തിരസ്‌ക്കാരത്തിന്റെ യാതനകളെ നിത്യജീവന്റെ ഉറവകളാക്കി മാറ്റിയ യാഗബലിയാണ് കുരുശു മരണവും ഉത്ഥാനവും. അവ അനുസ്മരിക്കപ്പെടുന്നതു കൊണ്ടോ ആചരിക്കപ്പെടുന്നതു കൊണ്ടോ പുജിക്കപ്പെടുന്നതുകൊണ്ടോ മാത്രം സത്യാനുഭവത്തിലേക്ക് ആനയിക്കപ്പെടില്ല.സ്വന്തം ജീവിതത്തില്‍ കുരിശ് മരണവും ഉത്ഥാനവും അനുഭവിച്ചറിഞ്ഞാല്‍ മാത്രമെ സ്‌നേഹവും കൃതജ്ഞതയും ഹൃദയത്തില്‍ ഉദയം ചെയ്യുകയുള്ളൂ.
'അബ്രഹാമിന് മുമ്പ് ഞാന്‍ ഉണ്ടായിരുന്നു (യോഹ 8: 58) എന്ന അരുളപ്പാടിലൂടെ തന്നെ യേശുനാഥന്‍ മര്‍ത്യരെ ഓര്‍മ്മിപ്പിക്കുകയായിരുന്നു, ജനവും, ജീവിതവും, മരണവും എല്ലാം ഉണര്‍വും, ഉണ്മയും പോലെ ജീവന്റെ - ആത്മാവിന്റെ കേവലമായ അവസ്ഥാന്തരങ്ങളാണെന്നും, ഈ അവസ്ഥാന്തരങ്ങള്‍ക്ക് ഹേതുവായ മൂല സ്രോതോസ്സിനെ ജലവും മാംസവുമായി ജീവനോടെ ഇരിക്കുമ്പോള്‍ തന്നെ അനുഭവവേദ്യമാക്കണമെന്ന് സ്വന്തം ജീവിതത്തിലൂടെ കാണിച്ച് തന്ന ദിവ്യാത്മാവാണ് യേശുനാഥന്‍.
വിചാരണ വേളയില്‍ കുറ്റാരോപിതനായ യേശു നാഥന്‍ ആരാണ് എന്ന് പീലാത്തോസിന്റെ ചോദ്യത്തിന് ഉത്തരമായി യേശുനാഥന്‍ പ്രതിവചിച്ചത്, സത്യത്തിന് സാക്ഷ്യം വഹിക്കുന്നവന്‍ എന്നാണ്. പീലാത്തോസ് യേശുവിനോട് ചോദിച്ചു ''എന്താണ് സത്യം"? (യോഹ 8: 37, 38) യേശു നാഥന്‍ നിശബ്ദനായി. ഒരായിരം അര്‍ത്ഥതലങ്ങള്‍ ഉല്‍ക്കൊള്ളുന്ന വാചാലമായ നിശബ്ദത.
സത്യം വാക്കുകളിലൂടെ പ്രകാശിപ്പിക്കുക അസാദ്ധ്യം. അത് ഹൃദയം കൊണ്ട് അനുഭവിക്കേണ്ട പരം പൊരുളാണ്!! സത്യം എന്താണ്എന്ന് സ്വയം ചോദ്യക്യ്ന്നുള്ള ആര്‍ജ്ജവത്വം നമുക്ക് ഉണ്ടായിരുന്നുവെങ്കില്‍, ഇന്ന് കാണുന്ന ശബ്ദഘോഷണങ്ങളോടെയുള്ള ആചാരാനുഷ്ടാനങ്ങളുടെ പ്രസക്തിയെപ്പറ്റി നാം ഒരു നിമിഷം ചിന്തിച്ചു പോവില്ലേ? ആചാരാനുഷ്ടാനങ്ങളുടെ അണുവിട വ്യതിചലിക്കാതെയുള്ള പരിപാലനം നമ്മെ സത്യാനുഭവത്തിലേക്ക് നയിക്കുമോ? സത്യാനുഭവത്തിന്റെ പ്രകടമായ പ്രതിഫലനം എന്താണ്? നിസ്സംശയം നമുക്ക് പറയാന്‍ കഴിയും അത് സൃഷ്ടാവിനോടും, സഹജീവികളോടും ഉള്ള സ്‌നേഹമാണ്, കൃതജ്ഞതയാണ്!!
പക്ഷേ അപ്രിയ കാര്യങ്ങള്‍ പ്രവര്‍ത്തിച്ചവരോട്, പറഞ്ഞവരോട്, ഹൃദയപൂര്‍വ്വം ക്ഷമിച്ച്, ഹൃദ്യമായി ഒന്ന് ചിരിക്കാന്‍ നമുക്ക് കഴിയുമോ അതിലും എത്ര എളുപ്പമാണ് രാത്രി മുഴുവന്‍ മുട്ടിപ്പയ് ഇരുന്ന് പ്രാര്‍ത്ഥിക്കുന്നത്!! വിശ്വാസത്തില്‍ നിന്ന് ഉയരുന്ന പ്രാര്‍ത്ഥനയുടെയും ആചാരാനുഷ്ടാനങ്ങളുടെയും അത്യന്തികഫലമായ സ്‌നേഹവും കൃതജ്ഞതയും നമ്മിലുണര്‍ത്താതെ, കേവലമായ വൈകാരിക സംതൃപ്തി മാത്രമേ പ്രദാനം ചെയ്യുന്നുള്ളൂ. വിപ്ലവ പാര്‍ട്ടിയിലെ സമുന്നത നേതാവ്, ആദരണീയനായ മത ശ്രേഷ്ടനെ 'നികൃഷ്ട ജീവി എന്ന് വിളിച്ചപ്പോള്‍ പ്രക്ഷുബ്ദനാകാതെ, പ്രത്യാരോപണങ്ങള്‍ ഉന്നയിക്കാതെ, മകനെ എന്ന് സംബോധന ചെയ്തു, വസ്തുതകള്‍ വിശദമാക്കാനുള്ള സ്വാഭാവിക പ്രവണത നമ്മില്‍ ഉണ്ടാവണമെങ്കില്‍ ഭൂവാസികള്‍ എല്ലാം ഒന്നാണെന്നുള്ള സ്വാഭാവിക ജ്ഞാനം നമുക്ക് വേണം. അപ്പോള്‍ മാത്രമെ തമസില്‍ വാണ്, തമോഗര്‍ത്തത്തിലേക്ക് പതിക്കുന്ന ജനതക്ക് വെളിച്ചവും മാര്‍ഗ്ഗവുമാകാന്‍ കഴിയൂ.
പക്ഷേ ഈ വെളിച്ചവും സ്‌നേഹവും നമ്മില്‍ ഉദയം ചെയ്യാത്തത് എന്തു കൊണ്ട്? വിശ്വാസം ആശ്വാസം ആണെങ്കിലും, വിശ്വാസത്തിലൂടെയുള്ള യാത്ര നമ്മെ സത്യാനുഭവത്തിലേക്ക് നയിക്കാത്തതു കൊണ്ട്!!. സ്വാര്‍ത്ഥ മോഹങ്ങളുടെ, സ്പര്‍ദ്ധയുടെയും, മത്സരങ്ങളുടെയും കൊടുംകാട്ടില്‍ പെട്ടിരിക്കുന്ന മര്‍ത്യന് വിശ്വാസവും പ്രാര്‍ത്ഥനയും ആശ്വാസം തന്നെയാണ്. ഒട്ടുമിക്ക ശാരീരിക അസ്വസ്ഥതകളും, ക്യന്‍സര്‍പോലും മനോജന്യമായ അസ്വസ്ഥതകളില്‍ നിന്ന് ഉടലെടുക്കുന്നു. വിശ്വാസത്തില്‍ അഭയം തേടുന്നവന് ലഭിക്കുന്ന സുരകഷിതത്വത്തില്‍ നിന്ന് സംജാതമാകുന്ന സമചിത്തത ഇത്തരം മനോജന്യമായ അസുഖങ്ങളില്‍ നിന്ന് മുക്തമാക്കാം എന്ന് വൈദ്യശാസ്ത്രം തന്നെ തെളിയിച്ചിട്ടുണ്ട്. എന്നാല്‍ വ്യവസ്ഥാപിത മതങ്ങളുടെ പ്രഘോഷകര്‍ ഇതാണ് സത്യം എന്ന് പ്രഘോഷിക്കുമ്പോള്‍, മാര്‍ഗ്ഗ ഭ്രംശം സംഭവിക്കുന്നത് സാധാരണക്കാരന്റെ സത്യാന്വേഷണ ത്വരയാണ്. സമുദ്രത്തിന്റെ അപാരത കാണാന്‍ ഇറങ്ങിപ്പുറപ്പെട്ടവന്‍ കുളത്തിലെ വെള്ളം കണ്ട് ഇതാണ് സമുദ്രം എന്ന് കരുതി കൈകൊട്ടി പാടുന്നത് പോലെയാണത്!!
പ്രാര്‍ത്ഥന കൊണ്ട് ഒരു ഫലവുമില്ല എന്നു പറയുന്നവര്‍ വായില്‍ വെള്ളി കരണ്ടിയുമായി ജനിച്ചവരും, ചില്ല് കൊട്ടാരത്തില്‍ വസിക്കുന്നവരുമാകും. അനാഥത്വത്തിലും അനിശ്ചിതത്വത്തിലും ദാരിദ്ര്യത്തിലും ജനിക്കുന്നവരുടെ മുന്നില്‍ ദൈവം അപ്പമായും സ്വാന്തനമായും പ്രത്യക്ഷപ്പെട്ട അനുഭവങ്ങല്‍ ഏറെയാണ്. (ഭഗവത്ഗീത അ 4/11/ ''ഏതാളുകള്‍ എന്നെ (ഭഗവാനെ) ഏതു വിധം സമീപിക്കുന്നുവോ, ഞാന്‍ അതേ വിധം തന്നെ അവരേയും സമീപിക്കുന്നു പ്രാര്‍ത്ഥനയെയും വിശ്വാസത്തെയും അടിവരയിടുന്നു വാക്യം ആണ് ഇത്)
പക്ഷേ സാധാരണ രീതിയില്‍ നാം വിശ്വാസത്തെ വീക്ഷിക്കുന്നത് അത്ര തീര്‍ച്ചയില്ലായ്മയിലാണ്. പരീക്ഷ എഴുതി കഴിഞ്ഞ വിദ്യാര്‍ത്ഥിയോട്, വിജയ സാധ്യതയെപ്പറ്റി ചോദിച്ചാല്‍ വിജയിക്കുമെന്ന് വിശ്വസിക്കുന്നു എന്ന് പറയും. റിസള്‍ട്ട് വന്നാലോ, അവിടെ വിശ്വാസത്തിന് പ്രസക്തിയില്ല. പ്രകതാശത്തിലിരിക്കുന്നവന്‍ 'പ്രകാശത്തിലിരിക്കുന്നുവെന്ന് വിശ്വസിക്കുന്നു എന്ന് പറയില്ല. ചുരുക്കത്തില്‍ വിശ്വാസത്തിന്റെ കൈവരികളില്‍ താങ്ങി നടക്കുന്ന നാം, അനുഭവത്തിന്റെ വിഹായസിലേക്ക് പറന്ന് ഉയരാന്‍ കഴിയാതെ വരുന്നു.
വിശ്വാസം സത്യാനുഭവത്തിന് തടസ്സമാകുന്നു. അനിശ്ചിതത്വത്തെ ഭയപ്പെടുന്നതു കൊണ്ടാണ് നാം വിശ്വാസത്തില്‍ അഭയം തേടുന്നത്. കണ്ണടച്ച് ഇരുട്ട് ആക്കുന്നത്. ഇരുട്ട് കൊണ്ട് ഓട്ട അടക്കുന്നത.#് ജീവിത പങ്കാളിയെ വിശ്വസിക്കുകയും സ്‌നേഹിക്കുകയും ചെയ്യണമെന്ന് പറയുമ്പോഴും ഈ വൈരുദ്ധ്യം ഉണ്ട്. ജീവിത പങ്കാളിയെ വിശ്വസിക്കണം എന്നു പറയുന്നത് എന്തുകൊണ്ട്? പങ്കാളിയുടെ സ്വാതന്ത്ര്യത്തെ ഭയപ്പെടുന്നതുകൊണ്ട്. ഭയം ഉള്ളടത്ത് പ്രാര്‍ത്ഥന ഉണ്ടാവും. സ്‌നേഹം ഉണ്ടാവില്ല. സ്‌നേഹം ഉള്ളടത്ത് ഭയവും ഇല്ല, പ്രാര്‍ത്ഥനയുടെയും വിശ്വാസത്തിന്റെയും ആവശ്യകതയുമില്ല.
ഒരു കഥയുണ്ട്, ദൈവ ഭക്തനായ ഒരുവന്‍ വനാന്തരങ്ങളിലൂടെ സഞ്ചരിക്കുകയായിരുന്നു. പെട്ടെന്ന് കാല്‍ വഴുതി അഗാധമായ കൊക്കയിലേക്ക് പതിച്ചു. ഭാഗ്യത്തിന് ഒരു പുല്‍ച്ചെടിയില്‍ പിടുത്തം കിട്ടി. ആശ്വാസത്തിന് പകരം ഒരു ഞെട്ടലോടെ ഭക്തന്‍ അറിഞ്ഞു, പിടിവള്ളിയും പൊട്ടുകയാണ്. ഭക്തന്‍ ഉള്ളം പിളര്‍ന്ന് രക്ഷക്കായി ദൈവത്തോട് യാചിച്ചു. ഭക്തവത്സലനായ ദൈവം സഹായത്തിനെത്തി. ദൈവം അരുള്‍ ചെയ്തതു, ധൈര്യമായി കൈവിട്ടു കൊള്ളൂ ഞാന്‍ നിന്നെ താങ്ങും. ഭക്തന്‍ താഴെ നോക്കി അത്യാഗാധമായ ഗര്‍ത്തം! ഭക്തന്‍ ഒട്ടും സംശയിക്കാതെ പറഞ്ഞു പോയി, അവിടെ ദൈവം അല്ലതെ മറ്റാരെങ്കിലും ഉണ്ടോ, ഒരു കൈതാങ്ങാന്‍?
കുഞ്ഞുങ്ങളുടെ വളര്‍ച്ചയില്‍ കളിപ്പാട്ടങ്ങള്‍ക്കുള്ള പ്രസക്തിയേ പലപ്പോഴും വിശ്വാസങ്ങള്‍ക്കുള്ളൂ. വളരുമ്പോള്‍ കളിപ്പാട്ടങ്ങള്‍ സൗഹൃദത്തിന് വഴിമാറുന്നു. പക്ഷേ വളര്‍ന്നിട്ടും കളിപ്പാട്ടങ്ങളെ നെഞ്ചോട് ചേര്‍ത്തു വച്ചിരിക്കുന്നവന്റെ കരങ്ങളില്‍ നിന്ന് അത് പിടിച്ചു വാങ്ങരുത്. അത് പിടിച്ചു വാങ്ങാന്‍ ശ്രമിച്ചാല്‍ കുരിശു യുദ്ധങ്ങള്‍ ഉണ്ടാവും, ബാവാകക്ഷിയും, മെത്രാന്‍ കക്ഷിയും ഉണ്ടാവും, ബിന്‍ലാദന്‍മാര്‍ ഉണ്ടാവാം, നികൃഷ്ട ജീവി എന്ന് വിളിച്ചവനെ തരം കിട്ടുമ്പോഴെല്ലാം പാരവയ്ക്കും. എന്നിട്ട് ഇതിനെല്ലാം മുകളില്‍ നിന്ന് കുടുംബ നവീകരണ നടത്തും!!
വിടര്‍ന്ന് നില്‍ക്കാത്ത പൂവ് സൂര്യനേയോ, കാറ്റിനേയോ കാണുന്നില്ല. സൂര്യനേയും കാറ്റിനേയും അത് അനുഭവിക്കുകയാണ്. അവയുടെ തലോടലില്‍ ലീനമായിരിക്കുകയാണ്. കൃതജ്ഞതയുടെ ആനന്ദത്തിന്റെ ഹൃദയതുടിപ്പുകള്‍ നമുക്ക് അവയില്‍ ദര്‍ശിക്കാം. അത്ഭുതങ്ങളില്‍ ദൈവത്തെ ദര്‍ശിക്കാന്‍ ശ്രമിക്കുന്നവര്‍ ഹൃദയകവാടത്തില്‍ മുട്ടുന്ന ദൈവ സാനിധ്യം തിരിച്ചറിയാതെ പോകുന്നു. വിശ്വാസത്തിന്റെ സുരക്ഷിതത്വത്തില്‍ നിന്ന്, ലോകം നല്‍കുന്ന സുരക്ഷിതത്വത്തില്‍ നിന്ന്, അനിശ്ചിതത്വത്തിന്റെ അനിവാര്യതകളിലേക്ക് ഇറങ്ങി ചെല്ലാനുള്ള ചങ്കൂറ്റം നാം കൈവരിക്കണം. നിലയില്ലാത്ത വെള്ളത്തിലേക്ക് സ്വയം അര്‍പ്പിച്ച് ശ്വാസം മുട്ടി, അല്‍പം വെള്ളം കുടിച്ചാല്‍ മാത്രമെ നീന്താന്‍ പഠിക്കാനാവൂ!!
ലോകത്താല്‍ തിരസ്‌കൃതനായവന്റെ യാതനകളാണ് കുരിശില്‍ നാം ദര്‍ശിക്കുന്നത്. തിരസ്‌കാരത്തിന്റെ വേദനകളെ നിത്യജീവന്റെ ഉറവകളാക്കുന്ന 'രസതന്ത്രം ആണ് അവിടെ സംഭവിക്കുന്നത്. സത്യത്തില്‍ നാം ഓരോരുത്തരും തിരസ്‌കൃതരാണ്. ലോകം നല്‍കുന്ന ലേബലുകളില്‍ അഭയം തേടി തിരസ്‌കാരത്തിന്റെ വേദനകളെ ശമിപ്പിക്കാമെന്ന് നാം വ്യാമോഹിക്കേണ്ട. അതൊരു മരീചികയാണ്. മഞ്ഞ് പെയ്തിറങ്ങുന്ന രാവില്‍, തണുത്ത കാറ്റ് അസ്ഥികളെയും മജ്ജയേയും മരവിപ്പിക്കുമ്പോള്‍, വസ്ത്രങ്ങള്‍ എല്ലാം പിഴുത് എറിഞ്ഞ് നഗ്നപാദനായി തെരുവിലേക്ക് ഇറങ്ങി ചെല്ലാനുള്ള ചങ്കൂറ്റവും മൂഢതയുമാണ് നമുക്ക് ഇന്ന് ആവശ്യം.
ജീവത പങ്കാളിയുടെ സ്‌നേഹത്തിന്‍ തരളിത ഹൃദയനാവുകയോ, തിരസ്‌കാരത്തില്‍ ആലോസരപ്പെടുകയോ ചെയ്യാതെ മക്കളുടെ സ്‌നേഹാനുസൃതങ്ങളായ വായ്ത്താരിയില്‍ മനം മയങ്ങാതെ, സമ്പന്നതയില്‍ മനസ്സ് വച്ച് അഹം ബോധത്തിന്റെ ചിറകുകള്‍ വിരിയ്ക്കാതെ, മത്സരാധിഷ്ടിതമായ ലോക മനസ്സ് നല്‍കുന്ന എല്ലാത്തരം പുകഴ്ത്തലുകളെയും, ഇകഴ്ത്തലുകളെയും തിരസ്‌കരിച്ച് വെളിച്ചത്തിനായി ഹൃദയവാതിലുകള്‍ തുറക്കുന്നവനില്‍ നിത്യജീവന്റെ ഉറവാള്‍ ജനിക്കുന്നു.
എരിഞ്ഞ് അടങ്ങണമെന്ന് അറിഞ്ഞിട്ടും, വെളിച്ചത്തെ പ്രണയിക്കാതിരിക്കാന്‍ കഴിയാത്ത ഈയംപാറ്റകളെപ്പോലെ സത്യത്തിന്റെ ശബ്ദം ആത്മാവില്‍ ശ്രവിച്ചവന്റെ പാദചലനങ്ങള്‍ക്ക് ആത്മാഹൂതിയുടെ താളമുണ്ട്. അവന്‍ തിരസ്‌കാരത്തിന്റെ പാനപാത്രവും, പീഡനങ്ങളുടെ ചാട്ടവാറടികളും മന്ദഹാസത്തോടെ ഏറ്റു വാങ്ങുന്നു. അഹം ബോധത്തിന്റെ ചിറകുകള്‍ കൊഴിഞ്ഞു പോകുന്ന നിമിഷം ഭാരമില്ലായ്മയും അനുഭവിക്കുന്നു.
ഭൂ ഗുരുത്വാകര്‍ഷണത്തെ അതി ജീവിക്കുന്ന വസ്തുവിന് ഭാരമില്ലായ്മ സംഭവിക്കുന്നത് പോലെ. പിന്നെ ആ വസ്തുവിന്റെ ചലനങ്ങള്‍ അതിലടങ്ങിയ 'ആവേഗങ്ങളില്‍' അധിഷ്ടിതമാണ്.
'അഹം ബോധത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് മുക്തനായവനില്‍ നിത്യമാം ഉണ്മ ഉയര്‍ത്ത് എഴുനേല്‍ക്കുന്നു, അതിന്റെ പ്രചോദനത്താല്‍ നയിക്കപ്പെടുന്നു. അപ്പോള്‍ കൃതജ്ഞതയോടെ തിരിച്ചറിയുന്നു
'ഞാന്‍ അവനിലും അവന്‍ എന്നിലും വസിക്കുന്നു. സമസ്തവും എന്നില്‍ വിലയം പ്രാപിച്ചിരിക്കുന്നു. അല്ല ഞാന്‍ സമസ്തത്തിലും വിലയംപ്രാപിച്ചിരിക്കുന്നു'.
അത്യതികമായ ആനന്ദത്തോടെ പറയുന്നു. 'ഞാന്‍ അങ്ങയുടെ ദാസി അവിടുത്തെ ഇഷ്ടം പോലെ എന്നില്‍ സംഭവിക്കട്ടെ. അതില്‍ നിന്ന് ഉയിര്‍ക്കൊള്ളുന്ന വാടാമലരുകള്‍ ഉച്ചത്തില്‍ ഉല്‍ഘോഷിക്കും ലോകത്തിന്റെ പാപഭാരങ്ങള്‍ എന്റെ ചുമലില്‍ വയ്ക്കുക, ഞാനവയെ സന്തോഷപൂര്‍വ്വം വഹിച്ച് പീഡനങ്ങളുടെ ഗാഗുല്‍ത്താമലകള്‍ കയറി ഇറങ്ങാം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ