2014, ജൂൺ 22, ഞായറാഴ്‌ച


                       അമേരിക്കന്‍ സാമ്രാജ്യത്തം.







ഏലിയാമ്മയ്ക്ക് അത് സഹിക്കാന്‍ കഴിഞ്ഞില്ല. ജയന്തി ടീ്ചറുടെ ദുഃഖം കണ്ടു ഏലിയാമ്മയുടെ കണ്ണുകള്‍ നിറഞ്ഞു. എന്നാലും ഒരു മകള്‍ക്ക് ഒരമ്മയോടു ഇങ്ങനെ ഒക്കെ ചെയ്യാന്‍ പറ്റുമോ? അമല... എന്ത് ദുഷ്ടയായ സ്ത്രീയാണ് അവള്‍? സ്വന്തം സഹോദരി ആയ ശാലിനിയോടവള്‍ചെയ്ത കൊടും ക്രൂരതകള്‍ ഓര്‍ക്കുമ്പോള്‍ കൈ തരിച്ചു പോവുകയാണ്. ആ ടീച്ചര്‍ ഇനി എന്തെല്ലാം സഹിക്കണം. മിനി സ്‌ക്രീനില്‍ ജയന്തി ടീച്ചറിന്റെ കരകാണാത്ത സങ്കടങ്ങള്‍ക്ക് ഒപ്പം ഏലിയാമ്മ മുങ്ങിപ്പൊങ്ങുമ്പോള്‍ ആണ് അതിയാന്റെ ഒടുക്കത്തെ വിളി....
എടി ഏലിയാമ്മേ... ഒരുകപ്പ് ചായ....
രണ്ട് മൂന്നു പ്രാവശ്യം അവള്‍ കേട്ടെങ്കിലും കേട്ടതായി ഭാവിച്ചില്ല. അയാളുടെ ശബ്ദം ഉയര്‍ന്നപ്പോള്‍ അവള്‍ അസഹിഷണതയോടെ റിമോട്ടിന്റെ കഴുത്ത് ഞെരിച്ചു. ഭൂമി കുലുക്കി അടുക്കളയിലേക്കു നടന്നു.
എന്താ എഴുത്ത്  മേശക്കരികില്‍ നിന്നും അയാള്‍ക്ക്‌ എഴുന്നേറ്റ് ഒരു ചായ ഉണ്ടാക്കിക്കൂടേ....
അവള്‍ അമര്‍ഷത്തോടെ പിറുപിറുത്തുകൊണ്ടിരുന്നു. അയാളുടെ ഒരു ഒടുക്കത്തെ എഴുത്ത്.... ഇന്ന് ഈ ചായയില്‍ കുറച്ചു പാഷാണം ചേര്‍ത്ത് കൊടുക്കണം. അങ്ങനെ എങ്കിലും ഈ കുടുംബവും അയാളുടെ വായനക്കാരും രക്ഷപ്പെടട്ടെ. അല്ലെങ്കില്‍ തന്നെ എന്തൂട്ട് കോപ്പാണ് അയ്യാള്‍ എഴുതുന്നത്? അമേരിക്കന്‍ സാമ്രാജ്യത്തിന്റെ കടന്നുകയറ്റത്തെപ്പറ്റി.......?  ഇതിയാന്‍ ആരാണ്ന്നാണ്  ഇയ്യാളുടെ വിചാരം? ഒബാമയുടെ വല്യപ്പന്‍ ആണോ, ഇയാള്‍ പറയുന്നത് ഒബാമ കേള്‍ക്കാന്‍. അമേരിക്കക്ക് ഇഷ്ടം ഇല്ലാത്ത ഒരാളെ അവര്‍ പാകിസ്ഥാന്നില്‍  ചെന്ന് ബോംബിട്ട് കൊന്നു. അതിന് എന്തിനാ ഇയാള്‍ പുളയുന്നത്. ആ സമയം കൊണ്ട് അയാള്‍ക്ക് ഒരു ചായ ഉണ്ടാക്കി കുടിച്ചുകൂടെ. അയാളുടെ എഴുത്ത് എങ്ങനെയെങ്കിലും പണ്ടാരം അടങ്ങണം.
നാട്ടിലായിരുന്നെങ്കില്‍ ക്വട്ടേഷന്‍ സംഘത്തെ ഏല്‍പ്പിക്കാമായിരുന്നു. ഇവിടെ അതിനു ഇവിടെ സാധ്യത ഇല്ലാന്ന് അവള്‍ നിസഹായതയോടെ ഓര്‍ത്തു. കഴിഞ്ഞ ദിവസം കണ്ടു ലോകസമാധാനത്തെപ്പറ്റി എഴുതുന്നത്. കുടുംബ സമാധാനം എന്താണ് എ്ന്ന് ഇതിയാന് അറിയുമോ? എന്നിട്ടാണ് ഇന്ത്യയും പാകിസ്താനും തമ്മില്‍ ഒന്നാകുന്നത് സ്വപ്‌നം കാണുന്നത്. ദുഷ്ടന്‍.... പിന്നെ ഇടക്ക് അതിയാന്റെ ഒരു ഒലിപ്പിക്കലുണ്ട്. പ്രകൃതി അമ്മയാണ്, ദേവിയാണ്, പ്രകൃതിയെ പൂജിക്കണം എന്നെല്ലാം പറഞ്ഞ് ഒരു മുതല കണ്ണുനീര്. ഇതൊക്കെ എഴുതുന്ന നേരംകൊണ്ട് ഠ വട്ടമുള്ള വീടും പരിസരവും വൃത്തിയാക്കിയിരുന്നെങ്കില്‍.......വെറുതെ ആശിച്ചുപോവുകയാണ്. വീടിനു പരിസരംത്തും കാണുന്ന വളര്‍ന്നു വലുതായ പുല്ലൊക്കെ പറിച്ചു, കരിയില ഒക്കെ വാരി മാറ്റി. ചെടികള്‍ എല്ലാം ഒന്ന് ക്രോപ്പ് ചെയ്തിരുന്നെങ്കില്‍.... പ്രകൃതി എന്റെ ദേവി എന്നൊക്കെ പറഞ്ഞ് മുതലക്കണ്ണീര്‍ പൊഴിക്കുന്നതിനു ഒരു അര്‍ത്ഥം ഉണ്ടായേനെ. ഏലിയാമ്മ അമര്‍ഷത്തോടെ ഇങ്ങനെ ചിന്തിക്കുന്നതിനു ഇടയിലാണ് വീണ്ടും അദ്ദേഹത്തിന്റെ വിളി ഉണ്ടായത്. എടീ... ഒരു ചായ. അവള്‍ പല്ല് ഞെരിച്ചു. ഒരു ഉലക്കഉണ്ടായിരുന്നെങ്കില്‍ പുറകെ ചെന്ന് അത്‌കൊണ്ടൊരു തൊഴി... പുശ്ചത്തോടെ അവള്‍ഓര്‍ത്തു ആജ്ഞാപനവും വിജ്ഞാപനവും നടത്താന്‍ ഇയാള്‍ ആര്? ഒരുമാസം അയ്യാള്‍ക്ക് കിട്ടുന്നത് എഴുന്നൂറ്  പൗണ്ട്. എനിക്ക് കിട്ടുന്നതിന്റെ മൂന്നില്‍ ഒന്ന് എന്നിട്ടാണീ എഴുത്ത്മേശക്കരികില്‍ നിന്നും ഗര്‍ജ്ജനങ്ങളും അജ്ജ്കളും. പെട്ടെന്ന് അവള്‍ ജയന്തിടീച്ചറെ ഓര്‍ത്തു. ടീച്ചര്‍ക്ക് എന്തുപറ്റിയതാവൂ... ടിവി വീണ്ടും ഓണ്‍ ചെയ്തു. ജയന്തതി ടീച്ചര്‍ പോയി, മഹാശിവന്‍ ടീവിയില്‍ താണ്ഡവ നൃത്തം ആടുകയാണ്. റിമോട്ടിന്റെ കഴുത്ത് ഞെരിച്ചു. അടുക്കളയില്‍ ചെന്നപ്പോള്‍ പാല് തിളച്ചു കവിഞ്ഞു ചുറ്റും തൂകി പോയി. സദ്ഗുണങ്ങള്‍എല്ലാം നഷ്ടപ്പെട്ട പാല് ചേര്‍്ത്ത ചായയും ആയി അവള്‍ അയാളുടെ ഇരികില്‍ എത്തി. അയാള്‍ അപ്പോഴും അമേരിക്കന്‍ സാമ്രാജ്യത്തോടു പോരടിച്ചുകൊണ്ടിരിക്കുകയായിരുന്നു. അവള്‍ അമര്‍ഷത്തോടും പുശ്ചത്തോടും അയാളോടു പറഞ്ഞു നിങ്ങള്‍ക്ക് സ്‌നേഹം എന്താണെന്നറിയില്ല. സമാധാനം എന്താണ് എന്നറിയില്ല. അത് വല്ലതും അറിയാമായിരുന്നു എങ്കില്‍ എന്നെ ശല്യപ്പെടുത്താതെ ഒരു ചായ ഉണ്ടാക്കി കുടിക്കാമായിരുന്നില്ലേ? പിന്നെ എന്ത് ഉലക്കേടെ മൂടാണ് നിങ്ങള്‍ എഴുതുന്നത്. അപ്പോള്‍ അയാള്‍ എഴുത്ത് നിര്‍ത്തി അവളുടെ കണ്ണുകളിലേക്കു നോക്കി നിസംഗതേേയാടെ പറഞ്ഞു. മഴയില്ലാത്ത വേനല്‍ ചൂടില്‍ നാം മഴയെപ്പറ്റി സ്വപ്‌നം കാണുന്നു.
മരുഭൂമിയില്‍ ദാഹാര്‍ത്തനായി അലയുന്നവന് കുടിവെള്ളം മാത്രമാണ് ചിന്ത. അയാള്‍ തന്റെ എഴുത്ത് വീണ്ടും തുടര്‍ന്നു.... അമേരിക്ക കൈവരിച്ച സാമ്പത്തിക സ്വാതന്ത്ര്യം ഇന്ന് ലോകത്തിനു ശാപമായി മാറുകയാണ്. ചെയ്യുന്ന നന്മകളില്‍, കഴിവുകളില്‍ അവകാശവാതമുന്നയിച്ച ഗര്‍വ്വിഷ്ടതയോടെ പ്രവര്‍ത്തിക്കുമ്പോള്‍ അവ തിന്മയായി പരിണമിക്കുന്നു. പരമാധികാര സ്വാതന്ത്ര രാഷ്ട്രമായ പാക്കിസ്ഥാന്‍റെ സ്വന്തം മണ്ണില്‍ ബോംബുകള്‍ എറിഞ്ഞു സംഹാരതാണ്ഡമാടുമ്പോള്‍ അമേരിക്കന്‍ ഗര്‍്വിഷ്ടതകള്‍ ചെയ്യുന്നത് മനുഷ്യ മനസ്സില്‍ വിദ്വേഷത്തിന്റെ അഗ്നികുണ്ഠങ്ങളാണ് വളര്‍ത്തുന്നത്. അവകാശ വാദങ്ങള്‍ ഉന്നയിക്കാത്ത പ്രവര്‍ത്തന മണ്ഡലം കലത്തെ അതിജീവിക്കുന്നതാണു. താന്‍ എഴുതുന്നത് പുശ്ചത്തോടെ നോക്കിക്കൊണ്ടിരുന്ന എലിയാമ്മയെ കണ്ടപ്പോള്‍ അയാള്‍ അറിയാതെ എഴുതിപ്പോയി. അമേരിക്കന്‍ സാമ്രാജ്യത്വത്തിനു യു.കെ. മലയാളി നേഴ്‌സുമാരുടെ മുഖഭാവമുണ്ട്. ക്ഷമിക്കണം ഏലിയാമ്മയുടെ മുഖഭാവമുണ്ട്!!!!!
 Show message history


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ