2013, സെപ്റ്റംബർ 24, ചൊവ്വാഴ്ച

ധൃതരാഷ്ട്രര്‍, പാണ്ഡു, വിദുരര്‍

സത്യവതി ചിന്താകുലയായിരുന്നു.
അനന്തരാവകാശികള്‍ ഇല്ലാതെ കുരുവംശം അന്യം നിന്ന് പോകുമോ?
ഹസ്തിനപുര കൊട്ടാരത്തിലെ സിംഹാസനത്തില്‍ ആര് ഉപവിഷ്ടനാകും?
ശന്തനു മഹാരാജാവിന് സത്യവതിയില്‍ ഉണ്ടായ രണ്ട് പുത്രന്മാരായ വിചിത്രവീര്യനും, ചിത്രാഗദനും സന്താന സൗഭാഗ്യമില്ലാതെ അകാലത്തില്‍ മരണമടഞ്ഞു. വിചിത്രവീര്യന്റെ വിധവകളായ അംബികയും, അംബാലികയും, വിധവകളുടെ പരാധീനതകളോടെ കൊട്ടാരത്തില്‍ കഴിഞ്ഞുപോന്നു.

സത്യവതിയെ വിവാഹം കഴിക്കുന്നതിന് മുമ്പ്, ശന്തനു മഹാരാജാവിന് ഗംഗാദേവിയിലുണ്ടായ പുത്രനായ, ഗംഗദത്തനോട്-ഭീഷ്മശപഥത്തില്‍ നിന്ന് പിന്മാറി വിവാഹം കഴിച്ച്, ഹസ്തിനപുര കൊട്ടാരത്തിലെ സിംഹാസനത്തില്‍ ഉപവിഷ്ടനാകാന്‍ സത്യവതി ഏറെ താണുകേണു അപേക്ഷിച്ചു.
എന്തൊക്കെ പ്രകോപനങ്ങളും പ്രലോഭനങ്ങളും ഉണ്ടായാലും തന്റെ ഭീഷ്മശപഥത്തില്‍ നിന്ന് അണുവിട വ്യതിചലിക്കാന്‍ തയ്യാറല്ലെന്ന് ഗംഗദത്തന്‍-ഭീഷ്മര്‍ ഉറപ്പിച്ചു പറഞ്ഞു. മുക്കുവ പ്രമുഖനായിരുന്ന തന്റെ പിതാവിനെ സത്യവതി ഉള്ളില്‍ ശപിച്ചു പോയ നിമിഷങ്ങള്‍...!! തന്റെ പിതാവിന്റെ സ്വാര്‍ത്ഥതയും  ദുരാഗ്രഹവും, തന്റെ തലമുറകള്‍ക്ക് മാത്രമുള്ള രാജ്യാവകാശം ഉറപ്പാക്കാനുള്ള അത്യഗ്രഹവുമായിരുന്നില്ലേ ഗംഗാദത്തനെ ഭിഷ്മശപഥത്തിലേക്ക് ആനയിച്ചത്! രാജ്യസിംഹാസനം മാത്രമല്ല, വിവാഹജീവിതം കൂടി തന്റെ പിതാവിന്റെ ശണ്ഠ്യം കൊണ്ട് ഗംഗദത്തന് ഉപേക്ഷിക്കേണ്ടിവന്നു.

വിധിവൈപരീത്യം എന്നല്ലാതെ എന്തു പറയാന്‍? അല്ലെങ്കില്‍ ഒരു ദുരാഗ്രഹിയുടെ സന്തതി പരമ്പരകള്‍ക്ക് സംഭവിച്ച ഹതഭാഗ്യം-ഈശ്വരശിക്ഷ!!
തനിക്ക് ലഭിച്ച രണ്ട് മക്കളും സന്താനസൗഭാഗ്യം ഇല്ലാതെ അകാലത്തില്‍ മരണമടഞ്ഞതോര്‍ത്ത്, സത്യവതി ഉള്ളരുകി വിലപിച്ചു, ഭാരതമക്കളെ, നിങ്ങള്‍ക്കാര്‍ക്കും ഈ വിധിയുണ്ടാവരുത്. ഒരു പിതാവും തന്റെ പിന്‍തലമുറകള്‍ക്കുവേണ്ടി മനുഷ്യത്വരഹിതമായ അത്യാഗ്രഹവും ദുരാഗ്രഹവും നിറഞ്ഞ പ്രവര്‍ത്തികള്‍ ചെയ്യരുത്.  അത് ആത്യന്തിക നാശത്തിലേക്ക് നയിക്കും.

ഹസ്തിനപുരം കൊട്ടാരം അനാഥമാകുമല്ലോ എന്ന് ഓര്‍ത്തപ്പോള്‍ സത്യവതിയുടെ ഉള്ള് ഒന്ന് പിടഞ്ഞു. ഇതിന് പരിഹാരം കണ്ടെത്തിയേ പറ്റൂ. ചിന്താവിഷ്ടയും ആകുലചിത്തയുമായി സത്യവതി കൊട്ടാരത്തില്‍ ഉലാത്തിക്കൊണ്ടിരുന്നു.
പെട്ടെന്നാണ് ഒരു മിന്നല്‍പിണര്‍ പോലെ ആ ചിന്ത സത്യവതിയുടെ മനസ്സില്‍ കടന്നുവന്നത്.

സത്യവതി, ശന്തനുവുമായി വിവാഹിതയാകുന്നതിന് മുമ്പ്, സത്യവതിക്ക് പരാശരമഹര്‍ഷിയില്‍ ജനിച്ച തന്റെ പുത്രനായ വ്യാസനെപ്പററി ചിന്തിച്ചുപോയി.
ശന്തനുമഹാരാജാവുമായി വിവാഹിതയാകുന്നതിന് മുമ്പ്, സത്യവതി കടത്തുതോണിക്കാരിയായിരുന്നു. അന്ന് ഒരു ദിനം സത്യവതിയുടെ തോണിയില്‍ കയറിയത്, തപോബലംകൊണ്ട് അനേകം സിദ്ധികള്‍ ആര്‍ജ്ജിച്ചിരുന്ന താപസശ്രേഷ്ഠനായ, മഹര്‍ഷി പരശരമഹര്‍ഷിയായിരുന്നു.
നദിയുടെ മദ്ധ്യഭാഗത്ത് എത്തിയപ്പോഴാണ്, മഹര്‍ഷി സത്യവതിയുടെ  ആകാരഭംഗി ശ്രദ്ധിച്ചത്. ആ ആകാരംഭംഗിയില്‍ മഹര്‍ഷി ഭ്രമിച്ചുപോയി.
മഹര്‍ഷിയായാലും ആശ സഫലമാക്കണമല്ലോ? തന്റെ തപോബലംകൊണ്ട് തോണി പോകുന്നിടം ചെറുദ്വീപാക്കി മാറ്റി. ഇരുകരയിലുമുള്ളവര്‍ ഇവിടെ നടക്കുന്ന 'മഹനീയ'കര്‍മ്മം അറിയാതിരിയ്ക്കാന്‍ ചുറ്റും കനത്ത മുടല്‍മഞ്ഞ് മഹര്‍ഷി സൃഷ്ടിച്ചു.

മഹര്‍ഷിയുടെ തപോബലം കൊണ്ട് കാലഗണന പോലും തകിടംമറിഞ്ഞു.
സത്യവതി ഗര്‍ഭിണിയായി, പുത്രനെ പ്രസവിച്ചു. നിമിഷാര്‍ത്ഥങ്ങള്‍ക്കകം പുത്രന്‍ വലുതായി വ്യാസമഹര്‍ഷിയായി. മാതാവായ സത്യവതിയുടെയും, പിതാവായ പരാശരമഹര്‍ഷിയുടെയും അനുഗ്രഹാശിസ്സുകള്‍ വാങ്ങി, യാത്രമൊഴി ചൊല്ലി പോകുന്നതിനുമുന്‍പ് മാതാവായ സത്യവതിയോട് വ്യാസന്‍ പറഞ്ഞു, ഈ പുത്രനെ കാണാന്‍ അമ്മ എപ്പോള്‍ തീവ്രമായി ആഗ്രഹിക്കുന്നുവോ ആ നിമിഷം ഈ മകന്‍, അമ്മയുടെ സന്നിധിയില്‍ ഉണ്ടാവും!!

തന്റെ അഭിലാഷം പൂര്‍ത്തികരിച്ച് സത്യവതിയെ പരാശരമഹര്‍ഷി ഹൃദയപൂര്‍വ്വം അനുഗ്രഹിച്ചു. മഹര്‍ഷിയുടെ സിദ്ധികള്‍ കൊണ്ട് സത്യവതിയുടെ കന്യകാത്വം തിരിച്ചുകിട്ടുകയും, ആരെയും മോഹിപ്പിക്കുന്ന കസ്തൂരിഗന്ധത്തിന് സത്യവതിയെ ഉടമയാക്കുകയും ചെയ്തു.
കൊട്ടാരത്തിന്റെ പിന്‍തുടര്‍ച്ചാവകാശം ചോദ്യം ചെയ്യപ്പെടുന്ന ഈ വേളയില്‍ തന്റെ പുത്രനായ വ്യാസന്റെ സാന്നിദ്ധ്യം അനിവാര്യമാണെന്ന് സത്യവതിക്ക് മനസ്സിലായി.

തന്റെ പുത്രനായ വിചിത്രവീര്യന്റെ വിധവകളായ അംബികയെയും, അംബാലികയെയും സത്യവതി ഓര്‍ത്തു...
അക്കാലത്ത് രാജകുടുംബങ്ങളില്‍ നിലനിന്നിരുന്ന ഒരു സമ്പ്രദായമായിരുന്നു, പുത്രന്മാരില്ലാതെ രാജാവ് മരണമടയുകയാണെങ്കില്‍, അടുത്ത ബന്ധുവിന്, വിധവയില്‍ സന്താനോത്പാദനം നടത്തുകയും, അതില്‍ നിന്നുണ്ടാകുന്ന പുത്രന്, രാജാവ് ആവുകയും ചെയ്യാമായിരുന്നു.
സത്യവതി പുത്രനായ വ്യാസന്റെ സാന്നിദ്ധ്യം ആഗ്രഹിച്ച വേളയില്‍ തന്നെ, ഏറെ തപോബലമുള്ള വ്യാസമഹര്‍ഷി മാതാവിന്റെ മുന്നില്‍ സന്നിഹിതനായി.

ഹസ്തിനപുരം കൊട്ടാരം അനാഥമാകാതിരിക്കാന്‍, വിധവകളായ അംബികയും, അംബാലികയുമായി സന്താനോല്പാദനത്തില്‍ ഏര്‍പ്പെട്ടു, രാജ്യത്തെ അനാഥത്വത്തില്‍ നിന്ന് രക്ഷിക്കൂ....ഇത് ഈ അമ്മയുടെ അപേക്ഷയാണ്!!

വ്യാസന്‍ എതിര്‍പ്പ് പറഞ്ഞില്ലെങ്കിലും, തന്റെ സന്ദേഹം തുറന്നുപറഞ്ഞു.
അംബികയും, അംബാലികയും യൗവനയുക്തകളായ സുന്ദരികളാണ്. താനോ ജരാനരകള്‍ ബാധിച്ച്, ശുഷ്‌കമായ ആകാരത്തോടുകൂടിയ, വാര്‍ദ്ധക്യത്തിന്റെയും മടുപ്പിക്കുന്ന സന്ന്യാസത്തിന്റെ ഗന്ധവും പോറുന്ന വയോവൃദ്ധന്‍!!

അവര്‍ക്ക് എന്നരികില്‍ അണയാന്‍ താല്പര്യമുണ്ടാവുമോ?
രാജ്യം തന്നെ സത്യവതിയുടെ ആജ്ഞക്കായി ചെവിയോര്‍ക്കവേ, വിധവകളായ അംബികയും അംബാലികയും എങ്ങിനെ എന്റെ ആജ്ഞ ധിക്കരിക്കും?

അപ്രസക്തമല്ലേ മകനേ നിന്റെ സംശയം? നീണ്ട നരച്ച താടിയും, തലയില്‍ ജഡപിടിച്ച മുടിയുമുള്ള വയോവൃദ്ധനായ വ്യാസനരികിലേക്ക് ആനയിക്കപ്പെട്ടപ്പോള്‍ തന്നെ യൗവനയുക്തയും സുന്ദരിയുമായ അംബിക വ്യാസനോടുള്ള വെറുപ്പാല്‍ കണ്ണുകളടച്ചു. അംബാലികയാകട്ടെ വ്യാസന്റെ ദുര്‍ഗന്ധത്തെ സഹ്യമാകുമാറ് ശരീരത്തിലെല്ലാം സുഗന്ധദ്രവ്യങ്ങള്‍ പൂശിയാണ് വ്യാസനരികിലെത്തിയത്.
അപ്പോഴാണ് കൊട്ടാരത്തിലെ ദാസിയെ സത്യവതിയുടെ ശ്രദ്ധയില്‍പ്പെട്ടത്. ദാസിയോടും വ്യാസനരികിലെത്താന്‍ സത്യവതി ആവിശ്യപ്പെട്ടു.
ദാസി അതു കേട്ട് അത്ഭുതപ്പെട്ടു.

പ്രശസ്തവേദപണ്ഡിതമഹര്‍ഷിയുമായി...ആശ്ചര്യം കൊണ്ടും അത്ഭുതംകൊണ്ടും ദാസി നിശ്ചലയായി!!  വീണുകിട്ടിയ അപ്രതീക്ഷിത ദൈവസൗഭാഗ്യത്തെ ആവോളം നുകരാനായി, തുറന്ന ആത്മാവോടും, ഹൃദയത്തോടും, തുടിക്കുന്ന ശരീരത്തോടും കൂടി മന്ദം മന്ദം മഹര്‍ഷിക്കരികില്‍ സന്നിഹിതയായി.

മഹര്‍ഷി ശരീരബന്ധം പുലര്‍ത്താതെ, ദിവ്യാനുഗ്രഹത്തില്‍ മൂവരിലും സന്താനസൗഭാഗ്യം ചെരിഞ്ഞു.
വ്യാസനോടുള്ള വെറുപ്പാല്‍ നയനങ്ങള്‍ കുമ്പി പോയാ അംബികയുടെ പുത്രന്‍ അന്ധനായ ധൃതരാഷ്ട്രരാണ്!

വ്യാസന്റെ  ദുര്‍ഗന്ധത്തെ സഹിക്കുമാറ് ശരീരത്തില്‍ മുഴുവന്‍ സുഗന്ധലേപനങ്ങള്‍ പൂശി വ്യാസനരികിലെത്തിയ അംബാലികയുടെ പുത്രന്‍ ശരീരം മുഴുവന്‍ പാണ്ട് ബാധിച്ച പാണ്ഡുവാണ്!!
ദാസി മേല്‍ ചൊരിഞ്ഞ ദൈവകൃപ എന്ന് ചിന്തിച്ച് വ്യാസനരികില്‍ തുറന്ന ആത്മാവോടും ഹൃദയത്തോടും സമീപിച്ച ദാസിക്കുണ്ടായത് ആരോഗ ദൃഡഗാത്രനും, ബുദ്ധിമാനും, സമര്‍ത്ഥനുമായ വിദുരരാണ്.
ജീവിതം നല്കുന്ന ഈ നിമിഷങ്ങളെ പൂര്‍ണ്ണഹൃദയത്തോടും, തുറന്ന ആത്മാവോടും നമുക്ക് സ്വീകരിക്കാം. അപ്പോള്‍ അടുത്തനിമിഷങ്ങളും സ്വഭാവികമായി സന്തോഷത്തിന്റെയും, ആഹ്ലാദത്തിന്റെയും ആനന്ദത്തിന്റെയും നിമിഷങ്ങളാകും.

ജീവിതത്തിന്റെ തത്രപ്പാടില്‍ വര്‍ത്തമാനകാലങ്ങളില്‍ ജീവിക്കാന്‍ മറന്നുപോകുന്നവരാണ് നാം. രുചിയുള്ള ഒരു ചായ പോലും മനസാന്നിദ്ധ്യത്തോടെ, ആസ്വദിച്ച് കുടിക്കാന്‍ കഴിയാത്ത നാം ആണ് ലക്ഷങ്ങളും, കോടികളും നേടിയെടുക്കാന്‍ അഹോരാത്രം കഷ്ടപ്പെടുന്നത് എന്ന യാഥാര്‍ത്ഥ്യമല്ലേ ജീവിതത്തിലെ ഏറ്റവും വലിയ വൈരുദ്ധ്യം!!

കൊഴിഞ്ഞുപോയ ഇന്നലെകളെ പറ്റി ചിന്തിച്ചോ വരാന്‍ പോകുന്ന നാളെയെപ്പറ്റി ചിന്തിച്ചോ ഈ നിമിഷങ്ങളുടെ പവിത്രതയെ ധന്യതയെ നാം കളങ്കപ്പെടുത്തരുത്. മുന്‍വിധികള്‍ നമ്മുടെ ഹൃദയത്തില്‍ നിന്ന് അടര്‍ന്നു പോകുമ്പോള്‍, ഈ നിമിഷങ്ങളുടെ മനോഹാരിതയില്‍ നമ്മുടെ ഹൃദയം തുടിക്കും. ഈ നിമിഷങ്ങളെ വര്‍ത്തമാനകാലങ്ങളെ, ശാപവാക്കുകള്‍ ഇല്ലാതെ, വിദ്വേഷത്തിന്റെ കറപുരളാതെ, സങ്കല്പവികല്പങ്ങളുടെ നിഴലുകള്‍ പുരളാതെ തുറന്ന ആത്മാവോടെ എതിരേല്‍ക്കാം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ