ക്രിസ്തുമസ്: സത്യത്തിന് സാക്ഷ്യം വഹിച്ചവന്റെ ജന്മദിനം
'സത്യം' അത് എന്താണ്?പീലാത്തോസിന്റെ ചോദ്യത്തിന് മുന്നില്‍ ക്രിസ്തുനാഥന്‍ നിശബ്ദനായി.
ആ നിശബ്ദത പ്രപഞ്ചരഹസ്യങ്ങളുടെ സാദ്രമായ സങ്കീര്‍ത്തനമായിരുന്നു.
നാമരൂപരഹിതമായ, വാക്കുകള്‍ക്ക് അതീതമായ ഉണ്മയെ, ചിന്തകള്‍കൊണ്ട് മനോവ്യാപാരങ്ങള്‍കൊണ്ട് ബുദ്ധിയുടെ അപഗ്രഥനപാടവംകൊണ്ട്, വാക്കുകള്‍കൊണ്ട് പ്രാപിക്കുക അസാധ്യം!
കടലിലെ തിരമാലകള്‍പോലെ ഒന്നിനുപിറകെ ഒന്നായി വന്നുകൊണ്ടിരിക്കുന്ന ചിന്തകളും മനോവ്യാപാരങ്ങളും അതില്‍നിന്ന് ഉടലെടുക്കുന്ന വാക്കുകളും നമ്മില്‍ നിന്ന് സ്വാഭാവികമായി കൊഴിഞ്ഞുപോകുമ്പോള്‍, നിതാന്തമായ ഒരു ശൂന്യതയില്‍ നാം എത്തിപ്പെടും. സവിശേഷമായ ആ ഏകാന്തതയില്‍ ഉറവയെടുക്കുന്നതാണ് ജീവന്റെ ജലം. അത് ബോധമണ്ഡലത്തിന്റെ നിത്യനൂതനമായ തലമാണ്. എല്ലാത്തിനെയും ഉള്‍ക്കൊള്ളുന്നതും എല്ലാത്തിനെയും പ്രകാശിപ്പിക്കുന്നതുമായ സ്വന്തം ബോധമണ്ഡലത്തിനെപ്പറ്റിയുള്ള ഉള്‍ക്കാഴ്ചയാണ് ക്രിസ്തുമസ് നമുക്ക് പ്രദാനം ചെയ്യുന്നത്. എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകള്‍.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ