2016, ഫെബ്രുവരി 12, വെള്ളിയാഴ്‌ച





'സ്വത്വം' തേടുന്ന
യു. കെ. മലയാളികള്‍.



പറഞ്ഞു കേട്ട ഒരു സംഭവം പങ്കുവയ്ക്കുകയാണ്. ഒരു ഇടവകയില്‍ പുതിയതായി
അധികാരമേറ്റ പുരോഹിതനെ ഇടവകയിലെ ചില അംഗങ്ങള്‍ക്ക് ഉള്‍കൊള്ളാന്‍ കഴിയാതെ
വന്നു. അത് പരിഭവത്തിലേക്കും പരാതികളിലേക്കും നയിച്ചു. പലപ്പോഴും
പ്രത്യക്ഷമായോ പരോക്ഷമായോ പ്രതിരോധങ്ങളും കലാപങ്ങളും ഇടവകയില്‍
ഉടലെടുത്തു.
ഇടവകയിലെ ആത്മീയ സാമൂഹിക ജീവിതം സങ്കീര്‍ണ്ണമായി.
അഭിക്ഷിക്തനെ നിരാകരിക്കുകയും തിരസ്‌കരിക്കയും ചെയ്യുന്നത്
മഹാപാപമാണെന്ന് സ്‌നേഹസമ്പന്നായ വൈദികന്‍ ഇടവകാംഗങ്ങളെ
ഉദ്‌ബോധിപ്പിച്ചുവെങ്കിലും റിബല്‍ ഗ്രൂപ്പ് കലാപപരിപാടികളും
നിസ്സഹകരണപ്രസ്ഥാനവുമായി മുന്നോട്ട് നീങ്ങി.
പ്രത്യക്ഷത്തില്‍ സ്ഥാനമോഹലബ്ധിയില്‍ അധിഷ്ഠിതമായ പ്രശ്‌നങ്ങളാണ് ഇതെന്ന്
നമ്മുക്ക് തോന്നാമെങ്കിലും യഥാര്‍ത്ഥത്തില്‍ അതല്ല.
നമ്മില്‍ ഉള്‍ക്കൊള്ളുന്ന ഊര്‍ജ്ജത്തെ ക്രിയാത്മക പാതയിലൂടെ ആനയിക്കാന്‍
കഴിയാതെ വരുമ്പോഴാണ് പ്രശ്‌നങ്ങള്‍ കലാപരൂപത്തിലാക്കുന്നത്.
ഹിറ്റ്‌ലര്‍ സ്‌കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞ് ചിത്രകല അഭ്യസിക്കാന്‍
ശ്രമിച്ചു. പക്ഷേ നിര്‍ഭാഗ്യത്തിന് അദ്ദേഹത്തിന്റെ അപേക്ഷ
നിരസിക്കപ്പെടുകയാണ് ഉണ്ടായത്. ചിത്രകല  അക്കാദമിയില്‍ പ്രവേശനം
നേടിയിരുന്നുവെങ്കില്‍ ഒരു പക്ഷേ ഹിറ്റ്‌ലര്‍, മൈക്കിള്‍ ആഞ്ചലോനെ
വെല്ലുന്ന ഒരു വലിയ ചിത്രകാരനാകുമായിരുന്നു. അങ്ങനെ രണ്ടാം
ലോകമഹായുദ്ധത്തിന്റെ ഭീകരതകളില്‍ നിന്ന് ലോകത്തിന് മോചനം നേടാന്‍
കഴിയുമായിരുന്നു.
ഊര്‍ജ്ജപ്രവാഹത്തിന്റെ അപ ഭ്രംശമാണ് പരാതികള്‍, പരിഭവങ്ങള്‍, കലാപങ്ങള്‍,
യുദ്ധങ്ങള്‍. മദര്‍ തെരസയുടെ വാക്കുകള്‍ ഓര്‍ത്തുപോകുകയാണ്. ''ഈ
തലമുറയുടെ ശാപം മഹാവ്യാധികളോ മഹാമാരികളോ അല്ല, തങ്ങളെ ആര്‍ക്കും വേണ്ട
എന്ന ചിന്തയാണ്.''
ഇന്ന് ലോകത്തെ പ്രവാസ മലയാളികളില്‍ എല്ലാ അര്‍ത്ഥത്തിലും ഭാഗ്യം ഉള്ള ഒരു
ജനതയാണ് യു. കെ. മലയാളികള്‍.
അവരുടെ കൈയ്യില്‍ സമ്പത്ത് ഉണ്ട്. ആരോഗ്യം ഉണ്ട്, പ്രവര്‍ത്തനക്ഷമമായ
ഊര്‍ജ്ജമുണ്ട്.
പക്ഷേ മണ്ണില്‍ കുഴിച്ചിട്ട് താലന്ത് പോലെയാണ് യു. കെ. മലയാളികള്‍ക്ക്
ലഭിച്ച സൗഭാഗ്യങ്ങള്‍.
ക്രിയാത്മകവും നിര്‍മ്മാണാത്മകവുമായ പാതകളിലൂടെ പ്രവര്‍ത്തനക്ഷമമായ ആ
ഊര്‍ജ്ജത്തെ തിരിച്ചുവിടാന്‍ യു. കെ. മലയാളികള്‍ പരാജയപ്പെടുന്നു. ഫലമോ?
അസംതൃപ്തിയുടെ ഭാവവേഷ്ടകളാണ് നമ്മുടെ മുഖമുദ്ര.
സ്വയം സൃഷ്ടിക്കുന്ന സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങളുടെ ഉടമകളായി യു. കെ.
മലയാളികള്‍ മാറുകയാണ്.
ഇന്ന് ഭിന്നിപ്പിന്റെയും പരസ്പര മത്സരത്തിന്റെയും അപശബ്ദങ്ങളാണ് നമ്മുടെ
ഇടയില്‍ മുഴങ്ങി കേള്‍ക്കുന്നത്.
ഒരുമയുടേയും പരസ്പരസഹകരണത്തിന്റെയും സൗഹാര്‍ദ്ദത്തിന്റേയും ഒരു സുവര്‍ണ്ണ
കാലഘട്ടം നമ്മുക്ക് ഉണ്ടായിരുന്നു.
ഒരു ദശകത്തിന് മുമ്പ് വേര് ഉറപ്പിക്കാന്‍ നാം തത്രപ്പെടുമ്പോള്‍ പരസ്പര
സഹകരണത്തിന്റെ കരുത്ത് നാം തെളിയിച്ചതാണ്. ആ ഒരുമയില്‍ നിന്ന്
ഉയിര്‍കൊണ്ട് ഊര്‍ജ്ജമാണ് ഇന്ന് പടര്‍ന്ന് പന്തലിച്ച സംഘടനകള്‍.
അന്ന് ഒരുമയുടെ സങ്കീര്‍ത്തനം നാം ഒത്തൊരുമിച്ച് പാടി. അന്ന് നമ്മുടെ
കുഞ്ഞുങ്ങള്‍ പാടി തിമിര്‍ത്തത് മത്സരങ്ങള്‍ക്ക് വേണ്ടിയായിരുന്നില്ല.
അന്ന് നമ്മുടെ കുഞ്ഞുങ്ങള്‍ ആടി തിമിര്‍ത്തത് സമ്മാനങ്ങള്‍ക്ക് വേണ്ടിയോ
ആയിരുന്നില്ല. മറ്റുള്ളവരേക്കാള്‍ ഔന്നത്യം സ്ഥാപിച്ചെടുക്കുന്നതിന്
വേണ്ടിയോ ആയിരുന്നില്ല.
ഉള്ളില്‍ കുടികൊള്ളുന്ന അപ്രരോധികമായ ഊര്‍ജ്ജപ്രവാഹത്തിന്റെ
ലീലാവിലാസങ്ങള്‍ ആയിരുന്നു അവയെല്ലാം.
അന്ന് ഇക്കാലത്തെപ്പോലെ വ്യത്യസ്തമായ ജാതി ഉപജാതികളോ രാഷ്ട്രീയ ഭിന്നതകളോ
നമ്മെ ഭരിച്ചിരുന്നില്ല. നാട്ടിലെ ഹിന്ദുമത സംഘടനകളുടെ പോഷക സംഘടനകള്‍
ഉണ്ടായിരുന്നെങ്കിലും അവ ഇപ്പോഴത്തെപ്പോലെ പ്രകടമായ തീവ്രവാദ നിലപാടുകള്‍
പ്രകടിപ്പിച്ചിരുന്നില്ല.
ജീവിക്കാന്‍ തന്ത്രപ്പെടുന്ന കേവലം ഭൂവാസികള്‍ മാത്രം ആയിരുന്നു നാം.ഇന്ന്
പരസ്പരം വഴിപിരിഞ്ഞ് പല വിഭാഗങ്ങളും ഉപവിഭാഗങ്ങളായി മാറി മത്സരിച്ചു
പടവെട്ടാന്‍ തയ്യാറെടുക്കുന്ന നമ്മുടെ കരങ്ങളില്‍ മൂര്‍ച്ചയുള്ള
ആയുധങ്ങള്‍ നല്കിയത് ആരാണ്?
ഇവിടെ സന്ദര്‍ഭോചിതമായി ചിന്തിച്ചുപോകുന്നത് സ്വാതന്ത്ര്യത്തിനു മുമ്പ്
നൂറ്റാണ്ടുകളോളം ഭാരതമനുഭവിച്ച അടിമത്വത്തെപ്പറ്റിയാണ്.
നൂറ്റാണ്ടുകളോളം നിലനിന്ന വൈദേശികാധിപത്യത്തിന് ഭാരതമക്കള്‍ വിധേയമായത്
എന്തുകൊണ്ട്? ഇന്നും അതിന്റെ യാതനകള്‍ പല രൂപത്തിലും ഭാവത്തിലും നമ്മെ
വേട്ടയാടുകയാണ്. പരസ്പരം പോരടിച്ചും മത്സരിച്ചും നിലനിന്നിരുന്ന ഒരു
ജനതയെ അനായാസം കീഴടക്കാന്‍ യൂറോപ്യന്‍ ശക്തികള്‍ക്ക് കഴിഞ്ഞു. ഇന്ന്
ചരിത്രം മറ്റൊരു രൂപത്തില്‍ നമ്മെ തേടി എത്തുകയാണ്; ഇന്ന് നമ്മെ
രക്ഷിയ്ക്കാനെന്ന ഭാവത്തില്‍ വേഷപ്രച്ഛന്നരായി വന്ന
രാഷ്ട്രീയക്കാര്‍ക്കും അത്മീയ കച്ചവടക്കാര്‍ക്കും  'പണ്ഡികശാലകള്‍'
പണിയാന്‍ നാം മത്സരിക്കുമ്പോള്‍ മറ്റൊരു തരത്തിലുള്ള ആന്തരിക
അടിമത്വത്തിലേക്ക് നാം വഴുതി വീഴുകയാണ്.
നമ്മുടെ ഓരോരുത്തുടേയും ഉള്ളില്‍ കുടി കൊള്ളുന്ന അനശ്വരമായ
ഊര്‍ജ്ജപ്രവാഹത്തെ തല്പരകക്ഷികള്‍ നിഷ്പിപ്ത താല്പര്യങ്ങള്‍ക്കായി ഹൈജാക്
ചെയ്യാന്‍ ശ്രമിക്കുന്ന ദയനീയ അവസ്ഥാവിശേഷം സംജാതമായിട്ടുണ്ട്. ചോദ്യം
ചെയ്യാതെ അനുസരിക്കുന്ന ശീലമാണ് നമ്മെ ആന്തരികമായ അടിമത്വത്തിലേക്ക്
ആനയിക്കുന്നത്. നമ്മുടെ ജാഗ്രതയില്ലായ്മ കൊണ്ട് പണയം വയ്ക്കപ്പെട്ട
ജീവാംശത്തെ വീണ്ടെടുക്കേണ്ടതുണ്ട്.
തങ്ങളുടെ നിഷ്പിത വികസനമോഹങ്ങള്‍ ഉള്ളിലൊളിപ്പിച്ച്, ആത്മീയതയുടെയും
രാഷ്ട്രസേവനത്തിന്റെയും കുപ്പായങ്ങളും അണിഞ്ഞ്, സാധാരണക്കാരായ നമ്മെ
ഭയവിഹ്വലരാക്കി ഭിന്നിപ്പിച്ച് ഭരിക്കാന്‍ എത്തിച്ചേരുന്ന അഭിനവ
അധികാരികളെ നാം ജാഗ്രതയോടെ വീക്ഷിക്കേണ്ടതുണ്ട്.
നമ്മുടെ ഇടയില്‍ ആപല്‍ക്കരമായ രീതിയില്‍ സാമൂഹികവും മതപരവുമായ
ധ്രുവീകരണത്തിന് ചുക്കാന്‍ പിടിക്കുന്ന ഇവരെ തിരിച്ചറിയുകയും ഒരുമയോടെ
ഇവരുടെ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയും ഉച്ഛാടനം ചെയ്യുകയും
ചെയ്യുന്ന സന്ദര്‍ഭം സമാഗതമായിരിക്കുന്നു. അതോടൊപ്പം തന്നെ നമ്മുടെ
ഇടയിലുള്ള വൈവിധ്യങ്ങളെ അംഗീകരിച്ച്, നാനാത്വങ്ങളെ ഉള്‍ക്കൊണ്ട്
സമവായത്തിന്റെയും സഹവര്‍ത്തിത്വത്തിന്റേയും സഹകരണത്തിന്റെയും അന്തരീക്ഷം
പ്രധാനം ചെയ്തു ഐക്യത്തിന്റെ പാതയില്‍ ഒരുമയോടെ മുന്നേറാന്‍ സഹായിക്കുന്നവരെ നമ്മുക്ക് സര്‍വ്വത്മനാ സ്വാഗതം ചെയ്യാം.

(ജ്വാല യില്‍ പ്രസിദ്ധീകരിച്ചത്).

2 അഭിപ്രായങ്ങൾ: