2013, ജൂലൈ 18, വ്യാഴാഴ്‌ച

ചാണക്യന്‍::::::-:: : :::ഒളിമ്പിക്‌സ്


ഒളിമ്പിക്‌സ് ഒരു പരാജിതന്റെ ക്ഷമിക്കണം ഒരു ദാര്‍ശിനികവീക്ഷണത്തില്‍!!11....

 സ്‌നേഹസൗഹാര്‍ദങ്ങളോടെയുള്ള ലോകരാഷ്ട്രങ്ങളുടെ പങ്കാളിത്തമാണ് ഒളിമ്പിക്‌സ് നല്കുന്ന മഹനീയ സന്ദേശം.
വിജയപരാജയങ്ങള്‍ കേവലം ആപേക്ഷികമാണ്! അവ ബോധമണ്ഡലത്തില്‍ അലയടിക്കുന്ന താല്ക്കാലികമമായ ഒരു മിഥ്യാഭ്രമമാണ്! ഒളിമ്പിക്‌സില്‍ ഇന്ത്യ പങ്കെടുത്തു എന്നുള്ളതാണ് പ്രധാന കാര്യം. (അഭിമാനിക്കാം എന്ന പദം ഉപയോഗിക്കരുത്. അതില്‍ ഒരു തരം സഹജീവികളോടു അവഗണനയില്‍ കുതിര്‍ന്ന ആക്രമനോത്സുകത ഇല്ലേ?)
ലണ്ടനില്‍ ഈ കഴിഞ്ഞ 30-ാമത് ഒളിമ്പിക്‌സില്‍ 204 ലോക രാഷ്ട്രങ്ങള്‍ പങ്കെടുത്തു. ലോകജനസംഖ്യയില്‍ രണ്ടാം സ്ഥാനക്കാരായ ഇന്ത്യ 6 മെഡലുകളോടെ 55-ാമത് സ്ഥാനത്തേയ്ക്ക് തഴയപ്പെട്ടതില്‍ നിരാശരാകാതെ അല്പം ദാര്‍ശിനിക അവബോധത്തോടെ ഈ കഴിഞ്ഞ ഒളിമ്പിക്‌സിനെ വില ഇരുത്തേണ്ടിയിരിക്കുന്നു. അല്ലെങ്കില്‍ തന്നെ നാം എന്തിന് നിരാശരാകാണം? ഇന്ത്യക്ക് 2 വെള്ളിയും നാല് വെങ്കലവും നേടി മൊത്തം ആറു മെഡലുകളാണ് ഇന്ത്യ നേടിയത്! ബയ്ജിങ് നേടിയ മെഡല്‍ നിലകളുമായ താരതമ്യം ചെയ്യുമ്പോള്‍ ഇരട്ടി മെഡലുകള്‍! എന്നു പറഞ്ഞാല്‍ 100% വളര്‍ച്ചാനിരക്ക്! ആ മഹത്തരമായ നോട്ടത്തില്‍ ഇന്ത്യക്ക് തെല്ലും അഹങ്കാരമില്ല. ഭാരതീയ സംസ്‌ക്കാരത്തിന് അനുചിതമായ രീതിയില്‍ ആ മഹത്തരമായ നേട്ടത്തില്‍  അഭിമാനിക്കാതെ ഇന്ത്യ ലോക രാഷ്ട്രങ്ങളുടെ മുമ്പില്‍ വിനയാന്വിതരായി കൂപ്പുകരങ്ങളോടെ നിലകൊള്ളുന്നു. ഭാരതീയ സംസ്‌ക്കാരത്തിന്റെ അന്തസത്തയില്‍ ജീവിതം ഒരു മത്സരമല്ല. അതൊരു 'ലീലയാണ്' വെറുംകളി.
38 സ്വര്‍ണ്ണമെഡലുകള്‍ നേടാന്‍ ചൈനക്കാര്‍ എന്തെല്ലാം സഹിച്ചുവെന്ന്, ചൈനയുടെ ഇരുമ്പ് മറകള്‍ ഭേദിച്ചുകൊണ്ടുള്ള വാര്‍ത്തകള്‍ ലോകം മുഴുവന്‍ പ്രചരിക്കയാണ്. സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളിലൂടെ പ്രചരിച്ച വാര്‍ത്തകളും ദൃശ്യങ്ങളും, കണ്ട് ലോകജനത ഞെട്ടിത്തരിച്ചില്ലേ? ഹിറ്റ്‌ലറുടെ കാലത്ത് കോണ്‍സ്റ്റര്‍റേഷന്‍ ക്യാമ്പുകളില്‍ നടന്ന ക്രൂരപീഡനമുറകളെ ഓര്‍മ്മിപ്പിക്കുന്ന രീതിയിലുള്ള പീഡനകളിലൂടെയായിരിക്കുന്നു ചൈനീസ് മത്സരാര്‍ത്ഥികളുടെ പരിശീലനമുറകള്‍!
ഈത്തരം പീഡനമുറകള്‍ സഹിച്ചുകൊണ്ട് ആര്‍ക്കുവേണ്ടി ഈ സ്വര്‍ണ്ണവേട്ട? ലോകരാഷ്ട്രങ്ങളുടെ മുന്നില്‍ 'ബീംബിസ്' കാണിക്കാനുണ്ടോ? ആത്മവിശ്വാസം ഇല്ലാത്തവന്റെ പുകമുറകള്‍ സൃഷ്ടിച്ചുകൊണ്ടുള്ള, മേധാവിത്വം നേടാനുള്ള വെറും കസര്‍ത്തുകളെല്ലേ ഇവയെല്ലാം.
അവരുടെ വിപ്ലവാചാര്യന്‍ മാവോയെ മാത്രം പഠിച്ചാല്‍ പോരാ, പൗരാണികാചാര്യന്‍ 'കണ്‍ഫ്യുഷസ്'നെയും അവര്‍ ഉറക്കെ ഉറക്കെ വായിക്കേണ്ടിയിരിക്കുന്നു. മേധാവിത്വം നേടാനുള്ള ഓട്ടപന്തയം അല്ല ജീവിതം! ജീവിതം ഒരു ലീലയാണ്. വെറും കളിയാണത്!! ഹൃദയഭാവത്വങ്ങളുടെ സ്വഭാവികത നഷ്ടപ്പെടുത്തി ജീവിതത്തെ ഒരു സമ
രഭൂമിയാക്കരുത്? 104 മെഡലുകള്‍ തേടി ഓവറോള്‍ ചാമ്പ്യന്‍മാരായ അമേരിക്കയുടെയും പിന്നാമ്പുറകള്‍ ആരും പറഞ്ഞില്ലെങ്കിലും ഇന്ത്യക്കാരായ നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. പരാജിതര്‍ എന്നും എവിടെയും ഊഹാപോഹങ്ങളില്‍ അദ്വിതരാണെന്നാണ് ചരിത്രം! മത്സരം തുടങ്ങുന്നതിന് മുമ്പ് ജമാക്കയുടെ മിന്നല്‍ ഓട്ടക്കാരന്‍ ഹുസൈന്‍ ബോള്‍ട്ടിന്റെ പ്രസ്താവന ഏറെ ശ്രദ്ധേയം.
''എനിക്ക് മുമ്പ് ഇതിഹാസങ്ങള്‍ രചിച്ചിട്ടുണ്ട്. ഇനിയും ഇതിഹാസങ്ങള്‍ എഴുതപ്പെടാം. എന്നാല്‍ ഈ വര്‍ത്തമാന കാലം എന്റേതാണ്. ഇവിടെ ഞാന്‍ ഇതിഹാസം രചിക്കും.''
തന്റെ പ്രസ്താവനയെ തികച്ചും അന്വര്‍ത്ഥമാക്കുന്ന ഇതിഹാസ വിജയം ആയിരുന്നു ബോള്‍ട്ട് നേടിയത്!! കൈകാലുകളിലെ മാംസപേശികള്‍ വിഭ്രമിപ്പിച്ചുകൊണ്ട് ഇതിഹാസ ലക്ഷ്യത്തിലേക്ക് കുതിക്കാന്‍ തയ്യാറെടുക്കുന്ന ബോള്‍ട്ടിനെ നമുക്ക് എങ്ങനെ വിസ്മരിക്കാനാകും? ഹുസൈന്‍ ബോള്‍ട്ട് നമ്മോട് പറയുന്നത് ഒന്നു മാത്രം.
'Keep in track. keep in track! എല്ലാ പ്രതിസാന്‍ധികളേയും അതിജീവിച്ച് ലക്ഷ്യത്തിലേക്ക് കുതിക്കുക.
തന്നോടൊപ്പം ഭക്ഷിക്കയും പാനം ചെയ്യുക ചെയ്തവന്‍ തന്നെ ഒറ്റിയെടുക്ക എന്നറിഞ്ഞിട്ടും, തന്റെ അരുമശിഷന്‍ നിര്‍ണ്ണായക മുഹൂര്‍ത്തത്തില്‍ തള്ളിപ്പറയും എന്നറിഞ്ഞിട്ടും,  അര്‍പ്പിതമായ ലക്ഷ്യത്തില്‍ നിന്ന് വ്യതിചലിക്കാതെ മുന്നേറിയ യേശുനാഥനെ ഈ അവസരത്തില്‍ ഓര്‍ത്തുപോകുന്നു.
ഈ കഴിഞ്ഞ ഒളിമ്പിക്‌സില്‍ എത്ര എത്ര ചരിത്രമുഹൂര്‍ത്തങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചത്.
31 ലോക റെക്കോര്‍ഡുകളാണ് ഈ കഴിഞ്ഞ ഒളിമ്പിക്‌സില്‍ പിറന്നത്. വിജയികളുടെ ആഹ്ലാദാരവങ്ങള്‍, ആഘോഷ തിമര്‍പ്പുകള്‍, പ്രത്യാശയുടെ പുഞ്ചിരികള്‍ വിലാപത്തില്‍ അവസാനിക്കുന്നത്, പരാജിതന്റെ കണ്ണീര്‍, വിലാപങ്ങള്‍, വിതുമ്പലുകള്‍ അങ്ങനെ എത്ര എത്ര ഭാവതലങ്ങള്‍ ഒളിമ്പിക്‌സ് സ്റ്റേഡിയത്തില്‍ വിരിയുകയും കൊഴിയുകയും ചെയ്തു!! ബിബിസി ആവര്‍ത്തിച്ചാവര്‍ത്തിച്ച് എടുത്തു കാണിച്ച ആ ദൃശ്യം വിജയപരാജയങ്ങളെക്കാള്‍ പ്രധാന്യം സൗഹൃദമാണെന്ന് നമ്മെ ഓര്‍മ്മിപ്പിച്ചു.
3000 മീറ്റര്‍ സ്റ്റപ്പിള്‍ ചെയ്‌സില്‍ ജയിച്ച കെനിയായുടെ എസെകിയെന്‍ കൊബായിയെ ഫ്രാന്‍സിന്റെ രണ്ടാം സ്ഥാനം നേടിയ മഹിയെദിന്‍ തോളിലേറ്റി ആഹ്ലാദപ്രകടനം നടത്തുന്ന ദൃശ്യം!
മാനവ ഐക്യത്തിന്റെ സുവര്‍ണ്ണ സന്ദേശമാണ് അവിടെ തോളിലേറ്റപ്പെട്ടത്.
കൃത്രിമ അവയവുമായി പങ്കെടുത്ത ദക്ഷിണാഫ്രിക്കയുടെ ഓട്ടക്കാരന്‍ ഓസ്‌കര്‍ പിസ്റ്റേയസ് നമ്മെ ഓര്‍മ്മിപ്പിക്കുന്നത് വിധിയുടെ കരാളഹസ്തങ്ങളില്‍പ്പെട്ട് ഞെരിഞ്ഞമരാന്‍ അനുവദിക്കാത്ത മനുഷ്യന്റെ നിശ്ചയദാര്‍ഢ്യമാണ്.
വിധിയെ പഴിച്ച് തമസ്സിന്റെ താഴ്‌വാരങ്ങളില്‍ ആത്മനിന്ദയോടെ അഭയം തേടുന്നതിന് പകരം കര്‍മ്മനിരതയുടെ അനന്തവിഹായുസ്സിലേക്ക് പറന്നു ഉയരാന്‍ നമ്മെ പ്രചോദിപ്പിക്കുന്നു. ഉജ്ജ്വലപ്രകടനമായിരുന്നു ഓസ്‌കര്‍ പിസ്റ്റേയിന്റേത്.
ഈ ജീവിതത്തില്‍ നാം എന്ത് നേടുന്നു എന്നുള്ളത് അത്ര പ്രസക്തമല്ല, അവസാനയാത്രാമൊഴി, ഏകനായി, മൗനമായി ചൊല്ലുമ്പോള്‍ നേട്ടങ്ങള്‍ നമ്മോടൊപ്പം വരികില്ല. ജീവിതത്തോടുള്ള മനോഭാവമാണ് പ്രസക്തം.
ജീവിതം ഒരു കളിയാണ്. ലീലയാണ്. നമുക്ക് അത് ആസ്വദിക്കാം. ആരെയും വേദനിപ്പിക്കാതെ നമുക്കതില്‍ പങ്കാളിയാവാം. ഒളിമ്പിക്‌സില്‍ ഉയര്‍ത്തപ്പെടുന്ന ദീപശിഖ ഓര്‍മ്മിപ്പിക്കുന്നത്, സ്വര്‍ണ്ണമോ വെള്ളിയോ വിജയപരാജയങ്ങളോ നേട്ടങ്ങളോ കോട്ടങ്ങളോ അല്ല, മാനവിക ഐക്യത്തില്‍ നിന്ന് ഉണ്ടാവുന്ന നിത്യമാം സ്‌നേഹ സൗഹാര്‍ദങ്ങളുടെ പ്രകാശധാരയാണ്. അതു നമ്മുടെ രാഷ്ട്രനേതാക്കളുടെ, ലോകജനതയുടെ ഇരുളടഞ്ഞ ഹൃദയങ്ങളെ സ്‌നേഹദീപ്തമാക്കട്ടെ!!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ