2013, സെപ്റ്റംബർ 24, ചൊവ്വാഴ്ച

ഒബാമയും ബിന്‍ലാദനും

ലോകരാഷ്ട്രങ്ങള്‍, പ്രശ്‌നങ്ങളുടെ നീര്‍ച്ചുഴികളിലേക്ക്, സങ്കീര്‍ണ്ണതകളിലേക്ക്, കുപ്പുകുത്തുകയാണെന്നു തോന്നത്തക്കവിധത്തിലാണ് സമീപകാലസംഭവങ്ങള്‍ വിരല്‍ ചൂണ്ടുന്നത്.

ബില്‍ലാദന്റെ കൊലപാതകവും അമേരിക്കയുടെ വിജയാഹ്ലാദങ്ങളും, അല്‍ഖൈ്വാദയുടെ ഒടുങ്ങാത്ത പ്രതികാരദാഹങ്ങളും ലോകജനതയെ മുഴുവന്‍ വീണ്ടും ഭീതിയുടെ മുള്‍മുനയില്‍ നിറുത്തുകയാണ്.
അവസാനമില്ലാത്ത പ്രതികാരാഗ്നിയിലും, വിദ്വേഷത്തിലും കുതിര്‍ന്ന ആക്രമണങ്ങളും, കീഴടക്കലുകളും, വിജയങ്ങളും, പരാജയങ്ങളും നമ്മെ എവിടെ എത്തിക്കും? വിദ്വേഷത്തിന്റെയും പ്രതികാരത്തിന്റെയും മറ്റൊരു ഭീഭത്സമുഖം പടിഞ്ഞാറന്‍ നാടുകള്‍ മുഖാമുഖം കാണുകയാണിപ്പോള്‍. പച്ചക്കറികളിലൂടെ പടര്‍ന്നുപിടിക്കുന്ന E-Coli എന്ന മഹാരോഗത്തിന്റെ കാരണങ്ങള്‍, തീവ്രവാദത്തിന്റെ മനുഷ്യത്വരഹിതമായ പ്രവണതകളിലേയ്ക്കാണ് വിരല്‍ ചൂണ്ടുന്നത്. മാത്രമല്ല സൂപ്പര്‍മാര്‍ക്കറ്റുകളിലെ ഭക്ഷണപദാര്‍ത്ഥങ്ങളില്‍ പോലും വന്‍തോതില്‍ വിഷം കലര്‍ത്താന്‍ തീവ്രവാദികള്‍ക്ക് പദ്ധതിയുണ്ടെന്നുള്ള രഹസ്യാന്വേഷണ ഏജന്‍സികളുടെ കണ്ടെത്തലുകള്‍ ലോകജനത ഭയാശങ്കകളോടെയാണ് ശ്രവിച്ചത്.

മാനവവംശം തന്നെ ഭൂമുഖത്ത് നിന്ന് തുടച്ചു നീക്കപ്പെടുമെന്ന ഭയാനകതയിലേക്ക് ലോകജനത നീങ്ങിക്കൊണ്ടിരിക്കുകയാണോ?
വിദ്വേഷത്തിന്റെയും ഭയാശങ്കകളുടെയും കറുത്ത വിഷപ്പുകകള്‍ ചുറ്റും പരക്കുന്ന ഈ വേളയില്‍ സാധാരണക്കാരില്‍ സാധാരണക്കാരായ നമുക്ക് ഇതിനെതിരെ എന്ത് ചെയ്യുവാന്‍ കഴിയും?

ലോകത്ത് നടക്കുന്ന സംഭവങ്ങളിലെല്ലാം ഓരോ വ്യക്തിക്കും പ്രത്യക്ഷമായോ, പരോക്ഷമായോ ഉത്തരവാദിത്വം ഉണ്ട്. ഒരോ വ്യക്തിയും മാനവരാശിയുടെ അനിവാര്യമായ അംശങ്ങളാണ്. കടല്‍തീരത്തെ ഒരു ചെറിയ മണല്‍ത്തരിയും, അങ്ങ് അകലെ കോടാനുകോടി പ്രകാശവര്‍ഷങ്ങള്‍ക്ക് അകലെ നില്‍ക്കുന്ന നക്ഷത്രത്തിനും തമ്മില്‍ അഭേദ്യവും, അദൃശ്യവുമായ ഒരു ബന്ധമുണ്ട്. ആ ബന്ധമാണ് ഈ പ്രപഞ്ചത്തിന്റെ നിലനില്പിന്റെ മൂലാധാരം. ഈ പ്രപഞ്ചത്തിലെ എല്ലാ ചരാചരങ്ങളും പരസ്പരബന്ധിതമായ ചങ്ങലയിലെ കണ്ണികള്‍ പോലെയാണ്. ഒന്നിന്റെ താളക്കേടുകള്‍ മറ്റൊന്നിലേക്ക് വ്യാപിക്കും. അതുകൊണ്ട് തന്നെയാണ് ജപ്പാനില്‍ സുനാമി വിതച്ച ദുരന്തവാര്‍ത്തയറിഞ്ഞ് നാം നടുങ്ങിപോയത്!! ദുരിതം അനുഭവിക്കുന്ന ഹതഭാഗ്യവാന്മാരായ ആ ജനതയെ എങ്ങനെ സഹായിക്കാന്‍ കഴിയും എന്നോര്‍ത്ത് നമ്മുടെ ഹൃദയം വ്യഥിതമായത്!! ലോകമെമ്പാടുമുള്ള ജനത നിശബ്ദമായി തേങ്ങിപ്പോയ ദിനങ്ങളായിരുന്നില്ലേ അത്? ആ ദുരന്തം സംഭവിക്കാതിരുന്നെങ്കില്‍ എന്ന് നാം എല്ലാവരും ഒരു വേള ആശിച്ചുപോയില്ലേ?

നമ്മുടെ മനുഷ്യത്വം മരവിച്ചിട്ടില്ലെങ്കില്‍, ഹൃദയത്തില്‍ സൗഹൃദത്തിന്റെ നീര്‍ച്ചാലുകള്‍ വറ്റിവരണ്ട് വന്‍ മരുഭൂമിയായി രൂപാന്തരപ്പെട്ടിട്ടില്ലെങ്കില്‍, വിദ്വേഷവും പ്രതികാരവും താണ്ഡവ നൃത്തമാടുന്ന ഈ അന്ധകാരത്തിന്റെ ദിനങ്ങളില്‍, സൗഹൃദത്തിനും, സമാധാനത്തിനുമായുള്ള മാര്‍ഗ്ഗങ്ങള്‍ നാം സ്വഭാവികമായി ആരായുകയില്ലേ?

ഓരോ വ്യക്തികളുടെയും ചിന്തകളും പ്രവര്‍ത്തനങ്ങളും മാനവരാശി എന്ന മഹാനദിയിലേക്ക് നന്മയുടെയും തിന്മയുടെയും വിത്തുകള്‍ വിതക്കുന്നു. ജീവിതമെന്ന ഈ മഹാനദിയിലെ ജലത്തെ ശുദ്ധവും അശുദ്ധവുമാക്കുന്നത് നമ്മുടെ ഓരോരുത്തരുടെയും ചിന്തകളാണ്, ചിന്തകളില്‍ നിന്നുത്ഭവിക്കുന്ന പ്രവര്‍ത്തനങ്ങളാണ്, പ്രതിപ്രവര്‍ത്തനങ്ങളാണ്!!
വ്യക്തിശുചിത്വവും, പരിസ്ഥിതി ശുചിത്വവും പരിപാലിക്കാന്‍ നാം അങ്ങേയറ്റം ശ്രദ്ധാലുക്കളാണ്. ഇതില്‍ അശ്രദ്ധ കാണിച്ചാല്‍, മഹാവ്യാധികളും, പകര്‍ച്ചവ്യാധികളും പിടിപ്പെട്ട് മാനവസമൂഹം തന്നെ ഭൂമുഖത്ത് നിന്ന് തുടച്ചുനീക്കപ്പെടും.

ഇതിനേക്കാള്‍ എത്രയോ ഭയാനകമാണ് പ്രതിലോമചിന്തകള്‍ക്ക്, പ്രവര്‍ത്തനങ്ങള്‍ക്ക് നാം സ്വയം വിളനിലമാകുന്നത്?
International law യുടെ ആമുഖത്തില്‍ അസന്നിഗ്ദ്ധമായി പറയുന്ന ഒരു കാര്യമുണ്ട്. യുദ്ധം തുടങ്ങുന്നത് മനുഷ്യമനസ്സുകളില്‍ നിന്നാണെങ്കില്‍, സമാധാനത്തിനുള്ള ശ്രമവും തുടങ്ങേണ്ടത് മനുഷ്യമനസ്സുകളില്‍ നിന്നാണ്.
ബില്‍ലാദന്റെ വധത്തെ തുടര്‍ന്നുള്ള വിജയഹ്ലാദാരവങ്ങള്‍ക്കിടയില്‍ വേറിട്ട ഒരു ശബ്ദം കേട്ടത് ഇംഗ്ലണ്ടിലെ Archbishop of Canterbury
Dr. Rown Williams ന്റെതായിരുന്നു.

9/11 ലെ മനുഷ്യത്വരഹിതമായ അല്‍ഖൈ്വാദയുടെ ആക്രമണത്തിനും, മറ്റു പല തീവ്രവാദ ആക്രമണങ്ങള്‍ക്കും ചുക്കാന്‍പിടിച്ചു, നേതൃത്വം നല്കിയ ബില്‍ലാദനെ അമേരിക്കന്‍ സേന വധിച്ചതിനെ പറ്റിയായിരുന്നു, Dr. Rown Williams നോട് പത്രലേഖകരുടെ ചോദ്യം.
''നിരായുധനായ ബില്‍ലാദന്റെ നെഞ്ചില്‍ നിറയൊഴിച്ച് വധിച്ച അമേരിക്കന്‍ നടപടി നീതികരിക്കാമോ?''

പത്രലേഖകരുടെ ഈ ചോദ്യത്തിന് അദ്ദേഹം പ്രതികരിച്ചത്, സമാധാനപ്രിയര്‍ അനുധാവനം ചെയ്യേണ്ടതാണ്.
''നിരായുധനായ ഒരുവനെ വധിക്കുന്നത് ഏത് അര്‍ത്ഥത്തിലും ന്യായീകരിക്കാവുന്നതല്ല. അത്തരം പ്രവര്‍ത്തനങ്ങള്‍ ചുറ്റും അസ്വസ്ഥതകള്‍ ഉണര്‍ത്തുകയേ ഉള്ളൂ. ബില്‍ലാദനെ ഒരു യുദ്ധകുറ്റവാളിയായി ആണ് കാണുന്നതെങ്കില്‍, ഒരു യുദ്ധകുറ്റവാളിയോട് കാണിക്കേണ്ടിയിരുന്ന, വിചാരണയും നീതിയും ലാദന് ലഭിക്കേണ്ടതായിരുന്നു.
Archbishop of Canterbury യുടെ വാക്കുകള്‍ നാം സശ്രദ്ധം വിചിന്തനം ചെയ്താല്‍, വ്യക്തമാകുന്നത് സമാധാനത്തിന്റെ സന്ദേശമാണ്.

വന്‍ശക്തികളുടെ ആയുധബലം കൊണ്ടുള്ള അടിച്ചമര്‍ത്തലുകളേക്കാള്‍ നല്ലത് തീവ്രവാദികളില്‍ 'സഹജാവബോധത്തിന്റെ' ഉറവകള്‍ ഉണര്‍ത്തി അവരെ സമാധാനത്തിന്റെയും സൗഹൃദത്തിന്റെയും പാതയിലൂടെ വരുവാന്‍ പ്രേരിപ്പിക്കുന്നതല്ലേ, കാലോചിതവും വിവേകപൂര്‍വ്വവുമായ നടപടി.
സ്വതന്ത്രചിന്താഗതി വച്ചു പുലര്‍ത്തുന്ന സാധാരണക്കാരായ നാം 'സ്‌നേഹം' എന്ന പദം ഉപയോഗിക്കാന്‍ വൈമുഖ്യം ഉള്ളവരും, ആ പദം കേള്‍ക്കുമ്പോള്‍ വൈക്ലബ്യം അനുഭവപ്പെടുകയും ചെയ്യുന്നവരുമാണ്. ഇതിന് കാരണം തല്പരകക്ഷികളും കപടനാട്യക്കാരും സ്വാര്‍ത്ഥമതികളും, ആ പദത്തെ ആവശ്യത്തിനും, അനാവശ്യത്തിനും ഉപയോഗിച്ച് അതിന് അര്‍ത്ഥവിലോപം സംഭവിച്ചിരിക്കുന്നു. മരണം ചവച്ചിട്ട ചണ്ടി പോലെ ആ പദത്തിന് മൂല്യച്ച്യുതി സംഭവിച്ചിരിക്കുന്നു. അതുകൊണ്ട് സ്‌നേഹം എന്ന പദത്തിന് പകരമായി മനുഷ്യന്റെ 'സഹജാവബോധം' എന്ന് നമുക്ക് ഉപയോഗിക്കാം.

ഈ മഹനീയമായ സഹജാവബോധത്തിന്റെ അഭാവമാണ് എല്ലാ ഭിന്നതകളുടേയും അടിസ്ഥാനം എന്നത് തര്‍ക്കമറ്റ സംഗതിയാണ്. ഭൂവാസികളെല്ലാം ഒന്നാണെന്നുള്ള സഹജാവബോധത്തെ വീണ്ടെടുക്കുകയാണ് നമുക്ക് അടിയന്തിരമായി വേണ്ടത്. ഈ തരത്തിലുള്ള 'സൈക്കോളജിക്കല്‍ മ്യൂട്ടേഷന്' സമയം സമാഗതമായില്ലേ?
അന്തരംഗത്തുണ്ടാവുന്ന ഇത്തരത്തിലുള്ള അഭൂതപൂര്‍വ്വമായ മാറ്റങ്ങളിലൂടെ മാത്രമെ മാനവരാശിക്ക് അതിജീവനത്തിന്റെ പാതയിലൂടെ മുന്നോട്ട് പോകുവാന്‍ കഴിയൂ.

അമേരിക്കയുടെ സംക്ഷിപ്ത താല്പര്യങ്ങള്‍ സംരക്ഷിക്കുന്നവരെ അവര്‍ വാനോളം ഉയര്‍ത്തും. സദാംഹുസൈനും, ബില്‍ലാദനും അമേരിക്കയുടെ ഉറ്റചങ്ങാതിമാരായിരുന്നു.
അമേരിക്കന്‍ താല്പര്യങ്ങളെ അവര്‍ എതിര്‍ത്തപ്പോള്‍ ഒരു കാരണത്താല്‍ അല്ലെങ്കില്‍ മറ്റു കാരണങ്ങളാല്‍ അവര്‍ ഈ ഭൂമുഖത്ത് നിന്ന് തുടച്ചു മാറ്റപ്പെട്ടു.
ആയുധബലംകൊണ്ട് അപ്രിയമായതിനെ അടിച്ചമര്‍ത്താമെന്ന വന്‍ശക്തികളുടെ അഹങ്കാരവും, മനുഷ്യത്വരഹിതമായ പ്രതികാരങ്ങളിലൂടെ ലോകജനതയെ ഭീതിയുടെ മുള്‍മുനയില്‍ നിറുത്താമെന്ന തീവ്രവാദികളുടെ പ്രവണതയും, ലോകജനതയെ എത്തിച്ചിരിക്കുന്നത്. DO OR DIE
എന്ന അവസ്ഥാ വിശേഷത്തിലാണ്.

നമ്മുടെ നാട്ടില്‍ നടന്ന ഒരു കത്തികുത്ത് കേസിന്റെ വിചാരണയില്‍ ജഡ്ജി നീരിക്ഷിച്ചത്, കത്തികുത്തിലേക്ക് ആനയിച്ചത് കത്തിയുടെ രണ്ടറ്റത്തും ഉണ്ടായിരുന്ന അന്ധതയായിരുന്നു എന്നാണ്. കത്തിക്കൊണ്ട് കുത്തിയവനൊ കുത്തേറ്റവനോ അല്പം വിവേകം കാണിച്ചിരുന്നെങ്കില്‍ ആ ദാരുണ സംഭവം ഉണ്ടാവില്ലെന്നായിരുന്ന കോടതി നിരീക്ഷണം.

യുണൈറ്റ്ഡ് നേഷന്‍സിന്റെ പഴയ ഒരു കണക്ക് പ്രകാരം ലോകരാഷ്ട്രങ്ങള്‍ യുദ്ധത്തിനും, യുദ്ധോപകരണങ്ങള്‍ക്കും ചിലവഴിക്കുന്ന തുകയുടെ 2% തുക ലോകജനതയുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് ചിലവഴിച്ചാല്‍ ലോകം മുഴുവന്‍ തേനും പാലും ഒഴുകുന്ന സമ്പദ്‌സമൃദ്ധി ഉണ്ടാകുമായിരുന്നു!
ലോകത്തിന്റെ അടിസ്ഥാനഘടകം വ്യക്തിയാണ്; വ്യക്തികള്‍ ചേര്‍ന്ന് സമൂഹവും, സമൂഹങ്ങള്‍ ചേര്‍ന്ന് രാഷ്ട്രങ്ങളും, രാഷ്ട്രങ്ങള്‍ ചേര്‍ന്ന് ലോകവും രൂപപ്പെടുന്നു.

വ്യക്തിമനസ്സിന്റെ പ്രതിഫലനമാണ് ലോകമനസ്സ്! സമുദ്രജലത്തിന്റെ ഗുണദോഷങ്ങള്‍ പഠിക്കാന്‍ സമുദ്രജലത്തെ മുഴുവന്‍, പരീക്ഷണ-നീരിക്ഷണത്തിന് വിധേയമാക്കേണ്ടതില്ല. ഒരു തുള്ളി വെള്ളം പരിശോധിച്ചാല്‍ മതി.

നമ്മുടെ വ്യക്തിപരമായ ജീവിതത്തില്‍, അഹിതമായ, അപ്രിയമായ കാര്യങ്ങള്‍ സംഭവിക്കുമ്പോള്‍ നാം എങ്ങിനെ പ്രതികരിക്കും?  സംശയിക്കേണ്ട; നൂറ്റാണ്ടുകള്‍ക്ക് മുമ്പ്, ചരിത്രാതീതകാലത്ത് കാനനവാസിയായി, ഗുഹാവാസിയായി കഴിഞ്ഞിരുന്ന മനുഷ്യന്‍ പ്രതികരിക്കുന്ന രീതിയില്‍ തന്നെയല്ലേ നാം ഇന്നു പ്രതികരിക്കുന്നത്?
കാട്ടുനീതിയുടെ നീതിശാസ്ത്രം അല്ലേ പലപ്പോഴും നമ്മുടെ പെരുമാറ്റങ്ങളില്‍ പ്രതിധ്വനിക്കുന്നത്?

നാം ശക്തരാണെങ്കില്‍ അമേരിക്കയെ പോലെ അടിച്ചമര്‍ത്തും!!
ദുര്‍ബലരാണെങ്കില്‍ തീവ്രവാദികളെപ്പോലെ പാര വയ്ക്കും!!
ഇനി വിശ്വാസതീക്ഷ്ണതയില്‍ വളരുന്നവരാണെങ്കിലൊ? അവരുടെ വിശ്വാസതീക്ഷ്ണതയെ അറിയാതെ എങ്കിലും ചോദ്യം ചെയ്താല്‍, അവര്‍ എതിരിടുന്നത് എ. കെ.-47 റൈഫിള്‍ കൊണ്ടായിരിക്കില്ല, മറിച്ച്, വാക്കുകളെ തീ ഉണ്ടകളാക്കി നമ്മെ നിലംപരിശാക്കും.
(സ്വതന്ത്രമായി ചിന്തിക്കുന്നവര്‍ക്ക് ഇത്തരം ഏറെ വെടി ഉണ്ടകള്‍ ഏല്ക്കുന്നതുകൊണ്ടായിരിക്കും അവര്‍ ഇപ്പോള്‍ ഉറക്കെ ഒന്നും ചിന്തിക്കാറില്ല!)

നമ്മുടെ ഒരോരുത്തരുടെയും ദൈനംദിനപ്രവര്‍ത്തനങ്ങളെ സ്വാധീനിക്കുന്ന ഇത്തരം പ്രതിലോമ പ്രതിപ്രവര്‍ത്തനരീതികളുടെ അര്‍ത്ഥശൂന്യത മനസ്സിലാക്കുമ്പോള്‍, നമ്മുടെ ഉള്ളിലുള്ള സഹജാവബോധങ്ങളുടെ നിത്യമാം ഉറവകള്‍ ഉണരും, ഭിന്നിപ്പിന്റെയും വിദ്വേഷത്തിന്റെയും കോട്ടകള്‍ തകരും. നാം എല്ലാവരും ഒന്നാണെന്നുള്ള സഹജാവബോധത്തിന്റെ ഉല്‍ബുദ്ധത നമ്മില്‍ ഉണ്ടാവും. അപ്പോള്‍ കറുത്തവരില്ല, വെളുത്തവരില്ല, സമ്പന്നര്‍ ഇല്ല, ദരിദ്രര്‍ ഇല്ല. എല്ലാവരും മനുഷ്യര്‍!!

രാഷ്ട്രങ്ങള്‍ തമ്മിലുള്ള അതിര്‍വരമ്പുകള്‍ മായും. വിസയും, പാസ്‌പോര്‍ട്ടും കാലാഹരണപ്പെട്ട രേഖകളാകും!!
ഒരു അമേരിക്കകാരന്‍ ഈ ഭൂമുഖത്ത് കൂടി നെഞ്ച് വിരിച്ച് നടക്കുന്നതുപോലെ, അട്ടപ്പാടിയിലെ ആദിവാസിയും നെഞ്ച് വിരിച്ച് ആത്മവിശ്വാസത്തോടെ ഈ ഭൂമുഖത്തു കൂടി നടക്കുന്ന കാലം അങ്ങ് വിദൂരത്തല്ല.

സ്വാതന്ത്ര്യം ലഭിക്കുന്ന സമയത്തെ ഇന്ത്യ, 500ല്‍ പരം നാട്ടുരാജ്യങ്ങള്‍ ചേര്‍ന്നതായിരുന്നു. ആ ചെറുരാജ്യങ്ങളുടെ അതിര്‍ത്തികള്‍ മാഞ്ഞുപോയതിലും വേഗത്തില്‍ രാഷ്ട്രങ്ങള്‍ തമ്മിലുള്ള അതിര്‍ത്തികള്‍ മാഞ്ഞുപോവുകയും, സങ്കുചിതവിശ്വാസങ്ങളില്‍ നിന്ന് ഉണര്‍ന്ന്, സഹജാവബോധത്തില്‍ മാനവരാശി വേരുറയ്ക്കുകയും ചെയ്താല്‍ മാത്രമേ, മാനവരാശിക്ക് ഇനി ഈ ഭൂമുഖത്ത് നിലനില്പുള്ളൂ.
സാമ്പത്തിക, വാര്‍ത്താവിനിമയരംഗത്തുണ്ടായ അത്ഭുതപൂര്‍വ്വമായ മാറ്റങ്ങള്‍ ലോകത്തെ ഒരു Global Village ആക്കി മാറ്റി.

അന്തരംഗത്തുണ്ടാകുന്ന മാറ്റങ്ങള്‍ നമ്മെ എല്ലാവരെയും ഒരുമയോടെ, ഐക്യത്തോടെ മുന്നോട്ട് പോകാന്‍ പ്രാപ്തരാക്കും. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ