അര്ജ്ജുനന്.
പാണ്ഡവരില്‍ മൂന്നാമന്‍, കുന്തീദേവിയില്‍ ഇന്ദ്രദേവനുണ്ടായ പുത്രന്‍, വില്ലാളി വീരന്‍, അസ്്രത പ്രയോഗത്തില്‍ അതിനിപുണന്‍. ഭീഷ്മപിതാമഹന്റെയും, ദ്രോണാചാര്യരുടെയും ശിക്ഷണത്തില്‍ ശാസ്ത്രത്തിലും, വേദങ്ങളിലും ആയുധവിദ്യയിലും, യുദ്ധരംഗത്തും അതിനൈപുണ്യം സിദ്ധിച്ചവന്‍.
ശിഷ്യസ്‌നേഹത്താല്‍ അര്‍ജ്ജുനനെ അജയ്യനായ പോരാളിയാക്കി മാറ്റാന്‍ തെറ്റായ മാര്‍ഗ്ഗങ്ങള്‍ വരെ ദ്രോണാചാര്യര്‍ അവലംബിച്ചു. (ഏകലവ്യന്റെ തള്ളവിരല്‍ ഗുരുദക്ഷിണയായി ആചാര്യന്‍ ആവശ്യപ്പെട്ടത്). ലക്ഷ്യത്തിലെത്താന്‍ തീവ്രയത്‌നങ്ങള്‍ നടത്തുന്ന കര്‍മ്മയോഗിയായിരുന്നു അര്‍ജ്ജുനന്‍. അര്‍ജ്ജുനന്റെ ഈ മഹനീയതകള്‍ക്കൊക്കെ ശ്രേഷ്ഠമായത് ഭഗവാന്‍ ശ്രീകൃഷ്ണന്റെ വാത്സല്യഭാജനമായിരുന്നു എന്നുള്ളതാണ്. ശ്രീകൃഷ്ണന്‍ പലവട്ടം അര്‍ജ്ജുനനെ സംബോധന ചെയ്തിരുന്നത് 'പ്രിയ സ്‌നേഹിതാ' എന്നായിരുന്നു. അര്‍ജ്ജുനന്റെ ഗുരുവും വഴികാട്ടിയും, സുഹൃത്തും തേരാളിയും എല്ലാം എല്ലാം ആയിരുന്നു ശ്രീകൃഷ്ണന്‍. ഭഗവാന്റെ തിരുവദനങ്ങളില്‍ നിന്ന് തന്നെ, മനുഷ്യജീവിതത്തിലെ സൃഷ്ടിസ്ഥിതി സംഹാരരഹസ്യങ്ങള്‍ അര്‍ജ്ജുനന് ശ്രവിക്കാന്‍ കഴിഞ്ഞു. ജീവ മുക്തിയുടെ മാര്‍ഗ്ഗങ്ങള്‍ സവിസ്തരം ഭഗവാന്‍ അര്‍ജ്ജുനനെ ധരിപ്പിച്ചു. ആ വചനങ്ങള്‍ അര്‍ജ്ജുനന് യുദ്ധഭൂമിയില്‍ വച്ച് അനുഭവപ്പെട്ട വിഷാദവും സംശയങ്ങളും അകറ്റി, യുദ്ധോത്സുകനാക്കി മഹായുദ്ധത്തില്‍ വിജയം കൈവരിക്കാന്‍ പ്രേരിപ്പിച്ചു. ഭഗവല്‍ പ്രസാദത്താല്‍ വിശ്വരൂപ ദര്‍ശനവും അര്‍ജ്ജുനന് പ്രാപ്യമായി.
അര്‍ജ്ജുനനെ എന്നും അജയ്യനാക്കിയത് അസ്ത്രപ്രയോഗങ്ങളായിരുന്നു.
അസ്ത്രപ്രയോഗത്തില്‍ അര്‍ജ്ജുനനെ നേരിടാന്‍ ആരും ഇല്ലായിരുന്നു. യുദ്ധസന്നദ്ധമായ ഏത് പ്രതികൂല സാഹചര്യത്തിലും അസ്ത്രപ്രയോഗങ്ങളില്‍ അര്‍ജ്ജുനന്‍ വിജയംവരിച്ചു.
അസ്ത്രപ്രയോഗത്തില്‍ എന്നും മികവും വിജയവും നിലനിര്‍ത്താന്‍ അര്‍ജ്ജുനന് തുണയായത് ഗാണ്ഡീവം എന്ന ദേവദത്തമായ ആയുധമായിരുന്നു. ബ്രഹ്മദേവന്‍ നിര്‍മ്മിച്ചതും സമുദ്രങ്ങളുടെ ദേവനായ വരുണ ഭഗവാന്‍ അര്‍ജ്ജുനന് സമ്മാനിച്ചതുമാണ് ഈ ഉല്‍കൃഷ്ട ആയുധം.
ഗാണ്ഡീവം കേവലം ഒരു ആയുധം മാത്രമായിരുന്നില്ല. അതിന്റെ ദിവ്യത ഏത് സന്ദര്‍ഭത്തിലും അര്‍ജ്ജുനന് ആവശ്യാനുസരണം അസ്ത്രങ്ങള്‍ അതില്‍ വന്ന് നിറയുമായിരുന്നു. ഗാണ്ഡീവം ദൈവികമായ ഒരു ദാനം ആയിരുന്നു, ഒരു സമ്മാനം ആയിരുന്നു.
ജീവിതത്തിലെ എല്ലാ കര്‍മ്മോത്സുകര്‍ക്കും മാര്‍ഗ്ഗമദ്ധ്യേ ലഭിക്കുന്ന ദൈവീകമായ ഒരു വരദാനം. ഉദാത്തമായ ലക്ഷ്യത്തിലേക്ക് സ്വയം സമര്‍പ്പിച്ച് മുന്നേറുന്ന, ഭൂമുഖത്തുള്ള എല്ലാ കര്‍മ്മയോഗികള്‍ക്കും മാര്‍ഗ്ഗമദ്ധ്യേ ലഭിക്കുന്ന ദൈവീകമായ സിദ്ധിവിശേഷം ആണത്.
എല്ലാ കര്‍മ്മ മണ്ഡലങ്ങളിലും ഇത് പ്രാപ്യമാണ്. മനുഷ്യാതീതമായ സിദ്ധിവിശേഷങ്ങള്‍ ആ വരദാനത്തില്‍ അടങ്ങിയിരിക്കുന്നു.
കര്‍മ്മപഥത്തില്‍ സ്വയം സമര്‍പ്പിച്ച് തീവ്രയത്‌നങ്ങളോടെ അനവരതം മുന്നേറുമ്പോള്‍ പ്രാപിക്കുന്ന സിദ്ധിവിശേഷം ആണത്.
ലോകപ്രശസ്തരായ സംഗീതജ്ഞര്‍, സാഹിത്യകാരന്മാര്‍, ശില്പികള്‍, മഹാനടന്മാര്‍, രാഷ്ട്രതന്ത്രജ്ഞര്‍ ഇവരിലെല്ലാം ഈ മനുഷ്യാതീതമായ ശക്തിവിശേഷം പ്രകടമായിരുന്നു. നമ്മുടെ പല സാഹിത്യകാരന്മാരും സാക്ഷ്യപ്പെടുത്തിയിട്ടുള്ളത് എഴുത്തിന്റെ ഒരു പ്രത്യേക ഘട്ടത്തില്‍ തൂലിക അനിയന്ത്രിതമായ ഒരു തലത്തിലേക്ക് നീങ്ങി കഥാപാത്രങ്ങളും സംഭവവികാസങ്ങളും രൂപം പ്രാപിക്കും എന്നുള്ളതാണ്. അത് പിന്നീട് ചരിത്രം സൃഷ്ടിച്ച കലാസൃഷ്ടിയായി മാറുന്നു.
നമ്മുടെ പ്രിയ നടന്‍ മോഹന്‍ലാല്‍ അഭിനയത്തിന്റെ ചില ധന്യ നിമിഷങ്ങളില്‍ പരകായപ്രവേശം പോലുള്ള അനിതരസാധാരണമായ അഭിനയ മുഹൂര്‍ത്തങ്ങള്‍ ഉണ്ടായിട്ടുള്ളതായി സാക്ഷ്യപ്പെടുത്തുന്നു.
അര്‍ജ്ജുനന്റെ അസ്തിത്വത്തിന്റെ അഭേദ്യമായ ഒരു വസ്തുതയായിരുന്നു ഗാണ്ഡീവം. അത് അര്‍ജ്ജുനനെ വിജയത്തിലേക്ക് മാത്രമല്ല അഹങ്കാരത്തിലേക്കും നയിച്ചു.
ദൈവീകമായ ഈ ദാനങ്ങളെല്ലാം സഹജീവികളുടെ ഉല്‍ക്കര്‍ഷേച്ഛക്കായാണ് ഉപയോഗിക്കേണ്ടത്. അതിന് ഒരു നിമിത്തമാവുക എന്നുള്ളത് തന്നെ ധന്യതയാണ്. പക്ഷേ ഈ ധന്യമായ സിദ്ധി, സ്വയാര്‍ജ്ജിതമായ കഴിവായി കാണുമ്പോള്‍, അഹങ്കാരത്തിന്റെ വേരുകള്‍ ഉയിര്‍കൊള്ളുകയും തല്‍ഫലമായി പരാജയം സംഭവിക്കുകയും ചെയ്യും. സ്വയാര്‍ജ്ജിത അഹങ്കാരത്തിന്റെ ആനപ്പുറത്ത് കയറി വിഹരിക്കുന്നവര്‍ പെട്ടെന്ന് തലകുത്തി നിലംപതിക്കുന്നത് നാം കാണാറുണ്ട്.
പരാജയങ്ങള്‍ നമ്മെ സ്വത്വബോധത്തിലേക്ക് തിരിച്ച് കൊണ്ടുവന്ന് നിഷ്‌കാമ കര്‍മ്മാനുഷ്ഠാനത്തിനായി പ്രേരിപ്പിക്കുന്ന ചൂണ്ടുപലകയാണ്.
അര്‍ജ്ജുനന്‍ സ്വയം അടയാളപ്പെടുത്തുവാന്‍ ശ്രമിച്ചത് ഗാണ്ഡിവത്തിലായിരുന്നു.
നമ്മുടെ പല സാഹിത്യകാരന്മാരും നടന്മാരും പ്രശസ്ത രാഷ്ട്ര തന്ത്രജ്ഞരും ദാനംകിട്ടിയ സിദ്ധിവിശേഷങ്ങളില്‍ സ്വയം അടയാളപ്പെടുത്തി അതിന് ചുറ്റും വട്ടം കറങ്ങി മറ്റുള്ളവരെ അലോസരപ്പെടുത്തുന്ന ഗീര്‍വാണങ്ങള്‍ ഉതിര്‍ത്ത് സ്വാര്‍ജ്ജിത അഹങ്കാരത്തിന്റെ സിംഹാസനങ്ങളില്‍ വാണരുളുന്നവരാണ്. അവര്‍ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗങ്ങളെ പ്രക്ഷുബ്ധമാക്കുന്ന വാദകോലാഹലങ്ങളും അവകാശവാദങ്ങളും ഉന്നയിച്ച് ചുറ്റുമുള്ള സ്വാഭാവിക സംശുദ്ധിയെ നശിപ്പിച്ച് മലീമസമാക്കുന്നു.
താല്‍ക്കാലികമായി ലഭ്യമായ സിദ്ധിവിശേഷങ്ങളില്‍ സ്വയം അടയാളപ്പെടുത്തി ചിരംജീവിയായി ജനഹൃദയങ്ങളില്‍ സ്ഥാനം പിടിക്കാന്‍ വെമ്പുന്നവര്‍ സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു ലഭിക്കാതെ ശ്വാസംമുട്ടിമരിക്കും.
അഹങ്കാരത്തിന്റെ വേലിയേറ്റത്തില്‍ സ്വയം നഷ്ടപ്പെടാതിരിക്കാനായി ആത്മബോധത്തിലേക്ക് തിരിച്ചുവരാനായി പരാജയത്തിന്റെ രുചി അര്‍ജ്ജുനന്‍ അറിഞ്ഞിട്ടുണ്ട്. ഹനുമാനുമായുള്ള യുദ്ധത്തില്‍ വിജയിക്കാനാവാതെ അര്‍ജ്ജുനന്‍ തളരുന്നു. എവിടെയും അജയ്യനാകാമെന്ന അര്‍ജ്ജുനന്റെ അഹങ്കാരത്തെ ശ്രീകൃഷ്ണന്‍ ഈ അവസരത്തില്‍ നന്നായി പരിഹസിക്കുന്നുണ്ട്. മഹാ പ്രളയാവസരത്തില്‍ ശ്രീകൃഷ്ണന്റെ വംശത്തിലെ യാദവ സ്ത്രീകളെ കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയി. ഇതിനെ പ്രതിരോധിക്കുവാന്‍ അര്‍ജ്ജുനന്‍ കടല്‍ക്കൊള്ളക്കാരുമായി യുദ്ധം ചെയ്യുവാന്‍ ശ്രമിച്ചു. പക്ഷേ ഗാണ്ഡീവം നിശ്ചലമായിരുന്നു. അങ്ങനെ അര്‍ജുനന്‍ കടല്‍ക്കൊള്ളക്കാരുടെ മുന്നില്‍ പരാജയപ്പെട്ടു.
എല്ലാ ദാനങ്ങളും തിരിച്ചേല്‍പ്പിക്കേണ്ടതുണ്ട്.. പ്രകൃതി നമുക്ക് സമ്മാനമായി നല്‍കിയ പഞ്ചഭൂതങ്ങളാല്‍ നിര്‍മ്മിതമായ ഈ ശരീരം പ്രകൃതിക്ക് തിരിച്ച് ഏല്പിക്കുക എന്നത് ഒരു അനിവാര്യതയാണ്. ജീവജാലങ്ങളുടെ അനുക്രമമായ സംക്രമണത്തിന് അത്യന്താപേക്ഷിതമാണത്.
ഗാണ്ഡീവത്തിനുള്ള പ്രസക്തി തന്റെ ജീവിതത്തില്‍ അവസാനിച്ചുവെന്ന് മനസ്സിലാക്കി അതിന്റെ ദാദാവായ വരുണന് അത് തിരിച്ച് നല്കാനുള്ള വിവേകം അര്‍ജ്ജുനന് ഉണ്ടായില്ല. അഹങ്കാരത്തില്‍ 'ആത്മരൂപം' വിസ്മരിച്ചത്‌കൊണ്ട് സംഭവിച്ച അപാകതയാണത്.
ഭൗതിക പാശങ്ങളെല്ലാം അറുത്ത് മാറ്റി പഞ്ചപാണ്ഡവര്‍ മഹാപ്രസ്തത്തിലേയ്ക്ക് ഇറങ്ങിത്തിരിച്ചു. എന്നാല്‍ ആ അവസാന യാത്രയിലും യാതൊരു പ്രസക്തിയും ഇല്ലെങ്കിലും അര്‍ജ്ജുനന്‍ ഗാണ്ഡീവം വഹിച്ചുകൊണ്ടാണ് യാത്രചെയ്തത്. യാത്രാമദ്ധ്യേ വരുണഭഗവാന്‍ പ്രത്യക്ഷപ്പെട്ട് അത് തിരിച്ചുവാങ്ങുകയാണുണ്ടായത്. (അത് സ്വയം സമര്‍പ്പിക്കാതതിലെ ഔചിത്യക്കേട് വരുണഭഗവാന്‍ ഓര്‍മ്മിപ്പിച്ചിരിക്കും.). സിദ്ധികള്‍ കൊഴിഞ്ഞുപോയ രാഷ്ട്രത്തലവന്മാര്‍, മഹാനടന്മാര്‍, സാംസ്‌കാരിക നേതാക്കന്മാര്‍ രംഗത്ത് ഒന്നുകുടി നടനം ചെയ്യുവാന്‍ വെമ്പുന്നത് കാണുമ്പോള്‍, പിടിച്ചുനില്‍ക്കാന്‍ എല്ലാ തന്തത്രപ്പാടുകളും കുതന്ത്രങ്ങളും ചെയ്യുന്നതുകാണുമ്പോള്‍ വരുണഭഗവാന്‍ എന്തേ പ്രത്യക്ഷപ്പെടാത്തത് എന്ന് ചിന്തിച്ച്‌പോന്നു. ആത്യന്തികമായി വിജയങ്ങളും പരാജയങ്ങളും എന്നത് ആത്മസ്വരൂപം വിസ്മരിക്കപ്പെടുമ്പോള്‍ ബോധതലത്തില്‍ ഉണ്ടാവുന്ന ഒരു ആപേക്ഷിക പ്രതിഭാസം മാത്രമാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ