2015, ഏപ്രിൽ 12, ഞായറാഴ്‌ച

നോവല്‍- അദ്യായം12




മയില്‍പീലികനവുകള്‍ -12


ജോബും സരളയും തമ്മിലുള്ള അവിഹിത ബന്ധം ദുരന്തത്തിലായപ്പോള്‍ തകര്‍ന്നടിഞ്ഞത് രണ്ട് കുടുംബങ്ങളായിരുന്നു. ജോബിന്റെ ഭാര്യ പ്രവി കൊടുംകാറ്റായി ജോബിനെതിരെ ആഞ്ഞടിച്ചു. രോഗശയ്യയില്‍ നിരാലംബനായി കഴിഞ്ഞ ജോബിനെ അവള്‍ തിരിഞ്ഞ് നോക്കിയില്ലെന്നു മാത്രമല്ല ആ ജന്തുവിനെ ഇനി ഒരിക്കലും കാണുകപോലും ഇല്ലെന്ന് അവള്‍ ഉറക്കെ പ്രഖ്യാപിച്ചു. അവള്‍ പ്രാര്‍ത്ഥനയിലും, മാതാപിതാക്കളുടെ ശിക്ഷണത്തിലും അനുഷ്ഠാനത്തിലും വളര്‍ന്നവളായിരുന്നതിനാല്‍ സമൂഹം അവളുടെ പ്രതികരണങ്ങളെ ശരിവച്ചു.
ജോബിന്റെ സ്വത്തുവകകളും വീടും ഏകമകന്റെ അവകാശവും അവള്‍ക്ക് മാത്രമാക്കി പ്രവി വിജ്ഞാപനം പുറപ്പെടുവിച്ചു. നിസ്സഹായനായ ജോബ് അതിനെ പ്രതിരോധിച്ചില്ല. ഇരുണ്ട് ഇടുങ്ങിയ വാടക ഫഌറ്റിലേക്ക് ജോബ് അഭയം തേടി. കൂടെ ഒരു നിഴലായി സരളയും. പൊതുധാരയില്‍ നിന്ന് തിരസ്‌ക്കരിക്കപ്പെട്ട അവര്‍ക്ക് കണ്ണീരും ഇരുട്ടും ഏകാന്തതയും മാത്രം തുണയായി.
''പാപത്തിന്റെ ഫലം മരണം'' ദൈവമക്കളും സഹോദര പ്രഭുക്കന്മാരും പ്രാര്‍ത്ഥനയ്ക്കും കൂടിയാലോചനയ്ക്കും ശേഷം ജോബിനും സരളയ്ക്കും എതിരെ വിധിപ്രസ്താവന നടത്തി.
''പാപത്തിന്റെ ഫലം മരണം'' കുഞ്ഞാടുകള്‍ അത് ഏറ്റുപാടി.
ദൈവപ്രമാണങ്ങള്‍ ലംഘിച്ചവര്‍ ദൈവശിക്ഷ ഏറ്റുവാങ്ങി ഇരുളിലേക്ക്, ശൂന്യതയിലേക്ക് എറിയപ്പെട്ട് നിത്യ നരകത്തിനവകാശികളായവര്‍. കുഞ്ഞാടുകള്‍ ഇത് ഉരുവിടുമ്പോള്‍ ചുണ്ടില്‍ ചിരിയും മന്ദഹാസവും വിരിഞ്ഞു. മനസ്സില്‍ കുളിര്‍മഴ, അടക്കിവച്ചിരുന്ന ദുര്‍ഭൂതങ്ങളെ ഒന്ന് പുറത്തിറക്കിവിടുമ്പോഴുള്ള ഹൃദയലാഘവത്വം അവര്‍ അനുഭവിക്കുകയായിരുന്നു ആ നിമിഷങ്ങളില്‍.
തിരസ്‌കാരത്തിന്റെ, അപമാനത്തിന്റെ, കടുത്ത ആത്മ നിന്ദയുടെ തീച്ചൂടില്‍ ജോബും സരളയും വെന്ത് നീറുകയായിരുന്നു. അന്ധകാരത്തിന്റെ ഇരുള്‍മഴ അവര്‍ക്ക് ചുറ്റും പെയ്തുകൊണ്ടിരുന്നു. ആ കൂരിരുട്ടിലും അവര്‍ക്ക് ഒരു പ്രത്യാശ ഉണ്ടായിരുന്നു. ഒരു ശുഭ പ്രതീക്ഷ!
അത് സരളയുടെ മുഴുകുടിയനും തെമ്മാടിയും ആയിരുന്ന ഭര്‍ത്താവ് വിനീതിനെപറ്റിയായിരുന്നു. ഒരു ദിനം അവന്‍ കടന്നുവരും. കുടിച്ച് മത്തനായി വെട്ടുകത്തിയുമായി ക്രോധാവേശത്തോടെ അവന്‍ തങ്ങളെ വെട്ടി നുറുക്കി കൊന്നൊടുക്കുന്നത് അവര്‍ സ്വപ്‌നം കണ്ടു.
ദുരന്തത്തിന് ശേഷം മരണവിധി അവര്‍ സ്വയം വിധിച്ചതാണ്. സ്വയം മരിക്കാന്‍ അവര്‍ അശക്തരായിരിക്കുന്നു. അതിന് ശക്തിയും തന്റേടവും വിനീതിന് നല്‍കപ്പെടുമാറാകട്ടെ എന്ന് അവര്‍ ആഗ്രഹിച്ചു, പ്രാര്‍ത്ഥിച്ചു. സദാചാര വാദികള്‍ ആ പ്രാര്‍ത്ഥന കേട്ടിരിക്കും. അവര്‍ വിനീതിന് ചുറ്റും കൂടി, അവന്റെ ചെവിയില്‍ മന്ത്രിച്ചു. ദൈവ പ്രമാണങ്ങള്‍ ലംഘിച്ചവര്‍ക്ക് ശിക്ഷ അനിവാര്യം.
പക്ഷേ മണ്ടനും പൊട്ടനും കാര്യശേഷിയും ബുദ്ധിസ്ഥിരതയില്ലാത്തവനും മുഴുകുടിയനുമായി മുദ്രയടിക്കപ്പെട്ട സരളയുടെ ഭര്‍ത്താവ് വിനീതിന് ഈ പുകിലന്റെ അര്‍ത്ഥം ഒന്നും മനസ്സിലായില്ല.
അവന്‍ ഏറെ നേരം ചിന്താധിനനായി കാണപ്പെട്ടു. പിന്നെ അവന്‍ സാവധാനത്തില്‍ പറയാന്‍ ആരംഭിച്ചു. സ്‌നേഹിക്കുന്നവര്‍ ഒരുമിക്കുന്നതില്‍ എന്താണ് തെറ്റ്? അതില്‍ ഒരു തെറ്റും ഞാന്‍ കാണുന്നില്ല. സഹോദര പ്രഭുക്കന്മാരും കുഞ്ഞാടുകളും അതുകേട്ട് ഞെട്ടി. ഇവന്‍ മണ്ടനും പൊട്ടനും മാത്രമല്ല വകതിരിവ് ഇല്ലാത്തവരുമാണെന്ന് പറഞ്ഞ് അവനെ കല്ലെറിഞ്ഞു കൊല്ലാന്‍ സഹോദര പ്രഭുക്കന്മാര്‍ വിധിയെഴുതി. അങ്ങ് അകലെ മലയാള നാട്ടില്‍ നിന്ന് ഉരുളന്‍ കല്ലുകള്‍ ഇറക്കുമതി ചെയ്തു കൃത്യം നിര്‍വ്വഹിക്കുന്നതിലുള്ള പ്രയാസങ്ങള്‍ ഓര്‍ത്ത് അവര്‍ കല്ലെറിഞ്ഞ് കൊല്ലുക എന്ന കൃത്യത്തില്‍ നിന്ന് പിന്മാറി. അനന്തരം കുഞ്ഞാടുകള്‍ നാക്കിനെ തോക്കുകളാക്കി, കണ്ണിനെ അഗ്നി ഗോളമാക്കി വിനീതിന്റെ സമീപത്തെത്തി അത്യുഗ്രമായി ഭര്‍ത്സനങ്ങള്‍ ഉരുവിട്ടു.
കുഞ്ഞാടുകളുടെ ഭര്‍ത്സന പെരുമഴ കഴിഞ്ഞപ്പോള്‍ സരളയുടെ ഭര്‍ത്താവും യോഹന്നാന്റെ പുത്രനുമായ വിനീത് ഇങ്ങനെ പ്രതിവചിച്ചു. ''നിങ്ങള്‍ പറയുന്ന പ്രമാണങ്ങളെപ്പറ്റി ഞാന്‍ കേട്ടിട്ടുണ്ടെങ്കിലും അത് ഗ്രഹിക്കാനുള്ള ബുദ്ധി നിങ്ങളുടെ ദൈവം എനിക്ക് തന്നില്ല. പക്ഷെ എനിക്ക് ഒന്നറിയാം സരള എന്റെ ഭാര്യ എന്റെ കുഞ്ഞിന്റെ അമ്മ, ജോബ് എന്റെ സ്‌നേഹിതന്‍ അവരുടെ നിസ്സഹായാവസ്ഥയില്‍ ഞാന്‍ താങ്ങും തണലും ആകും.''
അപ്പോള്‍ കുഞ്ഞാടുകള്‍ വീണ്ടും ഞെട്ടി. അനന്തരം കുഞ്ഞാടുകള്‍ ഒരുമയോടെ ഉത്‌ഘോഷിച്ചു. പോത്തിനോട് വേദം ഓതരുത്. നെല്‍മണികള്‍ ചെന്നായ്ക്കള്‍ക്ക് നല്കരുത്. അതും പറഞ്ഞ് അവരുടെ പാദരക്ഷകളില്‍ പറ്റി പിടിച്ചിരുന്ന മണല്‍തത്തരികള്‍ ആ പൂമുഖത്ത് കുടഞ്ഞിട്ട് അവര്‍ നടന്നകന്നു.
അന്നാദ്യമായി, അവന്‍ ക്രൂശിതരൂപത്തില്‍ മുട്ടുകുത്തി നിന്ന് കൂപ്പുകരങ്ങളുമായി.... ഇല്ല അവന് പ്രാര്‍ത്ഥിക്കാന്‍ അറിയില്ലായിരുന്നു. അക്ഷരങ്ങളും വാക്കുകളും മദ്യത്തില്‍ കുതിര്‍ന്ന് അവന് എന്നോ നഷ്ടപ്പെട്ടിരുന്നു. അനന്തരം അവന്‍ എല്ലാ മദ്യകുപ്പികളും എടുത്ത് അതിലെ മദ്യം എല്ലാം ഭൂമിയുടെ മാറിലേക്ക് ചൊരിഞ്ഞു. പിന്നീട് ഭൂമിയുടെ മാറിലല്‍ കമഴ്ന്ന് കിടന്ന് അവന്‍ പൊട്ടിക്കരഞ്ഞു.
അവന്‍ സരളയുടെയും ജോബിന്റെയും അരികിലെത്തി. സരളയുടെ ഇരുകരങ്ങളും ഗ്രഹിച്ച് അവന്‍ അപേക്ഷിച്ചു 'നീ എനിക്ക് പ്രിയപ്പെട്ടവള്‍ എന്റെ കുഞ്ഞിന്റെ അമ്മ, നമുക്ക് ഒന്നും സംഭവിച്ചില്ലെന്ന് കരുതി ഒരുമയോടെ ഒരു പുതിയ ജീവിതം തുടങ്ങാം. ഇനി ഞാന്‍ ഒരിക്കലും മദ്യപിക്കില്ല.'
സരള അവന്റെ പാദങ്ങളില്‍ വീണ് പൊട്ടിക്കരഞ്ഞു ഭൂമി പിളര്‍ന്ന് അവളെ ആവാഹിച്ചിരുന്നെങ്കില്‍.... ഉല്‍ക്കടമായി അവള്‍ അത് ആഗ്രഹിച്ചു. അവള്‍ അവന്റെ അപേക്ഷ നിരസിച്ചു.
ശയ്യാവലംബനായ ജോബിനെ അവന്‍ പുണര്‍ന്നു. 'നീ എന്റെ പ്രിയ സഹോദരന്‍ ഞാന്‍ നിന്നെ പരിപാലിക്കും. നമുക്ക് ഒരുമിച്ച് നമ്മുടെ വീട്ടിലേക്കു പോകാം.'
ജോബ് അപ്പോള്‍ ആഗ്രഹിച്ചത് വലിയ സുനാമിയോ, ഭൂകമ്പമോ വന്നു താന്‍ അപ്പോള്‍ അപപ്രത്യക്ഷക്ഷമായിരുന്നെങ്കില്‍....
നിരാശനും നിസ്സഹായനും ആയിട്ടാണ് വിനീത് അവിടെ നിന്നും പോയത്. സരളയുടെയും, ജോബിന്റെയും മനംമാറ്റത്തിനായി അവന്‍ ഉന്നതങ്ങളിലേക്ക് മിഴികള്‍ ഉയര്‍ത്തി. വിനീതിന്റെ മനംമാറ്റം ഒന്നും ജീവിക്കാനുള്ള ആഗ്രഹം ജോബിലും സരളയിലും ഉണര്‍ത്തിയില്ല. അവര്‍ സദാ മരണത്തെപ്പറ്റി ചിന്തിച്ചു. മരിക്കാനുള്ള മാര്‍ഗ്ഗങ്ങളെപ്പറ്റിയും ചിന്തിച്ചുകൊണ്ടിരുന്നു. അവസാനം അവര്‍ നൂതന മാര്‍ഗ്ഗം കണ്ടെതത്തി. വിഷം കഴിച്ച്, തീകൊളുത്തി, കെട്ടി.... അത്തരം പരമ്പരാഗത രീതികളെ അവര്‍ തിരസ്‌ക്കരിച്ചു. ആദ്യദിനങ്ങളില്‍ വിഭവസമൃദ്ധമായ ഭക്ഷണം കഴിച്ച് പിന്നെ പഴങ്ങള്‍ മാത്രമാക്കി, പിന്നെ ജലപാനം മാത്രമാക്കി...... ദിനങ്ങള്‍ കടന്നുപോയി.
നമ്മുടെയിടയില്‍ ഹൃദയനൈര്‍മ്മല്യതയും ഹൃദയവിശുദ്ധിയും ഉള്ളവര്‍ ഉണ്ടെങ്കില്‍ .....
 കാണുകയും കേള്‍ക്കുകയും ചെയ്യാത്ത സംഭവങ്ങളുടെപോലും അനുരണങ്ങള്‍ അവരുടെ ഹൃദയത്തെ, ചിന്തതകളെ സ്വാധീനിയ്ക്കാറുണ്ട്. അതു കൊണ്ടാവാം അല്ലെങ്കില്‍ യാദൃശ്ചികതയാവാം രാജി ഒരു ദിനം ജോബിന്റെ ഫഌറ്റില്‍ എത്തി. കോളിംഗ് ബെല്ലിന്റെ തുടര്‍ച്ചയായ ശബ്ദത്തിനും രാജിയുടെ ഉച്ചത്തിലുള്ള അന്വേഷണങ്ങള്‍ക്കൊന്നും അകത്തുനിന്ന് പ്രതികരണം ലഭിച്ചില്ല. വാതില്‍ തുറക്കപ്പെട്ടില്ല. രാജി അന്തപ്പനെ പരിഭ്രമത്തോടെ വിവരം ധരിപ്പിച്ചു.
അന്തപ്പന്റെയും രാജിയുടെയും ശ്രമങ്ങള്‍ക്കൊന്നും ആദ്യം ഫലം സിദ്ധിച്ചില്ലെങ്കിലും അവരുടെ ശബ്ദം അത്യുച്ചത്തിലായപ്പോള്‍ വാതില്‍ മെല്ലെ തുറക്കപ്പെട്ടു.
സരളയെ കണ്ടപ്പോള്‍ അവര്‍ ഞെട്ടിവിറച്ചുപോയി, കണ്‍കുഴികള്‍ ഗര്‍ത്തങ്ങളായി, കവിളൊട്ടി, എല്ല് ഉന്തി നില്‍ക്കുന്ന ജീവഛവം! ജോബിന്റെ കാര്യവും വ്യത്യസ്തമല്ല. ആംബുലന്‍സിന്റെ സഹായതത്തിനായി രാജി ഫോണ്‍ എടുത്തപ്പോള്‍ അന്തപ്പന്‍ തടഞ്ഞു.
ആംബുലന്‍സും പോലീസും ഡോക്ടറുമില്ലാതെ ഇവരെ നാം ജീവിതത്തിലേക്ക് കൊണ്ടുവരും. രാജിക്ക് അത് വിശ്വസിക്കാന്‍ ആയില്ലെങ്കിലും അന്തപ്പന്റെ ശബ്ദം ദൃഢമായിരുന്നു. 
(തുടരും) 




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ