2018, സെപ്റ്റംബർ 2, ഞായറാഴ്‌ച













വിവാഹജീവിതം ആരംഭിച്ചിട്ട് 25 വര്‍ഷങ്ങള്‍ തികയുന്നു. ദിവസങ്ങള്‍ക്ക് മുമ്പോ 25-ാം വാര്ഷികത്തിന്റ  മഹത്വം ആഘോഷമാക്കാന്‍ അപ്രതീക്ഷിതമായി ഞങ്ങളുടെ ഭവനത്തില്‍ കടന്ന് വന്ന് സ്‌നേഹത്താലും സ്‌നേഹോപഹാരങ്ങളാലും ഞങ്ങളെ വിനിയന്യതീരാക്കിയ Northend കുടുംബാംഗങ്ങളോട് ഹൃദയംനിറഞ്ഞ നന്ദി പറയുന്നു. ആ അവസരത്തില്‍ സ്‌നേഹഗീതപോലെ ഞങ്ങള്‍ക്കായി ആശംസകള്‍ അര്‍പ്പിച്ച പത്തില്‍ ആന്റണി ചേട്ടനും, വീഡിയോയും ഫോട്ടോയും എടുത്ത് ഫെയ്‌സ്ബുക്കിലും വാട്‌സ് ആപ്പിലും ഷെയര്‍ ചെയ്ത സേവറിനും, മോനിച്ചനും ഹൃദയപൂര്‍വ്വം നന്ദി പറയുന്നു. 
25-ാം വര്‍ഷത്തിന്റെ മഹിമ ഒട്ടും കുറയ്ക്കണ്ടന്ന് കരുതി ഞാനും 25-ാം തീയതി അവധിയെടുത്തു. പ്രത്യേക ആഘോഷങ്ങള്‍ ഒന്നും ഇല്ലായിരുന്നെങ്കിലും ഞങ്ങള്‍ രണ്ടാളും അടുത്തുള്ള കത്തീഡ്രലില്‍ പോയി. 'സിറേ' യുടെ സാമ്രാജ്യത്വവികസന മോഹങ്ങളുടെ മാലിന്യങ്ങള്‍ ഒന്നും ഏല്‍ക്കാത്തത് കൊണ്ടായിരിക്കാം കത്തീഡ്രലിന്റെ അകത്തും പുറത്തും നിതാന്ത നിശബ്ദതയാണ് സ്വര്‍ഗ്ഗീയ ആനന്ദമാണ്, ശാന്തിയുടെയും സമാധാനത്തിന്റെയും തീരമാണ്. ഞങ്ങളുടെ കണ്ണുകള്‍ അള്‍ത്താരയുടെ മുകളില്‍ സ്ഥാപിക്കപ്പെട്ട സാമാന്യത്തിലധികം വലിപ്പമുള്ള ക്രൂശിതരൂപത്തിലായിരുന്നു.
പെട്ടെന്ന് എന്തോ ഓര്‍ത്തപോലെ ഞങ്ങള്‍ പരസ്പരം നോക്കി. ആ നോട്ടത്തില്‍ കഴിഞ്ഞ 25 വര്‍ഷങ്ങളിലുള്ള സഹനബലിയുടെ അന്തസത്ത ഉണ്ടായിരുന്നു. അല്ല പീഡാനുഭവവും കുരിശുമരണവും ഉത്ഥാനവും കഴിഞ്ഞ് വാനമേഘങ്ങളിലെ മരബെഞ്ചില്‍ ഇരിക്കുന്നവര്‍ താന്‍ ചുമന്ന കുരിശിനെ നോക്കുന്നതുപോലെ ഞങ്ങള്‍ പരസ്പരം നോക്കി.
25 വര്‍ഷത്തെ വിവാഹജീവിതയാത്ര പൂമെത്തവിരിച്ചിട്ട പരവധാനിയിലൂടെയായിരുന്നില്ല, ആ യാത്രയില്‍ സ്‌നേഹവും പ്രണയവും പ്രളയവും വിദ്വേഷത്തിന്റെയും സംശയത്തിന്റെയും കുറ്റപ്പെടുത്തലുകളുടെയും ആവേശങ്ങളും ആക്രോശങ്ങളും കണ്ണീരിന്റെയും ആഹ്ലാദത്തില്ന്റയും  പൊട്ടിചിരിയും  നാളയെക്കുറിച്ചുള്ള പ്രത്യാശയും എല്ലാം എല്ലാം നിറഞ്ഞുതുളുമ്പി വിതുമ്പിയിരുന്നു.
വിവാഹജീവിതം തുടങ്ങി അധികം നാള്‍ പിന്നിടുന്നതിനു മുമ്പ് അവള്‍ കണ്ണീരോടെ എന്നോട് പറഞ്ഞു.
'എന്നെ ഇങ്ങനെ കണ്ണീര് കുടിപ്പിക്കുന്നതിനു പകരം ഒന്നു കൊന്ന് തന്നുകൂടെ?
ഞാന്‍ ഒരുനിമിഷം അത്ഭുതപ്പെട്ടു. കണ്ണീരില്‍ കുതിര്‍ന്ന് ഇടര്‍ച്ചയുള്ള ഈ ശബ്ദം ഇതിന് മുമ്പ് ഞാന്‍ കേട്ടിട്ടുണ്ട്. അത് എനിക്ക് ജന്മം നല്‍കിയ എന്റെ പ്രിയ അമ്മയുടേതായിരുന്നു. എന്റെ കൗമാര യൗവ്വനാരംഭകാലത്തിലെ കുരുത്തക്കേടുകള്‍ കണ്ട് അസഹ്യതയോടെ കണ്ണീരില്‍ കുതിര്‍ന്ന് നെഞ്ചില്‍ കൈവച്ച് അമ്മയും അങ്ങനെ എന്നോട് പറഞ്ഞിട്ടുണ്ട്. എന്റെ അടുത്ത ബന്ധുമിത്രാദികള്‍ അവര്‍ അങ്ങനെ ഒന്നും പറഞ്ഞിട്ടില്ലെങ്കിലും അവരുടെ കണ്ണുകളില്‍ അത്തരം പദപ്രയോഗങ്ങളുടെ മാറ്റൊലികള്‍ ഞാന്‍ വായിച്ചിട്ടുണ്ട്. 
ഈ സമാധാനത്തിന്റെയും ശാന്തിയുടെയും തീരത്ത് ഇരുന്നുകൊണ്ട് ഞാന്‍ പിന്‍തിരിഞ്ഞു നോക്കുകയാണ്.
ഒരു ശത്രു ഉണ്ടാവുന്നതിനെക്കാളും മറ്റൊരുവിപത്ത് മര്‍ത്യജീവിതത്തിന് സംഭവിക്കാനില്ല എന്ന് കരുതുന്ന അങ്ങേയറ്റത്തെ സമാധാനപ്രിയനായ ഞാന്‍ എങ്ങിനെ ഒരു സാന്ത്വന സ്പര്‍ശനത്തിന് പകരം ചുറ്റും കണ്ണീരിന്റെ അസംതൃപ്തിയുടെ കടലുകള്‍ തീര്‍ത്ത് മുന്നോട്ട് പോയത്? കൃത്യമായ ഉത്തരങ്ങളില്ലെങ്കിലും.... ചിന്തിച്ചുപോവുകയാണ്...
പരന്ന വായനകളിലൂടെയോ,ദർശിനികമായോ , മതപരമായോ ഉള്ള  വിശ്വാസ സാഹിതികളിലൂടെ ജീവിതത്തെ സമീപിക്കുന്നവര്‍ ഉന്മാദം ഉള്ളവരാണ്. ആ ഉന്മാദത്തിന്റെ അംശങ്ങള്‍ എന്നിലും ഉണ്ടായിരുന്നു. അവർക്കു  പച്ചയായ ജീവിതത്തെ കാണുവാനുള്ള കണ്ണുകളേ, അനുനിമിഷം വിരിയുന്ന നിത്യ നൂതനമായ ജീവിതത്തെ അനുഭവവേദ്യമാക്കാനുള്ള ഹൃദയനൈര്‍മല്യമേ ഉണ്ടായിരിക്കില്ല . ദാര്‍ഷ്ഠ്യവും ധിക്കാരവും അഹങ്കാരവും അവരുടെ മുഖമുദ്രയായിരിക്കുന്നു.
കുറ്റബോധത്തോടെ ഞാന്‍ സമ്മതിക്കുന്നു ഞാന്‍ അങ്ങനെയായിരുന്നു... എന്നിലെ ഉന്മാദത്തെ നന്മകൊണ്ട് സ്വാംശീകരിച്ച് ഒരു മനുഷ്യനെപ്പോലെ ഈ ലോകത്തെ നോക്കിക്കാണാന്‍ പ്രാപ്തനാക്കിയത് എന്റെ കൂട്ടുകാരിയാണ്, എന്റെ ഭാര്യയാണ്, എന്റെ കുഞ്ഞുങ്ങളുടെ അമ്മയാണ്.
കുടുംബജീവിതമാണ് ഏറ്റവും വലിയ മഹത്തായ ആശ്രമം. അവിടെ കുരിശ്മരണവും ഉത്ഥാനവും സംഭവിക്കുന്നുണ്ട്. ജീവിതത്തെപറ്റിയുള്ള എല്ലാത്തരം ധാരണകളില്‍ നിന്ന് മുക്തരാകുമ്പോള്‍ ഒരുവന്‍ മരണത്തെ അതീജിവിക്കുന്നു പുനരുദ്ധാനവും സംഭവിക്കുന്നു. ഞാന്‍ സ്വാതന്ത്ര്യത്തിന്റെ പാതയിലാണ്ന്ന് തോന്നുന്നു . അകാരണമായി ചിരിക്കുന്നതിനും ആഹ്ലാദിക്കുന്നതിനും എനിക്ക് കഴിയുന്നുണ്ട്. വിജനതയിലൂടെ നടക്കുമ്പോള്‍ അകാരണമായി ഭൂമിയെ ചുംബിക്കാന്‍, ഉന്നതങ്ങളിലേക്കു മിഴികള്‍ ഉയര്‍ത്തി,കരങ്ങൾ ഉയർത്തി   ആരോടെന്നില്ലാതെ കൃതജ്ഞത അര്‍പ്പിക്കാനും തോന്നുന്നു....അതെ ഞാൻ സ്വാതന്ത്ര്യത്തിന്റെ പാതയിലാണ്ന്......

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ