2013, ജൂലൈ 18, വ്യാഴാഴ്‌ച

മുറ്റത്തെ മുല്ലക്ക് മണമില്ല


മുറ്റത്തെ മുല്ലക്ക് മണമില്ല എന്നു പറയുന്നത് എത്ര ശരിയാണ്!!
ഏറെ ആശയോടും പ്രതീക്ഷയോടും കൂടിയാണ് ജഗദീഷ് 'show'  കാണാന്‍ പോയത്. ഏറെ കൊട്ടി ഘോഷിക്കപ്പെട്ട ആ 'show' സഹിച്ചിരിക്കുമ്പോള്‍ യു.കെ. മലയാളികളുടെ ഇടയിലുള്ള പ്രത്യേകിച്ച് 'portsmouth ലെ കലാകാരന്മാരെയും കലാകാരികളെയും സാഷ്ടാംഗം വണങ്ങാന്‍ തീവ്രമായി ആഗ്രഹിച്ചുപോയി.
നമ്മുടെ വിനയാന്വിതരായ ആ കലാകാരന്മാരെ എത്ര അഭിനന്ദിച്ചാലും പുകഴ്ത്തിയാലും മതിയാകില്ലെന്ന് തോന്നി.
പ്രവാസജീവിതത്തിന്റെ ദുഃഖങ്ങളിലും, സമ്മര്‍ദ്ദങ്ങളിലും, തിക്കിലും തിരക്കിലും പെട്ടുഴലുന്ന സാധാരണക്കാരായ നമുക്ക് കിട്ടുന്ന, അല്പമാത്രമായ വിശ്രമവേളകള്‍ ധന്യമാക്കാന്‍, നാട്ടില്‍നിന്ന് വരുന്ന ഈ കലാകാരന്മാരെ കൈയടികളോടെ, സ്‌നേഹാദരണങ്ങളോടെ നാം എതിരേല്‍ക്കുമ്പോള്‍, അവര്‍  നമുക്ക് തിരിച്ച് നല്കുന്നത് എന്താണ്?
ഒരു 'show'യുടെ ഗുണദോഷങ്ങളെപ്പറ്റിയുള്ള വിചിന്തനമല്ല ഇത്. മറിച്ച് അന്ധമായ താരാരാധനയില്‍, നമ്മുടെ ഇടയിലുള്ള മുത്തുകളെ കണ്ടെത്താന്‍ നമുക്ക് കഴിയുന്നില്ലല്ലോ എന്ന ഖേദമാണ് ഈ കുറിപ്പിനടിസ്ഥാനം.
അസോസിയേഷനുകള്‍ സംഘടിപ്പിക്കുന്ന വേദികളായാലും, മതസംഘടനകള്‍ സംഘടിപ്പിക്കുന്ന വേദികളായാലും, നമ്മുടെ കുഞ്ഞുമക്കള്‍ക്ക്, യുവതിയുവാക്കള്‍ക്ക്, വേദികളില്‍ മനോഹരമായ പ്രകടനങ്ങള്‍ കാഴ്ചവയ്ക്കുവാന്‍ സാധിക്കുന്നത്, അര്‍പ്പണബോധത്തോടെയുള്ള നിരന്തരമായ പരിശ്രമങ്ങള്‍ കൊണ്ട് മാത്രമല്ല, മറിച്ച് സദസ്സിനെ ആഹ്ലാദിപ്പിക്കണം എന്ന തീവ്രമായ ആഗ്രഹവും അവരില്‍ ഉള്ളതുകൊണ്ടാണ് അവര്‍ പ്രഭചൊരിയുന്ന നക്ഷത്രങ്ങളെ പോലെ വേദിയില്‍ തിളങ്ങുന്നത്. പകരം നാം അവര്‍ക്ക് നല്കുന്നത് എന്താണ്? ഒരു കൈയ്യടി! അല്ലെങ്കില്‍ ഒരു തുണ്ട് പേപ്പറില്‍ ഒരു അഭിനന്ദനം!!
യഥാര്‍ത്ഥത്തില്‍ ഈ കൊച്ചു- വലിയ കലാകാരന്മാരയല്ലെ നമ്മുടെ മുക്തകണ്ഠപ്രശംസയ്ക്കും, അംഗീകാരത്തിനും അര്‍ഹരായവര്‍?
പ്രവാസജീവിതത്തിന്റെ ദുഃഖങ്ങളും സങ്കടങ്ങളും മനഃപ്രയാസങ്ങളും ഉള്ളിലൊതുക്കി, ഉയര്‍ന്നുവരുന്ന നെടുവീര്‍പ്പുകള്‍ അടുക്കിപ്പിടിച്ച്, തേങ്ങലോടെ തെന്നി നീങ്ങുന്ന നമ്മുടെ ഇടയിലേക്ക്, സാന്ത്വനത്തിന്റെ പ്രത്യാശയുടെ സംഗീതമുതിര്‍ത്ത്, നടനവൈഭവത്തിന്റെ മാസ്മരികതയിലേക്ക് നമ്മെ നയിക്കുന്ന, പൊട്ടിച്ചിരിയുടെ ഉല്ലാസവേളകളിലേക്ക് നമ്മെ കൈപിടിച്ച് ആനയിക്കുന്ന ഇവിടെ തന്നെയുള്ള കലാകാരന്മാരും കലാകാരികളും അല്ലേ, 'തേനും വയമ്പു'മായി നമ്മുടെ പ്രവാസജീവിതത്തെ ധന്യമാക്കുന്നത്!!
എത്ര അഭിനന്ദിച്ചാലാണ്, എന്തൊക്കെ അവര്‍ക്ക് നല്കിയാലാണ്, നമുക്ക് അവരോടുള്ള കടപ്പാട് തീരുക!!
ഏതു തരം കലയുടെയും ആത്യന്തികലക്ഷ്യം രസസംക്രമണമാണ്. അനുവാചകനെ രസിപ്പിക്കുക എന്നുള്ളതാണ് കലയുടെ ധര്‍മ്മം. ആക്ഷേപഹാസ്യത്തില്‍ കുതിര്‍ന്ന്, നവ്യമായ ഒരു ജീവിത അവബോധം കൂടി. അനുവാചകനില്‍ ഉണര്‍ത്താന്‍ കഴിഞ്ഞാല്‍ ആ കല മഹത്തരമായി. ഇതിന് കലാകാരനില്‍ അത്യന്തികമായി വേണ്ടത്, പ്രതിഭയും, നിരന്തരപരിശ്രമവും മാത്രമല്ല, അനുവാചകനുമായി സംവേദിക്കാനുള്ള ഒരു ഹൃദയമാണ് വേണ്ടത്. ഹൃദയത്തില്‍ നമ്മെ ഉള്‍ക്കൊള്ളുവാനുള്ള ഒരല്പം ഇടം വേണം. ആവശ്യം വേണ്ട ഗ്രഹപാഠം പോലും ചെയ്യാതെ, താര പ്രതാപത്തിന്റെ പ്രഭാവത്തില്‍ യു.കെ.യില്‍ അവതരിച്ച ജഗദീഷിനെ പോലെയുള്ള ഈ താരങ്ങള്‍ സദസ്സിനെ 'ശ്ശ്' ആക്കി കണക്കാക്കിയത് കൊണ്ടല്ലേ ജഗദീഷ് 'show' ഒരു പീഡന 'show' ആയി മാറിയത്? അല്ലെങ്കില്‍ ഭൂമിയിലെ ഈ താരങ്ങള്‍ തങ്ങളുടെ ദര്‍ശന സായുജ്യത്തില്‍ യു.കെ. മലയാളികള്‍ തൃപ്തിപ്പെട്ടു കൊള്ളുമെന്നുള്ള അഹങ്കാരത്തില്‍ കുതിര്‍ന്ന മിഥ്യാസങ്കല്പമോ?
നിറഞ്ഞ് കവിഞ്ഞ സദസ്സിനെ നോക്കി ആഹ്ലാദാരവങ്ങളോടെ ജഗദീഷ് പ്രഘോഷിച്ചു. എന്നെ സ്‌നേഹിക്കുന്ന ബഹുമാനിക്കുന്ന ലോകമലയാളികളുടെ ഒരു പരിച്ഛേദമാണ് ഞാന്‍ ഇവിടെ കാണുന്നത്. നിങ്ങള്‍ എന്നോട് ഇതുവരെ കാണിച്ച സ്‌നേഹാദരങ്ങള്‍ക്ക് നന്ദിപറയാന്‍ ഞാന്‍ ഇത്തരം അവസരങ്ങള്‍ ഉപയോഗിക്കുന്നു. (സാറിന്റെ വിശാലമനസ്ഥിതിക്ക് നന്ദി. മറ്റുളളവരുടെ ചിലവില്‍ നന്ദിപറയാന്‍ എന്ത് രസമാണ് സാറെ!!)
യു.കെ. മലയാളികളുടെ ഇടയിലുള്ള കലാകാരന്മാരും കലാകാരികളും അവതരിപ്പിച്ച ഏറെ വീഡിയോ ക്ലിപ്പുകള്‍ സോഷ്യല്‍ നൈറ്റ്‌വര്‍ക്കുകളില്‍ ലഭ്യമാണ്. അവയില്‍ ഏതെങ്കിലും ഒന്ന് കാണാനുള്ള സന്മനസ്സ് ജഗദീഷ് സാറ് കാണിച്ചിരുന്നെങ്കില്‍, ഈ show എന്ന പീഡനം ഞങ്ങളെ അടിച്ചേല്‍പ്പിക്കില്ലായിരുന്നു.
മറ്റൊരു കാര്യം കൂടി ഇവിടെ നാം ചേര്‍ത്ത് വായിക്കേണ്ടതുണ്ട്. തെരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയത്തിലേക്ക് ഇറങ്ങാനുള്ള ജഗദീഷ് സാറിന്റെ ശംഖനാദമാണത്.
നമ്മുടെ രാഷ്ട്രീയ, കലാസംസ്‌കാരികരംഗങ്ങളിലുള്ള അപച്ച്യുതിക്ക്, മൂല്യച്ച്യുതിക്ക് കാര്യകാരണങ്ങള്‍ തേടി നാം അധികം അലയേണ്ടതില്ല. ജഗദീഷ് സാറിലൂടെ ഒന്നു കണ്ണോടിച്ചാല്‍ മതി നമുക്ക് അത് വ്യക്തമാകും.
തെരഞ്ഞെടുപ്പ് വരുമ്പോള്‍ രാഷ്ട്രീയരംഗത്തേക്ക് ചാടിയിറങ്ങി, മത്സരിച്ച് ജയിച്ച്, എം.എല്‍.എ. ആയി മന്ത്രി ആകുന്ന സ്ഥിരം പൊടി കൈകള്‍ക്കപ്പുറം, സജീവരാഷ്ട്രീയപ്രവര്‍ത്തകനാകുന്നതിന് മുമ്പ്, തന്റെ സാന്നിദ്ധ്യം കൊണ്ട് ജനങ്ങളെ ഉഴുതുമറിച്ച് തന്നെ സ്വീകരിക്കാന്‍ പാകത്തില്‍ ജനമനസ്സുകളെ പാകപ്പെടുത്തി എടുക്കുക എന്ന നവ്യരീതിയാണ് ജഗദീഷ് ഉപയോഗിച്ചത്. മാധ്യമങ്ങളുടെ മാത്രമല്ല, രാഷ്ട്രീയചാണക്യന്മാരുടെയും പ്രശംസ പിടിച്ചുപറ്റിയ രാഷ്ട്രീയ അടവ് നയമായിരുന്നു ജഗദീഷിന്റേത്.
ഇത് മാത്രമല്ല, ജഗദീഷ് തുറന്നുപറഞ്ഞു. എന്റെ സിനിമാമോഹങ്ങള്‍ അസ്തമിച്ചിട്ടില്ല, ആ മോഹങ്ങള്‍ക്ക് ഒരു പര്യവസാനം ഉണ്ടാകുമ്പോള്‍, രാഷ്ട്രീയത്തിലും ഭാഗ്യന്വേഷണത്തിനായി ഇറങ്ങിതിരിക്കുമെന്ന്!!
നമ്മുടെ മഹത്തായ രാഷ്ട്രീയപാരമ്പര്യത്തെ നിഷേധിക്കുകയാണ് ശ്രീ ജഗദീഷ് ഈ പ്രസ്താവനയിലൂടെ ചെയ്തത്.
പൊതുപ്രവര്‍ത്തനം, രാഷ്ട്രീയവര്‍ത്തനം പരിപാവനമായ ഒരു സേവന മേഖലയാണ്. സ്വന്തം ഭാവി ശോഭനമാക്കാനുള്ള ഒരു തട്ടകം അല്ല രാഷ്ട്രീയപ്രവര്‍ത്തനം.
ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ കരാളഹസ്തങ്ങളില്‍ നിന്ന് ഭാരതത്തെ മോചിപ്പിക്കാന്‍ എല്ലാം ത്യജിച്ച് സമരാംഗണത്തിലേക്ക് ചാടി ഇറങ്ങിയ ലക്ഷോപലക്ഷം ജനത സ്വന്തം ഭാവി ശോഭനമാക്കാനല്ല അങ്ങനെ ചെയ്തത് മറിച്ച്, വെളളത്തില്‍ മുങ്ങി ചാവുന്ന ഒരുവനെ രക്ഷിക്കാന്‍ ഒരുമ്പെടുന്ന നിസ്വാര്‍ത്ഥനായ ഒരുവന്റെ സിരകളെ പ്രകമ്പനം കൊള്ളിക്കുന്ന മഹനീയ പ്രചോദനമായിരുന്നു അവരെ അതിന് പ്രേരിപ്പിച്ചത്.
സ്വാതന്ത്ര്യം കിട്ടി 63-ാം വര്‍ഷം പിന്നിടുമ്പോഴും ഭാരതത്തിലെ ലക്ഷോപലക്ഷം വരുന്ന ജനത ഒരു നേരത്തെ വിശപ്പ് അടക്കാന്‍ വേണ്ടി, നക്ഷത്രഹോട്ടലുകളില്‍നിന്ന് വിക്ഷേപിക്കപ്പെടുന്ന എച്ചിലുകള്‍ക്ക് വേണ്ടി. തെരുവ് നായ്ക്കളെടൊപ്പം മത്സരിക്കുന്ന ദയനീയാവസ്ഥയ്ക്ക് കാരണം, ഭാവിശോഭനമാക്കാന്‍ ശ്രമിക്കുന്നവരുടെ രാഷ്ട്രീയപ്രവര്‍ത്തനമാണ്, പൊതുപ്രവര്‍ത്തനമാണ്!!
സാധാരണക്കാരായ നമുക്ക് അടിയന്തിരമായി വേണ്ടത് തിരിച്ചറിവുകളാണ്, കള്ളനാണയങ്ങളെ തിരിച്ചറിയാനുള്ള സാമാന്യഅറിവ്!...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ