2015, ഏപ്രിൽ 29, ബുധനാഴ്‌ച

യു.കെ. തിരഞ്ഞെടുപ്പ് ചൂടിലേക്ക്


   (Parliament Constituency -Portsmouth South,Liberal Democrat Candidate-Gerald Vernon-Jackson)

യു.കെ.യില്‍ പാര്‍ലമെന്റിലേക്കുള്ള പൊതു തെരഞ്ഞെടുപ്പ് മെയ് 7-നാണ്. 650 പാര്‍ലമെന്റ് അംഗങ്ങളെയാണ് അന്ന് തെരഞ്ഞെടുക്കുന്നത്. ഔദ്യോഗികമായ തെരഞ്ഞെടുപ്പ് പ്രചാരണം മാര്‍ച്ച് 30 നാണ് തുടങ്ങുന്നതെങ്കിലും മാസങ്ങള്‍ക്ക് മുമ്പ് തന്നെ പ്രധാന പാര്‍ട്ടികള്‍ എല്ലാം തന്നെ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുകയും തെരഞ്ഞെടുപ്പ് പ്രചരണം തുടങ്ങുകയും ചെയ്തു. 
വമ്പന്‍ തെരഞ്ഞെടുപ്പ് റാലികള്‍ ഇല്ലാതെ ജയ് വിളിയും മുദ്രാവാക്യം വിളിയും മുഴക്കാതെ, കാതടപ്പിക്കുന്ന ശബ്ദഘോഷങ്ങളുടെ അകമ്പടിയില്ലാതെ അടിസ്ഥാന രഹിതമായ ആരോപണ പ്രത്യാരോപണയുദ്ധങ്ങള്‍ ഇല്ലാതെ, കൊടിതോരണങ്ങളുടെ വര്‍ണ്ണപകിട്ടുമില്ലാതെ വികസിത രാജ്യത്തിന്റെ ചിട്ടവട്ടങ്ങള്‍ക്ക് അനുസരണമായി പൊതു തെരഞ്ഞെടുപ്പിന് യു.കെ. മലയാളികള്‍ ഭാഗവാക്കുകള്‍ ആവുകയാണ്.
വര്‍ത്തമാനകാല രാഷ്ട്രീയ കാലാവസ്ഥയനുസരിച്ച് ഒറ്റ പാര്‍ട്ടി അധികാരത്തിലെത്തുക എന്നത് അപ്രാപ്യമാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തലുകള്‍. ഒറ്റപാര്‍ട്ടി എന്ന നിലയില്‍ കണ്‍സര്‍വേറ്റീവിന് അംഗബലം കൂടുതല്‍ നേടാന്‍ കഴിയുമെങ്കിലും തൊട്ടു പിറകിലാകുന്ന ലേബര്‍ പാര്‍ട്ടി മറ്റു പാര്‍ട്ടികളുമായി (സ്‌കോട്ടിഷ് നാഷണല്‍ പാര്‍ട്ടി) പോലുള്ളവരുമായി തെരഞ്ഞെടുപ്പനന്തര സഖ്യത്തിലൂടെ അധികാരത്തിലേറും എന്നുള്ള രാഷ്ട്രീയ വിലയിരുത്തലുകളും ഉണ്ട്.
വ്യക്തമായ രാഷ്ട്രീയചായ്‌വുകളുള്ള മലയാളികള്‍ വിരളമാണ്. അതുകൊണ്ട് തന്നെ ചായക്കോപ്പയില്‍ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന രാഷ്ട്രീയ സംവാദങ്ങള്‍ ഇവിടെ നടക്കാറില്ല.


ഒരു ദശകത്തിലധികം യു.കെ. മണ്ണില്‍ കാലുറപ്പിച്ചവരുടെയും സിരകളെ ത്രസിപ്പിക്കുന്നത്, പിണറായി വിജയനും അച്യുതാനന്ദനും തമ്മിലുള്ള വടംവലികളും അല്ലെങ്കില്‍ ഉമ്മന്‍ചാണ്ടി സംഘത്തിന്റെ അഴിമതി രാഷ്ട്രീയത്തെപ്പറ്റി വാചാലനാകാനാണ് സമയം കണ്ടെത്തുന്നത്. നാട്ടില്‍ രാഷ്ട്രീയം കളിച്ച് നടന്നതിന്റെ ഹാങ് ഓവറില്‍ നിന്ന് പലരും വിമുക്തരല്ല. അതുകൊണ്ട് തന്നെയാണ് യു.കെ. ജനജീവിതത്തിന്റെ പൊതുധാരയുമായി ഇഴുകി ചേരാനും വര്‍ത്തമാന കാല യു.കെ. രാഷ്ട്രീയത്തെ ഉള്‍ക്കൊണ്ടുകൊണ്ട് ആരോഗ്യകരമായി പ്രവര്‍ത്തിക്കുന്നതില്‍ നമ്മില്‍ പലരും പരാജയപ്പെടുന്നത്. എങ്കിലും ഒരുകാര്യം തീര്‍ച്ച. തെരഞ്ഞെടുപ്പ് ദിനം മലയാളികള്‍ എല്ലാം തന്നെ പോളിംങ് ബൂത്തിലേക്ക് ഒഴുകിയെത്തും. അത് മലയാളികളുടെ രക്തത്തില്‍ അലിഞ്ഞ് ചേര്‍ന്ന ചില അനിവാര്യമായ അനുഷ്ഠാനങ്ങളില്‍ ഒന്നാണ്. (ദൈവവിശ്വാസം ഇല്ലാത്തവരും ആരാധനാലയങ്ങളില്‍ പോയി ചില അനുഷ്ഠാനങ്ങള്‍ മുറതെറ്റാതെ അനുഷ്ഠിക്കുന്നതുപോലെ) വ്യക്തമായ രാഷ്ട്രീയ നിലപാടുകള്‍ ഉള്ള ഒരു ന്യൂനപക്ഷം യു.കെ. മലയാളികളെ ഒഴിച്ചു നിര്‍ത്തിയാല്‍ ബഹുഭൂരിപക്ഷം മലയാളികള്‍ക്കും രാഷ്ട്രീയ നിലപാടുകള്‍ ഇല്ല. അവരുടെ വോട്ടുകള്‍ ഫ്‌ളോട്ടിംഗ് വോട്ടുകളായാണ് കണക്കാക്കുന്നത്. അവരുടെ വോട്ടിംഗിനെ സ്വാധീനിക്കുന്നത് ദേശീയ പാര്‍ട്ടികള്‍ എടുക്കുന്ന ദേശീയ രാഷ്ട്രീയ നിലപാടുകള്‍ അല്ല  (ചഒട, ഡിലാുഹീ്യാലി,േ യുറോപ്യന്‍ യൂണിയനുമായുള്ള ബന്ധം, വിദ്യാഭ്യാസ നയങ്ങള്‍, എമിഗ്രേഷന്‍ പോളിസി തുടങ്ങിയവ) മറിച്ച് പ്രാദേശിക രാഷ്ട്രീയ നേതാക്കള്‍ നടത്തുന്ന ജനോപകാരപ്രദമായ ഇടപെടലുകളെ മാത്രം ആശ്രയിച്ചാണെന്നു തോന്നും. ഏതായാലും കടലും കരയും താണ്ടി പ്രതികൂല കാലാവസ്ഥയേയും അതിജീവിച്ച് നാക്കിനും ചുണ്ടിനും അപരിചിതമായ വാക്കുകളും ഉപയോഗിച്ച് തന്റേടത്തോടെ മുന്നേറുന്ന മലയാളി സമൂഹം വര്‍ത്തമാന കാല യു.കെ. രാഷ്ട്രീയം വിലയിരുത്താന്‍ പ്രാപ്തരാണ്. അതുകൊണ്ടുതന്നെ വര്‍ത്തമാനകാല യു.കെ. രാഷ്ട്രീയം വസ്തുനിഷ്ഠമായി വിലയിരുത്തി നമ്മുടെ ഓരോരുത്തരുടെയും വിലയേറിയ സമ്മദിദാനാവാകാശം ഏറ്റവും അനുചിതമായ രീതിയില്‍ ഉപയോഗിക്കാന്‍ നമുക്കേവര്‍ക്കും കഴിയുമാറാകട്ടെ.

1 അഭിപ്രായം: