2014, ജൂൺ 3, ചൊവ്വാഴ്ച



ഒരു സ്വാന്തനഗീതവുമായി........ MAP SUMMER CAMP 2014





ജീവിതത്തിന്റെ തത്രപ്പാടിലും, ക്ഷണിക സുഖങ്ങളുടെ പുറകെയുളള നമ്മുടെ പരക്കം പാച്ചിലുകളിലും ഇടയ്ക്ക് പ്രകൃതി നമുക്കായി ഒരുക്കിയിരിക്കുന്ന അമൂല്യമായ ആനന്ദങ്ങളെ, ദൃശ്യങ്ങളെ അനുഭവിക്കാനുള്ള സാവകാശം ലഭിക്കാതെപോകുന്നു.
മുഖപുസ്തകം പോലുള്ള നവമാധ്യമരംഗം വിരിച്ചിരിക്കുന്ന വലയില്‍ കുടുങ്ങിയിരിക്കുന്ന നാം ഭൂമിയുടെ ഗന്ധവും ആകാശത്തിന്റെ നിറഭേദങ്ങളും കാണാതെ അനുഭവിക്കാതെ, ദിനരാത്രങ്ങള്‍ മനോസമ്മര്‍ദ്ദങ്ങളില്‍ അകപ്പെട്ട് കടന്നുപോകുന്നു. അതുകൊണ്ട്തന്നെ മാതൃവാത്സല്യം അനുഭവിക്കാതെ ജീവിക്കാന്‍ വിധിക്കപ്പെട്ട കുഞ്ഞുങ്ങളുടെ മുഖത്ത് പ്രതിഫലിക്കുന്ന ശോകഭാവവും അനിശ്ചിതത്വവും നമ്മുടെ എല്ലാം മുഖത്ത് മുദ്രണം ചെയ്യപ്പെട്ടിരിക്കുന്നു. ഇതിനൊരു മാറ്റം വേണ്ടേ?
പ്രകൃതിയാം അമ്മയുടെ മടിത്തട്ടില്‍ കുറച്ചുനേരം നമുക്ക് ഒന്ന് കൊഞ്ചിക്കുഴഞ്ഞ് ആ വാ്ത്സല്യാതിരേകം ആവോളം ആസ്വദിക്കേണ്ടേ?
ശാപഗ്രസ്ഥമായ അന്യവത്ക്കരണത്തിന്റെ നുകത്തില്‍ നിന്ന് നമുക്ക് മുക്തിവേണമെങ്കില്‍ പ്രകൃതിയുമായുള്ള അടുത്തിടപെടല്‍ അനിവാര്യമാണ്.
ഇത്തരം ചിന്തകളാണ് മലയാളി അസോസിയേഷന്‍ ഓഫ്പോര്‍ട്‌സ്മൗത്തിന്റെ  (MAP) ജനറല്‍ സെക്രട്ടറി തോമസ് സൈമണിനെ ഒരു സമ്മര്‍ ക്യാമ്പ് സംഘടിപ്പിക്കാന്‍ പ്രേരിപ്പിച്ചത്. 120 ല്‍ പരം അംഗങ്ങള്‍ 2 ദിനരാത്രങ്ങള്‍ ചലവിടാന്‍  West Sussex ഉള്ള Gaveston youth centre ല്‍ സമ്മേളിച്ചപ്പോള്‍ MAP ന്റെ ചരിത്രത്തില്‍ ഒരു പുതിയ അദ്ധ്യായം തുടങ്ങുകയായിരുന്നു.
ദശകങ്ങള്‍ക്ക് മുമ്പ് പ്രവാസ പ്രയാണത്തിന്റെ നുകം ചുമലില്‍ വയ്ക്കുന്നതിന് മുമ്പ് ധരിച്ചിരുന്ന കുപ്പായം അണിഞ്ഞ് പച്ചപ്പരപ്പിലേക്ക് കുതിക്കുമ്പോള്‍ നഷ്ടപ്പെട്ട ശൈശവവും ബാല്യവും വീണ്ടെടുത്തതുപോലെ.... പൂക്കാതെ തണുപ്പില്‍ മരവിച്ചിരുന്ന തേന്മാവ് പൂത്തുലഞ്ഞപോലെ....ആഹ്ലാദാരവങ്ങളുടെ ആ ദിനങ്ങള്‍ സമ്മാനിച്ചത്, എന്നോ നഷ്ടപ്പെട്ട ആത്മാവില്‍ നിന്ന് ഉണരുന്നപുഞ്ചിരിവീണ്ടെടുക്കാനായി എന്നുള്ളതാണ്.
ഗായകരായ പിറവം ബാബുവും ഉണ്ണികൃഷ്ണനും മധുമാമ്മനും, ഷീബാ ജോര്‍ജ്ജും ചേര്‍ന്ന് ഒരുക്കിയ സംഗീത സായാഹ്നം അവിസ്മരണീയമായിരുന്നു. ആഹ്ലാദാരവങ്ങളുടെ ആ സംഗീതധാരയോടൊപ്പം ചുവടുവയ്ക്കാത്തവര്‍ ആരുംതന്നെ ഉണ്ടായിരുന്നില്ല.
സ്‌കറിയയോടും കുടുംബത്തോടുമൊപ്പം പാചകപ്രിയരായ അംഗങ്ങളും ചേര്‍ന്ന് ഒരുക്കിയ നാടന്‍ വിഭവങ്ങള്‍... ഈ സമ്മര്‍ ക്യാമ്പിനെ ഏറെ രുചിയുള്ളതാക്കി.....
പ്രഭാതത്തിലെ സാന്ദ്രമായ നിശബ്ദതയില്‍ ചുറ്റും മാറ്റൊലിക്കൊണ്ട പക്ഷികളുടെ ദേവഗീതങ്ങളും സ്തുതിഗാനങ്ങളും ഹൃദയത്തില്‍ നവോന്മേഷത്തിന്റെ പൂനിലാവ് പരത്തി. സംശുദ്ധമായ പ്രകൃതിയുടെ താളലയങ്ങളുമായി നാം വിലയംപ്രാപിക്കുമ്പോള്‍, ഹൃദ്യമായ സൗഹൃദം പൂത്തുലയും. ഒരുകാര്യം ഉറപ്പിച്ചു പറയാം. അവിടെ നയിക്കുന്നവരോ നയിക്കപ്പെടുന്നവരോ ഇല്ല. മറ്റുള്ളവരെ നിസ്സാരവല്‍ക്കരിച്ച് സ്വന്തം മഹത്വം ഉയര്‍ത്തിക്കാണിക്കാനും അത് ഉത്തരത്തിന്റെ മുകളില്‍ കയറി ആവര്‍ത്തിച്ച് പ്രഘോഷിക്കാനുള്ള നമ്മുടെ തത്രപ്പാടില്‍ നിന്ന് മുക്തമാകണമെങ്കില്‍ പ്രകൃതിയുമായി നാം അടുത്തിടപെടണം. നമ്മുടെ നയനങ്ങള്‍ പ്രകൃതിയുടെ ലോലഭാവങ്ങളിലും നഗ്നപാദങ്ങള്‍ ഭൂമിയുടെ മടിത്തട്ടിലും പതിയണം. അപ്പോള്‍ ഹൃദയത്തിന്റെ ലോലഭാവങ്ങള്‍ ഉണരും. അതില്‍ നിന്ന് സൗഹാര്‍ദ്ദത്തിന്റെ സഹകരണത്തിന്റെ അമൃതധാര പ്രവഹിക്കും. അത് മൃതസഞ്ജീവനിയാണ്. ഇതിനായി നാം സമയവും സാവകാശവും കണ്ടെത്തിയില്ലെങ്കില്‍... മാതൃസ്‌നേഹവും പരിലാളനവും അനുഭവിക്കാത്ത കുഞ്ഞുങ്ങള്‍ മണ്ണ് തിന്നും എന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്. അതുപോലെ നാം അന്യവത്ക്കരണത്തിന്റെ പാതയിലേക്ക് പതിക്കും. അതുകൊണ്ട് നുക്ക് പ്രണയിക്കാം ഈ ചുറ്റുമുള്ള പ്രകൃതിയെ, ഈ കാറ്റിനെ, ഈ ആകാശത്തെ, പറവകളെ എല്ലാം...എല്ലാം...



2 അഭിപ്രായങ്ങൾ:

  1. കൊള്ളാലോ!!
    ഞാന്‍ ഈയിടെ പ്രകൃതിയുടെ മടിയില്‍ ഒന്ന് ഒത്തുകൂടാം എന്ന് ഫേസ് ബുക്കിലെ ഫ്രണ്ട്സിനെ വിളിച്ചപ്പോള്‍ ഒരാള്‍ ആണ് മറ്റുപരിപാടികളെല്ലാം ത്യജിച്ച് കൂടെ വന്നത്! എല്ലാവരും ഓരോ തിരക്കുകളിലായിപ്പോയി!!

    മറുപടിഇല്ലാതാക്കൂ