അണയാത്ത ദീപം
നെല്‍സണ്‍ റോലിഹ് ലാല മണ്ടേല, ദക്ഷിണാഫ്രിക്കയുടെ മാത്രം രാഷ്ട്രപിതാവല്ല. അടിച്ചമര്‍ത്തപ്പെട്ടവരുടെ, നീതിലഭിക്കാത്തവരുടെ, സ്വന്തം മണ്ണില്‍ അധമരായി, പീഡിതരായി പരദേശികളെപ്പോലെ യാതനാപൂര്‍ണ്ണമായ ജീവിതം നയിക്കാന്‍ വിധിക്കപ്പെട്ട ലോകമെമ്പാടുമുള്ള ലക്ഷോപലക്ഷം ജനങ്ങളുടെ വികാരമായിരുന്നു, പ്രതിഷേധ ശബ്ദമായിരുന്നു, കാഴ്ചയായിരുന്നു, അവരുടെ പിതാവായിരുന്നു നെല്‍സണ്‍ മണ്ടേല. മനുഷ്യ സ്‌നേഹത്തിലും സമത്വത്തിലും ഊന്നിയ, അനീതിക്കും അസമത്വത്തിനും എതിരെയുള്ള പ്രതിഷേധത്തിന്റെ, എതിര്‍പ്പിന്റെ മൂര്‍ത്തീഭാവമായിരുന്നു നെല്‍സണ്‍ മണ്ടേല.
എണ്‍പതുശതമാനം വരുന്ന കറുത്തവര്‍ഗ്ഗക്കാരായ ദക്ഷിണാഫ്രിക്കന്‍ ജനതയെ ന്യൂനപക്ഷം മാത്രമുള്ള വെള്ളക്കാര്‍ അടിച്ചമര്‍ത്തി മൃഗീയമായി ഭരണം നടത്തി. വെളുത്തവര്‍ക്ക് മേധാവിത്വവും ഭൂരിപക്ഷമുളള സ്ഥലങ്ങളില്‍ കറുത്ത വര്‍ഗ്ഗക്കാര്‍ക്ക് പ്രവേശനം നിഷേധിക്കപ്പെട്ടു. നഗരങ്ങള്‍ വെള്ളക്കാര്‍ക്ക് മാത്രമായി. കറുത്തവര്‍ നഗരങ്ങളില്‍ പ്രവേശിച്ചാല്‍ ഉടന്‍ തന്നെ തിരിച്ചുപോകണമായിരുന്നു അല്ലെങ്കില്‍ ജയില്‍ ശിക്ഷ ഉറപ്പ്. മണ്ണിന്റെ മക്കളുടെ കുഞ്ഞുമക്കള്‍ക്ക് വെള്ളക്കാര്‍ പഠിക്കുന്ന വിദ്യാലയങ്ങളില്‍ പ്രവേശനം നിഷേധിക്കപ്പെട്ടു. വെള്ളക്കാരന്റെ റെസ്റ്റോറന്റുകളില്‍ പ്രവേശിക്കാനോ ഒരുമിച്ച് യാത്രചെയ്യാനോ കറുത്തവര്‍ക്ക് അവകാശമില്ലാതെയായി. ഇതെല്ലാം സംഭവിച്ചത് യുഗങ്ങള്‍ക്ക് മുമ്പല്ല; ഇരുപതാം നൂറ്റാണ്ടിന്റെ അന്ത്യത്തില്‍ ദക്ഷിണാഫ്രിക്കയില്‍ അരങ്ങേറിയ വര്‍ണ്ണ വെറിയുടെ, സവര്‍ണാധിപത്യത്തിന്റെ മൃഗീയ മുഖങ്ങളാണിവ.സ്വന്തം മണ്ണില്‍ അധമരായി, നികൃഷ്ടരായി ജീവിക്കേണ്ടിവന്ന കറുത്തമക്കള്‍ സംഘടിതരായി. ദക്ഷിണാഫ്രിക്കന്‍ തെരുവുകള്‍ വര്‍ണ്ണവെറിയില്‍ എരിയാന്‍ തുടങ്ങി. സ്വതന്ത്രദാഹികളായ എല്ലാവരും, സംഘടനകളും പ്രതിഷേധത്തിന്റെ അഗ്നിയും നെഞ്ചിലേറ്റി ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ അണിനിരന്നു. മണ്ടേല അവരില്‍ എതിര്‍പ്പിന്റെ സമരവീര്യം ജ്വലിപ്പിച്ചു. മഹാത്മാഗാന്ധിയുടെ അഹിംസാ സിദ്ധാന്തങ്ങളിലും രാഷ്ട്രീയ ദര്‍ശനങ്ങളിലും ഏറെ ആകൃഷ്ടനായിരുന്ന മണ്ടേല ആദ്യകാലങ്ങളില്‍ പിന്‍തുടര്‍ന്നത് സഹന സമരത്തിന്റെ മാര്‍ഗ്ഗമായിരുന്നു. എന്നാല്‍ വെള്ളക്കാരന്റെ മൃഗീയമായ അടിച്ചമര്‍ത്തലുകളില്‍ പൊറുതിമുട്ടിയ കറുത്ത വര്‍ഗ്ഗക്കാര്‍ക്ക് സഹനസമര മാര്‍ഗ്ഗം ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു. (മനുഷ്യസ്‌നേഹിയായ മണ്ടേല ഇതില്‍ പിന്നീട് പശ്ചാതപിക്കുകയുണ്ടായി.)
വെളുത്തവരുടെ ഭരണകൂടം എല്ലാം മൃഗീയതയും പുറത്തെടുത്ത് പ്രതിഷേധ സമരത്തെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചു. മണ്ടേലയെയും സഹപ്രവര്‍ത്തകരെയും അറസ്റ്റു ചെയ്ത് പീഡനങ്ങള്‍ക്കിരയാക്കി. 222 ലധികം കുറ്റങ്ങളാണ് മണ്ടേലക്കുമേല്‍ ചുമത്തപ്പെട്ടത്. മനുഷ്യസ്വാതന്ത്ര്യത്തിനുവേണ്ടി ശബ്ദമുയര്‍ത്തിയ മണ്ടേലയ്ക്ക് ലഭിച്ചത് 27 സംവത്സരങ്ങളുടെ നീണ്ട യാതനാപൂര്‍ണ്ണമായ കാരാഗ്രഹവാസമായിരുന്നു. ദക്ഷിണാഫ്രിക്കയില്‍ നടമാടിയ മനുഷ്യത്വരഹിതമായ വര്‍ണ്ണ വിവേചനത്തിന് എതിരെ ലോകരാഷ്ട്രങ്ങള്‍ ഉണര്‍ന്ന് ശക്തമായി പ്രതിഷേധവുമായി രംഗത്തുവന്നു. പല രാഷ്ട്രങ്ങളും ദക്ഷിണാഫ്രിക്കന്‍ ഭരണത്തിനെതിരെ ഉപരോധം ഏര്‍പ്പെടുത്തി. ഗത്യന്തരമില്ലാതെ ഭരണകൂടം 1990 ഫെബ്രുവരി 11 ന് മണ്ടേലയെ മോചിപ്പിച്ചു. 27 നീണ്ടവര്‍ഷങ്ങളിലെ യാതനാപൂര്‍ണ്ണമായ കാരാഗ്രഹ വാസത്തിലും തകരാത്ത, തളരാത്ത, പതറാത്ത ആത്മവീര്യവുമായി മണ്ടേല പൊതുരംഗത്തെത്തി. 1994 ഏപ്രില്‍ ആദ്യമായി നടന്ന തെരഞ്ഞെടുപ്പില്‍ ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസിന് ബഹുഭൂരിപക്ഷം ലഭിക്കുകയും മണ്ടേല പ്രസിഡന്റാവുകയും ചെയ്തു. നൂറ്റാണ്ടുകളോളം ദക്ഷിണാഫ്രിക്കയില്‍ നിലനിന്നിരുന്ന സവര്‍ണ്ണ മേധാവിത്വം അവസാനിക്കുകയും ദക്ഷിണാഫ്രിക്ക സ്വതന്ത്രമാവുകയും ചെയ്തു.
ഒരു ജനതയെ അടിമത്വത്തിന്റെ ചങ്ങലക്കെട്ടുകളില്‍ നിന്ന് സ്വാതന്ത്ര്യത്തിന്റെ അനന്തവിഹായസിലേക്ക് ആനയിച്ച നെല്‍സണ്‍ മണ്ടേല എന്ന യുഗപുരുഷന്‍, ലോക നേതാവായി മാറി. സമാധാനത്തിനുള്ള നോബല്‍ സമ്മാനം, ഭാരതരത്‌നം തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി. ഓരോ പുരസ്‌കാരങ്ങളും ആ മനുഷ്യ സ്‌നേഹിയെ വിനയാന്വിതനാക്കുകയാണുണ്ടായത്. താന്‍ ഒരു വിശുദ്ധനല്ലെന്നും അസാധാരണമായ സാഹചര്യങ്ങളില്‍ നേതാവായ ഒരു സാധാരണക്കാരന്‍ മാത്രമാണെന്നും മണ്ടേല പറഞ്ഞിട്ടുണ്ട്.
ലോക നേതാക്കളെല്ലാം പങ്കെടുത്ത നെല്‍സന്‍ മണ്ടേലയുടെ വിടവാങ്ങല്‍ ചടങ്ങുകള്‍ ഹൃദയസ്പര്‍ശിയായിരുന്നു. അവിടെ വേര്‍പാടിന്റെ ദുഃഖം അല്ല അണപൊട്ടിയൊഴുകിയത് പ്രത്യുത മനുഷ്യസ്‌നേഹിയായ മണ്ടേലയുടെ സ്മരണ ഉയര്‍ത്തി വിട്ട് അനിര്‍വചനീയമായ ആനന്ദത്തിന്റെ ഹൃദയലാഘവത്വം ആയിരുന്നു അവിടെ ആകെ നിറഞ്ഞു തുളുമ്പിയത്. അതുകൊണ്ടായിരിക്കും അമേരിക്കയുടെ ബദ്ധശത്രുവായ ക്യൂബന്‍ പ്രസിഡന്റ് റൗള്‍ കാസ്‌ട്രോയെ ഒബാമ വൈരം മറന്ന് സൗഹാര്‍ദ്ദത്തോടെ ഹസ്തദാനം നല്‍കിയത്.
അതെ, ഭിന്നിപ്പുകള്‍ വിസ്മരിച്ച് ലോക ജനത ഒന്നാവുകയാണ് സമത്വവും നീതിയും മാനവ സാഹോദര്യവും എന്ന മണ്ടേലയുടെ സ്വപ്‌നങ്ങള്‍ക്ക് ചുറകു മുളയ്ക്കുകയാണ്.
ഭാരതീയ സംസ്‌കാരം വേരൂന്നിയിരിക്കുന്നത് മാനവരാശിയുടെ ഐക്യത്തിലാണ്. നാനാത്വത്തിലെ ഏകത്വം ആണ് നമ്മുടെ അടിത്തറ. അതില്‍ നിന്ന് ഉയിര്‍കൊണ്ട വാടാമലരാണ് മഹാത്മാഗാന്ധി. അതിന്റെ സൗരഭ്യവും നിര്‍മ്മലതയും ഏറ്റുവാങ്ങി ദക്ഷിണാഫ്രിക്ക ലോകജനതയ്ക്ക് സമ്മാനിച്ച ലോകനേതാവാണ്, മനുഷ്യ സ്‌നേഹിയാണ് നെല്‍സണ്‍ മണ്ടേല. മണ്ടേലയ്ക്ക് മരണമില്ല. ജീവിക്കുന്ന നന്മയാണ്,അണയാത്ത ദീപമാണ്. നന്മയുടെ മൂര്‍ത്തീഭാവമാണ് മണ്ടേല.
ആ നന്മയെ ഹൃദയത്തിലേറ്റുവാങ്ങി ചുറ്റും പ്രസരിപ്പിക്കാന്‍ നാം പ്രതിജ്ഞാബദ്ധരാകേണ്ടതല്ലേ ഈവേളയില്‍? അതിനായി നമുക്കു ശ്രമിക്കാം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ