നമ്മുടെ പല അസ്സോസിയേഷനുകളിലുംഅസംതൃപ്തിയും അസ്വസ്ഥതകളും ഉരുണ്ടുകൂടുന്ന ഈ അവസരത്തില്‍ അവയുടെ കാരണത്തെപ്പറ്റി ചിന്തികുന്നുത് ഉചിതമെന്ന് കരുതുന്നു.
അസ്വസ്ഥരാണെന്ന തിരിച്ചറിവ് തന്നെ സ്വസ്ഥത വീണ്ടെടുക്കാനുള്ള നമ്മുടെ ശ്രമങ്ങളുടെ ഒരു പ്രധാന കാല്‍വയ്പാണ്. സ്വസ്ഥതയെപ്പറ്റി നമുക്ക് നല്ല അവബോധമുള്ളത് കൊണ്ടാണ് അശാന്തിയുടെ പുകപടലങ്ങളെ നാം പെട്ടെന്ന് തിരിച്ചറിയുന്നത്.
നമ്മില്‍ കുടികൊള്ളുന്ന സഹജാവബോധമാണ് ഇത്തരം തിരിച്ചറിവിലേക്ക് നമ്മെ നയനിക്കുന്നത്.
ഈ അസ്വസ്ഥതകളെ നാം എങ്ങിനെ അഭിമുഖീകരിക്കും എന്നുള്ളതാണ് നാം നേരിടുന്ന വര്‍ത്തമാനകാല സാമൂഹിക വെല്ലുവിളികളില്‍ പ്രധാനമായത്. പരസ്പരമുള്ള സൗഹൃദത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും ആയുസ്സ് നിയന്ത്രിക്കുന്നത് നാം ഈ വെല്ലുവിളികളെ ആരോഗ്യകരമായി നേരിടുമ്പോഴാണ്. ജോലികഴിഞ്ഞ് വന്നാല്‍ നേരെ പബ്ബിലേക്കോ ക്ലബ്ബിലേക്കോ ഓടുന്ന ജീവിതരീതിയാണ് നാം പിന്‍തുടരുന്നതെങ്കില്‍ ഇത്തരത്തിലുള്ള ചര്‍ച്ചതന്നെ അപ്രസക്തമാണ്. സാമൂഹികമായ ഇടപെടലുകളുടെ തട്ടും തലോടലും ആവോളം അനുഭവിച്ച് വളര്‍ന്നവരാണ് നാം. നമ്മുടെ ജീവിത ഭാഗോദയങ്ങളില്‍ സാമൂഹികമായ കൂട്ടായ്മ തേനും വയമ്പുമായി വര്‍ത്തിച്ചിട്ടുണ്ട്. അതുകൊണ്ടാണ് നാം എവിടെയായിരുന്നാലും പരസ്പരം കൈകോര്‍ത്ത് ഒരുമയോടെ മുന്നോട്ട് പോകാന്‍ വെമ്പുന്നത്.. മലമുകളില്‍ ഉടലെടുക്കുന്ന ഒരു നീര്‍ച്ചാല് സകല വെല്ലുവിളികളെയും പ്രതിസന്ധികളെയും അതിജീവിച്ച് സമുദ്രത്തില്‍ പതിക്കാന്‍ വെമ്പുന്നപോലെ നാം പരസ്പരം കൈകോര്‍ത്ത് പിടിച്ചുകൊണ്ട് ഐക്യബോധത്തോടെ നാം നേരിടുന്ന ഈ പ്രതിസന്ധിയെ യാഥാര്‍ത്ഥ്യ ബോധത്തോടെ വസ്തുനിഷ്ഠമായി നേരിടാം.
ഒരുകുഞ്ഞിന് ജന്മം നല്‍കുന്നതിനു മുമ്പ് മാതാവ് അനുഭവിക്കുന്ന ഈറ്റുനോവിന് തുല്യമായ യാതനകളാണ് ഇന്ന് പല അസ്സോസിയേഷനുകളിലും സംഘടനകളിലും പ്രകടമാകുന്നത്.
ഒരു സാമൂഹിക പരിണാമ ദശയിലൂടെയാണ് നാം കടന്നുപോകുന്നത്.
ജനാധിപത്യ വ്യവസ്ഥിതിയുടെ അനുരണന ഭാവങ്ങളോടെയാണ് നമ്മുടെ അസ്സോസിയേഷനുകളും സംഘടനകളും രൂപംകൊണ്ടിരിക്കുന്നത്.
ഏറ്റവും മോശമായ ഭരണ വ്യവസ്ഥിതികളില്‍ നല്ലത് എന്നുമാത്രമേ ജനാധിപത്യ രീതികളെ രാഷ്ട്രീയ ചിന്തകര്‍ വിലയിരുത്തുന്നുള്ളു. ജനാധിപത്യ രീതികളുടെ പരിമിതികളാണ് അതിന് അടിസ്ഥാനം. നമുക്ക് എല്ലാവര്‍ക്കും അറിവുള്ളതുപോലെ തന്നെ, ജനാധിപത്യവ്യവസ്ഥിതിയില്‍, സത്യത്തെ കുരിശിലേറ്റുകയും, ബറാബാസിനെ വിട്ടുകൊടുക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ ഉണ്ടാകാറുണ്ട്. അനുദിനം ഉണ്ടാകുന്ന രാഷ്ട്രീയ സാമൂഹിക രംഗങ്ങളിലെ സംഭവവികാസങ്ങള്‍ വില്‍ചൂണ്ടുന്നത് ഈ വൈരുദ്ധ്യത്തിലേക്കാണ്. ജീവിതം മുഴുവന്‍ ഇത്തരം വൈരുദ്ധ്യങ്ങളുടെ ഒരു നീണ്ട ഘോഷയാത്രയാണ്. നമ്മുടെ വ്യക്തിജീവിതത്തിലും കുടുംബജീവിതത്തിലും സാമൂഹിക ജീവിതത്തിലും ഇത്തരം വൈരുദ്ധ്യങ്ങളെ നേരിടാന്‍ നാം വിധിക്കപ്പെട്ടിരിക്കുന്നു. ഇത്തരം വൈരുദ്ധ്യങ്ങളെ സമചിത്തതയോടെ നേരിടുമ്പോഴാണ് നമ്മില്‍ കുടികൊള്ളുന്ന മനുഷ്യത്വം ഉജ്വലമാകുന്നത്.
ജനാധിപത്യത്തില്‍ ഏറ്റവും മഹത്തരം എന്നു പറയാവുന്നത് ബഹുഭൂരിപക്ഷത്തിന്റെ തീരുമാനങ്ങള്‍ മാനിക്കപ്പെടുന്നു എന്നുള്ളതാണ്. ബഹുഭൂരിപക്ഷത്തിന്റെ തീരുമാനങ്ങള്‍ അത് എന്തായിരുന്നാലും മാനിക്കാനുള്ള സന്മനസ്സും, വിനയവും, ഒരു സംഘടനാ പ്രവര്‍്തകന് ആവശ്യം വേണ്ട ഗുണങ്ങളില്‍ ഒന്നാണ്. അല്ലാതെ ഞാന്‍ മാത്രം ശരിയുംമറ്റുള്ളവര്‍ തെറ്റും എന്ന് വാദിക്കുന്നവര്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നത്, ഞാനാണ് രാഷ്ട്രം എന്ന് പ്രഖഅയാപിച്ച ചക്രവര്‍ത്തിയുടെ ഏകാധിപത്യ മനോഭാവമാണ്. എനിക്ക് ശേഷം പ്രളയം എന്ന് വിശ്വസിക്കുന്ന ഇവര്‍ ജനാധിപത്യ സംഘടനകളുടെ ധ്വംസകരാണ്. ബെന്‍ട്രാന്റ് റസ്സലിന്റെ ജനാധിപത്യത്തെപ്പറ്റിയുള്ള നിരീക്ഷണം ഇവിടെ അനുസ്മരിക്കുന്നത് ഉചിതമെന്ന് തോന്നുന്നു. 'പൊതുജന താല്പര്യത്തിനുവേണ്ടി വാദിച്ചു ജയിച്ച് നേതൃനിരയിലെത്തിയവര്‍, പിന്നെ നടപ്പിലാക്കുന്നത് പൊതുജന താല്പര്യത്തിന് പകരം സ്വന്തം ഇഷ്ടാനിഷ്ടങ്ങളായിരിക്കും. ഇത് തിരിച്ചറിയപ്പെടാതെ പോകുന്നതാണ് ജനാധിപത്യം നേരിടുന്ന വെല്ലുവിളികളില്‍ പ്രധാനമായത്''
സംഘടനയ്ക്കുവേണ്ടി അഹോരാത്രം കഷ്ടപ്പെടുന്നവര്‍ എന്ന് സ്വയം പ്രഘോഷിക്കുന്നവര്‍ വിസ്മരിക്കുന്നത്, അവര്‍ കഷ്ടപ്പെടുന്നത് സ്വന്തം പേരും പെരുമയും കെട്ടിപ്പെടുക്കാനും നിലനിര്‍ത്താനും വേണ്ടി മാത്രമാണ്. സ്വന്തം അഹംബോധത്തെ വളര്‍ത്താനുള്ള അസംസ്‌കൃത വസ്തുക്കളായി അവര്‍ മറ്റുള്ളവരെ കാണുന്നു. അവരുടെ ഈ കപട ആത്മാര്‍ത്ഥതയെ ചോദ്യം ചെയ്യുമ്പോള്‍ അവര്‍ പണ്ട് ചങ്ങമ്പുഴ പാടിയപോലെ 'ഈ കപട ലോകത്തില്‍ ആത്മാര്‍ത്ഥമായൊരു ഹൃദയമുണ്ടയതാണെന്‍ പരാജയം' എന്ന് വിലപിക്കും. കുഞ്ഞുണ്ണിമാഷ് അതിന് നല്‍കിയ മറുപടി അവര്‍ ഓര്‍ത്തിരിക്കുന്നത് നന്ന്.
'കപടലോകത്തിലെ കാപട്യങ്ങള്‍
സകലരും കാണ്മതാണെന്‍പരാജയം'
സ്ഥാനത്തും അസ്ഥാനത്തും നമ്മുടെ ആര്‍ഷ ഭാരത സംസ്‌കാരത്തെപ്പറ്റി പ്രഘോഷിക്കുന്നവരും ഊറ്റം കൊള്ളുന്നവരുമാണ് നാം. എന്നാല്‍ അതിന്റെ അന്തസ്സത്ത ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കാന്‍ നാം അങ്ങേയറ്റം വൈമുഖ്യം കാണിക്കുകയും ചെയ്യുന്നു.
നമ്മുടെ വേദങ്ങളുടെയും ഉപനിഷത്തുകളുടെയും അന്തസത്ത എന്നു വിശേഷിപ്പിക്കാവുന്നതാണ് ഭഗവത് ഗീത. ഗീതയില്‍ ശ്രീകൃഷ്ണന്‍ അര്‍ജ്ജുനനെ ഉപദംേശിക്കുന്നതിലെ ഒരു പ്രധാനഭാഗം 'അര്‍ജ്ജുന നീ ഫലേച്ഛയില്ലാതെ, കര്‍മ്മഫലത്തിന്റെ വിജയപരാജയങ്ങളെപ്പറ്റി ചിന്തിച്ച് ഉല്‍കണ്ഠാകുലനാകാതെ അനാസക്തനായി കര്‍മ്മം ചെയ്യുക. കര്‍മ്മ ഫലത്തില്‍ നീ ശ്രദ്ധാലുവാകരുത്'
ഭഗവത്ഗീതാ സന്ദേശത്തിന്റെ സാരാംശം ഇത് തന്നെ ആയതുകൊണ്ടാണ് ഭഗവത്ഗീതയ്ക്ക് ഭാഷ്യം രചിച്ച മഹാത്മാഗാന്ധി ആ ഗ്രന്ധത്തിന് അനാസക്തിയോഗം എന്ന് പേരിട്ടത്.
അതെ നാം അകപ്പെട്ടിരിക്കുന്ന വിദ്വേഷത്തിന്റെയും പരസ്പര സ്പര്‍ദ്ധയുടെയും എലിപ്പത്തായത്തില്‍ നിന്നുള്ള മോചനം, നിസ്വാര്‍ത്ഥമായ, അനാസക്തമായ പൊതുപ്രവര്‍ത്തനത്തിലൂടെ മാത്രമേ സാദ്ധ്യമാവൂ. അഭിനന്ദനങ്ങളും, കയ്യടിയും ആദരവും നേടിയെടുക്കാനുള്ള കുറുക്കുവഴികളല്ല സംഘടനാ പ്രവര്‍ത്തനം.
നമ്മുടെ സമയത്തിന്റെ സിംഹഭാഗവും അപഹരിക്കുന്നത് സ്വാര്‍ത്ഥതയിലധിഷ്ഠിതമായ നമ്മുടെ അഭിലാഷങ്ങളുടെ പൂര്‍ത്തീകരണത്തിനായാണ്. നമ്മുടെ ജീവിതത്തെ സംഘര്‍ഷഭരിതമാക്കുന്നതിന്റെ പ്രധാന കാരണം അതുതന്നെയാണ്. ഇതില്‍ നിന്നുള്ള മോചനം നിസ്ാര്‍ത്ഥമായ സംഘടനാ പ്രവര്‍ത്തനമാണ്. അങ്ങനെ പൊതുപ്രവര്‍ത്തനം പ്രാര്‍ത്ഥനപോലെ ധന്യമാകും. നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ വരുന്ന ആരോപണങ്ങളും വിമര്‍ശനങ്ങളും അവര്‍ പൂവിനെ എന്നപോലെ എതിരേല്‍ക്കും. ബോധപൂര്‍വ്വം തോറ്റുകൊടുക്കുന്നതിലുൂടെ വിജയം കണ്ടെത്തിയവരാണവര്‍. പ്രതികൂലാനുഭവങ്ങള്‍ ആത്മജ്ഞാനത്തിലേക്കുള്ള പ്രവേശന കവാടങ്ങളാകും. അഹന്തയിലധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്നവരെ വിമര്‍ശിച്ചു നോക്കൂ. അവര്‍ അതിശക്തമായി മൃഗസഹജമായ വാസനകളോടെ പ്രതിരോധിക്കും, സ്വയം ന്യായീകരിക്കും. തിരിച്ചറിയുക ഒരുവന്റെ പ്രവര്‍ത്തനങ്ങള്‍ നി്‌സ്വര്‍ത്ഥതയില്‍ നിന്നാണോ അതോ അഹങ്കാരത്തില്‍ നിന്നാണോ എന്ന്.
എല്ലാം കാണുന്ന നമ്മുടെ കണ്ണുകള്‍ക്ക് സ്വയം കാണാനുള്ള കാഴ്ചയില്ലല്ലോ മറ്റുള്ളവരിലൂടെയാണ് സ്വയം കാണുന്നത്. നാം നമ്മെപറ്റി പറയുന്നതല്ല, മറ്റുള്ളവരെക്കുറിച്ച് പറയുന്നതാണ് നമ്മുടെ മനസ്സിലേക്കുള്ള പ്രവേശന കവാടങ്ങള്‍. മുഖം മനസ്സിന്റെ കണ്ണാടി എന്നപോലെ ബന്ധങ്ങളില്‍ നമ്മുടെ ഹൃദയത്തിന്റെ പ്രതിബിംബമാണ് നിഴലിക്കുന്നത്.
മുഖം മോശമായതിന് കണ്ണാടിയെ പഴിക്കരുത്
ആന്റണി ജോസ്
2009
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ