമങ്ങളെയും ധര്‍മ്മനീതികളെയും കാറ്റില്‍പ്പറത്തി ധര്‍മ്മപുത്രര്‍, ശിരസ്‌ച്ഛേദിക്കപ്പെട്ട, രക്തം വാര്‍ന്നു നിശ്ചലമായ കര്‍ണ്ണന്റെ മൃതശരീരത്തിനു ചുറ്റും പന്തംക്കൊളുത്തി ആനന്ദപ്രകടനം നടത്തി !!
ഇരുപക്ഷത്തും ഒട്ടേറെ നാശനഷ്ടങ്ങള്‍ വരുത്തി, പാണ്ഡവരുടെ വിജയത്തോടെ യുദ്ധം അവസാനിച്ചു. യുദ്ധാനന്തരം, കുന്തീദേവിയുടെ സാന്നിദ്ധ്യത്തില്‍ ധര്‍മ്മപുത്രര്‍ യുദ്ധത്തില്‍ മരണം സംഭവിച്ച പിതൃക്കള്‍ക്ക് ഗംഗാനദിയില്‍ തര്‍പ്പണം അര്‍പ്പിക്കുകയാണ്. ഭീഷ്മര്‍, ദ്രോണര്‍, ആചാര്യന്മാര്‍, ഗുരുക്കന്മാര്‍, അങ്ങനെ എല്ലാവര്‍ക്കും തര്‍പ്പണം ചെയ്തു ധര്‍മ്മപുത്രര്‍ പിന്തിരിയവെ, അമ്മ കുന്തീദേവി ധര്‍മ്മപുത്രരോട് നിര്‍ദ്ദേശിച്ചു.
ഒരാള്‍ക്ക് കൂടി നീ തര്‍പ്പണം ചെയ്യുക!!
ആര്‍ക്ക് ? ധര്‍മ്മപുത്രരുടെ മുഖത്ത് ചോദ്യഭാവം ! ഗുരുക്കള്‍, പിതൃക്കള്‍, ആചാര്യന്മാര്‍ എല്ലാവര്‍ക്കും തര്‍പ്പണം ചെയ്തല്ലോ അമ്മേ, പിന്നെ ആര്‍ക്കാണ് ഇനിയും തര്‍പ്പണം ചെയ്യേണ്ടത്.
കുന്തീദേവി നിശ്ചലയായിരുന്നു.. നിര്‍വികാരയായിരുന്നു...
എല്ലാം കണ്ടും കേട്ടും സഹിച്ചും യുഗാന്ത്യം കാണാന്‍ അവരുടെ മനസ്സും ശരീരവും ഒരുങ്ങികഴിഞ്ഞിരുന്നു. കുന്തിദേവി നിര്‍ദ്ദേശിച്ചു.
നിന്റെ ജ്യേഷ്ഠന്‍ കര്‍ണ്ണന് !!!
ഭൂമി പിളര്‍ന്ന നിമിഷം....

ധര്‍മ്മപുത്രരുടെ കരങ്ങളില്‍ നിന്ന് തര്‍പ്പണചെല്ലം നിലം പതിച്ചു. അനിയന്ത്രിതവും ഉത്കടവുമായ വികാര വിക്ഷോഭങ്ങളില്‍പ്പെട്ട് ധര്‍മ്മപുത്രര്‍ അലറിക്കരഞ്ഞു. തന്റെ സ്വന്തം സഹോദരനെ വധിക്കാനായിരുന്നോ ഈ ജീവിതം മുഴുവന്‍ അഹോരാത്രം കഷ്ടപ്പെട്ടത് ? സ്വന്തം സഹോദരനായ കര്‍ണ്ണന്റെ ആയുധപാടവത്തിന്റെ അജയ്യതയെപ്പറ്റി ചിന്തിച്ചായിരുന്നോ ഭയചകിതനായി കാലം കഴിച്ചത്? സ്വന്തം സഹോദരന്റെ മൃതശരീരത്തിന് ചുറ്റുമായിരുന്നോ താന്‍ ആനന്ദനൃത്തം ആടിയത്!! മഹാപാപം... മഹാപാപം. മാപ്പ് അര്‍ഹിക്കാത്ത കൊടും ക്രൂരത!
കര്‍ണ്ണന്‍ സ്വന്തം സഹോദരനാണെന്ന് തിരിച്ചറിഞ്ഞിരുന്നെങ്കില്‍ എന്തെല്ലാം ദുരിതങ്ങളും ഈ മാഹായുദ്ധം തന്നെയും ഒഴിവാക്കാമായിരുന്നില്ലേ? എല്ലാത്തിനും കാരണം... അമര്‍ഷത്തോടെ ധര്‍മ്മപുത്രര്‍ കുന്തീ ദേവിയെ ശപിച്ചു. 'ഇനി ഒരിക്കലും ഒരു സ്ത്രീക്കും ഒരു രഹസ്യവും മനസ്സില്‍ സൂക്ഷിക്കാന്‍ സാധിക്കാതിരിക്കട്ടെ!!'
വിദ്വേഷവും മത്സരവും ഭയവും അജ്ഞതയില്‍ നിന്ന് ഉണ്ടാകുന്നു. അജ്ഞത അന്ധകാരമാണ്. തമസിന്റെ തീക്ഷ്ണതയില്‍ വസ്തുതകളെ യഥാര്‍ത്ഥമായി കാണാനുള്ള നമ്മുടെ കഴിവ് നഷ്ടപ്പെടുന്നു. വിഷപാമ്പിനെ മാലയാണെന്നു കരുതി കഴുത്തില്‍ അണിയുകയും മാലയെ പാമ്പാണെന്നു കരുതി ദൂരെ എറിയുകയും ചെയ്യും.

തമസ്സിന്റെ മൂര്‍ദ്ധന്യതയില്‍ വിദ്വേഷം താണ്ഡവനൃത്തമാടുകയും സ്വന്തം സഹോദരനെപ്പോലും തിരിച്ചറിയാന്‍ പറ്റാതിരിക്കുകയും ചെയ്യുന്നു. മഹായുദ്ധങ്ങളും മഹാവിപത്തുകളും ഉണ്ടാകുന്നു.
എല്ലാ മതങ്ങളും ഏകസ്വരത്തില്‍ പറയുന്നു. മാലോകരെല്ലാം ഏകോദരസഹോദരാങ്ങളാണെന്ന്! ജ്ഞാനദീപ്തിയില്‍ ഹൃദയത്തില്‍ അടിഞ്ഞുകൂടിയിരിക്കുന്ന അന്ധകാരം തുടച്ചുമാറ്റപ്പെടുകയും. ഭൂവാസികളെല്ലാം ഏകോദര സഹോദരങ്ങളാണെന്നുള്ള തിരിച്ചറിവ് ഉണരുകയും ചെയ്യുന്നു. പരസ്പരം സ്‌നേഹത്തിലും സൗഹാര്‍ദ്ദത്തിലും സഹകരണത്തിലും ഒരുമയോടെ ഭൂവാസികള്‍ക്കെല്ലാം ജീവിതം നയിക്കാന്‍ കഴിയുമാറാകട്ടെ.
അസതോമ സദ്ഗമയ
തമസ്സോമ ജ്യോതിര്‍ഗമയ
മൃത്യോര്‍മ അമൃതംഗമയ

മയില്‍പ്പീലി കനവുകള്‍ 7

നോര്‍ത്തിലെ തിരക്ക് നിറഞ്ഞ പ്രധാന വീഥിയിലൂടെ അന്തപ്പന്റെ കാര്‍ മെല്ലെ മുന്നോട്ട് നീങ്ങികൊണ്ടിരുന്നു. motor way യുടെ പറന്നിരുന്നെങ്കില്‍ അഞ്ച് മിനിട്ടിനകം രാജിയുടെ വീട്ടിലെത്താമായിരുന്നു. അതിനുപകരം തിക്കും തിരക്കും നിറയെ ട്രാഫിക്കും സിഗ്നലുകളും ഉള്ള ഈ റുട്ട് എന്താണവോ അന്തപ്പന്‍ തെരഞ്ഞെടുത്തത്?
പൊതുവേ ശാന്തമാണ് portsmouth- ലെ തെരുവുകള്‍, ആള്‍ അനക്കവും, ആള്‍ സഞ്ചാരവുമില്ലാത്ത വിജനമായ തെരുവുകളാണ് എവിടെയും. പക്ഷേ  Northend ബഹളമയമാണ്. റോഡിനിരുവശത്തേക്കു കടകമ്പോളങ്ങളും വ്യാപാരസ്ഥാപനങ്ങളും, ആലുവ റെയില്‍വേ സ്റ്റേഷനും, ട്രാന്‍സ്‌പോര്‍ട്ട് ബസ്സ്റ്റാന്‍ഡിനും ഇടക്കുള്ള തിക്കും തിരക്കും ബഹളങ്ങളെയുമാണ് ഓര്‍മ്മിപ്പിക്കുന്നത്.
എന്തോ ഒരു തരം വീര്‍പ്പുമുട്ടല്‍ എനിക്ക് അനുഭവപ്പെടുമോ? അതില്‍ നിന്നൊരു മോചനത്തിനായി അന്തപ്പനോട് എന്തോ ചോദിക്കാന്‍ ഞാന്‍ ആഞ്ഞതാണ്. പക്ഷേ റോഡിലെ ഗതാഗത കുരുക്കില്‍ കണ്ണുംനട്ട്, ആത്മാവല്‍ ദത്തശ്രദ്ധനായി ഡ്രൈവ് ചെയ്യുന്ന അന്തപ്പനോട് എന്തെങ്കിലും ചോദിക്ക് ശല്യപ്പെടുത്താനും എനിക്ക് തോന്നിയില്ല.
അലസമായി ഞാന്‍ പുറത്തേക്ക് നോക്കി. ഒന്നുവിങ്ങിപ്പൊട്ടി കരയാന്‍ പാകത്തില്‍ അന്തരീക്ഷം മേഘാവൃതമായിരുന്നു. എത്ര വേഗമാണ് ഇവിടെ കാലാവസ്ഥ മാറുന്നത്. രാവിലെ മകനുമായി സിറ്റി സെന്ററിലൂടെ നടക്കുമ്പോള്‍, ഓണപുലരി പോലെ പ്രസന്നമായിരുന്നു. ഇപ്പോള്‍ കാലവര്‍ഷത്തിന്റെ സായംസന്ധിപോലെ മേഘാവൃതം! നാട്ടിലെ മഴയോ പോലെ ഒന്ന് ആര്‍ത്തിരുമ്പി പെയ്തു ഒഴിഞ്ഞ് പോയിരുന്നെങ്കില്‍....ഇല്ല ഇവിടെ അങ്ങനെ ഒന്നും സംഭവിക്കില്ല.
വികസിത രാജ്യമെന്ന പെരുമ നിലനിറുത്തണമെന്നവണ്ണമാണ് ഇവിടെ ഇല പോലെ അനങ്ങുന്നത്. അന്തസ്സോടെ താളാത്മകമായി പെയ്തുതുടങ്ങും. പിന്നെ പണ്ഡിതോജിതമായി മൗനം പാലിക്കും. കുഞ്ഞുങ്ങളെ ഒന്നു വിങ്ങിപ്പൊട്ടി ഉച്ചത്തില്‍ ഏങ്ങലടിച്ച് കയരാന്‍  അനുവദിക്കപ്പെട്ടാതിരിക്കുമ്പോഴുള്ള അസഹ്യമായ വീര്‍പ്പ്മുട്ടല്‍ പോലെ എന്തോ ഒന്നു എപ്പോഴും ഇവിടത്തെ അന്തരീക്ഷത്തില്‍ തങ്ങിനില്ക്കാറുണ്ടെന്ന് തോന്നാറുണ്ട്.
എന്തൊക്കെയോ അടുക്കിപിടിച്ച്, നിശബ്ദനായി, ശാന്തനായി ഡ്രൈവ് ചെയ്യുന്ന അന്തപ്പനെ പോലെ ഇവിടത്തെ മഴക്കാറുകള്‍ക്കും, മഴക്കും എന്തൊക്കെയോ പറയാന്‍ പറ്റാതെ നിശബ്ദ ദുഃഖങ്ങള്‍ ശിരസിലേറ്റി കൊണ്ട്, ഒന്നു മുഖം വീര്‍പ്പിക്കാന്‍ മാത്രമേ അനുവദിക്കപ്പെട്ടിട്ടുള്ളൂ.
ഭൂമിയെ പിളര്‍ത്തുന്ന ഇടിമിന്നലിന്റെയും ഇടിവെട്ടിന്റെയും അകമ്പടിയോടെ ചുഴറ്റി അടിക്കുന്ന കാറ്റിനൊപ്പം ആര്‍ത്തലച്ച് പെയ്തിറങ്ങുന്ന മഴയാണ് മഴ!! ഭൂമിയുടെ അടങ്ങാത്ത തൃഷ്ണകളെ തപിപ്പിക്കാനുള്ള മാന്ത്രികത ആ മഴക്കുണ്ട്. പക്ഷേ ഈ വികസിത രാജ്യത്തിന്റെ പട്ടവട്ടങ്ങളെ മാനിച്ചാവും മഴയും കാറ്റും ഇടിയും മിന്നലും നിയന്ത്രണം പാലിക്കുന്നത്.
നാട്ടിലെ കാലവര്‍ഷം പോലെ അന്തപ്പനും ആര്‍ത്തലച്ച് പെയ്തിറങ്ങിയിരുന്നെങ്കില്‍.....5, 6 വര്‍ഷങ്ങള്‍ക്ക് മുമ്പ് തെക്കന്‍ മാര്‍ഗ്ഗം അന്തപ്പന്‍ അങ്ങനെ വെയറിങ്ങി....അതിന്റെ ഫലം ഒരു രാത്രിയിലെ കാരാഗ്രഹവാസമായിരുന്നു.
അന്തപ്പന്റെയും സൂസിക്കുട്ടിയുടെയും ഏക മകളായ സോഫിമോള്‍ അന്ന് പ്രൈമറി സ്‌കൂളില്‍ പഠിക്കുകയായിരുന്നു. ഒരു ദിനം സ്‌കൂളില്‍ നിന്ന് വന്നത് കടുത്ത പനിയുമായിട്ടായിരുന്നു. ആദ്യത്തെ ഒന്ന്, രണ്ട് ദിവസം മോള്‍ക്ക് പാരാസെറ്റാമോള്‍ നല്ക പരിചരിച്ചെങ്കിലും പനിയില്‍ യാതൊരു കുറവും അനുഭവപ്പെടാതിരുന്നപ്പോള്‍, അന്തപ്പന്‍ മോളെ G.P. യെ കാണിച്ചു. ഡോക്ടര്‍ അന്തപ്പനെ സാന്ത്വാനിപ്പിച്ചു. ഇത് ഇപ്പോള്‍ ഇവിടെ പടര്‍ന്ന് പിടിച്ചിട്ടുള്ള വൈറല്‍ ഫിവര്‍ ആണെന്നും, 3,4 ദിവസത്തിനകം പനി കുറയുമെന്ന് അതുവരെ പാരാസെറ്റാമോള്‍ മാത്രം നല്കിയാല്‍ മതിയെന്നും ഡോക്ടര്‍ നിര്‍ദ്ദേശിച്ചു.
ആശങ്കപ്പെടാന്‍ ഒന്നുമില്ല എന്നുള്ള ആശ്വാസത്തില്‍ അന്തപ്പന്‍ പിറ്റേദിവസം ജോലിക്ക് പോയ. പക്ഷേ സൂസിക്കുട്ടിക്ക് ആശ്വസിക്കാന്‍ കഴിഞ്ഞില്ല. മോളുടെ പനി വിട്ട് മറാത്തതില്‍ സൂസി അങ്ങേയറ്റം ഉല്‍ക്കണ്ഠപ്പെട്ടു. അവള്‍ സകല പുണ്യവാളന്മാരെയും പുണ്യവതികളെയും വിളിച്ചപേക്ഷിക്കാന്‍ തുടങ്ങി. പ്രാര്‍ത്ഥനയും നൊവേനയും എല്ലാം കഴിച്ചിട്ടും മോളുടെ പനി മാത്രം മാറിയില്ല. ദൈവഹിതം എന്നപോലെ അപ്പോള്‍ സൂസിക്കുട്ടി തോമാ ബ്രദറിനെയും അന്നചേച്ചിയെയും ഓര്‍ത്തു. ഉടനെ അവരോട് കരഞ്ഞ് അപേക്ഷിച്ച് പ്രാര്‍ത്ഥന സഹായം ആവശ്യപ്പെട്ടു. രക്ഷിക്കപ്പെട്ടിരുന്ന എന്ന് അവകാശപ്പെട്ടിരുന്ന അവര്‍ സഹായഹസ്തവുമായി പറന്നെത്തി. പ്രാര്‍ത്ഥന ആരംഭിച്ചു.
പ്രാര്‍ത്ഥനയില്‍ വെളിപ്പെട്ട സന്ദേശം ബ്രദര്‍ സൂസിക്കുട്ടിയെ അറിയിച്ചു. പാരാസെറ്റാമോളിന്റെ ഡോസ് അല്പം കൂട്ടി മോള്‍ക്ക് കൊടുക്കുക.
സൂസിക്കുട്ടി അപ്രകാരം തന്നെ ചെയ്യുകയും ചെയ്തു. പ്രാര്‍ത്ഥന കഴിഞ്ഞ് താഴെ സ്വീകരണമുറിയിലെ ബുക്ക് ഷെല്‍ഫുകളിലെ ഗ്രന്ഥങ്ങള്‍ കണ്ട് ബ്രദര്‍ ഞെട്ടിതെറിച്ചു. ഭഗവത്ഗീത, രാമായണം, ഒഷോയുടെ പുസ്തകം, മാതാ അമൃതാനന്ദമയിയുടെ ഗ്രന്ഥങ്ങള്‍, ശങ്കരാചാര്യരുടെ അങ്ങനെ വിജാതീയരുടെ സാന്നിദ്ധ്യത്താല്‍ അവിടെമാകെ നിറഞ്ഞുനിന്നു.
ബ്രദര്‍ പൊട്ടിത്തെറിച്ചു. എന്റെ കര്‍ത്താവിന്റെ ഭവനത്തില്‍ ഈ വിജാതിയര്‍ക്ക് എന്ത് സ്ഥാനം? ഇവരുടെ സാന്നിദ്ധ്യം ഈ ഭവനത്തില്‍ ഉള്ള കാലത്തോളം ഇവിടെ പനിയും കഷ്ടതകളും വിട്ടുമാറില്ല. വിജാതിയരും ഈ അന്ധബന്ധങ്ങള്‍, ലിഖിത ശേഖരങ്ങള്‍ ആപത്താണ്. ബ്രദറും അന്നചേച്ചിയും യാത്രയാകുന്നതിന് മുമ്പ് അരുള്‍ചെയ്തു. ''ഈ വിജാതീയരെ ചാക്കില്‍ കെട്ടി പുറംതള്ളുക.''
അപ്രകാരം തന്നെ ചെയ്യാമെന്ന് സൂസിക്കുട്ടി സമ്മതിച്ചു. 'വിജാതിയരെ എല്ലാം പുറംതള്ളി തിരിച്ചെത്തിയ സൂസിക്കുട്ടി, മോളുടെ അവസ്ഥ കണ്ട ആശ്ചര്യപ്പെട്ടു.
അവളുടെ രോഗം അവളെ വിട്ടുമാറിയിരുന്നു. ആഹ്ലാദരവങ്ങളോടെ സൂസിക്കുട്ടി ഉച്ചത്തില്‍ കര്‍ത്താവിന് നന്ദി പറഞ്ഞ് സ്‌തോത്രഗീതങ്ങള്‍ പാടി പ്രാര്‍ത്ഥന മുറിയിലേക്ക് പോയി.
ജോലികഴിഞ്ഞ് തിരിച്ചെത്തിയ അന്തപ്പന്‍, പനി മാറി വിയര്‍പ്പില്‍ കുളിച്ച് പരാവശ്യത്തോടെ കിടന്ന മകളുടെ അടുത്ത് സ്‌നേഹവായ്‌പോടെ ഇരുന്നു. പനിമാറിയ മകളുടെ വിശപ്പും ദാഹവും പരാവശ്യവും അറിഞ്ഞ അന്തപ്പന്‍ ഉടനെ, പാല് തിളപ്പിച്ച്, ഹോര്‍ലിക്‌സും പഞ്ചസാരയും ചേര്‍ത്ത്, ആറ്റി ഇളംചുടോടെ പകര്‍ന്ന് മോള്‍ക്ക് നല്‍കി. ഈ അവസരത്തിലെല്ലാം പ്രാര്‍ത്ഥന മുറിയില്‍ നിന്ന് ഉച്ചത്തിലുള്ള സൂസിക്കുട്ടിയുടെ കൃതജ്ഞതാ സ്‌തോത്രങ്ങള്‍ കേള്‍ക്കാമായിരുന്നു. അപ്പോഴാണ് താന്‍ ജീവന് തുല്യം സ്‌നേഹിച്ച, പുസ്തകങ്ങള്‍ വച്ചിരുന്ന അലമാര എല്ലാം ഒഴിഞ്ഞ് കിടക്കുന്നതായി കണ്ടത്.
പുസ്തകങ്ങള്‍ക്ക് എന്തുപറ്റി എന്നുള്ള അന്തപ്പന്റെ വിലാപത്തിന് സൂസിക്കുട്ടിയാണ് മറുപടി നല്കിയത്. വസ്തുതകള്‍ മനസ്സിലാക്കിയ അന്തപ്പന്‍ തളര്‍ന്നിരുന്നുപോയി.
പ്രാണവേദനയോടെ അന്തപ്പന്‍ പുലമ്പി, വിവാഹം കഴിഞ്ഞ് ഇത്ര നാളായിട്ടും നിനക്ക് എന്നെ തരിമ്പും മനസ്സിലായിട്ടില്ലല്ലോ എന്റെ സൂസി. സൂസി അത് കേട്ടില്ല. അവള്‍ ഉച്ചത്തിലുള്ള പ്രാര്‍ത്ഥഗീതം ആലപിക്കുകയായിരുന്നു.  
കുടത്തില്‍ അകപ്പെട്ട ഭൂതത്തിന്റെ മുരള്‍ച്ച അപ്പോള്‍ അന്തപ്പന് അനുഭവപ്പെട്ടുവോ എന്തോ? മോളുടെ വിഷാദാര്‍ദ്രമായ ദയനീയാവസ്ഥ, അരുതായ്മകളില്‍ നിന്ന് അപ്പോള്‍ അന്തപ്പനെ പിന്‍തിരിപ്പിച്ചിരിക്കാം. അന്തപ്പന്‍ മോളുടെരികില്‍ തന്നെയിരുന്ന മോളെ ആശ്വസിപ്പിച്ചു. ടവ്വല്‍ നനച്ച് മകളുടെ വിയര്‍പ്പെല്ലാം തുടച്ചുമാറ്റി. 3, 4 ദിവസങ്ങളായി ചീകാതെ ജഡപിടിച്ചിരുന്ന മോളുടെ തലമുടി നന്നായി ചീകി കൊടുത്തു. മോളുടെ ഇരുകവിളിലും മുത്തം നല്‍കി തലയില്‍ തലോടി മോളൊടൊപ്പം ചേര്‍ന്ന് കിടന്നൂ. അപ്പന്റെ സുരക്ഷിത കരവലയത്തില്‍ കിടന്ന മോള്‍ക്ക് എന്തെന്നില്ലാത്ത സന്തോഷവും സമാധാനവും തോന്നി. അപ്പോള്‍ മോള്‍ അപ്പനോട് കെഞ്ചി...ഒരു കഥ പറഞ്ഞതാ അപ്പാ.....അന്തപ്പന്‍ മോള്‍ക്ക് കഥ പറഞ്ഞുതുടങ്ങി....കഥാന്ത്യത്തില്‍ രാജാവ് ഭിക്ഷ പാത്രവുമായി തെരുവുകളിലൂടെ അലയുന്ന കഥ കേട്ടപ്പോള്‍ മോള്‍ക്ക് സഹിക്കാന്‍ കഴിഞ്ഞില്ല. മോള്‍ തേങ്ങി. സങ്കടംത്തോടെ പറഞ്ഞു വേണ്ടപ്പാ.  രാജാവിനെ ഭിക്ഷക്കാരനാക്കുന്ന,  ഭിക്ഷാപാത്രവുമെടുത്ത്, തെരുവിലൂടെ അലയുന്ന രാജാവിനെപ്പറ്റി ചിന്തിച്ചു കിടന്നാല്‍ മോള്‍ക്ക് ഉറങ്ങാന്‍ പറ്റില്ല. മോള്‍ ആജ്ഞാപിച്ചു. രാജാവിനെ ഉടനെ ചക്രവര്‍ത്തിയാക്കുക!!
താന്‍ കഥ പറഞ്ഞു കഴിഞ്ഞപ്പോള്‍ രാജാവ് എങ്ങിനെ ഭിക്ഷക്കാരനായി മാറി എന്ന് ഓര്‍ത്ത് അന്തപ്പനും അത്ഭുതപ്പെട്ടു. ഇനി എങ്ങിനെ ഭിക്ഷക്കാരനായ രാജാവിനെ ചക്രവര്‍ത്തി ആക്കും? കഥയില്‍ യുക്തിഭംഗം വരുത്താന്‍ മോള്‍ സമ്മതിക്കില്ല. കാര്യകാരണസഹിതം ഭിക്ഷക്കാരനായ രാജാവിനെ വീണ്ടും ചക്രവര്‍ത്ത ആക്കണം. ഭിക്ഷപാത്രവുമായി തെരുവിലലയുന്ന രാജാവിന് മോചനമില്ല. തലപുകഞ്ഞങ്കിലും ഒരു മാര്‍ഗ്ഗം കണ്ടെത്താനായില്ല. എവിടെ വീണ്ടും തുടങ്ങാം എന്ന് ഓര്‍ത്ത് കിടക്കവെ, മോളുടെ ശാന്തമായ, താളാത്മവുമായ, സാന്ദ്രമായ ശ്വസഗതി അന്തപ്പന്‍ കേട്ടു. അന്തപ്പന് ആശ്വാസമായി. മോള്‍ സുഷ്പതിയുടെ ആശ്വാസത്തില്‍ ലയിക്കയാണ്.
അന്തപ്പന്‍ ശബ്ദം ഉണ്ടാക്കാതെ എണീറ്റ്, മോളെ ഭംഗിയായി പുതപ്പിച്ച് സ്വീകരണമുറിയിലേക്ക് കടന്നു.
ശൂന്യമായി കിടന്നിരുന്ന പുസ്തക അലമാരകള്‍ അപ്പോള്‍ ഉച്ചത്തില്‍ വിലപിക്കുന്നതായി അന്തപ്പന് തോന്നി. അവയുടെ വിലാപത്തിനിടെ സൂസിക്കുട്ടിയുടെ ഉച്ചത്തിലുള്ള ആജ്ഞാശബ്ദം മുഴങ്ങി.
''ഇനി ഈ വക പുസ്തകങ്ങളൊന്നും ഇവിടെക്ക് വലിച്ചു കേറ്റി കൊണ്ടുവരരുത്.''
അതുകേട്ട് അന്തപ്പന്‍ നെഞ്ചകം തടവി. കുടത്തില്‍ അകപ്പെട്ട ഭൂതം ഉച്ചത്തല്‍ ഗര്‍ജ്ജിക്കാന്‍ തുടങ്ങി. എന്തെന്നില്ലാത്ത പാരവശ്യത്തോടെ അന്തപ്പന്‍ പതിവിന് വിപരീതമായി മദ്യസേവ തുടങ്ങി. ഒറ്റയ്ക്കിരുന്നുള്ള ആ സേവ പതിവില്ലാത്തതാണ്. എത്ര പെഗാണ് അകത്താക്കിയത് എന്ന് അന്തപ്പന് ഓര്‍മ്മ ഉണ്ടായിരുന്നില്ല. പക്ഷേ ഒന്നറിഞ്ഞു.  ചങ്ങല കെട്ടുകളില്‍ ബന്ധിതനായ Dependant എന്ന ഭൂതം മദ്യം നല്കിയ ഊര്‍ജ്ജത്തില്‍ ചങ്ങല കെട്ടുകള്‍ പെട്ടച്ചെറിഞ്ഞ് പുറത്ത് ചാടിയത്.
ആ സമയം തന്നെ ആജ്ഞ വിജ്ഞാപനങ്ങളുമായി സൂസിക്കുട്ടി അന്തപ്പന്‍ മുന്നില്‍ അവതരിച്ചു. കുടത്തില്‍നിന്ന്ന്‍പ്പുറത്ത് ചാടി ഭൂതത്താല്‍ ആവേശിതനായ അന്തപ്പന്‍ നിന്ന് മുഷ്ടി ചുരുട്ടി മേശയില്‍ ആഞ്ഞടിച്ച് ഗര്‍ജ്ജിച്ചു. ''ഇനി നീയൊരക്ഷരം മിണ്ടരുത്. മിണ്ടിയാല്‍ കൊന്നു കളയും.''
''എന്നാല്‍ താന്‍ എന്നെ കൊല്ലടൊ'' ആക്രോശങ്ങളോടെ സൂസിയെ അന്തപ്പനെ നേരിട്ടു. ഭീഷണികേട്ട സൂസി അന്തപ്പനെ താക്കീത് ചെയ്തു. താന്‍ അധികം നെഗളിക്കണ്ട. താനൊരു Dependant ആണെന്ന് മറക്കണ്ട. ഹോം ഓഫീസലേക്ക് ഞാന്‍ ഒരു ലെറ്റര്‍ അയച്ചാല്‍ മതി. പിറ്റെദിവസം തന്നെ തന്നെ കെട്ട് കെട്ടിക്കും.
ഭൂതാവേശിതനായ അന്തപ്പന്‍ മുഷ്ടിച്ചുരുട്ടി ആ ഭീഷണിയെ നേരിട്ടു. പറുവറാത്ത സൂസിയെ  അടിക്കുകയും ഇടിക്കുകയും ചെയ്തു.
സ്വതന്ത്രനായ ഭൂതം പിന്നെയും ഗര്‍ജ്ജിച്ചുകൊണ്ടിരുന്നു. ഭൂതത്തെ തളക്കാന്‍ 999 എന്ന മന്ത്രം സൂസിക്കുട്ടി ജപിച്ചത് പാവം അന്തപ്പന്‍ അറിഞ്ഞില്ല. സൂസിക്കുട്ടിയുടെ മന്ത്രോദ്ധാരണങ്ങള്‍ ആഗതരായ നിയമപാലകര്‍ അന്തപ്പനെ പൊക്കി.
വിവരം അറിഞ്ഞ് രാവിലെ തന്നെ പോലീസ് സ്റ്റേഷനിലെത്തിയ ഞാന്‍ കണ്ടത് ഒരു വിലാപഗാനമായി മാറിയ അന്തപ്പനെയായിരുന്നു. എന്നെ കണ്ടതും അന്തപ്പന്‍ പൊട്ടിക്കരഞ്ഞു. കരച്ചിലിനിടെയാണ് അന്തപ്പന്‍ അത് പറഞ്ഞു. തനിക്ക് മകളെ ഉടനെ കാണണമെന്നും, മകളുടെ ഇരുകവിളുകളിലും മുത്തം നല്കി; ഈ ലോകത്തോടെ യാത്ര പറയാന്‍ അവസാനമായി  തേങ്ങുകയാണെന്നും അന്തസ്സോടെ മരിക്കാന്‍ ഞാന്‍ സഹായിക്കണമെന്നുമായിരുന്നു ആവിശ്യം.
മരിക്കാന്‍ ആവിശ്യം വേണം എല്ലാ സഹായസഹകരണം അന്തപ്പന് നല്‍കാമെന്ന് സന്തോഷത്തോടെ ഞാന്‍ വാഗ്ദാനം ചെയ്തു.
എന്റെ കാറിലായിരുന്ന അവന്റെ വീട്ടിലോട്ട് പോയ്‌ക്കൊണ്ടിരുന്നത്. ഇടയ്ക്കിടടെ അവന്‍ പുലമ്പികൊണ്ടിരുന്നു, എനിക്ക് ഇനി ചത്താല്‍ മതിയടൊ, ചത്താ മതി, ഇല്ല ഞാന്‍ ഇനി ജീവിച്ചിരിക്കില്ല, എന്റെ മോള്‍......ഈശ്വരാ.....
തനിക്ക് എന്നെ ഒന്നു കൊന്നു തരാമോടെ, അന്തപ്പന്‍ നിസ്സഹായതയോടെ എന്നോട് അപേക്ഷിച്ചു. 
പറഞ്ഞ്പറഞ്ഞ് എനിക്ക് അന്തപ്പനെ കൊല്ലേണ്ടിവരുമോ എന്ന് ഒരു ഞെട്ടലേടോ ഞാന്‍ ഓര്‍ത്തുപോയി. പണ്ട് ആനിക്കുട്ടിയുടെ മുന്നില്‍ ആള്‍ ആവാന്‍ വേണ്ടി ഒരു തേവി പാമ്പനെ കൊല്ലാന്‍ ശ്രമിച്ചതാണ്. വിറച്ചു, വിറച്ചുള്ള എന്റെ അടിയേറ്റ് പാമ്പ് നിസ്സഹായതയോടെ പുളഞ്ഞതല്ലാതെ ചത്തില്ല. അതുകണ്ട് അസഹ്യതയോടെ ആനിക്കുട്ടി എന്റെ കൈയില്‍ നിന്ന് വടി വാങ്ങി ഒറ്റ അടിക്ക് ആ പാമ്പിനെ കൊന്നു. അന്ന് ആനിക്കുട്ടി എന്നോട് ആജ്ഞാപിച്ചതാണ് ഒരു ജീവിയെയും കൊല്ലാകൊല്ല ചെയ്യരുത്; കൊല്ലാന്‍ ശ്രമിച്ചാല്‍ ഒറ്റയടിക്ക് കൊല്ലണം.
പക്ഷേ കൊല്ലാക്കൊല ചെയ്യുന്നത് എന്റെ ജീവിതചര്യയായി മറി. എന്റെ തോന്ന്യാവാസങ്ങളില്‍ മനംനൊന്ത് അമ്മ പറയും എന്നെ ഇങ്ങനെ കൊല്ലാകൊല ചെയ്യുന്നതിലും നല്ലത് ഒന്നു കൊന്ന തന്നൂടെ!! വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ കണ്ണീരോട് ഭാര്യയും ചെവിയില്‍ മന്ത്രിക്കാന്‍ തുടങ്ങി ''ഇങ്ങനെ കൊല്ലാക്കൊല ചെയ്യുന്നതിലും നല്ലത് ഒന്നു കൊന്ന തന്നൂടെ.''
ഇപ്പോള്‍ ഇതാ എന്റെ പ്രിയ ചങ്ങാതിയും എന്നോട് ആവശ്യപ്പെടുന്നൂ അവനെ ഒന്ന് കൊന്ന് കൊടുക്കാന്‍, എന്നിലെ ആരാച്ചാരെ പ്രിയം ഉള്ളവര്‍ വേഗം തിരിച്ചറിയുന്നു!!
ഞാന്‍ അറിയാതെ നെടുവീര്‍പ്പ് ഉതിര്‍ത്ത് പോയി.  അന്തപ്പന്റെ വീട്ടില്‍ അവന്റെ ഭാര്യ സൂസിയും ഇപ്പോള്‍ ഉണ്ടാവുമല്ലോ. എന്ന് ഓര്‍ത്തപ്പോള്‍ അറിയാതെ ഞെട്ടിപ്പോയി. കാറ് പെട്ടെന്ന് റോഡില്‍ പാളിച്ചത് കൊണ്ടാവും അന്തപ്പന്‍ എന്നേ ശരിയ്ക്ക് നോക്കി. അവന്‍ അലറി ''താന്‍ എന്താടെ എസ്തപ്പാ വിറക്കുന്നത്. അവള്‍ വീട്ടില്‍ ഉള്ളത് ഓര്‍ത്തിട്ടാണോ? അവളെ ഞാന്‍ കൊല്ലാന്‍ പോവുകയാണ്. അവളെയും കൊന്ന് ഞാന്‍ അതു സത്യം ചെയ്യും!!
മതിയടെ മതി എനിക്ക് ഈ ജീവിതം മതിയായി. അവന്‍ ഉച്ചത്തില്‍ വിലപിക്കും സ്വയം ശപിക്കുകയും ചെയ്തുകൊണ്ടിരുന്നു.
ഇന്നലെ വരെ അന്തപ്പന്‍ എന്റെ മനസ്സില്‍ ഒരു സിംഹം ആയിരുന്നു. ഇപ്പോള്‍ നനഞ്ഞ കുതിര്‍ത്ത ഒരു പൂച്ച കുട്ടിയെ പോലെ മോങ്ങുന്നത് കാണുമ്പോള്‍....എനിക്ക് ഉറക്കെ പ്രഖ്യാപിക്കണമെന്ന് തോന്നി. ''അഖില യു. കെ. മലയാളി Dependant വരെ നിങ്ങള്‍ സംഘടിക്കുവിന്‍ നിങ്ങള്‍ക്ക് നഷ്ടപ്പെടുവാനുള്ളത് വെറും ഈ ജീവിതം മാത്രം!!
വാതില്‍ തുറന്നത് സൂസിക്കുട്ടിയായിരുന്നു. ഞാനാ മുഖത്ത് നോക്കാതിരിക്കാന്‍ ആഗ്രഹിച്ചെങ്കിലും അറിയാതെ നോക്കി പോയി. ഞങ്ങളെ ജീവനോടെ  ദഹിപ്പിക്കാനുള്ള കോപാഗ്നി അവളുടെ കണ്ണുകളില്‍ തിളങ്ങി. പിന്‍തിരിഞ്ഞ് ഓടാന്‍ പറ്റാത്ത സാഹചര്യം ആയതുകൊണ്ട് ധീരതയോടെ മുന്നോട്ട് നീങ്ങി. വരാന്‍ പോകുന്ന കൊടുംകാറ്റിന് സാക്ഷിയാകേണ്ട എന്ന് തോന്നിയതുകൊണ്ടാവും മോളെ തന്ത്രപൂര്‍വ്വം സൂസിക്കുട്ടി സ്‌കൂളിയില്‍ പറഞ്ഞയച്ചിരുന്നു.
മോളെ കാണാന്‍ പറ്റാത്തതിലുള്ള നിരാശയില്‍ ഡൈനിങ്ങ് ടേബിളിനരിലുള്ള കസേരയില്‍ അന്തപ്പന്‍ തളര്‍ന്നിരുന്നു. പിന്നെ എന്തോ ഉദ്ദേശ്യത്തോടെ എണീറ്റ് കുക്കര്‍ കഴുകുന്നതും കണ്ട്, അവന്റെ കരങ്ങള്‍ വിറയ്ക്കുന്നുണ്ടായിരുന്നു. എന്തോ പാചകം ചെയ്യാനുള്ള പുറപ്പാട് ആണ്. ഞാന്‍ അവനെ തടഞ്ഞു.
''കൂട്ടുകാരാ, നിനക്ക് എന്താണ് വേണ്ടത്?'' തളര്‍ച്ചയോടെ അവന്‍ പുലമ്പി.....എനിക്ക് എനിക്ക് അല്പം കഞ്ഞി കുടിക്കണം.
ചില സമയങ്ങളില്‍ നമുക്ക് ഉണ്ടാവുന്ന അനാദൃശ്യമായ ഉള്‍ക്കാഴ്ചയാലും പ്രവര്‍ത്തനക്ഷമതയാലും പ്രചോദിതരായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നപോലെ, ഞാന്‍ നിമിഷാര്‍ദ്ധങ്ങള്‍ക്കും കഞ്ഞിയും, തൈരില്‍ ഇഞ്ചിയും, ഉള്ളിയും പാകത്തിന് ചേര്‍ത്ത് തയ്യാറാക്കിക്കൊടുത്തു. ആര്‍ത്തിയോടെ അവന്‍ അത് കഴിച്ചുകൊണ്ടിരിക്കുന്നതിനിടയ്ക്ക് എന്നെ നന്ദിയോടും കൃതജ്ഞതയോടും നോക്കി കൊണ്ടിരിക്കുന്നു. ഭക്ഷണം കഴിക്കുന്നതിനേക്കാള്‍ എത്ര ആനന്ദകരമാണ്, പ്രിയം ഉള്ളവര്‍ക്ക് ഭക്ഷണം ഉണ്ടാക്കിക്കൊടുക്കുന്നതും, അവര്‍ അത് രുചിയോട് ഭക്ഷിക്കുന്നത് കാണുന്നതും!!
ഈ സമയം ഒന്നും സൂസിക്കുട്ടി താഴെയ്ക്ക് വന്നില്ല. കഞ്ഞി കുടി കഴിഞ്ഞ് അന്തപ്പന്‍ ആശ്വാസത്തോടെ നെടുവീര്‍പ്പിട്ടു. അവന്റെ മുഖത്ത് ജീവിക്കാനുള്ള ആഗ്രഹം പൊട്ടിവിരുന്നതും മരിക്കാനുള്ള മോഹം അസ്തമിക്കുന്നതും ഞാന്‍ കണ്ടു. ആ സമയം അപ്രതീക്ഷിതമായി സൂസിക്കുട്ടി ഞങ്ങളുടെ മദ്ധ്യത്തില്‍ അവതരിപ്പിച്ചു!! ഉദിച്ചു ഉയരുന്ന സൂര്യനെപ്പോലെ അവരുടെ മുഖത്ത് വിളങ്ങുന്ന ആജ്ഞാശക്തി കണ്ടപ്പോള്‍ ഇരിപ്പിടത്തില്‍ നിന്ന് എണീറ്റ് നില്ക്കാന്‍ എനിക്ക് തോന്നി. അതൊരു തോന്നല്‍ മാത്രം ആയിരുന്നില്ല. ഞാന്‍ ഭവ്യതയോടെ എണീറ്റ് നിന്നു!! അവര്‍ വീണ്ടും മന്ത്രം ജപിച്ചു പോലീസിനെ കൊണ്ട് എന്നെ പിടിപ്പിക്കുമെന്ന് ഞാന്‍ അകാരണമായി ഭയപ്പെട്ടു. എങ്കിലും കരങ്ങള്‍ കൂപ്പി ഒരു മാപ്പു സാക്ഷിയേ പോലെ നില്ക്കാനുള്ള എന്റെ ആവേശങ്ങളെ ഞാന്‍ ധീരമായി ചെറുത്ത് എന്റെ ഇരുകരങ്ങളും പാന്റ്‌സിന്റെ പോക്കറ്റിനുള്ളിലാക്കി!! (അപ്പോള്‍ ഞാന്‍ പ്രദര്‍ശിപ്പിച്ച എന്റെ അസാമാന്യ ധീരതയെ ഓര്‍ത്ത് ഞാന്‍ എന്നെ തന്നെ പലപ്പോഴും അഭിനന്ദിച്ചിട്ടുണ്ട്).
പക്ഷേ എന്നെ അമ്പരപ്പിച്ചത് അന്തപ്പന്റെ പ്രകടനമായിരുന്നു. അന്തപ്പന്‍ എണീറ്റ് സര്‍വ്വതും മാപ്പാകണേ എന്ന് ഉച്ചത്തില്‍ വിളിച്ച് പറഞ്ഞ് കൊണ്ട് സൂസിക്കുട്ടിയുടെ കാല്‍ക്കല്‍ വീണു. അപ്പോള്‍ സൂസിക്കുട്ടി, കരങ്ങള്‍ ഉയര്‍ത്തി മിഴികള്‍ ഉന്നതങ്ങളിലേക്ക് നയിച്ച് സര്‍വ്വശക്തനായ ദൈവത്തിന് നന്ദി പറഞ്ഞു. വീണ്ടും പോലീസ് വരില്ലാന്നാ സന്തോഷത്തില്‍ ഞാന്‍ നെറ്റിയില്‍ കുരിശ് വരയ്ക്കുകയും ദൈവത്തിന് കൃതജ്ഞത അര്‍പ്പിക്കുകയും ചെയ്തു.
പെട്ടെന്ന് സൂസിക്കുട്ടി അഗ്നി പറക്കുന്ന മിഴികള്‍ എന്റെ നേരെ തിരിച്ച്, കോപത്തോടെ കൈവിരല്‍ ചൂണ്ടി അലറി.
''മഹാപാപികളെ, അന്തപ്പനെ പോലെ പശ്ചാതപിച്ച് മാനസാന്തരപ്പെടുവിന്‍!!
(തുടരും)    

കര്‍ണ്ണന്‍

കര്‍ണ്ണന്‍, കഠിനപരിശ്രമിയും, ധീരനും, ഉദാരമതിയുമായ ഈ ഇതിഹാസനായകനെ നിര്‍ഭാഗ്യം ഒരു നിഴല്‍ പോലെ ജനനംമുതല്‍ മരണം വരെ പിന്‍തുടരുകയായിരുന്നു. ഒരു നിയോഗം പോലെ തന്നെ പിടികൂടിയ വിധി വൈരുദ്ധ്യങ്ങളുടെ ചങ്ങല കെട്ടുകളില്‍ നിന്ന് കുതറിമാറാനുള്ള തീവ്രശ്രമങ്ങളെല്ലാം ഫലം കാണാതെ പോവുകയാണ് ഉണ്ടായത്. എല്ലാവിധ സദ്ഗുണങ്ങളും, ധീരനും, തീവ്രപരിശ്രമിയും ആയിരുന്നിട്ടും പരാജയത്തിന്റെ പാനപാത്രം ഭുജിച്ചാണ് മരണം വരിച്ചത്!!

ജന്മംനല്‍കിയ മാതാവാ കുന്തിയാല്‍ പരിത്യക്തനായ കര്‍ണ്ണനെ എടുത്ത് വളര്‍ത്തിയത്, ധൃതരാഷ്ട്രമഹാരാജാവിന്റെ കുതിരാലയത്തിലെ സേവകനായിരുന്ന അതിരഥനും ഭാര്യ ഉഷയും ആയിരുന്നു. ജന്മനാ തന്നെ കാതിലെ കര്‍ണ്ണകണ്ഠാലങ്ങളും ഉള്ളതുകൊണ്ട് കര്‍ണ്ണന്‍ എന്നാണ് വിളിച്ചിരുന്നത്.

അതിരഥന്‍ സ്വന്തം മകനെ പോലെയാണ് കര്‍ണ്ണനെ വളര്‍ത്തിയത്. മുഖത്ത് വിളയാടിയിരുന്ന സൂര്യതേജസ്സ് കര്‍ണ്ണന്‍ ഉന്നതകുലജാതനാണെന്ന് വിളിച്ചോതുന്നതായിരുന്നെങ്കിലും, ഒരു സാധാരണ സുധപുത്രനെ പോലെയായിരുന്നു കര്‍ണ്ണന്‍ വളര്‍ന്നത്. എന്നാല്‍ വളര്‍ത്തച്ഛന്‍ അതിരഥന്റെ പാതകളെ പിന്തുടരാതെ ധീരനായ പോരാളിയായിത്തീരണമെന്ന രക്തത്തിലലിഞ്ഞ് ചേര്‍ന്ന തീവ്രാഗ്രഹത്താല്‍ ആയുധ പരിശീലനത്തിനായി ദ്രോണാചാര്യരെ സമീപിച്ചു.

ഒരു സുധപുത്രന് കായികാദ്ധ്യാസം നേടാനുള്ള അര്‍ഹതയില്ലെന്ന് പറഞ്ഞ് ദ്രോണാചാര്യര്‍ കര്‍ണ്ണന്റെ ആവശ്യം നിരസിക്കുകയാണ് ഉണ്ടായത്. ആ നീരസത്തില്‍ പിന്‍തിരിയാതെ നിശ്ചയദാര്‍ഡ്യത്തോട് കൂടി സൂര്യഭഗവാനെ ഗുരുവായി വരിച്ച് കര്‍ണ്ണന്‍ കായികാഭ്യാസം തുടങ്ങി. ഉച്ചസമയം സൂര്യഭഗവാനെ വണങ്ങി പൂജാദികര്‍മ്മങ്ങള്‍ അനുഷ്ഠിച്ച്, ആയുധാഭ്യാസ പരിശീലനമായിരുന്നു കര്‍ണ്ണന്റെ മുഖ്യദിനചര്യ. നിരന്തരമായുള്ള അക്ഷീണ പരിശ്രമം കൊണ്ട് കര്‍ണ്ണന്‍ ആയുധകലയില്‍ അസാമാന്യ പ്രാവീണ്യം നേടി.
ദിവ്യാസ്ത്രങ്ങളുടെ പ്രയോഗത്തില്‍ കുടുതല്‍ അവഗാഹനം നേടുന്നതിനായി കര്‍ണ്ണന്‍, ബ്രാഹ്മണഗുരുവായ പരശുരാമനെ സമീപിച്ച് ബ്രാഹ്മണയുവാവിന്റെ വേഷത്തിലായിരുന്നു. ഗുരുസന്നിധിയില്‍ എത്തിയത്. കര്‍ണ്ണന്റെ അര്‍പ്പണബോധത്തോടെയുള്ള ആത്മാര്‍ത്ഥശ്രമങ്ങളില്‍ സംപ്രീതനായ, ഗുരു ദിവ്യാസ്ത്രപ്രയോഗരഹസ്യങ്ങള്‍ പറഞ്ഞുകൊടുത്തു. വേഷം മാറി കര്‍ണ്ണന്‍ തന്നെ കബളിപ്പിക്കുകയായിരുന്നു, എന്ന് പിന്നീട് മനസ്സിലാക്കിയ പരശുരാമന്‍ കര്‍ണ്ണനെ ശപിച്ചു. യുദ്ധത്തിന്റെ നിര്‍ണ്ണായ ഘട്ടത്തില്‍ രഥചക്രങ്ങള്‍ പൂഴിയില്‍ അമര്‍ന്നുപോകട്ടെ എന്നുള്ളതായിരുന്നു ആ ശാപം!!
ശാപഗ്രസ്ഥനായ കര്‍ണ്ണന്‍ അങ്ങേയറ്റം ഖിന്നചിത്തനായാണ് വീട്ടില്‍ തിരിച്ചെത്തിയത് എങ്കിലും ഉള്ളില്‍ നിറഞ്ഞു തുളുമ്പുന്ന ഉല്‍ക്കര്‍ഷേച്ഛയാല്‍ പ്രചോദിതനായി കര്‍ണ്ണന്‍ ഹസ്തിനപുരത്തെത്തി.
ആ അവസരത്തില്‍ പാണ്ഡവതരുടെയും കൗരവരുടെയും ഗുരുവായ ദ്രോണാചാര്യര്‍, രാജകുമാരന്മാരുടെ ആയുധാഭ്യാസ പാടവം പ്രകടിപ്പിക്കുന്നതിനായി വേദി ഒരുത്തി. രാജകുടുംബാംഗങ്ങളൊടൊപ്പം പൊതുജനങ്ങളും പങ്കെടുത്ത അഭ്യാസപ്രകടനം.അര്‍ജ്ജൂനന്റെ അസ്ത്രപ്രയോഗത്തിലുള്ള മികവ് കണ്ട് സദസ്സ് ഒന്നടങ്കം ആശ്ചര്യത്തോടെ സ്തംഭിതരായി. പാണ്ഡവസംഘത്തെ ഇത് വളരെയധികം സന്തുഷ്ടരാക്കി എങ്കിലും, കൗരവസംഘത്തിന്, അര്‍ജ്ജൂനന്റെ ചോദ്യം ചെയ്യപ്പെടാത്ത മികവില്‍ അതികഠിനമായ അസൂയയും വിദ്വേഷവും തോന്നി.

ഈ സന്ദര്‍ഭത്തില്‍ മുഖത്ത് ഉദയസൂര്യന്റെ പ്രഭയോട് കൂടി കര്‍ണ്ണന്‍ രംഗത്ത് വരികയും, അര്‍ജ്ജൂനന്‍ ചെയ്ത അഭ്യാസമുറകളെല്ലാം ഒരു മന്ദഹാസത്തോടെ, ലാഘവത്തോടെ ഒന്നൊന്നായി ചെയ്യുകയും ചെയ്തു. കര്‍ണ്ണന്റെ ഈ അപ്രതീക്ഷിതമായ അസാമാന്യപ്രകടനത്തില്‍ പാണ്ഡവര്‍ മ്ലാനചിത്തരാവുകയും ദുര്യോധനാല്‍ അടക്കമുള്ള കൗരവസംഘത്തില്‍ ആവേശാരവങ്ങള്‍ ഉളവാക്കുകയും ചെയ്തു. കൗവരസംഘത്തിന്റെ ആഹ്ലാദരവങ്ങളില്‍ പ്രചോദിതനായ കര്‍ണ്ണനെ അര്‍ജ്ജുനനമായി മത്സരത്തില്‍ തയ്യാറാവുകയും ചെയ്തു, അന്ന് നിലനിന്ന സമ്പ്രദായം അനുസരിച്ച് രാജവംശത്തില്‍ ജനിച്ചവര്‍ക്ക് മാത്രമേ രാജകുമാരന്മാരുമായി മത്സരിക്കാനാവുകയുള്ളൂ അര്‍ജ്ജൂനന്‍ കുരുവംശ പാരമ്പര്യമുള്ളവനായിരുന്നു. എന്ന് കര്‍ണ്ണന്റെ ഗോത്രം ഏത്, ഏത് രാജവംശത്തിലെ കുമാരനാണ് എന്നുള്ള കൃപാചാര്യരുടെ ചോദ്യത്തിന് മുമ്പില്‍ കര്‍ണ്ണന്‍ പതറിപ്പോയി. കൃപാചാര്യരുടെ ഇത്തരം ചോദ്യം ചെയ്യലില്‍ ക്ഷുഭിതനായ ദുര്യോധനന്‍ ഉടനെതന്നെ തന്റെ അധീനതയിലുള്ള അംഗരാജ്യത്തെ രാജാവാക്കി കര്‍ണ്ണനെ വാഴിച്ചു. അങ്ങേയറ്റം താന്‍ അപമാനിക്കപ്പെട്ട അവസരത്തില്‍ തന്നെ രാജാവായി വാഴിച്ച ദുര്യോധനനോട് ഹൃദയം നിറഞ്ഞ കൃതജ്ഞതയോടെ, ഈ ഉപകാരത്തിന് എന്ത് പ്രത്യുപകരമാണ് താന്‍ ചെയ്യേണ്ടത് എന്ന് കര്‍ണ്ണന്‍ ചോദിച്ചു.

കര്‍ണ്ണന്റെ സ്‌നേഹസൗഹൃദം മാത്രം താന്‍ ആഗ്രഹിക്കുന്നുള്ളൂ എന്ന് ദുര്യോധനന്‍ മറുപടി നല്‍കി. ഈ അവസരത്തില്‍ ജനങ്ങളില്‍ നിന്ന് ഉയരുന്ന ആരവങ്ങള്‍ ശ്രവിച്ച്, തന്റെ മകന്‍ കര്‍ണ്ണന് എന്തോ ആപത്ത് സംഭവിച്ചു എന്നുള്ള ചിന്തയാല്‍ വൃദ്ധനായ അതിരഥന്‍ പതറുന്ന കാല്‍വയ്പുകളോടെ, കുതിരകളെ മേയുന്ന ദണ്ഡം കുത്തി പിടിച്ച് കര്‍ണ്ണനരികിലെത്തി. അംഗരാജ്യത്തിലെ കര്‍ണ്ണന്റെ ആയുധപാടവത്തില്‍ ദുര്യോധനന്‍ അഭിമാനിച്ചിരുന്നു, അഹങ്കരിച്ചിരുന്നു. കര്‍ണ്ണന്‍ തന്നോടൊപ്പം ഉള്ള കാലത്തോളം ഒരു ശക്തിക്കും തന്നെ പരാജയപ്പെടുത്താന്‍ കഴിയില്ലെന്ന് ദുര്യോധനന്‍ ഉറച്ചവിശ്വസിച്ചു. അതുകൊണ്ട് തന്നെ പാണ്ഡവരുമായി ഒരു തരത്തിലുമുള്ള വീട്ടുവീഴ്ചയ്ക്ക് ദുര്യോധനന്‍ തയ്യാറായില്ല.
കാലം അതിന്റെ കറുത്ത കരം കൊണ്ട് വിചിത്രമായ ചായകൂട്ടുകളോടെ, മര്‍തൃഹൃദയത്തില്‍ ഭീഭത്സങ്ങളായ ചിത്രങ്ങള്‍ വരച്ചപ്പോള്‍ യുദ്ധം അനിവാര്യമായി. കര്‍ണ്ണന്റെ ശരീരത്തോട് ചേര്‍ന്നുള്ള കവചവും കര്‍ണ്ണ കുണ്ഠലങ്ങളും ഉള്ളിടത്തോളം കാലം കര്‍ണ്ണനെ ഒരു യുദ്ധത്തിലും പരാജയപ്പെടുത്താന്‍ സാധിക്കില്ല എന്ന് മാത്രമല്ല, കര്‍ണ്ണന്‍ അര്‍ജ്ജൂനനെ വധിക്കുമെന്ന് ഭയപ്പെട്ട അര്‍ജ്ജൂനന്റെ പിതാവ് ഇന്ദ്രദേവന്‍, കര്‍ണ്ണന്റെ ഉദാരശീലത്തെ മുതലെടുത്ത് കവചവും, കര്‍ണ്ണകുണ്ഡലങ്ങളും കൈക്കലാക്കാന്‍ ദാനശീലത്തെ പുറപ്പെട്ടു. ഈ തന്ത്രം മനസ്സിലാക്കി കര്‍ണ്ണന്റെ പിതാവ് സൂര്യഭഗവാന്‍ കര്‍ണ്ണന് മുന്നറിപ്പ് നല്‍കി.

ബ്രാഹ്മണവേഷത്തിലെത്തി ഭിക്ഷ യാചിക്കാന്‍ വരുന്നത് ഇന്ദ്രദേവനാണെന്നുള്ള കവചവും, കര്‍ണ്ണ കുണ്ഡലങ്ങളും ദാനം ചെയ്യരുത് എന്നുള്ളതായിരുന്നു സ്വപ്‌നത്തിലൂടെയുള്ള മുന്നറിയിപ്പ്.
ഏത് തന്ത്ര മന്ത്രങ്ങളിലൂടെയും വിജയാഹ്ലാദങ്ങളുടെ കൊടുംമുടിയില്‍ എത്തിചേരണമെന്ന് ചിന്തിച്ച് പ്രവര്‍ത്തിക്കുന്ന കുടിലമനുഷ്യരുടെ മുന്നില്‍, സ്വയം പരിക്തനാകുന്നതിലൂടെ ബോധപൂര്‍വ്വം പരാജയം ഏറ്റുവാങ്ങുന്നതിലൂടെ, മര്‍ത്യനിലെ നിത്യാംഗത്തെ പൂല്‍കാം എന്ന് കര്‍ണ്ണന്‍ സ്വന്തം പ്രവര്‍ത്തിയിലൂടെ കാണിച്ചു. സ്വന്ത ശരീരത്തില്‍ നിന്ന് കവചവും കര്‍ണ്ണകുണ്ഡലങ്ങളും തരാമെന്ന് ബ്രാഹ്മണവേഷത്തിലെത്തിയ ഇന്ദ്രന് ദാനം ചെയ്യുമ്പോള്‍ കര്‍ണ്ണന്‍ അതു പറഞ്ഞു. നിങ്ങളാരാണെന്നും എന്തു ഉദ്ദേശത്തിലാണ് കര്‍ണ്ണകുണ്ഡലങ്ങളും കവചവുമായി ആവശ്യപ്പെട്ടതെന്ന് അറിയാമെന്നും കര്‍ണ്ണന്‍ പറഞ്ഞു. താന്‍ മരണത്തെ, പരാജയപ്പെടുന്നില്ലെന്നും, നന്മ ചെയ്യുവാന്‍ ആഗ്രഹിക്കുന്നവനെ ഇന്ദ്രദേവനെ അറിയിച്ചു. അങ്ങേയറ്റം ഇളിഭ്യനായ ഇന്ദ്രദേവന്‍ കര്‍ണ്ണന് മംഗളങ്ങളും നേര്‍ന്ന് അനുഗ്രഹിക്കുകയും, 'വസവിശക്തി' എന്ന ദിവ്യാസ്ത്രം നല്കുകയും ചെയ്തു ആ ദിവ്യാസ്ത്രം ഒരിക്കല്‍ മാത്രം ഉപയോഗിക്കാന്‍ പറ്റുള്ളൂ എന്ന് കര്‍ണ്ണനെ ഓര്‍മ്മിപ്പിക്കുകയും ചെയ്തു.

നാം ഈ ജീവിതത്തില്‍ എന്ത് നേടുന്നു എന്നതിലും പ്രധാനം, ഏത് മനോഭാവത്തോടെ ജീവിതത്തെ സമീപിക്കുന്നു എന്നുള്ളതാണ്. കര്‍ണ്ണനെപ്പോലെ ആ സാമാന്യ ധീരനായ ഒരുവന് മാത്രമേ, മറ്റൊരുവന്റെ സന്തോഷത്തിനായി, സൗഭാഗ്യത്തിനായി, സ്വന്തം ജീവിത സൗഭാഗ്യങ്ങള്‍ ദാനം ചെയ്യുവാനാവുകയുള്ളൂ.
കര്‍ണ്ണന്‍ കൈവരിച്ച വിജയത്തില്‍ ഏറ്റവും മഹത്തരവും മഹനീയവും മായവിജയം ഇന്ദ്രന്റെ മുമ്പില്‍ സ്വയം പരിത്യാഗത്തിലൂടെ നേടി എടുത്ത വിജയമാണ്!!
(കര്‍ണ്ണന്‍ രണ്ടാം ഭാഗം അടുത്ത ലക്കത്തില്‍)   

ഒളിമ്പിക്‌സ്

ഒളിമ്പിക്‌സ് ഒരു പരാജിതന്റെ ക്ഷമിക്കണം ഒരു ദാര്‍ശിനികന്റെവീക്ഷണത്തില്‍!! സ്‌നേഹസൗഹാര്‍ദങ്ങളോടെയുള്ള ലോകരാഷ്ട്രങ്ങളുടെ പങ്കാളിത്തമാണ് ഒളിമ്പിക്‌സ് നല്കുന്ന മഹനീയ സന്ദേശം.
വിജയപരാജയങ്ങള്‍ കേവലം ആപേക്ഷികമാണ്! അവ ബോധമണ്ഡലത്തില്‍ അലയടിക്കുന്ന താല്ക്കാലികമമായ ഒരു മിഥ്യാഭ്രമമാണ്! ഒളിമ്പിക്‌സില്‍ ഇന്ത്യ പങ്കെടുത്തു എന്നുള്ളതാണ് പ്രധാന കാര്യം. (അഭിമാനിക്കാം എന്ന പദം ഉപയോഗിക്കരുത്. അതില്‍ ഒരു തരം സഹജീവികളോടു അവഗണനയില്‍ കുതിര്‍ന്ന ആക്രമനോത്സുകത ഇല്ലേ?)

ലണ്ടനില്‍ ഈ കഴിഞ്ഞ 30-ാമത് ഒളിമ്പിക്‌സില്‍ 204 ലോക രാഷ്ട്രങ്ങള്‍ പങ്കെടുത്തു. ലോകജനസംഖ്യയില്‍ രണ്ടാം സ്ഥാനക്കാരായ ഇന്ത്യ 6 മെഡലുകളോടെ 55-ാമത് സ്ഥാനത്തേയ്ക്ക് തഴയപ്പെട്ടതില്‍ നിരാശരാകാതെ അല്പം ദാര്‍ശിനിക അവബോധത്തോടെ ഈ കഴിഞ്ഞ ഒളിമ്പിക്‌സിനെ വില ഇരുത്തേണ്ടിയിരിക്കുന്നു. അല്ലെങ്കില്‍ തന്നെ നാം എന്തിന് നിരാശരാകാണം? ഇന്ത്യക്ക് 2 വെള്ളിയും നാല് വെങ്കലവും നേടി മൊത്തം ആറു മെഡലുകളാണ് ഇന്ത്യ നേടിയത്! ബയ്ജിങ് നേടിയ മെഡല്‍ നിലകളുമായ താരതമ്യം ചെയ്യുമ്പോള്‍ ഇരട്ടി മെഡലുകള്‍! എന്നു പറഞ്ഞാല്‍ 100% വളര്‍ച്ചാനിരക്ക്! ആ മഹത്തരമായ നോട്ടത്തില്‍ ഇന്ത്യക്ക് തെല്ലും അഹങ്കാരമില്ല. ഭാരതീയ സംസ്‌ക്കാരത്തിന് അനുചിതമായ രീതിയില്‍ ആ മഹത്തരമായ നേട്ടത്തില്‍  അഭിമാനിക്കാതെ ഇന്ത്യ ലോക രാഷ്ട്രങ്ങളുടെ മുമ്പില്‍ വിനയാന്വിതരായി കൂപ്പുകരങ്ങളോടെ നിലകൊള്ളുന്നു. ഭാരതീയ സംസ്‌ക്കാരത്തിന്റെ അന്തസത്തയില്‍ ജീവിതം ഒരു മത്സരമല്ല. അതൊരു 'ലീലയാണ്' വെറുംകളി.
38 സ്വര്‍ണ്ണമെഡലുകള്‍ നേടാന്‍ ചൈനക്കാര്‍ എന്തെല്ലാം സഹിച്ചുവെന്ന്, ചൈനയുടെ ഇരുമ്പ് മറകള്‍ ഭേദിച്ചുകൊണ്ടുള്ള വാര്‍ത്തകള്‍ ലോകം മുഴുവന്‍ പ്രചരിക്കയാണ്. സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളിലൂടെ പ്രചരിച്ച വാര്‍ത്തകളും ദൃശ്യങ്ങളും, കണ്ട് ലോകജനത ഞെട്ടിത്തരിച്ചില്ലേ? ഹിറ്റ്‌ലറുടെ കാലത്ത് കോണ്‍സ്റ്റര്‍റേഷന്‍ ക്യാമ്പുകളില്‍ നടന്ന ക്രൂരപീഡനമുറകളെ ഓര്‍മ്മിപ്പിക്കുന്ന രീതിയിലുള്ള പീഡനകളിലൂടെയായിരിക്കുന്നു ചൈനീസ് മത്സരാര്‍ത്ഥികളുടെ പരിശീലനമുറകള്‍!
ഈത്തരം പീഡനമുറകള്‍ സഹിച്ചുകൊണ്ട് ആര്‍ക്കുവേണ്ടി ഈ സ്വര്‍ണ്ണവേട്ട? ലോകരാഷ്ട്രങ്ങളുടെ മുന്നില്‍ 'ബീംബിസ്' കാണിക്കാനുണ്ടോ? ആത്മവിശ്വാസം ഇല്ലാത്തവന്റെ പുകമുറകള്‍ സൃഷ്ടിച്ചുകൊണ്ടുള്ള, മേധാവിത്വം നേടാനുള്ള വെറും കസര്‍ത്തുകളെല്ലേ ഇവയെല്ലാം.

അവരുടെ വിപ്ലവാചാര്യന്‍ മാവോയെ മാത്രം പഠിച്ചാല്‍ പോരാ, പൗരാണികാചാര്യന്‍ 'കണ്‍ഫ്യുഷസ്'നെയും അവര്‍ ഉറക്കെ ഉറക്കെ വായിക്കേണ്ടിയിരിക്കുന്നു. മേധാവിത്വം നേടാനുള്ള ഓട്ടപന്തയം അല്ല ജീവിതം! ജീവിതം ഒരു ലീലയാണ്. വെറും കളിയാണത്!! ഹൃദയഭാവത്വങ്ങളുടെ സ്വഭാവികത നഷ്ടപ്പെടുത്തി ജീവിതത്തെ ഒരു രമഭൂമിയാക്കരുത്? 104 മെഡലുകള്‍ തേടി ഓവറോള്‍ ചാമ്പ്യന്‍മാരായ അമേരിക്കയുടെയും പിന്നാമ്പുറകള്‍ ആരും പറഞ്ഞില്ലെങ്കിലും ഇന്ത്യക്കാരായ നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. പരാജിതര്‍ എന്നും എവിടെയും ഊഹാപോഹങ്ങളില്‍ അദ്വിതരാണെന്നാണ് ചരിത്രം! മത്സരം തുടങ്ങുന്നതിന് മുമ്പ് ജമാക്കയുടെ മിന്നല്‍ ഓട്ടക്കാരന്‍ ഹുസൈന്‍ ബോള്‍ട്ടിന്റെ പ്രസ്താവന ഏറെ ശ്രദ്ധേയം.
''എനിക്ക് മുമ്പ് ഇതിഹാസങ്ങള്‍ രചിച്ചിട്ടുണ്ട്. ഇനിയും ഇതിഹാസങ്ങള്‍ എഴുതപ്പെടാം. എന്നാല്‍ ഈ വര്‍ത്തമാന കാലം എന്റേതാണ്. ഇവിടെ ഞാന്‍ ഇതിഹാസം രചിക്കും.''

തന്റെ പ്രസ്താവനയെ തികച്ചും അന്വര്‍ത്ഥമാക്കുന്ന ഇതിഹാസ വിജയം ആയിരുന്നു ബോള്‍ട്ട് നേടിയത്!! കൈകാലുകളിലെ മാംസപേശികള്‍ വിഭ്രമിപ്പിച്ചുകൊണ്ട് ഇതിഹാസ ലക്ഷ്യത്തിലേക്ക് കുതിക്കാന്‍ തയ്യാറെടുക്കുന്ന ബോള്‍ട്ടിനെ നമുക്ക് എങ്ങനെ വിസ്മരിക്കാനാകും? ഹുസൈന്‍ ബോള്‍ട്ട് നമ്മോട് പറയുന്നത് ഒന്നു മാത്രം.
'Keep in track. keep in track! എല്ലാ പ്രതിനിധികളേയും അതിജീവിച്ച് ലക്ഷ്യത്തിലേക്ക് കുതിക്കുക.
തന്നോടൊപ്പം ഭക്ഷിക്കയും പാനം ചെയ്യുക ചെയ്തവന്‍ തന്നെ ഒറ്റിയെടുക്ക എന്നറിഞ്ഞിട്ടും, തന്റെ അരുമശിഷന്‍ നിര്‍ണ്ണായക മുഹൂര്‍ത്തത്തില്‍ തള്ളിപ്പറയും എന്നറിഞ്ഞിട്ടും, തമ്മില്‍ അര്‍പ്പിതമായ ലക്ഷ്യത്തില്‍ നിന്ന് വ്യതിചലിക്കാതെ മുന്നേറിയ യേശുനാഥനെ ഈ അവസരത്തില്‍ ഓര്‍ത്തുപോകുന്നു.
ഈ കഴിഞ്ഞ ഒളിമ്പിക്‌സില്‍ എത്ര എത്ര ചരിത്രമുഹൂര്‍ത്തങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചത്.
31 ലോക റെക്കോര്‍ഡുകളാണ് ഈ കഴിഞ്ഞ ഒളിമ്പിക്‌സില്‍ പിറന്നത്. വിജയികളുടെ ആഹ്ലാദാരവങ്ങള്‍, ആഘോഷ തിമര്‍പ്പുകള്‍, പ്രത്യാശയുടെ പുഞ്ചിരികള്‍ വിലാപത്തില്‍ അവസാനിക്കുന്നത്, പരാജിതന്റെ കണ്ണീര്‍, വിലാപങ്ങള്‍, വിതുമ്പലുകള്‍ അങ്ങനെ എത്ര എത്ര ഭാവതലങ്ങള്‍ ഒളിമ്പിക്‌സ് സ്റ്റേഡിയത്തില്‍ വിരിയുകയും കൊഴിയുകയും ചെയ്തു!! ബിബിസി ആവര്‍ത്തിച്ചാവര്‍ത്തിച്ച് എടുത്തു കാണിച്ച ആ ദൃശ്യം വിജയപരാജയങ്ങളെക്കാള്‍ പ്രധാന്യം സൗഹൃദമാണെന്ന് നമ്മെ ഓര്‍മ്മിപ്പിച്ചു. 

3000 മീറ്റര്‍ സ്റ്റപ്പിള്‍ ചെയ്‌സില്‍ ജയിച്ച കെനിയായുടെ എസെകിയെന്‍ കൊബായിയെ ഫ്രാന്‍സിന്റെ രണ്ടാം സ്ഥാനം നേടിയ മഹിയെദിന്‍ തോളിലേറ്റി ആഹ്ലാദപ്രകടനം നടത്തുന്ന ദൃശ്യം!
മാനവ ഐക്യത്തിന്റെ സുവര്‍ണ്ണ സന്ദേശമാണ് അവിടെ തോളിലേറ്റപ്പെട്ടത്.
കൃത്രിമ അവയവുമായി പങ്കെടുത്ത ദക്ഷിണാഫ്രിക്കയുടെ ഓട്ടക്കാരന്‍ ഓസ്‌കര്‍ പിസ്റ്റേയസ് നമ്മെ ഓര്‍മ്മിപ്പിക്കുന്നത് വിധിയുടെ കരാളഹസ്തങ്ങളില്‍പ്പെട്ട് ഞെരിഞ്ഞമരാന്‍ അനുവദിക്കാത്ത മനുഷ്യന്റെ നിശ്ചയദാര്‍ഢ്യമാണ്.
വിധിയെ പഴിച്ച് തമസ്സിന്റെ താഴ്‌വാരങ്ങളില്‍ ആത്മനിന്ദയോടെ അഭയം തേടുന്നതിന് പകരം കര്‍മ്മനിരതയുടെ അനന്തവിഹായുസ്സിലേക്ക് പറന്നു ഉയരാന്‍ നമ്മെ പ്രചോദിപ്പിക്കുന്നു. ഉജ്ജ്വലപ്രകടനമായിരുന്നു ഓസ്‌കര്‍ പിസ്റ്റേയിന്റേത്.

ഈ ജീവിതത്തില്‍ നാം എന്ത് നേടുന്നു എന്നുള്ളത് അത്ര പ്രസക്തമല്ല, അവസാനയാത്രാമൊഴി, ഏകനായി, മൗനമായി ചൊല്ലുമ്പോള്‍ നേട്ടങ്ങള്‍ നമ്മോടൊപ്പം വരികില്ല. ജീവിതത്തോടുള്ള മനോഭാവമാണ് പ്രസക്തം.
ജീവിതം ഒരു കളിയാണ്. ലീലയാണ്. നമുക്ക് അത് ആസ്വദിക്കാം. ആരെയും വേദനിപ്പിക്കാതെ നമുക്കതില്‍ പങ്കാളിയാവാം. ഒളിമ്പിക്‌സില്‍ ഉയര്‍ത്തപ്പെടുന്ന ദീപശിഖ ഓര്‍മ്മിപ്പിക്കുന്നത്, സ്വര്‍ണ്ണമോ വെള്ളിയോ വിജയപരാജയങ്ങളോ നേട്ടങ്ങളോ കോട്ടങ്ങളോ അല്ല, മാനവിക ഐക്യത്തില്‍ നിന്ന് ഉണ്ടാവുന്ന നിത്യമാം സ്‌നേഹ സൗഹാര്‍ദങ്ങളുടെ പ്രകാശധാരയാണ്. അതു നമ്മുടെ രാഷ്ട്രനേതാക്കളുടെ, ലോകജനതയുടെ ഇരുളടഞ്ഞ ഹൃദയങ്ങളെ സ്‌നേഹദീപ്തമാക്കട്ടെ!!

ദ്രോണാചാര്യന്‍

തപോധനനായ ഭരദ്വാജമഹര്‍ഷിയായിരുന്നു ദ്രോണരുടെ പിതാവ്. പിതാവിന്റെ ആശ്രമത്തില്‍ തന്നെയായിരുന്നു ഗുരുകുല വിദ്യാഭ്യാസം ദ്രോണര്‍ നിര്‍വ്വഹിച്ചത്. ഗുരുകുല വിദ്യാഭ്യാസകാലത്ത് ദ്രോണരുടെ പ്രിയ സതീര്‍ത്ഥ്യനായിരുന്നു ഉത്തര പഞ്ചാലത്തിലെ പൃഷത മഹാരാജാവിന്റെ പുത്രനായ ദ്രുപതര്‍.

ആത്മ മിത്രങ്ങളായിരുന്ന ദ്രോണരും ദ്രുപതരും കളിയിലും, ചിരിയിലും പഠനങ്ങളിലുമെല്ലാം ഒരുമിച്ചായിരുന്നു. സ്‌നേഹ സൗഹൃദങ്ങളുടെ ഊഷ്മളമായ സൗഹാര്‍ദ്ദത്തില്‍ കുതിര്‍ന്ന് ദ്രുപതര്‍ ഒരു ദിനം ദ്രോണരോട് പറഞ്ഞു തന്റെ രാജ്യത്തിന്റെ പകുതിപോലും ദ്രോണര്‍ക്ക് നല്‍കാമെന്ന്.
ഭൗതിക നേട്ടങ്ങളില്‍ ഒട്ടും താല്‍പര്യമില്ലാതിരുന്ന ദ്രോണരുടെ മുഖത്ത് അപ്പോള്‍ നിസംഗതയുടെ സാത്വികമായ ഒരു മന്ദഹാസം വിടര്‍ന്നു.
ഗുരുകുല വിദ്യാഭ്യാസം കഴിഞ്ഞ് ദ്രുപതര്‍ സ്വന്തം രാജ്യത്തേക്ക് പോകുന്നതിനുമുന്‍പ് തന്റെ പ്രിയ സതീര്‍ത്ഥ്യനായിരുന്ന ദ്രോണരോട് പറഞ്ഞു താന്‍ രാജാവാകുമ്പോള്‍ ദ്രോണര്‍ക്ക് വേണ്ടവിധ എല്ലാവിധ സഹായങ്ങളും ചെയ്യാമെന്ന്.
ദ്രുപതരുടെ ഹൃദയം നിറഞ്ഞ സഹായവാഗ്ദാനങ്ങള്‍ക്ക് ദ്രോണര്‍ സന്തോഷാശ്രുക്കളോടെ നന്ദി പറഞ്ഞു.
കാലം കടന്നുപോയി ദ്രോണര്‍ വിവാഹിതനായി ഒരു കുഞ്ഞ് ജനിച്ചു. അശ്വത്ഥാത്മാവ് എന്നു പേരിട്ടു.

വിദ്യകളില്‍ അതിസമര്‍ത്ഥനായിരുന്നുവെങ്കിലും, ഗ്രഹസ്ഥാശ്രമത്തിലേക്ക് പ്രവേശിച്ച ദ്രോണര്‍ കുടുംബംപോറ്റാന്‍ ഏറെ ബുദ്ധിമുട്ടി. നിത്യവൃത്തിക്കായി ഏറെ ക്ലേശിച്ച ദ്രോണര്‍ ധനസമ്പാദന മാര്‍ഗ്ഗങ്ങളെപ്പറ്റി ചിന്തിക്കാന്‍ തുടങ്ങി. ഈ അവസരത്തില്‍ പരശുരാമന്‍ തന്റെ വസ്തുവകകള്‍ എല്ലാം ദാനംചെയ്ത് വനവാസത്തിന് ഒരുങ്ങുകയായിരുന്നു. ഇതറിയാനിടയായ ദ്രോണര്‍ പരശുരാമനെ സമീപിച്ചു. നിര്‍ഭാഗ്യത്തിന് ദ്രോണര്‍ എത്തുന്നതിനു മുന്‍പായി തന്നെ പരശുരാമന്‍ തന്റെ സ്വത്തുക്കള്‍ ദാനം ചെയ്തു കഴിഞ്ഞിരുന്നു. അങ്ങേയറ്റം ഖിന്നചിത്തനായ ദ്രോണരെ പരശുരാമന്‍ സമാശ്വസിപ്പിച്ചു. അക്കാലത്ത് അസ്ത്രാഭ്യാസത്തില്‍ പരശുരാമനെ വെല്ലാന്‍ ആരും ഉണ്ടായിരുന്നില്ല. ജന്മനാ സമര്‍ത്ഥനായ ദ്രോണരെ ആയുധാഭ്യാസത്തില്‍ അദ്വിതീയനാക്കാമെന്നും അതൊരു നല്ല ധനസമ്പാദന മാര്‍ഗ്ഗമാണെന്നും പരശുരാമന്‍ പറഞ്ഞു. സന്തുഷ്ടനായ ദ്രോണര്‍ പരശുരാമന്റെ കീഴില്‍ ആയുധാഭ്യാസം തുടങ്ങുകയും അത് വളരെ വിജയകരമായ രീതിയില്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. എന്നിട്ടും ക്ലേശങ്ങളും, ദാരിദ്ര്യവും ദ്രോണരെ വിട്ടൊഴിഞ്ഞില്ല.
സാമ്പത്തിക ക്ലേശങ്ങളില്‍ ആടിയുലഞ്ഞ ദ്രോണര്‍ തന്റെ സതീര്‍ത്ഥ്യനായിരുന്ന ദ്രുപതരെ ഓര്‍ത്തു. ദ്രുപതര്‍ അപ്പോള്‍ ഉത്തരപഞ്ചാലത്തിലെ രാജാവായികഴിഞ്ഞിരുന്നു.   തന്റെ ക്ലേശങ്ങള്‍ക്ക് സമാശ്വാസമാകുമെന്ന പ്രത്യാശയില്‍ ദ്രോണര്‍, രാജാവായ ദ്രുപതരെ കാണാന്‍ കൊട്ടാരത്തിലെത്തി. എന്നാല്‍ രാജാധികാരത്തിന്റെ പ്രൃഡിയിലും സമ്പത്തിലും പ്രതാപത്തിലും അങ്ങേയറ്റം അമഗ്നനായ ദ്രുപതരാജാവാകട്ടെ ദ്രോണരെ സഹായിച്ചില്ലെന്ന് മാത്രമല്ല അങ്ങേയറ്റം അപമാനിക്കുകയും ചെയ്തു.

ദ്രോണര്‍ ഗുരുകുല വിദ്യാഭ്യാസകാലത്തെ തന്റെ പ്രിയസ്‌നേഹിതനെകണ്ടപ്പോള്‍ ആഹ്ലാദാരവത്തോടെ, പ്രിയ സ്‌നേഹിതാ എന്ന് അഭിസംബോധന ചെയ്ത് ആഗമനോദ്ദേശം അറിയിച്ചു.
അതില്‍ രോഷാകുലനായ ദ്രുപതരാജാവ് പരിഹാസത്തോടെ പറഞ്ഞു 'ഹേ ദരിദ്രബ്രാഹ്മണാ, രാജാവായ ഞാന്‍ എങ്ങിനെ ദരിദ്രനായ തന്റെ സ്‌നേഹിതനാകും? തുല്യതഉള്ളിടത്തെ സൗഹൃദം ഉണ്ടാകൂ. ഗുരുകുല വിദ്യാഭ്യാസകാലത്ത് നാം തുല്യരായതുകൊണ്ട് സുഹൃത്തുക്കളായിരുന്നു. എന്നാല്‍ ഇന്ന് ഞാന്‍ രാജാവും നിങ്ങള്‍ ദരിദ്രനായ ബ്രാഹ്മണനുമാണ്. പഴയ സൗഹൃദത്തിന്റെ പേര്പറഞ്ഞ് അവകാശ വാദം ഉന്നയിക്കാതെ കടന്നു പോവൂ ദരിദ്രബ്രാഹ്മണാ'. അങ്ങേയറ്റം അപമാനിതനും ദുഃഖിതനുമായി ദ്രുപതരുടെ കൊട്ടാരംവിട്ട് ഇറങ്ങിയ ദ്രോണര്‍ ചെന്ന് എത്തിയത് ഹസ്തിനപുര കൊട്ടാരത്തിലാണ്. ഭീഷ്മാചാര്യന്‍, ദ്രോണരെ യഥാവിധി സ്‌നേഹാദരങ്ങളോടെ സ്വീകരിക്കുകയും പാണ്ഡവരുടെയും കൗരവരുടെയും ആയുധഭ്യാസത്തിനായുള്ള ഗുരുവായി നിയമിക്കുകയും ചെയ്തു.
പ്രതികാരത്തിന്റെ എരിയുന്ന നെരിപ്പോട് ചുമന്നാണ് ദ്രോണര്‍ രാജകുമാരന്മാര്‍ക്ക് വിദ്യപകര്‍ന്നത് കൊടുത്തത്. അതുകൊണ്ടുതന്നെ ഗുരുദക്ഷിണയായി ദ്രോണര്‍ ആവശ്യപ്പെട്ടത് ദ്രുപതരാജാവിനെ പിടിച്ച് കെട്ടി തന്റെ മുന്നില്‍ കൊണ്ടുവരാനാണ്. പാണ്ഡവര്‍ ആ കൃത്യത്തില്‍ വിജയംവരിച്ചു. ദ്രുപതരുടെ സൈന്യത്തെ തോല്‍പിച്ച് ദ്രുപതരെ പിടിച്ച് കെട്ടി ദ്രോണരുടെ മുന്നില്‍ എത്തിച്ചു. തുല്യത ഉണ്ടായാലെ സൗഹൃദം ഉണ്ടാവൂ എന്നു പറഞ്ഞ ദ്രുപതര്‍ക്ക് പകുതി രാജ്യം തിരിച്ച് കൊടുത്തു പകുതി രാജ്യം ദ്രോണര്‍ തന്നെ കൈവശം വച്ചു.
മനുഷ്യബന്ധങ്ങള്‍ക്ക് ഊടും പാവും ആകേണ്ട സൗഹൃദം പിടിച്ച് വാങ്ങാന്‍ കഴിയില്ലെന്നറിയാത്ത ദ്രോണര്‍ എങ്ങിനെ ആചാര്യനാകും? (ആചാര്യന്‍, വെറും വിദ്യകള്‍ മാത്രം പകര്‍ന്നു കൊടുക്കുന്നവനല്ല ആത്മീയ ഉന്നതിക്കായുള്ള ജ്ഞാനം പകര്‍ന്ന് നല്‍കുന്നവനാണ്.)
തന്റെ സ്‌നേഹവായ്പുകള്‍ നിരാകരിച്ചിടത്തുനിന്ന് ഇറങ്ങി പോരുമ്പോള്‍, പാദരക്ഷകളില്‍ പറ്റിപ്പിടിച്ചിരിക്കുന്ന പൊടിപോലും തട്ടിക്കളഞ്ഞ്, ചിന്തകളെയും പ്രവര്‍ത്തനങ്ങളെയും പുതിയ വിഹായസ്സിലേക്ക് ഉയര്‍ത്തുന്നതിനു പകരം ശിഷ്യഗണങ്ങളെ പ്രതികാരത്തിനായുള്ള ചട്ടുകം ആക്കി.

അഹിതമായത് സംഭവിക്കുമ്പോള്‍ പ്രതികാരാഗ്ന്ി ജ്വലിക്കുക എന്നത് കേവലം ജന്തുസഹജമായ വാസനയാണ്. പ്രതികാരാഗ്നിയുടെ പൊള്ളത്തരവും, ദൂരവ്യാപകമായ അതിന്റെ ദുഷ്ഭലങ്ങളും മനസ്സിലാക്കണമെങ്കില്‍ ജ്ഞ്ാനംവേണം. വിദ്യയും, ജ്ഞാനവും ഒരുമിച്ച് ചേരുന്നതാണ് ഉത്തമ വിദ്യാഭ്യാസരീതി.
ജ്ഞാനത്തിനെക്കാളേറെ പ്രാധാന്യം നല്‍കിക്കൊണ്ട് മത്സരാധിഷ്ടിതമായ വിദ്യയും, അറിവും സമ്പാദിക്കുന്ന തരത്തില്‍ വിദ്യാഭ്യാസത്തെ ചിട്ടപ്പെടുത്തുമ്പോള്‍ പരസ്പരം കലഹിക്കുന്ന ഒരു ജനതയെ വാര്‍ത്തെടുക്കാന്‍ മാത്രമേ അത് ഉതകു.
വിദ്യാഭ്യാസം വ്യക്തിത്വത്തിന്റെ സര്‍വ്വതോന്മുഖമായ വികസനം ലക്ഷ്യമാക്കാതെ കേവലം ബുദ്ധിപരമായ വികസനത്തിനും, സമര്‍ത്ഥ്യത്തിനും മാത്രം ലക്ഷ്യമാക്കുന്ന ഇന്നത്തെ വിദ്യാഭ്യാസ രീതിയെ പ്രതീകവല്‍ക്കരിക്കുകയാണ് ദ്രോണര്‍.
ദ്രോണാചാര്യന്മാരുടെ അനുയായികളാണ് ഇന്നും വിദ്യാഭ്യാസത്തിന്റെ തലപ്പത്തിരിക്കുന്നത്.

ഹൃദയത്തിന്റെ ലോലമായ തന്ത്രികളെ ദീപ്തമാക്കുന്ന, പ്രപഞ്ചത്തിന്റെ അത്ഭുതാവഹമായ വിസ്മയങ്ങളിലേക്ക്, മനോഹാരിതകളിലേക്ക് കണ്ണും കാതും മനസ്സും തുറന്ന് ഹൃദയത്തിന്റെ ലോലമായ സംവേദനക്ഷമതയെ ഉണര്‍ത്തുന്ന, ശരിതെറ്റുകളെപ്പറ്റി, സ്വാഭാവിക അവബോധം നല്‍കുന്ന, ജ്ഞാനത്തിന്റെ കൈത്തിരിവെട്ടം ഹൃദയാന്തര്‍ഭാഗത്ത് കൊളുത്തപ്പെടുന്നതിനു പകരമായി കേവലം അറിവ് സമ്പാദനത്തിനുളള മാര്‍ഗ്ഗം മാത്രമായി വിദ്യാഭ്യാസം മാറുമ്പോള്‍ നമുക്ക് പ്രഗത്ഭരായ ഡോക്ടര്‍മാരും, എഞ്ചിനിയര്‍മാരും, ശൂന്യാകാശത്തെ കീഴടക്കുന്ന ശാസ്ത്രജ്ഞന്മാരും ഉണ്ടാകും. പക്ഷേ ആകാശത്തിന് കീഴെ ഭൂമുഖത്തുകൂടി നടക്കുന്ന കേവല മനുഷ്യനെ മാത്രം കാണില്ല. ഫലമോ മനുഷ്യഹൃദയങ്ങള്‍ മറ്റൊരു കുരുക്ഷേത്രഭൂമിയാകുന്നു. കലാപങ്ങളും യുദ്ധങ്ങളും അവസാനമില്ലാത്ത തുടര്‍കഥയാകുന്നു. സമാധാനത്തിന്റെ പറുദീസ നഷ്ടമാകും. മത്സരങ്ങളിലൂടെ സഹജീവികളെ തോല്പിച്ച് നേടുന്ന വിജയസംവിധാനങ്ങളെ പൊളിച്ചെഴുതേണ്ടിരിക്കുന്നു.

ദ്രോണരുടെ ഹൃദയശൂന്യമായ കര്‍മ്മങ്ങള്‍ ഇനിയും ഉണ്ട്. ശിഷ്യഗണങ്ങളെ തുല്യരായി കാണാതെ, പ്രിയശിഷ്യന്‍ അര്‍ജ്ജുനനെയും, പുത്രന്‍ അശ്വത്ഥാമാവിനും മാത്രം ചില വിദ്യകള്‍ പറഞ്ഞ് കൊടുത്ത്, താഴ്ന്ന ജാതിയില്‍പ്പെട്ടവരാണെന്ന് പറഞ്ഞ് കര്‍ണ്ണനും ഏകലവ്യനും വിദ്യപകര്‍ന്ന് കൊടുക്കാതിരുന്നത്, സ്വസാമര്‍ഥ്യത്താലും, അക്ഷീണ പരിശ്രമത്താലും ദ്രോണരുടെ വാത്സല്യ ശിഷ്യനായ അര്‍ജ്ജുനനനെ വെല്ലുന്ന വില്ലാളിയായി മാറിയ ഏകലവ്യനില്‍ നിന്ന്, ഇനി ഒരിക്കലും അമ്പെയ്യാന്‍ പറ്റാത്ത രീതിയില്‍ ഏകലവ്യന്റെ വലതുകരത്തില്‍ നിന്ന് തള്ള വിരല്‍ ഗുരുദക്ഷിണയായി ചോദിച്ചുവാങ്ങിയ ദ്രോണര്‍, യുദ്ധനിയമങ്ങള്‍ കാറ്റില്‍ പറത്തി, അര്‍ജ്ജുന പുത്രന്‍ അഭിമന്യുവിനെ വധിക്കാന്‍ സഹായിച്ചതില്‍, അതെ, ദ്രോണാചാര്യരുടെ പാപ കറ പുരണ്ട കര്‍മ്മങ്ങളെ പട്ടിക നീളുകയാണ്.
വേദങ്ങളെല്ലാം ഹൃദിസ്ഥമാക്കിയിരിക്കുന്നെങ്കിലും ഹൃദയാന്തര്‍ഭാഗത്ത് ജ്ഞാനാഗ്നി കൊളുത്തപ്പെടാത്തവന്റെ കര്‍മ്മകാണ്ഠം......

വര്‍ത്തമാനകാല മലയാള കര കണ്ട മറ്റൊരു ആചാര്യനായിരുന്നു വന്ദ്യനായ സുകുമാര്‍ അഴീക്കോട് മാഷ്. അഴീക്കോട് മാഷിന്റെ ധീരോദാത്തമായ പുണ്യഗാഥകള്‍ മലയാള മനസ്സുകള്‍ക്ക് സുപരിചിതം. വിജ്ഞാനത്തിന്റെ അപാരതകള്‍ കീഴടക്കിയ പണ്ഡിതന്‍, വിജ്ഞാനപ്രദമായ അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍, പുസ്തകങ്ങള്‍, മലയാളക്കരയില്‍ കൊടുംകാറ്റുകള്‍ വിതച്ചിട്ടുള്ള അദ്ദേഹത്തിന്റെ പ്രസ്താവനകള്‍, രാഷ്ട്രീയ സാമൂഹിക പ്രശ്‌നങ്ങളില്‍ അദ്ദേഹത്തിന്റെ ധീരമായ ഇടപെടലുകള്‍, നിസംശയം നമുക്കുപറയാം പകരം വയ്ക്കാനാകാത്ത പ്രതിഭാധനനായിരുന്നു സുകുമാര്‍ അഴീക്കോട് മാഷ്. ആ പ്രതിഭയ്ക്കുമുമ്പില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. എങ്കിലും ചിന്തിച്ചു പോവുകയാണ്, പലപ്പോഴും അദ്ദേഹം ഹൃദയതുടിപ്പില്ലാത്ത വലിയ ഒരു ശബ്ദ മുഴക്കം മാത്രമായിരുന്നില്ലേ? ദ്രോണാചാര്യരെപ്പോലെ വേദങ്ങളെല്ലാം ഹൃദിസ്ഥമാക്കിയ അഴീക്കോട് സാറിനും. പക്ഷേ തത്വമസിയെഴുതിയ മാഷ്, ജ്ഞാനത്തിലും, വിജ്ഞാനത്തിലും വേരുകളില്ലാത്ത ഒരു മഹാന്‍ 'അയാള്‍' വിളിച്ചപ്പോള്‍ സമചിത്തത നഷ്ടപ്പെട്ടത് എന്തുകൊണ്ട്?

സാറിനെ മാത്രം മോഹിച്ച്, സ്‌നേഹിച്ച്, പ്രണയിച്ച് ജീവിതം ഹോമിച്ച ടീച്ചര്‍ മരണക്കിടക്കയിലായിരുന്ന സാറിനെ കാണാന്‍ വന്നപ്പോള്‍, സാറ് മൊഴിഞ്ഞത് എന്താണ്? ടീച്ചര്‍ പ്രസിദ്ധീകരിക്കാന്‍ കൊടുത്ത, സാറ് എഴുതിയ കത്തുകള്‍, സാറിന്റെ ഫെയിം നെ ബാധിച്ചെന്ന്.
മരണക്കിടക്കയില്‍ പോലും അവാസ്തികമായ ഫെയിംനെപ്പറ്റി ഉത്കണ്ഠാകുലനാകുന്ന സാറിന് തത്വമസിയുടെ അര്‍്ത്ഥം ഹൃദയംകൊണ്ട് ഒപ്പിയെടുക്കാന്‍ കഴിഞ്ഞില്ലെന്ന് പറയുമ്പോള്‍....
ക്ഷമിക്കണം സാറ് വിജ്ഞാനത്തിന്റെ  അദ്വിതീയന്‍ ആയിരുന്നുവെങ്കിലും ജ്ഞാനത്തില്‍ സാറ് ശൂന്യനായിരുന്നു എന്നല്ലേ ഇത് കാണിക്കുന്നത്.

മയില്‍പ്പീലി കനവുകള്‍ 6

കളഭംതരാം ഭഗവാനെന്‍,
മനവും തരാം......................

മൊബൈലില്‍ നിന്നു ഉയര്‍ന്ന ഭക്തിസാന്ദ്രമായ സംഗീതം എന്നെ ചിന്തകളില്‍ നിന്ന് ഉണര്‍ത്തി, എത്ര നേരമാണ്, ആനിക്കുട്ടിയേയും, നാടിനെയും പറ്റിയും എല്ലാം ഓര്‍ത്തു ഇരുന്നുപോയത്!! സമയം പോയത് അറിഞ്ഞില്ല!
'എടോ എസ്തപ്പാ താന്‍ എന്താ ഉറക്കത്തിലായിരുന്നോ? എത്ര നേരമായി തന്നെ 'ലൈനില്‍' ഒന്ന് കിട്ടാന്‍ ശ്രമിക്കുകയായിരുന്നു!
ജോര്‍ജുകുട്ടിയാണ്. കത്തിവയ്ക്കാനുള്ള പുറപ്പാടാണ്.
''ഉറക്കമൊന്നും ആയിരുന്നില്ലടോ, നാട്ടുകാരെയും വീട്ടുകാരേം പറ്റി ചിന്തിച്ച് അങ്ങനെ ഇരുന്നുപോയി....'' ജോര്‍ജുകുട്ടി ഇടയ്ക്കു കയറി അക്ഷമതയോടെ പറയാന്‍ തുടങ്ങി ''തനിക്ക് ചിന്തിക്കാന്‍ പറ്റിയ സമയം!! തന്റെ ആ കൂട്ടുകാരനെവിടെ, ആ അന്തപ്പന്‍? അപമാനഭാരത്താല്‍ മുങ്ങിയിരിക്കും അല്ലേ? എന്തൊരു പുകിലായിരുന്നൂ, അസ്സോസിയേഷന്റെ എതിരില്ലാതെ തെരഞ്ഞെടുക്കുന്ന അഞ്ചാമത്തെ പ്രാവിശ്യത്തെയും പ്രസിഡന്റ്, സര്‍വ്വസമ്മതന്‍, വായ് തുറന്നാല്‍ സ്‌നേഹം എന്ന വാക്കേ ഉരിയാടൂ....അങ്ങിനെ എത്ര എത്ര വിശേഷണങ്ങളാണ് എന്നിട്ട് ഇപ്പോള്‍ ആ നാണം കെട്ടവന്‍, കൂടെ ജോലി ചെയ്യുന്ന പോളിഷ്‌കാരി പെണ്‍കുട്ടിയുമായി.....ഹായ് ദുഷ്ടന്‍, അവനെ പെട്രോള്‍ ഒഴിച്ച് കത്തിക്കണം. ജോര്‍ജുകുട്ടി കത്തി കയറി പിന്നെയും എന്തൊക്കെയോ പുലമ്പികൊണ്ടിരുന്നു.
എനിക്ക് ഒന്നും മനസ്സിലായില്ല.
അവസാനം അസഹ്യതയോടെ ഞാന്‍ അലറിപ്പോയി!
''താന്‍ എന്തുട്ട് കുന്തമാണീ പറയുന്നത്!
അന്തപ്പന് എന്ത് പറ്റി എന്നാണ് താന്‍ പറഞ്ഞുവരുന്നത്? ജോര്‍ജുകുട്ടിയുടെ ഗീര്‍വ്വാണം പെട്ടെന്ന് നിലച്ചു. ഒരു നിമിഷത്തെ മൗനത്തിന് ശേഷം ജോര്‍ജുകുട്ടി പറയാന്‍ തുടങ്ങി. അപ്പോള്‍ താന്‍ ഒന്നും അറിഞ്ഞില്ല? അന്തപ്പനെ പറ്റിയുള്ള വാര്‍ത്തകള്‍ ഒന്നും താന്‍ വായിച്ചില്ലേ? ഇന്നലത്തെയും ഇന്നത്തെയും 'Portsmouth Malayali യില്‍' അന്തപ്പനെപ്പറ്റിയുള്ള വാര്‍ത്തകള്‍ ഉണ്ട്. അന്തപ്പന്റെ പേര് മാത്രം പത്രത്തിലില്ലന്നേയുള്ള. മറ്റെല്ലാ, സൂചനകളും ഉണ്ട്. Southsea ലെ സ്വകാര്യ നേഴ്‌സിംഗ് ഹോം, തുടര്‍ച്ചയായി അസോസിയേഷന്‍ പ്രസിഡന്റ് ആകുന്ന മാന്യന്‍ തുടങ്ങി വിശേഷണങ്ങളെല്ലാം ഉണ്ട്.
ഇവിടെ ഇപ്പോള്‍ എല്ലാവരും ചര്‍ച്ച ചെയ്യുന്നത്.
അന്തപ്പന്റെ പെണ്ണ് പിടുത്തത്തെ പറ്റിയാണ്. ഇന്നലത്തെ Portsmouth Malayali യിലെ പ്രധാന വാര്‍ത്ത തന്നെ, പോളിഷ്‌കാരി പെണ്‍കുട്ടിയെ പീഡിപ്പിച്ച മലയാളി മാന്യനെ പോലീസ് ചോദ്യം ചെയ്തു എന്നാണ്!!
ഇന്നത്തെ പത്രത്തിലാവട്ടെ പീഡനരഹസ്യം പറയാതെ ഇരുന്നതില്‍ പ്രതിഷേധിച്ച് ഭാര്യ വീടുവിട്ട് ഇറങ്ങിപ്പോയി....അവന്‍ പിന്നെയും എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു, എനിക്ക് അതൊന്നും കേള്‍ക്കാനുള്ള ത്രാണി ഉണ്ടായിരുന്നില്ല.
ഞാന്‍ തളര്‍ന്ന് ഇരുന്നുപോയി
എന്റെ കൂട്ടുകാരാ, അന്തപ്പാ നിനക്ക് എന്തുപറ്റി? ഇല്ല! ഇല്ല!! അവന്‍ ഒരിക്കലും അങ്ങിനെ ചെയ്യില്ല!
പ്രണയത്തെപ്പറ്റി, സ്‌നേഹത്തെ പറ്റി, സെക്‌സിനെ പറ്റി എല്ലാം അവന് വ്യക്തമായ കാഴ്ചപാടു ഉണ്ട്. അവന്‍ ഒരിക്കലും ജഡികമോഹങ്ങളുടെ പിന്നാലെ പോകില്ല.
ദേഹമാസകലം ഒരുതരം വിറയല്‍ എന്നെ ബാധിച്ചു. അന്തപ്പനെ തേടി ഞാന്‍ ഇറങ്ങി. മൊബൈല്‍ സ്വിച്ച്ഓഫ് ചെയ്തിരിക്കുകയാണെന്നും, ഹീല്‍സിയിലെ അവന്റെ വീട്ടില്‍ ആരും ഇല്ലെന്നുമാണ് ജോര്‍ജുകുട്ടി പറഞ്ഞത്. അപ്പോള്‍ പിന്നെ  അവന്‍ എവിടെയായിരിക്കും?
ഏകാന്തതയും വിജനതയേയും, പുസ്തകങ്ങളെയും ഏറെ പ്രണയിച്ചിരുന്ന അവന്റെ രക്ഷാസങ്കേതങ്ങള്‍ എനിക്ക് നല്ല നിശ്ചയമായിരുന്നു.
മൂന്നു നിലകളിലായി പതുപതുത്ത ചുവന്ന പരവതാനി വിരിച്ച് മനോഹരമായി സജ്ജമാക്കപ്പെട്ട Centra library യുടെ എന്തെങ്കിലും കോണില്‍ പുസ്തകവുമായി ചടഞ്ഞ് ഇരിക്കുകയാവാം അല്ലെങ്കില്‍ കത്തീഡ്രല്‍ ചര്‍ച്ചിനോട് ചേര്‍ന്നുള്ള വിശാലമായ പാര്‍ക്കിലെ വന്‍മരങ്ങളുമായി സല്ലപിക്കുകയാവാം. അതുമല്ലെങ്കില്‍ കടല്‍തീരത്ത് മരംകൊണ്ട് പണിതീര്‍ത്ത ചാരുബെഞ്ചിലിരുന്ന് കടലിന്റെ അപാരതയിലേക്ക് കണ്ണുംനട്ട് മൗനത്തിന്റെ പൂനിലാവില്‍ ലയിച്ചിരിക്കുകയാവാം.
എന്റെ കൂട്ടുകാരാ, നിന്നെ ഇപ്പോള്‍ ഞാന്‍ എവിടെ തിരയും? ഇത്ര എല്ലാം സംഭവവികാസങ്ങള്‍ ഉണ്ടായിട്ടും അവന്‍ എന്നെ ഒന്ന് വിളിച്ചില്ലല്ലോ എന്ന് ഓര്‍ത്തപ്പോള്‍, എന്തെന്നില്ലാത്ത ഒരു തരം പാരവശ്യം എനിക്ക് അനുഭവപ്പെട്ടു.
ജോര്‍ജുകുട്ടിയുടെ സംഭാഷണത്തില്‍ നിന്നും മനസ്സിലായി, അവന്റെ വീഴ്ച എല്ലാവരും ആഘോഷിക്കുകയാണ്; Portsmouth മലയാളി പത്രവും അതിന് എരിവും ചൂടും തീയും പകരുകയാണ്.
അവന്റെ ഭാര്യ തന്നെ അവനെ തള്ളിപ്പറഞ്ഞ് വീട് വിട്ട് ഇറങ്ങിപ്പോയില്ലേ? 24 മണിക്കൂര്‍ പ്രാര്‍ത്ഥനയും, ധ്യാനവുമായ കഴിയുന്ന സൂസികുട്ടി അങ്ങനെ ചെയ്യുമെന്ന് ഞാന്‍ സ്വപ്‌നത്തില്‍ പോലും കരുതിയല്ല. പ്രചരിക്കുന്ന ഇത്തരം കിംവദന്തികളില്‍ എന്തെങ്കിലും സത്യം ഉണ്ടാവുമോ?
വസ്തുതകളുടെ നിജസ്ഥിതി അറിയാന്‍ എന്റെ ഹൃദയം വെമ്പി. അല്പം നര കയറിയ താടിയും, വിഷാരാര്‍ദ്രമായ പുഞ്ചിരിയും പീഡിതനായ ക്രിസ്തുവിന്റെ ഛായ അവനില്‍ ഉണ്ടാക്കിയിരുന്നു. പള്ളി മതത്തിന്റെ ആചാരാനുഷ്ഠാനങ്ങളില്‍ അന്തപ്പന് വലിയ താല്പര്യം ഒന്നും ഉണ്ടായിരുന്നില്ലെങ്കിലും, പള്ളിയങ്കണത്തില്‍ ഊറിക്കൂടുന്ന നിശബ്ദതയെ അവന്‍ ഏറെ പ്രണയിച്ചിരുന്നു.
ഇപ്പോഴത്തെ സംഭവവികാസങ്ങളില്‍ മനംനൊന്ത് ഈ സായാഹ്ന വേളയില്‍ അവന്‍ അഭയം തേടിയിരിക്കുന്നത് കത്തീഡ്രല്‍ പളളിയിലെ നിശബ്ദതയിലായിരിക്കുമെന്ന് എനിക്ക് തോന്നി.
എന്റെ ധാരണ ശരിയായിരുന്നു.
ആ നിശബ്ദതയില്‍ ഏകനായിരിക്കുന്ന അന്തപ്പനെ കണ്ടപ്പോള്‍ എന്റെ ഉള്ള് ഒന്നു പിടഞ്ഞു.
അവന്റെ മുഖത്ത് ശാന്തിയും സമാധാനവും കളിയാടിയിരുന്നു. പുറത്തെ കൊടുങ്കാറ്റുകള്‍ അവനെ സ്പര്‍ശിച്ചതായി എനിക്ക് തോന്നിയില്ല. എന്റെ സാന്നിദ്ധ്യം അവനെ അലോസരപ്പെടുത്തിയോ? എന്തോ അവന്‍ നിശബ്ദ ധ്യാനം അവസാനിപ്പിച്ച് പുറത്തിറങ്ങി.
അവന്‍ ശാന്തനായിരുന്നു. ഒന്നും മിണ്ടിയില്ല. നിശബ്ദത ഭഞ്ജിക്കാന്‍ അവന്‍ ഇഷ്ടപ്പെടാത്തതുപോലെ തോന്നി. പള്ളി അങ്കണത്തോടെ ചേര്‍ന്നുള്ള ഗാര്‍ഡനിലും പൂക്കളെയും വന്‍മരങ്ങളെയും നോക്കി നിശബ്ദരായി ഞങ്ങള്‍ നടന്നു. അവനോട് ചോദിക്കാന്‍ ഒരായിരം ചോദ്യങ്ങള്‍ എന്റെ ഉള്ളില്‍ ഉണര്‍ന്നു. പക്ഷേ ഒന്നുപോലും ചോദിച്ച് അവനെ അലോസരപ്പെടുത്താന്‍ ഞാന്‍ അപ്പോള്‍ ആഗ്രഹിച്ചില്ല. ഞാന്‍ പെട്ടെന്ന് രാജിയെ ഓര്‍ത്തു.
ഇത്തരം അസുഖകരങ്ങളായ അവസ്ഥകളെ കൈകാര്യം ചെയ്യുവാന്‍ അവള്‍ക്ക് നല്ല പ്രാവീണ്യമുണ്ട്. തീയില്‍ കുരുത്ത പൂവാണ് രാജി!
അവള്‍ക്ക് പരിഹരിക്കാന്‍ കഴിയാത്ത പ്രശ്‌നങ്ങളില്ല.
അഴിക്കാന്‍ പറ്റാത്ത കുരുക്കുകളില്ല.
സ്ത്രീപുരുഷ ഹൃദയങ്ങളുടെ അഗാധതലങ്ങള്‍ തൊട്ടറിഞ്ഞവളാണ് രാജി.
അനുഭവങ്ങളുടെ തീച്ചൂളയില്‍ വാര്‍ത്ത് എടുക്കപ്പെട്ട അമൂല്യമായ മുത്ത്!!
അന്തപ്പനും സമ്മതമായിരുന്നു, അവളുടെ വീട്ടില്‍ പോകാന്‍. അവന്റെ കാറിലാണ് രാജിയുടെ വീട്ടിലേക്ക് ഞങ്ങള്‍ പോയത്.
അപമാനത്തിന്റെയും, അവഹേളനത്തിന്റെയും നീര്‍ച്ചുഴിയില്‍ പെട്ടിട്ടും ഒട്ടും കുലുങ്ങാതെ ശാന്തത കൈവിടാതെയാണ്, അന്തപ്പന്‍ ഒരു ഭാവഗീതം പോലെ ഡ്രൈവ് ചെയ്തിരുന്നത്. സുഖകരമായ ആ നിശബ്ദതയില്‍ എന്റെ ചിന്തകള്‍ രാജിയിലേക്ക് പറന്നു.
കുഞ്ഞുങ്ങള്‍ ഉണ്ടാവുന്നില്ലെന്ന കാരണം പറഞ്ഞ് ഭര്‍ത്താവ് സുരേഷ് രാജിയെ ഉപേക്ഷിച്ച്, റോസ് എന്ന മലയാളി പെണ്‍കുട്ടിയുമായ പൊറുതി തുടങ്ങിയപ്പോള്‍ രാജി തളര്‍ന്നൂ, തകര്‍ന്നൂ, പിന്നെ കണ്ണീരിന്റെ ഒരു വിലാപയാത്രയായിരുന്നു രാജിക്ക് ജീവിതം.
കണ്ണീരോടെ, വിലാപത്തോടെ, സുരേഷിന്റെ പിറകെ നടന്നു രാജി യാചിച്ചുകൊണ്ടിരുന്നു തന്നോടൊപ്പം ഒരുമിച്ച് കുടുംബജീവിതം നയിക്കാന്‍. പക്ഷേ സുരേഷ് ചെവികൊണ്ടില്ല.
സാവധാനത്തില്‍ ആ പരുപരുത്ത യാഥാര്‍ത്ഥ്യവുമായി രാജിക്ക് പൊരുത്തപ്പെടേണ്ടതായിവന്നു. ഇനിയൊരിക്കലും സുരേഷ് തന്റെ ജീവിതത്തിലേക്ക് തിരിച്ച് വരില്ലെന്നുള്ള സത്യം രാജി മനസ്സിലാക്കി.
പിന്നെ രാജിയില്‍ മറ്റൊരു ഭാവം ഉണരുകയായിരുന്നു. ഭര്‍ത്താവിനാല്‍ പരിത്യക്തയായ, മക്കളില്ലാത്ത, സമ്പന്നയായ സ്ത്രീയുടെ എല്ലാ സ്വാതന്ത്ര്യവും രാജി ആസ്വദിക്കാന്‍ തുടങ്ങി എന്ന് ജനം പറയാന്‍ തുടങ്ങി.
രാജിയെ പറ്റിയുള്ള പല കഥകളും മലയാളി ജനതയുടെ നാവിന് ശക്തി പകര്‍ന്നു.
എന്തൊക്കെ പറഞ്ഞാലും ഭര്‍തൃസ്‌നേഹികളായ ഭാര്യമാര്‍ക്ക് രാജിയെ പേടിയായിരുന്നു.
രാജിയെപ്പറ്റി പറയുമ്പോള്‍ എല്ലാ ആണുങ്ങള്‍ക്കും ഒരായിരം നാവാണെന്ന് ഒരു ഞെട്ടലോടെ Portsmouth ലെ സ്ത്രീസമൂഹം തിരിച്ചറിഞ്ഞു.
ആ ഞെട്ടലുകള്‍ കണ്ട് രാജി ഉള്ളാലെ ആസ്വദിച്ചിരുന്നോ? അങ്ങനെ വേണം കരുതാന്‍!! അവളുടെ കയ്യില്‍ പട്ടുനൂല്‍ കൊണ്ട് നെയ്തുതീര്‍ത്ത കാണാന്‍ പറ്റാത്ത ഒരു വല ഉണ്ടെന്ന് ഇവിടത്തെ കുടുംബിനികള്‍ വിശ്വസിക്കാന്‍ തുടങ്ങി.
സത്യത്തില്‍ ഒരു കാലത്ത് രാജിയുടെ സൗഹൃദത്തിനായി ഇവിടുത്തെ പുരുഷവര്‍ഗ്ഗം തപസിരിക്കുകയായിരുന്നു. രാജിക്ക് ഓഫീസില്‍ പോകാന്‍ വാഹനസൗകര്യം? ഒറ്റക്ക് രാജി നടക്കാനിറങ്ങിയാല്‍.... ഞാനും വരട്ടെ നിന്റെ കൂടെ? PUB ല്‍ ഒരുമിച്ചിരുന്ന് ഒരു ഗ്ലാസ് ബിയര്‍ കുടിക്കാം രാജി? പക്ഷേ ഒരു ചോദ്യം ചോദിക്കാന്‍ പറ്റാതെ എല്ലാവരുടെയും തൊണ്ടയില്‍ കുരുങ്ങി അര്‍ബുദം ഉണ്ടാക്കി എന്നാണ് പറയപ്പെടുന്നത്. ''വൈകിട്ട് എന്താ പരിപാടി?''
ഭാര്യയോടൊപ്പമാണ്, ഈ പുരുഷകേസരികള്‍ പോകുന്നതെങ്കില്‍ തന്നെ കണ്ട ഭാവം നടിക്കാറില്ലെന്ന് രാജി പൊട്ടിച്ചിരിയോടെയാണ് ഞങ്ങളോട് പറഞ്ഞിട്ടുള്ളത്.
പല പരിശുദ്ധന്മാരുടെയും ഉള്ളിലിരിപ്പും, അരമന രഹസ്യവും തനിക്ക് അറിയാമെന്ന് രാജി പറയാറുണ്ട്.
പക്ഷേ കണ്ണീരില്‍ കുതിര്‍ന്നൂ, നിസ്സഹായയായി, നിരാലംബയായി വിലപിക്കുന്ന രാജിയുടെ ചിത്രം മനസ്സില്‍ നിന്ന് മായുന്നില്ല. രാജിയുടെ ഭര്‍ത്താവായിരുന്ന സുരേഷിന് റോസില്‍ പിറന്ന കുഞ്ഞിനെ പള്ളിയില്‍ വച്ച് കണ്ടപ്പോള്‍, രാജി എല്ലാം മറന്ന്  ഓടിച്ചെന്ന് കുഞ്ഞിനെ എടുത്ത് താലോലിച്ചത്, കിന്നാരം പറഞ്ഞ് ആഹ്ലാദാരാവങ്ങളോടെ ഇരുകവിളില്‍ തുരുതുരാ ചുംബപ്പിക്കുന്നത് കണ്ട് വന്ന റോസ്, രാജിയില്‍ നിന്ന് കുഞ്ഞിനെ പിടിച്ച് വാങ്ങി, ഒരു വേശ്യ എന്റെ കുഞ്ഞിനെ തൊട്ട് അശുദ്ധമാക്കരുത് എന്നു പറഞ്ഞ് രാജിയുടെ കവിളില്‍ അടിച്ചതും എങ്ങനെ മറക്കാനാകും.
പരിസരം മറന്ന് പൊട്ടിക്കരഞ്ഞുപോയി രാജി. അതെല്ലാം ഉദാസീനതയോടെ നോക്കിനില്ക്കുന്ന സുരേഷും, ഭക്തജനങ്ങളും. അന്തപ്പന്‍ മാത്രമാണ് അപ്പോള്‍ മുന്നോട്ട് വന്ന് രാജിയെ സമാശ്വസിപ്പിച്ചത്.
പിന്നീട് എപ്പോഴൊ രാജി, എന്റെയും അന്തപ്പന്റെയും ഉറ്റതോഴിയായി മാറി. ദൈവം കഴിഞ്ഞാല്‍ എല്ലാ രഹസ്യങ്ങളും തുറന്നു പറയുന്നതും, പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടുന്നതും രാജിയില്‍ നിന്നാണ്.
ഞാന്‍ രാജിയിലൂടെ ആനികുട്ടിയെ കാണാന്‍ ശ്രമിക്കുകയായിരുന്നോ? എന്തോ അറിയില്ല.
ആ രാജിയുടെ അടുത്തേക്കാണ് ഞങ്ങള്‍ പൊയ്‌ക്കൊണ്ടിരിക്കുന്നത്.
(തുടരും)