പരേതയായ ജസീന്ത സന്താനയോടും കുടുംബത്തോടും ഉള്ള എല്ലാ സ്‌നേഹാദരങ്ങളും ഹൃദയത്തില്‍ സൂഷിച്ചുകൊണ്ടാണ് ഈ കുറിപ്പ് എഴുതുന്നത്.
ആത്മഹത്യ, അത് എന്തിന്റെ പേരിലായാലും നീതികരിക്കാനാവില്ലാ. ആദര്‍ശവത്കരിക്കാനാവില്ലാ. അത് ജന്മം നല്‍കിയ നിയതിയോട് കാണിക്കുന്ന കൊടും ക്രൂരതകളില്‍ ഒന്നാണ്! എങ്കിലും ജസിന്തയെ ആ കൊടും കൃത്യത്തിലേക്ക് നയിച്ച സംഭവ വികാസങ്ങളില്‍ നമുക്ക് എല്ലാം ദു:ഖമുണ്ട്. ഉത്കണ്ഠയുണ്ട്. ഒഴിവാക്കമായിരുന്ന ആ കൊടും കൃത്യത്തിന്റെ ഉത്തരവാദിത്വത്തില്‍ പരോക്ഷമായെങ്കിലും നാമെല്ലാം ഭാഗഭാക്കുകളാണ്.
മറ്റുള്ളവരെ വിനോദിപ്പിക്കാന്‍ നേര്‍ച്ച ക്കോഴികളെപ്പോലെ ഉഴിഞ്ഞുവച്ച രണ്ട് റേഡിയോ ജോക്കിമാരില്‍ ഉത്തരവാദിത്വം നാം അടിച്ചേല്‍പ്പിച്ച് നാം കൈകഴുകി ആ ഉത്തരവാദിത്വത്തില്‍ നിന്ന് രക്ഷപ്പെടുന്നതില്‍ ധാര്‍മ്മികമായ അപച്യുതിയുണ്ട്.
ലോകമെമ്പാടുമുള്ള മാധ്യമപടയുടെ മുഖമുദ്രയായി മാറിയിരിക്കുകയാണ് 'ആരാന്റെ അമ്മയ്ക്ക് ഭ്രാന്ത് പിടിച്ചാല്‍ കാണാന്‍ എന്ത് ചന്തം' എന്ന പഴമൊഴിയെ അന്വര്‍ത്ഥമാക്കുന്ന പ്രവര്‍ത്തനങ്ങള്‍. നമ്മുടെ ദൈനംദിന ജീവിതത്തിന്റെ വിരസതകളില്‍ നിന്ന് മോചനം നേടാന്‍ അത്തരം പാവക്കൂത്തുകള്‍ക്ക് മുന്നില്‍ ഇരുന്നു കൊടുക്കാറുമുണ്ട്. അത്തരം മ്ലേച്ഛതയാര്‍ന്ന അനുഭവങ്ങള്‍ മറ്റുള്ളവരോടും ആഹ്ലാദത്തോടെ പങ്കുവയ്ക്കാറുമുണ്ട്.
അന്തരീക്ഷം വിഷലിപ്തിമാക്കാന്‍ നമുക്ക് കഴിയാവുന്ന സഹായം നാം നിത്യവും ചെയ്യുന്നതുപോലെ മാധ്യമപടയുടെ നിരുത്തരവാദിത്വപരമായ വികടന പ്രകടനങ്ങളില്‍ നാം മൗനമായി ഭാഗഭാക്കുകളാകുന്നു എന്നതിനര്‍ത്ഥം നാം അവരുടെ അപക്വമായ ചെയ്തികളെ ശരിവയ്ക്കുകയാണ്.
ആ ജീര്‍ണ്ണതയുടെ പ്രതിഫലനം മാത്രം ആയിരുന്നു റോഡിയോ ജോക്കിമാരും ചെയ്തത്.! അന്വേഷണ വിധേയരായി അവര്‍ ഇപ്പോള്‍ സസ്‌പെന്‍ഷനിലാണ്. പൊട്ടിക്കരഞ്ഞുകൊണ്ട് അവരുടെ ഏറ്റുപറച്ചില്‍ നാം റോഡിയോവിലൂടെ കേട്ടതാണ്.
അവരുടെ ബോസ്മാരുടെ തല ഉരുട്ടണം എന്നുള്ള മുറവിളിയും ശക്തമാണ്.
ജസീന്താ സന്താന അഭിമുഖികരിച്ചതിലും വലിയ പ്രതിസന്ധിയിലൂടെയാണ് റോഡിയോ ജോക്കിമാരും സംഘവും കടന്നു പോകുന്നത്. അവരാരും ജസീന്ത സന്താന ചെയ്തതുപോലെയുള്ള കൊടുംകൃത്യത്തിലേക്ക് ആനയിക്കപ്പെടുന്നില്ലാ എന്നതില്‍ നമുക്ക് ആശ്വസിക്കാം.
ജസീന്ത സന്താന അഭിമുഖീകരിച്ച സങ്കീര്‍ണ്ണാവസ്ഥ ജോലിചെയ്യുന്ന എല്ലാവരും ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരുതരത്തില്‍ അഭിമുഖികരിക്കുന്നുണ്ട്.
ജോലി എന്നാല്‍ അത് എന്തും ആകട്ടെ വൈരുദ്ധ്യങ്ങളുമായുള്ള എറ്റുമുട്ടലാണ്. അവിടെ പൂവിരിച്ച പരവാതാനികളും പൂമെത്തകളും നാം പ്രതീഷിക്കുന്നില്ലാ. അവിടെ ഉയര്‍ച്ചയും താഴ്ച്ചകളും, മാനിക്കപ്പെടലും അപമാനിക്കപ്പെടലും സര്‍വ്വ സാധാരണം.
നാമെല്ലാം സാധാരണ മനുഷ്യരാണ് അമാനുഷരല്ലാ. മനുഷ്യന്റെ എല്ലാ ശക്തി ദുര്‍ബലതകളും നമുക്ക് ഉണ്ട്. വിജയങ്ങളില്‍ മാത്രം നമ്മെ അടയാളപ്പെടുത്താനും തിരിച്ചരിയാനും ശ്രമിക്കുമ്പോള്‍, വിജയപരാജയങ്ങളെ സമചിത്തതയോടെ കാണണം എന്ന സര്‍വ്വ സാധാരണ സമീപനത്തെ അവഗണിക്കുകയാണ് ചെയ്യുന്നത്. യഥാര്‍ത്ഥത്തില്‍ ഇവിടെ കുറ്റവാളിയായി മാറുന്നതു നമ്മെപ്പറ്റിയുള്ള നമുക്കുള്ള ധാരണകളാണ്. self image ആണ്. നാം നമ്മെ തന്നെ വലിയ ഒരു സിംഹാസനത്തില്‍ ഇരുത്തി വാഴ്ത്താന്‍ ആഗ്രഹിക്കുന്നവരാണ്....... പെട്ടെന്ന് ഒരു ദിനം സിംഹാസനത്തില്‍ നിന്ന് വീഴുന്ന അനുഭവത്തെ അംഗീകരിക്കുവാന്‍ നമുക്ക് ആവില്ല.
ദിനരാത്രങ്ങള്‍ പോലെ, ജീവിതത്തിന്റെ ഉയര്‍ച്ചയും താഴ്ചകളും ജയപരാജയങ്ങളും, സമചിത്തതയോടെ വീക്ഷിക്കന്നതില്‍ സംഭവിച്ച അപാകതയല്ലേ ജസീന്തയെ ദുരിതത്തിലേക്ക് നയിച്ചത്?
അസ്തിത്വ ചിന്തകനായ ജീന്‍ പോള്‍ സാര്‍ത്രര്‍ന്റെ ആ വാക്യം ആവര്‍ത്തിക്കട്ടെ. എത്രയോ വിലപിടിച്ച വസ്ത്രങ്ങളാണ് ധരിച്ചിരിക്കുന്നതെങ്കിലും വസ്ത്രങ്ങള്‍ക്കടിയില്‍ നാം നഗ്നരാണ് എന്ന സത്യം നാം വിസമരിക്കരുത്.'വല്ലപ്പോഴെങ്കിലും ബാത്ത് റൂമില്‍ കയറി വാതിലടച്ച് വസ്ത്രങ്ങള്‍ എല്ലാം മാറ്റി നമ്മെ തന്നെ സ്വയം നോക്കി കാണുന്നത് നല്ലതാണ്.
അപ്പോള്‍ അയ്യേ... എന്ന ശബ്ദം നമ്മില്‍ നിന്ന് ഉതിര്‍ന്നില്ലെങ്കില്‍ അനുമാനിക്കാം ജീവിതത്തിന്റെ എല്ലാ ഉയര്‍ച്ച താഴ്ചകളെയും യഥാര്‍ത്ഥമായി കാണാന്‍ നാം പ്രാപ്തരാണെന്ന്. self image കപടമാണ്. യാഥാര്‍ത്ഥ്യവുമായി ബന്ധമില്ലാത്തതുമാണ്. അതിന്റെ തടവറകളില്‍ നിന്ന് മുക്തരാവുക.
പ്രാകാശം പരത്തുന്ന പെണ്‍കുട്ടിയെപ്പോലെ പ്രസന്നവതിയായ ജസീന്തയുടെ ഫോട്ടയിലേക്ക് വീണ്ടും വീണ്ടും നോക്കി പോവുകയാണ്. അറിയാതെ ആഗ്രിഹിച്ചു പോവുകയാണ്, ജസീന്തയും നമ്മോടൊപ്പം ഉണ്ടായിരുന്നെങ്കില്‍ ഈ ലോകം കൂറെക്കൂടി സുന്ദരമായെനെ എന്ന്.
ഒരു പാരിജാതപുഷ്പം പോലെ ചുറ്റും സൗരഭ്യം പരത്തി സന്തോഷവതിയായി മുന്നേറെണ്ട ജസീന്ത സന്താനയുടെ അകാലത്തിലുള്ള മരണം നമ്മെ എല്ലാം ദു:ഖത്തിലാകുന്നു.
നാം പ്രതിജ്ഞാബദ്ധരാകേണ്ടിയിരിക്കുന്നു, ജസീന്ത സന്താനയുടെ ദുര്‍വിധി ഇനി ആവര്‍ത്തിക്കപ്പെടരുത്. അകാലത്തില്‍ മൃത്യുവിനെ വരിച്ച മാതാവിന്റെ ഓര്‍മ്മകളും പേറി കുഞ്ഞുമക്കള്‍ അലയരുത്.
ജസീന്ത സന്താനക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതോടൊപ്പം, ഇത്തരം ദുരന്തങ്ങല്‍ ആവര്‍ത്തിക്കപ്പെടാതിരിക്കട്ടെ എന്ന് ആശിക്കുന്നു, പ്രാര്‍ത്ഥിക്കുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ