2013, ഡിസംബർ 25, ബുധനാഴ്‌ച




ക്രിസ്മസ്‌-2                        




  ഒരു ഇരയാകാന്‍, ഒരു ബലിയാടാകാന്‍ എനിക്ക് എന്തോ ഭയം തോന്നുന്നു. അതുകൊണ്ടാണ്
ഞാന്‍ ദേവാലയത്തിലേക്ക് പോകാന്‍ തീരുമാനിച്ചത്. കുളിച്ച് ശരീരശുദ്ധി വരുത്തി, മുടിചീകിഒതുക്കി, മുഖം മിനുക്കി, പൗഡര്‍ പൂശി, നല്ല കുപ്പായങ്ങള്‍ അണിഞ്ഞ്, സുഗന്ധദ്രവ്യങ്ങള്‍ പൂശി ഞാന്‍ ദേവാലയത്തിലേക്ക് നടന്നു.

സ്വയം ഉരുകി പ്രഭചൊരിയുന്ന മെഴുകുതിരിവെളിച്ചത്തിലും ഉരുകി ഒലിച്ച് ചുറ്റും സുഗന്ധം പരത്തുന്ന കുന്തിരിക്കത്തിന്റെ സുഗന്ധത്തിലും നിറഞ്ഞ ദേവാലയത്തില്‍ ഞാന്‍ എന്റെ സുരക്ഷിതമായ ഇരിപ്പിടം കണ്ടെത്തി. തിരസ്‌കാരത്തിന്റെ ബലിയാടാകുന്നവന്റെ എല്ലാ വേദനകളും സഹിച്ച് കിടക്കുന്ന ക്രൂശിത രൂപത്തിലോക്ക് അനുതാപത്തോടെ നോക്കി ഞാന്‍ പ്രാര്‍ത്ഥിച്ചു. നിനക്ക് സംഭവിച്ച ഈ ഗതികേട് മറ്റാര്‍ക്കും വരുത്തരുത് പ്രത്യേകിച്ച് എനിക്ക്. പെട്ടെന്ന് അവന്‍ കണ്ണുകള്‍ തുറന്ന് എന്നെ നോക്കി ആ നോട്ടത്തിന്റെ തീഷ്ണതയില്‍ ഭയന്നുവിറച്ച് കണ്ണുകള്‍ അടച്ച് ഞാന്‍ പ്രാര്‍ത്ഥിച്ചു. 'ദീപമേ നയിച്ചാലും' പിന്നീട് എപ്പോഴോ വൈദികന്‍ വന്ന് അവനെപ്പറ്റി സംസാരിക്കാന്‍ തുടങ്ങിയപ്പോഴാണ് ഞാന്‍ കണ്ണുകള്‍ തുറന്നത് ഞാന്‍ വീണ്ടും ക്രൂശിത രൂപത്തിലേക്ക് നോക്കി അവന്റെ കണ്ണുകള്‍ അപ്പോള്‍ ഉന്നതങ്ങളിലേക്ക് ആയിരുന്നു. വൈദികന്‍ അവന്റെ മഹത്വത്തെപ്പറ്റി ഏറെ പറയുന്നുണ്ടായിരുന്നു. എന്തോ എന്റെ നയനങ്ങളില്‍ നിദ്രതലോടി. ഞാന്‍ ഒന്നു മയങ്ങി. കൂട്ടമണിയുടെ ശബ്ദം കേട്ടാണ് ഞാന്‍ കണ്ണുതുറന്നത്. അതാ അവന്‍. ബന്ധനത്തില്‍ നിന്ന് സ്വതന്ത്രനാക്കപ്പെട്ട അവനെ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് മേലങ്കികളാല്‍ അലംകൃതനായ വൈദികന്‍. എല്ലാവരും ഭയഭക്തിയോടെ കുമ്പിടുന്നത് കണ്ടപ്പോള്‍ ഞാനും അപ്രകാരം ചെയ്തു. പിന്നീട് ചരിത്രം ആവര്‍ത്തിച്ചു. അവനെ വീണ്ടും പുരോഹിതന്‍ ബന്ധനത്തിലാക്കി. വെളിച്ചം കടക്കാത്ത കാരാഗ്രഹത്തിലാക്കി. സ്വര്‍ണ്ണാലംകൃതമായ വാതിലുകള്‍ അടച്ചു. അവന്‍ പുറത്തു കടക്കുമോ? സംശയനിവാരണത്തിനായി പുരോഹിതന്‍  താക്കോല്‍കൊണ്ട് പൂട്ടി. എന്നിട്ട് ആശ്വാസത്തോടെ വൈദികന്‍ ഞങ്ങള്‍ക്ക് ഏവര്‍ക്കും അഭിമുഖമായി നിന്ന് സമാധാനം ആശംസിച്ചു.
ഞങ്ങളും പരസ്പരം സമാശ്വാസത്തോടെ സമാധാനം ആശംസിച്ചു. ഗായകസംഘം അപ്പോഴും ഉച്ചത്തില്‍ ആലപിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഭൂമിയില്‍ സന്മനസ്സുള്ളവര്‍ക്ക് സമാധാനം. ഞാനും അവരോടൊപ്പം ചേര്‍ന്ന് പാടി. ഭൂമിയില്‍... അനന്തരം എന്റെ കീശയില്‍ കിടന്ന രക്തക്കറപുരണ്ട നാണയത്തുട്ടുകള്‍ എടുത്ത് നേര്‍ച്ച ഇട്ടു, ഞാന്‍ പ്രാര്‍ത്ഥിച്ചു. എന്റെ പ്രാര്‍ത്ഥനയില്‍ ശത്രുസംഹാരപൂജയുടെ താളമുണ്ടായിരുന്നോ? എന്റെ പ്രതിരോധ നിര സുശക്തമാക്കുന്നതിനുള്ള നിവേദനം ഉണ്ടായിരുന്നോ? എന്റെ കപടത അവന്‍ കാണുമോ എന്നു ഞെട്ടലോടെ ഞാന്‍ ക്രൂശിതരൂപത്തിലേക്ക് നോക്കി. അപ്പോഴും അവന്റെ ദൃഷ്ടികള്‍ ഉന്നതങ്ങളിലേക്ക് ആയിരുന്നു. പക്ഷെ അവന്റെ ഹൃദയം മന്ത്രിക്കുന്നത് ഒരു ഉള്‍ക്കിടിലത്തോടെ ഞാന്‍ അറിഞ്ഞു. ഇവര്‍ ചെയ്യുന്നത് എന്തെന്ന് ഇവര്‍ക്ക് തന്നെ അറിയുന്നില്ല. ഇവരോട് ക്ഷമിക്കേണമേ...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ