2018, ഒക്‌ടോബർ 7, ഞായറാഴ്‌ച



പോര്‍ട്ട്‌സ്മൗത്തിലെ കലാകാരന്മാരെ കലാകാരികളെ..








പോര്‍ട്ട്‌സ്മൗത്തിലെ കലാകാരന്മാരെ കലാകാരികളെ...നിങ്ങളുടെ മുന്നില്‍ കൂപ്പുകരങ്ങളോടെ ശിരസ്സുനമിച്ച് ഞാന്‍ കൃതജ്ഞത അര്‍പ്പിക്കുന്നു. യുക്മ സൗത്ത് ഈസ്റ്റ് റീജണല്‍ കലാമേളയില്‍ ഓവറോള്‍ കിരീടം നേടിയതുകൊണ്ടുമാത്രമല്ല ഇത് കഴിഞ്ഞ പത്തുവര്‍ഷമായി നിങ്ങളുടെ മികവുറ്റ പ്രകടനങ്ങള്‍ക്കു മുമ്പില്‍ ഒരു ആസ്വാദകനായി നിലകൊള്ളാന്‍ കഴിഞ്ഞത് എന്റെ ഭാഗ്യമാണ്. പോര്‍ട്‌സ്മൗത്തിലെ സഹൃദയ സദസ്സിന്റെ ഭാഗ്യമാണ്. നിങ്ങളാണ് പോര്‍ട്‌സ്  മൗത്ത് മലയാളികളുടെ മുത്തുകള്‍. നമ്മുടെ അസോസിയേഷനില്‍ അപസ്വരങ്ങളുടെ അലയൊലികളില്ലാതെ ഒരുമയോടെ ഒരു സംഘഗാനമായി മുന്നേറാന്‍ നമുക്കു കഴിയുന്നുണ്ടെങ്കില്‍ അതിനു മുഖ്യ കാരണം കലാഹൃദയങ്ങളില്‍ നിന്നു വരുന്ന നിങ്ങളുടെ നിസ്വാര്‍ത്ഥമായ കലാപ്രകടനങ്ങളാണ്. അതാതുകാലത്തെ കമ്മറ്റിയംഗങ്ങളും ഭാരവാഹികളും നിസ്വാര്‍ത്ഥമായ പ്രവര്‍ത്തനങ്ങള്‍ക്കൊണ്ട് ഇക്കാലത്തിനിടയില്‍ കെട്ടുറപ്പുള്ള പ്രവര്‍ത്തന ക്ഷമമായ ഒരു അസോസിയേഷനായി MAP നെ മാറ്റി. പക്ഷെ നമ്മുടെ അസോസിയേഷനെ സന്തോഷത്തിന്റെയും ആഹ്ലാദത്തിന്റെയും ആനന്ദത്തിന്റെയും ഒരു ആരവമാക്കിമാറ്റിയത് നമ്മുടെ കലാകാരന്മാരാണ്. ജീവിതത്തിന്റെ അപ്രരോതിദമായ  പ്രതിസന്ധികളുടെ ചുഴലിയില്‍പ്പെട്ട്  കലാഹൃദയം പണയപ്പെടുകയും കലാസ്വാദനം മരവിച്ചുകൊണ്ടിരിക്കുകയും ചെയ്തിരുന്ന വേളയിലാണ് നിങ്ങള്‍ നൃത്തത്തിലൂടെ സംഗീതത്തിലൂടെ ഞങ്ങളുടെ കലാസ്വാദനത്തെ തൊട്ടുണര്‍ത്തിയത്. തിക്കും തിരക്കും തത്ത്രപ്പാടുകള്‍ക്കുമിടയില്‍ കലാസ്വാദനത്തിനും കലാപ്രകടനത്തിനും ഏറെ സമയവും സാവകാശവുമുണ്ടെന്ന് നിങ്ങള്‍ ഞങ്ങള്‍ക്ക് കാണിച്ചുതന്നു. അതിലൂടെ യഥാര്‍ത്ഥമായ വിശ്രമത്തിന്റെയും വിശ്രാന്തിയുടെയും അനന്തമായവിഹായസ്സുകളായിരുന്നു നിങ്ങള്‍ ഞങ്ങള്‍ക്ക് മുമ്പില്‍ തുറന്നുതന്നത്. ജീവത്തിലെ പ്രതിസന്ധികളെ നവോന്മേഷത്തിലൂടെ നേരിടാന്‍ അതു ഞങ്ങളെ പ്രാപ്തരാക്കി. സഹൃദയത്ത്വം നഷ്ടപ്പെട്ട ഹൃദയം സഹാറമരുഭൂമിക്കു തുല്യമാണ്. അതിലുംവലിയൊരു അത്യാഹിതം ജീവിതത്തില്‍ സംഭവിക്കാനില്ല. ജീവിതം ഊഷരതയുടെ മരുഭൂമിയില്‍ അകപ്പെട്ട് നിര്‍ജ്ജീവമാകുന്നതിനുപകരം കലാപ്രകടനങ്ങളുടെ ഹരിതാഭനിറഞ്ഞ ശീതളഛായയിലേക്കാനയിച്ചതിന് ഹൃദയം നിറഞ്ഞ നന്ദി പറയുന്നു. ഇനിയും ഇനിയും ഉന്നത വിജയം നിങ്ങള്‍ക്ക് കൈവരിക്കുമാറാകട്ടയെന്ന് ഹൃദയം നിറഞ്ഞ് ആശംസിക്കുന്നു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ