രാജിയുടെ ദൃഡസ്വരത്തിലുള്ള വാക്കുകള്‍ എന്നെ പഴയകാല ചിന്തകളില്‍ നിന്ന് ഉണര്‍ത്തി.
സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും നിലംപതിച്ചെന്ന് വരാം. പക്ഷെ ഒരിക്കലും അന്തപ്പനും ജോര്‍ജ്ജീനയുമായി.....................ജോര്‍ജ്ജീന അന്തപ്പനെതിരെ പോലീസില്‍ പരാതി.........ഇല്ല അതൊരിക്കലും സംഭവിക്കുകയില്ല.
പിന്നെ എങ്ങിനെ ഈ കുപ്രചരണം ലോകം മുഴുവന്‍ നിറഞ്ഞു. രാജിയുടെ ശബ്ദത്തില്‍ ആകാംക്ഷ നിറഞ്ഞിരുന്നു. എനിക്കും അതേ ചോദ്യം തന്നെയായിരുന്നു ചോദിക്കാനുണ്ടായിരുന്നത്. ആകാംക്ഷനിറഞ്ഞ ഞങ്ങളുടെ ചോദ്യത്തിന് അന്തപ്പന്‍ ഉത്തരം പറഞ്ഞില്ല.
അവന്‍ നിശബ്ദനായിരുന്നു.
ഒരുതരം നിസ്സഹായത അവന് ചുറ്റും താളംപിടിയ്ക്കുന്നതായി തോന്നി.
സാന്ദ്രമായ നിശബ്ദത ഞങ്ങള്‍ മൂവരുടെയും ഇടയിലേക്ക് ക്ഷണിക്കപ്പെടാത്ത അതിഥിയായി കടന്നു വന്ന് മൗനത്തിന്റെ നനുത്ത പുതപ്പ് വിരിച്ചു.
ചിലപ്പോള്‍ അങ്ങിനെ സംഭവിക്കാറുണ്ട്.
ഇടവിടാതെയുള്ള വാക്കുകളുടെ കുത്തൊഴുക്കുകള്‍ അസ്തമിക്കുകയും മൗനത്തിന്റെ ധ്യാന നിമിഷങ്ങള്‍ ഉദയം കൊള്ളുകയും ചെയ്യും.
മൗനത്തെ, നിശബ്ദതയെ, ഏകാന്തതയെ, ഭയപ്പെടാത്തവരായി ഞങ്ങള്‍ ഇതിനകം പരിണമിച്ചിരുന്നു.
അറിയാനും അറിയിക്കാനുമുള്ള തത്രപ്പാടുകളും വെമ്പലുകളും അസ്തമിച്ച് സാന്ദ്രമായ മൗനധ്യാനത്തിന്റെ ഇത്തരം അനുഭവങ്ങളെ ഞങ്ങളാരും വാക്കുകള്‍കൊണ്ട് മുറിവേല്‍പ്പിക്കാറില്ല.
ചിന്തകളും വാക്കുകളും അസ്തമിക്കുന്നിടത്തെ യഥാര്‍ത്ഥ സൗഹൃദം പൂത്തുലയൂ എന്ന് ഒരിക്കല്‍ അന്തപ്പന്‍ പറഞ്ഞപ്പോള്‍ ഞാനും രാജിയും പൊട്ടിച്ചിരിച്ചുപോയി. 'ഭ്രാന്ത് അല്ലാതെ എന്ത് പറയാന്‍' എന്റെ നീരസം വാക്കുകളായി.
പക്ഷെ അന്ന് അന്തപ്പന്‍ അതിന് പ്രത്യുതത്തരം നല്‍കിയില്ല.
യഥാര്‍ത്ഥത്തില്‍ മൗനത്തെ, നിശബ്ദതയെ ശ്രദ്ധിക്കാനും പ്രണയിക്കാനും തുടങ്ങിയത് അന്നുമുതലാണ്. അത് ഒരു അവസ്ഥാന്തരമായിരുന്നു.
ഹൃദയാന്തര്‍ഭാഗത്ത് മൂടപ്പെട്ട ഏതോ അജ്ഞാത ഭൂഖണ്ഡം കണ്ടെത്തിയതുപോലുള്ള അനുഭവം. സാന്ദ്രമായ മൗന ധ്യാനത്താല്‍ കോര്‍ത്തിടപ്പെട്ട ബന്ധങ്ങളില്‍ നിന്നേ സൗഹാര്‍ദ്ദത്തിന്റെ പരിമളം പരക്കുകയുള്ളു. നൂലില്‍ കോര്‍ത്തിട്ട പൂമാലയില്‍ നിന്ന് പരിമളം ചുറ്റും പരക്കുന്നതുപോലെ. എപ്പോഴൊക്കെയോ 'മൗനധ്യാനം' ക്ഷണിക്കപ്പെടാത്ത അതിഥിയായി ഞങ്ങള്‍ക്കിടയിലേക്ക് കടന്നുവന്ന് ഞങ്ങളെ വാരിപ്പുണര്‍ന്നു കടന്നുപൊയ്‌ക്കൊണ്ടിരുന്നു. മൗനത്തിന്റെ ജീവസ്പര്‍ശം ഇല്ലാത്ത സൗഹൃദം നിരര്‍ത്ഥകമായ വാക്കുകളുടെ പ്രതിധ്വനിമാത്രമാണെന്ന് മനസ്സിലായി. അതുപോലുള്ള സാന്ദ്രമായ ഒരുഅവസ്ഥയിലായിരുന്നു ഞങ്ങള്‍ അപ്പോള്‍.
മൗനത്തിന്റെ വിരുന്നുകാരനെ പറഞ്ഞയച്ചുകൊണ്ട് എന്റെ മൊബൈല്‍ പാടാന്‍ തുടങ്ങി.
കളഭംതരാം ഭഗവാന്‍ എന്‍ മനസ്സുംതരാം....
ജോബാണ് വിളിക്കുന്നത് എന്നറിഞ്ഞപ്പോള്‍ എനിക്ക് എന്തെന്നില്ലാത്ത ആശ്ചര്യം തോന്നി.
എടോ എസ്തപ്പാ ഞാന്‍ അന്തപ്പനെ വിളിക്കാന്‍ ശ്രമിക്കുകയായിരുന്നു. അയാളുടെ ഫോണ്‍ സ്വിച്ച് ഓഫ്, താന്‍ അയാളെ വിളിച്ച് വീട്ടിലേക്ക് വാ..
മറുപടിക്കായി കാത്തുനില്‍ക്കാതെ ജോബ് ഫോണ്‍ കട്ട് ചെയ്തു. ജോബിന്റെ വാക്കുകളില്‍ നിഴലിച്ചത് അപേക്ഷയോ നിര്‍ദ്ദേശമോ ആയിരുന്നില്ല. ആജ്ഞാ ശബ്ദമായിരുന്നു. രാജിയും അന്തപ്പനും അതറിഞ്ഞപ്പോള്‍ അത്ഭുതപ്പെട്ടു. ജോബിന്റെ ഭാഗത്ത് നിന്ന് ഇത്തരം ഒരു നീക്കം അത്യപൂര്‍വ്വമാണ്.
മുന്‍കൂട്ടി അപ്പോയിമെന്റ് എടുത്ത് ക്യൂനിന്നാല്‍ മാത്രം ദര്‍ശന ഭാഗ്യം ലഭിക്കുന്ന ഞങ്ങളുടെ ഇടയിലെ ഏക മലയാളിയാണ് ജോബ്.
ആ മഹാനുഭാവനാണ് ഇപ്പോള്‍ ഞങ്ങളെ വീട്ടിലേക്ക് ക്ഷണിച്ചിരിക്കുന്നത്. അത്ഭുതപ്പെടാതിരിക്കുന്നത് എങ്ങനെ? 'ജോബിനും സരളയ്ക്കും വടയും ചമ്മന്തിയും വളരെ ഇഷ്ടമാണ്. ഞാനിപ്പോള്‍ തന്നെ അത് തയ്യാറാക്കാം.' രാജി ഇതും പറഞ്ഞ് അടുക്കളയിലേക്ക് ഓടി.
ഞാന്‍ അന്തപ്പനെ നോക്കി. ആ മുഖം ശബ്ദമില്ലാത്ത നിറപുഞ്ചിരിയാല്‍ പൂരിതമായിരുന്നു.
'ആറാം പ്രമാണത്തിലേയ്ക്കാണ് ഞങ്ങള്‍ ക്ഷണിക്കപ്പെട്ടിരിക്കുന്നത്.'
സാധാരണയായി ഇവിടുത്തെ വീടുകള്‍ക്കൊന്നും പേരില്ല. ജോബിന്റെ ഹില്‍സിയിലുള്ള അരുവിയോടു ചേര്‍ന്ന് ചുറ്റും ചെറുകാടുകളാല്‍ ചുറ്റപ്പെട്ട് ഒറ്റപ്പെട്ടപോലെ തോന്നിക്കുന്ന വസതിയുടെ പേരാണ് ആറാം പ്രമാണം. ആറാം പ്രമാണത്തിന്റെ ലംഘനം മൂലം ഉയിര്‍കൊണ്ടതാണാവസതി.
സരള ജോബിന്റെ ഭാര്യ അല്ല. വിനീതിന്റെ ഭാര്യയാണ്. ജോബിന്റെ ഭാര്യ പ്രവിയാണ്. പക്ഷെ നിര്‍ഭാഗ്യത്തിന് ഇപ്പോള്‍ സരളയും ജോബും ഒരുമിച്ച് താമസിക്കുന്നു. അങ്ങനെ സംഭവിക്കരുതായിരുന്നു. പക്ഷേ സംഭവിച്ചുപോയി.
അതുകൊണ്ട് തന്നെ ജോബിനെ വീല്‍ചെയറിലോ, ചാരുബെഡ്ഡിലോ അല്ലാതെ കാണാന്‍ പറ്റില്ല. അരയ്ക്കു താഴോട്ട് ജോബിന് ചലനശേഷിയില്ല. കണ്ണീരും തേങ്ങലും അടക്കിപ്പിടിച്ചുകൊണ്ട് ഒരു നിഴലായി ജോബിനൊപ്പം കഴിയാന്‍ സരള വിധിക്കപ്പെട്ടിരിക്കുന്നു. വിധിയെ എന്തിന് പഴിയ്ക്കണം. അതൊരു തെരഞ്ഞെടുപ്പ് ആയിരുന്നില്ലേ.. തെരെഞ്ഞെടുപ്പോ? അനിവാര്യതയോ?
നാട്ടില്‍ കളമശ്ശേരിയിലെ സെന്റ് പോള്‍സ് കോളജില്‍ പഠിക്കുന്നകാലം മുതലെ ജോബിന്റെ അഭിനിവേശമായിരുന്നു സുന്ദരിയായ സരള.
'സരളേ, എന്റെ പൊന്നു സരളെ നിന്നെ ഞാന്‍ പ്രണയിക്കുന്നു. ജീവന് തുല്യം പ്രണയിക്കുന്നു.' എന്ന് ഒരായിരം വട്ടം ജോബിന് സരളയോട് പറയാന്‍ തോന്നിയിരുന്നുവെങ്കിലും അങ്ങനെ ഒരിക്കല്‍ പോലും ഉരിയാടാന്‍ ധൈര്യമില്ലായിരുന്നു.
സരളയ്ക്കും ജോബിനോട് അങ്ങനെ തന്നെയായിരുന്നു. പരസ്പരം കാണുമ്പോള്‍ വിരിയുന്ന പുഞ്ചിരി, അപൂര്‍വ്വമായി പുസ്തകങ്ങള്‍ കൈമാറുമ്പോള്‍ സംഭവിക്കുന്ന വിരല്‍സ്പര്‍ശങ്ങള്‍, അത്യപൂര്‍വ്വമായുള്ള സല്ലാപങ്ങള്‍, എല്ലാം എല്ലാം അവര്‍ സൗരഭ്യം പരത്തുന്ന വാടാമലരായി ഹൃദയത്തില്‍ സൂക്ഷിച്ചു. ജീവനുതുല്യം പ്രണയിക്കുന്നു എന്നുള്ള പ്രണയാക്ഷരങ്ങള്‍ പരസ്പരം മന്ത്രിക്കാതെ തീവ്രപ്രണയം ഹൃദയത്തില്‍ അടുക്കിപ്പിടിച്ച് അവര്‍ വേര്‍പിരിഞ്ഞു. പിന്നീട് അവര്‍ പരസ്പരം കാണുന്നത് ഈ പോര്‍ട്‌സ് മൗത്തില്‍ വച്ചാണ്.
അപ്പോഴേയ്ക്കും സരള വിനീതിന്റെ സഹധര്‍മ്മിണിയും ഒരു കുഞ്ഞിന്റെ അമ്മയുമായിരുന്നു. ജോബും പ്രവിയും തമ്മിലുളള വിവാഹം നടന്നിരുന്നു. ജോബ് ഒരു കുട്ടിയുടെ പിതാവുമായി.
പക്ഷെ ഇതൊന്നും അവര്‍ക്ക് തടസ്സമായിരുന്നില്ല. ഹൃദയാന്തര്‍ഭാഗത്തെ പ്രണയം പൂത്തുലഞ്ഞു. അരുതായ്മയുടെ ലക്ഷ്മണരേഖകള്‍ ഇവിടെ അദൃശ്യം. ഇല്ല, ഇവിടെ സമൂഹത്തിന്റെ ജാഗ്രതയാര്‍ന്ന ചാരക്കണ്ണുകള്‍. പൂത്തുലഞ്ഞ അവരുടെ പ്രണയം കര്‍ക്കിടകമാസത്തിലെ നിളാനദിയായി പോര്‍ട്‌സ്മൗത്തിലൂടെ ഒഴുകി.
ലജ്ജയില്‍ കുതിര്‍ന്ന പഴയകാല നിഗൂഡ പ്രണയത്തില്‍ നിന്ന് ലജ്ജ അവരെ വിട്ടകന്നു.
ഷോപ്പിങ്ങിനിടെ Asda യില്‍ വച്ച് Family പാര്‍ട്ടികളില്‍ നിര്‍ലജ്ജം നിര്‍ഭയം ആരാരും അറിയാതെ അവര്‍ പരസ്പരം പ്രണയമന്ത്രങ്ങള്‍ മന്ത്രിച്ചു.
പ്രണയം കാമവെറിയുടെ രൂപഭാവങ്ങള്‍ കൈക്കൊണ്ട് ചിറകടിച്ചുയരാന്‍ വെമ്പി. സ്ഥലവും തീയതിയും സമയവും നിശ്ചയിക്കപ്പെട്ടു. വിനീത് വീട്ടിലില്ലാത്ത ദിനം. അനര്‍ഘ സമാഗമത്തിന്റെ അനര്‍ഘനിമിഷങ്ങള്‍. ജോബിനെ സ്വീകരിക്കാന്‍ സരള ഒരുങ്ങി. ഭവനത്തിന്റെ വാതിലുകള്‍ തുറന്നു, ഹൃദയകവാടങ്ങള്‍ തുറന്ന് വിവസ്ത്രയായി അവള്‍ അവനായി കാത്തിരുന്നു. അപ്പോള്‍ സര്‍വ്വലാകൃതനായി അവന്‍ പ്രവേശിച്ചു. ആ സമയം സൂര്യന്‍ മേഖപാളികള്‍ക്കുള്ളില്‍ മറഞ്ഞു. അനര്‍ഗള കണ്ണീര്‍ പ്രവാഹത്തിനായി കാര്‍മേഘങ്ങള്‍ ആകാശത്ത് ഉരുണ്ടുകൂടി. വര്‍ഷങ്ങളോളം അടക്കിപിടിച്ച പ്രണയ കാമാവേശങ്ങള്‍ നുരഞ്ഞ് പതഞ്ഞ് അണകപൊട്ടി ഒഴുകി. സീല്‍ക്കാരങ്ങളും ആലിംഗനങ്ങളും അഗ്നിപര്‍വ്വതവിസ്‌ഫോടനങ്ങളായി. വികാരവിസ്‌ഫോടനത്തിന്റെ ഏതോ മുഹൂര്‍ത്തങ്ങളില്‍ അവന്‍ അവളെ ഇരുകൈകളിലും ഉയര്‍ത്തി പ്രണയാവേശത്തോടെ വട്ടം കറങ്ങി. ഒരു നിമിഷം അസഹ്യമായ വേദനയില്‍ നിന്നുള്ള അലര്‍ച്ചയോടെ അവന്‍ നിലംപതിച്ചു.
നട്ടെല്ല് ഒടിഞ്ഞു. പ്രണയാവേശങ്ങള്‍ ആര്‍ത്തനാദങ്ങളായി. അയല്‍ക്കാര്‍, സുഹൃത്തുക്കള്‍ വീട്ടിലേക്ക് ഇടിച്ചുകയറി. ആംബുലന്‍സ് സര്‍വ്വീസ് എത്തി. അപ്പോഴും അവര്‍ വിവസ്ത്രരായിരുന്നു.
(തുടരും..)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ