2013, ജൂലൈ 18, വ്യാഴാഴ്‌ച

Look at me


നാം മലയാളികള്‍ മറ്റുളളവരുടെ കഴിവുകള്‍ അംഗീകരിക്കുന്നതില്‍ വൈമുഖ്യമുള്ളവരാണോ?
യഥാര്‍ത്ഥത്തില്‍ ഈ കഴിവുകള്‍ എന്നു പറയുമ്പോള്‍, നാം വിവക്ഷിക്കുന്നത് എന്താണ്?
ലക്ഷങ്ങളുടെ, കോടികളുടെ സമ്പത്ത് നേടാന്‍ കഴിഞ്ഞവരെ നാം കഴിവുള്ളവരുടെ ഗണത്തില്‍പ്പെടുത്തുന്നു. ഏതാനും പുസ്തകങ്ങള്‍ രചിച്ചിട്ടുള്ള പ്രതിഭാസമ്പന്നരെയും, നന്നായി പാടാനും, അഭിനയിക്കാനും, പ്രസംഗിക്കാനും, ഏറെ ഭാഷകള്‍ അനായാസമായി കൈകാര്യം ചെയ്യുവാനുമുള്ള മികവ് ഉള്ളവരെയും, നല്ല സംഘടനാപാടവം ഉള്ളവരെയും, കാര്യഗ്രഹണശേഷി ഉള്ളവരെയും ഉന്നതവിദ്യാഭ്യാസമുള്ളവരെയും എല്ലാം നാം 'കഴിവ്' ഉള്ളവരായി കണക്കാക്കുന്നു.
സംശയമില്ല. ഇവ എല്ലാം കഴിവുകള്‍ തന്നെ. പക്ഷേ ഇതിന്റെ പേരില്‍ ബഹുമാനിക്കപ്പെടണം, ആദരിക്കപ്പെടണം എന്ന ഭാവത്തില്‍ നമ്മുടെ മുന്നില്‍ മിന്നിപൊങ്ങി നില്ക്കുന്ന ഒരുവനില്‍ എന്തോ അപാകതയില്ലേ?
സ്‌നേഹത്തിന്റെ മഹിമ ഒരിക്കലെങ്കിലും ഹൃദയത്തില്‍ അനുഭവിച്ചിട്ടുള്ളവര്‍ക്ക് അറിയാം, കൈയില്‍ ഭിക്ഷാപാത്രവുമായി നടന്നൂ നേടി എടുക്കേണ്ടതല്ല അതെന്ന്!!
ആത്മാവിന്റെ നിറവില്‍ നിന്ന് അവിരാമമായി, ഉപാധികളില്ലാതെ ഒഴുകുന്ന പരിശുദ്ധമായ ഊര്‍ജ്ജപ്രവാഹമാണത്. അതില്‍ തന്നെ അത് സാന്ദ്രമാണ്, ധന്യമാണ്, പവിത്രമാണ്, പൂര്‍ണ്ണമാണ്.
മഹാത്മഗാന്ധിജിയുടെ സമീപത്തിരിക്കാനും, സംഭാഷണത്തില്‍ ഏര്‍പ്പെടാനും ഭാഗ്യം സിദ്ധിച്ചവര്‍ ഒരുപോലെ സമ്മതിക്കുന്ന ഒരു കാര്യം ഉണ്ട്.
ഗാന്ധിജിയുമായി സംസാരിക്കുമ്പോള്‍, ഗാന്ധിജി എത്ര മഹാനെന്നല്ല സ്വയം വെളിപ്പെടുത്താന്‍ ശ്രമിച്ചിരുന്നത്, മറിച്ച് ശ്രോതാവിന്റെ മഹത്വം ആണ് ഗാന്ധിജി തൊട്ടു ഉണര്‍ത്തുന്നത്.  ആ ഉണര്‍വ്വിന്റെ ഊര്‍ജ്ജലതയില്‍ നാം അറിയാതെ കൃതജ്ഞതയോടെ കരങ്ങള്‍ കൂപ്പി പോവൂന്നൂ.
ഇവിടെ ആദരവ് ആവശ്യപ്പെട്ട് നേടുകയല്ല.
ഉണ്മയുടെ ഉണര്‍വില്‍ തികച്ചും സ്വഭാവികമായി സംഭവിക്കുകയാണ്. പൂമൊട്ട് വിടര്‍ന്ന് പൂവാകുന്നതുപോലെ, രാത്രി പകലിന് വഴിമാറി കൊടുക്കുന്നത് പോലെ തികച്ചും സ്വാഭാവികമായ പരിണാമം.
മഹാനായ ചക്രവര്‍ത്തി അലക്‌സാണ്ടര്‍, ലോകം പിടിച്ചടക്കുന്നതിനുള്ള തന്റെ സാഹസികയാത്ര തുടങ്ങുന്നതിന് മുമ്പ്, തന്റെ സതീര്‍ത്ഥ്യനും ചിന്തകനുമായ ഡയോജിനിയസ്സിനെ സന്ദര്‍ശിച്ചു. മനുഷ്യന്റെ കാപട്യത്തേയും മത്സരങ്ങളെയും, ക്രൂരതയേയും അങ്ങേയറ്റം വെറുത്ത്, നാണം മറയ്ക്കാനുള്ള വസ്ത്രം മാത്രം ധരിച്ച്, നൈല്‍നദി തീരത്ത് അങ്ങേയറ്റം ലളിതമായി ജീവിക്കുന്ന ഒരു യവനചിന്തകനായിരുന്നൂ ഡയോജിനിയസ്സ്.
അലക്‌സാണ്ടറുടെ ലോകം പിടിച്ചടക്കാനുള്ള ഉദ്യമം ശ്രവിച്ച് ഡയോജിനിയസ്സ് പരിഹാസത്തോടെ പൊട്ടിച്ചിരിച്ചു. തന്റെ കൂട്ടുകാരനായ അലക്‌സാണ്ടറോട് ഡയോജിനിയസ് ഉപദേശിച്ചു.
സുഹൃത്തേ, താങ്കള്‍ എന്തിന് ഈ ലോകം കീഴടക്കാന്‍ പോകണം? ഈ നൈല്‍നദിയില്‍ ഏറെ മത്സ്യങ്ങളുണ്ടല്ലോ? നമുക്ക് വിശക്കുമ്പോള്‍ അവയെ പിടിച്ച് ചുട്ടുതിന്ന്, ഈ മണല്‍തിട്ടയില്‍ സൂര്യന്റെ ഇളംചൂട് നുകര്‍ന്ന്, നദികരയില്‍ നിന്ന് വീശുന്ന ഇളംകാറ്റും ആസ്വദിച്ച്, സന്തോഷത്തോടെ, സംതൃപ്തിയോടെ ജീവിതം ആസ്വദിക്കാം.
യുദ്ധംകൊണ്ട് നേടുന്ന വിജയങ്ങള്‍ക്ക് ഒന്നും ഈ സന്തോഷവും സംതൃപ്തിയും തരാനാവില്ല. അലക്‌സാണ്ടര്‍ ഒരു നിമിഷം സ്തംഭിതനായി, നിശ്ചലനായി.
സമചിത്തത വീണ്ടെടുത്ത് അലക്‌സാണ്ടര്‍ പറഞ്ഞു.
താങ്കള്‍ ഉദ്ദേശിച്ചത് എനിക്കു മനസ്സിലായി.
താങ്കള്‍ അനുഭവിക്കുന്ന ലാളിത്യത്തില്‍ നിന്നുള്ള സുഖം അനുഭവിക്കാന്‍ കഴിയാത്തവിധം, എന്റെ ശരീരത്തിലെ ഓരോ അണുവും യുദ്ധത്തിനായി തുടികൊട്ടുകയാണ്.....എല്ലാം കീഴടക്കി വിജയത്തിനായുളള ഉന്മാദം എന്റെ സിരകളില്‍ അഗ്നി വിതയ്ക്കുന്ന ഈ വേളയില്‍ വിടപറയുന്നൂ.....
ലോകം കീഴടക്കാനുള്ള ചക്രവര്‍ത്തിയുടെ പ്രയാണം അവസാനിച്ചത് ഗുരുതരമായ രോഗവും അതുമൂലമുള്ള 28-ാം വയസ്സിലെ അകാലമൃത്യുവുമായിരുന്നു.
തന്റെ ജന്മനാട്ടില്‍ തിരിച്ചെത്താനും, തന്റെ പ്രിയമാതാവിനെ ഒരു നോക്കു കാണാനുമുള്ള തീവ്രമായ അന്ത്യാഭിലാഷം പൂര്‍ത്തിയാകാതെ മരണം വരിയ്ക്കുമെന്ന് ഉറപ്പായപ്പോള്‍, ചക്രവര്‍ത്തി ആശയറ്റവനെപ്പോലെ പറഞ്ഞു.
'തന്റെ അന്ത്യവിലാപയാത്രയില്‍ തന്റെ കരങ്ങള്‍, ശവമഞ്ചത്തിന്റെ പുറത്ത് ഇടുക. ലോകം കാണട്ടെ, ലോകം മുഴുവന്‍ കീഴടക്കിയ ചക്രവര്‍ത്തി വെറും കൈയ്യോടെയാണ് അന്ത്യയാത്ര ചെയ്യുന്നുതെന്ന്!!
വിജയങ്ങള്‍ക്കായുളള, അംഗീകാരത്തിനായുള്ള നമ്മുടെ ഒടുങ്ങാത്ത തൃഷ്ണയല്ലേ, ജീവിതത്തിന്റെ സൗന്ദര്യത്തെയും, സന്തോഷത്തേയും മുഴുവന്‍ തകര്‍ത്തു കളയുന്നത്?
'കഴിവുകള്‍' അംഗീകരിക്കപ്പെടാനും, ആദരിക്കപ്പെടാനും, ശ്രദ്ധാകേന്ദ്രമാകുന്നതിനുമുള്ള പടവുകള്‍ ആകുമ്പോള്‍, പെരുമാറ്റം പ്രകടനപരതയുടെ താളം തേടുന്ന മനോവ്യതിയാനത്തിന്റെ തലത്തിലെത്തും.
സ്‌നേഹിക്കപ്പെടാനും, അംഗീകരിക്കപ്പെടാനുമുള്ള ആഗ്രഹം സാധാരണക്കാരായ നമ്മിലെല്ലാം അന്തര്‍ലീനമാണ്.
പക്ഷേ ഇവിടെ ഒരു വൈരുദ്ധ്യം നാം സൗകര്യപൂര്‍വ്വം വിസ്മരിക്കുന്നു. സ്‌നേഹിക്കപ്പെടാനുള്ള വ്യഗ്രത, സ്‌നേഹത്തിന്റെ അഭാവത്തില്‍ നിന്നാണ് ഉയിര്‍കൊള്ളുന്നത്. ഇരുട്ടിലായിരിക്കമ്പോഴല്ലേ നാം വെളിച്ചം  ആഗ്രഹിക്കുന്നത്.
സ്‌നേഹിക്കുന്ന ഹൃദയം കരകവിഞ്ഞ് ഒഴുകുന്ന നദിക്ക് തുല്യം. ആത്മാവിന്റെ നിറവില്‍ നിന്ന് ഉണരുന്ന ഉറവയാണത്. നൈസര്‍ഗ്ഗികമായ കഴിവുകളും അതുപോലെ തന്നെ. ആ ഊര്‍ജപ്രവാഹത്തില്‍ തന്നെ ആനന്ദമുണ്ട്. സന്തോഷമുണ്ട്. നമ്മുടെ ഗാനഗന്ധര്‍വന്‍ യേശുദാസിന്റെ ഗാനാലാപനം എത്ര ഹൃദ്യം. കര്‍ണ്ണാനന്ദകരമല്ലോ ആ ഗാനാലാപനം. ഗാനാലാപനത്തില്‍ തന്നെ യേശുദാസ് സന്തോഷവും സംതൃപ്തിയും അനുഭവിക്കുന്നു.
അതു കാണുകയും കേള്‍ക്കുകയും ചെയ്യുന്ന നമ്മിലും അതിന്റെ അനുരണങ്ങള്‍ പ്രതിഫലിക്കുന്നു.
പണവും പ്രശസ്തിയും അതിന്റെ ഒരു ഉപോത്പന്നം മാത്രമാണ്. പക്ഷേ പണവും പ്രശസ്തിയും മാത്രം ലക്ഷ്യമാക്കി പാടുമ്പോഴോ? അത് സാമൂഹികമായ സമതുലിനാവസ്ഥയെ തകിടം മറിക്കുന്നു.
മനുഷ്യനെ, മനുഷ്യനായി കാണാന്‍ സാധിക്കുമ്പോള്‍, ഒരോ മനുഷ്യനിലും കുടികൊള്ളുന്ന നിത്യതയുടെ സ്പന്ദനങ്ങള്‍ തിരിച്ചറിയാന്‍ കഴിയും. 'വിപ്ലവം' എന്നതിന്റെ മൂലാര്‍ത്ഥം മാറ്റം എന്നതാണെങ്കില്‍, ഈ മാറ്റം സംഭവിക്കേണ്ടത് നമ്മുടെ അന്തരംഗത്താണ്.
ധാരണകളില്‍ അധിഷ്ഠിതമായ നമ്മുടെ അളവ് കോലുകള്‍ നമുക്ക് ഉപേക്ഷിക്കാം. മനുഷ്യനെ, മനുഷ്യനായി നമുക്ക് കാണാം. ലേബലുകള്‍, സ്വയം അണിയാനാണെങ്കിലും മറ്റുള്ളവര്‍ക്ക് ചാര്‍ത്തി കൊടുക്കുവാനാണെങ്കിലും നമുക്ക് വേണ്ടെന്ന് വയ്ക്കാം. അപ്പോള്‍ പ്രകൃതിയുടെ ലളിതമായ താളലയങ്ങള്‍ നമുക്ക് കണ്ടെത്താനും അനുഭവിക്കാനും കഴിയും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ