വികസിതരാജ്യമായ യു.കെയില്‍ സമ്പദ് സമ്യദ്ധിയുടെ നടുവില്‍ സുഖലോലുപന്‍മാരായി നാം വാണരുളുകയാണെന്നാണ് നാട്ടിലെ നമ്മുടെ ബന്ധുക്കളുടെയും സുഹ്യത്തുക്കളുടേയും വിലയിരുത്തല്‍.
നാട്ടിലെ യാതനകളുമായി ഇവിടുത്തെ ജീവിതം താരതമ്യം ചെയ്യുമ്പോള്‍ ഇവിടെ നാം 'സുഖി 'യന്‍മാരായി വാണരുളുക തന്നെയാണ്.
സംശയം ഉണ്ടെങ്കില്‍ ആലുവായില്‍ നിന്ന് എറണാകുളം വരെ കാറിലോ ബസിലോ യാത്ര ചെയ്യുക. യാതന എന്താണെന്നും,പീഡനുഭവം എന്താണൈന്നും അതിന്റെ തീവ്രതയില്‍ അനുഭവിച്ചറിയാം.നാട്ടില്‍ ഏതെങ്കിലും കാര്യനിര്‍വഹണത്തിനായി സര്‍ക്കാര്‍ ഓഫീസുകളുടെ നൂലാമാലകളിലൂടെ കടന്നുപോകാന്‍ വിധിക്കപ്പെട്ടവനാണെങ്കില്‍, സംശയിക്കേണ്ട അവന്‍ ഉടലോടെ സ്വര്‍ഗ്ഗത്തിലെത്തും.
വസ്തുതകള്‍ ഇങ്ങനെയൊക്കെത്തന്നെയാണെങ്കിലും, നാട്ടില്‍ ചെന്ന് സ്വഛമായ ഒരു ജീവിതം സ്വപനം കാണുന്നവരാണ് നാം. അതുകൊണ്ടാണ് പല്ലികള്‍ക്കും, ചിലന്തികള്‍ക്കും വാടക ഇല്ലാതെ താമസിക്കാന്‍ നാം ലക്ഷങ്ങള്‍ മുടക്കി മണിമാളികകള്‍ പണികഴിപ്പിച്ചിരിക്കുന്നത്( കൈവശാവകാശനിയമമനുസരിച്ച് ചിലന്തികള്‍ അടക്കമുള്ള ക്ഷുദ്ര ജീവികള്‍ കോടതി കയറാതിരുന്നാല്‍ ഭാഗ്യം!!)
നാട്ടില്‍ അവധിക്കുപോകുമ്പോള്‍ രാവിന്റെ നിശബ്ദതയില്‍ ചെവിയോര്‍ക്കാന്‍ ക്ഷുദ്രജീവികള്‍ തമ്മിലുള്ള നര്‍മ്മസല്ലാപം ശ്രവിക്കാം 'ഈ മണ്ടന്‍ മറുനാടന്‍ മലയാളികള്‍ ഇല്ലാതിരുന്നാല്‍ നമുക്ക് വംശനാശം സംബവിച്ചേനെ'!!
നാട്ടില്‍ ചെന്ന് സ്വഛമായ ഒരു വിശ്രമ ജീവിതം നമ്മില്‍ പലരുടെയും ഒരുക്കം സഫലികരിക്കപ്പെടാന്‍ സാധ്യതയില്ലാതെ നിഷ്ഫല സ്വപ്‌നം മാത്രം ആകാം. ഏങ്കിലും നാം സ്വപ്‌നം കാണും
നാട്ടില്‍ ചെന്ന് അല്ലലില്ലാതെ
ജീവിക്കുന്ന ഒരു നല്ല കാലത്തെപറ്റി!!
ഈ സുഖ സമ്യദ്ധിയുടെ നടുവിലത്തെ, പ്രരാപ്തതകളും, പരാധിനതകളും മാത്രമുള്ള നാട്ടില്‍ ചെന്ന് സമാധാനപരമായി ജീവിക്കാമെന്ന് നാം സ്വപ്‌നം കാണുന്നതിന്റെ കാരണം എന്താണ്?
ഔപചാരികതയുടെ പ്രകടനപരിതികളില്ലാതെ, ഊഷ്മളമായ മനുഷ്യബന്ധങ്ങളാകാം നമ്മെ നാട്ടിലേക്ക് തിരിച്ചുപോകുവാന്‍ പ്രേരിപ്പിക്കുന്നത്.
മാറികൊണ്ടിരിക്കുന്നസാമൂഹിക സമ്പാത്തിക പരിസ്ഥിതി കാരണങ്ങളാല്‍ നാട്ടിലൊരു വീട് എന്നത് വലിയ ഒരു ശരിയായിരിക്കാം, പക്ഷേ നാളെ നാട്ടില്‍ സ്വഛമായി ഒരു ജീവിതം നയിക്കാം എന്ന കാഴ്ചപ്പാടിനെ താലോലിക്കുന്നതില്‍ വൈകാരികമായൊരു അസന്തുലിതാവസ്ഥയില്ലേ?
വര്‍ത്തമാന കാല മനുഷ്യബന്ധങ്ങളിലെ, സൗഹ്യദബന്ധങ്ങളിലെ ഊഷ്മളത നുകരാന്‍ നമുക്ക് കഴിയാത്തതുകൊണ്ടല്ലേ നാളെയുടെ സ്വപ്‌നങ്ങളില്‍ നാം ആമഗ്നരാവുന്നത്.
പ്രാര്‍ത്ഥിക്കാന്‍ പഠിച്ചപ്പോള്‍ സ്‌നേഹിക്കാന്‍ മറന്നുപോയി എന്നു പറയുന്നതുപോലെയുള്ള ഒരു അവസ്ഥാവിശേഷം നമ്മുടെ ബന്ധങ്ങളെ ഊഷരഭൂമിയാക്കുന്ന്ില്ലേ?
ജീവിതത്തെ സന്തോഷകരമാക്കുന്നത് ആഹ്ലാദകരമായ ഒരനുഭവമാക്കുന്നത്, ആഘോഷമാക്കുന്നതത് മനുഷ്യബന്ധങ്ങളിലെ ഊഷ്മളതയാണ്. അവയുടെ അഭാവം നമ്മെ ഒരു സ്വപ്‌നജീവിയാക്കും.
പ്രവാസജീവിത്തിന്റെ മനോപീഡകള്‍ക്കുള്ള ഏകമരുന്ന് ഊഷ്മളമായ സുഹൃദ് ബന്ധങ്ങള്‍ നിലനിര്‍ത്തുക എന്നതാണ്. പക്ഷേ നമ്മുടെ ബന്ധങ്ങളില്‍ ഊഷ്മളത നഷ്ടപ്പെട്ട് തികച്ചും ഔപചാരികതകളുട താളലയങ്ങളില്‍ ലീനമാവുകയല്ലേ? സ്വര്‍ഗ്ഗ സമാനമായ നമ്മുടെ യു.കെ. ജീവിതത്തെ യാതനപര്‍വ്വമാക്കിമാറ്റുന്നത് അവസാനമില്ലാത്ത നമ്മുടെ പരാതികളും പരിഭവങ്ങളുമല്ലേ?
ധനസമ്പാദന മാര്‍ഗ്ഗങ്ങളെപ്പറ്റിയും അതിന്റെ ഫലപ്രദമായ മാര്‍ഗ്ഗങ്ങളെപ്പറ്റിയും നമുക്കു നല്ല നിശ്ചയമുണ്ട്. അതീവ ജാഗ്രതയോടെ നാം സമ്പാദിച്ച ധനം വിനിയോഗിക്കുകയും ചെയ്യുന്നു. പക്ഷെ നൈസര്‍ഗികമായി നമ്മിലുള്ള ജീവദായകമായ ഊര്‍ജ്ജത്തെ തികച്ചും സ്വാഭാവികമായ രീതിയില്‍ അനുഭവവേദ്യമാക്കാനും വളരാനും നിലനിര്‍ത്താനും നാം ജാഗ്രതകാണിക്കുനിനില്ല.
വര്‍ണ്ണമോ രൂപമോയില്ലാത്ത വൈദ്യുതോര്‍ജ്ജത്തെ പ്രകാശോര്‍ജ്ജമായും താപോര്‍ജ്ജമായും, മറ്റും നാം മാറ്റുന്നത് നാം ഉപയോഗിക്കുന്ന ഉപകരണങ്ങളിലധിഷ്ഠിതമാണ്.
പരാതികളാലും, പരിഭവങ്ങളാലുമുള്ള ഫിലമെന്റുകള്‍ നമ്മുടെ ഹൃദയ ധമനികളോട് വിളക്കിച്ചേര്‍ത്തത്‌കൊണ്ടല്ല നമ്മുടെ ജീവിതം വിഷലിപ്തമാകുന്നത് സംഘര്‍ഷഭരിതമാകുന്നത്.
നാം സൗകര്യപൂര്‍വ്വം വിസ്മരിക്കുന്നത് കണക്കിലെ കൃത്യതപോലെ, പ്രകൃതി നിയമങ്ങള്‍ക്കും അലംഘനീയമായ ഒരുതരം കൃത്യതയുണ്ട്. 100 ഡിഗ്രിയില്‍ ശുദ്ധജലം തിളക്കുക എന്ന നിയമം എന്നും എവിടെയും ഒരുപോലെയാണ്.
പരാധികളും പരിഭവങ്ങളുമുള്ള ഒരു ഹൃദയത്തില്‍ നിന്ന് സംഘര്‍ഷരഹിതമായ ഒരു പ്രവര്‍ത്തന ശൈലി ഉടലെടുക്കില്ല. ജീവിതത്തെ സന്തോഷകരമായ ഒരനുഭവമാക്കി മാറ്റണമെങ്കില്‍ ആദ്യമായി തന്നെ പരാധികളെയും പരിഭവങ്ങളെയും ഹൃദയത്തില്‍ നിന്ന് ഉന്മൂലനം ചെയ്യണം. രക്തരഹിതമായ ഒരുതരം സൈക്കോളജിക്കല്‍ റവല്യൂഷനിലൂടെ മാത്രമേ ഇത് സംഭവിക്കുകയുള്ളു.
ബന്ധങ്ങളില്‍ അപസ്വരമുയരുമ്പോള്‍ തന്നെ സമാധാന കാംക്ഷികള്‍ ഏകപക്ഷീയമായി വെടിനിറുത്തല്‍ പ്രഖ്യാപിച്ച് വിജനതകളുടെ ഏകാന്തതകളില്‍ അഭയംതേടണം. അത് ആത്മാവിന്റെ സ്വരൂപത്തെ വീണ്ടെടുക്കാനുള്ള ഒരു ശ്രമമാണ്. ഒരായികം വെടിഉണ്ടകളെ നെഞ്ചിലേറ്റാനുള്ള മനസ്ഥിതിയാണ് ഇതിനാവശ്യം. ഇതാണ് യഥാര്‍ത്ഥ ധീരത.
ഒടിഞ്ഞ കൈ ചേര്‍ന്ന് കിട്ടാന്‍ മരുന്നുകള്‍ക്ക് പകരം അസ്ഥികള്‍ക്ക് ആയാസം നല്ലരീതിയില്‍ നല്‍കാന്‍ നാം ശ്രമിക്കണം. അനായാസതയാണ് അസ്ഥികളുടെ പൂര്‍വ്വാവസ്ഥ നേടി എടുക്കാനുള്ള മരുന്ന്.
ധന്യമായ സൈക്കോളജിക്കല്‍ നിശബ്ദതയാണ്. വ്രണിതമായ നമ്മുടെ ഹൃദയങ്ങള്‍ക്ക് ബാം ആയ്ി മാറേണ്ടത്. പക്ഷേ ഹൃദയത്തില്‍ നിശബ്ദതയുടെ തീരം കണ്ടെത്താന്‍ പരാജയപ്പെടുന്നതുകൊണ്ടാണ് ഹൃദയത്തിലേറ്റ മുറിവുകളില്‍ നിന്ന് രക്തം വാര്‍ന്നുകൊണ്ടിരിക്കുന്നത്. അങ്ങനെയാണ് കണ്ണീര്‍പാടങ്ങളും, കണ്ണീര്‍ പുടങ്ങളും രക്തപങ്കിലമായ രണഭൂമികളും ഉയിര്‍കൊള്ളുന്നത്. സാന്ത്വനത്തിന്റെ ശീതളിമ നഷ്ടപ്പെട്ട നമ്മുടെ ഹൃദയം വന്‍ മരുഭൂമിയായിമാറുന്നത്. അതുകൊണ്ട് ഹൃദയത്തിലെ നിശബ്ദതകളുടെ താഴ് വാരങ്ങള്‍ നമുക്ക് കണ്ടെത്താം. മഴയേയും കാറ്റിനെയും തണുപ്പിനെയും നമുക്ക് തടഞ്ഞുനിര്‍ത്താനാവില്ല. പക്ഷേ ഒരു കോട്ട് ധരിക്കാന്‍ സുരക്ഷിതമായി നിമുക്ക് തെരുവിലൂടെ സഞ്ചരിക്കാം.
സമുദ്രതീരത്തെ തിരമാലകളുടെ അലര്‍ച്ച കണ്ട് അതാണ് സമുദ്രം എന്ന് ധരിക്കരുത്. ഉള്‍ക്കടല്‍ നിതാന്ത നിശബ്ദതയിലാണ്. ലോകമനസ്സുമായി സംവേദിക്കുന്ന നമ്മുടെ ഉപരിമണ്ഡലം മാത്രമാണ് പ്രക്ഷുബ്ദം. അതിന്റെ അഗാധത നിതാന്ത നിശബ്ദമാണ്. കൊഴിഞ്ഞുപോയ ഇന്നലകളിലെ പ്രക്ഷുപ്താവസ്ഥകളില്‍ തപം ചെയ്തു നമ്മുടെ ഹൃദയത്തെ കല്ലാക്കാതെ, മൃദുലവികാരങ്ങളാല്‍ ഒഴുകുന്ന ഒരു പുഴയായി നമുക്ക് ഒഴുകാം.
പ്രാഥമിക വിദ്യാഭ്യാസമാണ് ഉന്നത വിദ്യാഭ്യാസത്തിന്റെ അടിത്തറ. ഭൂലോക ജീവിതത്തിലെ സ്‌നേഹസൗഹൃദങ്ങളുടെ ഊഷ്മളത നുകരാതെ നാം എങ്ങിനെ സ്വര്‍ഗ്ഗരാജ്യത്തിലെ മധുരം നുകരും? നമ്മുടെ വര്‍ത്തമാനകാല യു.കെ. ജീവിതം സൗഹൃദങ്ങളാല്‍ സമ്പന്നമാക്കാം ദീപ്തമാക്കാം. കല്ലായി മാറാതെ പുഴയായി നമുക്കൊഴുകാം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ