2013, സെപ്റ്റംബർ 24, ചൊവ്വാഴ്ച

വിഷു






കണിക്കൊന്നയല്ലേ
വിഷുക്കാലമല്ലോ
പൂക്കാതിരിക്കാന്‍
എനിക്കാവതില്ല
അയ്യപ്പപണിക്കരുടെ ഈ കവിതാശകലം, വിഷുക്കാലം ആകുമ്പോള്‍ നറുതേന്‍ ഉതിര്‍ത്തു കൊണ്ട് നമ്മുടെ നാവിന്‍ തുമ്പില്‍ തത്തിക്കളിക്കുന്നു. വഴിയരികില്‍, വേലിക്കരികില്‍, നിറ പുഞ്ചിരിയുമായി നില്ക്കുന്ന സ്വര്‍ണ്ണ വര്‍ണ്ണങ്ങളിലുള്ള കണിക്കൊന്ന പൂക്കളെ പറ്റി ചിന്തിക്കുമ്പോള്‍ തന്നെ നമ്മുടെ മനസ്സില്‍ ഒരായിരം ഗൃഹാതുരാസ്മരണകളുടെ വേലിയേറ്റം തന്നെ ഉണ്ടാകുന്നു. കടുത്ത വേനല്‍ ചൂടിലും, പതറാതെ, തളരാതെ, വാടാതെ, നിറപുഞ്ചിരിയുമായി നില്ക്കുന്ന കൊന്നപൂക്കള്‍, പ്രതിസന്ധികളില്‍ തളരാത്ത മലയാള നന്മയേയല്ലേ ഓര്‍മ്മിപ്പിക്കുന്നത്.
നമ്മുടെ പ്രവാസ ജീവിതത്തില്‍ വിഷുക്കണി പൂക്കള്‍ വെറും സ്മരണകളായി മാറുമ്പോള്‍ ഒരു ഞെട്ടലോടെ ഓര്‍ത്തുപോകുന്നു, നമ്മുടെ ഹൃദയാന്തര്‍ ഭാഗത്തുള്ള നന്മയുടെ പൂക്കളെല്ലാം വിടരാതെ കൊഴിയുകയാണോ?
കേരളത്തിന്റെ സംസ്ഥാന പുഷ്പം ആണ് കണിക്കൊന്ന. വിഷുകണിയില്‍ ഒഴിച്ചു കൂടാത്ത ഒന്നാണ് കണിക്കൊന്നപ്പൂക്കള്‍.
ഭംഗിയും വൃത്തിയും ഉള്ള ഓട്ടുരളിയില്‍ അരിയും നെല്ലും പാതി നിറച്ച്, പുത്തന്‍പുടവയും, കണ്ണാടിയും, ഫലങ്ങളും, കണിക്കൊന്നയും, തിരി തെളിച്ച നിലവിളക്കും ശ്രീകൃഷ്ണ വിഗ്രഹവും ചേര്‍ത്താണ് വിഷുക്കണി ഒരുക്കുന്നത്. കുടുംബ നാഥയാണ് വിഷുക്കണി ഒരുക്കുന്നത്. പ്രഭാതത്തില്‍ ആദ്യം കാണുന്ന കാഴ്ചയാണ് വിഷുക്കണി. വിഷുക്കണി കണ്ടതിനുശേഷം കുടുംബനാഥന്‍ കുടുംബാംഗങ്ങള്‍ക്ക് വിഷുകൈനീട്ടം കൊടുക്കുന്നു. ഐശ്വര്യത്തിലേയ്ക്കും സമൃദ്ധിയിലേക്കും ഉള്ള ആദ്യ കാല്‍വെയ്പ്പ്. സുശക്തവും, ഐശ്വര്യ പൂര്‍ണ്ണവും ഊഷ്മളവുമായ ആദ്യകാല്‍വെയ്പ്പാണ് എന്തിന്റെയും ശുഭപര്യാവസാനം എന്ന് ബോധ്യപ്പിക്കുന്നതാണ് വിഷുകണിയും വിഷുകൈനീട്ടവും.
മേടം ഒന്നിനാണ് വിഷു. വിഷു എന്നാല്‍ തുല്യം എന്നര്‍ത്ഥം. ഭൂമദ്ധ്യരേഖയ്ക്ക് മുകളില്‍ സൂര്യന്‍ എത്തുന്ന ദിനം, പകലും രാത്രിയും തുല്യമായ ദിനം.
വിഷുക്കണിയില്‍ ശ്രീകൃഷ്ണ രൂപത്തോടൊപ്പം ഒരു കണ്ണാടിയും ഉണ്ട്. സ്വയം കാണുന്നതിനുള്ള കണ്ണാടി. ബൈബിളില്‍ പറയുന്നു, ദൈവത്തിന്റെ പ്രതിഛായയിലാണ് മര്‍ത്യനെ സൃഷ്ടിച്ചിരിക്കുന്നതെന്ന്.
ആ കണ്ണാടിയില്‍ പ്രതിഫലിക്കുന്നത് ദൈവമാണ്. ബാഹ്യാകാരങ്ങളിലെ രൂപമല്ല അന്തരാളങ്ങളില്‍ കുടികൊള്ളുന്ന നിത്യ വെളിച്ചമാണ്.
സ്വയം കാണുന്നവര്‍, അറിയുന്നവര്‍ പ്രപഞ്ചത്തിലെ സര്‍വ്വ ചരാചരങ്ങളിലുള്ള അറിയുന്നു അനുഭവിക്കുന്നു.!!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ