2015, ഏപ്രിൽ 29, ബുധനാഴ്‌ച

യു.കെ. തിരഞ്ഞെടുപ്പ് ചൂടിലേക്ക്


   (Parliament Constituency -Portsmouth South,Liberal Democrat Candidate-Gerald Vernon-Jackson)

യു.കെ.യില്‍ പാര്‍ലമെന്റിലേക്കുള്ള പൊതു തെരഞ്ഞെടുപ്പ് മെയ് 7-നാണ്. 650 പാര്‍ലമെന്റ് അംഗങ്ങളെയാണ് അന്ന് തെരഞ്ഞെടുക്കുന്നത്. ഔദ്യോഗികമായ തെരഞ്ഞെടുപ്പ് പ്രചാരണം മാര്‍ച്ച് 30 നാണ് തുടങ്ങുന്നതെങ്കിലും മാസങ്ങള്‍ക്ക് മുമ്പ് തന്നെ പ്രധാന പാര്‍ട്ടികള്‍ എല്ലാം തന്നെ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുകയും തെരഞ്ഞെടുപ്പ് പ്രചരണം തുടങ്ങുകയും ചെയ്തു. 
വമ്പന്‍ തെരഞ്ഞെടുപ്പ് റാലികള്‍ ഇല്ലാതെ ജയ് വിളിയും മുദ്രാവാക്യം വിളിയും മുഴക്കാതെ, കാതടപ്പിക്കുന്ന ശബ്ദഘോഷങ്ങളുടെ അകമ്പടിയില്ലാതെ അടിസ്ഥാന രഹിതമായ ആരോപണ പ്രത്യാരോപണയുദ്ധങ്ങള്‍ ഇല്ലാതെ, കൊടിതോരണങ്ങളുടെ വര്‍ണ്ണപകിട്ടുമില്ലാതെ വികസിത രാജ്യത്തിന്റെ ചിട്ടവട്ടങ്ങള്‍ക്ക് അനുസരണമായി പൊതു തെരഞ്ഞെടുപ്പിന് യു.കെ. മലയാളികള്‍ ഭാഗവാക്കുകള്‍ ആവുകയാണ്.
വര്‍ത്തമാനകാല രാഷ്ട്രീയ കാലാവസ്ഥയനുസരിച്ച് ഒറ്റ പാര്‍ട്ടി അധികാരത്തിലെത്തുക എന്നത് അപ്രാപ്യമാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തലുകള്‍. ഒറ്റപാര്‍ട്ടി എന്ന നിലയില്‍ കണ്‍സര്‍വേറ്റീവിന് അംഗബലം കൂടുതല്‍ നേടാന്‍ കഴിയുമെങ്കിലും തൊട്ടു പിറകിലാകുന്ന ലേബര്‍ പാര്‍ട്ടി മറ്റു പാര്‍ട്ടികളുമായി (സ്‌കോട്ടിഷ് നാഷണല്‍ പാര്‍ട്ടി) പോലുള്ളവരുമായി തെരഞ്ഞെടുപ്പനന്തര സഖ്യത്തിലൂടെ അധികാരത്തിലേറും എന്നുള്ള രാഷ്ട്രീയ വിലയിരുത്തലുകളും ഉണ്ട്.
വ്യക്തമായ രാഷ്ട്രീയചായ്‌വുകളുള്ള മലയാളികള്‍ വിരളമാണ്. അതുകൊണ്ട് തന്നെ ചായക്കോപ്പയില്‍ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന രാഷ്ട്രീയ സംവാദങ്ങള്‍ ഇവിടെ നടക്കാറില്ല.


ഒരു ദശകത്തിലധികം യു.കെ. മണ്ണില്‍ കാലുറപ്പിച്ചവരുടെയും സിരകളെ ത്രസിപ്പിക്കുന്നത്, പിണറായി വിജയനും അച്യുതാനന്ദനും തമ്മിലുള്ള വടംവലികളും അല്ലെങ്കില്‍ ഉമ്മന്‍ചാണ്ടി സംഘത്തിന്റെ അഴിമതി രാഷ്ട്രീയത്തെപ്പറ്റി വാചാലനാകാനാണ് സമയം കണ്ടെത്തുന്നത്. നാട്ടില്‍ രാഷ്ട്രീയം കളിച്ച് നടന്നതിന്റെ ഹാങ് ഓവറില്‍ നിന്ന് പലരും വിമുക്തരല്ല. അതുകൊണ്ട് തന്നെയാണ് യു.കെ. ജനജീവിതത്തിന്റെ പൊതുധാരയുമായി ഇഴുകി ചേരാനും വര്‍ത്തമാന കാല യു.കെ. രാഷ്ട്രീയത്തെ ഉള്‍ക്കൊണ്ടുകൊണ്ട് ആരോഗ്യകരമായി പ്രവര്‍ത്തിക്കുന്നതില്‍ നമ്മില്‍ പലരും പരാജയപ്പെടുന്നത്. എങ്കിലും ഒരുകാര്യം തീര്‍ച്ച. തെരഞ്ഞെടുപ്പ് ദിനം മലയാളികള്‍ എല്ലാം തന്നെ പോളിംങ് ബൂത്തിലേക്ക് ഒഴുകിയെത്തും. അത് മലയാളികളുടെ രക്തത്തില്‍ അലിഞ്ഞ് ചേര്‍ന്ന ചില അനിവാര്യമായ അനുഷ്ഠാനങ്ങളില്‍ ഒന്നാണ്. (ദൈവവിശ്വാസം ഇല്ലാത്തവരും ആരാധനാലയങ്ങളില്‍ പോയി ചില അനുഷ്ഠാനങ്ങള്‍ മുറതെറ്റാതെ അനുഷ്ഠിക്കുന്നതുപോലെ) വ്യക്തമായ രാഷ്ട്രീയ നിലപാടുകള്‍ ഉള്ള ഒരു ന്യൂനപക്ഷം യു.കെ. മലയാളികളെ ഒഴിച്ചു നിര്‍ത്തിയാല്‍ ബഹുഭൂരിപക്ഷം മലയാളികള്‍ക്കും രാഷ്ട്രീയ നിലപാടുകള്‍ ഇല്ല. അവരുടെ വോട്ടുകള്‍ ഫ്‌ളോട്ടിംഗ് വോട്ടുകളായാണ് കണക്കാക്കുന്നത്. അവരുടെ വോട്ടിംഗിനെ സ്വാധീനിക്കുന്നത് ദേശീയ പാര്‍ട്ടികള്‍ എടുക്കുന്ന ദേശീയ രാഷ്ട്രീയ നിലപാടുകള്‍ അല്ല  (ചഒട, ഡിലാുഹീ്യാലി,േ യുറോപ്യന്‍ യൂണിയനുമായുള്ള ബന്ധം, വിദ്യാഭ്യാസ നയങ്ങള്‍, എമിഗ്രേഷന്‍ പോളിസി തുടങ്ങിയവ) മറിച്ച് പ്രാദേശിക രാഷ്ട്രീയ നേതാക്കള്‍ നടത്തുന്ന ജനോപകാരപ്രദമായ ഇടപെടലുകളെ മാത്രം ആശ്രയിച്ചാണെന്നു തോന്നും. ഏതായാലും കടലും കരയും താണ്ടി പ്രതികൂല കാലാവസ്ഥയേയും അതിജീവിച്ച് നാക്കിനും ചുണ്ടിനും അപരിചിതമായ വാക്കുകളും ഉപയോഗിച്ച് തന്റേടത്തോടെ മുന്നേറുന്ന മലയാളി സമൂഹം വര്‍ത്തമാന കാല യു.കെ. രാഷ്ട്രീയം വിലയിരുത്താന്‍ പ്രാപ്തരാണ്. അതുകൊണ്ടുതന്നെ വര്‍ത്തമാനകാല യു.കെ. രാഷ്ട്രീയം വസ്തുനിഷ്ഠമായി വിലയിരുത്തി നമ്മുടെ ഓരോരുത്തരുടെയും വിലയേറിയ സമ്മദിദാനാവാകാശം ഏറ്റവും അനുചിതമായ രീതിയില്‍ ഉപയോഗിക്കാന്‍ നമുക്കേവര്‍ക്കും കഴിയുമാറാകട്ടെ.

2015, ഏപ്രിൽ 12, ഞായറാഴ്‌ച

നോവല്‍- അദ്യായം12




മയില്‍പീലികനവുകള്‍ -12


ജോബും സരളയും തമ്മിലുള്ള അവിഹിത ബന്ധം ദുരന്തത്തിലായപ്പോള്‍ തകര്‍ന്നടിഞ്ഞത് രണ്ട് കുടുംബങ്ങളായിരുന്നു. ജോബിന്റെ ഭാര്യ പ്രവി കൊടുംകാറ്റായി ജോബിനെതിരെ ആഞ്ഞടിച്ചു. രോഗശയ്യയില്‍ നിരാലംബനായി കഴിഞ്ഞ ജോബിനെ അവള്‍ തിരിഞ്ഞ് നോക്കിയില്ലെന്നു മാത്രമല്ല ആ ജന്തുവിനെ ഇനി ഒരിക്കലും കാണുകപോലും ഇല്ലെന്ന് അവള്‍ ഉറക്കെ പ്രഖ്യാപിച്ചു. അവള്‍ പ്രാര്‍ത്ഥനയിലും, മാതാപിതാക്കളുടെ ശിക്ഷണത്തിലും അനുഷ്ഠാനത്തിലും വളര്‍ന്നവളായിരുന്നതിനാല്‍ സമൂഹം അവളുടെ പ്രതികരണങ്ങളെ ശരിവച്ചു.
ജോബിന്റെ സ്വത്തുവകകളും വീടും ഏകമകന്റെ അവകാശവും അവള്‍ക്ക് മാത്രമാക്കി പ്രവി വിജ്ഞാപനം പുറപ്പെടുവിച്ചു. നിസ്സഹായനായ ജോബ് അതിനെ പ്രതിരോധിച്ചില്ല. ഇരുണ്ട് ഇടുങ്ങിയ വാടക ഫഌറ്റിലേക്ക് ജോബ് അഭയം തേടി. കൂടെ ഒരു നിഴലായി സരളയും. പൊതുധാരയില്‍ നിന്ന് തിരസ്‌ക്കരിക്കപ്പെട്ട അവര്‍ക്ക് കണ്ണീരും ഇരുട്ടും ഏകാന്തതയും മാത്രം തുണയായി.
''പാപത്തിന്റെ ഫലം മരണം'' ദൈവമക്കളും സഹോദര പ്രഭുക്കന്മാരും പ്രാര്‍ത്ഥനയ്ക്കും കൂടിയാലോചനയ്ക്കും ശേഷം ജോബിനും സരളയ്ക്കും എതിരെ വിധിപ്രസ്താവന നടത്തി.
''പാപത്തിന്റെ ഫലം മരണം'' കുഞ്ഞാടുകള്‍ അത് ഏറ്റുപാടി.
ദൈവപ്രമാണങ്ങള്‍ ലംഘിച്ചവര്‍ ദൈവശിക്ഷ ഏറ്റുവാങ്ങി ഇരുളിലേക്ക്, ശൂന്യതയിലേക്ക് എറിയപ്പെട്ട് നിത്യ നരകത്തിനവകാശികളായവര്‍. കുഞ്ഞാടുകള്‍ ഇത് ഉരുവിടുമ്പോള്‍ ചുണ്ടില്‍ ചിരിയും മന്ദഹാസവും വിരിഞ്ഞു. മനസ്സില്‍ കുളിര്‍മഴ, അടക്കിവച്ചിരുന്ന ദുര്‍ഭൂതങ്ങളെ ഒന്ന് പുറത്തിറക്കിവിടുമ്പോഴുള്ള ഹൃദയലാഘവത്വം അവര്‍ അനുഭവിക്കുകയായിരുന്നു ആ നിമിഷങ്ങളില്‍.
തിരസ്‌കാരത്തിന്റെ, അപമാനത്തിന്റെ, കടുത്ത ആത്മ നിന്ദയുടെ തീച്ചൂടില്‍ ജോബും സരളയും വെന്ത് നീറുകയായിരുന്നു. അന്ധകാരത്തിന്റെ ഇരുള്‍മഴ അവര്‍ക്ക് ചുറ്റും പെയ്തുകൊണ്ടിരുന്നു. ആ കൂരിരുട്ടിലും അവര്‍ക്ക് ഒരു പ്രത്യാശ ഉണ്ടായിരുന്നു. ഒരു ശുഭ പ്രതീക്ഷ!
അത് സരളയുടെ മുഴുകുടിയനും തെമ്മാടിയും ആയിരുന്ന ഭര്‍ത്താവ് വിനീതിനെപറ്റിയായിരുന്നു. ഒരു ദിനം അവന്‍ കടന്നുവരും. കുടിച്ച് മത്തനായി വെട്ടുകത്തിയുമായി ക്രോധാവേശത്തോടെ അവന്‍ തങ്ങളെ വെട്ടി നുറുക്കി കൊന്നൊടുക്കുന്നത് അവര്‍ സ്വപ്‌നം കണ്ടു.
ദുരന്തത്തിന് ശേഷം മരണവിധി അവര്‍ സ്വയം വിധിച്ചതാണ്. സ്വയം മരിക്കാന്‍ അവര്‍ അശക്തരായിരിക്കുന്നു. അതിന് ശക്തിയും തന്റേടവും വിനീതിന് നല്‍കപ്പെടുമാറാകട്ടെ എന്ന് അവര്‍ ആഗ്രഹിച്ചു, പ്രാര്‍ത്ഥിച്ചു. സദാചാര വാദികള്‍ ആ പ്രാര്‍ത്ഥന കേട്ടിരിക്കും. അവര്‍ വിനീതിന് ചുറ്റും കൂടി, അവന്റെ ചെവിയില്‍ മന്ത്രിച്ചു. ദൈവ പ്രമാണങ്ങള്‍ ലംഘിച്ചവര്‍ക്ക് ശിക്ഷ അനിവാര്യം.
പക്ഷേ മണ്ടനും പൊട്ടനും കാര്യശേഷിയും ബുദ്ധിസ്ഥിരതയില്ലാത്തവനും മുഴുകുടിയനുമായി മുദ്രയടിക്കപ്പെട്ട സരളയുടെ ഭര്‍ത്താവ് വിനീതിന് ഈ പുകിലന്റെ അര്‍ത്ഥം ഒന്നും മനസ്സിലായില്ല.
അവന്‍ ഏറെ നേരം ചിന്താധിനനായി കാണപ്പെട്ടു. പിന്നെ അവന്‍ സാവധാനത്തില്‍ പറയാന്‍ ആരംഭിച്ചു. സ്‌നേഹിക്കുന്നവര്‍ ഒരുമിക്കുന്നതില്‍ എന്താണ് തെറ്റ്? അതില്‍ ഒരു തെറ്റും ഞാന്‍ കാണുന്നില്ല. സഹോദര പ്രഭുക്കന്മാരും കുഞ്ഞാടുകളും അതുകേട്ട് ഞെട്ടി. ഇവന്‍ മണ്ടനും പൊട്ടനും മാത്രമല്ല വകതിരിവ് ഇല്ലാത്തവരുമാണെന്ന് പറഞ്ഞ് അവനെ കല്ലെറിഞ്ഞു കൊല്ലാന്‍ സഹോദര പ്രഭുക്കന്മാര്‍ വിധിയെഴുതി. അങ്ങ് അകലെ മലയാള നാട്ടില്‍ നിന്ന് ഉരുളന്‍ കല്ലുകള്‍ ഇറക്കുമതി ചെയ്തു കൃത്യം നിര്‍വ്വഹിക്കുന്നതിലുള്ള പ്രയാസങ്ങള്‍ ഓര്‍ത്ത് അവര്‍ കല്ലെറിഞ്ഞ് കൊല്ലുക എന്ന കൃത്യത്തില്‍ നിന്ന് പിന്മാറി. അനന്തരം കുഞ്ഞാടുകള്‍ നാക്കിനെ തോക്കുകളാക്കി, കണ്ണിനെ അഗ്നി ഗോളമാക്കി വിനീതിന്റെ സമീപത്തെത്തി അത്യുഗ്രമായി ഭര്‍ത്സനങ്ങള്‍ ഉരുവിട്ടു.
കുഞ്ഞാടുകളുടെ ഭര്‍ത്സന പെരുമഴ കഴിഞ്ഞപ്പോള്‍ സരളയുടെ ഭര്‍ത്താവും യോഹന്നാന്റെ പുത്രനുമായ വിനീത് ഇങ്ങനെ പ്രതിവചിച്ചു. ''നിങ്ങള്‍ പറയുന്ന പ്രമാണങ്ങളെപ്പറ്റി ഞാന്‍ കേട്ടിട്ടുണ്ടെങ്കിലും അത് ഗ്രഹിക്കാനുള്ള ബുദ്ധി നിങ്ങളുടെ ദൈവം എനിക്ക് തന്നില്ല. പക്ഷെ എനിക്ക് ഒന്നറിയാം സരള എന്റെ ഭാര്യ എന്റെ കുഞ്ഞിന്റെ അമ്മ, ജോബ് എന്റെ സ്‌നേഹിതന്‍ അവരുടെ നിസ്സഹായാവസ്ഥയില്‍ ഞാന്‍ താങ്ങും തണലും ആകും.''
അപ്പോള്‍ കുഞ്ഞാടുകള്‍ വീണ്ടും ഞെട്ടി. അനന്തരം കുഞ്ഞാടുകള്‍ ഒരുമയോടെ ഉത്‌ഘോഷിച്ചു. പോത്തിനോട് വേദം ഓതരുത്. നെല്‍മണികള്‍ ചെന്നായ്ക്കള്‍ക്ക് നല്കരുത്. അതും പറഞ്ഞ് അവരുടെ പാദരക്ഷകളില്‍ പറ്റി പിടിച്ചിരുന്ന മണല്‍തത്തരികള്‍ ആ പൂമുഖത്ത് കുടഞ്ഞിട്ട് അവര്‍ നടന്നകന്നു.
അന്നാദ്യമായി, അവന്‍ ക്രൂശിതരൂപത്തില്‍ മുട്ടുകുത്തി നിന്ന് കൂപ്പുകരങ്ങളുമായി.... ഇല്ല അവന് പ്രാര്‍ത്ഥിക്കാന്‍ അറിയില്ലായിരുന്നു. അക്ഷരങ്ങളും വാക്കുകളും മദ്യത്തില്‍ കുതിര്‍ന്ന് അവന് എന്നോ നഷ്ടപ്പെട്ടിരുന്നു. അനന്തരം അവന്‍ എല്ലാ മദ്യകുപ്പികളും എടുത്ത് അതിലെ മദ്യം എല്ലാം ഭൂമിയുടെ മാറിലേക്ക് ചൊരിഞ്ഞു. പിന്നീട് ഭൂമിയുടെ മാറിലല്‍ കമഴ്ന്ന് കിടന്ന് അവന്‍ പൊട്ടിക്കരഞ്ഞു.
അവന്‍ സരളയുടെയും ജോബിന്റെയും അരികിലെത്തി. സരളയുടെ ഇരുകരങ്ങളും ഗ്രഹിച്ച് അവന്‍ അപേക്ഷിച്ചു 'നീ എനിക്ക് പ്രിയപ്പെട്ടവള്‍ എന്റെ കുഞ്ഞിന്റെ അമ്മ, നമുക്ക് ഒന്നും സംഭവിച്ചില്ലെന്ന് കരുതി ഒരുമയോടെ ഒരു പുതിയ ജീവിതം തുടങ്ങാം. ഇനി ഞാന്‍ ഒരിക്കലും മദ്യപിക്കില്ല.'
സരള അവന്റെ പാദങ്ങളില്‍ വീണ് പൊട്ടിക്കരഞ്ഞു ഭൂമി പിളര്‍ന്ന് അവളെ ആവാഹിച്ചിരുന്നെങ്കില്‍.... ഉല്‍ക്കടമായി അവള്‍ അത് ആഗ്രഹിച്ചു. അവള്‍ അവന്റെ അപേക്ഷ നിരസിച്ചു.
ശയ്യാവലംബനായ ജോബിനെ അവന്‍ പുണര്‍ന്നു. 'നീ എന്റെ പ്രിയ സഹോദരന്‍ ഞാന്‍ നിന്നെ പരിപാലിക്കും. നമുക്ക് ഒരുമിച്ച് നമ്മുടെ വീട്ടിലേക്കു പോകാം.'
ജോബ് അപ്പോള്‍ ആഗ്രഹിച്ചത് വലിയ സുനാമിയോ, ഭൂകമ്പമോ വന്നു താന്‍ അപ്പോള്‍ അപപ്രത്യക്ഷക്ഷമായിരുന്നെങ്കില്‍....
നിരാശനും നിസ്സഹായനും ആയിട്ടാണ് വിനീത് അവിടെ നിന്നും പോയത്. സരളയുടെയും, ജോബിന്റെയും മനംമാറ്റത്തിനായി അവന്‍ ഉന്നതങ്ങളിലേക്ക് മിഴികള്‍ ഉയര്‍ത്തി. വിനീതിന്റെ മനംമാറ്റം ഒന്നും ജീവിക്കാനുള്ള ആഗ്രഹം ജോബിലും സരളയിലും ഉണര്‍ത്തിയില്ല. അവര്‍ സദാ മരണത്തെപ്പറ്റി ചിന്തിച്ചു. മരിക്കാനുള്ള മാര്‍ഗ്ഗങ്ങളെപ്പറ്റിയും ചിന്തിച്ചുകൊണ്ടിരുന്നു. അവസാനം അവര്‍ നൂതന മാര്‍ഗ്ഗം കണ്ടെതത്തി. വിഷം കഴിച്ച്, തീകൊളുത്തി, കെട്ടി.... അത്തരം പരമ്പരാഗത രീതികളെ അവര്‍ തിരസ്‌ക്കരിച്ചു. ആദ്യദിനങ്ങളില്‍ വിഭവസമൃദ്ധമായ ഭക്ഷണം കഴിച്ച് പിന്നെ പഴങ്ങള്‍ മാത്രമാക്കി, പിന്നെ ജലപാനം മാത്രമാക്കി...... ദിനങ്ങള്‍ കടന്നുപോയി.
നമ്മുടെയിടയില്‍ ഹൃദയനൈര്‍മ്മല്യതയും ഹൃദയവിശുദ്ധിയും ഉള്ളവര്‍ ഉണ്ടെങ്കില്‍ .....
 കാണുകയും കേള്‍ക്കുകയും ചെയ്യാത്ത സംഭവങ്ങളുടെപോലും അനുരണങ്ങള്‍ അവരുടെ ഹൃദയത്തെ, ചിന്തതകളെ സ്വാധീനിയ്ക്കാറുണ്ട്. അതു കൊണ്ടാവാം അല്ലെങ്കില്‍ യാദൃശ്ചികതയാവാം രാജി ഒരു ദിനം ജോബിന്റെ ഫഌറ്റില്‍ എത്തി. കോളിംഗ് ബെല്ലിന്റെ തുടര്‍ച്ചയായ ശബ്ദത്തിനും രാജിയുടെ ഉച്ചത്തിലുള്ള അന്വേഷണങ്ങള്‍ക്കൊന്നും അകത്തുനിന്ന് പ്രതികരണം ലഭിച്ചില്ല. വാതില്‍ തുറക്കപ്പെട്ടില്ല. രാജി അന്തപ്പനെ പരിഭ്രമത്തോടെ വിവരം ധരിപ്പിച്ചു.
അന്തപ്പന്റെയും രാജിയുടെയും ശ്രമങ്ങള്‍ക്കൊന്നും ആദ്യം ഫലം സിദ്ധിച്ചില്ലെങ്കിലും അവരുടെ ശബ്ദം അത്യുച്ചത്തിലായപ്പോള്‍ വാതില്‍ മെല്ലെ തുറക്കപ്പെട്ടു.
സരളയെ കണ്ടപ്പോള്‍ അവര്‍ ഞെട്ടിവിറച്ചുപോയി, കണ്‍കുഴികള്‍ ഗര്‍ത്തങ്ങളായി, കവിളൊട്ടി, എല്ല് ഉന്തി നില്‍ക്കുന്ന ജീവഛവം! ജോബിന്റെ കാര്യവും വ്യത്യസ്തമല്ല. ആംബുലന്‍സിന്റെ സഹായതത്തിനായി രാജി ഫോണ്‍ എടുത്തപ്പോള്‍ അന്തപ്പന്‍ തടഞ്ഞു.
ആംബുലന്‍സും പോലീസും ഡോക്ടറുമില്ലാതെ ഇവരെ നാം ജീവിതത്തിലേക്ക് കൊണ്ടുവരും. രാജിക്ക് അത് വിശ്വസിക്കാന്‍ ആയില്ലെങ്കിലും അന്തപ്പന്റെ ശബ്ദം ദൃഢമായിരുന്നു. 
(തുടരും) 




നോവല്‍-മയില്‍പ്പീലി കനവുകള്‍.അദ്യായം-11



                                                                        

രാജിയുടെ ദൃഡസ്വരത്തിലുള്ള വാക്കുകള്‍ എന്നെ പഴയകാല ചിന്തകളില്‍ നിന്ന് ഉണര്‍ത്തി.
സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും നിലംപതിച്ചെന്ന് വരാം. പക്ഷെ ഒരിക്കലും അന്തപ്പനും ജോര്‍ജ്ജീനയുമായി.....................ജോര്‍ജ്ജീന അന്തപ്പനെതിരെ പോലീസില്‍ പരാതി.........ഇല്ല അതൊരിക്കലും സംഭവിക്കുകയില്ല.
പിന്നെ എങ്ങിനെ ഈ കുപ്രചരണം ലോകം മുഴുവന്‍  നിറഞ്ഞു. രാജിയുടെ ശബ്ദത്തില്‍ ആകാംക്ഷ നിറഞ്ഞിരുന്നു. എനിക്കും അതേ ചോദ്യം തന്നെയായിരുന്നു ചോദിക്കാനുണ്ടായിരുന്നത്. ആകാംക്ഷനിറഞ്ഞ ഞങ്ങളുടെ ചോദ്യത്തിന് അന്തപ്പന്‍ ഉത്തരം പറഞ്ഞില്ല.
അവന്‍ നിശബ്ദനായിരുന്നു.
ഒരുതരം നിസ്സഹായത അവന് ചുറ്റും താളംപിടിയ്ക്കുന്നതായി തോന്നി.
സാന്ദ്രമായ നിശബ്ദത ഞങ്ങള്‍ മൂവരുടെയും ഇടയിലേക്ക് ക്ഷണിക്കപ്പെടാത്ത അതിഥിയായി കടന്നു വന്ന് മൗനത്തിന്റെ നനുത്ത പുതപ്പ് വിരിച്ചു.
ചിലപ്പോള്‍ അങ്ങിനെ സംഭവിക്കാറുണ്ട്.
ഇടവിടാതെയുള്ള വാക്കുകളുടെ കുത്തൊഴുക്കുകള്‍ അസ്തമിക്കുകയും മൗനത്തിന്റെ ധ്യാന നിമിഷങ്ങള്‍ ഉദയം കൊള്ളുകയും ചെയ്യും.
മൗനത്തെ, നിശബ്ദതയെ, ഏകാന്തതയെ, ഭയപ്പെടാത്തവരായി ഞങ്ങള്‍ ഇതിനകം പരിണമിച്ചിരുന്നു.
അറിയാനും അറിയിക്കാനുമുള്ള തത്രപ്പാടുകളും വെമ്പലുകളും അസ്തമിച്ച് സാന്ദ്രമായ മൗനധ്യാനത്തിന്റെ ഇത്തരം അനുഭവങ്ങളെ ഞങ്ങളാരും വാക്കുകള്‍കൊണ്ട് മുറിവേല്‍പ്പിക്കാറില്ല.
ചിന്തകളും വാക്കുകളും അസ്തമിക്കുന്നിടത്തെ യഥാര്‍ത്ഥ സൗഹൃദം പൂത്തുലയൂ എന്ന് ഒരിക്കല്‍ അന്തപ്പന്‍ പറഞ്ഞപ്പോള്‍ ഞാനും രാജിയും പൊട്ടിച്ചിരിച്ചുപോയി. 'ഭ്രാന്ത് അല്ലാതെ എന്ത് പറയാന്‍' എന്റെ നീരസം വാക്കുകളായി.
പക്ഷെ അന്ന് അന്തപ്പന്‍ അതിന് പ്രത്യുതത്തരം നല്‍കിയില്ല.
യഥാര്‍ത്ഥത്തില്‍ മൗനത്തെ, നിശബ്ദതയെ ശ്രദ്ധിക്കാനും പ്രണയിക്കാനും തുടങ്ങിയത് അന്നുമുതലാണ്. അത് ഒരു അവസ്ഥാന്തരമായിരുന്നു.
ഹൃദയാന്തര്‍ഭാഗത്ത് മൂടപ്പെട്ട ഏതോ അജ്ഞാത ഭൂഖണ്ഡം കണ്ടെത്തിയതുപോലുള്ള അനുഭവം. സാന്ദ്രമായ മൗന ധ്യാനത്താല്‍ കോര്‍ത്തിടപ്പെട്ട ബന്ധങ്ങളില്‍ നിന്നേ സൗഹാര്‍ദ്ദത്തിന്റെ പരിമളം പരക്കുകയുള്ളു. നൂലില്‍ കോര്‍ത്തിട്ട പൂമാലയില്‍ നിന്ന് പരിമളം ചുറ്റും പരക്കുന്നതുപോലെ. എപ്പോഴൊക്കെയോ 'മൗനധ്യാനം' ക്ഷണിക്കപ്പെടാത്ത അതിഥിയായി ഞങ്ങള്‍ക്കിടയിലേക്ക് കടന്നുവന്ന് ഞങ്ങളെ വാരിപ്പുണര്‍ന്നു കടന്നുപൊയ്‌ക്കൊണ്ടിരുന്നു. മൗനത്തിന്റെ ജീവസ്പര്‍ശം ഇല്ലാത്ത സൗഹൃദം നിരര്‍ത്ഥകമായ വാക്കുകളുടെ പ്രതിധ്വനിമാത്രമാണെന്ന് മനസ്സിലായി. അതുപോലുള്ള സാന്ദ്രമായ ഒരുഅവസ്ഥയിലായിരുന്നു ഞങ്ങള്‍ അപ്പോള്‍.
മൗനത്തിന്റെ വിരുന്നുകാരനെ പറഞ്ഞയച്ചുകൊണ്ട് എന്റെ മൊബൈല്‍ പാടാന്‍ തുടങ്ങി.
കളഭംതരാം ഭഗവാന്‍ എന്‍ മനസ്സുംതരാം....
ജോബാണ് വിളിക്കുന്നത് എന്നറിഞ്ഞപ്പോള്‍ എനിക്ക് എന്തെന്നില്ലാത്ത ആശ്ചര്യം തോന്നി.
എടോ എസ്തപ്പാ ഞാന്‍ അന്തപ്പനെ വിളിക്കാന്‍ ശ്രമിക്കുകയായിരുന്നു. അയാളുടെ ഫോണ്‍ സ്വിച്ച് ഓഫ്, താന്‍ അയാളെ വിളിച്ച് വീട്ടിലേക്ക് വാ..
മറുപടിക്കായി കാത്തുനില്‍ക്കാതെ ജോബ് ഫോണ്‍ കട്ട് ചെയ്തു. ജോബിന്റെ വാക്കുകളില്‍ നിഴലിച്ചത് അപേക്ഷയോ നിര്‍ദ്ദേശമോ ആയിരുന്നില്ല. ആജ്ഞാ ശബ്ദമായിരുന്നു. രാജിയും അന്തപ്പനും അതറിഞ്ഞപ്പോള്‍ അത്ഭുതപ്പെട്ടു. ജോബിന്റെ ഭാഗത്ത് നിന്ന് ഇത്തരം ഒരു നീക്കം അത്യപൂര്‍വ്വമാണ്.
മുന്‍കൂട്ടി അപ്പോയിമെന്റ് എടുത്ത് ക്യൂനിന്നാല്‍ മാത്രം ദര്‍ശന ഭാഗ്യം ലഭിക്കുന്ന ഞങ്ങളുടെ ഇടയിലെ ഏക മലയാളിയാണ് ജോബ്.
ആ മഹാനുഭാവനാണ് ഇപ്പോള്‍ ഞങ്ങളെ വീട്ടിലേക്ക് ക്ഷണിച്ചിരിക്കുന്നത്. അത്ഭുതപ്പെടാതിരിക്കുന്നത് എങ്ങനെ? 'ജോബിനും സരളയ്ക്കും വടയും ചമ്മന്തിയും വളരെ ഇഷ്ടമാണ്. ഞാനിപ്പോള്‍ തന്നെ അത് തയ്യാറാക്കാം.' രാജി ഇതും പറഞ്ഞ് അടുക്കളയിലേക്ക് ഓടി.
ഞാന്‍ അന്തപ്പനെ നോക്കി. ആ മുഖം ശബ്ദമില്ലാത്ത നിറപുഞ്ചിരിയാല്‍ പൂരിതമായിരുന്നു.
 'ആറാം പ്രമാണത്തിലേയ്ക്കാണ് ഞങ്ങള്‍ ക്ഷണിക്കപ്പെട്ടിരിക്കുന്നത്.'
സാധാരണയായി ഇവിടുത്തെ വീടുകള്‍ക്കൊന്നും പേരില്ല. ജോബിന്റെ ഹില്‍സിയിലുള്ള അരുവിയോടു ചേര്‍ന്ന് ചുറ്റും ചെറുകാടുകളാല്‍ ചുറ്റപ്പെട്ട് ഒറ്റപ്പെട്ടപോലെ തോന്നിക്കുന്ന വസതിയുടെ പേരാണ് ആറാം പ്രമാണം. ആറാം പ്രമാണത്തിന്റെ ലംഘനം മൂലം ഉയിര്‍കൊണ്ടതാണാവസതി.
സരള ജോബിന്റെ ഭാര്യ അല്ല. വിനീതിന്റെ ഭാര്യയാണ്. ജോബിന്റെ ഭാര്യ പ്രവിയാണ്. പക്ഷെ നിര്‍ഭാഗ്യത്തിന് ഇപ്പോള്‍ സരളയും ജോബും ഒരുമിച്ച് താമസിക്കുന്നു. അങ്ങനെ സംഭവിക്കരുതായിരുന്നു. പക്ഷേ സംഭവിച്ചുപോയി.
അതുകൊണ്ട് തന്നെ ജോബിനെ വീല്‍ചെയറിലോ, ചാരുബെഡ്ഡിലോ അല്ലാതെ കാണാന്‍ പറ്റില്ല. അരയ്ക്കു താഴോട്ട് ജോബിന് ചലനശേഷിയില്ല. കണ്ണീരും തേങ്ങലും അടക്കിപ്പിടിച്ചുകൊണ്ട് ഒരു നിഴലായി ജോബിനൊപ്പം കഴിയാന്‍ സരള വിധിക്കപ്പെട്ടിരിക്കുന്നു. വിധിയെ എന്തിന് പഴിയ്ക്കണം. അതൊരു തെരഞ്ഞെടുപ്പ് ആയിരുന്നില്ലേ.. തെരെഞ്ഞെടുപ്പോ? അനിവാര്യതയോ?
നാട്ടില്‍ കളമശ്ശേരിയിലെ സെന്റ് പോള്‍സ് കോളജില്‍ പഠിക്കുന്നകാലം മുതലെ ജോബിന്റെ അഭിനിവേശമായിരുന്നു സുന്ദരിയായ സരള.
'സരളേ, എന്റെ പൊന്നു സരളെ നിന്നെ ഞാന്‍ പ്രണയിക്കുന്നു. ജീവന് തുല്യം പ്രണയിക്കുന്നു.' എന്ന് ഒരായിരം വട്ടം ജോബിന് സരളയോട് പറയാന്‍ തോന്നിയിരുന്നുവെങ്കിലും അങ്ങനെ ഒരിക്കല്‍ പോലും ഉരിയാടാന്‍ ധൈര്യമില്ലായിരുന്നു.
സരളയ്ക്കും ജോബിനോട് അങ്ങനെ തന്നെയായിരുന്നു. പരസ്പരം കാണുമ്പോള്‍ വിരിയുന്ന പുഞ്ചിരി, അപൂര്‍വ്വമായി പുസ്തകങ്ങള്‍ കൈമാറുമ്പോള്‍ സംഭവിക്കുന്ന വിരല്‍സ്പര്‍ശങ്ങള്‍, അത്യപൂര്‍വ്വമായുള്ള സല്ലാപങ്ങള്‍, എല്ലാം എല്ലാം അവര്‍ സൗരഭ്യം പരത്തുന്ന വാടാമലരായി ഹൃദയത്തില്‍ സൂക്ഷിച്ചു. ജീവനുതുല്യം പ്രണയിക്കുന്നു എന്നുള്ള പ്രണയാക്ഷരങ്ങള്‍ പരസ്പരം മന്ത്രിക്കാതെ തീവ്രപ്രണയം ഹൃദയത്തില്‍ അടുക്കിപ്പിടിച്ച് അവര്‍ വേര്‍പിരിഞ്ഞു. പിന്നീട് അവര്‍ പരസ്പരം കാണുന്നത് ഈ പോര്‍ട്‌സ് മൗത്തില്‍ വച്ചാണ്.
അപ്പോഴേയ്ക്കും സരള വിനീതിന്റെ സഹധര്‍മ്മിണിയും ഒരു കുഞ്ഞിന്റെ അമ്മയുമായിരുന്നു. ജോബും പ്രവിയും തമ്മിലുളള വിവാഹം നടന്നിരുന്നു. ജോബ് ഒരു കുട്ടിയുടെ പിതാവുമായി.
പക്ഷെ ഇതൊന്നും അവര്‍ക്ക് തടസ്സമായിരുന്നില്ല. ഹൃദയാന്തര്‍ഭാഗത്തെ പ്രണയം പൂത്തുലഞ്ഞു. അരുതായ്മയുടെ ലക്ഷ്മണരേഖകള്‍ ഇവിടെ അദൃശ്യം. ഇല്ല, ഇവിടെ സമൂഹത്തിന്റെ ജാഗ്രതയാര്‍ന്ന ചാരക്കണ്ണുകള്‍. പൂത്തുലഞ്ഞ അവരുടെ പ്രണയം കര്‍ക്കിടകമാസത്തിലെ നിളാനദിയായി പോര്‍ട്‌സ്മൗത്തിലൂടെ ഒഴുകി.
ലജ്ജയില്‍ കുതിര്‍ന്ന പഴയകാല നിഗൂഡ പ്രണയത്തില്‍ നിന്ന് ലജ്ജ അവരെ വിട്ടകന്നു.
ഷോപ്പിങ്ങിനിടെ Asda  യില്‍ വച്ച് Family  പാര്‍ട്ടികളില്‍ നിര്‍ലജ്ജം നിര്‍ഭയം ആരാരും അറിയാതെ അവര്‍ പരസ്പരം പ്രണയമന്ത്രങ്ങള്‍ മന്ത്രിച്ചു.
പ്രണയം കാമവെറിയുടെ രൂപഭാവങ്ങള്‍ കൈക്കൊണ്ട് ചിറകടിച്ചുയരാന്‍ വെമ്പി. സ്ഥലവും തീയതിയും സമയവും നിശ്ചയിക്കപ്പെട്ടു. വിനീത് വീട്ടിലില്ലാത്ത ദിനം. അനര്‍ഘ സമാഗമത്തിന്റെ അനര്‍ഘനിമിഷങ്ങള്‍. ജോബിനെ സ്വീകരിക്കാന്‍ സരള ഒരുങ്ങി. ഭവനത്തിന്റെ വാതിലുകള്‍ തുറന്നു, ഹൃദയകവാടങ്ങള്‍ തുറന്ന് വിവസ്ത്രയായി അവള്‍ അവനായി കാത്തിരുന്നു. അപ്പോള്‍ സര്‍വ്വലാകൃതനായി അവന്‍ പ്രവേശിച്ചു. ആ സമയം സൂര്യന്‍ മേഖപാളികള്‍ക്കുള്ളില്‍ മറഞ്ഞു. അനര്‍ഗള കണ്ണീര്‍ പ്രവാഹത്തിനായി കാര്‍മേഘങ്ങള്‍ ആകാശത്ത് ഉരുണ്ടുകൂടി. വര്‍ഷങ്ങളോളം അടക്കിപിടിച്ച പ്രണയ കാമാവേശങ്ങള്‍ നുരഞ്ഞ് പതഞ്ഞ് അണകപൊട്ടി ഒഴുകി. സീല്‍ക്കാരങ്ങളും ആലിംഗനങ്ങളും അഗ്നിപര്‍വ്വതവിസ്‌ഫോടനങ്ങളായി. വികാരവിസ്‌ഫോടനത്തിന്റെ ഏതോ മുഹൂര്‍ത്തങ്ങളില്‍ അവന്‍ അവളെ ഇരുകൈകളിലും ഉയര്‍ത്തി പ്രണയാവേശത്തോടെ വട്ടം കറങ്ങി. ഒരു നിമിഷം അസഹ്യമായ വേദനയില്‍ നിന്നുള്ള അലര്‍ച്ചയോടെ അവന്‍ നിലംപതിച്ചു.
നട്ടെല്ല് ഒടിഞ്ഞു. പ്രണയാവേശങ്ങള്‍ ആര്‍ത്തനാദങ്ങളായി. അയല്‍ക്കാര്‍, സുഹൃത്തുക്കള്‍ വീട്ടിലേക്ക് ഇടിച്ചുകയറി. ആംബുലന്‍സ് സര്‍വ്വീസ് എത്തി. അപ്പോഴും അവര്‍ വിവസ്ത്രരായിരുന്നു.
(തുടരും..)

ഇതിഹാസങ്ങളിലുടെ

അര്‍ജ്ജുനന്‍.

Image result wey dey for arjunan in mhabharatham

പാണ്ഡവരില്‍ മൂന്നാമന്‍, കുന്തീദേവിയില്‍ ഇന്ദ്രദേവനുണ്ടായ പുത്രന്‍, വില്ലാളി വീരന്‍, അസ്്രത പ്രയോഗത്തില്‍ അതിനിപുണന്‍. ഭീഷ്മപിതാമഹന്റെയും, ദ്രോണാചാര്യരുടെയും ശിക്ഷണത്തില്‍ ശാസ്ത്രത്തിലും, വേദങ്ങളിലും ആയുധവിദ്യയിലും, യുദ്ധരംഗത്തും അതിനൈപുണ്യം സിദ്ധിച്ചവന്‍.
ശിഷ്യസ്‌നേഹത്താല്‍ അര്‍ജ്ജുനനെ അജയ്യനായ പോരാളിയാക്കി മാറ്റാന്‍ തെറ്റായ മാര്‍ഗ്ഗങ്ങള്‍ വരെ ദ്രോണാചാര്യര്‍ അവലംബിച്ചു. (ഏകലവ്യന്റെ തള്ളവിരല്‍ ഗുരുദക്ഷിണയായി ആചാര്യന്‍  ആവശ്യപ്പെട്ടത്). ലക്ഷ്യത്തിലെത്താന്‍ തീവ്രയത്‌നങ്ങള്‍ നടത്തുന്ന കര്‍മ്മയോഗിയായിരുന്നു അര്‍ജ്ജുനന്‍. അര്‍ജ്ജുനന്റെ ഈ മഹനീയതകള്‍ക്കൊക്കെ ശ്രേഷ്ഠമായത് ഭഗവാന്‍ ശ്രീകൃഷ്ണന്റെ വാത്സല്യഭാജനമായിരുന്നു എന്നുള്ളതാണ്. ശ്രീകൃഷ്ണന്‍ പലവട്ടം അര്‍ജ്ജുനനെ സംബോധന ചെയ്തിരുന്നത് 'പ്രിയ സ്‌നേഹിതാ' എന്നായിരുന്നു. അര്‍ജ്ജുനന്റെ ഗുരുവും വഴികാട്ടിയും, സുഹൃത്തും തേരാളിയും എല്ലാം എല്ലാം ആയിരുന്നു ശ്രീകൃഷ്ണന്‍. ഭഗവാന്റെ തിരുവദനങ്ങളില്‍ നിന്ന് തന്നെ, മനുഷ്യജീവിതത്തിലെ സൃഷ്ടിസ്ഥിതി സംഹാരരഹസ്യങ്ങള്‍ അര്‍ജ്ജുനന് ശ്രവിക്കാന്‍ കഴിഞ്ഞു. ജീവ മുക്തിയുടെ മാര്‍ഗ്ഗങ്ങള്‍ സവിസ്തരം ഭഗവാന്‍ അര്‍ജ്ജുനനെ ധരിപ്പിച്ചു. ആ വചനങ്ങള്‍ അര്‍ജ്ജുനന് യുദ്ധഭൂമിയില്‍ വച്ച് അനുഭവപ്പെട്ട വിഷാദവും സംശയങ്ങളും അകറ്റി, യുദ്ധോത്സുകനാക്കി മഹായുദ്ധത്തില്‍ വിജയം കൈവരിക്കാന്‍ പ്രേരിപ്പിച്ചു. ഭഗവല്‍ പ്രസാദത്താല്‍ വിശ്വരൂപ ദര്‍ശനവും അര്‍ജ്ജുനന് പ്രാപ്യമായി.
അര്‍ജ്ജുനനെ എന്നും അജയ്യനാക്കിയത് അസ്ത്രപ്രയോഗങ്ങളായിരുന്നു.
അസ്ത്രപ്രയോഗത്തില്‍ അര്‍ജ്ജുനനെ നേരിടാന്‍ ആരും ഇല്ലായിരുന്നു.  യുദ്ധസന്നദ്ധമായ ഏത് പ്രതികൂല സാഹചര്യത്തിലും അസ്ത്രപ്രയോഗങ്ങളില്‍ അര്‍ജ്ജുനന്‍ വിജയംവരിച്ചു.
അസ്ത്രപ്രയോഗത്തില്‍ എന്നും മികവും വിജയവും നിലനിര്‍ത്താന്‍ അര്‍ജ്ജുനന് തുണയായത് ഗാണ്ഡീവം എന്ന ദേവദത്തമായ ആയുധമായിരുന്നു. ബ്രഹ്മദേവന്‍ നിര്‍മ്മിച്ചതും സമുദ്രങ്ങളുടെ ദേവനായ വരുണ ഭഗവാന്‍ അര്‍ജ്ജുനന് സമ്മാനിച്ചതുമാണ് ഈ ഉല്‍കൃഷ്ട ആയുധം.
ഗാണ്ഡീവം കേവലം ഒരു ആയുധം മാത്രമായിരുന്നില്ല. അതിന്റെ ദിവ്യത ഏത് സന്ദര്‍ഭത്തിലും അര്‍ജ്ജുനന് ആവശ്യാനുസരണം അസ്ത്രങ്ങള്‍ അതില്‍ വന്ന് നിറയുമായിരുന്നു. ഗാണ്ഡീവം ദൈവികമായ ഒരു ദാനം ആയിരുന്നു, ഒരു സമ്മാനം ആയിരുന്നു.
ജീവിതത്തിലെ എല്ലാ കര്‍മ്മോത്സുകര്‍ക്കും മാര്‍ഗ്ഗമദ്ധ്യേ ലഭിക്കുന്ന ദൈവീകമായ ഒരു വരദാനം. ഉദാത്തമായ ലക്ഷ്യത്തിലേക്ക് സ്വയം സമര്‍പ്പിച്ച് മുന്നേറുന്ന, ഭൂമുഖത്തുള്ള എല്ലാ കര്‍മ്മയോഗികള്‍ക്കും മാര്‍ഗ്ഗമദ്ധ്യേ ലഭിക്കുന്ന ദൈവീകമായ സിദ്ധിവിശേഷം ആണത്.
എല്ലാ കര്‍മ്മ മണ്ഡലങ്ങളിലും ഇത് പ്രാപ്യമാണ്. മനുഷ്യാതീതമായ സിദ്ധിവിശേഷങ്ങള്‍ ആ വരദാനത്തില്‍ അടങ്ങിയിരിക്കുന്നു.
കര്‍മ്മപഥത്തില്‍ സ്വയം സമര്‍പ്പിച്ച് തീവ്രയത്‌നങ്ങളോടെ അനവരതം മുന്നേറുമ്പോള്‍ പ്രാപിക്കുന്ന സിദ്ധിവിശേഷം ആണത്.
ലോകപ്രശസ്തരായ സംഗീതജ്ഞര്‍, സാഹിത്യകാരന്മാര്‍, ശില്പികള്‍, മഹാനടന്മാര്‍, രാഷ്ട്രതന്ത്രജ്ഞര്‍ ഇവരിലെല്ലാം ഈ മനുഷ്യാതീതമായ ശക്തിവിശേഷം പ്രകടമായിരുന്നു. നമ്മുടെ പല സാഹിത്യകാരന്മാരും സാക്ഷ്യപ്പെടുത്തിയിട്ടുള്ളത് എഴുത്തിന്റെ ഒരു പ്രത്യേക ഘട്ടത്തില്‍ തൂലിക അനിയന്ത്രിതമായ ഒരു തലത്തിലേക്ക് നീങ്ങി കഥാപാത്രങ്ങളും സംഭവവികാസങ്ങളും രൂപം പ്രാപിക്കും എന്നുള്ളതാണ്. അത് പിന്നീട് ചരിത്രം സൃഷ്ടിച്ച കലാസൃഷ്ടിയായി മാറുന്നു.
നമ്മുടെ പ്രിയ നടന്‍ മോഹന്‍ലാല്‍ അഭിനയത്തിന്റെ ചില ധന്യ നിമിഷങ്ങളില്‍ പരകായപ്രവേശം പോലുള്ള അനിതരസാധാരണമായ അഭിനയ മുഹൂര്‍ത്തങ്ങള്‍ ഉണ്ടായിട്ടുള്ളതായി സാക്ഷ്യപ്പെടുത്തുന്നു.
അര്‍ജ്ജുനന്റെ അസ്തിത്വത്തിന്റെ അഭേദ്യമായ ഒരു വസ്തുതയായിരുന്നു ഗാണ്ഡീവം. അത് അര്‍ജ്ജുനനെ വിജയത്തിലേക്ക് മാത്രമല്ല അഹങ്കാരത്തിലേക്കും നയിച്ചു.
ദൈവീകമായ ഈ ദാനങ്ങളെല്ലാം സഹജീവികളുടെ ഉല്‍ക്കര്‍ഷേച്ഛക്കായാണ് ഉപയോഗിക്കേണ്ടത്. അതിന് ഒരു നിമിത്തമാവുക എന്നുള്ളത് തന്നെ ധന്യതയാണ്. പക്ഷേ ഈ ധന്യമായ സിദ്ധി, സ്വയാര്‍ജ്ജിതമായ കഴിവായി കാണുമ്പോള്‍, അഹങ്കാരത്തിന്റെ വേരുകള്‍ ഉയിര്‍കൊള്ളുകയും തല്‍ഫലമായി പരാജയം സംഭവിക്കുകയും ചെയ്യും. സ്വയാര്‍ജ്ജിത അഹങ്കാരത്തിന്റെ ആനപ്പുറത്ത് കയറി വിഹരിക്കുന്നവര്‍ പെട്ടെന്ന് തലകുത്തി നിലംപതിക്കുന്നത് നാം കാണാറുണ്ട്.
പരാജയങ്ങള്‍ നമ്മെ സ്വത്വബോധത്തിലേക്ക് തിരിച്ച് കൊണ്ടുവന്ന് നിഷ്‌കാമ കര്‍മ്മാനുഷ്ഠാനത്തിനായി പ്രേരിപ്പിക്കുന്ന ചൂണ്ടുപലകയാണ്.
അര്‍ജ്ജുനന്‍ സ്വയം അടയാളപ്പെടുത്തുവാന്‍ ശ്രമിച്ചത് ഗാണ്ഡിവത്തിലായിരുന്നു.
നമ്മുടെ പല സാഹിത്യകാരന്മാരും നടന്മാരും പ്രശസ്ത രാഷ്ട്ര തന്ത്രജ്ഞരും ദാനംകിട്ടിയ സിദ്ധിവിശേഷങ്ങളില്‍ സ്വയം അടയാളപ്പെടുത്തി അതിന് ചുറ്റും വട്ടം കറങ്ങി മറ്റുള്ളവരെ അലോസരപ്പെടുത്തുന്ന ഗീര്‍വാണങ്ങള്‍ ഉതിര്‍ത്ത് സ്വാര്‍ജ്ജിത അഹങ്കാരത്തിന്റെ സിംഹാസനങ്ങളില്‍ വാണരുളുന്നവരാണ്. അവര്‍ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗങ്ങളെ പ്രക്ഷുബ്ധമാക്കുന്ന വാദകോലാഹലങ്ങളും അവകാശവാദങ്ങളും ഉന്നയിച്ച് ചുറ്റുമുള്ള സ്വാഭാവിക സംശുദ്ധിയെ നശിപ്പിച്ച് മലീമസമാക്കുന്നു.
താല്‍ക്കാലികമായി ലഭ്യമായ സിദ്ധിവിശേഷങ്ങളില്‍ സ്വയം അടയാളപ്പെടുത്തി ചിരംജീവിയായി ജനഹൃദയങ്ങളില്‍ സ്ഥാനം പിടിക്കാന്‍ വെമ്പുന്നവര്‍ സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു ലഭിക്കാതെ ശ്വാസംമുട്ടിമരിക്കും.
അഹങ്കാരത്തിന്റെ വേലിയേറ്റത്തില്‍ സ്വയം നഷ്ടപ്പെടാതിരിക്കാനായി ആത്മബോധത്തിലേക്ക് തിരിച്ചുവരാനായി പരാജയത്തിന്റെ രുചി അര്‍ജ്ജുനന്‍ അറിഞ്ഞിട്ടുണ്ട്. ഹനുമാനുമായുള്ള യുദ്ധത്തില്‍ വിജയിക്കാനാവാതെ അര്‍ജ്ജുനന്‍ തളരുന്നു. എവിടെയും അജയ്യനാകാമെന്ന അര്‍ജ്ജുനന്റെ അഹങ്കാരത്തെ ശ്രീകൃഷ്ണന്‍ ഈ അവസരത്തില്‍ നന്നായി പരിഹസിക്കുന്നുണ്ട്. മഹാ പ്രളയാവസരത്തില്‍ ശ്രീകൃഷ്ണന്റെ വംശത്തിലെ യാദവ സ്ത്രീകളെ കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയി. ഇതിനെ പ്രതിരോധിക്കുവാന്‍ അര്‍ജ്ജുനന്‍ കടല്‍ക്കൊള്ളക്കാരുമായി യുദ്ധം ചെയ്യുവാന്‍ ശ്രമിച്ചു. പക്ഷേ ഗാണ്ഡീവം നിശ്ചലമായിരുന്നു. അങ്ങനെ അര്‍ജുനന്‍ കടല്‍ക്കൊള്ളക്കാരുടെ മുന്നില്‍ പരാജയപ്പെട്ടു.
എല്ലാ ദാനങ്ങളും തിരിച്ചേല്‍പ്പിക്കേണ്ടതുണ്ട്.. പ്രകൃതി നമുക്ക് സമ്മാനമായി നല്‍കിയ പഞ്ചഭൂതങ്ങളാല്‍ നിര്‍മ്മിതമായ ഈ ശരീരം പ്രകൃതിക്ക് തിരിച്ച് ഏല്പിക്കുക എന്നത് ഒരു അനിവാര്യതയാണ്. ജീവജാലങ്ങളുടെ അനുക്രമമായ സംക്രമണത്തിന് അത്യന്താപേക്ഷിതമാണത്.
ഗാണ്ഡീവത്തിനുള്ള പ്രസക്തി തന്റെ ജീവിതത്തില്‍ അവസാനിച്ചുവെന്ന് മനസ്സിലാക്കി അതിന്റെ ദാദാവായ വരുണന് അത് തിരിച്ച് നല്കാനുള്ള വിവേകം അര്‍ജ്ജുനന് ഉണ്ടായില്ല. അഹങ്കാരത്തില്‍ 'ആത്മരൂപം' വിസ്മരിച്ചത്‌കൊണ്ട് സംഭവിച്ച അപാകതയാണത്.
ഭൗതിക പാശങ്ങളെല്ലാം അറുത്ത് മാറ്റി പഞ്ചപാണ്ഡവര്‍ മഹാപ്രസ്തത്തിലേയ്ക്ക് ഇറങ്ങിത്തിരിച്ചു. എന്നാല്‍ ആ അവസാന യാത്രയിലും യാതൊരു പ്രസക്തിയും ഇല്ലെങ്കിലും അര്‍ജ്ജുനന്‍ ഗാണ്ഡീവം വഹിച്ചുകൊണ്ടാണ് യാത്രചെയ്തത്. യാത്രാമദ്ധ്യേ വരുണഭഗവാന്‍ പ്രത്യക്ഷപ്പെട്ട് അത് തിരിച്ചുവാങ്ങുകയാണുണ്ടായത്. (അത് സ്വയം സമര്‍പ്പിക്കാതതിലെ ഔചിത്യക്കേട് വരുണഭഗവാന്‍ ഓര്‍മ്മിപ്പിച്ചിരിക്കും.). സിദ്ധികള്‍ കൊഴിഞ്ഞുപോയ രാഷ്ട്രത്തലവന്മാര്‍, മഹാനടന്മാര്‍, സാംസ്‌കാരിക നേതാക്കന്മാര്‍ രംഗത്ത് ഒന്നുകുടി നടനം ചെയ്യുവാന്‍ വെമ്പുന്നത് കാണുമ്പോള്‍, പിടിച്ചുനില്‍ക്കാന്‍ എല്ലാ തന്തത്രപ്പാടുകളും കുതന്ത്രങ്ങളും ചെയ്യുന്നതുകാണുമ്പോള്‍ വരുണഭഗവാന്‍ എന്തേ പ്രത്യക്ഷപ്പെടാത്തത് എന്ന് ചിന്തിച്ച്‌പോന്നു. ആത്യന്തികമായി വിജയങ്ങളും പരാജയങ്ങളും എന്നത് ആത്മസ്വരൂപം വിസ്മരിക്കപ്പെടുമ്പോള്‍ ബോധതലത്തില്‍ ഉണ്ടാവുന്ന ഒരു ആപേക്ഷിക പ്രതിഭാസം മാത്രമാണ്.

പ്രകൃതിയുടെ താളലയങ്ങളില്‍......


Image result wey dey for enviorment



പരിസ്ഥിതി മലിനീകരണത്തിന്റെ ഫലമായുള്ള ദുരന്തഫലങ്ങല്‍ പ്രവചനാതീതമാണെന്നും, ഭൂമുഖത്തുള്ള മനുഷ്യനടക്കമുള്ള എല്ലാ ജീവജാലങ്ങളും അതിന്റെ യാതനകള്‍ തീവ്രതയോടെ അനുഭവിക്കേണ്ടിവരും എന്നുള്ള യു.എന്‍. ന്റെ പുതിയ വെളിപ്പെടുത്തലുകള്‍ നമ്മുടെ ഓരോരുരുത്തരുടെയും കണ്ണ് തുറപ്പിക്കേണ്ടതാണ്. മറ്റെവിടെയോ, മറ്റാര്‍ക്കൊക്കെയോ സംഭവിക്കുന്ന, തന്നെ ബാധിക്കാത്ത ദുരിതങ്ങള്‍ എന്ന അലസഭാവം വെടിഞ്ഞ് നാം ഓരോരുരുത്തരും പ്രവര്‍ത്തന നിരതരാകേണ്ടിയിരിക്കുന്നു. ഇത് പുലിവരുന്നേ പുലിവരുന്നേ എന്ന തരത്തിലുള്ള ഭയപ്പെടുത്തലുകള്‍ അല്ല! മറിച്ച് മഹാദുരിതങ്ങള്‍ വാഗ്ദാനം ചെയ്തുകൊണ്ട് നമ്മുടെ പടിവാതില്‍ക്കല്‍ എത്തിയിരിക്കുന്ന, നമ്മുടെ പ്രവര്‍ത്തിദോഷംകൊണ്ട് വന്നുഭവിച്ച ദുരിതപര്‍വ്വമാണ്.
നമ്മുടെ അനുദിനം ഉള്ള പ്രവര്‍ത്തിയിലെ ദൂഷ്യവശങ്ങള്‍ ഒഴിവാക്കി, പ്രകൃതിക്ക് അനുചിതമായ രീതിയിലുള്ള, പരിസ്ഥിതിക്ക് പരിക്കേല്‍പ്പിക്കാതെയുള്ള പ്രവര്‍ത്തന ശൈലി നാം പിന്‍തുടരുകയാണെങ്കില്‍ മനുഷ്യനടക്കമുളള ഭൂമുഖത്തെ ജീവജാലങ്ങള്‍ക്ക് അനുഭവിക്കേണ്ടിവരുന്ന ദുരിതങ്ങളില്‍ നിന്ന് ഒരു പരിധിവരെ ആശ്വാസം കണ്ടെത്താന്‍ കഴിയുമെന്ന് യു.എന്‍.ന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം മുന്നറിയിപ്പ് തരുന്നു. ഇത് നമുക്ക് ഭാവിയെക്കുറിച്ച് പ്രത്യാശ നല്‍കുന്നുണ്ട്.
കഴിഞ്ഞ തലമുറ പ്രകൃതിയെ പരിക്കേല്പിച്ചത് അജ്ഞതമൂലമായിരുന്നു. എന്നാല്‍ ഈ തലമുറ പ്രകൃതിയുടെ സംതുലിതാവസ്ഥ തകിടം മറിക്കുന്നത് അശ്രദ്ധയും, അമിതമായ സുഖഭോഗങ്ങളോടുള്ള ആര്‍ത്തിയും, വ്യവസായവല്‍ക്കരണവും, മല്‍സരാധിഷ്ഠിതമായ ആഗോള വാണിജ്യ താല്‍പര്യങ്ങളുമാണ്.
പ്രകൃതിയുമായി തെറ്റിപ്പിരിഞ്ഞതിന്റെ ദൂഷ്യഫലങ്ങള്‍ നാം ഓരോരുത്തരും അനുദിനം അനുഭവിക്കുകയാണ്. അമിത വൃഷ്ടിയും, കൊടിയ നാശംവിതയ്ക്കുന്ന വെള്ളപ്പൊക്കവും, അപ്രതീക്ഷിത പ്രകൃതിക്ഷോഭങ്ങളും, കഠിന വരള്‍ച്ചയും, കൃഷിനാശവും അന്തരീക്ഷ ഊഷ്മാവിന്റെ ക്രമാതീതമായ വര്‍ദ്ധനയുമെല്ലാം നമ്മുടെ പ്രകൃതിയുടെ പിണക്കത്തില്‍ നിന്ന് ഉളവായ ചില ദൂഷ്യവശങ്ങള്‍ മാത്രം.
എത്രയും വേഗം മനുഷ്യരും പ്രകൃതിയുമായുള്ള പാരസ്പര്യം വീണ്ടെടുക്കേണ്ടിയിരിക്കുന്നു. തകിടംമറിയുന്ന പ്രകൃതിയുടെ സംതുലിതാവസ്ഥ പുനസ്ഥാപിക്കേണ്ടിയിരിക്കുന്നു.
അന്തരീക്ഷത്തില്‍ വ്യാപിക്കുന്ന ക്രമാതീതമായ Carbon dioxide നടു അതിപ്രസരമാണ് അന്തരീക്ഷ ഊഷ്മാവിന്റെ ക്രമാതീതമായ വര്‍ദ്ധനയ്ക്ക് നിതാനമായിരിക്കുന്നത്. അതിവേഗത്തില്‍ ആഗോള തലത്തില്‍ നടക്കുന്ന വ്യവസായവല്‍ക്കരണമാണ്  Carbon dioxide നടു അതിവ്യാപനത്തിന് കാരണം.
ബാഹ്യതലത്തില്‍ നിന്ന് വീക്ഷിക്കുമ്പോള്‍ അവികസിത രാജ്യങ്ങളുടെ ആസൂത്രണമില്ലാത്ത പ്രവര്‍ത്തന ശൈലിയാണ് അന്തരീക്ഷ മലിനീകരണത്തിന് ആക്കംകൂട്ടുന്നത് എന്ന് തോന്നുമെങ്കിലും യഥാര്‍ത്ഥ്യം അതല്ല. ഉല്‍പാദിപ്പിക്കപ്പെടുന്ന വൈദ്യുതിയുടെ 70 ശതമാനത്തോളം ഉപയോഗിക്കുന്നത് വികസിത രാജ്യങ്ങളായ അമേരിക്കയും, യു.കെ. അടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങളുമാണ്. 40 ശതമാനം അന്തരീക്ഷത്തില്‍ വ്യാപിക്കുന്ന Carbon dioxide ന്റെ ഉത്തരവാദികള്‍ ഈ വികസിത രാജ്യങ്ങളാണ്.
ഇന്ന് ലോകം ചലിക്കുന്നത് തന്നെ പരമ്പരാഗത ഊര്‍ജ്ജ സ്രോതസ്സായ Fossil fuel ആയ Coal,gas,oil എന്നിവയാണ് . ഇവയുടെ അമിത ഉപയോഗം കാലാവസ്ഥ വ്യതിയാനത്തിന് കാരണമായ Carbon dioxide നടു അതിപ്രസരത്തിന് കാരണമാണ്. വിശ്വസനീയമായ കണക്കുകള്‍ സൂചിപ്പിക്കുന്നത് 2060 ല്‍ Fossil fuel കളുടെ ഉല്പാദനവും ഉപയോഗവും പാരമ്യതയില്‍ എത്തുകയും അതിനുശേഷം Fossil fuel കളുടെ ലഭ്യത ലോകരാഷ്ട്രങ്ങളില്‍ എല്ലാം തന്നെ ക്ഷയോല്‍മുഖമായിരിക്കും എന്നാണ്.
ഈ ഊര്‍ജ്ജ പ്രതിസന്ധിയേയും അന്തരീക്ഷ മലിനീകരണത്തേയും അതിജീവിക്കുന്നതിനാണ് Renewable energy  യുടെ ഉല്‍പാദനവും ഉപയോഗവും സര്‍വ്വസാധാരണമാക്കേണ്ടിയിരിക്കുന്നത്. Renewable energy എന്നത് അര്‍ത്ഥമാക്കുന്നത് പ്രകൃതിയില്‍ തന്നെ എന്നും ലഭ്യമാകുന്ന സൂര്യപ്രകാശത്തെയും, കാറ്റിന്റെയും, ജലപ്രവാഹങ്ങളേയും, കടലിലെ തിരമാലകളുടെയും, ഭൂഗര്‍ഭതാപോര്‍ജ്ജത്തെയും ആശ്രയിച്ചുള്ള ഊര്‍ജ്ജോല്‍പാദനമാണ്. ഇന്ന് ഒരു ശതമാനം മാത്രമാണ് നാം Renewable energy യെ ആശ്രയിക്കുന്നത്. ഈ നിലമാറ്റേണ്ടത് അത്യന്താപേക്ഷിതമാണ്. 2008 ലെ കാലാവസ്ഥാ വ്യതിയാന നിയമം അനുസരിച്ച് യു.കെ. അടക്കമുള്ള യൂറോപ്യന്‍ യൂണിയനിലെ രാജ്യങ്ങള്‍ Renewable energy യുടെ ഉത്പാദനവും ഉപയോഗവും 2020 ല്‍ 20 ശതമാനവും 2050 ല്‍ 60 ശതമാനവുമായി ഉയര്‍ത്തണമെന്നാണ്.
ഈ തരത്തിലുള്ള ആസൂത്രിതമായ പ്രവര്‍ത്തനങ്ങള്‍ അന്തരീക്ഷത്തില്‍ വ്യാപിക്കുന്ന Carbon dioxide നടു അളവ്, വലിയ അളവില്‍ കുറയ്ക്കാന്‍ കഴിയുമെന്ന പ്രത്യാശ ഉണ്ട്.
ഇന്ന് യു.കെ.യിലെ ഒരു സാധാരണ കുടുംബത്തിനടു എനര്‍ജി ബില്ലിന്റെ 60 ശതമാനത്തോളം ചിലവാകുന്നത് തണുപ്പുകാലത്ത് വീടിനുള്ളിലെ ചൂട് നിലനിര്‍ത്തുന്നതിനും, വെള്ളം ചൂടാക്കുന്നതിനുമാണ്. ഇത് മൂലം അന്തരീക്ഷത്തില്‍ വ്യാപിക്കുന്ന Carbon dioxide നടു ന്റെ അളവും ക്രമാതീതമാണെന്ന് കണക്കാക്കപ്പെടുന്നു. അതുകൊണ്ട് തന്നെ ഇതിനുള്ള പരിഹാരവും ഓരോ കുടുംബങ്ങളില്‍ നിന്നും തന്നെയാണ് തുടങ്ങേണ്ടത്.
2016 ല്‍ ഓരോ വീടുകളില്‍ നിന്നും അന്തരീക്ഷത്തിലേക്ക് പ്രസരിക്കുന്ന Carbon dioxide നടു അളവ് '0' ശതമാനമാക്കുക എന്നതാണ് യു.കെ. സര്‍ക്കാരിന്റെ പരിസ്ഥിതി സംരക്ഷണ നയങ്ങളില്‍ പ്രധാനമായത്. ഇതിനായി പരമ്പരാഗത ഊര്‍ജ്ജ സ്രോതസ്സുകളെ ആശ്രയിക്കാതെ Renewable energy യെ ആശ്രയിക്കുകയാണെങ്കില്‍ യു.കെ. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് സമ്പത്തിക സഹായം ലഭ്യമാണ്. (ഉദാ. സൗരോര്‍ജ്ജ പാനലുകള്‍ സ്ഥാപിക്കുകയാണെങ്കില്‍ സാമ്പത്തിക സഹായം സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകും.)
ഈ അടുത്ത കാലത്ത് സര്‍ക്കാര്‍ പ്രഖ്യാപിച്ച Green deal home improvement fund  ഇംഗ്ലണ്ടിലോ വെയില്‍സിലോ ഉള്ള ഓരോ വീടുകള്‍ക്കും ലഭ്യമാണ്. Energy saving improvement നായി ഈ തുക ചിലവിടണമെന്ന് മാത്രം. സര്‍ക്കാരിന്റെ ഈ പുതിയ സഹായത്തിന് നാം അര്‍ഹരാണോ എന്നറിയാന്‍ Energy performance certificate  അല്ലെങ്കില്‍   Green deal advice report ആവശ്യമാണ്. ഇത് ലഭ്യമാകാന്‍ 03001231234 എന്ന നമ്പരിലേക്ക് വിളിക്കുകയോ www.gov.uk/greendeal എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ ചെയ്യുക.
പരിസ്ഥിതി മലിനീകരണ നിര്‍മ്മാര്‍ജ്ജനത്തിനായി സര്‍ക്കാര്‍ തലത്തിലുള്ള ആസൂത്രിത പദ്ധതികളോടൊപ്പം തന്നെ വ്യക്തികള്‍ എന്ന നിലയില്‍ നമ്മുടെ കടമകളും നാം വിസ്മരിക്കരുത്. ഷോപ്പിങ്ങിനായി സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ പോകുമ്പോള്‍ അവര്‍ നല്‍കുന്ന പ്ലാസ്റ്റിക്ക് ബാഗുകള്‍ക്ക് പകരം പേപ്പര്‍ ബാഗുകള്‍ ഉപയോഗിക്കുവാന്‍ നാം തയ്യാറാവണം. എന്തിനും ഏതിനും കാറ് ഉപയോഗിക്കാനുള്ള നമ്മുടെ ശീലത്തെ മാറ്റി, കാല്‍നടയാക്കി, സൈക്കിളും ഉപയോഗിക്കുന്ന ജീവിതരീതി നാം ശീലിക്കേണ്ടതുണ്ട്.
നമ്മുടെ അമിതമായ ജീവിതവ്യഗ്രതകളാലും സുഖ ആസക്തിയോടുള്ള അമിതാവേശത്താലും നാം വിസ്മരിച്ച നമ്മുടെ അമ്മയായ പ്രകൃതിയെ നമുക്ക് പൂര്‍ണ്ണമനസ്സോടെ ശ്രദ്ധിച്ച്, പൂര്‍ണ്ണ ഹൃദയത്തോടെ പരിപാലിക്കാം. മനുഷ്യനും പ്രകൃതിയുമായുള്ള പാരസ്പര്യം നമുക്ക് അങ്ങനെ വീണ്ടെടുക്കാം. ഈ തലമുറയ്ക്കും വരുംകാല തലമുറകള്‍ക്കും ഭൂമുഖത്തുള്ള എല്ലാ ജീവജാലങ്ങള്‍ക്കും ഇത് അത്യന്താപേക്ഷിതമാണ്.
(Map ന്‍റെ ജ്യോതിയില്‍ പ്രസിദ്ധീകരിച്ചതാണ് ഈ ലേഖനം)