2013, സെപ്റ്റംബർ 24, ചൊവ്വാഴ്ച

സുഖദുഃഖ സമ്മിശ്രമീജീവിതം

ഏകകോശ ജീവിയായ അമീബ മുതല്‍ പരിണാമത്തിന്റെ അറ്റത്ത് നില്ക്കുന്നു എന്ന് അവകാശപ്പെടുന്ന മനുഷ്യന്‍ വരെയുള്ള ജീവജാലങ്ങള്‍ക്ക് എല്ലാം ഒരേ ലക്ഷ്യം ഉള്ളൂ...സുഖം.

എല്ലാ ജീവികളും സുഖന്വേഷകരാണ്!
സുഖ ഉപാസകരാണ്!
എന്നാല്‍ മനുഷ്യന്‍ മാത്രം പ്രകൃതിയുടെ മറ്റു ജീവജാലങ്ങളില്‍ നിന്ന് വ്യത്യസ്തനായിരിക്കുന്നു. അവന്‍ മാത്രം ദുഃഖിതനും പീഡിതനും ക്ലേശിതനുമായിരിക്കുന്നു.

മര്‍ത്യന്റെ ആഹ്ലാദാനുഭവങ്ങള്‍ നൈമിഷികങ്ങളാകുന്നൂ. ആ നൈമിഷിക ഭാവങ്ങള്‍ക്ക് സ്ഥായി ഭാവം അല്ലെങ്കില്‍ സ്ഥിരത നല്കാനുള്ള വെമ്പലാകുന്നൂ അതിനുവേണ്ടിയുള്ള നേട്ടോട്ടമാകുന്ന അവന് ജീവിതം മുഴുവന്‍.

പ്രകൃതിയിലെ ഇതര ജീവജാലങ്ങളെയും പറുദീസ തുല്യമായ ജീവിതത്തെ ആഘോഷ ആവരണങ്ങളോടെ എതിരേല്‍ക്കുമ്പോള്‍ മനുഷ്യന്‍ മാത്രം പരസ്പരം വിദ്വേഷത്തിലാവുന്നത് എന്തുകൊണ്ട്? അവന്‍ യുദ്ധക്കൊതിയനും കലാപകാരിയുമായി മാറുന്നത് എന്തുകൊണ്ട്? മര്‍ത്യന്റെ സുഖച്ഛയ്ക്ക് ഭംഗം സംഭവിക്കുമ്പോഴാണോ അവനില്‍ വിദ്വേഷം നിറയുന്നത്?

ആഹ്ലാദമാണോ, ദുഃഖമാണോ, വിദ്വേഷം ആണോ, മനുഷ്യന്റെ സ്ഥായിഭാവം? അല്ലെങ്കില്‍ സ്‌നേഹവും ആനന്ദവും ആണോ മനുഷ്യന്റെ സ്ഥായിഭാവം? ദുഃഖങ്ങള്‍ നിഴല്‍പോലെ മര്‍ത്യനെ പിന്‍തുടരുന്നത് എന്തുകൊണ്ട്? മനുഷ്യരടക്കം എല്ലാ ജീവജാലങ്ങളും സുഖന്വേഷകരാണ്. എന്നാല്‍ മറ്റു ജീവജാലങ്ങളില്‍ നിന്ന് മനുഷ്യനെ വ്യത്യസ്തനാകുന്ന ഘടകം എന്താണ്?

മനുഷ്യനൊഴികെ മറ്റു ജീവജാലങ്ങളെല്ലാം  പ്രകൃതി അവയില്‍ നല്കി ഇരിക്കുന്ന സുനിശ്ചിതമായ ജീവതാളങ്ങളുടെ ലയം അനുസരിച്ച് ജീവിക്കുന്നു. ആ സുനിശ്ചിതമായ ലയതാളങ്ങളുടെ ഗതി  നിയന്ത്രിക്കാന്‍ മറ്റു ജീവജാലങ്ങള്‍ക്ക് അസാധ്യം.

എന്നാല്‍ മനുഷ്യന്‍ മാത്രം ഒരു പരിധിവരെ സ്വതന്ത്രനായിരിക്കുവാന്‍ വിധിക്കപ്പെട്ടിരിക്കുന്നു.

ഈ നിയുക്ത നിമിഷത്തെ സ്വര്‍ഗ്ഗമാക്കാനും നരകമാക്കാനും ജീവിതസമീപനങ്ങളോടുള്ള അവന്റെ മനോഭാവത്തില്‍ മാറ്റം വരുത്തിയാല്‍ സാധ്യമാവുമോ? അത്രയ്ക്കും സ്വതന്ത്രനാണോ മനുഷ്യന്‍?

കഠിനമായ പല്ലുവേദനയില്‍ അല്ലെങ്കില്‍ മറ്റു ശാരീരിക അസ്വസ്ഥതകളാല്‍, വേദനയാല്‍ പുളയുന്ന ഒരുവനോട് അങ്ങയുടെ ജീവിതസമീപനത്തില്‍ മനോഭാവത്തില്‍ മാറ്റം വരുത്തിയാല്‍ മതി എന്ന് പറയാന്‍ ആരെങ്കിലും ധൈര്യപ്പെടുമോ?

ആരോഗ്യമുള്ള ഒരു ശരീരത്തിലെ ആരോഗ്യമുള്ള ഒരു മനസ്സ് ഉണ്ടാവുകയുള്ളൂ എന്ന സുവ്യക്തമായ വസ്തുത മനോശരീരങ്ങളുടെ പരസ്പരമുള്ള പൂരകാവസ്ഥയെ അല്ലെങ്കില്‍ പരസ്പര്യത്തെയാണ് വ്യക്തമാക്കുന്നത്.

ശരീരത്തിന്റെ സ്വസ്ഥാഭാവത്തെപ്പറ്റി നാം തികച്ചും ബോധവാന്മാരാണ്. ശരീരത്തിന് സമയാസമയങ്ങളില്‍ ആവശ്യം വേണ്ട ഭക്ഷണവും വെള്ളവും കൊടുക്കാനും, തണുപ്പിന്റെ അധിക്യത്തില്‍ നിന്ന് സംരക്ഷിക്കാന്‍ ആവിശ്യം വേണ്ട വസ്ത്രങ്ങള്‍ ധരിക്കാനും നാം സദാ ശ്രദ്ധാലുക്കളാണ്. ഇതിനുവേണ്ടി നാം ഒരു മഹത്ഗ്രന്ഥങ്ങളും മറിച്ചുനോക്കാറില്ല. കാരണം ശരീരത്തിന്റെ സ്വസ്ഥഭാവത്തെപ്പറ്റി നാം തികച്ചും അവബോധമുള്ളവരാണ്.

എന്നാല്‍ ആത്മാവിന്റെ, ഹൃദയത്തിന്റെ സ്ഥായിഭാവം എന്താണ്?
അത് ആനന്ദമാണോ, ആഹ്ലാദമാണോ?
ദുഃഖമാണോ? വിഷാദമാണോ?
മനുഷ്യന്റെ ദുഃഖങ്ങള്‍ ജീവിതത്തില്‍ അനിവാര്യമാണോ?
അവ സ്വയം സൃഷ്ടിക്കപ്പെടുന്നതോ?
സാഹചര്യങ്ങളുടെ സമ്മര്‍ദ്ദങ്ങളാല്‍ രൂപപ്പെടുന്നതോ?
മനുഷ്യന്‍ അനുഭവിക്കുന്ന ദുഃഖങ്ങള്‍ക്ക് ശ്രേഷ്ടതയുണ്ടോ?
ഉരുക്കിടുന്നൂ മീഴിനിരിലിട്ട്
മറ്റും മുക്കുന്നു ഭുവനൈകശില്പി
മനുഷ്യ ഹൃത്താം കനകത്തെയേതോ
പണിത്തരത്തിനുപയുക്തമാക്കാന്‍ (കവിനാലങ്കലിന്റെ വരികളാണിത്.
(ഓര്‍മ്മയില്‍ നിന്നാണ് എഴുന്നത്.)

ദുഃഖാനുഭാവങ്ങളെ നേരിടാനാകാതെ, തിക്താനുഭവങ്ങളിലൂടെ കടന്നു പോകുമ്പോള്‍ നമ്മില്‍ സംഭവിക്കുന്നത് എന്താണ്? ദുഃഖാനുഭവങ്ങള്‍ ഉണ്ടാവാതിരിക്കാനുള്ള മുന്‍കരുതല്‍? തിക്താനുഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുമോ എന്നുള്ള ഭയാശങ്കകള്‍? ദുഃഖാനുഭവങ്ങളെ നോരിടാനാവാതെ അമിതാഹ്ലാദങ്ങളോടുള്ള ആവേശം? നൈമിഷിക സുഖഭോഗങ്ങളോടുള്ള ആസക്തി?  സ്വയം  വിസ്മൃതി വാഗ്ദാനം നല്കുന്ന മദ്യസേവ?

ബന്ധുമിത്രാദികളോടൊപ്പം വിഭവസമൃദ്ധമായ ഭക്ഷണം കഴിക്കുന്നതില്‍ ആഹ്ലാദം ഉണ്ട്. സുഹൃത്തുക്കളൊടൊപ്പം പാനോത്സവങ്ങളില്‍ പങ്കെടുത്ത് ആടി തിമര്‍ക്കുന്നതിലും ഉണ്ട് ആഹ്ലാദം. ശരീരത്തിന്റെ മറ്റു അനുബന്ധചേഷ്ടകള്‍ അനുഷ്ഠിക്കുന്നതിലും ഉണ്ട് ആഹ്ലാദം.

എന്നാല്‍ ഇവയില്‍ ഒന്നു ഇല്ല ആനന്ദം. ആനന്ദം ഹൃദയജന്യമാണ്. അത് കേവലമായ ഹൃദയാനുഭൂതിയാണ്. ആ അനുഭൂതി മറ്റൊന്നുമായി ബന്ധപ്പെട്ടിട്ടില്ല.
പറുദീസയില്‍ ആദവും ഹവ്വയും ഈ ഹൃദയാനുഭൂതിയിലായിരുന്നു ജീവിച്ചിരുന്നത്.

ശൈശവത്തിലും ബാല്യത്തിലും ഹൃദയജന്യമായ കേവലാനുഭൂതി നമ്മൊടൊപ്പം ഉണ്ടായിരുന്നു.
ഓര്‍മ്മയില്ലേ, നമ്മില്‍ പലരും ചിരട്ട കൊണ്ട് മണ്ണപ്പം ചുട്ടു കളിച്ചു നടന്ന നാളുകള്‍, മണ്ണിനെപ്പോലും അപ്പം ആക്കാന്‍ കഴിഞ്ഞിരുന്ന സമ്പന്നമായ ഹൃദയത്തിന് ഉടമകളായിരുന്നു നാം. അന്ന് കാറ്റ് വീശുമ്പോള്‍ നാം കാറ്റായി മാറിയിരുന്നു! മഴയൊടൊപ്പം നാം മഴയായി പെയ്തിറങ്ങി. പറവകളൊടൊപ്പം നാം പാട്ടു പാടി പാറി നടന്നിരുന്നില്ലേ. വര്‍ണ്ണശബളങ്ങളായ പൂമ്പാറ്റകളുടെ മാസ്മരികതയില്‍ ലയിച്ച് അവക്ക് പുറകെ നാം പറമ്പായ പറമ്പിലൊക്കെയും ഓടി നടന്നിരുന്നില്ലേ? കൊയ്‌തൊഴിഞ്ഞ പാടങ്ങളില്‍ തുമ്പികള്‍ക്ക് ഒപ്പം നാം പാടി പറന്നിരുന്നില്ലേ?

മഞ്ചാടികുരുവിന്റെ കണ്ണുഞ്ചിപ്പിക്കുന്ന വര്‍ണ്ണത്തില്‍ മയങ്ങി നാം അവ പെറുക്കി എടുത്ത് വീടിന്റെ ഇറയത്തും മുറ്റത്തും വാരി വിതറി വീണ്ടും പെറുക്കി എടുത്തു വാരി വിതറി കളിച്ചിരുന്നില്ലേ?

അന്ന് ചുറ്റുമുള്ള മരങ്ങള്‍ നമ്മുക്ക് കൈനിറയെ വ്യത്യസ്തങ്ങളായ പഴങ്ങള്‍ തന്നിരുന്നു.

മരങ്ങളില്‍ നാം ചാടി കയറിയതും, മരക്കൊമ്പുകളില്‍ ഊഞ്ഞാല് കെട്ടിയും ചുറ്റുമുള്ള മരങ്ങളുമായി നമ്മുക്ക് ഉറ്റചങ്ങാത്തമുണ്ടായിരുന്നു. അന്ന് നാം പ്രകൃതിയോടൊപ്പമായിരുന്നു.

സൃഷ്ടാവിന്റെ കാലൊച്ച കേട്ടു നാം എങ്ങും ഓടിപ്പോയില്ല. ധരിച്ചിരുന്ന ഉടുപ്പിനെപ്പറ്റിയോ, ആഹാരത്തെപ്പറ്റി നാം ചിന്തിച്ചിരുന്നില്ല.
ഇന്നലെകളെക്കുറിച്ചോ വരാന്‍ പോകുന്ന നാളുകളെ കുറിച്ചോ നാം ചിന്തിച്ച് വ്യാകുലചിത്തരായിരുന്നില്ല.
കാലം അവിടെ ഘനീഭവിച്ചിരുന്നു.

അന്ന് നാം പറുദീസയിലായിരുന്നു, പ്രകൃതിയോടൊപ്പമായിരുന്നു. ഹൃദയജന്യമായ കേവലാനുഭൂതി നാം ആവോളം ആസ്വദിച്ചു. പിന്നീട് എപ്പോഴാണ് സ്‌നേഹത്തിന്റെ, ആനന്ദത്തിന്റെ ആ പറുദീസ നമുക്ക് നഷ്ടപ്പെട്ടത്.?
നഷ്ടപ്പെടുത്തുന്നത് എന്തെന്നറിയാതെ ഹൃദയവും പറുദീസയും നഷ്ടപ്പെടുത്തിയവരാണ് നാം.   പറുദീസ നഷ്ടത്തിന്റെ കാരണഭൂതനായവന്‍ മറ്റൊരു രൂപത്തില്‍, മറ്റൊരു ഭാവത്തില്‍ നമ്മുടെ ഹൃദയകവാടത്തില്‍ വന്നു മുട്ടി വിളിച്ചു എന്തൊക്കെയോ ആക്കി തീര്‍ക്കാമെന്ന നിര്‍ലോഭമായ ഓഫര്‍മായി-ആ 'ഓഫറു'കളിലെ ചതികുഴികള്‍ നാം കണ്ടില്ല. ആഹ്ലാദത്തിന്റെ തേന്‍  പുരട്ടിയ വാഗ്ദാനങ്ങളായിരുന്നു അവ എല്ലാം.

നാം അത് ആവോളം ഭക്ഷിച്ചു. അരുതെ! അരുതെ! എന്ന ഉള്‍വിളി ഉണ്ടായെങ്കിലും നാമത് ചെവി കൊണ്ടില്ല. തേന്‍ പുരട്ടിയ ആ വാഗ്ദാനങ്ങളില്‍ വിശ്വസിച്ച് നാം പുതിയ മേച്ചില്‍ പുറങ്ങള്‍ തേടി, കടല്‍ കടന്ന് വന്‍കരകള്‍ താണ്ടി നാം അലഞ്ഞു.

നഷ്ടപ്പെടുന്നത് എന്ത് അറിയാതെ ഹൃദയവും പറുദീസയും നഷ്ടപ്പെടുത്തി. ഇന്ന് എല്ലാവിധ സുഖസമൃദ്ധിയിലും ജീവിതം നിശ്ശബ്ദമായൊരു നിലവിളിയാണ് നമ്മില്‍ പലര്‍ക്കും. ഔപചാരികതയുടെ പൊയ്മുഖങ്ങള്‍ പിഴുതുമാറ്റാനാവാതെ നാം എല്ലാവരും പങ്കെടുക്കുന്ന ആഘോഷങ്ങള്‍ പോലും നിശബ്ദമായൊരു കൂട്ടനിലവിളിയല്ലോ?

ഒരിക്കലും ഒടുങ്ങാത്ത സുഖഭോഗങ്ങളോടുള്ള നമ്മുടെ ആസക്തി എന്തൊക്കെയോ, ആരെക്കായോ ആയിതീരാനുള്ള നസ്സിന്റെ വ്യഗ്രത ഇവ എല്ലാം നമ്മെ എത്തിച്ചിരിക്കുന്നത് കരകാണാന്‍ പറ്റാത്ത നടുക്കടലിലാണ്. എല്ലാം മറന്ന് ദുഃസ്വപ്‌നങ്ങളില്ലാതെ സുഖമായി ഒന്നൂറങ്ങാന്‍, അസ്വസ്ഥതകള്‍ ഒന്നു കൂടാതെ സ്വസ്ഥചിത്തനായി ഒന്നിരിക്കാന്‍ കഴിഞ്ഞെങ്കില്‍....

ആഗ്രഹങ്ങളുടെ 'ആയിതീരാനുള്ള' പരക്കംപാച്ചിലില്‍ നഷ്ടപ്പെടുന്നത് എന്തെന്നറിയാതെ ഹൃദയം നഷ്ടപ്പെടുത്തിയ നാം വിലപിക്കുന്നത് എങ്ങനെ സമാധാനം വീണ്ടെടുക്കാം.

യാത്രാമദ്ധ്യേ സ്വന്തം വീട് വിസ്മരിച്ച യാത്രികനെപ്പോലെ, സ്വന്തം വീട് എവിടെ എന്ന് ചോദിക്കുന്ന യാത്രികനെപ്പോലെ, നമ്മുടെ ഹൃദയത്തിന്റെ സ്ഥായിഭാവമായ സ്‌നേഹം, സമാധാനം, ആനന്ദം ഇന്ന് എവിടെ കിട്ടുമെന്ന് പരസ്പരം ചോദിക്കുന്ന നാം ഉത്തരം കിട്ടാതെ പരസ്പരം പോരടിക്കുന്നു, മത്സരിക്കുന്നു, കുറ്റപ്പെടുത്തുന്നു. സുഖഭോഗങ്ങള്‍ക്ക് പിറകെ പോയി, ജീവിതമത്സരങ്ങള്‍ക്കിടയില്‍ നമുക്ക് നഷ്ടപ്പെട്ട പണയപ്പെടുത്തിയ ഹൃദയസമാധാനം തിരിച്ചെടുക്കാന്‍ കഴിയുമോ?

നാം ഇന്ന് ആകുലചിത്തായിരിക്കുന്നത് അന്നന്ന് വേണ്ട ആഹാരത്തിന് വേണ്ടിയല്ല; നാണം മറയ്ക്കാനുള്ള വസ്ത്രങ്ങള്‍ക്ക് വേണ്ടിയല്ല; തല ചായ്ക്കാനുള്ള ഒരിടത്തിനും വേണ്ടിയല്ല.

നമ്മുടെ അടിസ്ഥാനപരമായ ആവിശ്യങ്ങളുടെ പൂര്‍ത്തീകരണത്തിനും അപ്പുറം സുഖസമൃദ്ധിയുടെ മടിത്തട്ടിലാണ് നാം വസിക്കുന്നത്. നാം അഭിമുഖീകരിക്കുന്ന ദുഃഖങ്ങള്‍ ഒരു പക്ഷേ ജീവിതത്തിന്റെ അനിവാര്യതകള്‍ ആവാം. പക്ഷേ ദുഃഖങ്ങളോടുള്ള നമ്മുടെ സമീപനത്തില്‍ കാതലായ മാറ്റം സംഭവിക്കുകയാണെങ്കില്‍ ആ ദുഃഖങ്ങള്‍, നമ്മുടെ ഹൃദയത്തില്‍ അന്തര്‍ലീനമായിരിക്കുന്ന ഉണ്മയെ അനുഭവിക്കുന്നതിനുള്ള വാതായാനങ്ങളായി മാറുന്നു. നാം സമ്പന്നനോ, ദരിദ്രനോ, പാമരനോ, പണ്ഡിതനോ ആരൊക്കെ ആയിരുന്നാലും ശരി ജീവിതത്തില്‍, ഏതെങ്കിലും സന്ദര്‍ഭത്തില്‍ ദുഃഖത്തിന്റെ നിരാശയുടെ, തിരസ്‌കരണത്തിന്റെ, പടുകുഴിയില്‍ വീണ സന്ദര്‍ഭങ്ങളില്‍ ആത്മഹത്യയെപ്പറ്റി ഒരു നിമിഷം എങ്കിലും ചിന്തിക്കാത്തവര്‍ ആരാണ് ഉള്ളത്?

പക്ഷേ ആ ദുഃഖത്തിന്റെ തീവ്രമായ നിമിഷങ്ങള്‍ നമ്മില്‍ നിന്ന് കടന്നുപോയി. അതുപോലെ തന്നെ അമിതമായ സന്തോഷത്തിന്റെയും ആഹ്ലാദത്തിന്റെയും ദിനങ്ങള്‍ നമുക്ക് ഉണ്ടായിരുന്നു. ഈ നിമിഷങ്ങള്‍ നമ്മില്‍ നിന്ന് കടന്നുപോകാതിരിക്കട്ടെ, ഈ സന്തോഷങ്ങള്‍ ഈ ആഹ്ലാദവും എന്നെന്നും നിലനിന്നിരുന്നെങ്കില്‍ എന്ന് ആശിച്ച ദിനങ്ങളും നമുക്ക് ഉണ്ടായിരുന്നു. പക്ഷേ നമ്മുടെ അനുവാദത്തിന് കാത്തു നില്ക്കാതെ ആ ദിനങ്ങളും നമ്മില്‍ നിന്നും കടന്നുപോയി.

ജീവിതത്തിന്റെ അനിവാര്യമായ പ്രയാണത്തില്‍ നാം നിശബ്ദസാക്ഷികള്‍ ആണ്!! നമ്മിലാരും ഭൂമിയിലേക്ക് വരാനുള്ള സമ്മതപത്രത്തില്‍ ഒപ്പിട്ടിട്ടല്ലല്ലോ ഈ ഭൂമുഖത്തേക്ക് വന്നത്. നമ്മുടെ സമ്മതപത്രം ഇല്ലാതെ തന്നെ നാം ഈ ഭൂമുഖത്തു നിന്ന് നിഷ്‌കാസിതരാകാം.

അനു നിമിഷം നമ്മുടെ ശരീരത്തിലെ സെല്ലുകള്‍ മാറ്റത്തിന് വിധേയമാകുന്നു. 3 മാസത്തിനുള്ളില്‍ നമ്മുടെ ശരീരത്തിലെ 90% സെല്ലുകളും റിപ്ലേയ്‌സ് ചെയ്യപ്പെടുമെന്ന് വൈദ്യശാസ്ത്രം. ഇന്നത്തെ പ്രഭാതത്തിന്റെ അരുണിമയല്ല നാളെത്തെ പ്രഭാതത്തിന്. ഈ പ്രപഞ്ചത്തില്‍ മാറ്റിമില്ലാത്തത് ഒന്നേയുള്ളൂ. അത് മാറ്റമാണ് എന്ന് പ്രസ്താവിച്ച ചിന്തകന് പ്രണാമം അര്‍പ്പിക്കുമ്പോള്‍ തന്നെ, നമ്മുടെ ഹൃദയത്തിലെ മാറ്റമില്ലാത്ത ഉണ്മയെ, ചൈതന്യത്തെ തിരിച്ചറിയുമ്പോള്‍, ആ ഉണ്മയെ അനുഭവിക്കുമ്പോള്‍ മാത്രമേ ജീവിതം ആകുന്ന ഈ സാഗരത്തില്‍ സമചിത്തതയോടെ തുഴഞ്ഞു നില്ക്കുവാന്‍ കഴിയുകയുള്ളൂ!!

യാതൊന്നിന്റെ മഹത്തായ ഇച്ഛയിലാണ് നാം ഈ ഭൂമുഖത്ത് ആയിരിക്കുന്നത്, ആ മഹത്തായ ചൈതന്യത്തെ ബുദ്ധി കൊണ്ടോ, ചിന്ത കൊണ്ടോ വിശ്വാസത്താലോ വാക്കു കൊണ്ടോ അറിയുന്നതിനുമപ്പുറം ഹൃദയത്തില്‍ അനുഭവിക്കുമ്പോള്‍ മാത്രമാണ് യാഥാര്‍ത്ഥ ആനന്ദം നമുക്ക് അനുഭവവേദ്യമാകുന്നത്. അത് നൈമിഷികമായ ആഹ്ലാദമല്ല, അല്പം നേരം നിലനില്ക്കുന്ന വൈകാരിക സംതൃപ്തിയുമല്ല. അത് സ്‌നേഹമാണ്. ദയയാണ്, എല്ലാം പൊറുക്കുന്ന നിത്യതയുടെ അംശമാണ്. അപ്പോള്‍ നമ്മിലുണ്ടായിരുന്ന അഹംഭാവത്തിന്റെ-ഞാനെന്ന ഭാവത്തിന്റെ-കവചങ്ങള്‍ തകര്‍ക്കപ്പെടുന്നൂ. ഉണ്മയുടെ അകക്കാമ്പ് അഹംഭാവത്തിന്റെ  ബീജ കവചങ്ങളെ തകര്‍ത്തുകൊണ്ട് പുനര്‍ജനിതേടുന്നു.
ഇത് അഹംഭാവത്തിന്റ മരണവും
ഉണ്മയുടെ ഉത്ഥാനവുമാണ്.

അപ്പോള്‍ നമ്മുടെ ഉറ്റചങ്ങാതി തേനില്‍ ചാലിച്ച് വഞ്ചനയുടെ പാനപാത്രം നമ്മുക്ക് നല്‍കുമ്പോഴും നാം ഉള്ളില്‍ തട്ടി  പറഞ്ഞു പോകും ''ഇവര്‍ ചെയ്യുന്നത് എന്ത് എന്ന് ഇവര്‍ തന്നെ അറിയുന്നില്ല. ഇവരോട് ക്ഷമിക്കണേ.''

ഇതാണ് നമ്മുടെ ജീവിതത്തിലെ ഏറ്റവും വലിയ 'ലിറ്റ്മസ് ടെസ്റ്റ്'. നമ്മുടെ ഹൃദയത്തിന്റെ തുടുപ്പറിയുന്ന ലിറ്റ്മസ് ടെസ്റ്റ്!!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ