കുരിശിൽ പ്രഘോഷിക്കപ്പെടുന്ന സ്നേഹം ഉപാധികളില്ലാത്ത സ്നേഹമാണ്. നെഞ്ചിൽ കൈ വെച്ച് നമ്മുടെ ആദരണീയരായ ആചാര്യന്മാർക്ക് പറയാൻ കഴിയുമോ ഉപാധികളില്ലാത്ത സ്നേഹം അനുഭവിക്കുന്നു എന്ന്,
ReplyForward |
ReplyForward |
ഇന്ന് നാം സാധാരണക്കാരായ യു കെ മലയാളികൾ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ അങ്ങേയറ്റം തത്രപ്പെടുന്നവരാണ്. മുണ്ടു മുറിക്കിയെടുത്ത് ഈ പ്രതിസന്ധിയെ തരണം ചെയ്യാൻ നാം ശ്രമിക്കുന്നു. പക്ഷേ നമ്മുടെ ഈ ബുദ്ധിമുട്ടും തത്രപ്പാടൊന്നും നമ്മുടെ പ്രധാന പുരോഹിതന്മാർക്കും അവരുടെ മുന്നിലും പുറകിലും നിന്ന് സ്തുതി ഗീതങ്ങൾ അർപ്പിക്കുന്നവർക്കും അത്രയ്ക്കങ്ങ് ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല എന്ന് തോന്നുന്നു .100 പൗണ്ട് വീതം തിരുനാളിന്റെയും 'പ്രസിതേന്തി' വാഴ്ചയുടെയും പേരിൽ ഓരോ കുടുംബത്തിൽ നിന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഇടയ സന്ദേശം വായിച്ചു. പണം കൊടുത്ത് അനുഗ്രഹം നേടൂ, അങ്ങനെ ഈ സ്നേഹ കൂട്ടായ്മയിൽ പങ്കാളിയാവു , ഇത്തരം സന്ദേശങ്ങൾ ദൈവീക സ്പർശം ഉള്ളതായി തോന്നുന്നില്ല; പകരം പറുദീസ നഷ്ടത്തിന് കാരണഭൂതനായവന്റെ തന്ത്രങ്ങൾ ആയിട്ടാണ് എനിക്ക് തോന്നുന്നത്. "പണം കൊടുത്തവന്റെ തലയിൽ അന്നേദിവസം കിരീടം ഉണ്ടാവും, അവൻ ദൈവത്തോട് ചേർന്ന് നിൽക്കും ,അവനും അവന്റെ കുടുംബവും സമൃദ്ധിയിലേക്ക് ആനയിക്കപ്പെടും , പണം കൊടുക്കാത്തവരുടെ കാര്യം ആ കഷ്ടം.... ഇടയ സന്ദേശത്തിന്റെ ആന്തരാർത്ഥം ഇതാണെന്ന് തോന്നുന്നു. നമ്മെ പൊതിഞ്ഞു നിൽക്കുന്ന ജീവിതത്തിന്റെ അനിശ്ചിതത്ത്തിൽ, ഭയാശങ്കകളോടെ അനുദിനം ചിലവഴിക്കാൻ വിധിക്കപ്പെട്ട നാം ഓരോരുത്തരും, ഓരോ കുടുംബാംഗങ്ങളും 100 അല്ല അതിലപ്പുറം ഇടയ സന്ദേശം അനുസരിച്ച് സമർപ്പിക്കും എന്നുള്ള കാര്യത്തിൽ എനിക്ക് ഉറപ്പുണ്ട്!!! അങ്ങനെ ചെയ്യുന്നത് ദൈവത്തോടോ പള്ളിയോടുള്ള സ്നേഹം കൊണ്ടുല്ലാ മറിച്ചു നാളെയുടെ അനിശ്ചിതത്ത്തിൽഉള്ള ഭയം കൊണ്ട് മാത്രമാണ്. ഇത്തരം ഭയങ്ങളെ മുഖാമുഖം നേരിട്ട് ജീവിതത്തെ അഭിമുഖീകരിക്കാൻ പ്രാപ്തരാക്കേണ്ട ആചാര്യന്മാർ ഭയപ്പെടുത്തി ചൂഷണം ചെയ്യാൻ ശ്രമിക്കുന്നത് ഉചിതമാണണോ ?. ഇവിടുത്തെ ഓരോ കുടുംബവും ഉചിതമായ രീതിയിൽ പള്ളിയുടെ അനുദിന ആവശ്യങ്ങൾക്ക് വേണ്ടി 'ഡയറക്ട് ഡെബിറ്റ്' സെറ്റ് ചെയ്തിട്ടുണ്ട് എന്നാണ് എന്റെ അറിവ്. മറ്റു ആഘോഷങ്ങൾക്ക് ഉചിതമായ രീതിയിൽ സഹകരിക്കൂ എന്ന സന്ദേശം അല്ലേ ഭാരവാഹിയുടെ ഭാഗത്തുനിന്ന് ഉണ്ടാവേണ്ടത്? ദൈവസ്നേഹത്തിൽ എല്ലാവരും പങ്കാളിയാകണം , പണം ദൈവ സ്നേഹത്തിന്റെ മാനദണ്ഡം ആകരുത്. പണം കൊടുത്തവന് പ്രധാന സ്ഥാനവും അല്ലാത്തവനെ പുറമ്പോക്കും എന്നുള്ള നയം ദൈവസ്നേഹത്തിൽ ഒരുമിക്കുന്നവരിൽ ഉണ്ടാവരുത്. ജീവിതത്തിന്റെ യാതനാർവ്വം താണ്ടുന്നവർക്ക് അരിതാവസ്ഥ കൂടപ്പിറപ്പായവർക്ക് പണം കൈവിട്ടു കളിക്കാൻ അല്പം ബുദ്ധിമുട്ട് അനുഭവപ്പെടും . ദൈവത്തിന്റെ ഹൃദയം' ബിസിനസ് മൈൻഡ് സെറ്റ്, ലാണ് എന്ന് കരുതുന്നവർക്ക് ഒരുപക്ഷേ പണം വാരിക്കോരി നൽകാൻ സാധിക്കുമായിരിക്കും. പക്ഷേ പണത്തിന്റെ പേരിൽ നമ്മുടെ ഇടയിൽ വേർതിരിവുകൾ പാടില്ല. പണം ദൈവസ്നേഹത്തിന്റെ അളവുകോൽ ആകരുത്. പിന്നെ അജഗണനകൾ ശ്രദ്ധിക്കേണ്ടത് ഭാരവാഹികളെ തിരഞ്ഞെടുക്കുമ്പോൾ വിശുദ്ധരായ ദൈവത്തോട് ചേർന്ന് നിന്ന് സ്വർഗ്ഗ പ്രാപ്തിക്ക് വേണ്ടി ശ്രമിക്കുന്നവരെ അല്ല എന്നെപ്പോലെയുള്ള പള്ളിയിൽ വരാൻ മടികാണിക്കുന്ന തിരസ്കൃതരായ,പാപികളായ , പുറമ്പോക്കിൽ ഉള്ളവരെ നിങ്ങൾ ഭാരവാഹികൾഅക് അവർക്ക് ജനഹൃദയങ്ങൾ സ്വാംശീകരിച്ച് കാര്യങ്ങൾ ഇടയന്മാരെ ധരിപ്പിക്കാനാവും. ഇങ്ങനെയെല്ലാം ഞാൻ പറയുന്നതുകൊണ്ട് ദൈവത്തോട് ചേർന്ന് നിൽക്കുന്നവർ എന്നെ ഒരു ധിക്കാരിയായി കാണരുത്. ഞാനൊരു പാവം കേവലം ഭൂവാസി മാത്രമാണ്. സ്വർഗ്ഗരാജ്യം അപ്രാപ്യമാണെന്ന് ഞാൻ അറിയുന്നു. മരണാനന്തരം നിങ്ങൾ വിശുദ്ധർ പോകുന്നിടത്തേക്കു ഞാൻ വരുന്നില്ല. എന്റെ ഇത്തരം ധിക്കാരങ്ങൾക്ക് കാലം എന്നോട് ചോദിക്കും എന്ന് പറയുന്ന വിശുദ്ധരുടെ ആശ്വാസത്തിനായി ഞാൻ പറയട്ടെ ഞാൻ ഇപ്പോഴും അഗ്നിയുടെ മുകളിലൂടെയാണ് നടക്കുന്നത്. സ്ഥലകാല ബോധമില്ലാതെ വീണ്ടും ഞാൻ പൊട്ടിക്കരഞ്ഞു വിലപിക്കുമായിരിക്കും. ആ നിമിഷങ്ങളിൽ ഇരു കരങ്ങളും വിരിച്ചു നിന്റ ഹിതം നിറവേറട്ടെ എന്ന് പറയാനുള്ള ആർജ്ജവത്വം എന്റെ ഹൃദയത്തിൽ ഉണ്ടാവട്ടെ എന്ന് മാത്രമാണ് എന്റെ പ്രാർത്ഥന.
"............എന്റെ നാമത്തിൽ നിങ്ങൾ ഒരുമിച്ച് ചേരുമ്പോൾ നിങ്ങളുടെ മധ്യേ ഞാൻ ഉണ്ടായിരിക്കും."
സ്നേഹത്തിൽ ഒരുമിക്കുന്ന ഓരോ സൗഹാർദ കൂട്ടായ്മകളിലും ബന്ധുമിത്രാദികളുടെ ഒത്തുചേരളുകളിലും എല്ലാം ഞാൻ ആ നിരുപാധികസ്നേഹംആവോളം അനുഭവിച്ചിട്ടുണ്ട് .ജീവിതത്തിന്റെ ആത്മസത്ത അതാണ്.
ഒരു ഞായറാഴ്ച ,സ്ഥലത്തെ മലയാളികൾ എല്ലാം ജാതിമത രാഷ്ട്രീയ ഭേദമെന്യേ ഒരുമിച്ച് ചേർന്ന് കായിക വിനോദങ്ങളിൽ ഏർപ്പെടുന്നു. സ്നേഹ സൗഹൃദ സഹകരണത്തിന്റെ തിരമാലകൾ ചുറ്റും ആ സന്ദർഭത്തിൽ അവിടെ അലയടിക്കുന്നു!! അവിടെ അപ്പോൾ സംജാതമായിരുന്ന നിരുപാധിയെ സ്നേഹത്തിന് സമാനതകളില്ലായിരുന്നു.
ആ സന്ദർഭത്തിൽ എല്ലാവരാലും ആദരണീയനായ ഒരു വൈദിക ശ്രേഷ്ഠൻ ആഗതനാകുന്നു. വൈദികനോടുള്ള സ്നേഹാദിക്കത്താൽ ആ ദിനത്തിന്റെ വിജയാശംസകൾക്കായി രണ്ടു വാക്ക് പറയാൻ അച്ഛൻ ക്ഷണിക്കപ്പെടുന്നു; പക്ഷേ ആ അവസരത്തിൽ അച്ഛൻ പറയാൻ ശ്രമിച്ചത് അന്ന് ഞായറാഴ്ചയാണെന്നും കടമുള്ള ദിനം ആണെന്ന് മറക്കരുത് എന്നും, കളിച്ചു നടക്കാതെ പള്ളിയിൽ വരണം എന്നുള്ള ഒരു ഉൽബോധന പ്രസംഗമായി അത് മാറി. ഒരു വൈദികന് എന്നുള്ള രീതിയിൽ അച്ഛന്റെ ആത്മാർത്ഥതയെ ചോദ്യംചെയ്യുന്നില്ല , അഭിനന്ദനീയം തന്നെ. പക്ഷേ ഒരു പ്രപഞ്ച പൗരൻ എന്ന രീതിയിൽ ,കേവലം ഭൂവാസി എന്ന നിലയിൽ ,ലോകത്തിന്റെ പ്രകാശത്തെ പ്രതിനിധീകരിക്കുന്നവൻ എന്ന നിലയിൽ, ആ വൈദികന്റെ പ്രസ്താവന ഔചിത്യക്കാടാണെന്ന് സവിനയം ഓർമിപ്പിക്കുന്നു. ഇത്തരം നിഷ്കളങ്കമായ ഔചതികേടുകൾ നാളെ നമ്മുടെ ഇടയിൽ ഏറെ സ്വാമിമാരെയും, മൗലിമാരെയും സൃഷ്ടിക്കുകയും അവരുടെ പ്രസ്താവനകൾക്കും ഉൽബോധനങ്ങൾക്കും നാം സാക്ഷിയാക്കേണ്ടി വരികയും ചെയ്യും. ജാതിമത രാഷ്ട്രീയ ഭേദമെന്യേ നമ്മുടെ ഇടയിലുള്ള നിരൂപമാമായ സ്നേഹ സൗഹാർദ്ദ സഹകരണങ്ങളെ തകർക്കാൻ ഒരു മത മൗലീക വാദികളെയും രാഷ്ട്രീയ നേതാക്കളെയും നാം അനുവദിക്കരുത്. അത് നമ്മുടെ ഇടയിൽ സാമൂഹികമായ ധ്രുവീകരണം ഉണ്ടാക്കും. ഇത്തരം സാമൂഹ്യ ധ്രുവീകരണത്തിലൂടെ ലക്ഷ്യം വെക്കുന്നത് മേൽപ്പറഞ്ഞ ബഹുകൃത വേഷധാരികളുടെ സ്ഥാനങ്ങൾ അരക്കിട്ടുറപ്പിക്കുവാനുള്ള ശ്രമം ആണെങ്കിലും അതിനുപകരം വയ്ക്കുന്നത്, പണയപ്പെടുത്തുന്നത്, നമ്മുടെ ഇടയിലുള്ള നിരുപാധിക സ്നേഹത്തെയാണ് . അതുകൊണ്ട് ജാഗരൂഗരായിരിക്കുവിൻ!!!
ആശിച്ചു പോവുകയാണ് പ്രാർത്ഥിച്ചു പോവുകയാണ് ജാതിമത രാഷ്ട്രീയ ഭേദമന്യേ കേവലം ഭൂവാസിയായി , സ്നേഹ സൗഹാർദ്ദസഹകരണങ്ങൾ പങ്കുവെച്ച് പൊതു നന്മയ്ക്കായി നമ്മുക്ക് ഒരുമയോടെ പ്രവർത്തിച്ച മുന്നേറാൻ നമുക്ക് കഴിയില്ലേ? പ്രവാസ ജീവിതത്തിന്റെ നുകം പേറുന്ന നമുക്ക് അതിന് കഴിഞ്ഞില്ലെങ്കിൽ നാം മൃതരായവർക്കു തുല്യമാണ്. നമ്മുടെ ഇടയിൽ സംജാതമായിരുന്ന നിരൂപധിക സ്നേഹത്തെ ശവപ്പെട്ടിയിലാക്കി അതിന്റെ അവസാനത്തെ ആണി അടിക്കുന്നതിനായിട്ടാണ് നവാഗതരായ ഈ ബഹുകൃത വേഷധാരികൾ അനുദിനം ഈ മണ്ണിൽ എത്തിച്ചേരുന്നത്. ജാഗരകരായിരിക്കുവിൻ ഇവരുടെ തേൻ പുരട്ടിയ വാക്കുകളിൽ മയങ്ങി വീഴാതിരിക്കാൻ മുട്ടിപ്പായി പ്രാർത്ഥിക്കുവിൻ....