2014, ജനുവരി 29, ബുധനാഴ്‌ച






9 Jan
Inline image 1

ജിദ്ദു കൃഷ്ണമൂര്‍ത്തി

ഒരു അനുസ്മരണം

 'Truth is pathless land'
ഒരായിരം നിശബ്ദ അര്‍ത്ഥതലങ്ങള്‍ ഉള്‍പ്പെടുന്ന J. Krishanmurthy യുടെതായ ഈ വാചകം എന്റെ ശ്രദ്ധയില്‍ പെടുന്നത് കാല്‍നൂറ്റാണ്ട് മുമ്പാണ്. അന്നു തുടങ്ങിയ ജിജ്ഞാസയാണ്, J. Krishanmurthy യെ പറ്റി കൂടുതല്‍ അറിയാന്‍, കൂടുതല്‍ വായിക്കാന്‍. ഞങ്ങളുടെ ഗ്രാമത്തിലുള്ള വായനശാലയിലും, വായനാപ്രിയരായ സുഹൃത്തുക്കളുടെയടുത്തും ജെ. കെ. യെ പറ്റി, ജെ. കെ. യുടെ പുസ്തകങ്ങള്‍ക്കുവേണ്ടി അന്വേഷിച്ചു. നിരാശയായിരുന്നു ഫലം.
പിന്നെ ഏറെ നാളുകള്‍ക്കുശേഷം ഡല്‍ഹിയിലെ പ്രഗതിമൈതാനത്ത് വച്ചുനടന്ന ഇന്റര്‍നാഷണല്‍ ബുക്ക് ഫെയറിലാണ് ജെ. കൃഷ്ണമൂര്‍ത്തിയുടെ ബുക്ക്സ്റ്റാള്‍ കണ്ടത്. ജെ. കെ. യെപ്പറ്റിയുള്ള ഒരു ഹ്രസ്വപുസ്തകം ഞാന്‍ കൈയിലെടുത്ത് അതിന്റെ വില കണ്ടപ്പോള്‍ ശരിക്കും ഞെട്ടിപ്പോയി. 250 രൂപ.
പിന്നീട് പ്രവാസപ്രയാണത്തിന്റെ ഉയര്‍ച്ചാതാഴ്ചകളിലൂടെ ജീവിതം അങ്ങനെ മുന്നോട്ട് പോയി. പലപ്പോഴും ആ വാചകം 'Truth is pathless land' ഒരു നിശബ്ദ ഇടിമുഴക്കമായി എന്റെ ഹൃദയത്തില്‍ പ്രതിധ്വനിച്ചുകൊണ്ടിരുന്നു. മതപരമായ എല്ലാത്തരം ആചാരാനുഷ്ടാനങ്ങളോടുമുള്ള നിശബ്ദമായ വെല്ലുവിളി ആ വാക്കുകളില്‍ പ്രതിധ്വനിക്കുന്നതായി അനുഭവപ്പെട്ടു. പിന്നീട് എപ്പോഴൊ കമ്പ്യൂട്ടറും ഇന്റര്‍നെറ്റും സ്വന്തമായപ്പോള്‍ Googleലില്‍ ഒന്ന് പരതി നോക്കി. ജെ. കൃഷ്ണമൂര്‍ത്തിയെപ്പറ്റി. അത്ഭുതം, ആശ്ചര്യം, മഹാശ്ചര്യം, ജെ. കെ.യുടെ പുസ്തകങ്ങള്‍, വിഡീയോകള്‍, ഓഡിയോ എന്നുവേണ്ട, ജെ. കെ. യെ പറ്റിയുള്ളതെല്ലാം നെറ്റില്‍ ഫ്രീ....! ആനന്ദലബ്ദിക്കിനിയെന്തുവേണം?
ആരാണ് JIDDU Krishnamurty?
നമ്മെ പൊതിഞ്ഞു നില്ക്കുന്ന 'നിത്യതയുടെ' ശോഭയും, മഹത്വവും, സൗരഭ്യവും, 'ആള്‍ ദൈവങ്ങളുടെ' ജാഡയും, കൊട്ടി ഘോഷിക്കലും ഇല്ലാതെ സാധാരണക്കാരായ നമുക്ക് പകര്‍ന്നു തന്ന മഹാത്മാവ്!! വ്യവസ്ഥാപിത മതങ്ങളുടെ, സംഘടനകളുടെ, പാപ്പരത്വം കാര്യകാരണസഹിതം നമുക്ക് പറഞ്ഞുതന്ന കാരുണ്യമൂര്‍ത്തി.
ആത്മജ്ഞാനമാണ് സമാധാനപരമായ സഹവര്‍ത്തിത്വത്തിന് അത്യന്താപേക്ഷിതം എന്ന് ഉള്‍ക്കരുത്തോടെ, അനുഭവത്തിന്റെ തീവ്രതയോടെ, സ്വജീവിതത്തിലൂടെ നമുക്ക് കാണിച്ചുതന്ന ലോകഗുരുവാണ്, മഹാത്മാവായ JIDDU Krishnamurty.
ജനനവും വിദ്യാഭ്യാസവും : 1895 മെയ് 11ന് ആന്ധ്രപ്രദേശിലെ ഇന്നത്തെ ചിറ്റൂര്‍ എന്ന സ്ഥലത്ത്, ഒരു ബ്രാഹ്മണകുടുംബത്തിലാണ് ജെ. കൃഷ്ണമൂര്‍ത്തി ഭൂജാതനായത്. പഠനത്തില്‍ സമര്‍ത്ഥനല്ലാതിരുന്ന സ്വപ്ന ജീവിയായ കൃഷ്ണമൂര്‍ത്തിയെ സ്‌കൂളില്‍ അധ്യാപകരും, വീട്ടില്‍ അച്ഛനും നന്നായി പ്രഹരിക്കുമായിരുന്നു. വിട്ടുമാറാത്ത ബാലാരിഷ്ടതകളും കൃഷ്ണമൂര്‍ത്തിയുടെ ബാല്യകാലം ദുഃഖപുരിതമാക്കി. ഇത്തരം അവഗണനകള്‍ കൊണ്ടായിരിക്കും ബാല്യകാലം മുതലെ, കൃഷ്ണമൂര്‍ത്തിക്ക് പ്രകൃതിയുമായി അവാച്യബന്ധമാണ് ഉണ്ടായിരുന്നത്. ഈ തീവ്രബന്ധം അന്ത്യംവരെ നിലനിന്നിരുന്നു.
ഇങ്ങനെ ഉപേക്ഷിക്കപ്പെട്ട അവഗണിക്കപ്പെട്ട, ബാലനായ ജെ. കെ.യെ 'കണ്ടെത്തിയത്' ആനിബെസന്റിന്റെ നേതൃത്വത്തിലുള്ള തിയോസഫിക്കല്‍ സൊസൈറ്റിയിലെ നേതൃപ്രവര്‍ത്തകനായ C. W. Leabeatar ആയിരുന്നു. അത് എല്ലാ അര്‍ത്ഥത്തിലും ഒരു 'കണ്ടെത്തല്‍' തന്നെയായിരുന്നു. ജെ.കെ. യുടെ ജീവിതത്തിലെ വഴിത്തിരിവായ സംഭവമായിരുന്നു അത്.
ഒരു ദിനം കൃഷ്ണമൂര്‍ത്തിയും ഇളയ സഹോദരനായ Nithya Anand ഉം കൂടി കടല്‍തീരത്തുകൂടി നടക്കുന്ന സമയത്താണ് C. W. Leabeatar കാണാനിടയായത്. കൃഷ്ണമൂര്‍ത്തിയുടെ മുഖത്ത് പ്രകടമായിരുന്ന അസാധാരണ 'പ്രഭാവം' Leabeatar യുടെ ഹൃദയത്തെ അഗാധമായി സ്പര്‍ശിച്ചു.  ആ സംഭവമായിരുന്നു 1909-ല്‍ തിയോസഫിക്കല്‍ സൊസൈറ്റിയുടെ പ്രസിഡന്റ് ആയിരുന്ന ആനിബെസന്റിനെ കൃഷ്ണമൂര്‍ത്തിയെയും സഹോദരന്‍ നിത്യനന്ദിനെയും ദത്തെടുക്കാന്‍ ഇടയാക്കിയത്. ആനിബെസന്റ് അടക്കമുള്ള തിയോസഫിക്കല്‍ സംഘാടകര്‍ ലോകഗുരുവിനായി കാത്തിരിക്കുകയായിരുന്നു. പ്രവചിക്കപ്പെട്ടതുപോലെ World teacher ആണ് കൃഷ്ണമൂര്‍ത്തി എന്ന് ഡോ. ബെസന്റും സഹപ്രവര്‍ത്തകരും തീരുമാനിച്ചു.  ലോകജനതയെ അതിന് സജ്ജമാക്കുന്നതിനായി 1911-ല്‍ The Order of the Star in the East എന്ന സംഘടനയ്ക്ക് രൂപംകൊടുത്തു. 16 വയസുള്ള ജെ. കൃഷ്ണമൂര്‍ത്തിയെ അതിന്റെ തലവനായി നിയമിച്ചു. അങ്ങനെ കൃഷ്ണമൂര്‍ത്തിയെയും സഹോദരനായ നിത്യാനന്ദനെയും ആനിബെസന്റ് ദത്ത് എടുക്കുകയും, അവരുടെ വിദ്യാഭ്യാസവും മേല്‍നോട്ടവും തിയോസഫിക്കല്‍ Mentor മാരുടെ മേല്‍നോട്ടത്തിലാവുകയും ചെയ്തു. 1911-ല്‍ കൃഷ്ണമൂര്‍ത്തിയും, സഹോദരനായ നിത്യയും ഇംഗ്ലണ്ടില്‍ വന്നു. തിയോസഫിക്കല്‍ Mentor മാരുടെ ശിഷണത്തിലായിരുന്നു അവര്‍ ഇംഗ്ലണ്ടില്‍ വളര്‍ന്നത്.
1911-നും 14-നും ഇടയ്ക്ക് സഹോദരനായ നിത്യയോടൊപ്പം കൃഷ്ണമൂര്‍ത്തി യൂറോപ്പിലെങ്ങും സഞ്ചരിച്ചു. ഈ കാലയളവില്‍ ധാരാളം എഴുതുകയും പ്രസംഗിക്കുകയും ചെയ്തു. എല്ലാം Order of the Star ന്റെ ചിട്ടവട്ടങ്ങള്‍ക്ക് അനുസരിച്ചായിരുന്നു.
1922-ല്‍ സിഡ്‌നിനിയില്‍നിന്ന് കാലിഫോര്‍ണിയായിലെ Ojai ലേയ്ക്ക് സഹോദരനായ നിത്യയോടൊപ്പം കൃഷ്ണമൂര്‍ത്തി എത്തിച്ചേര്‍ന്നു. ആ അവസരത്തിലാണ് നിത്യയ്ക്ക് tubercolosis എന്ന രോഗം ബാധിച്ചുവെന്ന് പരിശോധനയില്‍ അറിഞ്ഞത്. Ojai-യിലെ കാലാവസ്ഥാ സഹോദരന്റെ ആരോഗ്യത്തിന് ഗുണകരമായിരിക്കുമെന്ന് ജെ.കെ. ചിന്തിച്ചു. സഹോദരന്‍ നിത്യയുടെ അനാരോഗ്യത്തില്‍ കൃഷ്ണമൂര്‍ത്തി ഏറെ ദുഃഖിതനായിരുന്നു. കൃഷ്ണമൂര്‍ത്തിയുടെ സഹോദരന്‍ മാത്രമായിരുന്നില്ല നിത്യ; ഉത്തമസുഹൃത്തും സന്തതസഹചാരിയുമായിരുന്നു. നാടും വീടും ബന്ധുക്കളെയും വിട്ട്, ആനിബെസന്റിനാല്‍ ദത്തെടുക്കപ്പെട്ട, Theosophical Society Mentor മാരുടെ ശിക്ഷണത്തിലും മേല്‍നോട്ടത്തിലും വളര്‍ന്ന ആ സഹോദരന്മാര്‍ പരസ്പരം ഏറെ സ്‌നേഹത്തിലും അടുപ്പത്തിലും പരസ്പരാശ്രയത്തിലും ആയിരുന്നു.
Ojai യിലെ ജീവിതം കൃഷ്ണമൂര്‍ത്തിയില്‍ സ്വതന്ത്ര്യത്തിന്റെ പുതുജീവന്‍ പകര്‍ന്നു. (Theosophical Society Mentor മാരുടെ നേരിട്ടുള്ള നിയന്ത്രണം അവിടെ ഇല്ലായിരുന്നു.) ഏകാന്തവും സ്വച്ഛവുമായ ആ ജീവിതം ജെ.കെ-യെ ആത്മീയവിഹായസ്സിന്റെ ഉന്നതികളിലേയ്ക്ക് ആനയിച്ചു. 1922 ആഗസ്റ്റ് 22-നാണ് ആത്മീയാനുഭവത്തിന്റെ ഉന്നതഭാവം എന്നറിയപ്പെടുന്ന ഏകത്വാനുഭവം ജെ. കൃഷ്ണമൂര്‍ത്തിയില്‍ ഉണ്ടായത്. ആ ദിനങ്ങളില്‍ അനുഭവിച്ച ആത്മീയ ഉണര്‍വ്വിനെ കൃഷ്ണമൂര്‍ത്തി തന്നെ പറയുന്നത് ഇങ്ങനെ.....Woke up early with that strong feeling of otherness, of another world that is beyond all thought... ഈ സ്വാതന്ത്ര്യാനുഭവം പുതുജീവനാണ് കൃഷ്ണമൂര്‍ത്തിയില്‍ നിറച്ചത്. ജീവിതത്തെ നവ്യമായ അവബോധത്തോടെ കാണാന്‍ തുടങ്ങി. നിത്യതയുടെ മധുരവും ഉഷ്മളവുമായ സ്പര്‍ശം ചിന്തകളിലും വാക്കുകളിലും പ്രവര്‍ത്തികളിലും പ്രകടമാകാന്‍ തുടങ്ങി. അതു പലപ്പോഴും അന്നേവരെ പിന്‍തുടര്‍ന്ന സംഘാടന ആശയങ്ങളോടുള്ള ചോദ്യം ചെയ്യലായി ഭവിച്ചു. The Order of Star ന്റെ നിലനില്പിന്റെ സാധ്യതയെപ്പറ്റിയും ജെ.കെ. ഉറക്കെ ചിന്തിക്കാന്‍ തുടങ്ങി.
കൃഷ്ണമൂര്‍ത്തിയുടെ ജീവിതത്തില്‍ ഏറ്റവും നിര്‍ഭാഗ്യകരമായ സംഭവം ഉണ്ടായത് 1925 നവംബര്‍ 13-നാണ്. അന്നാണ് കൃഷ്ണമൂര്‍ത്തിയുടെ സഹോദരനും ഉത്തമസുഹൃത്തും സന്തതസഹചാരിയുമായിരുന്ന നിത്യാനന്ദന്‍ രോഗം മൂര്‍ച്ഛിച്ച് മരണമടഞ്ഞത്. ആ ഭീകര യഥാര്‍ത്ഥ്യത്തെ കൃഷ്ണമൂര്‍ത്തിക്ക് പെട്ടെന്ന് ഉള്‍കൊള്ളുവാനായില്ല. എല്ലാം നഷ്ടപ്പെട്ടവനെ പോലെ തകര്‍ന്ന് തളര്‍ന്ന് കൃഷ്ണമൂര്‍ത്തി വിലപിച്ചു. എന്നാല്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ ജെ. കെ. സാധാരണ ജീവിതത്തിലേയ്ക്ക് തിരിച്ചുവന്നു. സഹോദരന്റെ വിയോഗം എന്ന യഥാര്‍ത്ഥ്യത്തെ ഉള്‍ക്കൊണ്ട്, അംഗീകരിച്ച് കൃഷ്ണമൂര്‍ത്തിക്ക് മുന്നോട്ട് പോകാന്‍ കഴിഞ്ഞു.
കൃഷ്ണമൂര്‍ത്തിയുടെ ഹൃദയത്തെ സ്പര്‍ശിച്ച ആത്മീയാനുഭവം പ്രബലമാവുകയും അതില്‍ പൂര്‍ണ്ണമായും വിജയം പ്രാപിക്കുകയും ചെയ്തു. അതില്‍നിന്ന് ഉയിര്‍കൊണ്ട ഊര്‍ജ്ജമായിരുന്നു, അന്നേവരെ പിന്‍തുടര്‍ന്ന തിയോസഫിക്കല്‍ സൊസൈറ്റിയുടെയും The Order of Star ന്റെയും ചിട്ടവട്ടങ്ങളെ ഭേദിച്ച് സ്വാതന്ത്ര്യത്തിന്റെ അനന്ത വിഹായസ്സിലേയ്ക്ക്  പറന്നുയരാന്‍ ജെ.കെ-യെ സഹായിച്ചത്.
1929 ആഗസ്റ്റ് 3-ാം തീയതി നെതര്‍ലാന്റില്‍ വച്ചു നടന്ന The Order of Star ന്റെ വാര്‍ഷികയോഗത്തില്‍ വച്ച് The Order of Star പിരിച്ചുവിട്ടുകൊണ്ടുള്ള സുപ്രധാന തീരുമാനം ജെ.കെ പ്രഖ്യാപിച്ചു. പ്രസംഗത്തിന്റെ പ്രസക്തഭാഗങ്ങള്‍ 'I maintain that truth is a pathless land, and you cannot approach it by any path whatsoever, by any religion, by any sect. That is my point of view, and I adhere to that absolutely and unconditionally. Truth, being limitless, unconditioned, unapproachable by any path whatsoever, cannot be organized; nor should any organization be formed to lead or coerce people along a particular path....' തിയോസഫിക്കല്‍ സൊസൈറ്റിയിലും The Order of Star ലും ഏറെ കോളിളക്കം സൃഷ്ടിച്ച പ്രഖ്യാപനമായിരുന്നു അത്. The Order of Starനുവേണ്ടി സംഭാവന ചെയ്യപ്പെട്ട 5000 ഏക്കര്‍ സ്ഥലവും കൊട്ടാരവും തിരിച്ചുനല്കികൊണ്ട് കൃഷ്ണമൂര്‍ത്തി Ojaiലേയ്ക്ക് മടങ്ങി. അതിനുശേഷം കൃഷ്ണമൂര്‍ത്തി ലോകമെമ്പാടും സന്ദര്‍ശിച്ച് ചെറുതും വലുതുമായ ഒട്ടേറെ സദസുകളെ അഭിമുഖീകരിച്ച് പ്രഭാഷണങ്ങള്‍ നടത്തി. ആക്രമണോത്സുകവും കലാപപൂരിതവുമായ വര്‍ത്തമാനകാല യാഥാര്‍ത്ഥ്യങ്ങളെ പരിവര്‍ത്തനവിധേയമാക്കേണ്ടത് ബാഹ്യസമ്മര്‍ദ്ദങ്ങളാലോ ബലപ്രയോഗത്താലൊ അല്ല  ഓരോ വ്യക്തിയുടെയും ആന്തരിക പരിവര്‍ത്തനത്തിലൂടെ മാത്രമേ സമാധാനപരമായ സഹവര്‍ത്തിത്വം കൈവരിക്കാന്‍ കഴിയൂ എന്ന് ജെ. കെ. ആവര്‍ത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ സംഘടിത മതങ്ങളുടെയും, സംഘടിത രാഷ്ട്രീയ ശക്തികളുടെയും മത്സാരാധിഷ്ഠിതവും അക്രമാസക്തവുമായുള്ള നിലപാടുകളെ വളരെ ശക്തമായി തന്നെ കൃഷ്ണമൂര്‍ത്തി എതിര്‍ത്തിരുന്നു.
'ചിന്ത'കള്‍ക്ക് നമ്മുടെ ജീവിതത്തില്‍ ഒരു പ്രധാന പങ്ക് ഉണ്ടെങ്കിലും ചിന്തകളില്‍ മാത്രം പൊതിഞ്ഞ ഒരു ജീവിതം ആണ് നാം നയിക്കുന്നതെങ്കിലും അത് യഥാര്‍ത്ഥ്യത്തെ അനുഭവവേദ്യമാക്കാന്‍ തടസ്സമാകുമെന്ന് കൃഷ്ണമൂര്‍ത്തി വ്യക്തമാക്കുന്നു.
വാസ്തവത്തില്‍ 'സത്യത്തെ' നമുക്ക് അനുഭവവേദ്യമാക്കാന്‍ പറ്റാത്തതിന് മുഖ്യകാരണം, ചിന്തകളിലും, സങ്കല്പവികല്പങ്ങളിലും അധിഷ്ഠിതമായ ഒരു ജീവിതക്രമം നാം പിന്‍തുടരുന്നത് കൊണ്ടാണ്. ഇത്തരം ജീവിതരീതി ഏറെ ശബ്ദമുഖരിതവും സംഘര്‍ഷനിര്‍ഭരവുമാണ്. ജനനം മുതല്‍ മരണം വരെ നാം പിന്‍തുടരുന്ന 'പാലയാന' പ്രക്രിയകള്‍ യഥാര്‍ത്ഥ്യത്തെ സത്യസന്ധമായി അഭിമുഖീകരിക്കാന്‍ അപ്രാപ്തമാക്കുകയും Self knowledge  'experience of unknown' ഒരു മരിചീകയായി അവശേഷിക്കുകയും ചെയ്യും. ഇത് ഒരു ദുരന്തമാണെന്ന് ജെ. കെ. സമര്‍ത്ഥിക്കുന്നു.
സാന്ദര്‍ഭികമായി ഓര്‍ത്തു പോകുന്നത്, ടിപ്പു സുല്‍ത്താന്റെ കോട്ടകളെ പറ്റിയാണ്. കോട്ടകളുടെ വലിപ്പമോ പ്രൗഡിയോ അല്ല ഇവിടെ ചിന്താവിഷയം. അതിന്റെ സുരക്ഷിതമാര്‍ഗ്ഗങ്ങളാണ്! ചുറ്റും കിടങ്ങുകളും ഭൂഗര്‍ഭ പാലയന ഗുഹകളാലും നിര്‍മ്മിതമായിരുന്നു അവ എല്ലാം, സുരക്ഷിതപാലയാനങ്ങളുടെ നിഗൂഢതകളാല്‍ ആവരണം ചെയ്യപ്പെട്ടവയായിരുന്നു.   പക്ഷേ അന്ത്യനിമിഷങ്ങളില്‍  അവ ഒന്നും ടിപ്പുവിനെ തുണച്ചില്ല. ആ ധീരവീരദേശാഭിമാനിക്ക് ആത്മഹത്യ ചെയ്യേണ്ടിവന്നു.
ലിബിയയിലെ ഗദ്ദാഫി, സമ്പന്നരാജ്യത്തിലെ അതിസമ്പന്നനായ ഭരണാധികാരി അക്രമണമുണ്ടായാല്‍ രക്ഷപ്പെടാന്‍ ആയിരക്കണക്കിന് മൈലുകളുടെ ദൈര്‍ഘ്യത്തിലുള്ള ഭൂഗര്‍ഭപാലയന മാര്‍ഗ്ഗങ്ങള്‍ സജ്ജമാക്കിയിരുന്ന ആ ഭരണാധികാരി യുടെ അന്ത്യം എത്ര ദയനീയമായിരുന്നു!!
പക്ഷേ ഇതിനെക്കാള്‍ എത്രയോ ശോചനീയമാണ് രക്ഷാമാര്‍ഗ്ഗങ്ങളാല്‍ സജ്ജമാക്കപ്പെട്ട നമ്മുടെ ജീവിതം. ജന്മനാ നമ്മോടൊപ്പം ഉള്ള ആത്മാംശത്തിന്റെ സൗരഭ്യം ഒരു നിമിഷംപോലും നുകരാനാവാതെ അമിതമായ ജീവിത വ്യഗ്രതകളാലും, ഭയാശങ്കകളുടെയും ഇടയില്‍പ്പെട്ട് ഞെരിഞ്ഞമര്‍ന്നു ഒരു ജീവച്ഛവമായാണ് നാം ദിനങ്ങള്‍ തള്ളി നീക്കുന്നത്.
നമ്മുടെ ആചാരാനുഷ്ഠാനങ്ങള്‍ മുതല്‍ സാമ്പത്തിക സുരക്ഷിതത്വത്തിന്റെ രക്ഷാമന്ത്രങ്ങളായി കണക്കാക്കപ്പെടുന്ന രമ്യഹര്‍മ്മങ്ങളോ, സ്വന്തമാക്കിയ വിസ്തൃതമായ സ്ഥലങ്ങളോ ഒന്നും നമ്മെ തുണക്കില്ല. ബന്ധുബലമോ, സൗഹൃദസമ്പന്നതയോ ഒന്നും ആത്മജ്ഞാനത്തിലേയ്ക്ക് നമ്മെ നയിക്കില്ല.
അനുനിമിഷം സത്യത്തിന്റെ സാന്ദ്രമായ സ്പര്‍ശം നമ്മുടെ ഹൃദയത്തെ തഴുകുമ്പോഴും  ആ നിത്യതയെ അനുഭവവേദ്യമാക്കാന്‍ കഴിയാത്തത് മത്സരാധിഷ്ഠിതവും, ഭയാശങ്കകളാലുമുള്ള ഒരു ജീവിതക്രമം നാം അനുവര്‍ത്തിക്കുന്നത് കൊണ്ടാണ്. ഈ തെറ്റായ ജീവിതക്രമത്തെ നിരാകരിക്കുമ്പോള്‍ മാത്രമാണ് സ്വാതന്ത്ര്യത്തിന്റെ ആനന്ദം നമുക്ക് നുകരാനാകുന്നത്.
സാന്ദ്രമായ നിശബ്ദതയിലൂടെ മാത്രമേ ഈ തെറ്റായ ജീവിതക്രമങ്ങളെപറ്റി നാം അവബോധം ഉള്ളവരാകൂ എന്ന് ജെ. കെ. നമ്മെ ഓര്‍മ്മിപ്പിക്കുന്നു. നിശബ്ദതയുടെ ധ്യാനാത്മകമായ വഴിത്താരയിലേയ്ക്ക് നാം ആമഗ്നരാകേണ്ടത് മനോസമ്മര്‍ദ്ദത്താലോ അടിച്ചേല്‍പ്പിക്കപ്പെടുന്ന നിയന്ത്രണത്താലോ ആയിരിക്കരുത്. ആ സാന്ദ്രമായ നിശബ്ദത ബോധപൂര്‍വ്വമായ ഒരു നിര്‍മ്മിതിയല്ല. പൂമൊട്ട് വിരിഞ്ഞ് പൂവാകുന്നത് പോലെയുള്ള ഒരു സ്വാഭാവികമായ അനുഭവമാണ് അത്. ഇത് സാധ്യമാകുന്നത്  നാം പിന്‍തുടരുന്ന തെറ്റായ പരമ്പരാഗത ജീവിതരീതിയെ നിരാകരിക്കുമ്പോഴാണ്, നവ്യമായ പുനര്‍നിര്‍മ്മിതിക്ക് വിധേയമാക്കുമ്പോഴാണ്.
ലോകപ്രശസ്തരായ മഹത്‌വ്യക്തികള്‍ ജെ. കൃഷ്ണമൂര്‍ത്തിയുമായി കൂടികാഴ്ചകള്‍ നടത്തുകയും ദീര്‍ഘമായ സംഭാഷണങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തിട്ടുണ്ട്.  ജവഹര്‍ലാല്‍ നെഹ്‌റുമായുള്ള ഇത്തരത്തിലുള്ള കൂടിക്കാഴ്ചയില്‍ 'self knowledge ന്റെ പ്രസക്തിയെപ്പറ്റി കൃഷ്ണമൂര്‍ത്തി വിശദമാക്കുന്നതിനിടയ്ക്ക് നെഹ്‌റു ചോദിക്കുന്നുണ്ട്. 'How does one start'? കൃഷ്ണമൂര്‍ത്തി പറഞ്ഞു 'Begin where you are. Read every word, every phrase, every paragragh of the mind as it operates through thought.'
ലോകപ്രശസ്ത ഇംഗ്ലീഷ് എഴുത്തുകാരനായ Aldous Huxley  യുമായും (Brave New World, Island, Eyeless in Gaza, തുടങ്ങിയ കൃതികളുടെ രചയിതാവ്) ദീര്‍ഘമായ സംഭാഷണങ്ങള്‍ ഉണ്ട്. അവ എല്ലാം വളരെയേറെ ചിന്തനീയമായതും മനുഷ്യബന്ധങ്ങളുടെ പ്രസക്തിയെ പറ്റി പ്രതിപാദിക്കുന്നതുമാണ്.
വിദ്യാഭ്യാസത്തെപ്പറ്റി : അറിവുകള്‍ ശേഖരിക്കുകയും ഓര്‍മ്മശക്തി പരിശോധിക്കുകയും ചെയ്യുന്ന പരമ്പരാഗത വിദ്യാഭ്യാസരീതിയെ ജെ.കെ. നിരാകരിച്ചിരുന്നു. അക്കാദമിക് തലങ്ങളില്‍ മികവ് സമ്പാദിക്കുക മാത്രമല്ല വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്നും, ആന്തരിക പരിവര്‍ത്തനത്തിന് ഉതകുന്ന self observation, awareness എന്നിവയിലൂടെ സ്വയം അഭിമുഖീകരിക്കുന്ന ഭയാശങ്കകളില്‍ നിന്ന് വിമുക്തമായി ആരോഗ്യമുള്ള മനസ്സിന്റെയും ശരീരത്തിന്റെയും ഉടമകളായിരിയ്ക്കണം വിദ്യാര്‍ത്ഥികള്‍ എന്ന് ജെ.കെ. ഉദ്‌ബോധിപ്പിക്കുന്നു. തന്റെ വിദ്യാഭ്യാസവീക്ഷണങ്ങളെ പ്രയോഗികതലത്തിലാക്കാന്‍ ഇംഗ്ലണ്ടിലും (Brooke wood Park Hampshire) അമേരിക്കയിലും (Ojai) ഇന്ത്യയിലും വിദ്യാഭ്യാസസ്ഥാപനങ്ങള്‍ സ്ഥാപിച്ചു.
മനുഷ്യബന്ധങ്ങളെ കാര്യകാരണസഹിതം അപഗ്രഥനവിധേയമാക്കുമ്പോള്‍ നിത്യാംശങ്ങള്‍ ബാഷ്പീകരിക്കപ്പെടുന്നു. ആ ശൂന്യത നികത്താന്‍ ലോകസന്തോഷങ്ങള്‍ക്ക് പ്രാപ്തമല്ല. നാം നയിക്കുന്ന ജീവിതക്രമങ്ങളുടെ തെറ്റായ സമവാക്യങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നതാണ്. ജെ. കെ. യുടെ ഒരേ വാക്കും. അവ ബുദ്ധിയെ അല്ല പ്രകമ്പനം കൊള്ളിക്കുന്നത്. പ്രത്യുത ജീവിതയാത്രയില്‍ പണയം വയ്ക്കപ്പെടുന്ന നിത്യാംശങ്ങളെ ആണ്.

1 അഭിപ്രായം: