2013, സെപ്റ്റംബർ 24, ചൊവ്വാഴ്ച

മയില്‍പ്പീലി കനവുകള്‍ 2

വൈകിട്ട് അപ്പനൊരുമ്മിച്ച് അത്താഴം കഴിയ്ക്കുമ്പോഴായിരുന്നൂ, അമ്മ എന്നെ പറ്റിയുള്ള പരാതിപ്പെട്ടി തുറന്നത്.
ഇന്ന് രാവിലെ ഇവന്‍ സ്‌കൂളിലേക്ക് പോയതാണ്. ഉടനെ തിരിച്ചുവന്നൂ. ഒന്നും പറയാതെ, മിണ്ടാതെ, ഒന്നും എടുക്കാതെ അടുക്കള ഭാഗത്തു കൂടി അകത്ത് കടന്ന്, മുന്‍വശത്ത് കൂടി ഇറങ്ങി ഒരു പോക്ക്.....എന്തുപറ്റി മോനെ എന്ന് ചോദിച്ചതിന് ഒന്നും ഉരിയാടാതെയുളള ഒരു നടത്തം...!!
വിചിത്രസ്വഭാവം തന്നെ.

അപ്പന്‍ എന്നെ ഒന്ന് ഇരുത്തി നോക്കി.
ഉള്ളിലൊരു കത്തല്‍.
എല്ലാം ഇപ്പോള്‍ പറയേണ്ടിവരും.
പഠിക്കാത്തതില്‍ അടി കിട്ടുന്നത്, മുന്‍വശം അടുക്കളവശം എല്ലാം ഇപ്പോള്‍ പൊളിയും....

''അത്താഴസമയത്ത് വിചാരണ വേണ്ട?''
അപ്പന്റെ ഉറച്ച വാക്കുകളില്‍ അമ്മ പരുങ്ങി.
ഞാനും അമ്മയും തമ്മിലുള്ള ശീതസമരത്തില്‍ അപ്പനെ കക്ഷിയാക്കാമെന്ന അമ്മയുടെ നിഗൂഢ ഉദ്ദേശ്യം പാളിയതിലുള്ള ദേഷ്യത്തോടെ അമ്മ എന്നെ കടുപ്പിച്ച് ഒന്ന് നോക്കി.

അപ്പന്റെ അടുത്തേക്ക് ഞാന്‍ കുറച്ചുകൂടി ചേര്‍ന്ന് ഇരുന്നു, എന്തോ എനിക്ക് അപ്പനോട് വല്ലാത്ത സ്‌നേഹം തോന്നി.
അപ്പന്‍ അകലെ സിറ്റിയില്‍ വര്‍ക്ക്‌ഷോപ്പ് നടത്തുകയാണ്.
വല്ലപ്പോഴുമേ വീട്ടില്‍ വരാറുള്ളൂ.

ഉള്ള സമയം സമാധാനത്തോടും ആഹ്ലാദത്തോടും ചിലവഴിക്കണം എന്ന് കരുതിയിട്ടാവാം.
''ഒന്നേ ഉള്ളുവെങ്കില്‍ ഉലക്ക കൊണ്ടടിക്കണം. എന്ന അമ്മയുടെ ശ്രുതിവാണി അപ്പന്‍ ചെവി കൊള്ളാറില്ല.
എങ്കിലും ചില സന്ദര്‍ഭങ്ങളില്‍ അപ്പന്‍ എന്നെ വിചാരണ ചെയ്യാറുണ്ട്.  ചായിപ്പിന്റെ മൂലയ്ക്ക് 'പ്രതിഷ്ഠി'ച്ചിരിക്കുന്ന ചൂരല്‍ കൊണ്ട് ശിക്ഷിക്കാറുമുണ്ട്.

ഇന്ന് രക്ഷപ്പെട്ടത് ഭാഗ്യമായി.
ഇപ്പോള്‍ എനിക്ക് സ്‌കൂളില്‍ പോകുന്നതിന് ഒരു മടിയുമില്ല. അടിയില്‍നിന്ന് രക്ഷപ്പെടുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തിയിരുന്നല്ലോ.
നിര്‍ഭാഗ്യവാന്‍മാരായ അണ്ണാന്‍ അനിലിനും, ജോമോനും അടി കിട്ടുന്നത് കാണുമ്പോള്‍ എനിക്ക് മനപ്രയാസം വരും. ഞാന്‍ അവരോട് സ്വകാര്യമായി നിര്‍ദ്ദേശിച്ചു.

''സ്‌കൂളിലേക്ക് രാവിലെ വരുമ്പോള്‍ മുന്‍വശത്തുകൂടി വരാന്‍''
അവര്‍ ഒന്നും മനസ്സിലാകാതെ എന്നെ മിഴിച്ചുനോക്കി. ഞാന്‍ അധികം വിശദീകരിക്കാന്‍ പോയില്ല.
എന്റെ സൂത്രവാക്യം അങ്ങാടി പാട്ടാക്കാന്‍ ഞാനപ്പോള്‍ ആഗ്രഹിച്ചില്ല.
പക്ഷേ നിര്‍ഭാഗ്യത്തിന് അടിയെപ്പറ്റിയുള്ള എന്റെ ആ വിശ്വാസപ്രമാണങ്ങള്‍ ഒരു ദിനം കാറ്റില്‍ പറന്നുപോയി.

ലതയുടെ ചെരിപ്പായിരുന്നു അതിന് കാരണം ഞങ്ങള്‍ കുട്ടികളാരും അന്ന് ചെരിപ്പ് ധരിച്ചിരുന്നില്ല. മണ്ണും, കല്ലും, മുള്ളും, പുല്ലും, എല്ലാ നിറഞ്ഞ ഭൂമി ഞങ്ങള്‍ക്ക് പൂമെത്ത വിരച്ച പരവതാനി പോലെയായിരുന്നു. എന്നാല്‍ ആ പവിത്രതയെ കളങ്കപ്പെടുത്തിക്കൊണ്ട് ചെരിപ്പ് ഇട്ടുകൊണ്ടാണ് അന്ന് ലത സ്‌കൂളില്‍ വന്നത്. ചെരിപ്പ് ധരിച്ച ലതയുടെ ഭാവചലനങ്ങളും നടത്തവും ഞങ്ങള്‍ കുട്ടി പട്ടാളത്തെ അലോസരപ്പെടുത്തി.

''ഇവളെന്താ ചെരിപ്പ് ഇട്ട് നടക്കാന്‍ രാജകുമാരിയോ?'' തൊമ്മനായിരുന്നു സംശയം.
ലതയുടെ എറണാകുളത്തുള്ള ആന്റി സമ്മാനിച്ചതാണ് ഈ ചെരിപ്പ്!!
ഏതായാലും ചെരിപ്പ് കിട്ടിയതിനുശേഷം ലതയ്ക്ക് അഹങ്കാരം കൂടി എന്ന് ഞങ്ങള്‍ വിലയിരുത്തി. കുട്ടി പട്ടാളത്തിന്റെ സമത്വസുന്ദരഭാവങ്ങള്‍ക്ക് എതിരായിരുന്നു ചെരിപ്പ്. അഹങ്കാരം കുട്ടി പട്ടാളത്തിന് യോജിച്ചതല്ല. അതുകൊണ്ട് നിരപ്പാക്കല്‍ അനിവാര്യമാണെന്നും, ചെരിപ്പിനെ 'ഉന്മൂലനം' ചെയ്യണമെന്ന തൊമ്മനടക്കമുള്ള ഞങ്ങളുടെ പി.ബി. തീരുമാനത്തിലെത്തി.
ആനിക്കുട്ടിയുടെ അടുത്ത കൂട്ടുകാരിയാണ് ലത.

ഞങ്ങളുടെ തീരുമാനത്തെ പരിഹാസത്തോടെയാണ് ആനിക്കുട്ടി വീക്ഷിച്ചിരുന്നത്. അതുകൊണ്ടുതന്നെ തൊമ്മനടക്കമുള്ളവരുടെ ചെരിപ്പിനെ ഉന്മൂലനം ചെയ്യുക എന്ന തീരുമാനത്തോട് എനിക്ക് യോജിക്കാന്‍ കഴിഞ്ഞില്ല.
എന്റെ വിയോജിപ്പിനെ അവഗണിച്ചുകൊണ്ട് 'ഉന്മൂലന'നീക്കവുമായി അവര്‍ മുന്നോട്ട് പോയി. അവര്‍ സ്ഥിതിഗതികള്‍ സുഷ്മമായി വിലയിരുത്തി.
ലതയ്ക്ക് ചെരിപ്പിട്ട് ഓടിക്കളിക്കാന്‍ വശമില്ല.

കളി മുറുകുമ്പോള്‍ ലത ചെരിപ്പ് ഊരി അടുത്ത മരച്ചുവട്ടില്‍ വയ്ക്കും.
ഈ അവസരം തികച്ചും ഫലപ്രദമാക്കണമെന്ന് തൊമ്മന്‍ നിര്‍ദ്ദേശിച്ചു.
ചെരിപ്പ് എടുത്ത് ഭ്രാന്തന്‍ കുട്ടന്റെ പൊട്ടകിണറ്റില്‍ എറിയുക.
ഈശ്വരാ....ഞാന്‍ വിറച്ചുപോയി.
ഭ്രാന്തന്‍ കുട്ടനും....പൊട്ടകിണറും....ഞങ്ങളുടെ പേടിസ്വപ്നങ്ങളാണ്.
കരയുന്ന കുട്ടികളെ അമ്മമാര്‍ നിശബ്ദരാക്കിയിരുന്നത് ഭ്രാന്തന്‍ കുട്ടന്‍  വരുമെന്ന് പറഞ്ഞിട്ടാണ്!

താടിയും മുടിയും നീട്ടി വളര്‍ത്തിയ ഭീകരരൂപം.
തലയില്‍ എപ്പോഴും ചെമ്പരത്തിപ്പൂവ് ചൂടിയിട്ടുണ്ടാവും.
നാണം മറയ്ക്കാന്‍ അരയില്‍ ഒരു കാവിമുണ്ട് മാത്രം ചുറ്റി നാട് മുഴുവന്‍ അലയുന്ന ഭ്രാന്തന്‍ കുട്ടനെപ്പറ്റി ഒരായിരം കഥകളുണ്ട്. അതിലേറെ കഥകളുണ്ട് അവന്റെ പറമ്പിലെ പൊട്ടകിണറിനും.

പകല്‍ മുഴുവന്‍ കുട്ടിപിശാചുക്കളും, ഭൂതങ്ങളും ഉറങ്ങുന്നത് ആ പൊട്ടകിണറ്റിലാണെത്രെ. ഭ്രാന്തന്‍  കുട്ടന്റെ സഹവാസവും അവരോടൊപ്പമാണ്.
അര്‍ദ്ധരാത്രി പലരും കണ്ടിട്ടുണ്ടത്രെ, തീപന്തം കൊളുത്തി കുട്ടി പിശാചുക്കള്‍, കുട്ടന്റെ പറമ്പിന് ചുറ്റും നടന്നു, നിരനിരയായി കുന്നിറങ്ങി, പാണ്ടിപ്പാടത്തുകൂടെ ജൈത്രയാത്ര നടത്തുന്നത്. ചിലപ്പോള്‍ ഭ്രാന്തന്‍ കുട്ടനും ഉടുതുണിയില്ലാതെ കാട്ടാളവേഷത്തില്‍ അവരോടൊപ്പം ആനന്ദനൃത്തം ആടാറുണ്ടത്രെ. അവരുടെ ആര്‍ത്തട്ടഹാസങ്ങള്‍ ഭീതിജനകം തന്നെ.
ആ പൊട്ടകിണറ്റിലേക്കാണ് ചെരിപ്പ് എറിയാനുള്ള തീരുമാനം.

കാടും പടലും പിടിച്ച് കിടക്കുന്ന കുട്ടന്റെ പറമ്പിലേയ്‌ക്കോ പൊട്ട കിണറിന്റെ അടുത്തേയ്‌ക്കോ പോകുന്ന കാര്യം ചിന്തിക്കാന്‍ പോലും ആരും ധൈര്യപ്പെട്ടില്ല. ഇതിന് പരിഹാരമായാണ് ഞങ്ങളുടെ ഇടയിലുള്ള ഏറ് വീരന്‍ കുഞ്ഞുവര്‍ഗ്ഗീസ് രംഗത്ത് എത്തിയത്.

ഏറിന്റെ ഏത് കാര്യത്തിലും ഉന്നം പിഴയ്ക്കാത്ത അതിവിദഗ്ദ്ധന്‍.
പള്ളിപറമ്പിലെ ആകാശം മുട്ടി നില്ക്കുന്ന മാവില്‍ ഒരൊറ്റ എറിന് 5 മാങ്ങ വീഴ്ത്തിയതിന്, കപ്യാരുടെ കൈയില്‍ നിന്ന് ചൂരല്‍കൊണ്ട് 5 അടി പട്ടം വാങ്ങി പ്രശസ്തനായതാണ് മുയലന്‍ കുഞ്ഞുവര്‍ഗ്ഗീസ്!! കുഞ്ഞുവര്‍ഗ്ഗീസ് ധീരതയോടെ ദൗത്യം ഏറ്റെടുത്തു.

ലതയുടെ ചെരിപ്പ് വഹിച്ചുകൊണ്ട് കുഞ്ഞുവര്‍ഗ്ഗീസ് മുന്നില്‍, അകമ്പടിക്കാരായി,  തൊമ്മനും മറ്റു കൂട്ടുകാരും ഉന്മൂലനദൗത്യവുമായി കുട്ടന്റെ പറമ്പ് ലക്ഷ്യമാക്കി മുന്നേറുന്നത് ഞാന്‍ നോക്കി നിന്നു. ദൗത്യസേനയുടെ കൂസലില്ലാത്ത യാത്ര കണ്ടു ഒരു ഉള്‍ഭയം എന്നെ പിടികൂടി.
ലതയും കൂട്ടുകാരികളും മാവിന്‍ ചുവട്ടില്‍ 'വട്ടപാലം' ചുറ്റി കളിക്കുകയാണ്.
ആനിക്കുട്ടി അല്പം അകന്ന് മാറി എന്നെ തന്നെ നോക്കികൊണ്ടിരിക്കുകയാണ്.
ഞങ്ങളുടെ ഗൂഢനീക്കങ്ങള്‍ അവള്‍ മനസ്സിലാക്കിയത് പോലെ തോന്നി.

അധികം താമസിയാതെ, ക്ലാസ്സില്‍ കയറുന്നതിനുളള ബെല്ലടിക്കുന്നതിന് മുമ്പ് ദൗത്യസേന 'കൃത്യം' നിര്‍വ്വഹിച്ച് ആഹ്ലാദചിത്തരായി തിരിച്ചെത്തി.
കുടുതല്‍ വീറ് മുയലല്‍ കുഞ്ഞുവര്‍ഗ്ഗീസിനുതന്നെ. പീലിപ്പോസിന്റെ പറമ്പിനരികില്‍ നിന്ന് കൊണ്ട് ഒരൊറ്റ ഏറ്, ചെരിപ്പ് രണ്ടും കുട്ടന്റെ പറമ്പിന്റെ മുലയിലുള്ള പൊട്ടകിണറ്റില്‍ തന്നെ പതിച്ചു!
ഏറ് വീരന്‍ കുഞ്ഞുവര്‍ഗ്ഗീസിന്.
എല്ലാവരും ജയ് വിളിച്ചു.
ഏറിയ ആത്മവിശ്വാസത്തോടെ കുഞ്ഞുവര്‍ഗ്ഗീസ് ഉറക്കെ പ്രഖ്യാപിച്ചു.
ഇനി ഞാന്‍ ആകാശത്തുകൂടെ പറന്നുപോകുന്ന വിമാനം കല്ലെറിഞ്ഞ് വീഴ്ത്തും!!

പക്ഷേ കാര്യങ്ങള്‍ തകിടംമറിഞ്ഞത് അപ്രതീക്ഷിതമായിട്ടായിരുന്നു.
എങ്ങിനെയാണ് ആ വാര്‍ത്ത പരന്നതെന്ന് എനിക്കറിയില്ല.
ലതയുടെ ചെരിപ്പ് പൊട്ട കിണറ്റില്‍ എറിഞ്ഞു കളഞ്ഞത് ഞാനാണെന്ന്!!
ലതയുടെ കണ്ണീരോടെയുള്ള പരാതിയില്‍ ബാലന്‍  സാറ് ഉടനെ നടപടി എടുത്തു.

ചോദ്യം ചെയ്യലില്ലാതെ, സാക്ഷി വിസ്താരങ്ങളൊ, വിചാരണകളൊ ഇല്ലാതെ, ഞാന്‍ കുറ്റകാരനായി വിധിക്കപ്പെട്ടു. ബാലന്‍ സാറിന്റെ എണ്ണ പുരട്ടി മിനുക്കിയ ചുരല്‍വടി എത്ര പ്രാവശ്യമാണ് എന്റെ കൈകാലുകളില്‍ പതിച്ചത്!! എണ്ണാന്‍ എനിക്ക് കഴിഞ്ഞില്ല. അടിയുടെ വേദനയാല്‍ പുളയുമ്പോഴും ഞാന്‍ ഓര്‍ക്കാന്‍ ശ്രമിച്ചത്, ഇന്ന് രാവിലെ ഞാന്‍ സ്‌കൂളിലേക്ക് വന്നത്  വീടിന്റെ മുന്‍വശത്തുകൂടി തന്നെയായിരുന്നില്ലേ?
(തുടരും)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ