2014, ജനുവരി 8, ബുധനാഴ്‌ച






ഡല്‍ഹി ഒരു തുടക്കം
അരവിന്ദ് കെജരിവാള്‍ ഒരൂ നിമിത്തം
ആം ആദ്മി-ഒരു സംഘഗാനം, അമൃതധാര.
പരസ്പരമുള്ള സ്‌നേഹസൗഹാര്‍ദ്ദത്തിലധിഷ്ഠിതമായ നിസ്വാര്‍ത്ഥ സേവനത്തിന്റെ അമൃതധാര...
കാലം സാധാരണക്കാരായ ഭാരതമക്കളുടെ നെഞ്ചല്‍ വരഞ്ഞിട്ട ചോര പൊടിയും മുറിവുണക്കാന്‍ ഉടലെടുത്ത സ്‌നേഹത്തിന്റെ നീരുറവ-ആംആദ്മി.
ആംആദ്മിയില്‍ ഭാരതമക്കള്‍ കാണുന്നത് ജനാധിപത്യത്തിന്റെ നവ്യമായ മുഖമാണ്. സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും അനന്ത സാധ്യതകളെ തികച്ചും സര്‍ഗ്ഗാത്മകമായും ജനക്ഷേമകരവുമായ തലത്തിലേക്ക് ഉയര്‍ത്താന്‍ ആംആദ്മിക്ക് കഴിയും എന്ന പ്രത്യാശ ജനഹൃദയങ്ങളില്‍ ഉണര്‍ന്നിരിക്കുന്നു.
നിസ്വാര്‍ത്ഥ സേവനത്തിനായുള്ള നമ്മുടെ സ്വതസിദ്ധമായ തൃഷ്ണകള്‍, വിരിയാതെ, വളരാതെ, പൂവിടാതെ കൊഴിഞ്ഞുപോകുംവേളയില്‍ പുനര്‍ജ്ജനി മന്ത്രവുമായി ആംആദ്മി.
പ്രത്യയശാസ്ത്ര ദുര്‍ഭൂതങ്ങളുടെ കരാളഹസ്തങ്ങളില്‍ നാം അമര്‍ന്നിട്ടില്ലെങ്കില്‍, അധികാരത്തിന്റെയും, ജനപ്രതികളുടെയും ഉച്ഛിഷ്ടം ഭക്ഷിച്ച് ദുര്‍മ്മേദസും ആലസ്യവും നമ്മെ പിടികൂടിയിട്ടില്ലെങ്കില്‍ ഉണരുക. അഴിമതി രഹിത ഒരു ക്ഷേമരാഷ്ട്രം പടുത്തുയര്‍ത്തുവാനുള്ള പുനര്‍ നിര്‍മ്മിതിയില്‍ പങ്കുചേരാം.
ആം ആദ്മി ഒരു പാര്‍ട്ടിഅല്ല. യുഗങ്ങളായി അടിച്ചമര്‍ത്തപ്പെട്ട സാധാരണക്കാരന്റെ വികാരവിചാരങ്ങളുടെ അന്തഃക്ഷോഭങ്ങളുടെ വിസ്‌ഫോടനമാണ്, ബഹിര്‍സ്പുരണമാണ് ആംആദ്മി. സാധാരണക്കാരന്റെ സ്വപ്‌നങ്ങള്‍ക്ക് പറന്നുയരാനുള്ള ചിറകാണത്.
എന്നും ഭാരതമക്കള്‍ സഹിക്കാന്‍ വിധിക്കപ്പെട്ടവരായിരുന്നു. രാജാക്കന്മാരുടെ കീഴില്‍, കമ്പനിഭരണത്തിന്റെ, കോളജനി ഭരണത്തിന്റെ, ജന്മിമാരുടെയും, ജമീന്തര്‍മാരുടെയും ധിക്കാരത്തിന്റെയും ദാര്‍ഷ്ട്യത്തിന്റെയും കീഴില്‍ നാം സാധാരണക്കാര്‍ ഏറെ സഹിച്ചു. ഏറെ അനുഭവിച്ചു. എല്ലാം അസ്തമിച്ച്, ജനാധിപത്യ ഭരണക്രമത്തിന്റെ പുത്തന്‍ ഉദയം കണ്ടപ്പോള്‍ നാം സമാശ്വസിച്ചു, ഒരു പുതുപുലരി, ഒരു പുതുയുഗം സംജാതമായെന്ന്. പക്ഷെ പഴയവീഞ്ഞ് പുതുയ കുപ്പിയിലാക്കി വിതരണം ചെയ്യുകയായിരുന്നുവെന്ന് തിരിച്ചറിയാന്‍ നാം എത്ര സംവത്സരങ്ങള്‍ എടുത്തു?
പഴയമാടമ്പിമാരുടെ ശബ്ദവും പ്രഖ്യാപിതരാഷ്ട്രീയ പാര്‍ട്ടികളിലെ നേതാക്കന്മാരുടെ ശബ്ദവും ഒരുപോലെ ആണെന്ന് തിരിച്ചറിയുന്ന ഈ വേളയില്‍ ഒരു പുതുനാമ്പ് ഉടലെടുക്കുകയാണ്. ആം ആദ്മി (സാധാരണക്കാരന്റെ പാര്‍ട്ടി)
ജനന്മയാണതിന്റെ ജീവശ്വാസം
ക്ഷേമരാഷ്ട്രം ആണതിന്റെ ചക്രവാളം
ഇതിന്റെ വേരുകള്‍ പടരുന്നത്
ജനന്മയ്ക്കായി ബലിയാടാവാന്‍ തയ്യാറാകുന്ന
ജനഹൃദയങ്ങളിലേക്കാണ്.
അധികാരം, സ്വന്തം ഭാവി സുരക്ഷിതമാക്കാന്‍ വെമ്പുന്നവരുടെ കരങ്ങളില്‍ നന്ന് ജനന്മയ്ക്കായി അഴിമതി രഹിതക്ഷേമരാഷ്ട്രം കെട്ടിപ്പെടുക്കാന്‍, ബലിയാടാകാന്‍ തയ്യാറെടുക്കുന്ന സാധാരണക്കാരന്റെ കരങ്ങളിലേക്ക് സംക്രമിക്കുന്നതിന്റെ ശംഖനാദമാണ് ആംആദ്മിയില്‍  മുഴുങ്ങുന്നത്. ഇതിന്റെ മാറ്റൊലി ഭരതാമെങ്ങും പ്രതിധ്വനിക്കും.
ദാര്‍ശനിക സമസ്യകളുടെ തടവറയില്‍ കിടക്കുന്നവര്‍ ആംആദ്മിയോട് ചോദിക്കുന്നു ഏതാണ് നിങ്ങളുടെ 'പ്രാമാണിക'  ഗ്രന്ഥ്ം ഏതാണ് നിങ്ങളുടെ ദാര്‍ശനിക മാര്‍ഗ്ഗരേഖ? (നിലയില്ലാത്ത വെള്ളത്തില്‍ മുങ്ങി ചാവുന്നവനെ രക്ഷിക്കാന്‍ ഏത് പ്രമാണിക ഗ്രന്ഥമാണ് സാര്‍ പരിശോധിക്കേണ്ടത്? വിശന്നു കരയുന്നവന്റെ മുന്നില്‍ ഒരുപിടി ചോറ് കൊടുക്കാന്‍ ഏത് 'മൂലധനം' പഠിക്കണം സര്‍?) സേവനത്തിന്റെ അള്‍ത്താരയില്‍ ബലിയാടാകാന്‍ ഇറങ്ങിപ്പുറപ്പെടുന്ന ഓരോ പ്രവര്‍ത്തകനും സ്വന്തം നെഞ്ച് ചൂണ്ടിക്കാണിച്ച് പറയട്ടെ. ഇവിടം ആണ് തളരാത്ത ഊര്‍ജ്ജ സ്രോതസ്സ് എന്ന്. ഇവിടം ആണ് എല്ലാ പ്രാമാണിക ഗ്രന്ഥങ്ങളും എല്ലാംകുടികൊള്ളുന്നതെന്ന്.
ജനനന്മയ്ക്ക് ഒരു ഭാഷയേയുള്ളു. ഒരേവികാരമേയുള്ളു, ഒരേ നിറമേയുള്ള ഒരേ ഒരു പാതയെ ഉള്ളു. ആ സ്രോതസ്സില്‍ നിന്ന് ഊര്‍ജ്ജം ഉള്‍ക്കൊണ്ട്ആണ് ജനലക്ഷങ്ങള്‍ അണിനിരന്ന് സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തെ മുട്ട് കുത്തിച്ചത്.
അതെ ഊര്‍ജ്ജ സ്രോതസ്സ് വീണ്ടും നമ്മുടെ സിരകളെ പ്രകമ്പനം കൊള്ളിക്കുമാറാകട്ടെ.
നമ്മുടെ മാര്‍ഗ്ഗദീപവും ആകട്ടെ.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ