2013, മേയ് 27, തിങ്കളാഴ്‌ച


മലയാളി അസോസിയേഷന്‍ ഓഫ് പോര്‍ട്‌സ്മൗത്ത് പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന eMagazine ' ജ്യോതി' പുതിയ ലക്കം Buckland Community ഹാളില്‍ നടന്ന ആഘോഷപരിപാടിയില്‍ വച്ച് അസ്സോസ്സിയേഷന്‍ ചെയര്‍മാന്‍ സിബി ചെരുവില്‍ പ്രകാശനം ചെയ്തു. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായ് പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന ' ജ്യോതി' കഴിഞ്ഞ ലക്കങ്ങളിലെ പോലെ തന്നെ പ്രവാസ ജീവിതത്തില്‍ പ്രകാശം പരത്തുന്ന നിരവധി വിഭവങ്ങളുമായാണ് ഈ ലക്കം രിക്കിയിരിക്കുന്നത്.മത്സരാധിഷ്ടിത ലോകത്തിന്റെ വിഴുപ്പുകള്‍ അലക്കുന്ന ആനുകാലിക പ്രവാസ പ്രസിദ്ധീകരണങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമായ് സര്‍ഗാത്മതയ്ക്ക് ഏറെ പ്രാധാന്യം നല്കി , പ്രത്യേകിച്ച് കുഞ്ഞു മക്കളുടെ വിടരുന്ന പ്രതിഭയ്ക്ക് പൂത്തുലയുവാനുള്ള നൂതന വേദിയാണ് ജ്യോതിയിലൂടെ സാക്ഷല്‍കരിക്കപ്പെടുന്നത് . ജാതി മത ഭേതമെന്നെ സ്‌നേഹ സൗഹൃദങ്ങള്‍ പങ്കുവെച്ചു മുന്നോട്ടു പോകുന്ന പ്രവാസ മലയാള സമൂഹത്തിന് ഒരു വഴി വിളക്ക് മാത്രമല്ല . അക്ഷരങ്ങളെ പ്രണയിക്കുന്ന മലയാള സമൂഹത്തിന്റെ ഹൃദയ തുടിപ്പുകളുടെ പ്രതിഭലനം കൂടിയാണ് ' ജ്യോതി'. ജ്യോതിയുടെ എല്ലാ പ്രസിദ്ധീകരണങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക .

2013, മേയ് 12, ഞായറാഴ്‌ച

മാര്‍ഗരറ്റ്‌ താച്ചര്‍


margaret thatcher
ബ്രിട്ടീഷ്‌ പ്രധാനമന്ത്രി മര്‍ഗരറ്റ്‌ താച്ചറുടെ പേരെന്താണ്‌? 80 കളുടെ തുടക്കത്തില്‍ കലാഭവന്റെ നേതൃത്ത്വത്തില്‍ അവതരിപ്പിച്ച മിമിക്‌സ്‌ പരേഡില്‍ ഉയര്‍ന്ന ഈ ചോദ്യം കേട്ട്‌ സദസ്സ്‌ പൊട്ടിച്ചിരിച്ചു.
മലയാള മക്കള്‍ക്കും അക്കാലത്ത്‌ മര്‍ഗരറ്റ്‌ താച്ചര്‍ സുപരിചിതയായിരുന്നു.
എന്നാല്‍ ഇതേ ചോദ്യം തന്നെ ഇന്ന്‌ ബ്രിട്ടീഷ്‌ ജനതയുടെ ജീവിതത്തെ അല്‌പം കലുഷിതമാക്കുകയാണ്‌.

മുന്‍ ബ്രിട്ടീഷ്‌ പ്രധാനമന്ത്രി മര്‍ഗരറ്റ്‌ താച്ചരുടെ പേര്‌ നല്ലതായിരുന്നോ അതോ മോശമായിരുന്നു?

ബഹുഭൂരിപക്ഷം നല്ല പേരായിരുന്നുവെന്നും ന്യൂനപക്ഷം മോശം പേരായിരുന്നുവെന്നും സമര്‍ത്ഥിക്കുന്നു, നല്ല പേരായിരുന്നു എന്ന്‌ സമര്‍ത്തിക്കുന്നവര്‍ക്ക്‌ കാരണങ്ങള്‍ ഏറെ, ബ്രിട്ടനിലെ ആദ്യത്തെ വനിതാ പ്രധാനമന്ത്രി, ഉരുക്ക്‌ വനിത, ഫോക്ക്‌ലന്റിനെ അര്‍ജന്റീനയുടെ കരാള ഹസ്‌തങ്ങളില്‍ നിന്ന്‌ മുക്തയാക്കിയ ധീരവനിത.

എല്ലാതരത്തിലുള്ള എതിര്‍പ്പുകളെയും അവഗണിച്ച്‌ നഷ്‌ടത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതു മേഖലാസ്ഥാപനങ്ങളെ അടച്ചുപൂട്ടുകയും, മറ്റു ചില സ്ഥാപനങ്ങളെ സ്വകാര്യവത്‌കരിച്ച്‌, തൊഴിലാളികള്‍ക്ക്‌ അര്‍ഹമായ ഷെയര്‍ ലഭ്യമാക്കുകയും ചെയ്‌തു. സാമ്പത്തികരംഗത്ത്‌ അത്ഭുതപൂര്‍വ്വമായ മാറ്റങ്ങള്‍ക്ക്‌ തുടക്കമിട്ട ദീര്‍ഘദര്‍ശിയായ പ്രധാനമന്ത്രി മാത്രമല്ല 70-കളില്‍ ബ്രിട്ടന്റെ സാമ്പത്തികരംഗം തറുമാറാക്കിയ തുടര്‍ച്ചയായി ഉണ്ടായികൊണ്ടിരുന്ന തൊഴിലാളി സമരങ്ങള്‍ക്ക്‌ അറുതിവരുത്തുവാന്‍ മാര്‍ഗരറ്റ്‌ താച്ചറുടെ നിശ്ചയ ദാര്‍ഢ്യത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക്‌ സാധിച്ചു.

തൊഴിലാളി യൂണിയനുകള്‍ ഏകപക്ഷീയമായി സമരപ്രഖ്യാപിക്കുന്നതിന്‌ പകരം തൊഴിലാളികളില്‍ ഭൂരിപക്ഷം സമരത്തിന്‌ അനുകൂലമാണെന്ന്‌ തെളിയിക്കുന്ന "Strike ballet'' സമ്പ്രദായ നടപ്പാക്കുകയും, നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന യൂണിയനുകളുടെ സമ്പത്ത്‌ കണ്ട്‌ കെട്ടുകയും ചെയ്യുമെന്നുള്ള നിയമവ്യവസ്ഥ ഉണ്ടാക്കി, അനാവശ്യ തൊഴില്‍ സമരങ്ങളെ നിഷ്‌കരണം നേരിട്ട്‌ സമ്പദ്‌ വ്യവസ്ഥയെ പ്രഫുല്ലമാക്കി. കൗണ്‍സില്‍ ഫ്‌ളാറ്റുകളില്‍ വാടകയ്‌ക്ക്‌ കഴിഞ്ഞിരുന്ന പാവപ്പെട്ടവര്‍ക്ക്‌ ആ വീട്‌ സ്വന്തമാക്കാനുള്ള നിയമവ്യവസ്ഥകള്‍ ഉണ്ടാക്കി.

അമേരിക്കന്‍ പ്രസിഡന്റ്‌ റോണാഡ്‌ റെയ്‌ഗനുമായി ചേര്‍ന്ന്‌ ശീതസമരത്തിന്‌ അറുതി വരുത്താന്‍ മാര്‍ഗരറ്റ്‌ താച്ചറിന്‌ സാധിച്ചു എന്നതും മാര്‍ഗരറ്റ്‌ താച്ചറിനെ ലോക നേതാക്കളുടെ നിരയിലേക്ക്‌ ഉയര്‍ത്തി എന്നുള്ളതും തര്‍ക്കമറ്റ ചരിത്രസത്യമാണ്‌.

അങ്ങനെ മര്‍ഗരറ്റ്‌ താച്ചരുടെ മഹിമകള്‍ ഏറെ താച്ചരുടെ മഹിമകളെ പറ്റി പറയുമ്പോള്‍ പ്രധാനമന്ത്രി ഡേവിഡ്‌ കാമറൂണിന്‌ ഒരായിരം നാവ്‌.'

`താച്ചറിസം' എന്ന ഡേവിഡ്‌ കാമറൂണ്‍ പറയുമ്പോള്‍ സ്വതേ ദൃഢമായ ആ മുഖത്ത്‌ പ്രകാശിക്കുന്ന കണ്ണുകള്‍ക്ക്‌ നക്ഷത്രപ്രഭ!!'

അവര്‍ക്ക്‌ മോശം പേരായിരുന്നു എന്ന്‌ സമര്‍പ്പിക്കുന്നവര്‍ക്കും പറയാനുണ്ട്‌ പലതും.

പൊതു മേഖല സ്ഥാപനങ്ങളെ അടച്ചുപൂട്ടി പാവപ്പെട്ട തൊഴിലാളികളെ വഴിയാധാരമാക്കിയവര്‍, പ്രത്യേകിച്ച്‌ ഖനിവ്യവസായം, ഉരുക്ക്‌ വ്യവസായം അടച്ച്‌ പൂട്ടി പാവപ്പെട്ടവന്റെ കഞ്ഞിയില്‍ മണ്ണ്‌ വാരിയിട്ട ഭൂതം.!!

കമ്യൂണിസത്തിന്റെ ഉജ്ജ്വലപ്രഭാവത്തെ ചവുട്ടി മെതിച്ച്‌ ഇല്ലായ്‌മ ചെയ്‌തവള്‍,
പൊതുജന ശ്രദ്ധയും, മാധ്യമ ശ്രദ്ധ ആവോളം കിട്ടുവാന്‍ കുത്സിത പ്രവര്‍ത്തനങ്ങള്‍ കാഴ്‌ചവച്ചവള്‍... അങ്ങിനെ ആ പട്ടിക നീളുകയാണ്‌.
മരണാന്തരം മാര്‍ഗരറ്റ്‌ താച്ചരുടെ ഭരണമികവിനെ പറ്റി പുകഴ്‌ത്തിയും ഇകഴ്‌ത്തിയുമുള്ള ചര്‍ച്ചകളും ഘോഷയാത്രകളും അരങ്ങ്‌ തകര്‍ത്തു.!!
ലക്ഷങ്ങള്‍ മുടക്കി സ്റ്റേറ്റിന്റെ നേതൃത്വത്തില്‍ മരണാനന്തര ചടങ്ങു നടത്തുന്നതിന്‌ എതിരെ എതിര്‍പ്പ്‌ ഉണ്ടായി. എല്ലാ ആരോപണങ്ങള്‍ക്കും, പ്രത്യാരോപണങ്ങള്‍ക്കും നിശബ്‌ദയായി നിര്‍വികാരയായി, ഒന്നും പ്രതികരിക്കാതെ നിതാന്ത നിദ്രയെ പുല്‍കിയ മര്‍ഗരറ്റ്‌ താച്ചറുടെ മരണാനന്തര ചടങ്ങുകള്‍ നടന്നത്‌ സെന്റ്‌ പോള്‍സ്‌ കത്രീഡ്രലില്‍ വച്ചായിരുന്നു. മരണാനന്തര ചടങ്ങുകള്‍ക്ക്‌ നേതൃത്വം നല്‌കിയ ലണ്ടന്‍ ബിഷപ്‌ Right Revered Richard Chartres പറഞ്ഞത്‌ ഈ അവസരത്തില്‍ സ്‌മരണീയമാണ്‌.
എല്ലാ വിധത്തിലുള്ള രാഷ്‌ട്രീയ വിവാദങ്ങള്‍ക്കും കൊടുംങ്കാറ്റുകള്‍ക്കും വിരാമവിട്ടുകൊണ്ട്‌, ശാന്തതയുടെ ഈ മുഹൂര്‍ത്തത്തില്‍, എല്ലാവര്‍ക്കും ബാധകമായ സുനിശ്ചിതമായ മരണത്തിന്‌ വഴങ്ങിയ മര്‍ഗരറ്റ്‌ താച്ചര്‍ക്ക്‌ അന്ത്യോപചാരം അര്‍പ്പിക്കാം. ഇത്‌ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും ഉള്ള സമയമല്ല. അവര്‍ ചെയ്‌ത നന്മകള്‍ ഓര്‍ത്ത്‌ നിത്യശാന്തി അര്‍പ്പിക്കാം.
1979 മുതല്‍ 90 വരെ ബ്രിട്ടനെ ഭരിച്ച്‌, 87-ാം വയസ്സില്‍ മൃതിയടഞ്ഞ്‌ മാര്‍ഗരറ്റ്‌ താച്ചര്‍ക്ക്‌ ആദരാഞ്‌ജലി.
വേഷവും അലങ്കാരങ്ങളും അഴിച്ച്‌ വച്ച്‌ അരങ്ങില്‍ നിന്ന്‌ നിശബ്‌ദമായി വിടപറയും വേളയില്‍, അവരോട്‌ പുറം തിരിഞ്ഞ്‌ നിന്ന്‌ പ്രതിഷേധം രേഖപ്പെടുത്തുന്നത്‌ അപക്വമല്ലേ?
ജീവിതത്തെ അറിഞ്ഞവര്‍, ബഹുമാനിച്ചവര്‍ മരണത്തെയും അറിയുന്നു ബഹുമാനിക്കുന്നു ആദരിക്കുന്നു. ജീവിതവും മരണവും ഒരു നാണയത്തിന്റെ രണ്ടു വശങ്ങള്‍ മാത്രം.
മാര്‍ഗ്രറ്റ്‌ താച്ചര്‍ക്ക്‌ ആദരാഞ്‌ജലികള്‍.