2023, ജനുവരി 1, ഞായറാഴ്‌ച




ഒരു മതത്തെയും, അത് തീവ്രവാദപരമായ നിലപാട് സ്വീകരിക്കാത്ത കാലത്തോളം നാം എതിർക്കരുത്. മതങ്ങളുടെ ചരിത്രപരമായ ദൗത്യം നിർവഹിച്ച് അവ രാത്രിയുടെ നിശബ്ദതയിൽ ഒരു പഴുത്ത ഇല  ഞെട്ടറ്റ് വീഴുന്നതുപോലെ ഈ ഭൂമുഖത്ത് നിന്ന് മതങ്ങൾ കൊഴിഞ്ഞുപോകും,  അപ്പോഴും മർത്യജീവിതം അതിന്റെ എല്ലാവിധ ഭാവുകത്വത്തോടുകൂടി ഈ ഭൂമുഖത്തോടെ ജൈത്രയാത്ര  തുടർന്നുകൊണ്ടേയിരിക്കും.
ഒരു ദേശത്ത് 97 ആരാധന കേന്ദ്രങ്ങൾ ഉണ്ട് , അത് 27 ആയി കുറയ്ക്കാൻ  ഭരണസമിതി നിർബന്ധിതരാകുന്നു. ആചാര്യന്മാരുടെയും പ്രധാന പുരോഹിതന്മാരുടെയും പിതാക്കന്മാരുടെയും ചിറകിന് കീഴിലെ സുരക്ഷിതത്വത്തിൽ നിന്ന് സ്വാതന്ത്ര്യത്തിന്റെ അനന്തമായ വിഹായത്തിലേക്ക് പറന്നു  ഉയരുന്ന ഒരു ജനതയെയാണ് നാം അവിടെ കാണുന്നത്.
സ്വന്തം ഹൃദയത്തിലെ വെളിച്ചം മാർഗ്ഗവും ദീപവും ആകുന്ന ഒരു ജനത, ഭൂമിയിലെ ഉപ്പാകുന്നു, അത് പ്രപഞ്ചത്തിലെ പ്രകാശമാകുന്നു.
ഒരു ദേശത്ത് ആശുപത്രിയുടെ എണ്ണം കൂടുകയും രോഗികളുടെ എണ്ണം വർധിക്കുകയും ചെയ്യുമ്പോൾ ആ ദേശത്തിലെ ജനത അനാരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നു എന്ന് നാം മനസ്സിലാക്കുന്നു. കാലക്രമേണ രോഗികളില്ലാതെ ആശുപത്രികൾ വിനോദ കേന്ദ്രങ്ങൾ ആയി പരിവർത്തനം ചെയ്യപ്പെടുമ്പോൾ ജീവിതം അതിന്റെ പൂർണ്ണതയിലേക്കുള്ള പ്രയാണത്തിൽ അനുക്രമം ആയി വികാസം പ്രാപിക്കുകയാണെന്ന് നാം വിലയിരുത്തുന്നു.
പ്രധാന ആചാര്യന്മാരെ പിതാക്കന്മാരെ, "പരിശുദ്ധൻ  പരിശുദ്ധർക്കു" വേണ്ടി എന്നൊക്കെയുള്ള പഞ്ചവത്സര പദ്ധതികളോടെയുള്ള അജപാലന ദൗത്യവുമായി നിങ്ങൾ മുന്നേറുമ്പോൾ നിഷ്കളങ്കരായ ഒരു ജനതയെ അടിമയാക്കി വയ്ക്കുന്നതിലുള്ള ആഹ്ലാദാരവങ്ങളാണ് നിങ്ങളുടെ മുഖത്ത് വിരിയുന്നത്.
നിഷ്കളങ്കരായ അജഗണങ്ങളെ, തള്ളക്കോഴിയുടെ ചിറകിൻ കീഴിൽ അഭയവും സുരക്ഷിതത്വവും തേടുന്ന കോഴിക്കുഞ്ഞുങ്ങളെ പോലെ നാം മാറരുത്, സ്നേഹത്തിന്റെ അനന്തമായ വിഹായത്തിലേക്ക് നമുക്ക് പറന്നു  ഉയരേണ്ടതുണ്ട്. ഉള്ളിലെ വെളിച്ചം മാർഗ്ഗവും ദീപവും ആകട്ടെ. എല്ലാവിധ വിജ്ഞാപനങ്ങളും, കൽപ്പനകളെയും  അധികാരങ്ങളെയും തിരസ്കരിച്ചുകൊണ്ട് സ്നേഹത്തിന്റെയും പരസ്പര സഹകരണത്തിന്റെയും അനന്തമായ വിഹായുസ്സിലേക്ക് നമുക്ക് പറന്നുയരണം.
മനുഷ്യ പരിണാമത്തിന്റെ വൈവിധ്യമാർന്ന ദശാസന്ധികളിലൂടെ കടന്നുവന്ന നാം ആർജിച്ച സഞ്ചിതസംസ്കാരം ഒരു പ്രതിരോധമായി, അന്ധകാര ശക്തിയായി നമ്മിൽ പ്രവർത്തിക്കുന്നുണ്ട്. അത് പലപ്പോഴും നമ്മുടെ ജീവിതത്തെ സംഘർഷഭരിതവും ദുരിത പൂർണ്ണവും ആക്കുന്നു .ഈ പ്രതിസന്ധിയെ വാസ്തുനിഷ്ടമായി കാണാനും അതിനെ അതിജീവിക്കുവാനും പലപ്പോഴും നാം പരാജയപ്പെടുന്നു. ഈ അവസ്ഥാവിശേഷം മറ്റുള്ളവർക്ക് ചൂഷണ ഉപാധിയായി  മാറാതിരിക്കാൻ നാം ശ്രദ്ധിക്കണം.  നിരൂപാധികമായ സ്നേഹസൗഹാർദങ്ങളിൽ കുതിർന്ന പ്രവർത്തനങ്ങളിലൂടെയും മാത്രമേ നമുക്കതിനെ അതിജീവിക്കുവാൻ കഴിയൂ.
അന്ധകാര ശക്തികൾ പ്രലോഭനങ്ങളായി,വാഗ്ദാന പെരുമഴയുമായി നമ്മോടൊപ്പം എപ്പോഴും ഉണ്ട് എന്ന് നാം മറക്കരുത്. ജാഗരൂകരായിരിക്കുവിൻ.
നമ്മുടെ ഗ്രേറ്റ് ഗ്രേറ്റ് ഗ്രേറ്റ് .....ഗ്രേറ്റ്...ഗ്രാന്റ്മായെ  ദൈവമാക്കാം എന്ന് പറഞ്ഞ് കബളിപ്പിച്ചവർ ഇന്ന് മറ്റൊരു വേഷത്തിൽ മറ്റൊരു ഭാവത്തിൽ നമുക്ക് ചുറ്റുമുണ്ട്. അവർ വാഗ്ദാന പെരുമഴയുമായി നമ്മെ സമീപിക്കും, അവരുടെ പ്രലോഭനങ്ങളിൽ നാം അകപ്പെടരുത്, ജാഗുരൂഗരായിരിക്കുവിൻ !! ജാഗ്രത സ്നേഹം തന്നെയാണ്,അതിനു   ഇന്നലെകളും നാളുകളും ഇല്ല. അത് ജി വിക്കുന്ന ജീവന്റെ പ്രതിഭാസമാണ്.
നമ്മെ രോഗിയാക്കി
ആശുപത്രി പണിയാൻ കാത്തിരിക്കുന്നവരുടെ വാണിജ്യ താൽപര്യങ്ങൾ നാം തിരിച്ചറിയണം. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ