2013, സെപ്റ്റംബർ 23, തിങ്കളാഴ്‌ച

ലോകസമാധാന ദിനത്തില്‍ ചില ചിന്തകള്‍

ലോകസമാധാന ദിനത്തില്‍ ചില ചിന്തകള്‍
സെപ്റ്റംബര്‍ 21 ലോകസമാധാന ദിനമായി ആചരിക്കുന്നു. അശാന്തിയുടെ പുറത്ത് നിന്ന് നാം  സമാധാനത്തെപ്പറ്റി ചിന്തിക്കുന്നു. ദീപങ്ങളെല്ലാം അണച്ച് നാം വെളിച്ചത്തെപ്പറ്റി പഠിക്കുകയും പ്രസംഗിക്കുകയും ചര്‍ച്ച ചെയ്യുകയും ഉപവസിക്കുകയും ചെയ്യുകയാണ്. മാരകമായ അണുവായുധങ്ങള്‍ സുരക്ഷിതമായി കീശയില്‍ വച്ച് രാഷ്ട്രതലവന്‍മാര്‍ നിരായുധീകരണത്തെപ്പറ്റി വാചാലരാകുകയാണ്. അനുദിനമെന്നവണ്ണം ഇറാക്കിലും അഫ്ഘാനിസ്ഥാനിലും ചൊരിയപ്പെടുന്ന രക്തച്ചൊരിച്ചിലുകള്‍ ഹൃദയത്തില്‍ നിന്നും ഉതിര്‍ക്കുന്ന മുറിവായി നിലനില്‍ക്കേ, ലിബിയയും ഈജിപ്തും മനുഷ്യക്കുരുതിയുടെ പുതുചരിത്രം കുറിക്കുകയാണ്. ഇപ്പോഴിതാ സിറിയയും. സിറിയയെ ആക്രമിക്കണമോ വേണ്ടയോ? വന്‍ശക്തികളുടെ രാഷ്ട്രതലവന്‍മാര്‍ രാപ്പകലില്ലാതെ തലപുകയ്ക്കുകയാണ്.

to be or not to be
യുദ്ധം വേണമോ വേണ്ടയോ?

രാഷ്ട്രതലവന്‍മാരുടെ ഈ ആശങ്ക തന്നെ യുദ്ധത്തിന്റെ പ്രസക്തി ഇല്ലാതാക്കുന്നു. മാര്‍ഗ്ഗമദ്ധ്യേ ആക്രമണോത്സുകമായി നമ്മെ നേരിടുന്ന വിഷപ്പാമ്പിനെ എന്ത് ചെയ്യണമെന്ന് ചിന്തിച്ച് ആലോചിച്ച് ചര്‍ച്ച
ചെയ്ത്  ഒരു തീരുമാനത്തില്‍ എത്തിയിട്ടല്ല നാം പ്രവര്‍ത്തിക്കുന്നത്. നമ്മുടെ റിഫ്‌ളക്‌സ് ആണ് അവിടെ പ്രവര്‍ത്തന ക്ഷമമാകുന്നത്. ആസന്നമായ ആപത്ഘട്ടങ്ങളെ തരണം ചെയ്യാന്‍ പ്രകൃതി നമുക്ക് നല്കിയിരിക്കുന്ന ദാനമാണത്. അതുകൊണ്ടാണ് അഹിംസയുടെ അപ്പസ്‌തോലനായ മഹാത്മാഗാന്ധി രണ്ടാം ലോകമഹായുദ്ധക്കാലത്ത് ഫാസിസ്റ്റ് ശക്തികളുടെ കിരാതാക്രമണങ്ങളെ നേരിടാന്‍ ബ്രിട്ടീഷ് സൈന്യത്തോടൊപ്പം നിന്ന് യുദ്ധം ചെയ്യുവാന്‍ ഇന്ത്യന്‍ സൈനികരോട് ആഹ്വാനം ചെയ്തത്.

സിറിയയുടെ കാര്യത്തില്‍ ആസന്നമായ ഇത്തരം ആപത്ഘട്ടം ഇല്ല. അധികാര കസേര ഉറപ്പിക്കാന്‍ സ്വന്തം ജനതയ്ക്ക് എതിരെ രാസായുധങ്ങള്‍ പ്രയോഗിക്കുന്ന പ്രസിഡന്റ് അസാദിനെയോ, കുഞ്ഞുങ്ങളും ഗര്‍ഭിണികളുമടക്കം അടക്കം അഭയാര്‍ത്ഥി ക്യാമ്പുകളില്‍ കഴിയുന്ന നിരാലംബരായ ലക്ഷക്കണക്കിന് ജനങ്ങളുടെയും കണ്ണീരും വിലാപവും വിസ്മരിച്ചുകൊണ്ടല്ല ഇങ്ങനെ ചിന്തിക്കുന്നത്. യുദ്ധമല്ലാതെ മറ്റ് പരിഹാരമാര്‍ഗ്ഗങ്ങളെപ്പറ്റി ചിന്തിക്കാന്‍ രാഷ്ട്രതലവന്‍മാര്‍ നിര്‍ബന്ധിതരായിരിക്കുന്നത് ലോകജനതയുടെ ഇടയില്‍ മുഴങ്ങുന്ന സമാധാനത്തിന്റെ വെള്ളരിപ്രാവുകളുടെ ചിറകടിയുടെ പ്രതിധ്വനികൊണ്ടാണ്.
അഫ്ഗാനിസ്ഥാനിലും ഇറാക്കിലും പിടിച്ച പുലിവാല് ആവര്‍ത്തിക്കാതിരിക്കാന്‍ ബ്രിട്ടനടക്കമുള്ള രാജ്യങ്ങളും ജാഗ്രത പുലര്‍ത്തുന്നുണ്ട്. റഷ്യയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണെങ്കിലും യുദ്ധം ഉപേക്ഷിച്ച് സിറിയയുടെ കാര്യത്തില്‍ സമാധാന പൂര്‍വ്വമായ മാര്‍ഗ്ഗങ്ങള്‍ ആരായാന്‍ അമേരിക്കയും സന്നദ്ധമായ ഈ സാഹചര്യത്തില്‍ സെപ്റ്റംബര്‍ 21ലെ സമാധാനദിനം അര്‍ത്ഥപൂര്‍ണ്ണമാകുമോ?

യഥാര്‍ത്ഥത്തില്‍ ഇപ്പോള്‍ കൈവരിച്ചിരിക്കുന്ന ശാന്തത കൊടുങ്കാറ്റിന് മുമ്പുള്ള ശാന്തത മാത്രമല്ലേ? പുകയുന്ന രാജ്യങ്ങളും എരിയുന്ന രാജ്യാതിര്‍ത്തികളും നെരിപ്പോട് പോലെ ഞെരിഞ്ഞമരുന്ന മനുഷ്യമനസ്സുകളുടെ പ്രതിധ്വനിയല്ലേ? യുദ്ധവും ആക്രമണങ്ങളും അപ്രതീക്ഷിത മുഹൂര്‍ത്തത്തില്‍ ചക്രവാളത്തില്‍ ഉദയം കൊള്ളുന്ന ധൂമകേതുപോലെ അല്ല. നാം അറിഞ്ഞോ അറിയാതെയോ അതിന് പോഷണം നല്‍കുന്നവരാണ്. യുദ്ധത്തിന്റെ വേരുകള്‍ കിടക്കുന്നത് ഇറാഖിലോ സിറിയയിലോ അല്ല. നമ്മുടെ അനുദിന ജീവിതത്തിലാണ്.

അനുദിന ജീവിതത്തില്‍ നാം നേരിടുന്ന അനിഷ്ട സംഭവങ്ങളോടും അപ്രിയ കാര്യങ്ങളോടുമുളള നമ്മുടെ പ്രതികരണത്തില്‍ യുദ്ധത്തിന്റെ വിത്തുകള്‍ വിതയ്ക്കുകയും ചെയ്യപ്പെടുന്നു. നമ്മുടെ വാദവിവാദ കോലാഹലങ്ങള്‍ സമാധാനം പുനസ്ഥാപിക്കാന്‍ തന്നെയാണെന്ന് നാം വാദിക്കുന്നു.

യുദ്ധങ്ങള്‍ യുദ്ധങ്ങള്‍ക്ക് വേണ്ടിയല്ല. സമാധാനം പുനസ്ഥാപിക്കാനാണെന്ന് പറയുമ്പോള്‍ അടിസ്ഥാനപരമായ നമ്മുടെ പ്രതികരണ രീതിയുടെ അപച്യുതിയുടെ വിസ്‌ഫോടനം മാത്രമാണ് യുദ്ധം. നാം അലസമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക് കവറുകള്‍ പോലും പരിതസ്ഥിതി പ്രശ്‌നങ്ങള്‍ ഉയര്‍ത്തുമെന്ന് കൊച്ചുകുട്ടികള്‍ക്കു പോലും അറിയാം. അതുകൊണ്ടാണ് അത്തരം പ്രവര്‍ത്തനങ്ങളെല്ലാം വര്‍ജ്ജിച്ച് പരിതസ്ഥിതിയെ സംരക്ഷിക്കാന്‍ നാം പ്രതിബദ്ധരാണ്. ഇതൊരു യാഥാര്‍ത്ഥ്യമാണെങ്കില്‍ അനിഷ്ടസംഭവങ്ങളോടുള്ള നമ്മുടെ പ്രതികരണം യുദ്ധത്തിന്റെ കാര്‍മേഘങ്ങള്‍ക്ക് ആക്കം കൂട്ടും എന്നതിന് സംശയമില്ല.

പ്രപഞ്ചത്തിന്റെ ബാഹ്യമണ്ഡലവും ആന്തരീകമണ്ഡലവും പരസ്പര പൂരിതവും പരസ്പര ബന്ധിതവുമാണ്. അനിഷ്ടസംഭവങ്ങളോട് ആക്രമണോത്സുകമായ പ്രതികരണം മൃഗസഹജമാണ്. ക്ഷമയും സഹനവും താത്ക്കാലിക ഉപശാന്തി നല്‍കുമെങ്കിലും അതൊരു വിസ്‌ഫോടനത്തിലേ കലാശിക്കൂ.

അനിഷ്ടസംഭവങ്ങളും അപ്രിയ കാര്യങ്ങളും ഒരു നിഴല്‍പോലെ നമ്മെ പിന്‍തുടരുന്നു. ജീവിതസാഹചര്യത്തില്‍ അവയോടുള്ള പ്രതിപ്രവര്‍ത്തനത്തിലല്ല, പ്രവര്‍ത്തനത്തില്‍ നവ്യമാം രീതിയെപ്പറ്റി ചിന്തിക്കേണ്ടിയിരിക്കുന്നു. ഭൂമുഖത്ത് കൂടി കടന്നുപോയിട്ടുള്ള അവതാരമഹത്തുക്കള്‍ ലളിതമായ ഭാഷയില്‍ അവയെപ്പറ്റി എല്ലാം നമ്മെ ഓര്‍മ്മിപ്പിച്ചിരുന്നു. എന്നാല്‍ സംഘടിത മതങ്ങള്‍ ആ മഹാത്മാക്കളെ ഏറ്റെടുത്തപ്പോള്‍ സത്യം വീണ്ടും ചവിട്ടിതാഴ്ത്തപ്പെടുകയാണ്. നന്‍മകള്‍ തിന്‍മകളുടെ കാര്‍മേഘങ്ങളെ സ്വാംശീകരിക്കുമ്പോള്‍ സൗഹാര്‍ദ്ദത്തിന്റെയും സഹകരണത്തിന്റെയും അമൃതധാര പ്രവഹിക്കും.

ശിവന്‍ നീലകണ്ഠനായതും, പാപം ചെയ്യാത്തവന്‍ ഗാഗുല്‍ത്താമല കയറിയതും ഈ സ്വാംശീകരണ പ്രക്രിയ മൂലമാണ്. ഇനിയും എത്ര നിഷ്‌കളങ്കരായ ബലിയാടുകളുടെ നിണം ഈ ഭൂമിയിലൂടെ ഒഴുകിയാല്‍ മാത്രം ഈ സ്വാംശീകരണ പ്രക്രിയ പൂര്‍ത്തിയാകൂ.

അഭയാര്‍ത്ഥി ക്യാമ്പുകളിലെ നിരാലംബരുടെ നിസ്സഹായതയും കഷ്ടപ്പാടുകളും ദീനരോദനങ്ങളും നമ്മെ അസ്വസ്ഥരാക്കുന്നുവെങ്കില്‍ നമുക്ക് പ്രതിബദ്ധരാകാം.

ശ്രീനാരായണഗുരു പറഞ്ഞപോലെ
അവനവനാത്മഹിതത്തിനാചരിക്കുന്നവ
അപരന് അഹിതമായി ഭവിക്കാതിരിക്കണം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ