2013, സെപ്റ്റംബർ 10, ചൊവ്വാഴ്ച

മതം



കുരിശ് മരണവും ഉദ്ധാനവും ജീവിതത്തില്‍ അനുഭവിച്ചറിഞ്ഞവരാണ് നാം
 പ്രവാസിമലയാളികള്‍. പക്ഷേ ആ ഉള്‍ക്കാഴ്ച അനുധാവനം ചെയ്യുന്നതില്‍ വിമുഖത കാണിക്കുന്നവരാണ് നാം . നാംഅഭിമുഖീകരിക്കുന്ന എല്ലാ വിധത്തിലുമുള്ള വൈകാരിക പ്രക്ഷുബ്ധാവസ്ഥയ്ക്കും നിദാനം ആയിരിക്കുന്നത്. ജനിച്ചുവളര്‍ന്ന വീടിന്റെയും, നാടിന്റെയും, ജന്മം നല്‍കിയ മാതാപിതാക്കളുടെയും, ബന്ധുമിത്രാദികളുടെയും സുരക്ഷിത വലയത്തില്‍ നിന്ന് പ്രവാസ ജീവിതത്തിന്റെ അനിശ്ചിതത്വത്തിലേക്കും യാദൃശ്ചിതകളിലേക്കും അനിവാര്യംായ ഭാണ്ഡവും പേറി പ്രയാണം തുടങ്ങിയവരാണ് നാം.
ഈ പ്രയാണം നമ്മെ ഓര്‍മ്മിപ്പിക്കുന്നത് വാഗ്ദത്ത ഭൂമിയിലേക്കുള്ള ഇസ്രായേല്‍ ജനതയുടെ മോശയുടെ് നേതൃത്വത്തിലുള്ള ഐതിഹാസിക പാലായനമാണ്.
ഇസ്രായേല്‍ ജനത വാഗ്ദത്ത ഭൂമി കണ്ടെത്തിയോ? ഇന്ന് നാം എല്ലാവിധത്തിലുള്ള സുഖസമൃദ്ധിയുടെ നടുവിലിരിക്കുമ്പോഴും, നാം തേടിവന്ന വാഗ്ദത്ത ഭൂമി അങ്ങ് അകലെ ഒരു മരീചികയായി അനുഭവപ്പെടുന്നത് എന്തുകൊണ്ട്?
പ്രകൃതിയുടെ സംശുദ്ധമായ താളലയങ്ങളെപ്പറ്റി നാം അവബോധമുള്ളവരാകുമ്പോള്‍ നാം തിരിച്ചറിയുന്നു, ചുറ്റും പറുദീസ തുല്യമായ ജീവിതം, അതിന്റെ എല്ലാവിധ മനോഹാരിതയോടും, ശോഭയോടും കൂടി നിറഞ്ഞു തുളുമ്പുകയാണെന്ന്.
എന്നാല്‍ നാം മര്‍ത്യര്‍, വാക്കുകള്‍ കൊണ്ട്, ആയുധംകൊണ്ട്, ബോംബുകള്‍കൊണ്ട്, തോക്കുകള്‍കൊണ്ട്, വാള്‍കൊണ്ട് ഭൂമിയെ രക്തപങ്കിലമാക്കുകയാണ്. വിദ്വേഷത്തിന്റെ കാര്‍മേഖങ്ങള്‍ ഭീതിജനകമാംവിധം ചുറ്റും ഉരുണ്ട്കൂടുകയാണ്. പറുദീസ നഷ്ടം ഒരു തുടര്‍ക്കഥയാവുകയാണ്.
പറുദീസയില്‍ ആദവും ഹവ്വയും സന്തുഷ്ടരായിരുന്നു. കൊഴിഞ്ഞുപോയ ഇന്നലെകളെ ഓര്‍ത്ത് അവര്‍ദുഃഖിതരായിരുന്നില്ല. വരാന്‍പോകുന്ന നാളയെക്കുറിച്ച് ഓര്‍ത്ത് ഉല്‍ക്കണ്ഠാകുലരും ആയിരുന്നില്ല. കാലം ഘനീഭവിച്ചിരുന്ന ആ വേളകളില്‍ ജീവിതം അതിന്റെ പൂര്‍ണ്ണതയില്‍ നിറഞ്ഞിരുന്നു. സന്തുഷ്ടിയുടെ പരിപൂര്‍ണ്ണമായ ലയവിന്യാസവേളകള്‍!
ഏത് പ്രതിലോമ ശക്തികളാണ് എന്തൊക്കെയോ ആക്കിത്തീര്‍ക്കാമെന്ന മോഹം അവരില്‍ ഉണര്‍ത്തിയത്. ആ അന്ധകാര ശക്തികള്‍ ഇന്നും നാമും എന്തൊക്കെയോ ആക്കിത്തീര്‍ക്കമെന്ന വാഗ്ദാനങ്ങളുമായി അനുദിനം, അനുനിമിഷം വേട്ടയാടുകയാണ്.
വാഗ്ദാന പെരുമഴകളെ അനുധാനം ചെയ്യുന്നതാണ് ജീവിതം എന്ന് നാം തെറ്റിദ്ധരിച്ചിരിക്കുന്നു. അപ്പോള്‍ പണയം വയ്ക്കപ്പെടുന്നത്, നമ്മുടെ ഹൃദയത്തിന്റെ സ്വതസിദ്ധമായ ആനന്ദമാണ്, സ്‌നേഹമാണ്. നഷ്ടപ്പെടുന്ന ആനന്ദത്തെ തിരിച്ചുപിടിക്കാനുള്ള അന്വേഷണമായി, പ്രയാണമായി ജീവിതം മാറുന്നു. ആ വിശാലമായ അര്‍ത്ഥത്തില്‍ ഓരോ പ്രവാസിയും സത്യാന്വേഷകരാണ്.
അന്യവത്ക്കരിക്കപ്പെട്ട ഉണ്മയെ തേടിയുള്ള സത്യത്തെ തേടിയുള്ള അന്വേഷണമായി മാറുന്നു ജീവിതം. ബാഹ്യതലത്തില്‍ സുഖ സമൃദ്ധിയിലേക്കുള്ള പാതയാണ് അവന്‍ തേടുന്നത് എന്ന് തോന്നാമെങ്കിലും, ആ്‌രന്തരിക തലത്തില്‍ നഷ്ടപ്പെട്ട സ്വന്തം ഉണ്മയെ പുല്‍കാനുള്ള വെമ്പവാണ് അവന് ഈ പ്രയാണം. വിശപ്പിന്റെ, ദാഹത്തിന്റെ, തിരസ്‌ക്കാരങ്ങളുടെ, ഒറ്റപ്പെടലുകളുടെ, ഭയാശങ്കകളുടെ, അവഗണനയുടെ, വഞ്ചനയുടെ, പീഡനകങ്ങളുടെ, മഹാസമുദ്രങ്ങള്‍ കടന്ന്, വന്‍കരകള്‍ താണ്ടി, കരയ്ക്കണയുന്ന ഒരു യഥാര്‍ത്ഥ പ്രവാസി തിരിച്ചറിവിന്റെ, ഉള്‍ക്കാഴ്ചയുടെ തീരത്താണ് എത്തിച്ചേരുന്നത്.
തീവ്ര യാതനകളാകുന്ന അഗ്നികുണ്ഠങ്ങളിലൂടെ കടന്നുപോയ ഓരോ പ്രവാസിയുടെയും ഞാനെന്നുള്ള ഭാവം ഉരുകി ഒലിച്ച് ഇല്ലാതാവുകയും, തല്‍സ്ഥാനത്ത് നിത്യതയുടെ സ്പനന്ദനങ്ങള്‍ ഉടലെടുക്കുകയും ചെയ്യുന്നു. നിത്യമാം സ്‌നേഹത്തിന്‍ ഉറവയാണ് അത്. സ്വയം നഷ്ടപ്പെടാതെ സ്‌നേഹം നമ്മുടെ ഹൃദയത്തില്‍ ഉദയം ചെയ്യില്ല. മരണവും ഉത്ഥാനവും ആണത്. സ്വയം കേന്ദ്രീകൃതമായ ചിന്തകളുടെ പ്രവര്‍ത്തനമാണ് ദുഃഖത്തിന്റെ നീര്‍ചുഴികളിലേക്ക് നമ്മെ എത്തിക്കുന്നത്. നാം അനുദിനം അനുഭവിക്കുന്ന ദുഃഖങ്ങളെയും യാതനകളെയും ഉള്‍ക്കാഴ്ചയോടെ അനുധാവനം ചെയ്യുമ്പോള്‍, നാം എത്തിച്ചേരുന്നത്, സ്‌നേഹത്തിന്റെ വാടാമലരുകള്‍ വിരിയുന്ന നിത്യ വസന്ത ഭൂവിലാണ്. കുരിശ് മരണവും ഉത്ഥാനവും നമ്മുടെ മാര്‍ഗ്ഗവും പ്രകാശവുമാകുന്നത് അങ്ങനെയാണ്.
നമുക്ക് അടിയന്തിരമായി വേണ്ടത് രാജ്യമല്ല, സ്വര്‍ഗ്ഗരാജ്യമല്ല, സമത്വസുന്ദര േോകവുമല്ല, നൈമിഷിക സുഖങ്ങളുടെ പുറകെയുള്ള പരക്കംപാച്ചിലുകളും അല്ല, ഇവയിലെല്ലാം എന്തൊക്കെയോ ആക്കിത്തീര്‍ക്കാമെന്ന വാഗ്ദാനങ്ങളുമയാി സമീപിക്കുന്ന പ്രതിലോമ ശക്തിയുടെ കറുത്തകരങ്ങളാണ്. അവയെ പിന്‍തുടരുമ്പോള്‍ ഭയാശങ്കകള്‍ നമ്മെ പിടികൂടും. ഈ ബാഹ്യപ്രപ്ഞ്ചത്തെ അനുഭവവേദ്യമാക്കുന്നത് ഉള്ളിലുള്ള ബോധമാണ്, ഉണ്മയാണ്, ചൈതന്യമാണ്. പ്രപഞ്ചം മുഴുവന്‍ നിറഞ്ഞുനില്‍ക്കുന്ന ചൈതന്യമാണ് നമ്മുടെ ശരീരത്തെ ചേതനയുള്ളതായി നിലനിര്‍ത്തുന്നതും.
ഒരു കഥയുണ്ട്. ഒരിക്കല്‍ അന്വേഷകനും ബുദ്ധിമാനുമായ ഒരു മത്സ്യത്തിന് ഒരു സംശയം എന്താണ് ജലം എന്ന്? മത്സ്യം അന്വേഷണം ആരംഭിച്ചു. ജലത്തെപ്പറ്റി എഴുതപ്പെട്ടിട്ടുള്ള അനേകം പുസ്തകങ്ങള്‍ വായിച്ചു ജലത്തെപ്പറ്റി സന്യാസിമാരും, ശ്രേഷ്ഠ മത്സ്യ പണ്ഡിതരുമായി ചര്‍ച്ച ചെയ്തു. അതില്‍ നിന്നെല്ലാം മത്സ്യത്തിന്  ഒരു കാര്യം മനസ്സിലായി ജലം സര്‍വ്വത്ര നിറഞ്ഞിരിക്കുന്നു ജലം ഇല്ലാതെ മത്സ്യങ്ങള്‍ക്ക് ജീവിക്കാനാവില്ല. ഈ ഭയാശങ്കകളില്‍ നിന്ന് ജലത്തെ കല്ലിന്റെ രൂപത്തില്‍ പ്രതിഷ്ഠിച്ച് പൂജിക്കുന്ന മത്സ്യകൂട്ടങ്ങളെയും കണ്ടു.
മറ്റ് വിശുദ്ധരായ മത്സ്യങ്ങള്‍ വെള്ളം വരണമേ എന്ന്  വാദ്യഉപകരണങ്ങളുടെ സഹായത്തോടെ അത്യുച്ചത്തില്‍ പ്രാര്‍ത്ഥിക്കുൂന്നതും കണ്ടു. പക്ഷെ അന്വേഷകനായ മത്സ്യത്തിന് ആ സംശയം അവശേഷിച്ചു എന്താണ് ജലം?
ഒരു ദിവസം അപ്രതീക്ഷിതമായി കാറ്റിന്‍ കരങ്ങളാല്‍ ഉയര്‍ത്തപ്പെട്ട ഓളങ്ങളിലമര്‍ന്ന് അന്വേഷകനായ മത്സ്യം കരയിലേക്ക് തെറിച്ചുവീണു. ജീവശ്വാസത്തിനായി ആ മത്സ്യം കരയില്‍ കിടന്നു പിടഞ്ഞു അപ്പോള്‍ അതിന് മനസ്സിലായി, മരണം എന്താണെന്ന്, ജലം എന്താണെന്ന്, ഉത്ഥാനം എന്താണെന്ന്. വീണ്ടും ജലത്തിലകപ്പെടാന്‍ ഭാഗ്യം സിദ്ധിച്ച ആ മത്സ്യത്തിന്റെ എല്ലാ അന്വേഷണങ്ങളും അവസാനിച്ചു പിന്നീട് ആ മത്സ്യത്തിന്റെ ഹൃദയത്തില്‍ ഒന്നു മാത്രമേ ഉണ്ടായിരുന്നുള്ളു. കൃതജ്ഞത കൃതജ്ഞതമാത്രം! സൃഷ്ടാവിനോടും, സഹജീവികളോടും കൃതജ്ഞതയും സ്‌നേഹവും മാത്രം.
ആന്റണി ജോസ്‌

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ