2013, സെപ്റ്റംബർ 24, ചൊവ്വാഴ്ച

മയില്‍പ്പീലി കനവുകള്‍ 8

സൂസിക്കുട്ടിയുടെ ആജ്ഞയും വിജ്ഞാപനങ്ങളും കേട്ട്, അന്തപ്പനോടൊപ്പം അവന്റെ വസതിയില്‍ നിന്ന് പുറത്ത് കടന്നപ്പോള്‍ എന്റെ കൈകള്‍ തരിച്ചു. അമര്‍ഷത്തോടെ ഞാന്‍ ഓര്‍ത്തു. എന്റെ ഭാര്യയായിരുന്നെങ്കില്‍ ചവിട്ടിക്കൂട്ടി പാണ്ടിപാടത്തെ തോട്ടിലേക്ക് ഒരു ഏറ് കൊടുത്തേനെ!!
അന്തപ്പനോട് അന്ന് ആദ്യമായി എനിക്ക് നീരസം തോന്നി. സൂസിക്കുട്ടിയെ കരണക്കുറ്റിനോക്കി ഒന്നു പൊട്ടിക്കുന്നതിന് പകരം... മാപ്പ് സാക്ഷിയായി... ഒന്നും സംഭവിക്കാതുപോലെ നടക്കുകയാണ്. ഛേയ്... ആണുങ്ങള്‍ക്ക് ഒരു അപവാദമാണ് ഇപ്പോള്‍ അന്തപ്പന്‍. ആണുങ്ങളായാല്‍ അല്പം പൗരഷം വേണ്ടേ?
എന്റെ താളം തെറ്റിയ ചിന്തകള്‍ അന്തപ്പനിറിഞ്ഞോ? അവര്‍ നടത്തം നിറുത്തി എന്റെ മുഖത്ത് സൂക്ഷിച്ചുനോക്കി. അവന്റെ നയനങ്ങളുടെ തീഷ്ണതയില്‍ ''മനസ്സറിയും'' യന്ത്രം ഒളിപ്പിച്ച് വച്ചിരുന്നോ! എന്റെ മനസ്സ് അവന്‍ വായിച്ചെടുത്തതുപോലെ തോന്നി. പതറിയ കാല്‍വയയ്പുകളോടെ അവന്‍ വീണ്ടും നടത്തം ആരംഭിച്ചു. പെട്ടെന്ന് ഉച്ചത്തില്‍ അവന്‍ പറയാനാരംഭിച്ചു. അതേടോ... ഞാനൊരു നാണം കെട്ടവനാണ്..... ആണും പെണ്ണും കെട്ടവന്‍, നട്ടെല്ല് ഇല്ലാത്തവന്‍, ആണുങ്ങള്‍ക്ക് ഒരപവാതം തനിക്കറിയോടൊ എസ്തപ്പാ, ഞാനുണര്‍ന്ന് ഒരാണിനെപ്പോലെ നട്ടെല്ല് നിവര്‍ത്തി പ്രവര്‍ത്തിച്ചാല്‍ എന്റെ കുടുംബം ശിഥിലമാവും, എന്റെ മകള്‍ അനാഥയാവും, ഇല്ല, എനിക്കതിനാവില്ല. ഒരാണിനെപോലെ നെഞ്ച് വിരിച്ച് നടക്കാന്‍ ആഗ്രഹമുണ്ട്. പക്ഷെ അങ്ങനെ നടന്നാല്‍.... എന്റെ മോള്‍...... ..... ........ - ?ആണും പെണ്ണും കെട്ടവനെപോലെയുള്ള ഒരു ജീവിതമെ ഇനി എനിക്കുള്ളു. ആത്മനിന്ദയോടെ അവന്‍ എന്തെക്കെയോ പുലമ്പിക്കൊണ്ടിരുന്നു.
അവനെ എങ്ങിനെ സാന്ത്വനിപ്പിക്കും എന്നറിയാതെ ഞാന്‍ കുഴങ്ങി.
അവന്റെ ശബ്ദം ഇടയ്ക്ക് ഉച്ചത്തിലാവുകയും പെട്ടെന്ന് പിറുപിറുക്കലില്‍ അവസാനിക്കുകയും ചെയ്തു. ''ഞാന്‍ ഒരു നായ ആണ്. കുരയ്ക്കാന്‍ വിസ്മരിച്ച് വാലും ചുരുട്ടി കോലായില്‍ മോങ്ങി ഒതുങ്ങുന്ന നായ്...'' അതുംപറഞ്ഞ് അവന്‍ പെട്ടെന്ന് ഉച്ചത്തില്‍ പൊട്ടിച്ചിരിച്ചു. ഒറ്റ രാത്രിയിലെ കാരാഗ്രഹവാസം അവനെ ഭ്രാന്തനാക്കി എന്ന് എനിക്ക് തോന്നി.
നടന്ന്, നടന്ന് ഞങ്ങള്‍ അപ്പോള്‍ ആല്‍ബര്‍ട്ട് റോഡിലെത്തിയിരുന്നു. റോഡിലെ ഇരുവശത്തുമുള്ള നിരവധി 'പബ്ബു'കളില്‍ ഏതെങ്കിലും ഒന്നില്‍ അഭയംതേടി, എല്ലാ ദുഃഖങ്ങളും മുക്കി കൊല്ലാന്‍ ഞാനാഗ്രഹിച്ചു. ശരിക്കും എനിക്കപ്പോള്‍ ദാഹിക്കുന്നുണ്ടായിരുന്നു. ദാഹജലം കുടിക്കുന്നതിനുള്ള ദാഹം ആയിരുന്നില്ല അത്. മൂക്കറ്റം മദ്യപിക്കാനുള്ള പാരവശ്യം ആയിരുന്നു എനിക്കപ്പോള്‍ അനുഭവപ്പെട്ടത്. മന:സ്സമാധാനത്തോടെ കുടിക്കാന്‍ എന്തെല്ലാം കാരണങ്ങളാണ്' കാരാഗ്രഹം, അന്തപ്പന്റെ വിലാപം, സൂസിക്കുട്ടിയുടെ ഉത്തരവുകള്‍, വിജ്ഞാപനങ്ങള്‍, അങ്ങനെ അങ്ങനെ എന്തെല്ലാം... മന:സ്സമാധാനത്തോടെ കുടിക്കാന്‍ ഇത്രയേറെ കാരണങ്ങള്‍ ഉണ്ടായ ദിനങ്ങള്‍ അപൂര്‍വ്വമായിരുന്നു. ഴൃമ്‌ല റശഴഴലൃ െഎന്ന് ബോര്‍ഡ് വച്ച പബ്ബിനു മുന്നില്‍ ഞാന്‍ നിന്നു. അന്തപ്പനെയുംകൂട്ടി പബ്ബിലേക്ക് കയറാന്‍ ഞാന്‍ തയ്യാറായി.
പക്ഷേ അന്തപ്പന്‍ വിസമ്മതിച്ചു.  എന്നെ അമ്പരപ്പിച്ചത് അന്തപ്പന്റെ വിസമ്മതം മാത്രമല്ല, ഇനി ഒരിക്കലും മദ്യപിക്കില്ല എന്നുള്ള അന്തപ്പന്റെ പ്രഖ്യാപനമായിരുന്നു. അവന്റെ 'സമനിലയെപറ്റി' ഞാന്‍ ആശങ്കാകുലനായി, ഇത്തരം പ്രതികൂല സാഹചര്യങ്ങളില്‍ വയറുനിറയെ മദ്യപിക്കേണ്ടതിന്റെ ആവശ്യകതയെപറ്റി ഞാന്‍ കാര്യമാത്ര പ്രസക്തമായ ഹ്രസ്വ ഭാഷണം നടത്തി, എങ്കിലും  അവന്‍ അതൊന്നും ചെവിക്കൊണ്ടില്ല.
ഇനി ഒരിക്കലും മദ്യപിക്കില്ല എന്നുള്ള ഉഗ്ര ശപഥം അവന്‍ ആവത്തിച്ചുകൊണ്ടിരുന്നു.
എനിക്ക് അപ്പോള്‍ പൊട്ടിക്കരയണമെന്ന് തോന്നി. മദ്യപിക്കാതെ എന്ത് ജീവിതം ആണ് ഇവിടെ ഉള്ളത്? ഒറ്റക്കിരുന്നു കുടിക്കുന്ന ശീലം എനിക്കില്ല. യു.കെ. യില്‍ വന്ന ആദ്യനാളുകളില്‍ പരിചയപ്പെടുന്ന സുഹൃത്തുക്കളുമായി ഇരുന്ന് പാനോത്സവങ്ങള്‍ സംഘടിപ്പിക്കാറുണ്ട്. ചിലര്‍ കുടിച്ചുകഴിഞ്ഞാല്‍ ഭരണിപ്പാട്ട്  പാടും... മറ്റുചിലര്‍ അകാരണമായി അക്രമസക്തരാകും, ചിലര്‍ സുവിശേഷം പ്രസംഗിക്കും, മറ്റുചിലരാകട്ടെ പൊങ്ങച്ചംപറഞ്ഞ് സ്വയം പുകഴ്ത്തി പാടാന്‍ തുടങ്ങും. ഇതിലെല്ലാം മടുപ്പ് തോന്നി കുടിനിറുത്താന്‍ നിര്‍ബന്ധിതനായിരിക്കവെയാണ് അന്തപ്പനുമായി പരിചയപ്പെടുന്നത്. അന്തപ്പന്‍ മറ്റുള്ളവരെപോലെയായിരുന്നില്ല. അല്പമേ കുടിക്കൂ, അല്പം ഒന്നു മിനുങ്ങികഴിഞ്ഞാല്‍ പിന്നെ മിക്കവാറും കവിതാലാപനമാണ്, ചങ്ങമ്പുഴയുടെ രമണന്‍ ഹൃദിസ്ഥമാണ്, വൈലോപ്പിള്ളിയുടെയും, ജി. ശങ്കരകുറിപ്പിന്റെയും കവിതകള്‍ അവന്‍ പാടുമ്പോള്‍ പലപ്പോഴും എന്റെ കണ്ണുകള്‍ നിറയാറുണ്ട്. ചിലപ്പോള്‍ ശാന്തനായി കഴിഞ്ഞകാലകഥകള്‍ അവന്‍ അയവിറക്കുമ്പോള്‍, എന്റെ ഹൃദയം ആര്‍ദ്രമാകാറുണ്ട്. കൊഴിഞ്ഞുപോയ മോഹന കാലങ്ങളിലെ പ്രഭമങ്ങാത്ത അനുവങ്ങള്‍ അവന്റെ കഥനങ്ങളിലൂടെ ഉയര്‍ത്ത് എഴുന്നേല്‍ക്കുന്നതായി തോന്നാറുണ്ട്. അവനോടൊപ്പം ഇരുന്നേ ഞാന്‍ മദ്യപിക്കാറുള്ളു. ആ അന്തപ്പനാണിപ്പോള്‍ എന്റെ വെള്ളം കുടി മുട്ടിച്ചുകൊണ്ട്, ഇനി ഒരിക്കലും മദ്യപിക്കില്ല എന്ന് പ്രഖ്യാപിക്കുന്നത്!! എങ്ങിനെ ഞാന്‍ കരയാതിരിക്കും?
എന്റെ ദയനീയാവസ്ഥാ മനസ്സിലാക്കിയിട്ടാവും അന്തപ്പന്‍ എന്നെ സാന്ത്വനിപ്പിച്ചു.
''എടോ എസ്തപ്പാ താന്‍ പാമ്പ് വേലായുധനെപ്പറ്റി കേട്ടിട്ടുണ്ടോ? ദിനരാത്രങ്ങള്‍ വിഷപാമ്പുകളോടൊപ്പം ചിലവഴിച്ച പാമ്പുവേലായുധനെപ്പറ്റി....
എണ്ണമറ്റ ഉഗ്രവിഷമുള്ള പാമ്പുകളോടൊപ്പം ചില്ലുകൂട്ടില്‍ വേലായുധന്‍ ശ്രദ്ധയോടെ കഴിഞ്ഞു!! അശ്രദ്ധയോടെയുള്ള ഒരു ചലനം മതി, ഉഗ്രവിഷമുള്ള  പാമ്പുകള്‍ പത്തിവിടര്‍ത്തി വേലായുധനെ കൊത്തും!! അതീവ ജാഗ്രതയായിരുന്നു അപ്പോള്‍ വേലായുധന്റെ കൂടപിറപ്പ്... ജാഗ്രതനഷ്ടപ്പെട്ടാല്‍... മരണം സുനിശ്ചിതം!! എന്റെ ശിഷ്ടകാലം ഇനി അതുപോലെ ഉഗ്രവിഷമുള്ള ഒരു ജീവിയോടൊപ്പം ആണ്; മദ്യപിച്ച് ഞാനറിയാതെ ഒന്ന് ഗര്‍ജ്ജിച്ചുപോയാല്‍ എല്ലാം അവസാനിക്കും, ചീട്ട് കൊട്ടാരം പോലെ എല്ലാം തകര്‍ന്നടിയും.... എന്നെ അനുവദിക്കു എസ്തപ്പാ.... ശിഷ്ടകാലം മദ്യത്തില്‍ സ്വയം വിസ്മരിക്കാതിരിക്കാന്‍.......
ആ ഒറ്റ ദിവസത്തെ കാരാഗ്രഹവാസം അന്തപ്പനെ മാറ്റിമറിച്ചു. അവന്‍ പിന്ന മദ്യപിച്ചിട്ടില്ല. ക്ലീന്‍ ഷേവ് ആയിരുന്ന അന്തപ്പന്റെ മുഖത്ത് താടിരോമങ്ങള്‍ വളര്‍ന്നു. ശബ്ദത്തിലെ തീഷ്ണത നഷ്ടപ്പെട്ടു. വിപ്ലവാശയങ്ങളുടെ പ്രഖ്യാപനങ്ങളില്ല, സ്വപ്നങ്ങളില്ല, നെഞ്ച് വിരിച്ച് ചുറു ചുറുക്കോടെ നടന്നിരുന്ന അന്തപ്പന്‍ ഇപ്പോള്‍ റോഡരികിലൂടെ നടക്കുന്നതു കാണ്ടാല്‍... ഹാ കഷ്ടം.... ചിന്താഭാരത്തോടെ തലയും കുമ്പിട്ടുള്ള ആ നടപ്പ്, നെഞ്ചകം ഉള്ളിലോട്ട് വലിഞ്ഞ് ഒരു ചെറിയ കൂനും ഉണ്ടോ എന്ന് തോന്നിപ്പോകും.
അങ്ങനെ ഗര്‍ജ്ജിച്ചിരുന്ന സിംഹം മോങ്ങുന്ന ഒരു പൂച്ചക്കുട്ടിയായി മാറി.
അവന്‍ ഒതുങ്ങി. സൂസിക്കുട്ടി അവനെ ഒതുക്കി എന്നു പറയുന്നതല്ലേ ശരി.
അന്തപ്പന് മാനാസ്സാന്തരം സംഭവിച്ചുവെന്ന് ലോകം വിധി എഴുതി !
സൂസിക്കുട്ടിയുടെ പ്രാര്‍ത്ഥനയുടെ ഫലമാണിതെന്ന് സ്വയം പഖ്യാപിത സഹോദര പ്രഭുക്കന്‍മാര്‍ പാട്ടുപാടിയും കൈകൊട്ടിയും പറഞ്ഞു നടന്നു.
ഒരു പ്രശസ്തനായ ധ്യാന ഗുരു നയിച്ച കുടുംബ നവീകരണ ധ്യാനത്തിന്റെ പരിസമാപ്തിയില്‍, സൂസിക്കുട്ടി ഉച്ചത്തില്‍ അത് സാക്ഷ്യപ്പെടുത്തി...
എന്റെ ഭര്‍ത്താവ്... അന്തപ്പന്‍ മദ്യപാനിയായിരുന്നു... എന്നെ മര്‍ദ്ദിക്കുന്നതില്‍ ആനന്ദം കണ്ടിരുന്നു... നിയമപാലകരാല്‍ ചോദ്യം ചെയ്യപ്പെട്ട കാപാലികനായിരുന്നു... വിജാതിയരെ വായിച്ച് വിചിത്രമായ സങ്കല്പ വികല്പങ്ങളില്‍ ലയിച്ചിരുന്നു....
എന്നാല്‍ ഇന്ന് അദ്ദേഹം മദ്യപിക്കുന്നില്ല!
എന്നെ മര്‍ദ്ദിക്കുന്നില്ല'
വിജാതിയരേ വായിക്കുന്നില്ല'
അനുസരണയുള്ള ഒരു പൂച്ചകുട്ടിയെപ്പോലെ അദ്ദേഹം ഒതുങ്ങി കഴിയുന്നു.... എല്ലാത്തിനും നന്ദി.
എന്നാല്‍ അദ്ദേഹത്തെ നിഴല്‍പ്പോലെ പിന്‍തുടരുന്ന ദുഷ്ടനായ ഒരു സുഹൃത്ത് എന്ന് പറയുന്ന സാത്താനുണ്ട്. മാനസ്സാന്തരം സംഭവിക്കാത്ത അവന്‍ എന്റെ ഭര്‍ത്താവിനെ പഴയ വഴിയിലേക്ക് നയിക്കുമോ എന്ന് ഞാന്‍ ഭയപ്പെടുന്നു. തക്കതായ ഒരു ശിക്ഷ കൊടുത്ത് മാനസാന്തരം അവനില്‍ ഉണ്ടാകുമാറാകണമെന്ന് ഈ അവസരത്തില്‍ പ്രാര്‍ത്ഥിക്കുന്നു....
ആ സാത്താന്‍ ഞാന്‍ ആണോ എന്ന് പലരും എന്നോട് ചോദിച്ചു. സൂസിക്കുട്ടിയുടെ പ്രാര്‍ത്ഥനയാണ്, കരുതലോടെ ഇരിക്കുക എന്ന് മറ്റുചിലര്‍ എനിക്ക് മുന്നറിയിപ്പ് നല്കി.
ആയിടക്ക് ങീീേൃ ംമ്യയിലൂടെ കാറുമായി പറക്കുമ്പോള്‍ ദൈവ വിശ്വാസിയാണോ? അല്ലയോ? എന്നുള്ള ചോദ്യത്തിന് ഉത്തരം പറയാനറിയാത്ത ഞാന്‍, എന്റെ കര്‍ത്താവെ, എന്റെ ദൈവമേ എന്ന് ഉരുവിട്ടുകൊണ്ടിരുന്നു. പക്ഷേ മനുഷ്യര്‍ പലതും മറന്നുപോയാലും കാലം ചിലത് മറക്കില്ല. കാലം അതിന്റെ കനത്ത കരം കൊണ്ട് ഒന്നു പിടയ്ക്കും, അങ്ങനെ ഒന്ന് സൂസിക്കുട്ടിക്കും സംഭവിച്ചു.
മോള്‍ തര്‍ക്കുത്തരം പറഞ്ഞു എന്നതിനാലാണ് സൂസിക്കുട്ടി കൈയ്യോങ്ങി മോളുടെ മുഖത്ത് ഒന്നു തലോടിയത്. സൂസിക്കുട്ടിയുടെ കൈവിരല്‍പാടുകള്‍, മോളുടെ മുഖത്ത് ചുവന്ന് തുടുത്ത്  ആ തലോടല്‍ അടയാളപ്പെടുത്തി!!
സൂസിക്കുട്ടിയുടെ പുന്നാരമോളല്ലേ 999 എന്ന മഹാ മന്ത്രോച്ചാരണം മോളും ഹൃദിസ്ഥമാക്കിയിരുന്നു!!
സൂസിക്കുട്ടിയുടെ ചുറ്റും നിയമപാലകര്‍, ീെരശമഹ ലെൃ്ശരലകൊര്‍, അന്വേഷണം... ചോദ്യം ചെയ്യല്‍....
പോലീസ്റ്റേഷനില്‍വച്ച് മണിക്കൂറുകളോളം നീണ്ടു നിന്ന ചോദ്യം ചെയ്യലിനൊടുവില്‍ വ്യവസ്ഥകളോടും, ഉപാധികളോടുംകൂടിയായിരുന്നു സൂസിക്കുട്ടിയെ റിലീസ് ചെയ്തത്.
വിധിവൈപരിത്യം, പൊട്ടിക്കരഞ്ഞ് അന്തപ്പന്റെ തോളില്‍ തൂങ്ങി പോലീസ് സ്റ്റേഷനില്‍ നിന്ന് ഇറങ്ങിവന്ന സൂസിക്കുട്ടിയെ എന്റെ കാറിന്റെ പിറകിലെ വാതില്‍ തുറന്ന് പിടിച്ച് ഞാന്‍ സ്വീകരിച്ചു. അന്തപ്പന്‍ സൂസിക്കുട്ടിയെ ആവുന്നവിധത്തില്‍ സാന്ത്വനിപ്പിക്കാന്‍ ശ്രമിച്ചു.
ഉച്ചത്തിലുള്ള സൂസിക്കുട്ടിയുടെ വിലാപത്തിലും സൂസിക്കുട്ടി പറയുന്നുണ്ടായിരുന്നു, ''എന്നാലും എന്റെ മോള്‍  എന്നോട് ഇത് ചെയ്തല്ലോ?''
ഞാന്‍ ശബ്ദമില്ലാതെ പൊട്ടിച്ചിരിച്ച അപൂര്‍വ്വ നിമിഷങ്ങള്‍ പക്ഷേ എന്റെ മകനും 999 എന്ന മന്ത്രോച്ഛാരണം അറിയാം എന്ന് ഒരു ഞെട്ടലോടെ ഞാന്‍ ഓര്‍ത്തു. എന്റെ ചിരി ആധിയായി മാറി.
കളഭം തരാം ഭഗവാന്, എന്‍
മനസ്സും തരാം.... എന്റെ മൊബൈലില്‍ നിന്ന് സംഗീതം ഉണര്‍ന്നു.
ജോര്‍ജ്ജുകുട്ടിയാണ്.
''എടോ എസ്തപ്പാ താന്‍ ഇപ്പോള്‍ എവിടെയാണ്?
തന്റെ കൂട്ടുകാരന്‍ ആ പെണ്ണ്പിടിയന്‍ അന്തപ്പനെ കണ്ടോ?''
എനിക്ക് ശരിക്കും ദേഷ്യം വന്നു. തനിക്ക് വേറൊന്നും ചിന്തിക്കാനും പറയാനും ഇല്ലെങ്കില്‍ സൗത്ത്‌സീയില്‍ ചെന്ന് കടലില്‍ ചാടി ചാവടോ.''
അതും പറഞ്ഞ് ഞാന്‍ ഫോണ്‍ പെട്ടെന്ന് കട്ട് ചെയ്തു. റോഡിലെ ട്രാഫിക് കുരുക്ക് അയഞ്ഞു തുടങ്ങി. ഞാന്‍ ആശ്വാസത്തോടെ നെടുവീര്‍പ്പിട്ടു. അന്തപ്പന്‍ ശാന്തനായി ശ്രദ്ധയോടെ രാജിയുടെ വസതി ലക്ഷ്യമാക്കി കാറ് ഓടിച്ചു.
(തുടരും..)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ